Slider

മഴപ്പിറവി

0

കൊടും വരൾച്ച തൻ
കനൽ നിലങ്ങളിൽ
തിണർത്തു പൊങ്ങിയ
വെയിൽ പ്രണയങ്ങൾ
തിളച്ച ചുംബന -
പ്പകർച്ചയിലകം -
തുടിച്ചുയരുന്ന
തിരയിളക്കത്തിൽ
രജസ്വലയായി-
ക്കിടക്കും ക്ഷോണിയെ
രഹസ്യമായ് വന്നു
സഹർഷം പ്രാപിച്ചു
തിരിച്ചു പോകുവാൻ
കടലിൽ നിന്നൊരു
ലവണ സ്വപ്നത്തെ-
യെടുത്തുകാറ്റിൻ്റെ
കരത്തിലേറ്റിയും
കരിമുകിലിൻ്റെ
കരളുഭേദിച്ച്
തരളമാം താള_
ഗതികൾ കേൾപ്പിച്ച്
ജഢ സുഷുപ്തിയിൽ
ലയിച്ചിരിക്കുന്ന
പുതു ബീജങ്ങളെ
വിളിച്ചുണർത്തി നീ!
സിരയിലാർത്തല-
ച്ചലറിയെത്തുന്ന
പ്രണയസംഗീതം
ഇടവപ്പാതി ത-
ന്നിടർച്ചയില്ലാത്ത
നടന ഗാംഭീര്യം!
ഇടയ്ക്കിടെ പൊട്ടി -
യടർന്നു വീഴുന്ന
ജ്വലിത സൗന്ദര്യം
തണുപ്പിലും തീക്കാ -
റ്റുണർന്ന നാഭിയിൽ
കനവും കാമവും
തിമർത്തു പെയ്യവേ
വ്രണ സ്ഖലിതങ്ങൾ
പ്രണയ ബിന്ദുവിൽ
നിണ സമാധിയിൽ
വിലയം കൊള്ളുന്നു
ഹരിത ഗർഭത്തിൻ -
ഗരിമയിൽ നിന്നും
ചിരപുരാതന -
വിരഹ ഗീതികൾ
വിശുദ്ധ സ്റ്റേഹത്തിൻ
വിധുര ധാരകൾ
മിഴി തുറന്നേറെ
ച്ചുഴിഞ്ഞു നോക്കിയും
പിറവി തൻ നാദ_
ശ്രുതികൾ കേൾപ്പിച്ചും
സ്മരണയിലൊരു
തിരുമധുരത്തിൻ
വ്രതനിവേദ്യമായ്
മഴയുണരുന്നു....

By sreeni tuneri
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo