നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 11/12

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 11/12
പ്രണയവും ഹംസവും!
********************
കോളേജിൽ കാലെടുത്തു കുത്തിയപ്പോളേ പ്രണയം എന്ന് കേൾക്കുന്നത് തന്നെ എനിക്ക് കലിപ്പായിരുന്നു.
പ്രണയിക്കുന്നവരെ നല്ല ഒന്നാന്തരം പുച്ഛവും.!.
പുരുഷന്മാർക്ക് പ്രണയം എന്നത് ഒരു പെണ്ണിനെ താൻ വളച്ചു എന്ന ആത്മാഭിമാനത്തിനുള്ള സെർട്ടിഫിക്കറ്റും,
ഒരു സ്ത്രീക്ക് പ്രണയം എന്നുള്ളത് ചോക്ലേട്സും വസ്ത്രാധി ഭൂഷാദികളും വാങ്ങിപ്പിക്കാനുമുള്ള ഒരു ഉപകരണവും മാത്രമാ ണെന്നതിനുള്ള തെളിവുകൾ എന്റെ കണ്മുന്പിൽ കിടന്ന് തത്തി കളിക്കുന്നുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ" ഐ ലവ് യൂ " എന്ന് പറയാൻ പൂവുമായി വരുന്നവനെ അര മണിക്കൂർ മുൻപേ തന്നെ 'പോടാ പുല്ലേ ' എന്നു ഞാൻ അഭിസംബോധന ചെയ്തു പോന്നു.
എന്റെ പ്രണയത്തിനായി ദാഹിക്കുന്നവരെ രണ്ടു കുപ്പി പരിഹാസത്തിന്റെ കയ്പ്പ് നീർ ഞാൻ കുടിപ്പിച്ചു രസിച്ചു.
പ്രണയിച്ചില്ലെങ്കിൽ ഞരമ്പ് മുറിച്ച്‌ രക്ത സാക്ഷിയാകുമെന്ന് ഭീഷണിപ്പെടുത്തിയവർക്ക് പുതുപുത്തൻ ബ്ലേഡ് ഞാൻ വാങ്ങി കൊടുത്തു.
ചങ്കെടുത്ത് കാണിക്കാൻ വന്നവർക്ക് ചെമ്പരത്തി പൂ ഞാൻ ചെവിയിൽ തിരുകി കൊടുത്തു.....
അങ്ങനെ ആ കോളേജിൽ ഗർജിക്കുന്ന പെൺ സിംഹമായി, പ്രീഡിഗ്രി ഫസ്റ്റ് ഇയറിന്റെ പകുതിയോളം കഴിഞ്ഞു.ബാക്കി പകുതിയിലേക്ക്‌ കാലെടുത്ത് കുത്തവേ ഒരു ദൂതി... (എന്റെ നാട്ടുകാരിയും ഡിഗ്രി സെക്കന്റ് ഇയർ വിദ്യാർത്ഥിനിയും , പ്രണയിക്കുന്ന രണ്ട് ആത്മാക്കളെ ഒന്നിപ്പിക്കുന്നത് ഹോബിയായി കൊണ്ട് നടക്കുന്നവളുമായ ഒരുവൾ
- ആൻസി....) ഞാൻ വീട്ടിലോട്ടു പോകുന്ന റോഡിൽ വെച്ച് ചോദിച്ചു...
"ഞാൻ ഒരു കാര്യം കേട്ടല്ലോ!!..അതു ഉള്ളതാണോ"?
"കേട്ട കാര്യം പറയു.. അപ്പോൾ ഉള്ളത് പറയാം!"
"നിനക്ക്‌ ഞങ്ങളുടെ ക്ലാസിലെ ഒരുത്തനെ ഇഷ്ടമാണെന്ന് അവൻ പറയുന്നുണ്ടല്ലോ!" അവൾ കൊഞ്ചലോടെ പറഞ്ഞു.
"ങേ !!ആരാണ് ഞാൻ അറിയാത്ത ആ അവൻ!!"
അവൾ ഞങ്ങളുടെ ഒത്തിരി മുൻപിലായി നടന്നു പോകുന്ന രണ്ടു പേരെ ചൂണ്ടി കാട്ടി.
നീല ഷർട്ട് കറുത്ത ജീൻസിനുള്ളിൽ ഇൻ ചെയ്ത് ഒടുക്കത്തെ സ്പീഡിൽ നടന്നുപോകുന്ന ഒരു എലുമ്പനും, അതിന്റെ കൂടെ ഒരു ബ്രൗൺ ഫുൾ സ്ലീവ് ലൂസ് ഷർട്ടും കറുത്ത പാന്റ്സും ഇട്ട മറ്റൊരുത്തനും.!
ഇവറ്റകളെ ഞാൻ കണ്ടിട്ടുണ്ട്. അതിൽ നീല ഷർട്ടുകാരൻ ഒരു ആർട്സ് ഡേയ്ക്ക് ഞാൻ കാന്റീനിൽ ഐസ് വാങ്ങി തിന്നുകൊണ്ടിരുന്നപ്പോൾ എന്നോട് "എനിക്കൊരു ഐസ് വാങ്ങി തരുമൊ?" എന്നു ചോദിച്ച മഹാനാണ്.
'അന്ന ദാനം മഹാ ദാനം' ആണല്ലോ എന്നോർത്ത് അന്ന് ഒരു സേമിയ ഐസ് ഞാൻ വാങ്ങി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
മറ്റേ ബ്രൗൺ ഷർട്ട് കാരൻ ഇരട്ടകുട്ടികളിൽ ഒരുവൻ ആണ്. പക്ഷെ കോളേജിൽ സയാമീസ് ഇരട്ടകളെ പോലെ ഞാൻ എപ്പോഴും കാണാറുള്ളത് ഇവറ്റകൾ രണ്ടുപേരെയുമാണ്.
ഞാൻ നെറ്റി ചുളിച്ച് ദൃഷ്ട്ടി ഊന്നി ആൻസിയോട് ചോദിച്ചു...
"ഞാനതിൽ ആരുടെ കാമുകിയാണെന്നാണ് അവർ പറയുന്നത് !?"
"നീല ഷർട്ടിന്റെ !"
"ഓഹോ! ഐസ് തിന്ന് എല്ലിൽ കുത്തിയപ്പോൾ തോന്നിയതായിരിക്കും!!.ആളോട് എന്നെ വന്ന് നേരിട്ട് ഒന്നു മുട്ടാൻ പറ!"
അത് കേട്ട ഹാഫ് കേൾക്കാത്ത ഹാഫ് .... ദൂതി ആ ഇൻഫോർമേഷൻ പ്രകാശ വേഗത്തിൽ അവർക്ക് കൈമാറി.
പിറ്റേ ദിവസം കോളേജിൽ നിന്നും വീട്ടിലേക്കു നടക്കവേ നടു റോഡിൽ ആ നീല സേട്ടനും ഇരട്ട സേട്ടനും എന്റെയും നിഷയുടെയും പ്രമിതയുടെയും മുൻപിൽ പ്രത്യക്ഷപ്പെട്ടു.
ഇരട്ട സേട്ടൻ ഹംസത്തിന്റെ പ്രതീകമായത് കൊണ്ട് എന്റെ കൂട്ടുകാരികളെ വളരെ തന്ത്രപൂർവ്വം ജനറൽ നോളേജ് പറഞ്ഞ് പിന്പിലേക്കു നടത്തി.
നീല സേട്ടൻ എന്റെ വീട്ടു വിശേഷങ്ങൾ ചോദിച്ച് എന്നെ മുന്പോട്ടും നടത്തി.
വീട്ടു വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ എന്നോട് ചോദിക്കുവാ..
"ഞാൻ തന്നെ കെട്ടിക്കോട്ടേന്ന് !!
"ഇപ്പോഴോ!!!
കർത്താവേ..എനിക്കന്ന് പതിനാറ് തികഞ്ഞട്ടില്ല!പോലീസ് എന്റെ എല്ലൂരും!!.....
പോരാത്തതിന് പ്രായപൂർത്തിയായ രണ്ടു ചേച്ചിമാർ തലക്കു മീതെ സാരിയുമുടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്നു.!ഞാനോ.. വെറും അരപാവാടക്കാരി!!
"ഇപ്പോൾ അല്ല.... മോള് കെട്ടുന്ന നേരത്ത് ഞാൻ വന്നു കെട്ടിക്കോട്ടെ?"
പാവം സേട്ടൻ... വിനയ കുനയനായി ആകാംഷ ഭരിതനായി യാചന രൂപത്തിൽ എന്നോട് ചോദിക്കുവാ...
"സേട്ടന് ഈ ചോദ്യം സാരിയുടുത്ത ചേച്ചിമാരോട് എങ്ങാൻ പോയി ചോദിച്ചാൽ പോരെ? പാവകുട്ടിയെ കെട്ടിപിടിച്ചു നടക്കുന്ന എന്നോട് ഇങ്ങനെ കെട്ടിന്റെ കാര്യം ഒക്കെ പറയാമോ!! "
"മോളന്ന് അപ്പന്റെയൊപ്പം കോളേജിൽ ആദ്യമായി അഡ്മിഷന് വന്നപ്പോൾ ഞാൻ ഉറപ്പിച്ചതാ....
മോളെ മാത്രേ ഞാൻ
കെട്ടൊള്ളുന്ന്... കെട്ടിക്കോട്ടെ?"
"ശ്ശെടാ.ജോലിയും കൂലിയൊന്നുമില്ലാത്ത ചേട്ടനെ ഞാൻ ചുമ്മാ കെട്ടുന്നതെന്തിനാ? പട്ടിണി കിടന്ന്‌ മരിക്കാനാ!!?
"ജോലി കിട്ടി കൂലി വാങ്ങിയാൽ കെട്ടുമോ?"
"ഉം..കെട്ടാം..മാന്യമായി വന്ന് അപ്പനോട് പെണ്ണ് ചോദിച്ചാൽ കെട്ടാം."
'ഓം ഹ്രീം ഈ ശല്യം ഒഴിഞ്ഞു പോകട്ടെ'... എന്നു കരുതി ഞാൻ വാക്ക് കൊടുത്തു.
പോയാലൊരു വാക്ക്.. കിട്ടിയാൽ ആ സേട്ടന് ഒരു ജോലി!!അത്രേ അന്നെന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
എന്റെ ഒരു മൂളൽ കൊണ്ട് ഒരു ചെറുപ്പക്കാരനെങ്കിലും തൊഴിലില്ലായ്മയിൽ നിന്നും രക്ഷപെടട്ടെ എന്ന് ആത്മാർത്ഥമായി കരുതി.
ഈ നീല ചേട്ടനും കൂട്ടുകാരും കോളേജിലെ പ്രസ്തരായ മിമിക്രി ആർട്ടിസ്റ്റുകൾ ആയിരുന്നു. ഇരട്ട കുട്ടികളായ ജെനി, ഡെനി, ഇരട്ടകൾ അല്ലാത്ത വല്യ സുനിൽ, കുട്ടി സുനിൽ അങ്ങനെ തുടങ്ങിയ കുറെ എണ്ണങ്ങൾ മിമിക്രി കാണിച്ച് കോളേജിലെ മൊത്തം പിള്ളേരെ കയ്യിലെടുത്ത് നടക്കുന്ന കാലം.അക്കാലത്താണ് ആ ദുരന്തം ഉണ്ടായത്.!!....
രണ്ടാം വർഷ പ്രീഡിഗ്രി ക്‌ളാസ് താഴത്തെ നിലയിൽ നിന്നും ഉയർത്തി മുകളിലത്തെ അറ്റത്തെ ക്ലാസ്സിലേക്ക് സ്ഥാനം മാറ്റി!.
ഈ ചേട്ടന്മാരുടെ ക്ലാസ് ആണെങ്കിൽ മുകളിലേക്കുള്ള സ്റ്റെപ്പ് കയറി ചെല്ലുന്നതിന് നേരെ തന്നെയും. അവരുടെ ക്ലാസിനു മുൻപിൽ കൂടിയാണ് ഞങ്ങളുടെ ക്ളാസിലേക്കുള്ള ഘോഷയാത്ര. അവരുടെ ക്ലാസ്സിൽ ഇരുന്നാൽ കോളേജിന്റെ ഗെയ്റ്റ് മുതൽ മൊത്തം ക്യാപസ് കാണാം. ആ അസുലഭ ഭാഗ്യത്തെ അവർ അവരുടെ കണ്ണും മനസ്സും നിറയുവോളം ചൂഷണം ചെയ്തു.
ഞങ്ങൾക്ക് ഓഫീസിൽ പോകണമെങ്കിൽ,പള്ളിയിൽ പോകണമെങ്കിൽ, വെള്ളം കുടിക്കാൻ പോകണമെങ്കിൽ,മൂത്രം ഒഴിക്കാൻ പോകണമെങ്കിൽ, കാന്റീനിൽ പോകണമെങ്കിൽ, ഊണ് കഴിച്ച പാത്രം കഴുകണമെങ്കിൽ ഒക്കെ ഇവരുടെ കടാക്ഷം കിട്ടാതെ പോകാതെ യാതൊരുതരവുമില്ല.
ആ വഴിക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ഒരു കടാക്ഷം ആ ചേട്ടന്റെ മുഖത്തോട്ട് ഒന്നു എറിഞ്ഞു കൊടുത്താൽ ആ തിരുമുഖം തൃശൂർ പൂരത്തിന് ആകാശത്ത് അമിട്ട് പൊട്ടിയ പോലെ!....
കൊടുത്തില്ലെങ്കിൽ വടക്കേലെ നാരായണൻ ചേട്ടനെ കടന്നൽ കുത്തിയപ്പോലെ!
അതല്ല രസം...ഈ തിരുമുഖത്തിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് നമ്മടെ ഇരട്ട ചേട്ടന്റെ മുഖത്തും അതേപടി അപ്പൊ തന്നെ പ്രതിഫലിക്കും.!!
ഞങ്ങൾ വരുന്നതും നോക്കി കാത്തിരിക്കുക, ഞങ്ങൾ പോകുമ്പോൾ അകമ്പടി സേവിക്കുക,
ഞങ്ങളെ മറ്റുള്ളവർ കണ്ണു വെക്കുന്നത് തടയുക എന്നീ മഹത്തായ കർമ്മങ്ങൾ ഇവർ സഹോദരതുല്യമായി ചെയ്തു പൊന്നു.
എന്നിട്ടും പ്രണയത്തിന്റെ ലാഞ്ചനകൾ ഒന്നും തന്നെ എന്നിൽ തെളിയാതിരുന്നത് കൊണ്ട് ഹംസം പതിയെ തന്റെ വക്രബുദ്ധികൾ പ്രയോഗിക്കാൻ തുടങ്ങി.
പിണങ്ങുമ്പോൾ ആണല്ലോ നമ്മൾ കൂടുതൽ ഇണങ്ങുക. അതു കൊണ്ട് നല്ലവണ്ണം ഞങ്ങളെ തമ്മിൽ പിണണക്കി ഇണക്കാൻ വേണ്ടി ചില കുനിഷ്ട്ടിന്റെ അമ്പുകൾ ഹംസം അവനാഴിയിൽ നിന്നും ഒന്നൊന്നായി വലിച്ചു വിടാൻ തുടങ്ങി.
നീല ചേട്ടനെ ക്ലാസ്സ്‌ ലീഡറായി തിരഞ്ഞെടുത്ത സമയം...ഹംസം എന്റെ ചെവിട്ടിൽ വന്നു പറഞ്ഞു...
"എടി നീ അവന് ഒരു ഷെയ്ക്ക് ഹാൻഡ് എങ്കിലും കൊടുക്കണം.
അവനത് എത്ര സന്തോഷം ആകുമെന്നോ! ഒന്നല്ലെങ്കിൽ അവൻ ഒരു പാവമല്ലേടി... നിനക്ക് ഒരുപദ്രവവും അവൻ വരുത്തുന്നില്ലല്ലോ പ്ലീസ്...!!"
ഊണ് കഴിക്കാൻ കൈ കഴുകാനായി ഞാൻ പോകുന്ന സമയം നോക്കി ലീഡർ എന്റെ മുൻപിൽ ചാടി വീണ് പറഞ്ഞു...
"എന്നെ ലീഡർ ആയി തിരഞ്ഞെടുത്തു."
"ആഹാ! കൺഗ്രാട്സ് !!" നിഷ്‌കു ആയ പാവം ഞാൻ കൈ കൊടുത്തുകൊണ്ട് പറഞ്ഞു"
അയ്യടാ...നീല ചേട്ടന്റെ മുഖം ഒന്ന് കാണണ മായിരുന്നു. ഞാൻ അങ്ങേരെ കെട്ടിയ പ്രതീതി!!
അപ്പോഴേക്കും ഇരട്ട ചേട്ടൻ ബാക്കി ഉള്ളവരെയും വിളിച്ചോണ്ടു വന്നു പറയുകയാ...
"കണ്ടോ കണ്ടോ ഞാൻ അന്നേ പറഞ്ഞില്ലേ...ഇവൾ ആളു ശെരി അല്ലെന്ന്! കണ്ണിൽ കണ്ട ചെക്കന്മാർക്കൊക്കെ കൈ കൊടുക്കുന്ന കണ്ടോ" !!
ങേ!! ആ ഇരട്ട പെരട്ട, ഇരട്ട വഞ്ചിയിൽ കാലു വെച്ചു!!
അതു കേട്ടതും എന്റെ മുഖം ത്രിവർണ്ണമായി.
ഇരുപത്തിനാല് ആംഗിളിൽ നിന്നും കടുപ്പിച്ചൊരു നോട്ടം ഞാൻ നോക്കി.!!.... പിന്നെ അവറ്റകളുടെ മുഖത്ത് ഞാൻ നോക്കിയത് നാലാഴ്ച കഴിഞ്ഞിട്ടാ!
ആ നാലാഴ്ചയും ഞാൻ എന്റെ നോട്ടു ബുക്കിൽ പേനകൊണ്ട് രണ്ടിന്റേം പേരെഴുതി അതിൽ കുത്തി വരച്ചിട്ടു. ടെക്സ്റ്റ് ബുക്കിന്റെ അരിക് ബ്ലേഡ് കൊണ്ട് അരിഞ്ഞു വീഴ്ത്തി.കൺ മുൻപിൽ കാണുന്ന ചെടിയുടെ ഇലയെല്ലാം അവരെ മനസ്സിൽ ധ്യാനിച്ച് പിച്ചി കീറി.വീട്ടുകാരോട് അകാരണമായി കലഹിച്ചു. കൂട്ടുകാരോട് കയർത്ത് കലിപ്പ് മുഴുവൻ തീർത്തു.
മറ്റൊരിക്കൽ ഞാൻ ക്ലാസ്സിൽ നിന്നുമിറങ്ങി ഇടനാഴിയിലൂടെ താഴോട്ട് പോകവെ..ആ ക്ലാസ്സിലെ എല്ലാവരും കൂടി ക്ലാസിന്റെ തുറന്നിട്ട ജനാല പോലെയുള്ള അരമതിലിൽ ഇരുന്ന് ഭയങ്കര കൂക്കി വിളി. നോക്കുമ്പോൾ ഉണ്ട് നമ്മടെ താരം ഇരുന്ന്‌ സിഗരറ്റ് വലിച്ചു വിടുന്നു!.പൊക പോണ പോക്ക് കണ്ടാൽ അറിയാം അത് ആദ്യത്തെയും അവസാനത്തെയും വലി ആണെന്ന്!
എന്നെ പ്രകോപിപ്പിക്കാൻ വേണ്ടി ആ പാവത്തിനെ കൊണ്ടു എന്തോ ബെറ്റു വെച്ചു ചെയ്യിക്കുന്നത് ആണെന്ന് അവന്മാരുടെ ഇരിപ്പിൽ നിന്നും മനസ്സിലാകും. അതു കൊണ്ട് തന്നെ ഞാൻ ഒന്ന് തുറുപ്പിച്ചു നോക്കി.
അടുത്ത ദിവസം മജന്ത പട്ടുപാവാടയും ബ്ലൗസും ഇട്ട് മോന്തയും ഏറ്റി പിടിച്ച് ഭദ്രകാളിയുടെ പോലെ ഞാൻ നോക്കുന്ന ഫോട്ടോ എന്നെ ഹംസം കൊണ്ടു വന്നു കാണിച്ചു.എന്നിട്ട് പറയാ..
"ഇനി ഇതും പറഞ്ഞ് പിണങ്ങിയാൽ ഫോട്ടോ നോട്ടീസ് ബോർഡിൽ ഇടുമെന്ന്!"
അങ്ങനെ പറഞ്ഞത് കൊണ്ട് അവറ്റകളോട് എന്റെ പട്ടി പോലും രണ്ടു മാസം മിണ്ടിയില്ല!
അതിനിടയിൽ എന്റെ നാലാമത്തെ ചേച്ചിയെ പെണ്ണ് കാണാൻ വരുമെന്ന് മൂന്നാക്കാരൻ അറിയിപ്പ് വിട്ടു..പിറ്റേ ദിവസം കോളേജിൽ വെച്ചാണ് അറിയുന്നത് ആ വരുന്ന ചെക്കൻ നമ്മുടെ നീല ചേട്ടന്റെ വല്യമ്മയുടെ മകൻ ആണെന്ന്!!
ഞങ്ങൾ രണ്ട് ആളും അന്തം വിട്ട് വാ പൊളിച്ച് കണ്ണു തുറുപ്പിച്ച്‌ നോക്കിയിരുന്നു.
എന്റെ പൊന്നേ...!!ആ കല്യാണം കലക്കണോ പൊളിക്കണോ എന്നോർത്തു നിൽക്കുമ്പോഴേക്കും പെണ്ണിനെ കാണാൻ ചെറുക്കൻ വീട്ടുകാർ എത്തി.പെണ്ണിന് ചട്ടുണ്ടോ വട്ടുണ്ടോ എന്നു നിരീക്ഷണം നടത്താൻ വന്നത്ആരാന്നറിയോ!!..
ഇമ്മടെ നീല ചേട്ടന്റെ സ്വന്തം അപ്പൻ!! അവസാനം പെണ്ണിനെ അളക്കാൻ വന്ന അപ്പൻ എന്നെ മൊത്തം അളന്ന് എനിക്ക് കുറച്ചു വട്ടുണ്ടെന്ന് കണ്ടു പിടിച്ചങ് പോയി..
ദൈവം വിധിച്ച പോലെ ആ കല്യാണം മംഗളകരമായി തന്നെ നടന്നു.എന്നു മാത്രം അല്ല...അളിയന്റെ ഓരോ കുടുംബ കഥകളിലും ആ നീല ഷർട്ടുകാരൻ നിറഞ്ഞു നിന്നു....
അപ്പോഴേക്കും ഞങ്ങൾ
പ്രീ ഡിഗ്രിക്കാരും അവർ ഡിഗ്രിക്കാരും ഒക്കെ കോളേജിൽ നിന്നും വിട പറയാനുള്ള സമയം ആയി.ഇനി ജീവിതത്തിൽ പരസ്പരം കാണുമോ ഇല്ലയോ എന്നറിയാത്ത ഒരവസ്ഥ.എല്ലാവരുടെയും മനസ്സിൽ ദുഃഖത്തിന്റെ അണക്കെട്ട് ഇപ്പൊ പൊട്ടി ഒഴുകും എന്ന മട്ടിൽ നിറഞ്ഞു നിന്നു...
വിട പറയുമ്പോഴാണല്ലോ സ്നേഹം അതിന്റെ ആഴം അറിയുന്നത്. വിരഹ വേദനയിലാണല്ലോ പ്രണയം ചിപ്പിക്കകത്തെ മുത്തുപോലെ പുറത്തേക്ക് വരുന്നത്.
പരീക്ഷ ചൂടിൽ പുസ്തക താളുകൾ മറിക്കുമ്പോൾ ഒരിക്കൽ പോലും സിനിമക്കു വിളിക്കാത്ത,
ഐസ്‌ക്രീം പാര്ലറുകളിൽ പ്രദര്ശന വസ്തുവാക്കാത്ത,നോട്ടം കൊണ്ട് പോലും എന്നെ അശുദ്ധമാക്കാത്ത
ആ നീല ചേട്ടനോട് എന്തെന്നില്ലാത്ത ഒരു സ്നേഹവും പ്രണയവും എന്റെ ഹൃദയത്തിൽ നിന്ന് ഞെങ്ങി ഞെരുങ്ങി പുറത്തേക്കു വന്നു.
ആകെ ഒരു വീർപ്പു മുട്ടൽ.എന്തോ ഒരു വിഷാദം.കാണാൻ ഒരു ആഗ്രഹം .വെറുതെയെങ്കിലും പണ്ട് പറഞ്ഞുപോയ ആ ഒരു വാക്ക് അങ്ങു പാലിച്ചാലോ എന്നൊരു ആശ.!.
പ്രണയത്തെ പുച്ഛത്തോടെ കണ്ടിരുന്ന ഞാൻ പ്രണയം വീഞ്ഞിനേക്കാൾ മാധുര്യം ഉള്ളതാണെന്നും, മരണത്തെക്കാൾ ശക്തമാണെന്നും പിന്നീടുള്ള നാളുകളിൽ അനുഭവിച്ചറിഞ്ഞു.
പ്രണയത്തിന്റെ വഴികളിൽ ആരൊക്കെയോ കാത്തു വെച്ച കനലിലൂടെ എട്ടു വർഷം നടന്ന് ഞങ്ങൾ എത്തിച്ചേർന്നത് വിവാഹം എന്ന പവിത്രമായ കൂദാശയിൽ ആയിരുന്നു.അത് ആശീർവദിച്ചത് ആകട്ടെ ഈശ്വരൻ ഞങ്ങൾക്കായി അയച്ച, ഒരു വൈദികനായി മാറിയ എന്നും ഞങ്ങളുടെ സഹായകൻ ആയിരുന്ന ആ ഇരട്ടച്ചങ്കൻ തന്നെ...നമ്മുടെ ഹംസം!!
Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot