Slider

നിഴലുകൾ

0
നിഴലുകൾ
~~~~~~
ചേച്ചീ..... ദേ.. പാല്.
അരഭിത്തിയിൽ പാലുവെച്ച് നീതു നന്ദയെ നോക്കി. ഏതോ ചിന്തയിലങ്ങനെ സ്വയം മറന്നിരിപ്പുണ്ട് ചേച്ചി. കുളികഴിഞ്ഞ് ചെറിയൊരു പ്രാർത്ഥനയും കഴിഞ്ഞേ ചേച്ചി അടുക്കളയിൽ കടക്കൂ.
മിക്കവാറും തന്നെയായിരിക്കും ചേച്ചി കണികാണുക. ആറുമണി കൃത്യമടിച്ചാൽ പാലുമായി താനവരുടെ ഉമ്മറത്തെത്തിയിരിക്കും. പാലെടുക്കുന്ന സമയം തന്നോട് ചുമ്മാ ഓരോന്ന് ചോദിച്ച് നിൽക്കാൻ ചേച്ചിക്ക് വല്യ ഇഷ്ടാ.
പക്ഷേല് ഇവിടുത്തെ അമ്മ കണ്ടാപ്പിന്നെ അതുമതി. ഒടുക്കത്തെ എരിവുള്ള സാധനമാണ്.
തന്റമ്മ പറയാറുള്ള പോലെ അല്പം കൂടിയ ഇനം.
പക്ഷേ ഇന്ന് ചേച്ചി നോക്കുന്നു കൂടിയില്ല.
ഏതോ ചിന്തയിലങ്ങനെ ഇരിക്കുവാണ്. കയ്യില് പൂജക്കർപ്പിക്കാനുള്ള തട്ടുണ്ട്.
ചേച്ചീ.... ഞാൻ പോകുവാട്ടോ. അല്പം വിഷമത്തോടാണ് ഞാനത് പറഞ്ഞത്.
ഇത്തവണ ചേച്ചി എന്നെ നോക്കി ചിരിച്ചു
പക്ഷേ ആ കണ്ണുകൾ കണ്ടപ്പഴേ മനസ്സിലായി
ചേച്ചി കുറേയേറെ കരഞ്ഞിട്ടുണ്ടെന്ന്.
തിരികെ നടക്കുമ്പോൾ ഞാൻ ചേച്ചിയെക്കുറിച്ചോർക്കുകയായിരുന്നു. നല്ലൊരു വീട്ടിലേയാ ചേച്ചി. നല്ല ജോലിണ്ടായിരുന്നു. ഇവിടെ നിന്നും പോയോണ്ടിരുന്നതാ. പക്ഷേ ഇവിടുത്തമ്മ സമ്മതിച്ചില്ല.
അങ്ങനിപ്പോ നിനക്കൊന്നും വെച്ചുവിളമ്പിത്തരാൻ എനിക്കു പറ്റില്ലാന്നു
പറഞ്ഞായിരുന്നു ഫൈറ്റ്. പക്ഷേ ചേച്ചിയൊരിക്കലും അമ്മേ കാര്യമാക്കീട്ടില്ലെന്നു തനിക്കറിയാരുന്നു. ചേച്ചി വെളുപ്പിനെഴുനേറ്റ് എല്ലാ പണിയും കഴിച്ചാണ് ജോലിക്കു പൊയ്ക്കൊണ്ടിരുന്നത്. അമ്മേ വല്യ കാര്യമാണ് ചേച്ചിക്ക്. എത്ര ചീത്ത കേട്ടാലും മുഖത്തെ ചിരിമായാതെ ചേച്ചി കേട്ടോണ്ടിരിക്കും. മിക്കവാറും തന്റെ മുന്നിലിട്ടാവും ശകാരം.
കാരണം, അവർക്കറിയാം തനിക്കു ചേച്ചിയെ വല്യ ഇഷ്ടാന്ന്.
അല്ലാ ഇന്നു നേരത്തേയെത്തിയല്ലോ. നന്ദേ കണ്ടില്ലേ നീ...
അമ്മേടെ ചോദ്യം കേൾക്കാത്തതുപോലെ ഞാനകത്തേക്കു കയറി. എന്റെ റൂമിലെ കുഞ്ഞൂഞ്ഞാൽകട്ടിലിൽ ഞാൻ ചുരുണ്ടു കിടന്നു. എനിക്കെന്തോ വല്യ വിഷമം വന്നിരുന്നു. ഞാനാലോചിച്ചു. എന്തായിരിക്കും നന്ദേച്ചിക്ക് പറ്റിയത്. കണ്ടനാൾ മുതൽ ചോദിക്കണമെന്നു കരുതുന്നതാണ്. എപ്പോഴും എന്തോ വിഷമം അലട്ടുന്നതുപോലാണ് മുഖഭാവം.
നെറ്റിയിൽ തണുത്ത കരസ്പർശനമേറ്റപ്പോഴാണ് ഞാൻ മിഴികൾ തുറന്നത്. അമ്മയാണ്.
ന്തേടീ.... പനിക്കുന്നുണ്ടോ.
ഞാൻ എഴുനേറ്റിരുന്നു. ക്ലോക്കിൽ മണി പതിനൊന്നായിരിക്കുന്നു.
ഈശ്വരാ... ഇനീപ്പോ എന്താ ചെയ്യ്യാ...
വെറുതേ ക്ലാസ് പോയി. ഞാനമ്മയെ ദേഷ്യത്തോടെ നോക്കി.
ഒന്നു വിളിച്ചൂടാർന്നോ അമ്മേ...
നിനക്ക് വയ്യാന്നു വിചാരിച്ചാ ഞാൻ.
എന്തേപ്പോ തനിക്കു പറ്റിയത്. രാവിലെത്തന്നെ നന്ദേച്ചിയെ ഇങ്ങനെ കണ്ടപ്പോൾ ഉള്ള മൂഡും പോയി. ആകപ്പാടെ വല്ലായ്മയായി. ഒന്നിനും തോന്നിയില്ല.
വെറുതെ പുറത്തൊക്കെ തേരാപ്പാര നടന്നോണ്ടിരുന്നപ്പഴാ കണ്ടേ.. അപ്പുറത്തെ അമ്മ ഒരുങ്ങിക്കെട്ടി പടിക്കലൂടെ പോകുന്നത്.
അമ്മോട് പറയുന്നത് കേട്ടു മോളെക്കാണാനോ മറ്റോ പോകുവാന്ന്.
മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഇന്നിനി നന്ദേച്ചീടടുത്ത് ഏറെ നേരമിരിക്കണം. ആ മനസ്സു തുറപ്പിക്കണം. എന്താണിത്ര ചിന്തിച്ചു ക ട്ടുന്നതെന്ന് അറിയണം തനിക്ക്. എന്തോ ഒരു സിസ്സംഗഭാവമാണാ മുഖത്തെപ്പോഴും. ഇന്നതെന്താണെന്നറിയണം.
ഞാൻ കുളിമുറിയിലേക്കോടി. പെട്ടന്നുതന്നെ കുളിച്ചു വന്ന് , അമ്മ വിളമ്പിവെച്ച കഞ്ഞിയും കോവക്കാ മെഴുക്കുപുരട്ടിയും ധൃതിയിൽ കഴിച്ച്
ഞാനൊരു പാച്ചിലായിരുന്നു. ഇന്ത്യക്കു സ്വാതന്ത്യം കിട്ടിയപോലെ.
അവിടെ ചെന്നപ്പോൾ ചേച്ചി ലാപ്പ്ടോപ്പും തുറന്നുവച്ചിരിപ്പുണ്ട്. എന്നെക്കണ്ടപ്പോൾ ചേച്ചി അരികിൽ പിടിച്ചിരുത്തി. എനിക്കതിലേക്കു നോക്കാൻ ചമ്മലുണ്ടായിരുന്നു. ചേച്ചീടെ എഫ്ബിയിലോട്ട് ഞാൻ നോക്കിയിരിക്കുന്നത് മോശമല്ലേ..
നീതു.... ഇതിലൊരു രഹസ്യോമില്ല.
ഞാനിത് എന്റെ ജീവിതം മുന്നോട്ടു തള്ളിനീക്കാൻ വേണ്ടി തുടങ്ങി വെച്ചൊരു കളിയാ.
എന്റെ വിമ്മിട്ടംകണ്ടപ്പോൾ ചേച്ചി പറഞ്ഞു.
ചേച്ചി ലോഗൗട്ട് ചെയ്യുന്നതുവരെ ഞാൻ ശബ്ദിക്കാതെ അരികിലിരുന്നു
ചേട്ടൻ പോയോ ചേച്ചീ...... ഞാൻ അകത്തേക്കു നോക്കി.
ഉം... ഉദാസീനതയോടുള്ള മൂളലായിരുന്നു മറുപടി.
എന്താപ്പോ ചോദിക്യാ.. ചോദിച്ചാലും തന്നോടൊക്കെ പറയ്യ്യോ......
അവസാനം ചേച്ചിയോട് ഞാൻ ചോദിക്കുക തന്നെ ചെയ്തു. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട്
ചേച്ചി ഒന്നൊന്നായ് എല്ലാം പറയാൻ തുടങ്ങി...
ഒറ്റമോൾ.. വലിയ തറവാട്ടുകാരായിരുന്നു ചേച്ചീടെ വീട്ടുകാർ. വളരെ നന്മയോടെ ചേച്ചി വളർന്നു വന്നു. സ്കൂൾ പഠനം കഴിഞ്ഞ്, ചേച്ചിയെ അകലെയുള്ള നല്ലൊരു കോളേജിൽ തന്നെ ചേർത്തു. അവിടെ വെച്ചാണ് ചേച്ചി അമറിനെ പരിചയപ്പെടുന്നത്. ചേച്ചിയുടെ സീനിയറായിരുന്നു.ആത്മാർത്ഥമായ സ്നേഹം.
മൂന്നുവർഷത്തോളം അരുമറിയാതെ കൊണ്ടുനടന്നു ഇരുവരും.
പക്ഷേ ഇതിനിടെ ചേച്ചിയുടെ അച്ഛന് ഒരു രോഗം വന്നു. ഏറിയാൽ ഒരു വർഷം. അതിലപ്പുറം കടക്കില്ല. ഡോക്ടർ ഗ്യാരണ്ടി പറഞ്ഞു.
കണ്ണുനീർ കടിച്ചമർത്തിക്കഴിഞ്ഞ ആ നാളുകളിലൊരു ദിവസം അച്ഛനൊരാഗ്രഹം പറഞ്ഞു. അവസാനത്തെ ആഗ്രഹം. ചേച്ചീടെ വിവാഹം. ചേച്ചി നടുങ്ങിപ്പോയി. അമറിന്റെ കാര്യം പറഞ്ഞാൽ ആ നിമിഷം അച്ഛൻ മരിച്ചുപോകുമെന്ന് ചേച്ചിക്കറിയാമായിരുന്നു.
അത്രക്ക് ജാതിസ്പിരിറ്റുമായി നടക്കുന്ന ആളാണ്.
കുടുംബം മൊത്തം ചേച്ചിയെ നിർബന്ധിക്കാൻ തുടങ്ങി. അവസാനം നിക്കക്കള്ളിയില്ലാതെ ചേച്ചിക്ക് കാര്യം പറയേണ്ടി വന്നു. വീടു മൊത്തം
സ്തംഭിച്ചപോലായി. അച്ഛന്റെ നില അനുദിനം വഷളായിക്കൊണ്ടിരുന്നു. ചേച്ചിയെ സകലരും ഒറ്റപ്പെടുത്തി. ഡോക്ടർവരെ ചേച്ചിയെ ശകാരിച്ചു. പിന്നീടുള്ള നാളുകളിൽ വീട്ടുതടങ്കലിലായി നന്ദേച്ചി.
അവസാനം എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു അവർക്ക്.
അങ്ങനെയാണീ വിവാഹം നടന്നത്. പക്ഷേ വിവാഹം കഴിഞ്ഞ രാത്രിയിൽ ചേച്ചിക്കൊരു ഫോൺകോൾ വന്നു. കൂട്ടുകാരി അഞ്ജിതേടെ.
അമർ ആത്മഹത്യ ചെയ്തിരിക്കുന്നു.
പിന്നീടെന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.
ചേച്ചി കരച്ചിലായി ബഹളമായി. പുതുമണവാളനോട് മുഴുവൻ സത്യവും പറയുകയും ചെയ്തു.
ആൾ പക്ഷേ ചേച്ചിയെ ഉപേക്ഷിച്ചില്ല. മറ്റാരോടും പറയുകയും ചെയ്തില്ല. പക്ഷേ കല്യാണം കഴിഞ്ഞ് വർഷം രണ്ടായി. ഇന്നുവരെ ചേട്ടൻ ചേച്ചിയോട് ഒന്നു മിണ്ടുക കൂടി ചെയ്തിട്ടില്ല...
രണ്ട് മരപ്പാവകൾ പോലെ ഒരേ മുറിയിൽ ജീവിതം തള്ളിനീക്കുന്നു ഇരുവരും.
നന്ദേച്ചിയോട് യാത്ര പറഞ്ഞ് വീട്ടിലേക്കു നടക്കവേ അമറായിരുന്നു നീതുവിന്റെ മനസ്സു നിറയെ.....
അവന്റെ ആത്മാവിന്റെ ശാപമാവാം ഒരുപക്ഷേ ചേച്ചി ഇന്നനുഭവിക്കുന്നത്...
നടക്കുന്നതിനിടയിൽ നീതു ഒരു ശപഥമെടുത്തു
തനിക്കാരേയും പ്രേമിക്കേണ്ട, കല്യാണവും കഴിക്കേണ്ട.... ഇങ്ങനൊക്കെ കഴിഞ്ഞാമതി തനിക്ക്.
അവൾ വീണ്ടും തന്റെ റൂമിലെ ഉൗഞ്ഞാൽകട്ടിലിലേക്ക് ചുരുണ്ടു.
ഇത്തവണ അവൾക്ക് ശരിക്കും പനിച്ചു തുടങ്ങിയിരുന്നു......... ഏതൊക്കെയോ ഓർമ്മകൾ പൊള്ളിച്ച പനി...
ജിഷ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo