Slider

ഒരു പെണ്ണ് കാണലിന്റെ ഓർമ്മ.

0

അന്നൊക്കെ പെണ്ണ് കാണാൻ വീട് കേറി കേറി നടന്ന് നടന്ന് ഒരു കോലമാവുമായിരുന്നു.
എത്ര കണ്ടാലാ ഒരെണ്ണം ശരിയാവുക. ഇന്നും ഏകദേശം അങ്ങനൊക്കെ തന്നെ. എങ്കിലും കുറേ മാറ്റമുണ്ട്.
ഇപ്പോൾ ഫോൺ വിളിച്ചും മാട്രിമണി പ്രൊഫൈൽ നോക്കി കാര്യങ്ങൾ ഇഷ്ടമായെങ്കിൽ മാത്രംപോയാൽ മതി
പണ്ട് പെണ്ണ് കാണലിന്റെ പേരിൽ ചായയും പലഹാരവും തിന്നാൻ മാത്രം എത്രയോ പയ്യന്മാർ ചുമ്മാ കാണാൻ പോയിട്ടുണ്ടെന്നോ. അതൊക്കെ ഒരു രസം , എന്നാൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞങ്ങൾക്കധികം തിന്നാനാവസരം കിട്ടിയില്ല. smile emoticon:)
അങ്ങനെ കൂട്ടുകാരന് പെണ്ണ് കെട്ടണമെന്നായപ്പോൾ അവനും ഞാനും പരിചയമുള്ള ഏതോ ബ്രോക്കറെ കൂട്ടി പെണ്ണുകാണാനിറങ്ങി.
ബ്രോക്കറുടെ കയ്യിൽ കുറെ ഫോട്ടോസ് ..മിക്കതും MBA, MCA, Med, Bed, MA, Etc പഠിച്ച പിള്ളേർ, കാണാനും സുന്ദരിമാർ. ആ വകുപ്പ് നമ്മുക്ക് ചേരാത്തത് കൊണ്ട്, അത്യാവശ്യം കാണാൻ കൊള്ളുന്ന അല്പ്പം കൂടി താഴ്ന്ന പള്സ് ടു അല്ലെങ്കിൽ ഡിഗ്രി വരെയെങ്കിലും പഠിച്ച പിള്ളേരുടെ പോട്ടം കാണിക്കാൻ പറഞ്ഞു.
അങ്ങനെ ബ്രോക്കർ ഒന്നു രണ്ടു കുട്ടികളെ കാണിച്ചു. അതിലൊരുത്തിയെ അവനിഷ്ടമായി. അങ്ങനെ അങ്ങോട്ടു തിരിച്ചു ആദ്യത്തെ പെണ്ണുകാണൽ ചടങ്ങിനായി.
ഞങ്ങൾ രണ്ടുപേരും അവിവാഹിതർ, ഒരേ പ്രായം. അന്നൊക്കെ എനിക്ക് നല്ല മുടിയും പ്രസരിപ്പുള്ള മുഖവും ഒക്കെ ഉണ്ടായിരുന്നു ( മുടിയൊഴികെ ബാക്കി ഇന്നും ഉണ്ട് , എങ്കിലും അല്പം കുറഞ്ഞോന്നൊരു സംശയം).
അവിടെ ചെന്ന് പെണ്ണിന്റെ തന്തപ്പിടിയുമായി കുശലം പറഞ്ഞിരിക്കുമ്പോൾ. പുള്ളി ചോദിച്ചു.
അല്ല ഇതിലാരാ ചെക്കൻ, ആരാ പെണ്ണ് കാണുന്നെ?
ഞാൻ പറഞ്ഞു, ഇവനാണ് ചെക്കൻ"
അപ്പോഴേക്കും പെണ്ണിന്റെ അമ്മ വന്നിട്ട് പറഞ്ഞു. "ചായ ആയിട്ടുണ്ട്, മോളോട് കൊണ്ട് വരാൻ പറയട്ടെ പറയട്ടെ"
ഓ ശരി, ആയിക്കോട്ടേന്ന് പെണ്ണിന്റെ അപ്പൻ പറഞ്ഞു.
അങ്ങനെ ആദ്യമായി പെണ്ണ് കാണുന്ന വിമ്മിഷ്ടവും ഹൃദയമിടിപ്പും അവന്റെ മുഖത്ത് കാണാമായിരുന്നു.
ഒരു കാരണവുമില്ലാതെ എന്റെ ഹൃദയവും പട പടാന്ന് മിടിക്കാൻ തുടങ്ങി. എന്റെ ആധിയും ഹൃദയമിടിപ്പും കണ്ടു ഞാൻ തന്നെ ചിന്തിച്ചു
ശെടാ, കൂട്ടുകാരന് വേണ്ടി പെണ്ണ് കാണാൻ വന്നപ്പോൾ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങിയെങ്കിൽ എനിക്ക് കാണാൻ പോകുമ്പോഴെന്തായിരിക്കും സ്ഥിതി.
അങ്ങനെ ചായയും കൊണ്ട് തരക്കേടില്ലാത്ത ഒരു വെളുത്ത സുന്ദരി മന്ദം മന്ദം വരുന്നു. അവൾ ചായയും കൊണ്ട് ആദ്യമായി വന്നതോ എന്റെ അടുത്തേക്കും. എനിക്ക് ചായ നൽകി ചെറുതായൊന്നു പുഞ്ചിരിച്ചു.
ഞാൻ ഞെട്ടിപ്പോയി, ദൈവമേ ചതിച്ചോ, ഈ പെണ്ണിന് ആള് തെറ്റിയോ. എന്റെ ഹൃദയത്തിന്റെ മിടിപ്പ് ഇരട്ടി വേഗതയിലായി.
ഞാൻ മനസ്സിൽ പറയുണ്ടായിരുന്നു. എടി പെങ്കൊച്ചേ, ഞാനല്ല ചെക്കൻ ദാ ഇരിക്കുന്ന സുമുഖനാണ്‌ കെട്ടാൻ പോകുന്നത്. എങ്കിലും അവളുടെ അപ്പൻ പറയുമെന്ന് കരുതി മിണ്ടാതിരുന്നു.
ചായ തന്നിട്ട് അവളവിടെ നിന്നു. അവൾക്കൊരു സംശയം ആരാ ഇപ്പൊ ചെക്കൻ. ആ സംശയം അവളുടെ മുഖത്തു നിഴലിച്ചു കാണാനുണ്ടായിരുന്നു.
അപ്പോഴേക്കും അവളുടെ അപ്പൻ തമാശ പോലെ പറഞ്ഞു... " ഇതാണ് മോളെ ചെറുക്കൻ"
അവൻ അവളുടെ പേര് മാത്രം ചോദിച്ച് മിണ്ടാതിരുന്നു പിന്നെ അവനൊന്നും ചോദിക്കാൻ നാവ് പൊന്തുന്നുണ്ടായിരുന്നില്ല. ശപ്പൻ ആകെ കുളമാക്കി.
കുറച്ച് സമയം ഒരു നിശബ്ദത അവിടെ പരന്നു. പെണ്ണിന്റെ മുഖം നാണം കൊണ്ട് തുടുത്ത് അവിടുന്നോടിപ്പോയാലോ എന്ന ഭാവം.
അതറിഞ്ഞ അവളുടെ അപ്പൻ മൗനം ഭേദിച്ച് പറഞ്ഞു
"എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോളൂ"
അത് മനസ്സിലാക്കിയ ഞാൻ നാണം കെടാതിരിക്കാൻ ധൈര്യം സംഭരിച്ച് അവളുടെ വിദ്യാഭ്യാസ ഡീറ്റൈൽസും എവിടാ പഠിക്കുന്നതതെന്നും മറ്റും ചോദിച്ചു.
പിന്നെ തന്ന ചായയും കുടിച്ച്, കുറച്ച് നേരം കൂടി കൂട്ടുകാരന്റെ ജോലി കാര്യവും, വീടും, വീട്ടിലാരൊക്കെ എന്ന് തന്തപ്പിടിയോടു പറഞ്ഞ് ബോധിപ്പിച്ച് അവിടുന്നിറങ്ങി.
പെണ്ണ് തരക്കേടില്ലാത്തതായതു കൊണ്ട് കൂട്ടുകാരനിഷ്ടപ്പെട്ടായിരുന്നു.
ബ്രോക്കറോട് പെണ്ണിനെ ഇഷ്ടായിന്നും അവർക്കിഷ്ടമായെങ്കിൽ അറിയിക്കാനും പറഞ്ഞ് ഞങ്ങൾ വണ്ടി കേറി വീട്ടിൽ വന്നു.
വീട്ടിൽ വന്നു ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബ്രോക്കറുടെ വിളി വന്നു.
പുള്ളി പറഞ്ഞതിങ്ങനെയാണ്
ആ മോനെ ഒന്നും വിചാരിക്കരുത് പെണ്ണിനിഷ്ടായത്, കൂടെ വന്ന ആ കൂട്ടുകാരനെയാണെന്നും അവനിഷ്ടമാണെങ്കിൽ ആലോചിക്കാനും പറഞ്ഞ് ഫോൺ വെച്ചു.
അത് കേട്ടതും അവൻ എന്നെ വിളിച്ച് പറഞ്ഞു...എടാ പഹയാ അവൾക്കിഷ്ടമായത് നിന്നെയാണെന്ന്. നീ കെട്ടുന്നോ അവളെ?
ങേ ..ഞാൻ ഞെട്ടിപ്പോയി ..ഈ സൈക്കിൾ സീറ്റു പോലിരിക്കുന്ന എന്റ മോന്ത അവൾക്കിഷ്ടമായെന്നോ?
എങ്കിലും മനസ്സിലൊരു ലഡ്ഡു പൊട്ടി. ആ ലഡ്ഡു പൊട്ടിയ സന്തോഷത്തിലിരിക്കുമ്പോൾ കൂട്ടുകാരൻ വീണ്ടും തട്ടി വിട്ടു.
"ഇനി അവന്റെയൊപ്പം പെണ്ണ് കാണാൻ ഞാൻ വരണ്ടാന്നും, അവനൊറ്റക്ക് ഏതെങ്കിലും കിളവനെ പിടിച്ചോണ്ട് പൊക്കോളാന്നും പറഞ്ഞപ്പോൾ, കുറേ ചിരിച്ചു
എങ്കിലും പകച്ചു പോയി എന്റെ ആദ്യത്തെ പെണ്ണുകാണൽ.
കാര്യം ഞങ്ങൾ തമാശക്കെടുത്തെങ്കിലും , ആ ഒരു സാഹചര്യത്തിൽ എത്ര വലിയ കൂട്ടുകാരനാണെങ്കിലും മനസ്സിൽ ചെറിയ വിഷമം തോന്നാതിരിക്കില്ല.
ഇതൊക്കെ സംഭവിക്കുന്നത് ആരും മോശമായിട്ടല്ല. ഓരോരുത്തരുടെ സൗന്ദര്യ വീക്ഷണം വ്യത്യസ്തമാണ്. ആ കുട്ടിക്ക് ഇഷ്ടപെട്ടത് എന്നെയും, എന്നാൽ എനിക്കാ കുട്ടിയെ അത്ര ഇഷ്ടപെട്ടിലായിരുന്നു, എന്റെ സുഹൃത്തിനു ഇഷ്ടാവുകയും ചെയ്തിരുന്നു.
പിന്നെയാണ് മനസ്സിലായത് പെണ്ണ് കാണാൻ പോകുമ്പോൾ ഒരേ പ്രായമുള്ള രണ്ടു അവിവാഹിതർ പോയാലുള്ള പ്രശ്‌നം. ഇങ്ങനെ കുറേ ആളുകൾക്ക്‌ സംഭവിച്ച കഥകൾ ഞങ്ങൾ പിന്നീടറിഞ്ഞു. തമാശയുള്ള ചെറിയ വലിയ കാര്യം.
ഇന്ന് അവളെക്കാൾ സൗന്ദര്യവും വിദ്യാഭ്യാസവും ജോലിയുമുള്ള പെണ്ണിനെ കെട്ടി അവർ സുഖായി ജീവിക്കുന്നു.
നിങ്ങൾക്കും ഇതിലും രസകരമായ പെണ്ണുകാണൽ ഓർമ്മകളുണ്ടെന്നറിയാം കമന്റ് ആയി ഇട്.
...................................
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo