നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

....... അരിയുണ്ട .......

....... അരിയുണ്ട .......
പണ്ട് പണ്ട് ഒരു ദിവസം. അന്ന് ഞങ്ങളുടെ ഒരു ചേട്ടന്റെ കല്യാണതലേ ദിവസം ആയിരുന്നു. വീട്ടിൽ പന്തലിടുന്ന തിരക്ക്, അകലെയുള്ള ബന്ധുക്കൾ എത്തി തുടങ്ങി. ഞങ്ങൾ കസിൻസും കൂട്ടുകാരും കൂടി ചേർന്ന ഉത്സവമേളം. സമാന മനസ്കരുടെ ഹർഷോത്മാദബഹളങ്ങൾ സീമാതീതമായ് ഉയരുന്നു.
അതിനിടയിൽ ആണ് ചേട്ടന്റെ വിളി .
അനീ നാളെ രാവിലെ വരുന്നവർക്കുള്ള ഇഡ്ഡലിക്കുള്ള അരിയും ഉഴുന്നും മില്ലിൽ കൊടുത്ത് അരപ്പിച്ച് കൊണ്ടുവരണം നീയും ഈ ഭൂതഗണങ്ങളും കൂടെ മില്ലിൽ പോയിട്ട് വരണം.
കേട്ടപ്പാതി കേൾക്കാത്ത പാതി ഞങ്ങൾ അഞ്ചെട്ടു പേർ ജാഥയായ് നേരെ മില്ലിലേക്ക് യാത്രയായ്. കല്യാണ വീട്ടിലെ ബഹളങ്ങൾ ശമിച്ചു, ബഹളങ്ങൾ മൊത്തം ഞങ്ങളുടെ കൂടെ പോന്നു. ഒച്ചയും ബഹളവും ആട്ടവും പാട്ടുമായി ഞങ്ങൾ എല്ലാം കൂടെ മില്ലിലെത്തി. കുതിർത്ത അരിയും ഉഴുന്നും മില്ലിൽ ഏല്പിച്ചു. അര മണിക്കൂർ കഴിഞ്ഞ് അരച്ച മാവ് റെഡി ആകും എന്ന് മില്ലുടമ പറഞ്ഞു.
ഞങ്ങളുടെ ഒച്ചയും ബഹളവും കേട്ടപ്പോൾ മില്ലിന്റെ അടുത്ത വീട്ടിൽ നിന്നും ഒരു പെൺകുട്ടി വന്ന് നോക്കി. അത് എന്റെ കൂടെ കോളേജിൽ പഠിക്കുന്ന മിനി എന്ന കുട്ടിയുടെ വീടായിരുന്നു.
അനി എന്താ ഇവിടെ?
ഞാൻ കാര്യം പറഞ്ഞു.
ശരി വീട്ടിലേക്ക് വരൂ, വീട്ടുകാരെ പരിചയപ്പെടാം എന്ന് പറഞ്ഞ് എല്ലാവരേയും വീട്ടിലേക്ക് ക്ഷണിച്ചു.
ഞങ്ങൾ അങ്ങിനെ ഒരു ജാഥയ്ക്കുള്ള കുട്ടികൾ അവരുടെ വീട്ടിലെത്തി. മിനി വീട്ടുകാരെയെല്ലാം പരിചയപ്പെടുത്തി.ഞങ്ങളെ എല്ലാം ആ ചെറിയ വീട്ടിലെ ഉള്ള സ്ഥലത്ത് ഇരുത്തി.
ഓണം കഴിഞ്ഞുള്ള ദിവസം ആയതിനാൽ ഓണത്തിന് വറുത്ത വിഭവങ്ങളായ പപ്പടവട, മുറുക്ക്, ഉപ്പേരി, ചികിട, അരി ഉണ്ട, ശർക്കര പെരട്ടി അങ്ങിനെ ഒത്തിരി വിഭവങ്ങൾ പല പാത്രങ്ങളിലായ് ഞങ്ങളുടെ മുമ്പിൽ നിരത്തി. എല്ലാ വീടുകളിലും ഓണത്തിന് ഇതെല്ലാം തന്നെ ആണല്ലോ ഉണ്ടാക്കുന്നത്. കുറെ ദിവസങ്ങൾ ആയി ഇതു തന്നെയാണ് ഞങ്ങൾ എല്ലാവരുടേയും തീറ്റ. എങ്കിലും കുറ്റം പറയരുതല്ലോ എന്റെ കൂടെ വന്നവർ നന്നായി സഹകരിച്ചു. മൊത്തം കറു മുറ ശബ്ദം. പാത്രങ്ങൾ പെട്ടെന്ന് കാലിയാകുന്നുമുണ്ട്.
ഞാൻ ഒരു വെറൈറ്റിക്ക് വേണ്ടി ആദ്യമായെടുത്തത് ഒരു അരിയുണ്ട ആയിരുന്നു. കടിയ്ക്കും തോറും കാഠിന്യമേറുന്നൊരാ അരിയുണ്ട.
എമ്പതു വയസ്സുള്ള അപ്പൂപ്പൻ വേവാത്ത ബീഫ് കഷണം കടിച്ചു മുറിക്കാൻ ശ്രമിയ്ക്കുന്ന പോലെ ഞാൻ ഏറെ നേരം പണിപ്പെട്ടിട്ടും അതിൽ നിന്ന് ഒരു തരി പോലും കടിച്ചു പൊട്ടിക്കാൻ എനിക്കായില്ല. കൂട്ടത്തിൽ വന്ന ഭൂതഗണങ്ങൾ എന്റെ പരാക്രമങ്ങൾ കണ്ട് ചിരിക്കാൻ അല്പം സമയം മാറ്റി വച്ചിട്ട് പലഹാരങ്ങളോടുള്ള മൽപിടിത്തം തുടരുകയാണ്. മിനി ചായയും ആയി വരുമ്പോൾ എന്റെ അരിയുണ്ടയും ആയുള്ള യുദ്ധ പരാജയം കാണേണ്ട എന്നാർത്ത് ഞാൻ അങ്ങ് ദൂരേക്ക് ആ അരിയുണ്ട ശക്തിയോടെ ആഞ്ഞെറിഞ്ഞു.
തെങ്ങിന്റെ തടത്തിൽ ഉറങ്ങികിടന്ന നായയുടെ നടുന്തലയിൽ പതിച്ച അരിയുണ്ട കേടുപാടില്ലാതെ മുന്നോട്ട് ഉരുണ്ടു പോയി. ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ നായ തെങ്ങിന്റെ മുകളിലേക്ക് നോക്കി വെറുതെ കുരച്ച് പിന്നെ കരച്ചിലോടെ ജീവനും കൊണ്ട് ഒത്തിരി കാതം ദൂരെക്ക് ഓടി മറഞ്ഞിട്ടും അതിന്റെ വേദന നിറഞ്ഞ കരച്ചിൽ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതു പോലെ തോന്നി.
അങ്ങിനെ ശാന്തമായ അന്തരീക്ഷത്തിന് ഭംഗം വരുത്തിയത് കൂട്ടുകാരുടെ നുറുക്കു കൊറിക്കലും പപ്പടവട കടിച്ചു പൊട്ടിക്കലും ഉപ്പേരി ച വക്കലുമെല്ലാം തകൃതിയായ് നടത്തൽ ആയിരുന്നു. ഞാനിതെല്ലാം കണ്ട് അസ്ത്ര പ്രജ്ഞനായി ഇരുന്ന നേരത്ത് മിനി ചായയും ആയി വന്നു.
എനിക്ക് ചായ തന്നിട്ട് മിനി ഒന്നും കഴിക്കാതെ ഇരിക്കുന്ന എന്നെ എന്തെങ്കിലും കഴിയ്ക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഞാൻ പറഞ്ഞു ഇതെല്ലാം ഓണത്തിന് വീട്ടിൽ ഉണ്ടാക്കിയതിനാൽ കഴിച്ച് കഴിച്ച് മതിയായി എനിക്ക് ചായ മാത്രം മതി.
എങ്കിൽ ഈ അരിയുണ്ട എങ്കിലും കഴിക്ക് . അമ്മ ഓണത്തിനായ് സ്പഷ്യൽ ആയി ഉണ്ടാക്കിയതാണ് എന്ന് മിനി പറഞ്ഞു തീർന്നതും ഭൂതഗണങ്ങൾ എല്ലാവരും കൂടെ ഒരേ സമയം ഒരേ സ്വരത്തിൽ പൊട്ടിച്ചിരിച്ചത് എന്തിനാണെന്ന് മിനിക്ക് മാത്രം മനസ്സിലായില്ല.
എന്നാലും മിനിയുടെ അമ്മയുടെ ആരോഗ്യം ഭയങ്കരം എന്ന് ഞാൻ പറഞ്ഞത് എല്ലാവരുടേയും ചിരിക്കിടയിൽ മിനിയും കേട്ടില്ല.
പാത്രത്തിൽ ഒന്നൊഴിച്ച് ബാക്കിയുണ്ടായിരുന്ന അരിയുണ്ടകൾ എന്നെ നോക്കി കണ്ണുരുട്ടി കിടന്നു.
പി.എസ്. അനിൽകുമാർ
ദേവിദിയ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot