പെണ്ണുകാണൽ
_______________
"എനിക്ക് കല്ല്യാണമേ വേണ്ട! എന്നെ ആരും നിർബന്ധിക്കേണ്ട."
"അതെങ്ങനെ ശരിയാകും. നിനക്ക് ഇപ്പോ എത്ര വയസായെന്ന് വല്ലോ ബോധവും ഉണ്ടോ? ഇപ്പോഴും നീ അവനെ വിചാരിച്ചു നടക്കുവാണോ?"
"അതെ. എന്റെ മനസ്സിൽ ഏട്ടൻ മാത്രമേ ഉള്ളൂ. എത്ര വർഷം കഴിഞ്ഞാലും അത് മാറാൻ പോകുന്നില്ല. നിങ്ങൾക്ക് എല്ലാവർക്കും ഇപ്പോ എന്താ കുഴപ്പം? നിങ്ങളുടെ എല്ലാം ഇഷ്ടപ്രകാരം പഠിച്ചു ജോലി മേടിച്ചില്ലേ? ഇന്നുവരെ ആരെക്കൊണ്ടും ഒരു മോശവും പറയിച്ചിട്ടില്ലല്ലോ?"
"മോളേ... നീ പറയുന്നത് കേൾക്ക്. അത് കഴിഞ്ഞു പോയ കാര്യമല്ലേ? നീ ഇപ്പോ പോയി ഒരുങ്ങ്. ചെക്കനും കൂട്ടരും വരാൻ സമയമായി. ഞങ്ങളെ നീ നാണം കെടുത്തരുത്."
"ശരി. ഞാൻ എല്ലാവരുടേയും മുന്നിൽ പ്രദർശന വസ്തുവിനെ പോലെ നിന്നോളാം. അതിൽ കൂടുതൽ ആരും ഒന്നും പ്രതീക്ഷിക്കണ്ട."
ദേഷ്യപെട്ട് ഞാൻ മുറിയിൽ കയറി വാതിലടച്ചു. ഞാനും ഏട്ടനും തമ്മിൽ പിരിഞ്ഞിട്ട് ഇപ്പോ 5 വർഷമായി. പക്ഷേ ഞാൻ ഇന്നും സ്നേഹിക്കുന്നു. വീട്ടിലാർക്കും ഞങ്ങളുടെ ബന്ധമിഷ്ടമല്ലായിരുന്നു. അച്ഛനും അമ്മയും ശക്തമായി എതിർത്തിരുന്നെങ്കിൽ ഞാൻ ഇറങ്ങി പോയേനെ! പക്ഷേ അവർ കരഞ്ഞു കാലു പിടിച്ചപ്പോൾ ഏട്ടന്റെ കണ്ണീർ കണ്ടില്ലെന്നു നടിച്ചു. ഏട്ടൻ മാന്യമായി വീട്ടിൽ വന്നു പറയുകയാണ് ഉണ്ടായത്, എന്നെ ഇഷ്ടമാണെന്ന്. സാമ്പത്തികവും വിദ്യഭ്യാസവും കുടുംബമഹിമയുടേയും പേരിൽ തള്ളി കളഞ്ഞു എന്റെ ഏട്ടനെ ഇവർ.
പെട്ടന്ന് തന്നെ ഞാൻ വണ്ടി കയറി വിദേശത്തേക്ക്. എനിക്ക് അവിടെ ജോലി ശരിയായിരുന്നു. ഏട്ടനെ പിരിയാനുള്ള വിഷമം കാരണം പോകാതിരുന്നതാണ്. അങ്ങനെ എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ കഴിഞ്ഞു. വീട്ടുകാരുമായി ഒരുപാട് അകന്നു. ക്രൂരവാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി.
മുത്തശ്ശിയ്ക്ക് സുഖമില്ലാത്തതു കാരണം ഇപ്പോ നാട്ടിൽ വന്നതാണ്. അപ്പോഴാണ് ഒരു വിവാഹാലോചന. ചെക്കൻ വക്കീലാണു പോലും. എന്തായാലും അണിഞ്ഞൊരുങ്ങി. എന്നെ കാണാൻ വന്ന ഹതഭാഗ്യന്റെ അടുക്കലെത്തി, മുഖത്ത് നോക്കിയില്ല. അതിന്റെ ആവശ്യമില്ലല്ലോ! പക്ഷേ പെട്ടെന്ന് എനിക്ക് എന്തോ തോന്നി. ആ മുഖത്തേക്ക് നോക്കി.
എന്റെ ഏട്ടൻ..........
10 വർഷത്തോളം പ്രേമിച്ചു നടന്നവരാണു ഞങ്ങൾ. എന്റെ കൈയിൽ നിന്ന് കപ്പുകളെല്ലാം താഴെ വീണു. ആ കാലു പിടിച്ചു ഞാൻ മാപ്പു പറഞ്ഞു. പിന്നെ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. ചുറ്റും ഇരുട്ട്. കണ്ണു തുറന്നപ്പോൾ ഏട്ടനടുത്തിരിപ്പുണ്ട്.
" എന്താ പെണ്ണേ, നീ പേടിച്ചു പോയോ?"
"ഞാൻ എന്തിനാ പേടിക്കുന്നേ, എന്റെ ഏട്ടനെ കാണുമ്പോൾ?"
"നീ എന്നാലും ആളു കൊള്ളാം. എന്നെ മറന്നില്ലേ? ഏതൊ ഒരുത്തനെ കാണാൻ റെഡിയായി നിന്നില്ലേ?"
" ഏട്ടാ. ... ശവത്തിൽ കുത്തല്ലേ! അച്ഛനേയും അമ്മയേയും നാണം കെടുത്താൻ പറ്റില്ലല്ലോ മറ്റുള്ളവരുടെ മുന്നിൽ! അതാ ഞാൻ ..... അതൊക്കെ പോട്ടെ, ഇതെങ്ങനെ സാധിച്ചെന്നു പറ."
"എനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട് പെണ്ണേ!"
"എന്നോടോ? എന്തിനു?"
"ഇതുപോലെ ഒരു അച്ഛനേയും അമ്മയേയും തന്നതിനു."
"പഷ്ട് ! കൊള്ളാം. നമ്മളെ പിരിക്കാൻ നോക്കിയതിനാണോ?
"അന്ന് ഞാൻ വീട്ടിൽ വന്നുപോയതിനു ശേഷം നിന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നിട്ടു പറഞ്ഞു, അവർക്ക് അറിയാം നിനക്ക് എന്നോടുള്ള സ്നേഹം. സ്നേഹം കൊണ്ട് ജീവിക്കാൻ പറ്റില്ലല്ലോ! അതുകൊണ്ട് കുറച്ചു കൂടി പഠിച്ച് ജോലി സമ്പാദിക്ക്. നിന്നെ എനിക്ക് തന്നോളാമെന്ന്. അങ്ങനെ അച്ഛനാണ് എന്നെ പഠിപ്പിച്ചത്. നിനക്ക് ഒരു സർപ്രേയിസ് ആയിക്കോട്ടെ എന്നു കരുതിയാ ഒന്നും ഇതുവരെ പറയാതിരുന്നത്. പിന്നെ അതു നിന്റെ മാത്രം അച്ഛനല്ല എന്റെയും കൂടിയാ."
"ഉം..."
"3 വർഷം കൊണ്ട് പഠിച്ചു. ഇപ്പോ ജോലിയുമായി. വീടു പണി നടന്നു കൊണ്ടിരിക്കുന്നു. നമ്മൾ സ്വപ്നം കണ്ടതെല്ലാം നടക്കാൻ പോകുവാ. നീ എന്താ മിണ്ടാത്തെ?"
എനിക്ക് ഒരക്ഷരം ശബ്ദിക്കാൻ കഴിഞ്ഞില്ല. കരയാൻ ഉള്ള അർഹത പോലും എനിക്കില്ല. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ആ പാവം മനുഷ്യനെ ഞാൻ എന്തുമാത്രം വിഷമിപ്പിച്ചു. എന്റെ ഒരാഗ്രഹത്തിനും ഇന്നുവരെ തടസം നിന്നിട്ടില്ല. എന്നിട്ടും ആ മനസ്സ് കാണാൻ ഞാൻ കൂട്ടാക്കിയില്ലല്ലോ! ഞാൻ ഇത്രയും വേദനിപ്പിച്ചിട്ടും തിരിച്ച് ഒരു നോക്ക് കൊണ്ട് പോലും എന്നെ ശകാരിച്ചില്ല.
അതാണ് മാതാപിതാക്കൾ. മക്കളിൽ നിന്നും ഒന്നും ആഗ്രഹിക്കില്ല. അളവറ്റ സ്നേഹവും നൽകും. ഒന്നും പ്രതീക്ഷിക്കാതെ മക്കളുടെ നല്ലതിനു വേണ്ടി അഹോരാത്രം പ്രയത്നിക്കും. ഇന്നത്തെ തലമുറക്ക് കാണാൻ കഴിയാത്തതും അതാണ്.
~ചാരു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക