പുതപ്പ്..............കഥ ( A Story by Shaju Vijayan)
*****************************************************
*****************************************************
മധുവിധുവിന്റെ ഇടവേള പോയിട്ട് , വീക്കോ വജ്ര ദന്തിയുടേയും , വീക്കോ ടർമറിക് ക്രീംമിന്റെ , അത് കോസ്മറ്റിക് അല്ല ആയുർവേദ ക്രീം ആണെന്ന് പറയുന്ന പരസ്യവും തീർന്നിട്ടില്ല. ഇനി സെൻസർ ബോർഡിന്റെ A യും U ഉം ഒക്കെ ഉള്ള സർട്ടിഫിക്കറ്റും, അഭിനയിക്കുന്നവരുടേയും , സിനിമ ഷൂട്ടിങ്ങ് നടക്കുമ്പോൾ അതിനടുത്ത് കൂടി നടന്നുപോയവർ തൊട്ട് നിർമ്മാതാവ് , സംവിധായകൻ, പിന്നെ സിനിമയുടെ പേരും, ബാക്കി മുഴുവൻ സിനിമ ഇടവേള ഉൾപ്പെടെ ബാക്കി കിടക്കുന്നു. അതായത് കല്യാണം കഴിഞ്ഞ് പുതുമണവാട്ടിയൊത്ത് ജോലി സ്ഥലമായ ഗ്വാളിയോറിൽ എത്തിയിട്ട് ഏതാണ്ട് ഒരു മാസം ആയിക്കാണും. നല്ല അദ്ധ്വാന ഭാരം തോന്നിയ കാലം. ഉറക്കം കിട്ടുന്നില്ല. ജോലി ഭാരവും പിന്നെ പുതു മണവാട്ടിയെ സന്തോഷിപ്പിക്കുവാനും , സ്വയം സന്തോഷിക്കുവാനും രാത്രിയിൽ ഉണർന്നിരിക്കുകയോ , നടക്കുകയോ , കിടക്കുകയോ ഒക്കെ ചെയ്യുന്ന കാലം. ഉറക്കം വരുമ്പോൾ കുംഭകർണനെ ഓർത്ത് ആശ്വസിക്കുമായിരുന്നു, ഒരു അഞ്ച് മാസം കൂടി കഴിഞ്ഞ് ഒരു ആറ് മാസം മുഴുവൻ കിടന്നുറങ്ങാം . അന്നത്തേക്കും കുറച്ചു ഇടവേള ഒക്കെ കിട്ടുമായിരിക്കും എന്ന് ആശ്വസിച്ചു.
പണ്ടൊക്കെ ഒരു കുടക്കീഴിലെ പള്ളിയിൽ പോകത്തുള്ളായിരുന്നു എന്ന് ഏതോ പഴയ നടി സിനിമയിൽ പാടിയതുപോലെ അന്നൊക്കെ ഞങ്ങൾ കൈ പിടിച്ചേ പുറത്തു പോകാറുള്ളായിരുന്നു. മധുവിധുവിന്റെ ഇടവേളയും , അവസാനം ശുഭം എന്നെഴുതി കാണിച്ചതിനും ശേഷം , കൈ വെളിയിൽ എങ്ങാനും വച്ച് പിടിച്ചാൽ ഹോമകുണ്ഡത്തിൽ 'ഓം സ്വാഹ' എന്നു പറഞ്ഞുകൊണ്ട് എള്ളും മറ്റും എറിയുന്നതുപോലെ 'ഛേ' എന്നുപറഞ്ഞു കൊണ്ട് കൈ തട്ടിക്കളയാൻ തുടങ്ങി. അങ്ങനെ മധുവിധുവിന്റെ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് കാണിക്കുന്നതിന് മുൻപേ അഞ്ചു മണിക്കൂർ മാത്രം യാത്രാ ദൂരമുള്ള ഭോപ്പാലിൽ അതായത് എന്റെ അമ്മായിഅച്ഛന്റെ വീട്ടിൽ (ഭാര്യ വീടെന്നും പറയാം) രണ്ടു പേർക്കും കൂടി ഒന്നു പോകണമെന്ന് ഭാര്യ. അവധി ഇല്ലെന്ന് ഞാൻ. ഞാൻ ഓഫീസിൽ പോയി തിരിച്ചു വന്നു. ഞാൻ അതിശയിച്ചുപോയി. ഭാര്യയുടെ മുഖം നന്നായി വണ്ണിച്ച് ചുവന്ന് ഇരിക്കുന്നു. പെണ്ണുങ്ങൾക്ക് വിശേഷം ഉണ്ടാകുമ്പോൾ മുഖത്ത് നീർക്കെട്ടു വരും എന്ന് പറഞ്ഞ ഏതോ വിദഗ്ധന്റെ അഭിപ്രായം മനസ്സിലേക്ക് വരികയും , ഷാരൂഖ് ഖാൻ റിമിടോമിയെ പൊക്കി എടുത്തത് പോലെ ഭാര്യയെ പൊക്കാൻ ചെന്നപ്പോൾ വെട്ടാൻ വരുന്ന പോത്തിന്റെ , ഓ , ക്ഷമിക്കണം എരുമയുടെ മുഖ ഭാവത്തോടെ കുതറി മാറി. കൂടാതെ "നിങ്ങൾക്ക് എന്നോട് സ്നേഹമില്ല" എന്നു പറഞ്ഞുകൊണ്ട് മുതലക്കണ്ണീരൊഴുക്കി തിരിഞ്ഞൊരു നിൽപ്പ്.
മനസ്സലിഞ്ഞ ഞാൻ ഭോപ്പാലിലേക്കു പോകാൻ സമ്മതിക്കുന്നു. അടുത്ത ദിവസം അവധി ചോദിച്ച് മേലാളിന്റെ അടുത്തു ചെന്നു. ഇഞ്ചി കടിച്ച കുരങ്ങന്റെ മുഖഭാവവുമായി അയാൾ അത് സമ്മതിച്ചു. പെട്ടന്ന് തന്നെ ഏതോ ട്രാവൽ ഏജൻസി വഴി രണ്ടു സീറ്റ് ബുക്ക് ചെയ്തു. അതിൽ ഒരു സീറ്റ് ട്രെയിനിലെ കശ്മീരിൽ ആണെങ്കിൽ മറ്റേസീറ്റ് കന്യാകുമാരി ജില്ലയിലെവിടേയോ ഉള്ള ഒരു കൂപ്പയിൽ ആയിരുന്നു. ഏതാണ്ട് റയിൽവേ വിധിച്ചതും ഞങ്ങൾ ഇച്ഛിച്ചതും അതുതന്നെ ആയിരുന്നു. റെയിൽവേയോട് പ്രതിഷേധിച്ച് ഇങ്ങു കാശ്മീരിലുള കൂപ്പയിലെ ഒരു സീറ്റ് പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു. അഥവാ അതേ കൂപ്പയിൽ തന്നെ രണ്ടു സീറ്റ് നൽകിയിരുന്നെങ്കിലും റെയിൽവേയോടുള്ള നന്ദി കാട്ടാൻ ഞങ്ങൾ ഒരു സീറ്റിലെ ഇരിക്കുകയുള്ളായിരുന്നു!!!!!! അടുത്തിരുന്ന മധുവിധുവിന്റെ അവസാനത്തെ ശുഭവും കണ്ട് തീയറ്ററിലെ വിളക്കും അണച്ച് , ചുവന്ന അക്ഷരത്തിൽ ' എക്സിറ്റ്' എന്നെഴുതിയ വാതിലും കടന്ന് പുറത്തിറങ്ങിയ ദമ്പതികൾ ഞങ്ങളെ നോക്കി ചിരിക്കുകയും നീയൊക്കെ യഥാർത്ഥ സിനിമ കാണാൻ ഇരിക്കുന്നതെ ഉള്ളു എന്ന അർത്ഥം വെച്ച കളിയാക്കി നോട്ടവും.
തണുപ്പ് കാലം ആയിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും ഒരു കമ്പിളി കൊണ്ട് പുതച്ചതുകാരണം ,തങ്ങൾ പണ്ടു കണ്ട സിനിമയുടെ ഒരു ട്രെയിലർ എങ്കിലും കാണാൻ ആകാംക്ഷയോടെ ഒളിച്ചു നോക്കിയിരുന്ന ദമ്പതികൾക്ക് നിരാശപ്പെടേണ്ടി വന്നു. എന്നാൽ ഞങ്ങളുടെ കൈകളുടെ പ്രവർത്തന മേഖല കാണാൻ പുതപ്പ് അവരെ അനുവദിച്ചില്ല. പണ്ടൊക്കെ ചില തീയറ്ററുകളിൽ വെളുത്ത തിരശീലക്ക് മുന്നിൽ ഇട്ടിരിക്കുന്ന ഞൊറിവുള്ള വിവിധ നിറത്തിൽ കത്തുന്ന വൈദ്യുത വിളക്കുകളുടെയും, വാദ്യങ്ങളുടെയും അകമ്പടിയാൽ പൊങ്ങുന്ന കർട്ടൻ പോലെ ആ പുതപ്പ് എങ്ങാനും ഒന്നു പൊങ്ങിയെങ്കിൽ എന്ന വിചാരത്തോടെ ആയിരിക്കാം അവർ ഒളിഞ്ഞൊളിഞ്ഞ് നോക്കി കൊണ്ടിരുന്നത്. ആദമിനും , ഹൗവക്കും ആപ്പിൾ കഴിച്ചപ്പോൾ നാണം തോന്നിയെങ്കിൽ ആ ദിവസം മുതൽ ഞങ്ങൾക്ക് നാണം ഇല്ലാതായി. നാണം തിരിച്ചു കിട്ടാൻവേണ്ടി പിന്നെ പലതവണ ആപ്പിൾ വാങ്ങി കഴിച്ചെങ്കിലും പോയ നാണം തിരികെ കിട്ടിയില്ല , എന്നു മാത്രമല്ല നാണം പിന്നെയും കുറഞ്ഞു കുറഞ്ഞു വന്നു. ഞങ്ങളുടെ കുഴപ്പം ആണോ അതല്ലെങ്കിൽ ഇനി ആപ്പിളിന്റെ കുഴപ്പമാണോ? അതിന്റെ കാരണം ഇതുവരെ പിടി കിട്ടിയില്ല.
അങ്ങനെ ഒരു പുതപ്പിൻ കീഴിൽ ഇരുന്ന ഞങ്ങൾ ഭോപ്പാലിൽ എത്തി. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയതും വൻ തിരക്ക്. കുറേപേർ പൂമാലയും ഒക്കെയായി നിരന്നു നിൽക്കുന്നു. ഏതോ വലിയ നേതാവ് ട്രെയിനിൽ വന്നതാണെന്ന് മനസ്സിലായി. ട്രെയിൻ നിർത്തിയതും മാലകളുമായി നിന്നവർ ഞങ്ങളുടെ കൂപ്പക്ക് നേരെ ഓടി വരുന്നു. അതുകണ്ടാൽ മക്ബെത്തിന് ബെർണാം വുഡ് തന്റെ നേരെ വരുന്നതായി തോന്നിയതുപോലെ, ഏതോ പൂവനം ഓടി വരുന്നതുപോലെ എനിക്ക് തോന്നി. പൂവനത്തിന് മുൻപിൽ എന്റെ ഫൈനൽ ഇയർ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ഒരേയൊരു സ്വന്തം അളിയൻ. പിറകെ അവന്റെ കൂട്ടുകാർ. അവർ എല്ലാപേരും കൂടി എന്നെ ഹാരാർപ്പണം ചെയ്തു , ചിലർ കെട്ടിപ്പിടിച്ചു , വളരെ അധികം സ്നേഹം കാട്ടാൻ അറിയുന്നവർ ഉമ്മവച്ച് വീർപ്പുമുട്ടിച്ചു. എല്ലാവരും 'ജീജാജി" (ഉത്തരേന്ത്യയിൽ പെങ്ങളുടെ ഭർത്താവിനെ വിളിക്കുന്നത്) 'ജീജാജി ' എന്നു വിളിച്ചുകൊണ്ടുള്ള സ്നേഹ പ്രകടനങ്ങൾ. പ്രിയദർശന്റെ സിനിമയിലെപ്പോലെ പുറകിൽ കൂടി കുടവും കക്ഷത്തിൽ വെച്ച് , പൊക്കിളിനു താഴെ വെച്ച് ലുങ്കിയുടുത്ത വയറു ചാടിയ സുന്ദരികൾ വരിവരിയായി പുറകിൽക്കൂടി
നൃത്തം ചവിട്ടി കൊണ്ട് ഓടി ഓടി പോകാത്ത ഒരു കുറവ് മാത്രം. പിന്നെയുള്ള യാത്ര അളിയന്റെ മാരുതി 800 ൽ ഞങ്ങൾ പുറകിലത്തെ സീറ്റിലും അളിയന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഒരു അളിയൻ , മുൻസീറ്റിൽ സ്വന്തം അളിയന്റെ ഒപ്പവും. ബാക്കി അളിയന്മാർ പല ബൈക്കിലും സ്കൂട്ടറുകളിലുമായി കാറിന്റെ മുൻപിലും , വശങ്ങളിലും, പുറകിലും. ഏതാണ്ട് ജനുവരി 26 ന് പ്രസിഡന്റ് ചെങ്കോട്ടയിൽ പതാക ഉയർത്താൻ പോകുന്ന ഒരു പ്രതീതി തോന്നി.
നൃത്തം ചവിട്ടി കൊണ്ട് ഓടി ഓടി പോകാത്ത ഒരു കുറവ് മാത്രം. പിന്നെയുള്ള യാത്ര അളിയന്റെ മാരുതി 800 ൽ ഞങ്ങൾ പുറകിലത്തെ സീറ്റിലും അളിയന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഒരു അളിയൻ , മുൻസീറ്റിൽ സ്വന്തം അളിയന്റെ ഒപ്പവും. ബാക്കി അളിയന്മാർ പല ബൈക്കിലും സ്കൂട്ടറുകളിലുമായി കാറിന്റെ മുൻപിലും , വശങ്ങളിലും, പുറകിലും. ഏതാണ്ട് ജനുവരി 26 ന് പ്രസിഡന്റ് ചെങ്കോട്ടയിൽ പതാക ഉയർത്താൻ പോകുന്ന ഒരു പ്രതീതി തോന്നി.
അങ്ങനെ സായുധരായ അളിയന്മാരുടെ അകമ്പടിയോട ഞങ്ങൾ ഭാര്യ വീട്ടിൽ എത്തി. അവിടെയോ ഭാര്യയുടെ തോഴികളായ ഏതാണ്ട് പത്തോളം വരുന്ന സുന്ദരി പെൺകുട്ടികൾ "ജീജാജി" "ജീജാജി" എന്ന് വിളിച്ചുകൂവി പുറകെ. ഞാൻ സ്വന്തം അളിയന്റെ മാത്രമല്ല ഒരു ദേശത്തിന്റെ തന്നെ അളിയനാണെന്ന കാര്യം അപ്പോൾ മനസ്സിലായി.അപ്പോൾ തന്നെ ആൺ അളിയന്മാർ ഒരു നിവേദനം തന്നു.അടുത്ത ദിവസം ജീജാജി ചിലവ് ചെയ്യണം എന്നായിരുന്നു ആ നിവേദനത്തിൽ . ഞാൻ സമ്മതിച്ചു. അടുത്ത ദിവസം വൈകിട്ട് ഏതാണ്ട് 5 മണിയോടെ അളിയന്മാർ എല്ലാം കൂടി അടുത്തുള്ള ഒരു ഗാർഡൻ റെസ്റ്റോറണ്ടിന്റെ പുറകിലത്തെ ഗാർഡനിൽ ഒത്തു കൂടി. കാറിൽ നിന്നിറങ്ങിയ എന്നെ ഏതാണ്ട് ക്നാനായ വിഭാഗത്തിൽ പെട്ട വരുടെ വിവാഹത്തിന് കല്യാണ പെണ്ണിനെ പെണ്ണിന്റെ അമ്മാവൻമാർ എത്തുതുകൊണ്ടു വരുന്നതുപോലെ എടുത്തുകൊണ്ടു പോയി. അളിയന്മാർ എല്ലാംകൂടി ഒരു 25 പേർ. ബിയർ ഗ്ലാസുകൾ നിറഞ്ഞും ഒഴിഞ്ഞും അളിയന്മാർക്കെല്ലാം മത്തുപിടിച്ചു . ചിലർ പാമ്പുകളായി ഇഴഞ്ഞു നടന്നു ,ചില പാമ്പുകൾ അടുത്തു കണ്ട മരത്തിലും ,മറ്റേതോ അളിയന്റെ തോളിലോ ഒക്കെ ഇഴഞ്ഞു കയറി. വിഷം കുറഞ്ഞ, സ്നേഹമുള്ള ചില പാമ്പുകൾ
" ഞങ്ങളുടെ ആദ്യത്തെ ജീജാജി"
എന്നു പറഞ്ഞുകൊണ്ട് ചുംബന സമരം മാതിരി ചുംബിക്കാൻ തുടങ്ങി. തറയിൽ ഇഴഞ്ഞു നടന്ന ചില പാമ്പുകളും, മരത്തിൽ കയറിയ പാമ്പുകളും എഴുനേറ്റു നിന്നും, താഴെ ഇറങ്ങിയും ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എന്നെ വീർപ്പു മുട്ടിച്ചു. ഒരുതരത്തിൽ സ്വന്തം അളിയനൊപ്പം ഞാൻ അവിടെ നിന്ന് തടി തപ്പി.
അങ്ങനെ ആൺ പെൺ അളിയന്മാരുടെ സ്നേഹ ലാളനകൾ ഏറ്റുവാങ്ങി ഞങ്ങൾ മൂന്നാം ദിവസം തിരിച്ചുപോകാൻ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ഞങ്ങൾ മധുവിധുക്കാരാണെന്ന് റെയിൽവേയ്ക്ക് എങ്ങനെ മനസ്സിലായി എന്ന് ഇപ്പോഴും എനിക്കറിയില്ല. കിട്ടിയ സീറ്റ് ആർ.എ.സിയിൽ. രണ്ടുപേർക്കും കൂടി ഒരു സൈഡ് ലോവർ സീറ്റ്. ടിക്കറ്റ് കണ്ടപ്പോൾ തന്നെ പുതപ്പ് ഓർമ്മ വന്നു. നാണം വരണേ എന്നു പ്രാർഥിച്ചുകൊണ്ട് നല്ല വലിയ ആപ്പിളുകൾ രണ്ടു കിലോ വാങ്ങിച്ചു. ട്രെയിൻ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ്. രാവിലെ തൊട്ടു ആപ്പിൾ കഴിക്കാനും ഭാര്യയെ കഴിപ്പിക്കാനും തുടങ്ങി. എന്നാലും നാണം വരുന്നില്ല. അങ്ങനെ അളിയന്മാരുടെ അകമ്പടിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തി. ഏതാണ്ട് വൈകിട്ട് 9 മണിയോടെ വീട്ടിൽ എത്തണം. വീട്ടിൽ എത്തിയാൽ ഉടൻ ഫോൺ ചെയ്യണമെന്ന് അളിയൻ. അതേ എന്നു ഞങ്ങളും. ആ കാലത്ത് അതായത് 1998 ൽ മൊബൈൽ ഫോൺ കണ്ടിട്ടില്ലെന്നല്ല , കേട്ട ചരിത്രം പോലുമില്ല.
വണ്ടി വിട്ടു. അളിയന്മാർ പുറകെ ഓടി ഓടി വന്ന് റ്റാറ്റ പറഞ്ഞു. ഭാര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. അതുകണ്ടപ്പോൾ പുതപ്പിന്റെ ആവശ്യം വരികയില്ല എന്നും ഭാര്യക്ക് ആപ്പിൾ കഴിച്ചത് ഏറ്റു എന്നും തോന്നി. 5 - 6 മണിക്കൂറത്തെ യാത്രയുണ്ട്. ഇടക്ക് ബീന, ഝാൻസി എന്നീ സ്റ്റേഷനുകൾ മാത്രം. പിന്നെ ഗ്വാളിയോർ വരും. അവിടെ ഇറങ്ങണം. ഡൽഹി വരെ പോകുന്ന ട്രെയിൻ ആണ്. ഗ്വാളിയോർ കഴിഞ്ഞാൽ ആഗ്ര ,മഥുര എന്നീ സ്റ്റേഷനുകൾ. ഭാര്യയുടെ കണ്ണീരൊക്കെ മാറി. അത് കണ്ടപ്പോൾ എനിക്ക് തണുക്കുവാനും ,വിറക്കുവാനും ഒക്കെ തുടങ്ങി. പുതപ്പ് വെളിയിൽ എടുത്തു. പുതപ്പിനടിയിൽ അങ്ങനെ കര ചലനങ്ങളുമായി ഇരുന്നു. സമയം നോക്കി. എട്ടുമണി. ഏതാണ്ട് ഗ്വാളിയോറിൽ എത്തേണ്ട സമയം ആയി വരുന്നു. അപ്പോൾ മനസ്സിലായി ട്രെയിൻ നിർത്തി ഇട്ടിരിക്കുകയാണെന്ന്. ആരോടോ ചോദിച്ചു എവിടെ എത്തിയെന്ന്. അപ്പോൾ അറിഞ്ഞു ഭോപ്പാലിൽ നിന്നു ഏതാണ്ട് 30 കിലോമീറ്ററുകൾ മാത്രമേ ട്രെയിൻ സഞ്ചരിച്ചിട്ടുള്ളെന്നും , ബീന കഴിഞ്ഞെവിടെയോ ഏതോ വലിയ ട്രെയിൻ അപകടം ഉണ്ടായെന്നും. ഞങ്ങൾ വീണ്ടും പുതച്ചു. കുറെ കഴിഞ്ഞപ്പോൾ ട്രെയിൻ നീങ്ങി. അപ്പോൾ ആരോ പറയുന്നു ട്രെയിൻ ബീനയിൽനിന്ന് വഴിമാറ്റി വിടുകയാണെന്നും , ഝാൻസി , ഗ്വാളിയോർ ആഗ്ര ഒന്നും പോകാതെ ട്രെയിൻ ഗുണ, ശിവപുരി , കോട്ട വഴി മഥുരയിൽ എത്തുമെന്നും. അപ്പോൾ തീരുമാനിച്ചു ശിവപുരിയിൽ ഇറങ്ങി പിന്നെയുള്ള 100 കിലോമീറ്റർ ബസിൽ പോകാമെന്ന്. ശിവപുരി രാവിലെ 6 മണിക്ക് എത്തുമെന്നും ആ വിവരം തന്ന ആൾ പറഞ്ഞു.
പൂർവാധികം സന്തോഷത്തോടെ ഞങ്ങൾ പുതപ്പിനുള്ളിൽ കയറി. എപ്പോൾ ഉറങ്ങി എന്നറിയില്ല. രാവിലെ 5 മണിക്ക് കണ്ണ് തുറന്നു. ശിവപുരി എത്താറായോ എന്ന ചോദ്യത്തിന് അരമണിക്കൂർ മുൻപ് എന്നായിരുന്നു മറുപടി. ഒരു വിഷമവും തോന്നിയില്ല, പുതപ്പ് കയ്യിൽ തന്നെ ഉണ്ടല്ലോ!!!!!! ഇനിയും മഥുരയിൽ ഇറങ്ങാം. കണ്ടിട്ടില്ലാത്ത പല സ്റ്റേഷനുകളും കണ്ട് പോകുന്നു. സഹായത്തിന് പുതപ്പും. അങ്ങനെ വൈകിട്ട് 5 മണിക്ക് മഥുരയിൽ എത്തി.പിന്നെ ബസ് പിടിച്ചു. ഏതാണ്ട് 10 മണിയോടെ ഗ്വാളിയർ ബസ് സ്റ്റാൻഡിൽ എത്തി. അഞ്ചു മണിക്കൂറുള്ള യാത്ര 31 മണിക്കൂറിൽ പൂർത്തിയാക്കി. ഒരു ഓട്ടോ റിക്ഷ പിടിച്ച് വീട്ടിലേക്ക് തിരിച്ചു. വീട് നിൽക്കുന്നത് ഒരു മൈതാനത്തിന്റെ മൂലയ്ക്കാണ്. മറ്റേ മൂലയിൽ എത്തിയപ്പോൾ വീടിന് മുൻപിൽ ഒരുപാട് ആൾക്കാർ. ആരോ മരിച്ചിരിക്കുന്നു. വീട്ടുടമ ആകാം. ശവം കൊണ്ടുവരുന്ന ആംബുലൻസ് നോക്കി ആൾക്കാർ നിൽക്കുകയാണ്. ക്ഷീണിച്ചവർ ചുവന്ന പ്ളാസ്റ്റിക് കസേരകളിൽ ഇരിക്കുന്നു. പോലീസ്കാരും നിൽക്കുന്നു. ഇനി അപകട മരണമാണോ? ഓട്ടോ നിർത്തി . ഞങ്ങൾ ഇറങ്ങി. ആൾക്കൂട്ടത്തിൽ ഭാര്യയുടെ അച്ഛനും അമ്മയും ആളിയന്മാരും. വാതിൽ തുറന്ന് അകത്തേക്കു കയറിയപ്പോൾ അമ്മായി അച്ഛൻ അമ്മായി അമ്മയോട് ,
" മോള് മന്ദബുദ്ധി അണെന്നറിയാം , ഇതിപ്പോൾ..........."
A story by....................................ഷാജു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക