Slider

കാവലാൾ

0
കാവലാൾ
-----------
സുന്ദരി ആയിരുന്നു അവൾ. ഗർഭം തന്റെ ശരീരത്തിന് നൽകാവുന്ന ഉടവുകൾ, മാറ്റങ്ങൾ തനിക്ക് ഉൾക്കൊള്ളാൻ ആകില്ലെന്ന് അവൾ ഉറക്കെ പറഞ്ഞപ്പോൾ സമൂഹം മൂക്കത്ത് വിരൽ വച്ചു. നിസ്സംഗത കൊണ്ട് അവൾ തീർത്ത ചക്രവ്യൂഹം തകർത്ത് അധിക്ഷേപമോ കുറ്റപ്പെടുത്തലോ അവൾക്കരികിൽ എത്താൻ ധൈര്യപ്പെട്ടുമില്ല. എന്നാൽ അയാൾ, അവളുടെ ഭർത്താവ്.. ഒക്കെ കേട്ടു, സഹിച്ചു. മറുത്തൊരക്ഷരവും ആരോടും പറയാതെ.
വിവാഹശേഷം രണ്ട് വർഷമായിട്ടും കുട്ടികൾ ഉണ്ടാകാതെ ഇരുന്നപ്പോൾ അയാൾ ടെസ്റ്റുകൾ നടത്തി. അതിന്റെ റിപോർട്ടുകൾ തന്റെ കുറവിന് മേൽ വിരൽചൂണ്ടിയത് അവളുമായി പങ്കുവെക്കാൻ ഭയന്ന് അലമാരയിലെ ഉള്ളറയിൽ വച്ച് പൂട്ടുകയും ചെയ്തു. പിന്നീടൊരിക്കൽ അത് മറിച്ച് നോക്കുമ്പോളാണ് അയാളത് കണ്ടത്. നാളുകൾക്ക് മുൻപ് അവൾ വാങ്ങിയ തിളക്കമുള്ള സിന്ദൂരത്തിന്റെ തരികൾ.. പേജുകൾക്കിടയിൽ... ഒരിക്കൽപ്പോലും അവൾ ചോദിച്ചില്ല പിന്നീടും..
തനിക്കായി അവൾ അണിഞ്ഞ വേഷം.. സത്യം ആരെയും അറിയിക്കാതെ ഇരിക്കാൻ അവൾ പണിത അസത്യത്തിന്റെ കോട്ടയ്ക്കുള്ളിൽ അയാൾ ഇന്നും ജീവിക്കുന്നു. കോട്ടക്ക് കാവലായി അവളുണ്ട്. തിളങ്ങുന്ന സിന്ദൂരം നിറുകയിൽ അണിയുന്നവൾ.

swapna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo