Slider

വേണാട് എക്സ്പ്രസും ആണവ റിയാക്ടറും

0
Image may contain: 1 person, outdoor

ഇതൊരു റെയിൽവ്വേ കഥയാണ്. വേണാട് എക്സ്പ്രസിന്റെ പശ്ചാത്തലത്തിൽ സംഭവിച്ച ഒരു റെയിൽവ്വേ കഥ. പുലിമുരുകനോളം വരില്ലെങ്കിലും ഇതിലും കഥയുണ്ട്, ആക്ഷനുണ്ട്, സംഘർഷങ്ങളുണ്ട്, വെടിയുണ്ട്, പുകയുണ്ട്, സെന്റിമെൻറ്സുണ്ട്, പകയുണ്ട് അങ്ങനെയെല്ലാമുണ്ട്.
ട്രെയിൻ യാത്ര, അത് ചെയ്തിട്ടില്ലാത്തവർക്ക് അമ്പരപ്പും അൽഭുതവും നൽകുമ്പൊ സ്ഥിരം യാത്രക്കാർക്ക്, പ്രത്യേകിച്ച് തിരക്കുള്ള ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക്, അച്ഛന്റെ നിർബ്ബന്ധത്തിന് വഴങ്ങി അറിയാത്ത ബന്ധുക്കളുടെ കല്യാണത്തിന് പോയി സദ്യ കിട്ടാതെ തിരികെ വരുന്ന അവസ്ഥയാണ്. പക്ഷെ സ്ഥിരമായി കുറച്ചു പേർ ഒന്നിച്ച് പോയ് വരുമ്പോൾ ഇതുപോലെ രസം മറ്റൊന്നുമില്ല. ലേഡീസിനൊപ്പം മുട്ടിയുരുമ്മി ഇരുന്ന്, ചുറ്റുമുള്ള കാമുകീകാമുകരുടെ ചാപല്യങ്ങൾ (13 സെക്കന്റ് വരെ) കണ്ടു നിർവൃതിയടഞ്ഞ്, പുള്ളിയുള്ളതും വള്ളിയില്ലാത്തതുമായ നാടൻപാമ്പുകളേയും എക്സിക്യൂട്ടീവ് രാജവെമ്പാലകളേയും കണ്ടാസ്വദിച്ച് ചുറ്റുമിരിക്കുന്ന ആബാലവൃദ്ധജനങ്ങളേയും രാഷ്ട്രീയക്കാർ പത്രക്കാരെ നോക്കുന്ന മട്ടിൽ നോക്കി മന:കഥകൾ മെനഞ്ഞിരിക്കാൻ എനിക്കും പണ്ട് നല്ല ഉൽസാഹമായിരുന്നു. ആ ആവേശത്തിന്റെ അസ്ഥിവാരമിളക്കിയ ഈ സംഭവം 2002 ലെ ഒരു ഓണക്കാലത്താണ് നടന്നത്.
തുണിക്കച്ചവട വിപണന പ്രതിനിധിയായി (Marketing Executive- Indian Rayon and Industries Ltd (Madhura Garments) തെക്കൻ കേരളത്തിൽ അങ്ങോളമിങ്ങോളം തെണ്ടിത്തിരിയാൻ ട്രെയിനിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. അന്നും പതിവുപോലെ കൊച്ചി യാത്രയ്ക്കായി കൊട്ടാരക്കരയിൽ നിന്നും ബസിൽ ചെങ്ങന്നൂർ റെയിൽവ്വേ സ്റ്റേഷനിൽ ഇറങ്ങി അവിടുത്തെ റെയിൽവേ കാന്റീനിൽ നിന്ന് 3 ഇഡ്ഢലി, ഉഴുന്ന് വട, ചായ എന്നിവ അകത്താക്കി വേണാട് എക്സ്പ്രസിൽ ചാടിക്കയറി സൈഡ് സീറ്റുറപ്പിച്ച് സൗന്ദര്യലഹരി നുരയാനായും നേരിട്ടുള്ള സംപ്രേ ക്ഷണത്തിനായും ഓ.ബി. വാൻ റെഡിയാക്കി നിർത്തി. നേരേ എതിർവശത്തുള്ള വരയൻ ഷർട്ടുകാരന്റെ കൂർത്ത നോട്ടത്തെ അവഗണിച്ച് അവിടെ ഇരുന്നിരുന്ന 4 പെൺകുട്ടികളിൽ എനിക്ക് ചേരുന്ന ഒന്നിനെ ഫോക്കസ് ചെയ്തു.
ഓണക്കാലമായതിനാൽ സെറ്റ് സാരി ഒപ്പിച്ചുടുത്ത് അവിടെയും ഇവിടെയുമെല്ലാം ശരശയ്യയിലെ പോലെ പിന്നുകൾ കുത്തി കഴുത്തൊപ്പം എത്തുന്ന കമ്മലുകളിട്ട ബ്യൂട്ടികളും, അഴിഞ്ഞു പോകുന്ന മുണ്ട് അണ്ടർവെയർ കാണാതെ മടക്കിക്കുത്തി കളർ ഷർട്ടുകളിട്ട ബ്യൂട്ടൻമാരും ചേർന്ന് കമ്പാർട്ട്മെൻറിൽ ആകെ ജഗപൊക.
ഫോക്കസിൽ കുരുങ്ങിയ കുരുന്നിനോട് ഒന്ന് സംസാരിച്ച് ഐസ് ബ്രേക്ക് ചെയ്യാനുള്ള അവസരമൊരുക്കിക്കൊണ്ടിരുന്ന എനിക്ക് പെട്ടെന്ന് അടിവയറ്റിൽ ഒരു തിരയിളക്കം അനുഭവപ്പെട്ടു. മന്ദസ്ഥായിയിൽ തുടങ്ങിയ ശബ്ദവീചികൾ ചില ചെറിയ പൊട്ടലുകളായും കാറ്റായും വടം വലികളായും കൊളുത്തലുകളായും ആകെ കുഴഞ്ഞുമറിയുന്ന പരുവത്തിലായി.
ഒരു ആണവ റിയാക്ടർ ആൾപ്പാർപ്പുള്ള സ്ഥലത്ത് പ്രവർത്തിപ്പിക്കുന്നതിന്റെ അപാകത, അതുണ്ടാകുന്ന വികിരണങ്ങൾ, ആപത്തുകൾ, മാനഹാനി എന്നിവയോർത്ത് എന്റെ ഫോക്കസ് പെൺകുട്ടിയിൽ നിന്നും ഷട്ടറിലേക്ക് തിരിച്ചു. ടൈറ്റാനിക് സിനിമയിൽ കടൽവെള്ളം ഇരച്ചുകയറുമ്പൊ കപ്പലിനിടയിലെ ഷട്ടറടയ്ക്കാൻ തൊഴിലാളികൾ പെടുന്ന പാട് ഞാൻ ശരിക്കും അനുഭവിച്ചു.
ഇഡ്ഢലി - ഉഴുന്നുവട -സാമ്പാർ - ചമ്മന്തി നിർമ്മിത ആണവ റിയാക്ടറിന്റെ പ്രവർത്തനം സകല സീമകളെയും ലംഘിക്കാൻ പര്യാപ്തമായ തോതിൽ വളർന്നു. മന്ദസ്ഥായി ഉച്ചസ്ഥായിയായി, ശബ്ദവീചികൾ ഇടിമുഴക്കങ്ങളായി, പൊട്ടലുകൾ കീറലുകളും, തിരയിളക്കങ്ങൾ സുനാമികളുമായി മാറി. ആൾപ്പാർപ്പില്ലാത്ത ഏരിയയിലേക്ക് റിയാക്ടർ കൊണ്ടുപോയി വിഘടനം നടത്താൻ ഉന്നതതലത്തിൽ ഞാൻ നേരിട്ട് തീരുമാനം എടുത്തു.
കൈവശമിരുന്ന കർച്ചീഫ് സീറ്റിലിട്ട് വരയൻ ഷർട്ടിട്ട ആളെ റിയാക്ടർ പ്രോബ്ളം അറിയിക്കാതെ, ''ഈ സീറ്റൊന്ന് നോക്കണേ...ദേ വരുന്നു" എന്ന മട്ടിൽ കൈ കൊണ്ടും മുഖം കൊണ്ടും ആക്ഷൻ കാണിച്ച് വിഘടന സ്ഥലത്തേക്ക് കാലടുപ്പിച്ചും എന്നാൽ വേഗത്തിലും ഞാൻ നടന്നു.... അല്ല ഓടി.
പാവപ്പെട്ട - ജനറൽ കമ്പാർട്ട്മെന്റ് യാത്രക്കാരനായ ഞാൻ യൂറോപ്യ'മോഹം വച്ച് ഒന്നു തളളി നോക്കിയെങ്കിലും യൂറോപ്യൻ വിസ ലഭിക്കാത്തതിനാൽ റിയാക്ടർ പ്രവർത്തനത്തിനു വിലങ്ങായ ആ ശ്രമം ഉപേക്ഷിച്ച് ഇന്ത്യനായി. അവിടുത്തെ ടാപ്പിൽ നിന്ന് തുള്ളിയായി വീഴുന്ന സിന്ധു -ഗംഗ - ബ്രഹ്മപുത്ര നദികൾ ആ വൃഷ്ടി പ്രദേശത്തെ പായലുകളാൽ ഹരിതാഭം ആക്കിയിരുന്നു.
എക്സിക്യൂട്ടീവിൽ നിന്നും ആദിമ മനുഷ്യനായി നിമിഷാർദ്ധത്തിൽ ഞാൻ പരിണമിച്ചെങ്കിലും എന്റെ കണക്കുകൂട്ടലിനെ തെറ്റിച്ചു കൊണ്ട് ലക്ഷ്യസ്ഥാനമെത്തും മുമ്പെ റിയാക്ടറിൽ നിന്ന് ചൈനീസ് നിർമ്മിത റോക്കറ്റ് പോലെ നീട്ടി ഒരു മൂളലും അവസാനം ഒരു ചെറിയ പൊട്ടലും ആയി വികിരണങ്ങൾ പുറത്തേക്ക് വന്നു. (ഇരിക്കും മുമ്പ് കാലുനീട്ടിപ്പോയി).
മൂന്നു വയസ്സുകാരനിട്ട അത്തപ്പൂക്കളം പോലെ ഇറെഗുലർ പോളിഗൺ ഷോപ്പിൽ തട്ടും തടവും ഒക്കെയായി അവനങ്ങനെ കരകവിഞ്ഞ് ഒഴുകിയിറങ്ങി.എല്ലാം കഴിഞ്ഞ് നടു നിവർത്തിയപ്പൊ സർവ്വ ലക്ഷണങ്ങളുമൊത്ത ഒരെട്ടുകെട്ടായി അത് മാറി. ആദ്യ സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ ഉഗ്രൻ നടുമുറ്റം, ചുറ്റിനും നീണ്ട് പരന്ന് കിടക്കുന്ന കിഴക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി, തെക്കിനി, തറവാട്ടിൽ നിന്ന് വിട്ടുള്ള പത്തായപ്പുര അടുക്കള എരുത്തിൽ ഉൾപ്പെടെയുള്ള പരമ്പരാഗത തച്ചുശാസ്ത്ര നിർമ്മിതി.
ചങ്ങലയിൽ പൂട്ടിയിട്ട കപ്പിനെ സിന്ധു -ഗംഗ -ബ്രഹ്മപുത്ര മാരുടെ ഉൽഭവകേന്ദ്രത്തിനടിയിൽ പിടിച്ച് ടാപ്പ് തുറന്ന ഞാൻ അക്ഷരാത്ഥത്തിൽ ആവിയായിപ്പോയി. ടാപ്പിൽ നിന്ന് ശ്.... ശ് .... ശ് എന്ന ശബ്ദം മാത്രം. ഒരു ഭഗീരഥനായി ജനിക്കാഞ്ഞതിൽ അന്നാദ്യമായി ഞാൻ കരഞ്ഞു. വെറും ഒരാൾക്ക് കഴിയാൻ എട്ടുകെട്ട് പണിഞ്ഞ ഞാൻ വീണ്ടും മണ്ടനായി.
''പോർട്ടബിൾ ബയോഗ്യാസ് സിലിണ്ടർ" (ഇങ്ങനെയുള്ള അവസരത്തിൽ ബയോഗ്യാസ് വലിച്ചെടുത്ത് പിന്നീട് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പൈപ്പും അര ലിറ്റർ സോഡാ മോഡൽ ഗ്യാസുകുറ്റിയും) എന്ന കണ്ടുപിടുത്തം നടത്താത്ത ശാസ്ത്രജ്ഞൻമാരെ മനസ്സിൽ തെറി വിളിച്ചു.
എട്ടുകെട്ട് നോക്കി നിന്ന ആദിമ മനുഷ്യന്റെ ചിന്തയിൽ ഇടിത്തീയായി കതകിൽ തട്ടോടു തട്ട്‌. ഇനിയും റിയാക്ടറുകൾ വിഘടിപ്പിക്കാനുള്ള ആളുകളാവണം പുറത്ത്. എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ആദിമ മനുഷ്യൻ വിയർത്ത് കുളിച്ചു. ആഹാരം കഴിച്ച നിമിഷത്തേയും സീറ്റിൽ കർച്ചീഫ് ഇടാൻ തോന്നിയ നിമിഷത്തെയും മനസ്സാ പ്രാകി.
പിന്നെയെല്ലാം പെട്ടന്നായിരുന്നു. കാലുറ ഒരെണ്ണം ഊരി കൈയ്യുറയാക്കി, ആണവ റിയാക്ടറിലെ റേഡിയോ -ആക്ടീവ് വികിരണങ്ങളെ തുടച്ച് മാറ്റി. ഡിമോളിഷൻ മാനേജ്മെന്റിന്റെ അടിസ്ഥാന തത്വങ്ങൾ പോലും പഠിക്കാത്ത ഞാൻ സാമാന്യം വലിയ ആ എട്ടുകെട്ടിന്റെ പത്തായപ്പുര, എരുത്തിൽ, മറ്റ് കെട്ടുകൾ എന്നിവ പൊളിച്ച് നടുമുറ്റം ഒഴിവാക്കി ആരും കണ്ടാൽ കുറ്റം പറയാത്ത രീതിയിലുള്ള ഒരു "സ്റ്റുഡിയോ ഫ്ലാറ്റാക്കി" പുറത്തേക്ക് വിട്ടു. ഒപ്പം തെളിവായ 'കൈകാലുറയും' ഉപേക്ഷിച്ചു. മറ്റേകാലുറ മടക്കി റിയാക്ടർ പൊതിഞ്ഞിട്ട് ആദിമ മനുഷ്യനിൽ നിന്നും സോക്സുകളില്ലാത്ത എക്സിക്യൂട്ടനായി പുറത്തിറങ്ങി.
സീറ്റ് നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്ന മട്ടിൽ കതകിൽ മുട്ടി മുട്ടി അവശനായി നിൽക്കുന്ന വരയൻ ഷർട്ടുകാരനെയാണ് ഞാൻ കണ്ടത്. ( നിൽപ്പുകണ്ടിട്ട് അളിയൻ 6 ഇഡ്ഢലി, 2 വട കേസാണെന്ന് തോന്നുന്നു) ചാടി അകത്ത് കയറിയ വരയൻ ഷർട്ടിന്റെ പ്രതികരണമെന്താണെന്നറിയാൻ ആ അവസ്ഥയിലും എനിക്ക് തോന്നി. റബ്ബർ പന്തു പോലെ തിരിച്ചു വന്ന അയാൾ എന്നെ നോക്കി പൂ....... എന്ന് തുടങ്ങിയ ഒരു ഉഗ്രൻ തെറി. ഞാൻ അതു കേട്ടില്ല എന്ന് വച്ച് വേണു നാഗവള്ളി ഭാവത്തിൽ ആരെയും ശ്രദ്ധിക്കാതെ മാനം നഷ്ടപ്പെട്ട് ഇനിയും പൊട്ടാൻ മുട്ടി നിൽക്കുന്ന റിയാക്ടറുകളെയും, നോക്കുമ്പോഴെല്ലാം തെറി വിളിക്കുന്ന വരയൻ ഷർട്ടിനേയും (പുള്ളി റിയാക്ടർ ഇന്ത്യയിൽ നിന്ന് മാറ്റി യൂറോപ്പിൽ പൊട്ടിച്ചിരിക്കും,കർച്ചീഫ് നഷ്ടപ്പെട്ടുമിരിക്കും) നോക്കി കൊച്ചിയിലെ റൂമിൽ എത്തും വരെ ഫിലിം ഫെയർ അവാർഡിനുള്ള പ്രതിമ പോലെ ഒറ്റനിൽപ്പ് നിന്നു.
യാതൊരു ശത്രുതയില്ലാഞ്ഞിട്ടും കട്ടപ്പ എന്തിനായിരിക്കും ബാഹുബലിയെത്തട്ടിയത്.. ഒരുവേള ഇതുപോലെ എന്തെങ്കിലും സംഭവം ???
എന്നാലും ഇപ്പോഴും ട്രെയിനിൽ നിന്നും ഇറങ്ങുന്ന എക്സിക്യൂട്ടൻമാർക്ക് ''സോക്സ് '' ഉണ്ടോ എന്ന് അറിയാതെ നോക്കാറുണ്ടു ഞാൻ😀
- ഗണേശ് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo