ഓക്സിജൻ
^^^^^^^^^^^^^
അമ്മമ്മ രാവിലെ നല്ല ഉഷാറിലാ
ചിറ്റമ്മ വന്നിട്ടൊണ്ട് ആ ഇരിപ്പു കണ്ടാലറിയാം ഏതോ ചൂട് പുരാണം
വരാൻ പോകുന്നു ഞാൻ പതിയെ
പുറകു വശത്തോട്ടു വലിഞ്ഞു
അമ്മയോടു പറയാനൊള്ളത് മകന്റ്റെ തലേൽ കോരിയിടുന്ന സൈസാ ഇന്നാർക്കാണോ കോള്
സാവിത്ര്യേ... നീ ഈ ജനലുന്കലോട്ടിരി എന്നിട്ട് നമ്മടെ
മതിലേലോട്ട് നോക്കിക്കോണം
കുറച്ചു കഴിഞ്ഞപ്പം ദാ വരുന്നു മതിലിന്റ്റെ മുകളീക്കൂടെ ഒരു കുട്ട കരിയില
ഈ തോന്ന്യാസം കണ്ടാ രണ്ട് പറയണോ വേണ്ടയോ നീ പറ
ഇവിടൊരുത്തനൊണ്ട്
മിണ്ടത്തില്ല സംശ്കാരം പോകുവത്രേ
സംഗതി ഇത്രേ ഉള്ളൂ
അയൽക്കാരുടെ വീടിന്റ്റെ രണ്ടു വശോം
നമ്മുടെ പറമ്പാണ്
അവരുടെ പോയിന്റ്റ്
നിങ്ങടെ മരത്തേന്നു വീഴുന്ന കരികില
നിങ്ങടങ്ങോട്ടിടും നമുക്ക് ഉത്തരം മുട്ടി
ഇതു വല്ലോം അമ്മമ്മയോടു പറഞ്ഞാ തലേ കേറുവോ
ചെറിയൊരു കാക്കിരി പൂക്കിരി കലപില കേട്ടാ നോക്കിയത്
ഇളയ പുത്രനാ അമ്മമ്മേടെ തനി പ്രകൃതം ആറാം ക്ളാസുകാരൻ
എടീ അഞ്ജന ചേച്ചീ വഴക്കാളീ
നിങ്ങടെ മിറ്റത്ത് ഒരു തൊളസിയേലും
ഒണ്ടോടീ ഞങ്ങടെ മരത്തേലെ കരിയില കൊള്ളിയേലേ ഞങ്ങടെ മരത്തേന്നൊള്ള ഓക്സിജൻ കൊണ്ടാടീ
ഞങ്ങളും നിങ്ങളും ജീവിക്കുന്നേ
നിങ്ങടെ വീട്ടുകാരെല്ലാം മൂക്കടച്ചു വയ്ക്ക് ഞങ്ങടെ ഓക്സിജൻ എടുക്കണ്ട
അഞ്ജന ഓടിയ ഓട്ടം കാണേണ്ടതായിരുന്നു
സാവിത്രിയേ അവൻ ആന്കുട്ട്യാടീ
ഇവിടെ അതേ ഒള്ള് വല്ലോം മിണ്ടണേ
അമ്മമ്മ എനിക്കിട്ട് താങ്ങുവാ ഞാൻ പതിയെ തൊടിയിലേക്ക് ഇറങ്ങി
By
VG Vassan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക