Showing posts with label ദേവ മനോഹർ. Show all posts
Showing posts with label ദേവ മനോഹർ. Show all posts

നോവിന്റെ സാക്ഷ്യങ്ങൾ

നോവിന്റെ സാക്ഷ്യങ്ങൾ
................
നിന്റെ ഗന്ധമില്ലാത്ത
ശ്വാസമില്ല,യിന്നോളം,
എന്റെ നിശ്വാസമൊക്കെയും
ചിത്രശലഭങ്ങളുടെ ചിറകിലേറി
നിന്റെ മുഖപ്പരപ്പിലേക്ക്
ആർത്തണയുന്ന പ്രണയസാഗരങ്ങൾ.
വഴിവക്കിൽ തീനാമ്പു നീട്ടുന്ന
മഹാകാവ്യങ്ങളുമായി,
നിന്റെ മിഴിത്തുമ്പുകളിൽ
മിന്നൽ കുലപ്പിച്ച മന:ശുദ്ധിയുമായി,
ആകാശങ്ങളെ പതപ്പിച്ചു നിറച്ച,
താരാപഥങ്ങളെയുന്മാദിപ്പിച്ച
സംഗീത ചഷകങ്ങളുമായി,
നിന്റെ നിസ്സംഗതയിലേക്ക്
എന്റെ പ്രണയസംഭ്രമങ്ങൾ
ചരിച്ചൊഴിച്ച വസന്തങ്ങളെ
ഉരുക്കി നിറച്ച ഗസലുകൾ
എന്റെ മൗനങ്ങളിൽ
നിറയുന്നതറിയാതെ പോകയോ?
പ്രണയത്തിന്റെ തീർത്ഥയാത്രകളിൽ,
വിണ്ണിന്നപാരതകളിൽ
നിന്റെ ജീവനാമ്പുകളെ തിരഞ്ഞ
എന്റെ വിഹ്വലതകളുടെ
അസ്തിത്വസന്ധികൾ
നന്ദനോദ്യാനങ്ങളിൽ
ഗന്ധർവ്വഗീതികളായി,
അന്തമില്ലാത്ത പകലുകളെ പുണർന്ന്
ഒഴുകി നിലയ്ക്കാത്ത സ്വരങ്ങളുമായി,
തന്ത്രികളിൽ എന്നുയിരു
ചാലിച്ചു നിൽക്കുന്നു
ഞാനിപ്പൊഴും.
എന്റെ പ്രണയമേ,
കാത്തിരിക്കുന്നു,
കത്തിത്തീരാത്ത
പ്രണയ ദാഹത്തിൻ തിരി,
കാലത്തിന്റെ മുനിഞ്ഞു കത്തും ചെരാതുകളിൽ
നക്ഷത്രങ്ങളോടൊത്തൊതുക്കി വെച്ച്
സൗരയൂഥങ്ങളെയുരുക്കിയൊഴിച്ചാളിച്ച്,
ബ്രഹ്മാണ്ഡങ്ങളെ താലത്തിലാക്കി
മഹാ ശൈലങ്ങളെ സാക്ഷി നിർത്തി
നിന്റെ മധുമൊഴികളെ വരവേൽക്കുവാൻ.
മഹാപ്രളയങ്ങളിൽ നിന്നുയിരുകൂർപ്പിച്ചു
എന്റെ മനസമൃദ്ധികളിലേക്ക്
യുഗങ്ങളെ കൊരുത്ത
വരണമാല്യവുമായെത്തിയെൻ
മൗനങ്ങളെ സ്വന്തമാക്കുക, നീ

DevaManohar

ന്യായാസനത്തിന്റെ അഴിയുന്ന ഒപ്പുകൾ

ന്യായാസനത്തിന്റെ അഴിയുന്ന ഒപ്പുകൾ
----------------
ശ്വാസത്തിന്റെ നീളമളക്കുവാൻ
ഉന്മാദം പൂണ്ട നാരായം മുറുകുന്നു.
ആരാച്ചാരുടെ ആകാശങ്ങളിലേക്ക്
കൊമ്പുവിളിച്ചെത്തി
കൊലവിളികളെ ഗർഭം ധരിച്ച്
ദുർഗ്രാഹ്യ വരകളിലേക്ക്
മരണത്തിന്റെ സൗന്ദര്യം പ്രസവിച്ച
നാരായവിരലിന്റെ അഹന്ത.
രക്തത്തിന്റെ നിസ്സാരതയിൽ കുളിച്ച
ഓർമ്മപ്പെടുത്തലിൻ
ഗുണിതങ്ങൾ,
പാതയോരത്ത് തെറിച്ചുവീണ
ഗസലുകളായി
എന്റെ പകലിൻ മൗനങ്ങളിലേക്ക്
വളർന്നലിയുമ്പോൾ,
പ്രഭാതങ്ങളെപുണർന്ന്
കൂട്ടുപോയ
എന്റെപുത്തരിപ്പാടം ഇരുളിൻ
കതിരുകളിലുതിർന്നു വീഴവെ,
ശ്വാസത്തിന്നസ്വസ്ഥതകൾ
മൗനത്തിൻ കണ്ണാടിയുമായി
തിരികെ വരാത്ത രാവിനു
കൂട്ടു പോകുവാൻ
അനുജ്ഞയ്ക്കായി
വരകളിലൂടെ
എന്റെ ഒപ്പിലേക്കിഴഞ്ഞു വന്നു,
നിയമത്തിൻ മൃഗാക്രാന്തങ്ങളോടെ.
ആകാശം അറുത്തുമാറ്റിയ
ഓരോ ഒപ്പിലും
ഞാൻ കാമപൂരണം ചെയ്തു.
കുഴിമാടത്തിന് മേലെ വിരിഞ്ഞ
പുഷ്പഗന്ധത്തിൽ നിന്നും
മരണത്തിന്റെയാഴങ്ങളെ
ഗർഭം ധരിച്ച കൊടുങ്കാറ്റ്
ആസക്തിയുടെ രേണുക്കളെ
കടലിന്റെ കലാപങ്ങളിൽ കൂർമ്പിച്ച്
എന്റെ പെരുവിരലിൽ പതച്ചുവെച്ചു.
ഇനിയുമൊരൊപ്പിന്റെ വരകളിലേക്ക്
കിതച്ചൊഴുകുവാനാകാതെൻ
പെരുവിരൽ തറഞ്ഞു നിന്നു.
നിയമവഴകൾ തൻ വിളഭൂമിയിൽ
ഇരുളു നട്ടു ഞാൻ സമൃദ്ധനാകവെ,
വയ്യെനിക്കീ
കവച കുണ്ഡലങ്ങളും
കർണ്ണാഭരണങ്ങളും.
അഴിച്ചു വെക്കുന്നു ഞാനെൻ
പെരുവിരൽ
നിഗൂഡമായി കുതിർന്നു വീഴാതിരിക്കുവാൻ,
ഒരൊപ്പിലുമാകാശങ്ങളെ നിഗ്രഹിക്കാതിരിക്കുവാൻ.
അനന്തതയെ,യുണ്ണുവാൻ
വന്യത ഗർഭം ധരിച്ച
നിയമവരകളിലൂടെ
തെറിച്ചു പോയൊരു ശ്വാസഭോഗികൾ
യുഗങ്ങളെ വിഴുങ്ങി വിറങ്ങലിക്കവെ,
മഹാസമുദ്രങ്ങളിൽ മദിച്ച കൊടുങ്കാറ്റിനെ
കറന്നെടുത്തിട്ടവരൊഴുക്കി
ആദിപ്രാണന്റെ വിങ്ങലുകൾ,
യുഗാന്തരങ്ങളിലുയിരിടും
ജനിസ്മൃതികളിൽ.
നഗ്നനാവുന്നു ഞാൻ,
ന്യായാസനങ്ങളെ പുതപ്പിച്ച
കറുത്ത കോട്ടും കോട്ടകളും
രാത്രിയുടെ കളിക്കളങ്ങളിലേക്ക്
കെട്ടഴിച്ചുവിട്ട്
പകലുകളെയുണ്ണുവാൻ,
ജൈവ സിദ്ധിയിൽ കാലൂന്നവാൻ,
പറത്തി വിടുന്നെൻ ജീവനെ.
...........

DevaManohar

വാനപ്രസ്ഥം


വാനപ്രസ്ഥം
പ്രളയ ഗർഭങ്ങളിൽ
വ്യഥ ഒളിപ്പിച്ച
മഴ വിളമ്പിയ കുളിർമ്മ. 
മധുരത്തിനും
കയ്പ്പിനുമിടയിലെ മുനമ്പിൽ
സ്നേഹം തേടി
വിഹായസ്സിലേക്ക് നീളുന്ന
നേർരേഖയിൽ
തൊട്ടു, തൊടാതെ
ഊയലാടുമെൻ ജീവനും.
സ്നേഹത്തിന്റെ നീരുറവകളിൽ
കണ്ണീരിനെ ഹോമിച്ചെടുത്ത
അമൃതകണങ്ങളുടെ
സ്വച്ഛന്ദ മൃത്യു.
മടങ്ങുകയാണ് ഞാൻ,
ചിതാഭസ്മവും പേറി
മുല്ലപ്പൂമണം കനം വെച്ചു
തിങ്ങിയ
പൂവാടികൾ കടന്ന്
കടലലകളെ കുടിച്ച് വറ്റിച്ച,
ചക്രവാളങ്ങൾ കൊല ചെയ്യപ്പെട്ട,
സ്നേഹത്തിന്റെ അജ്ഞാത
ചുടല തീരങ്ങൾക്ക് ബലിയിടാൻ.
ആവതില്ലൊരു സൂര്യരേണുവിന്നാ-
ശ്ലേഷവും മുകരുവാൻ
ശൈത്യത്തിൻ ഹിമവൽപ്പെരുക്കങ്ങളിൽ
ഉയിരുറപ്പിച്ച മഹാപ്രവാഹങ്ങളിൽ
നിത്യശാന്തി തേടിയ രാവുകളെ
കോർത്തു മാലചൂടിയ
വർത്തമാനം ഞാൻ.
ഉഷ്ണത്തിൻ നെരിപ്പോടുകൾ
വിഴുങ്ങിയ പകലുകളെ
ആഹരിച്ചെടുക്കാൻ
വയറിന്റെ ഉന്മാദത്തെ
യുഗങ്ങളിലേക്ക് പട്ടം പറത്തിയ
അസ്വസ്ഥതയുടെ കുചേലൻ
എന്റെ വ്രണങ്ങളുടെ വിങ്ങലുകളെ
വിഴുങ്ങിയ പരിരംഭണങ്ങളെ,
വാക്കുകളിലൂടെ,
സ്പർശനത്തിലൂടെ,
സ്വപ്നങ്ങളുടെ നിറച്ചാർത്തിൽ
സദ്യയുണ്ണുവാൻ
നക്ഷത്രങ്ങളെ
എയ്തു വീഴ്ത്താൻ
ഞാണിലേറിയ
സ്നേഹാസ്ത്രം, ഞാൻ
മഴ കിനിഞ്ഞുനിന്ന ലവണ സമൃദ്ധിയിൽ
തടംപാകി സൂര്യനെ നട്ട്,
മഞ്ഞിന്റെ മഹാ കുടീരങ്ങളിൽ
സ്നേഹം തീ പിടിപ്പിച്ച
യുഗ സന്ധ്യകളെ
പുതച്ച
വൻകരകളുടെ ശ്രാദ്ധത്തിന്
മരണമില്ലാത്ത മനസ്സ് കൊളുത്തി
യുഗങ്ങളിലെ ഇരളറകളിലേക്ക്
യാത്രയാവുകയാണ്, ഞാൻ.

DevaManohar

അസ്തമയം


അസ്തമയം
എരിഞ്ഞു താഴുന്നു,
ഈ സായന്തനവും.
സൂര്യനെ വിഴുങ്ങിച്ചുവന്ന ഞാൻ
ഇടറി നിന്നു, തീരങ്ങളിൽ.
തീപിടിച്ച കടലുകൾ
സൂര്യനെത്തേടി വന്നെന്നുളളിൽ
കനൽ നിറച്ചു.
അഗ്നിത്തിരകളിലുരുകി
എന്നാത്മാവ്
കടൽവഴികളിൽ,
കനൽവഴികളിൽ,
പ്രഭാതങ്ങളെ തേടി യാത്രയായി.
മരണം തീണ്ടാത്ത പ്രഭാതമേ
നിന്റെ മടിയിൽ,
ഉരുകിത്തീരുമെന്നാത്മനാളത്തിൻ മുനയാലെഴുതി വയ്ക്കുന്നു
സൂര്യനിഗ്രഹ ചരിതം.
മദ്ധ്യാഹ്നങ്ങളെ ഊതിത്തിളപ്പിച്ച
സൗരയൂഥത്തിൻ സംഭ്രമങ്ങൾ.
വയ്യ,
സംവത്സരങ്ങളെ തിന്നുതീർത്ത,
സൂര്യനെ വിഴുങ്ങിയ,
കടലിനെ കുടിച്ചു വറ്റിച്ച
ഭീകര നിശ്ശബ്ദതയായി,
രഥവും രഥ്യയുമില്ലാതെ
സ്നേഹം മോഷ്ടിക്കപ്പെട്ട
ഏകാന്തതയായി
ചങ്ങലകളെ കുമ്പിടാൻ.
മരണമില്ലാത്ത പ്രഭാതമേ,
രാത്രികളെ വാരി നിറച്ച്
മഹാസമുദ്രങ്ങളെ വാറ്റിയെടുത്ത
ആദി പിറവിയുടെ '
നോവിൻ പാഥേയവുമായി
യുഗങ്ങളിലൂടെ ഞാൻ
എന്റെ മരണം കൊണ്ടു നിന്നെ തൊടുന്നു.

DevaManohar

ഉഷസ്സ്


അഴകേ പ്രഭാതമേ, യണയുക -
യെന്നിലെ കനവിൻ ചിമിഴിനെ
തങ്കം പൊതിയുക, കരളിലൊ
രിത്തിരി മധുരം തളിക്കുക.
അഴകിന്റെ കുങ്കുമം വാരി
വിതറുകീ മഴ കൊണ്ട മണ്ണിന്റെ
ആത്മ രേണുക്കളിൽ.
രാവിനെ പങ്കിട്ടെടുത്ത
പുഷ്പങ്ങൾതൻ
ചുംബനം വാങ്ങി
പൊലിയുന്നുണ്ടമ്പിളി.
വാനത്തിൻ തേനറ ചുരന്നു
പൊഴിയുന്ന നീരദം കാത്തു
നിൽക്കുന്നു ലതാദികൾ
ആഴങ്ങളിൽ വേരൂന്നി
പ്പരക്കുന്നൊരാഹ്ളാദമായി
വിടരൂ പ്രഭാതമേ.
സൂര്യാംശു തൊട്ടുണരാൻ,
മനസ്സിലെ നീലാംബരം
കുങ്കമം തേച്ചൊരുങ്ങിയിട്ട
ൽഭുതവർണ്ണങ്ങൾ പെയ്തു
നിറയുവാനീ, ദിവസത്തെ
സുഗന്ധത്തിൽ മുക്കുവാൻ
സ്നേഹതീർത്ഥം തൂവിയെത്തൂ
പ്രഭാതമേ, തൊഴുകൈകൂപ്പി
വണങ്ങുന്നു, വിസ്മയം.

By DevaManohar

ആഫ്രിക്ക


വിശപ്പിന്റെ വിഭ്രാന്തികളിലേക്ക്
പെയ്തിറങ്ങിയ വിയർപ്പിൻ നൂലിഴകൾ
യുഗങ്ങൾ നട്ടുവളർത്തിയ വൻകരകളുടെ നിറയൗവ്വനങ്ങളുടെ 
പൂങ്കാവനങ്ങളിൽ
താഴ്‌വാരങ്ങളിൽ,
കടലാഴങ്ങളിൽ,
മുത്തുകളെത്തേടി.
കാലം കറുപ്പിച്ച ഭൂഖണ്ഡത്തിന്റെ
തീരാ ദൈന്യം
ദാരിദ്ര്യത്തിന്റെ തറിയിൽ
നെയ്ത വിശപ്പിന്റെ പൊള്ളും വലകളിൽ
ഒരിറ്റു നീരിനായി
മാനത്തിന്റെ ഉറവകളെത്തേടി
സൂര്യ വീഥികളിൽ തപസ്സു കൊള്ളുന്നു.
ആഫ്രിക്കയുടെ. കോംഗോയുടെ ഘാനയുടെ,
ഛാഡിന്റെ, നമീബിയയുടെ......
സ്നേഹം കൊല ചെയ്യപ്പെട്ട
ഊഴിയുടാഗ്നേയ മുറിവുകളിൽ
സൂര്യാഗ്നി നീരൂറ്റിയ നിറയൗവ്വനങ്ങൾ
ഉറുമ്പു വഴികളിൽ
ഉച്ചിഷ്ടപ്പെരുക്കത്തിന്റെ
സ്വാദിളക്കങ്ങളിലേക്ക്
ഇഴഞ്ഞു നീങ്ങവെ,
ആദിമനുഷ്യന്റെ ആത്മഹത്യകൾ
കൊയ്തു കയറിയ ഇല്ലായ്മകൾ
തങ്കത്തളികയിൽ
സ്വാദിഷ്ട തീർത്ഥമായി,
സാത്വികർക്കു മുന്നിൽ.
വിശപ്പിന്റെയാഴങ്ങളിൽ സ്വാതന്ത്ര്യത്തിൻ മുത്ത് നഷ്ടപ്പെട്ടവർക്ക് ,
മരണത്തിന്റെ വഴിയമ്പലങ്ങളിൽ
ജീവിതത്തിന്റെ ഉറയൂരിപ്പോയവർക്ക്,
കൊലപാതകങ്ങളില്ല.........?
ആത്മഹത്യ ശ്വസിക്കുന്ന കയറിന്നുന്മാദമായി
കഴുത്തിൽ മുറുകുന്ന നിശബ്ദതയാണ്
എല്ലാ മരണവും.
അഭിമാനത്തിന്നരങ്ങുകളിൽ
വ്രണിതമാക്കപ്പെടാനില്ലൊരു
ഭാഷയും വേഷവിധാനവും
ഗർഭപാത്രങ്ങളെ
എറിഞ്ഞുടയ്ക്കാനാവാത്ത
കൗമാരങ്ങൾ അനന്തതയിലേക്ക്
മുള പൊട്ടുന്ന അജ്ഞതയെ,
അനാഥത്വത്തെ മുലയൂട്ടുന്നു.
കുഴിച്ചിടാം നമുക്കാഹാരത്തിന്റെ സമൃദ്ധിയെക്കാൾ മുൻപ്
ആഫ്രിക്കയുടെ ആത്മാവിനെ.

By
DevaManohar

സാക്ഷ്യം


മുക്കാൽ മുഴം വാക്കിൻ
തിളപ്പാൽ
വട്ടം വടിച്ചെൻ സ്നേഹം പൊള്ളിച്ച്
ഓർമ്മകളുടെ പീടികത്തിണ്ണയിൽ
വിൽപ്പനയ്ക്ക് വെച്ചു നീ.
വസന്തങ്ങളുടെ വ്രണിത വഴികളിൽ
വിടവാങ്ങലിൻ തിരികൾ കത്തിച്ച്
കുമ്പസാരങ്ങളെ വിഴുങ്ങിയ
കുത്തിയിരിപ്പുകളിലേക്ക്
തിടം വെച്ചിറങ്ങിയ സായന്തനങ്ങൾ.
സ്നേഹത്തോടെ കൊന്നുകളയണമെന്ന
മിന്നലിൻ പ്രകമ്പനങ്ങളിൽ
ഞാന്നിറങ്ങിയ മഴയുടെ മനസ്സുകളിലേക്ക്
ഓർമ്മകളെ പണയം വയ്ക്കാൻ
വിതുമ്പുന്ന അധരത്തെ അന്യോന്യം
പതിപ്പിച്ച് കരാറുണ്ടാക്കിയ ലാസ്യ തീരങ്ങൾ.
ഉമിനീരിനെ വറ്റിച്ചെടുത്ത സൂര്യാഗ്നിയായി,
എന്റെ കണ്ണുകളിലേക്ക് അടർന്നിറങ്ങിയ
എണ്ണമറ്റ നക്ഷത്രങ്ങളായി
നിന്റെ മൊഴിയഴകെന്റെ
ജീവനാളത്തിൽ ജ്വലിച്ചുനിന്ന മദ്ധ്യാഹ്നങ്ങൾ,
അനന്ത പ്രളയത്തിൽ കടലെടുത്ത
അപരാഹ്നങ്ങൾ, നിശാഗർഭങ്ങൾ.
അനാഥത്വം അസ്തിത്വം തേടി നമ്മുടെ
പ്രണയ ശ്വാസങ്ങളെ തൊട്ടുരുമ്മി നിൽക്കെ,
മരണരഥത്തിൽ പ്രണയത്തിന്റെ കനൽക്കുതിരകൾക്കൊപ്പം പാഞ്ഞ
ശിശിരഹേമന്തങ്ങൾ
യുഗങ്ങളെ ചീന്തിയെടുത്ത്
വിസ്മൃതിയുടെ മാറിലുണക്കി
വിൽപ്പനയ്ക്ക് വെച്ച
സായന്തനങ്ങളെ,
എരിഞ്ഞു താഴുന്നെൻ കണ്ണുകൾ
ദാനം തരുന്നു.
ഞാൻ ഇരവിന്റെ മുകതയെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
കലഹിച്ചൊടുങ്ങുന്ന കരയുടെ ദൈന്യങ്ങളുമായി
ബ്രഹ്മാണ്ഡത്തിന്നപ്പുറം
കത്തിനിൽക്കുന്ന സ്വപ്ന രേണുവിലേക്ക്
ഓർമ്മകളുടെ ചിതാഭസ്മ നിമജ്ജനനത്തിന്
ഞാൻ യാത്രയാവുകയാണ്.

By
DevaManohar

പരാജിതരുടെ ആത്മഗാഥ


പരാജിതരുടെ ആത്മഗാഥ
പരാജിതരുടെ പoന മുറികളിൽ
മുറിവേറ്റു വീണയക്ഷരങ്ങൾ
ഗ്രാമാന്തര നോവുകളിൽ
നഗര നിശ്വാസങ്ങളിൽ
വിയർപ്പിന്റെ മർമ്മത്തിൽ
രാശിവച്ച് പാകി മുളപ്പിച്ച
മുളങ്കുടിലുകളിൽ
നാട്ടവൈദ്യം സേവിച്ചു.
.
കൊട്ടിയടക്കപ്പെട്ട കൊട്ടാരസദസ്സുകളി -
ലാടവെ,യsർന്ന
നൃത്ത മണികളിലുരുമ്മി
ലാസ്യത്തിന്റെ മാലിന്യവും ഭാഷയുടെ വിസർജ്യവും അഭിഷേക തീർത്ഥങ്ങളാകുമ്പോൾ
ഗർഭപാത്രങ്ങളിൽ നിന്നുമടർത്തിമാറ്റപ്പെട്ട
വാക്കുകൾ
പരാജയ വിത്തുകളായി,
സ്വയം ഭൂക്കളായി
അടിമകളുടെ
വീര ചരിതമെഴുതി,
ജന്മങ്ങളിൽ
മറവിയുടെ താളിയോലകളിൽ
നറുനിലാവിന്റെ നക്ഷത്രങ്ങളെ
ആത്മാവിൻ നാരായത്തുമ്പിൽ
കുത്തി നിർത്തി
നിണമൊഴുകിയ പട്ടsയുടെ
തീരങ്ങളിൽ
വിഭൂതിയിൽ
കനത്ത
കരിം ചോരയാൽ..
ഞങ്ങൾ, പരാജിതർ
വിജയചരിതമെഴുതി.
വിജയത്തിൻ നെറ്റിപ്പട്ടം പ്രാണനിൽ
കൊരുത്ത് പാടി കഥകൾ,
അന്യോന്യം ജയിക്കാതെ
മനസ്സ് പകുത്തേവരും ജയിച്ച
വീരകഥകൾ.
യവന തീരങ്ങളിൽ
നൈൽ കുരുപ്പുകളിൽ
വോൾഗതൻ ശൈത്യ ഗർഭങ്ങളിൽ സൈന്ധവസ്പന്ദനങ്ങളിൽ
നഗരവിദൂരതകളിലെ
ഉഷ്ണ നിശ്വാസങ്ങളിൽ,
ഗ്രാമ ഗർഭങ്ങളിലെ
ഹേമഹരിതാഭങ്ങളിൽ
പരാജിതരുടെ പാനപാത്രങ്ങളിൽ
വേദനാദൂരങ്ങൾ സൂര്യനെ മുലയൂട്ടി.
ചികുരഭാരങ്ങളിൽ
കുലച്ചു നിന്ന പൂവാടികളിൽ,
ലാസ്യത്തിന്റെ പെരും നോവുകളിൽ
ചിതറി വീണ
സിംഹാസന മേലാപ്പുകൾ
മഹായുദ്ധങ്ങളുടെ
കുരുക്ഷേത്രങ്ങളിൽ
ആശ്ലേഷിക്കപ്പെടാത്ത
പരാജിത കബന്ധങ്ങളിൽ താങ്ങി നിന്നു.
മുറിഞ്ഞ വാൾത്തലകളിൽ
വിളങ്ങി നിന്ന രാജസിംഹാസനങ്ങളേ,
പരാജിതരെങ്കിലും പങ്കിടുന്നു
ഹൃദയങ്ങൾ ഞങ്ങൾ
അരുതൊരു രാജശാസനവുമെങ്ങൾ -
ക്കന്യോന്യം വെട്ടി ജയിക്കുവാൻ.
തോൽപ്പിക്കാതെ ജയിച്ചീടും ഞങ്ങളീ
ജീവിതായോധന വീഥിയിൽ.
നാവറുത്തു, വാക്കറുത്തൊഴുകുന്നു
മുകസാക്ഷ്യങ്ങൾ
ജയിച്ചവർക്കു തീറെഴുതിയ
ഭൂമി വിൺതലമല്ലിത്
വേർപ്പുകല്ലിൽ നീരൊഴുക്കിയ
തോറ്റവർക്കും, പൊറുക്കണം..

By
Deva Manohar

നഷ്ടപ്പെടുന്ന പ്രണയതീർത്ഥം


നഷ്ടപ്പെടുന്ന പ്രണയതീർത്ഥം
കവിതയുടെ പൂത്തിരികൾ ചുംബിച്ച
കരൾപൂക്കൾ നിറപറയിൽ തിങ്ങി
ഇന്ദുമതിമുറ്റങ്ങളിൽ
നറുനിലാവിനെ പുണരവെ,
കുലച്ചുനിൽക്കും
മദ്ധ്യാഹ്നസൂര്യനെ
വിഴുങ്ങിച്ചുവന്ന ത്രിസന്ധ്യകൾ നാം.
തളിരിലയുടെ സ്വസ്തിയിലേക്ക്
ഒഴുകി നിറഞ്ഞ പ്രണയാകാശങ്ങളിൽ
മേഘ ഗർഭങ്ങളായി
വിത്തിനും പൂവിനുമിടയിലുള്ള
ദൂരത്തിലേക്ക്
തിരുകി വെച്ച നീർ ജാലകങ്ങൾ. നാം
പ്രണയത്തിൻ സൂചിക്കുഴകൾ തേടിയ
നൂലിഴകളായി,
ഉറയൂരിയെറിഞ്ഞ
പ്രണയപ്പുതപ്പുകൾ
സൗരയൂഥങ്ങളിലെ
ഗ്രഹരഥ്യകളിൽ
വിരചിച്ച അശ്രു വഴികൾ നാം.
തൊഴുകൈയ്യിൽ പ്രണയമൊളിപ്പിച്ച
സന്ധ്യകൾ,
നിദ്രയുടെ നിലാച്ചുണ്ടുകളിൽ നിറഞ്ഞ
സ്വപ്നാർത്ഥനകൾ,
മലർവാടികൾ മോഹിച്ച മധു നേരങ്ങൾ
മാധവ ഹൃദയങ്ങളിൽ തുളിമ്പിയിറ്റ്
മലരിതളുകളിൽ വിരിയും
കുളിർമ്മയുണ്ട പ്രകൃതിയെ
തഴുകിയ സ്വരരാഗ പ്രവാഹം നാം.
.
പരീക്ഷാർത്ഥിയുടെ പദപ്രശ്നങ്ങളിൽ
എരിഞ്ഞിറങ്ങിയ ശ്വാസത്തിൻ
കൊടിയേറ്റമാണ് നമ്മുടെ പ്രണയം.
ഭാവി വർത്തമാനങ്ങളിൽ
വലയിലെ മീനിന്റെ ജീവൽ തുടിപ്പ്.
ഏകാന്തോന്മാദത്തിൻ ഭിത്തിയിൽ നിന്നിറങ്ങി
എന്റെ മന്ത്രണങ്ങളിൽ കൊക്കു കൊരുത്ത്
ജാലകങ്ങളിലൂടൊഴുകുന്ന ജീവ തീർത്ഥമേ
പിരിയുക,
ആകാശത്തിന്റെ അതിരുകളിൽ
സന്ധിക്കാം.
കരുതിവയ്ക്കു ....
ഒരു പ്രാണ രേണു.
നഷ്ടോന്മാദങ്ങളിലാർത്തു
സ്വയം പിഴിഞ്ഞുലയാൻ
ഈ പ്രണയനഷ്ടങ്ങൾക്ക്
എന്നെ അടിമ വയ്ക്കുന്നു.

By

DevaManohar

കണി


എല്ലാ സുഹൃത്തുക്കൾക്കും വിഷുവാശംസകൾ
കണി
വേനൽത്തളികയിൽ സ്വർണ്ണ പ്രഭ തൂവി
അഴകിൻ കൊടിയേറി മലരുന്ന കൊന്ന.
ഒരു വിഷുവിന്റെയാത്മാവിൽ പൂക്കുവാനെത്ര
ഋതുക്കളെ തേടി നിൻ വേരുകൾ
മുൻപേയും ചേർന്നും നടന്നു മറഞ്ഞവ
രഴലിൻ മഴകളെ തന്നു കടന്നുപോയി.
അന്തര്യാമിക്കുള്ള പൊൻ കാഴ്ചയായി
ട്ടെന്നന്തർഗതം നിന്നിൽ പൂവിട്ടു നിൽക്കുന്നു.
വിഷമ പയോധിയിലാണ്ടൊരീ വിഷുവിന്നൊരു
കുമ്പിളോർമ്മയാണിന്നെന്റെ കൈനീട്ടം.
വേനൽമഴയുടെ നാമ്പിൽ തൂളുമ്പുമീ
സൂര്യാംശുപങ്കിട്ടെടുക്കുവാൻ പോരൂ നീ
നിഷ്പന്ദമായി നിന്നുലാവും തരുക്കൾ തൻ അഴകിൻ ഹരിതം നുകരാൻ വരില്ലയോ
ഈലതാ വൃന്ദങ്ങളെത്ര നാളിങ്ങനെ,യാ
ത്മഹർഷങ്ങളിൽ വേനൽ കുടിച്ചിടും?
വിസ്മയാലോലമിലകൾ രഹസ്യമായി
കാറ്റിനെ കുമ്പിട്ടു കൈ നീട്ടിനിൽക്കുന്നു
കാറ്റിന്റെ കൈകളിലൂയലാടുന്ന മേഘങ്ങൾ
ചാലിക്കും കൈനീട്ടം മുകരുവാൻ.
പകലിന്റെ ഭ്രൂണം ചുരണ്ടിക്കുടിച്ചു നാമിറ്റിച്ച
സ്നേഹവർഷങ്ങളിൽ കവിത വിരിഞ്ഞതും ഇരിപ്പൂനിലങ്ങളിൽ ഹരിതാഭ ചാർത്തിയ
നെൽച്ചെടിത്തുമ്പിലൊളിച്ചോരു കാറ്റിനെ
പുന്നെല്ലിൻ സുഗന്ധം കവരാതിരിക്കുവാൻ
നഗ്നപാദങ്ങളാൽ തലോടി നോവിച്ചതും.
സ്നേഹ ഹർഷത്താൽ പൊതിയും മരുത്തി
നോടരുതെന്നു ചൊല്ലി നാമെതിരെ നടന്നതും
പാടവരമ്പിലെ ഹരിത ഗർഭങ്ങളിൽ നീല
മേഘങ്ങളൊഴുകി നിറഞ്ഞതും
മഴവില്ലൊടിഞ്ഞെത്തി മനസ്സിന്റെ ചില്ലയിൽ
മധുരസ്വപ്നങ്ങളിൽ വർണ്ണം ചുരന്നതും
ഓർത്തു ഭുജിക്കുവാനെത്തുക, നീ സഖേ
പൂത്തു നില്ക്കുന്നൊരീ സംക്രമ സന്ധ്യയിൽ.
നീ വരില്ലെന്നറിയാ, മതെന്നാലും തുളുമ്പട്ടെ
യോർമ്മകൾ വിഷുവിൻ പൊലിമയിൽ.

By
Deva Manohar

കാറ്റ് പെയ്യുമ്പോൾ


കാറ്റ് പെയ്യുമ്പോൾ
മഴയെത്തിക്കാമെന്ന
കരാറെടുത്ത കാറ്റിനെ
മലകളെയതു വീഴ്ത്തി
മേഘങ്ങൾ ഗർഭമലസിത്തളർന്നു -
ചാപ്പിള്ളകൾ മലയ്ക്കുള്ളിൽ വളർന്ന്
ഉരുൾപൊട്ടിയലറി വിളിച്ചു.
മരം വിഴുത് മലയെ തല്ലി.
കലി കാറ്റിൽ കയറിയൊളിച്ച്
കടലിൽ വളർന്നുപൊങ്ങി
മഴയെത്തേടിയ തീരങ്ങളിൽ
തിരകളിലേറി കലി കടലായി വീണു.
കുടിനീരിന്നുറവകളെ പട്ടടയക്ക് വച്ച്
നാം കടലിനോട് കുടിൽ കെട്ടാനിടം
ചോദിക്കാൻ കാറ്റിനെയേൽപ്പിച്ചു.

By
DevaManohar

രാവുറക്കം


രാവുറക്കം
ഒരു ദലമർമ്മരം പോലുമീ രാവിന്റെ
ഹൃദയതാളങ്ങളെ വ്രണിതമാക്കും.
ഒരു പദനിസ്വനം പോലുമീ രാവിന്റെ
സാന്ദ്രമാം പ്രണയം മുറിപ്പെടുത്തും.
വിണ്ണു ചോർന്നൊഴുകുന്നൊരമൃതകുംഭ -
ങ്ങളീ രാവിന്റെ നയനങ്ങളീറനാക്കാം.
രാവിന്റെ നാവിലേക്കിറ്റുവാൻ മാത്രമായെ
ങ്ങുനിന്നെത്തുന്നീ തേൻ മഞ്ഞു തുള്ളികൾ.?
രാപ്പാടി പാടുന്ന വിരഹഗാനങ്ങളി, രാവി
ന്റെയാത്മാവിലഗ്നി കൊളുത്തിയേക്കാം
ഒഴുകും നിലാവിന്റെ പരിരംഭണത്താലീ
രാവിന്റെ സ്വപനം മുറിഞ്ഞു പോകാം.
കനവിനാൽ നെയ്തൊരു പൂനിലാപ്പട്ടിന്റെ
യഴകു മുകർന്നുറങ്ങട്ടെ നിശീഥനി.
സൗരഭ്യം കൊയ്തു വന്നെത്തുന്നപൂങ്കാറ്റേ,
ജാലക വാതിലിൻ ചാരെ നിഷ്പന്ദമാകൂ.
പെയ്തണയുന്ന തണുപ്പിന്റെ വീചിക
ളൊന്നുമീ ധനുമാസരാവിൽ കുളിരിടല്ലേ.
മിഴി ചിമ്മിയുണരുന്ന താരകൾ രാവിന്റെ
ഹൃദയത്തിൽ കത്തിക്കും പൂത്തിരികൾ
രാവിന്നു സ്വന്തമാം പ്രണയ യാമങ്ങളിലി -
രുളിന്റെ ഭംഗിയായി ഞാനലിഞ്ഞു.
മുകമടക്കൂ, രാക്കുയിലേ നിൻ വിരഹഗാന -
ങ്ങളീ ,രജനിയെൻ മടിയിലുറക്കമായി.
By 
Deva Manohar

അമ്മ


അമ്മ
മരത്തിന്റെ കൊഴിഞ്ഞ സ്വപ്നങ്ങൾ
ചിതയ്ക്കു വെച്ചഗ്നിയെ പൂജിക്കെ,
കരിംപുകയെ കണ്ണുനീരിൽ 
കുളിപ്പിച്ചൊക്കത്തെടുത്ത്
അവസാന വറ്റും വിടരാൻ
മൺകലത്തിൽ മനംമുറുക്കി
വിശപ്പിൻ കടൽ നീന്തിയെത്തി,
കണ്ണീർ തീരത്ത് വിങ്ങുമെൻ
ചുണ്ടിലിറ്റും ജീവന്റെ പ്രത്യാശ.
മുറ്റത്ത് കന്നിമഴ
കിളിർത്തു പൊങ്ങുന്ന
മകരങ്ങളിൽ
മഴപ്പൂരങ്ങളിൽ ചിലമ്പിച്ച
കർക്കടകങ്ങളിൽ
മഴ നാമ്പുകളിലൂയലാടി
ഉലയുമെൻ വിതുമ്പലുകളിൽ
കൃഷ്ണതുളസി നീരായി -
സന്ധ്യാനാമങ്ങളായി
തൂവിനിറയുന്ന സ്നേഹധാര.
ഡിസംബറിന്റെ ശൈത്യം
തീണ്ടാതെന്റെ ബാല്യത്തെ
ഉടു ചേലയുരിഞ്ഞ് പുതപ്പിച്ച
കനൽവാഹിനി.
കരിന്തിരി വിളക്കിൽ
കണ്ണീരിറ്റിച്ച് ജ്വലിപ്പിച്ച്
എന്റെ യക്ഷരങ്ങൾക്ക്
മിഴിവേകി നിന്നൊരക്ഷര.
ഉച്ഛിഷ്ട മേദസ്സിൽ നിറയുമ്പോ -
ഴുമഭിമാനത്തിൻ മൃഷ്ടാന്നം
ആത്മാവിൽ നിറച്ച രാജാംഗന.
നക്ഷത്രങ്ങളെ തൊടാൻ
മണ്ണിലേക്കാഴത്തിലാഴണ
മെന്നരുളിയ മഹാസാധ്വി.
കനൽ ജീവിതമാളിച്ചു നേടിയ
യുദ്ധാ,നന്തരം
കുന്തിയുടെ വഴിയേ നടന്ന
സർവ്വസംഗപരിത്യാഗി.
തൊഴുകൈയ്യിൽ ജീവിത
മെടുത്ത് കുമ്പിടുന്നു,
ഈ മഹായാനത്തിന്,
ഈ മഹാദാനത്തിന്.

By
Deva Manohar

ബാക്കി വെക്കണോ ജീവൻ?


ബാക്കി വെക്കണോ ജീവൻ?
മൗനത്തിന്റെ സൂര്യനെ
ജ്വലിക്കും സത്യതീർത്ഥത്തെ
ഭാഷയിലൂറും സോമരസത്തിൽ...
ചേർത്തു ഭുജിച്ചുന്മത്തരായി നാം
രാഷ്ട്രീയ നഭസ്സിൽ ഛർദ്ദിച്ചൊഴുക്കി
വാഗ്ദാനപ്പെരുമഴ.
കനൽവിത കുരുക്കുന്ന
പാടങ്ങളിൽ മൗനം
ജീവൽക്കണങ്ങളിൽ പന്തലിക്കവെ,
പ്രത്യയശാസ്ത്രക്കൊയ്ത്തുകളിലുതിരും
കതിർമണികളിലുരഞ്ഞു
കാലങ്ങളിൽ
ഉയിരഴിഞ്ഞു മൗനത്തിൻ ചിതയിൽ വീഴവെ
ഒരു സന്ദേഹമുള്ളിലുത്സവമാടുന്നു,
ചൊല്ലുക,
ബാക്കി വെക്കണോ ജീവൻ.
നേരു പൊള്ളിത്തികട്ടിച്ചവച്ചിടും
ജീവനിൽതൂവിടാ,തൊരു
സംസ്കൃത ഭാഷയും.
ചെങ്കോലിന്നൂറ്റം കൊണ്ടും
കൊടുത്തും പേറുവോർ
ചൊല്ലുക പച്ചയായി,
കൊല്ലണോ ഞാനെൻ
പൊന്നിൻ കുരുന്നിനെ?
പത്തു സംവത്സരം നിറം
ചാർത്തിയൊരെൻ
പൊന്നുമോൾ തൻ കഴുത്തി -
ലാണിന്നെന്റെ കരവാൾ.
മൃതിയാണഭിമാനം,
മാനം പോകുമെന്നായാൽ.
ചൊല്ലുക രാജാക്കളേ,
കരവാളമർത്തണോ?.
ആരെയാണേൽപ്പിക്കുക,
മുത്തശ്ശനിൽപ്പോലും
കാളകൂടത്തിൻ നുര,
വിടന്മാർ പന പോലെ.
ഏതു ദർശനംപേറി ജീവിച്ചവർ
നമ്മളി,ത്രമേൽ
പ്രാകൃതരോ, മറന്നീടുക തമ്മിലു-
ണരും കാലം വരെ.
ആത്മദർശനത്തിന്റെ
പൊന്നൊളിവിതറിയിട്ടി
ക്കാലത്തെ നയിക്കുവാൻ
ദിവ്യാത്മാവെത്തും വരെ
തമ്മളിൽ മറക്കുക,
ഓർക്കുവാനെന്തുണ്ടെ -
ന്തു ബന്ധങ്ങൾ തമ്മിൽ തമ്മിൽ.

by
Deva Manohar

അപരിഹാര്യം


അപരിഹാര്യം
പിറക്കാതിരിക്കുക, മകളേ നീ -
യെൻ ശ്വാസം നിലയ്ക്കും വരേക്കും.
കണ്ണാലെളുതല്ല നോക്കുവാൻ,
കൈകൾക്കാവില്ല പോറ്റുവാൻ.
മനനേരിന്നറയ്ക്കുള്ളിലെങ്കിലും നിൻ
മാനം കാർന്നുതിന്നുന്നു, ചിതലുകൾ.
വർഷം കുളിരാതെ പോകവെ, നിന്നു -
ച്ചിയിൽ സൂര്യൻ തപം ചെയ്തീടവെ,
വിടരാതെ കൊഴിയാൻ വിധിക്കയാണീ -
കെട്ട കാലത്തിൻ ഗ്രീഷ്മം വിഴുങ്ങുവോർ.
പുലരാത്ത രാത്രിയിൽ ബാല്യങ്ങൾ
വാർദ്ധക്യമുണ്ടു പിടയവെ,
ഒരുനാളുമുറങ്ങുവാനാവി,ല്ലെനിക്കിനി
കറുത്തു വിങ്ങുമിരുളിൻ കനങ്ങളിൽ.
ചിരിച്ചുടയുന്ന ചുണ്ടുകളൊപ്പുന്നു,
ചിതറി വീഴുന്ന കണ്ണുനീർച്ചൂടിനെ.
ജ്വലന രേതസ്സിൻ ശമത്തിനായ് വണ്ടുകൾ
കടിച്ചെറിയുന്നു, മൃദുലമാം മൊട്ടിനെ.
ഉരിയാടാനാകാ,യൊരു വാക്കുമിന്നി-
രവിൽ നാവുറഞ്ഞു പോയ് ഭീതിയാൽ.
പകുത്തേകാനാകാ, വാൽസല്യവും
ചിതയൊരുക്കി സ്വയമടങ്ങുന്നു ഞാൻ.
പിറക്കാതിരിക്കുകെൻ മകളേ നീ
ഈ കെട്ട കാലം കഴിയും വരേക്കും.
കരളിലഗ്നിസ്ഫുടം ചെയ്തു നിർത്തുക
ഹരിച്ചു മാറ്റുവാൻ,തമസ്സിൻ തിളപ്പിനെ.

By
Deva Manohar

പ്രഭാത വിസ്മയം


പ്രഭാത വിസ്മയം
സ്നിഗ്ദ്ധമാം പ്രഭാതത്തിന്നൊളി കവർന്നെ
ടുക്കുവാനെത്തുന്നൊരാഷാഢ സൂര്യാഗ്നി;
നിൽക്കുക, നീരദങ്ങളടയിരിക്കുന്നൊരീ
പുൽനാമ്പിന്നഗ്രങ്ങളിൽ പുളകം വിരിയട്ടെ.
സുസ്മേര സുദിനത്തിൻ സൗരഭ്യമറിയിക്കാ-
നെത്തുമീ നിറദീപം തൊട്ടു ഞാൻ നിന്നിടട്ടെ.
ചെന്നീരിൻ പരഭാഗ ശോഭായാലഞ്ചിതമാ-
മാകാശപ്പൊൻപൂമുഖം ചുവപ്പിക്കുന്നതാര്?
ചെങ്കനൽ പഴുത്തിട്ട് തങ്കം പോൽ തിളങ്ങുന്ന
വിസ്മയപ്രഭാവർണ്ണൻ വിശ്വനാഥനുയരുന്നു.
ഉജ്ജ്വലപ്രഭാവർണ്ണനായിരമരിവാളാലരിഞ്ഞു
വീഴ്ത്തുന്നു, നിശീഥ നികുഞ്ജങ്ങൾ നീളെ.
തഞ്ചത്തിൽ താളം പിടിച്ചുലയും ലതാദികൾ
ആരണ്യഗർഭങ്ങളിലാശ്ളേഷം മുകരുന്നു.
ആശംസകൾ നേരാൻ നിരന്നു ശുകശതം, തുറന്നു ലതാഗ്രഹ,മേറ്റു വാങ്ങുവാൻ തീർത്ഥം.
ചേങ്ങിലയിലത്താളമിടയ്ക്ക, കൊമ്പുകുഴൽ
എടുത്തു പിടിച്ചവർ കീർത്തനങ്ങളിൽ നീളെ
മോഹന കല്യാണാദിരാഗങ്ങളർഘ്യം ചെയ്താ-
നയിക്കുന്നാദരാലീ,യത്ഭുത സൗന്ദര്യത്തെ.
സൗരഭ്യ പനിനീരിലലിയും സമീരനും, സ്വാഗത
മോതാൻ കാത്തുനിൽപ്പു, പൂച്ചില്ലതോറും.
ആഴിയിൽ മുഖംനോക്കി രസിക്കും നീലാംബരം
കുങ്കുമം വാരിപ്പൂശി പൂർവ്വ ദിങ്മുഖത്തെങ്ങും.
കനൽപ്പു വിതറുന്നൊരാദിത്യത്തിരുമുറ്റമടി
ക്കാനുഴറും ഗ്രഹങ്ങളോ, നവമാം പഥങ്ങളിൽ.
സവിതാവൊഴുക്കുന്നൊരാഗ്നേയതീർത്ഥമുണ്ടു
യിരു ജ്വലിച്ചീടാൻ തൊഴുന്നു മഹാ പ്രഭോ.

By
DevaManohar

ചില പ്രഭാത വ്യഥകൾ


ചില പ്രഭാത വ്യഥകൾ... (ഒരു പഴയ കഥ)
ഏറെ നാൾ പിണക്കത്തിലായിരുന്നു. ഒരു വാക്കിന്നിരു പുറവുമായി അലച്ചു ചെയ്തു വീഴാൻ വെമ്പുന്ന കർക്കിടക മഴ മുഖത്തു മുറുക്കി ഞങ്ങൾ എത്രയോ നാളുകളിൽ നേർക്ക് നേർനടന്ന് വഴികളിൽ വേർപിരിഞ്ഞു. ഓരോ പ്രഭാതത്തിലും നേർത്തു തുളുമ്പിയ പ്രകാശകിരണങ്ങളിൽ, കനത്തുമുറുകിയ എന്റെ മുഖം മൃദുലത തേടി. ഇന്ന് കാര്യങ്ങൾ പറഞ്ഞു തീർക്കണം. ഭാരമേറിയ ചുമട് കനപ്പെട്ടു തിങ്ങിയ മനസ്സുമായി എത്രയോ യാമങ്ങളിൽ അയാളെ തേടുന്നു. ഓരോ നിശ്വാസവും ഉതിർന്നു വീഴുന്നത് ഏറുന്ന വിങ്ങലിൻ വാതിൽപ്പടികളിൽ. അയാളും അങ്ങനെയായിരിക്കുമോ?
വഴിയുടെ ധാരാളിത്തം ആസ്വദിക്കുന്ന വേളയിൽ, മനസ്സിന്റെ ലോല ഭാവങ്ങൾ കണ്ണുകളിലെത്തുമ്പോഴേക്കും ഏതോ മുറുക്കത്തിൽ ഞങ്ങൾ എതിർ ദിശയിൽ വിളിപ്പാട് ദുരെ സ്വന്തമായ ശൂന്യതയിലേക്ക് അടി വെക്കുകയായിരിക്കും. നാളെയാവട്ടെ എന്ന തിർച്ചയിൽ.
എന്തിനാണ് ഞങ്ങൾ കാരണമില്ലാതെ പിണക്കത്തിലായത്.
അതിന് നീ അയാളോട് ഇണങ്ങിയിട്ടുണ്ടോ
ഒരിക്കലെങ്കിലും സംസാരിച്ചിട്ടുണ്ടോ
മനസ്സിൽ ആരോ വിചാരണ തുടങ്ങിയിരിക്കുന്നു
വഴിയരികിലും വയൽ വരമ്പിലും ഒരരികുപറ്റി നിന്നിരുന്ന ജന്മമന്നു മാത്രം ഓർമ്മയിൽ തെളിഞ്ഞു വരുന്നു. സമകാലിക പ്രശ്നങ്ങളുടെ ബ്ലോഗുകൾ മനസ്സിലിട്ട് പാറ്റിപ്പെറുക്കി നടന്നു പോകമ്പോൾ എത്രയോ പ്രഭാതങ്ങളിൽ ഇടവഴികളിൽ ഞാൻ സ്വയം നഷ്ടപ്പെട്ടിരുന്നു. മുൻപിൽ നിന്നിട്ടും കാണാതെ, നോട്ടം അയാളിൽ കുടി കടന്ന് അകലെ അറിയാക്കാഴ്ചകളിൽ അഭിരമിച്ചപ്പോൾ അയാളോട് സംസാരിക്കേണ്ട ഒരാവശ്യവും ഉണ്ടെന്ന് തോന്നിയില്ല, അയാൾ മിക്കപ്പഴും സംസാരിക്കുന്നുണ്ടായിരുന്നെങ്കിൽ കൂടി. പുറമേ അയാളിൽ ദൃശ്യമായിരുന്ന നിസ്സാരത തന്റെ കനമുള്ള ചിന്തകളെ ദുർബലപ്പെടുത്തിയേക്കാമെന്ന മിഥ്യാ ധാരണയാണോ അറിയില്ല അയാളോട് സംസാരിക്കുന്നതിൽ നിന്നും തന്നെ വിലക്കിയത്. തന്റെ ചിന്തകൾക്ക് കനമുണ്ടായിരുന്നില്ല എന്നതാണ് സത്യം. മറിച്ച് ലോലമായിരുന്നു താനും
ഇല്ല നിനക്കൊന്നുമറിയില്ല -പ്രഭാത സവാരികളിൽ അയാൾ നിനക്കെതിരെ വന്ന ഏറെ തവണ സ്വതസിദ്ധമായ അയാളുടെ ചിരിക്ക് നീ മറുപടി നൽകിയില്ല. അയാൾ കുലീനനല്ലെന്ന് നീ ധരിച്ചു. നീ അയാളിലെ മനുഷ്യനെ പാടെ അവഗണിച്ചു കടന്നു പോയില്ലെ?
ശരിയാണ്, പുലരിയുടെ നിസ്സീമമായ സ്റ്റിഗ്ദ്ധതയിൽ അഭിരമിച്ച് പുതിയ സ്വപ്നങ്ങളുടെ കളിയരങ്ങുകൾ ആസ്വദിച്ചു നടന്നു മറയുമ്പോൾ' ഇന്ന് താമസിച്ചു പോയോ'
'ഇന്നലെ ഈ വഴി കണ്ടില്ല' എന്നും മറ്റുമുള്ള സ്നേഹാ ന്വേഷണങ്ങൾക്ക് പ്രതികരിക്കേണ്ടതായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നു. ആ കൊടിയ അവഗണനയുടെ അനന്തര ഫലമെന്നോണം അയാളുടെ മുഖത്ത് എപ്പോഴും നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി മരിച്ചിരിക്കുന്നുവെന്ന് മനസ്സിലായത് അയാളറിയാതെ ആ മുഖത്തേക്ക് പിന്നീടൊരിക്കൽ പാളി നോക്കിയപ്പോഴാണ്.
പിന്നീടൊരിക്കലും അയാൾ കുശലം ചോദിച്ചില്ല. അയാളുടെ കുശലാന്വേഷണവും ചിരിയും എന്റെ പ്രഭാതസവാരിയുടെ ഊർജമായിരുന്നുവെന്ന് ഞാൻ തിരിച്ചറിയാൻ താമസിച്ചു. മനസ്സിൽ അകാരണമായി കനത്തു വന്ന ഭാര്മിറക്കി വെക്കാൻ പല വഴികൾ തേടി. അഭിജാത സൗഹൃദങ്ങളുടെ നുരയുന്ന സന്ധ്യകളിലും പുസ്തകത്താളുകളിലും മൃദുലമാകാൻ മനസ്സ് നടത്തിയ സഞ്ചാരം വ്യർത്ഥമായി.
എനിക്കയാളെ കണ്ടേ പറ്റൂ.. ഇനിയുള്ള പ്രഭാത സവാരികൾ അയാളിലേക്കുള്ളതാണ്. മുൻപ് കണി തന്ന പല വഴികളിലും അയാളെ തേടി തന്റെ പ്രഭാതസവാരി പുതിയ വഴികളിലേക്ക് വളർന്നു. എവിടെ അയാൾ, അയാളുടെ വീടെവിടെ?
പേരു പോലുമറിയില്ല.
ഞാൻ എന്റെ നാട്ടിൽ അന്യനായി മാറുന്നു - തല നരച്ച്, ശോഷിച്ച്, വായിലെ മുൻ വരിയിലെ മൂന്നോ നാലോ പല്ലുകൾ പോയ ഒരാളെന്നല്ലാതെ എനിക്ക് അയാളെ അടയാളപ്പെടുത്താൻ ഒന്നും ഇല്ലായിരുന്നു. ഓർമ്മയിലും ബുദ്ധിയിലും അഭിമാനിച്ചിരുന്ന ഞാൻ വിറങ്ങലിച്ചു നിന്നു. ഒരു ശിശിരത്തിന്റെ ഇല കൊഴിച്ചിലിൽ ഞാൻ നടന്നു തളർന്നു. എന്റെ ചേതന ശരാശരിയിലും താഴെ ഊർദ്ധ്വൻവലിച്ചു.
കനത്തു നിന്ന കർക്കിടകത്തിന്റെ മുഖത്തു കൂടി പ്രഭാത സവാരിക്കായി എന്റെ കാലുകൾ നനഞ്ഞ വഴി വെട്ടി നീങ്ങി. പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ റോഡിൽ, ഓടകളിൽ കലമ്പൽ കുട്ടി'. എന്റെ പാദത്തിൽ നിന്നും രക്ഷപെടാനായി പുൽനാമ്പുകൾ ഒഴുക്കു വെള്ളത്തിൽ പതുങ്ങിക്കിടന്നു. പുതുവെളളത്തിൽ തവളകളും കുഞ്ഞു മീനകളും ( ഊപ്പ മീൻ ) നിറഞ്ഞ ഓടകളിൽ പുളകിതരായി. വഴികളിലേക്ക് ഗ്രാമജീവിതം ഉണർന്നു വരാൻ പ്രഭാതമഴ തടസ്സമായി. എനിക്ക് രാവിലെ നടക്കാതിരിക്കാനാവില്ലായിരുന്നു, എന്റെ മുഖത്തും മനസ്സിലും ഇനിയും പെയ്തൊഴിയാൻ എത്രയോ കാലമായി ഉരുണ്ടുകൂടി കനത്ത കാർമേഘങ്ങൾ.
ഒരു താണ്ഡവത്തിന്റെ മേള ഹുങ്കാരത്തോടെ പ്രഭാത മഴ എന്റെ മുന്നിൽ, വഴിയിൽ പറന്നിറങ്ങി. വഴി, അത് ഒരു പുഞ്ച രണ്ടായി പകുത്തു മാറ്റിയ ഇടുങ്ങിയ വഴി. ഓട്ടോറിക്ഷയ്ക്ക് മാത്രം പോകാവുന്ന വഴി. തൊട്ടു മുന്നിലും പിന്നിലും വീടില്ല. മുന്നിൽ പുഞ്ചയിറക്കത്തിൽ ഒരു ചെറിയ വീടിന്റെ രൂപം മഴനാരുകൾക്കിടയിലൂടെ ഞാൻ കണ്ണെത്തിച്ചു പിടിച്ചു. പറന്നിറങ്ങിയ മഴ പടർന്നു പന്തലിച്ചു വീഴുന്നു അഞ്ചോ ആറോ സെക്കന്റിനുള്ളിൽ ഞാൻ നനഞ്ഞു കുതിർന്നു. നടത്തത്തിന് പരമാവധി വേഗത കൂട്ടി, അല്ല ഓടി.
.പെട്ടന്ന് കാതടപ്പിക്കുന്ന ശബ്ദത്തിൽ മാനം
പൊട്ടിത്തെറിച്ചു. വെള്ളിടിയിൽ ആകാശം കത്തിയെരിയുന്നു.. ആദ്യത്തെ ഇടി ശബ്ദം എന്റെ വയറ്റിൽ വൈദ്യുത സ്ഫുലിംഗങ്ങൾ ആളിച്ചു. കാലുകൾ കുഴയുന്നോ, ഒരടി നീങ്ങുന്നില്ല... പെയ്ത്തു വെള്ളത്തിലേക്ക് എന്റെ അഹന്ത കടപുഴകി വീണു
എന്റെ വീട്ടിൽ നിന്നും അരക്കാതമകലെ
രക്ഷയില്ലാതെ, ആശ്രയമില്ലാതെ ഭയവിഹ്വലനായ ഞാൻ ഭീകരമായ അനാഥത്വത്തിലേക്കാണ്ടു, അർദ്ധ ബോധത്തിലേക്കും. കാലം അതിന്റെ ഉള്ളറ രഹസ്യങ്ങൾ കാണുവാൻ, അതിൽ ലയിക്കാൻ ഓരോരുത്തർക്കും സമയക്രമം വെച്ചിട്ടുണ്ടോ? അവിടെ നാം തനിച്ചായിരിക്കുമോ? അലംഘിതമായ ഒറ്റപ്പെടൽ, അനാഥത്വത്തിലൂടെ തുഴഞ്ഞ് ആയിരം ഹിമവൽ ശൃംഗങ്ങളിൽ ഞാൻ കുഴഞ്ഞു വീണു കൊണ്ടിരുന്നു.
ചെറിയ വീടിന്റെ ഉമ്മറപ്പടിയിലൂടെ ചെങ്കല്ലു കെട്ടി തേക്കാത്ത തിണ്ണയിലേക്ക് ഞാൻ എങ്ങിനെയോ കുഴഞ്ഞെത്തി.
ഏതോ നിമിഷത്തിന്റെ ദാനത്തിൽ പ്രജ്ഞയിലേക്ക് തിരിച്ചു വന്ന ഞാൻ, എന്റെ തുണിയിൽ പറ്റിയിരിക്കുന്ന അഴുക്കും ചെളിയും കണ്ട് ലജ്ജിതനായി. ചെളി നിറഞ്ഞ വഴിയിൽ ഞാൻ ഏറെ ദൂരം ഇഴഞ്ഞിരിക്കുന്നു. മഴയുടെ ശൗര്യത്തിൽ നിന്നും രക്ഷ നേടാൻ തിണ്ണയുടെ ഏറ്റവും പിറകിൽ ചെങ്കൽ ഭിത്തിയോട് ചേർന്നിരുന്നു, ഞാൻ. എന്റെ അഭിമാനം എങ്ങിനെയോ ഉയർന്ന് തൊട്ടടുത്ത് കിടന്ന കസേരയിൽ എന്നെ ഉയർത്തി ഇരുത്തി. കനത്ത ഇടികൾ വീണ്ടും വെട്ടിക്കൊണ്ടിരുന്നു, കണ്ണിൽ ഇരട്ടു കയറുന്നതു പോലെ.. തളർച്ച മനസ്സിലേക്കും.
ആ പെരുമഴയുടെ, ഇടിയുടെ ഭീകര ധ്വനി എന്നെ അബോധത്തിലേക്ക് തള്ളിയിട്ടു...
അകത്ത് ഒരു സ്ത്രീയുടെ ഞരങ്ങിയ നിലവിളി കേൾക്കുന്നോ....?
എഴുന്നേറ്റു നോക്കാൻ കാലുകളും വിളിച്ചു ചോദിക്കാൻ നാവും വഴങ്ങുന്നില്ല.
'സാറേ..., സാറേ....' ജോർജ് തട്ടി വിളിക്കുമ്പോൾ ഞാൻ പരിസരത്തിലേക്ക് മടങ്ങി വരാനുള്ള കഠിനശ്രമത്തിലായിരുന്നു. മഴ കുറഞ്ഞിരിക്കുന്നു. വീടിന്റെ മുറ്റത്ത് കുടിയ ആൾക്കാരുടെ രൂപം എന്റെ കണ്ണിൽ പതുക്കെജീവൻ വെച്ചു തുടങ്ങി. ഞാൻ എത്തിപ്പെട്ട സ്ഥലവും വീടും ഞാൻ ആദ്യമായി കാണുകയായിരുന്നു.. എന്റെ പരിചയവഴികൾക്ക് ഇത്ര അടുത്തായിട്ടും ഈ വീടും വഴിയും ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല.
മാത്യൂസ് അവിടെ കൂടി നിന്ന പലരുമായി സംസാരിക്കുന്നുണ്ട്. ഈ നാട്ടിൽ ജനിച്ചതല്ലെങ്കിലും അയാൾ എല്ലാവർക്കും സീകാര്യനായിരുന്നു, അന്യനല്ലായിരുന്നു...... ആളുകൾ കൂടിക്കൊണ്ടിരുന്നു. വന്നവർ വരുന്നവരോട് കുശലം പറയുകയും വീട്ടുകാരെപ്പോലെ പെരുമാറുകയും ചെയ്യുന്നു.എല്ലാവരും പരസ്പരം രക്ഷകരും ആശ്രിതരുമാകുന്നു.
പെട്ടന്ന് ഒരു സ്ത്രീ തൊണ്ട പൊട്ടുമാറ് അകത്തെ മുറിയിൽ നിന്നും നിലവിളിക്കുന്നു.അല്ല, ഞാൻ അത് അപ്പോൾ മാത്രമാണ് കേട്ടത്. വയറ്റിൽ ഒരു കൊട്ട തീയാളി. മുൻപ് കേട്ട ഞരങ്ങൽ മനസ്സിൽ തികട്ടി വന്നു. ഒരുൾ വിളിയാലെന്ന പോലെ കസേരയിൽ നിന്നും പിടഞ്ഞെണീറ്റ് ഞാൻ മുറിക്കുള്ളിലേക്ക്..
'എനിക്കാരുമില്ലേ..... എന്നെയും കൂടെ കൊണ്ടുപോ ഉടയതമ്പ്രാനേ' .... മാറത്തടിച്ചു വിലപിക്കുന്ന സ്ത്രീയുടെ അരികിലേക്ക് ഞാൻ നീങ്ങവെ, കണ്ണീരലച്ചൊഴുകുന്ന അവരുടെ മിഴികൾ എന്റെ മിഴികളുമായി ഇടഞ്ഞു.
'സാറു വന്നോ, ഇന്നു രാവിലത്തെ കാലൻ മഴയ്ക്കാണ് സാറേ പോയത്. സാറിനെ വലിയ കാര്യമായിരുന്നു. സാറു രാവിലെ നടക്കാൻ പോകുന്ന വഴിക്കു അങ്ങേര് വന്നു നിൽക്കുമാരുന്നു. സാറിനെ എന്നും കാണുമെന്നും ഒത്തിരി സംസാരിക്കുമെന്നും ഞങ്ങടെ മരിച്ചു പോയ മേനെ കാണുന്നതുപോലെ സാറിനെ കണ്ടാലിരിക്കുമെന്നും അങ്ങേര് പറ് വാരുന്നു. എന്നെ തനിച്ചാക്കി തമ്പുരാൻ ഇച്ചതി ചെയ്തല്ലോ'
പായുടെ തലയ്ക്കൽ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കിന്റെ താഴെ മരവിച്ചു കിടക്കുന്ന നരച്ച തലമുടിയുള്ള മേൽ വരിയിലെ പല്ലു പോയ മുഖത്തേക്ക് ഞാൻ തറഞ്ഞു നിന്നു. എന്നിട്ട് അപസ്മാര ബാധയേറ്റ വനെപ്പോലെ ഞാൻ പുറത്തേക്കോടി, കനപ്പെട്ട കർക്കടക മേഘങ്ങളും പേറി. പറഞ്ഞു തീർക്കാനുള്ള വാക്കുകൾ അധരത്തിൽ വിങ്ങി കണ്ണുകളിലൂടെ ഊഴിയുടെ ആറടി യാഴത്തിലേക്ക്....

By
Deva Manohar

ഭൂമിദാനം


ഭൂമിദാനം
ഇടം കാലിനാലളന്നവൻ ഭൂമിയെ
വലം കാലിനാലമർത്തിയാകാശവും
പുറം കാലിനാലശിച്ചു നിൻ മാനസം
സ്നേഹമിനിമേലുണരാതിരിക്കുവാൻ.
കരുണ കാട്ടുന്ന സൂര്യനെ തിന്നവൻ
അസുരരാത്രികൾ വാരിപ്പുതയ്ക്കുവാൻ.
നറു നിലാവിറ്റു വീഴുന്ന യാമങ്ങൾ
നനഞ്ഞിറങ്ങിയാ,രാവിന്നറകളിൽ
ഇരുളിൻ കൂമ്പിൽ നിന്നുണരുന്നൊരാര -
വമിനി,വരുന്നൊരുത്രാടരാത്രികൾ
പുലരവെ,യാളിയുണരുന്ന വീചിയിൽ
പൂത്തിടും മാഞ്ഞ പ്രണയ സഹനങ്ങൾ.
നവം നവങ്ങളാമളവുകോൽ കൊണ്ടവ -
രളന്നെടുക്കുന്നു മഴതൻ മൗനങ്ങളെ
ഊഴിയാകാശപ്പെരുമ തൻ പട്ടത്തെ
'എല്ലാരുമൊന്നെന്ന' ഹൃദയമന്ത്രങ്ങളെ.
'
ഋതുവിന്നാധാരശിലകൾ മുറിയുന്നു
വർഷവസന്തങ്ങളാരോ,യളന്നു പോയി
പാതളനോവു വരേയ്ക്കും തിരഞ്ഞു നാം
വരളുമിക്കാലത്തിന്നധരം നനയ്ക്കുവാൻ.
അംബതൻ ഘനഗാത്രത്തെ ചൂഴ്ന്നെത്തി,
 പഴയ വാത്സല്യത്തേൻ നുകർന്നീടുവാൻ
നീ മറഞ്ഞ വഴിയേ മറഞ്ഞു ഭാഗ്യങ്ങളും
തിരികെയെത്തി നീ വാഴ്കയീ മൺമനം.
കനക ഗംഭീരമാ,യാശംസയൊഴുകിലും
കുമ്പിടൊല്ലാ, നിൻ ശിരസ്സേതു കാലിലും
സത്യനാഴിയും നേരിൻ തുടങ്ങൾ, പറകളും
ഹൃത്തുപൂക്കുന്ന വാക്കുമിന്നേകണം.
ഇനി വരുന്നൊരു കാലവർഷത്തിന്റെ
അലിവിൽ മാനസം പുളകിതമായിടും
തരള സൗരഭ്യം തൂകുന്ന തിരവോണ -
പ്പാട്ടിൽ നിറയും വസന്തങ്ങളുണ്ടിടാം-

By
DevaManohar

പുനർജ്ജനി


പുനർജ്ജനി
സൂര്യനാരിൽ
കണ്ണിണകൾ കൊരുത്തുകോർത്ത്
കാലത്തിന്റെ കഴുത്തിൽ
മാല ചാർത്തിടാം.
നീയും ഞാനും
പുനർജ്ജനികളും
വിതുമ്പലുകൾ തണ്ടു വലിക്കുന്ന
മൗനത്തിൻ ശവവണ്ടിയിൽ
യുഗങ്ങളെ തഴുകി
കാലാന്ത്യത്തിലേക്ക്,
അനന്തതയുടെ അപാരതയിലേക്ക്
വഴുതി വീഴാം.
പുനർജ്ജനിക്കാം, ഭാരമില്ലാതെ
ആൺ പെൺഭേദമില്ലാതെ.
കത്തുന്ന നക്ഷത്രങ്ങളായി
ആത്മാവു കോർത്തിരിക്കാമനന്തമായി..

By
DevaManohar

പ്രീയ വാലെന്റയിൻ,


Feb 14ന്റെ കത്ത്
പ്രീയ വാലെന്റയിൻ,
പ്രണയാഗ്നിതൻ ഗതകാല
ലാവണ്യമിതൾ വിരിയും
വീഥികളിലഗ്നി ചേതനയറ്റു നിന്നു
വിഭൂതിയിൽ മൂടിയറിയാവഴികളിൽ ഞാനും.
ഇരവിൽ കൊഴിഞ്ഞ ലില്ലിപ്പൂമുഖത്ത്
പ്രഭാതം തൂകിയ കണ്ണുനീർത്തുള്ളിയിൽ
ചേതനയറ്റ് തിലോദകമുണ്ട്
എന്റെ പ്രണയം... എന്നിലെയഗ്നി..
കാണുന്ന മാത്രയിലഗ്നിയാളി
കരളു കത്തി, സ്നേഹതീർത്ഥത്തിൻ
വേലിയേറ്റങ്ങളിലുലയുന്ന
മധുര ശിശിരങ്ങൾ പോയ് മറഞ്ഞു.
ആത്മാവിന്റെ സ്നേഹ മൂർച്ചയിലേക്ക്
വാക്കുകളിലൂടെ, സ്വപ്നങ്ങളിലൂടെ
സൗരഭ്യമൊഴുക്കിയ ആത്മവസന്തങ്ങളില്ല.
ഒന്നായുരുകി നിന്നേകിയ ആത്മദാനങ്ങളും.
പച്ചപ്പില്ലാത്ത മണൽക്കാടുകൾ തിങ്ങി
മനസിന്നവസാന യലിവും
ഉറവയിൽ നിന്നും
വലിച്ചെടുക്കുന്നു.
പ്രണയത്തിന്റെ ശവകുടീരം
മണൽക്കാടുകളിൽ
ഞാനറിയാതെ ഉയരുന്നു?
ഞാൻ,
ഞാനില്ലാതാകുന്നു.
പ്രീയ വാലെന്റയിൻ
തിരിച്ചു തരാമോ
എനിക്കെന്നെ ,
എന്റെ പ്രണയവും?

By
DevaManohar

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo