പ്രവാസി
ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു റൂമിൽ എത്തിയപ്പോഴേക്കും സമയം ആറ് മണി കഴിഞ്ഞിരുന്നു. പതിവ് പോലെ ഡ്രസ്സും മാറി പല്ലു തേച്ച് രണ്ട് കുബ്ബൂസും കഴിച്ചു പതിയെ മുഖപുസ്തകം തുറന്ന് കുറച്ച് കഥകൾ വായിച്ചു. ഇന്നലെ നല്ല തിരക്കുള്ള ദിവസം ആയിരുന്നു. വല്ലാത്ത ക്ഷീണം , വായിക്കാൻ കഴിയുന്നില്ല , കണ്ണുകൾ താനേ അടഞ്ഞു പോകുന്നു. കഥ വായന മാറ്റി വച്ച് മൊബൈലിൽ ഉച്ചക്ക് രണ്ട് മണിക്ക് അലാറവും വച്ച് നേരെ ഉറങ്ങാൻ കിടന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി....
ഇടക്കെപ്പോഴോ സംസാരം കേട്ടാണ് പതിയെ കണ്ണ് തുറന്ന് നോക്കിയത്. റൂമിലെ രഞ്ജിത്തേട്ടൻ വീട്ടിൽ വിളിച്ച് സംസാരിക്കുന്നതാണ്. ഓഹ് ഇന്ന് ശനിയാഴ്ച്ച ആണല്ലോ , ഞാൻ മനസ്സിലോർത്തു. പുള്ളിക്ക് വെള്ളിയും ശനിയും അവധിയാണ്. ഇനി ഇപ്പോഴെങ്ങും ഫോൺ വക്കുമെന്നുള്ള പ്രതീക്ഷ വേണ്ട. പുള്ളി അങ്ങനെയാണ് , ദിവസം ഒരു മൂന്ന് തവണയെങ്കിലും വീട്ടിൽ വിളിച്ച് ചേച്ചിയോടും മകൻ അച്ചുവിനോടും സംസാരിച്ചില്ലെങ്കിൽ ചേട്ടന് ഉറക്കം വരില്ല. ഞാൻ മൊബൈലിൽ സമയം നോക്കി മണി പത്തായിട്ടേയുള്ളൂ. ഞാൻ തല വഴിയേ പുതപ്പ് മൂടി ഒന്നുകൂടി തിരിഞ്ഞ് കിടന്നു ഉറങ്ങാനൊരു ശ്രമം നടത്തി.
എപ്പോഴോ ഒന്നുകൂടി ഉണർന്നു , പക്ഷെ ഇപ്പൊ ശബ്ദം ഒന്നും കേൾക്കാനില്ല. ങേ രഞ്ജിത്തേട്ടൻ ഫോൺ വക്കാനോ , ഇത്ര പെട്ടെന്നോ , അങ്ങനെ വരാൻ സാധ്യത തീരെ ഇല്ലല്ലോ എന്നോർത്ത് നോക്കുമ്പോൾ അടുത്ത ബെഡിൽ പുള്ളി മൊബൈലും നോക്കി കിടക്കുന്നുണ്ട്...
എന്താ ചേട്ടാ നിങ്ങള ശല്യം സഹിക്കാൻ വയ്യാതെ പെണ്ണുമ്പിള്ള ഫോണും വച്ചിട്ട് പോയോ ? തമാശ രീതിയിൽ ഞാൻ ചേട്ടനോട് ചോദിച്ചു. പുള്ളി എന്നെയൊന്നു നോക്കിയിട്ട് മെല്ലെ തിരിഞ്ഞു കിടന്നു.
എന്തോ ഉണ്ടായിട്ടുണ്ടല്ലോ , അല്ലെങ്കിൽ ചേട്ടനിങ്ങനെ കിടക്കില്ല. ഞാൻ ചേട്ടന്റെ അടുത്തേക്ക് ചെന്നു. നോക്കുമ്പോ പുള്ളി കരയുവാണ്. എന്താ ചേട്ടാ , എന്താ ഉണ്ടായേ , വീട്ടിൽ ആർക്കേലും അസുഖം വല്ലതുമുണ്ടോ ?
അൽപ നേരം പുള്ളിയൊന്നും മിണ്ടിയില്ല. ഞാൻ വീണ്ടും ഒന്നുകൂടി ചോദിച്ചപ്പോൾ ചേട്ടൻ ഫോണിന്റെ ഗാലറി ഓപ്പൺ ആക്കി എന്നെ കാണിച്ചു , അച്ചു ജനിച്ച സമയം മുതൽ ഈയിടെ പതിനാല് വയസ്സ് തികഞ്ഞപ്പോ പിറന്നാളിന് എടുത്ത ഫോട്ടോ വരെ അതിലുണ്ട്...
ദാ കണ്ടോ , ഇവർക്ക് വേണ്ടിയാ എന്റെ ജീവിതം. നിങ്ങളൊക്കെ എന്നെ കളിയാക്കാറില്ലേ ഇരുപത്തിനാല് മണിക്കൂറും ഭാര്യക്ക് സ്വസ്ഥത കൊടുക്കാതെ വിളിച്ചോണ്ട് ഇരിക്കുമെന്നു പറഞ്. ശരിയാ ഒരു ദിവസം പോലും അവളെയും കൊച്ചിന്റെയും ശബ്ദം കേൾക്കാതെ ഇരിക്കാൻ എന്നെക്കൊണ്ട് കഴിയില്ല.
നിങ്ങളൊക്കെ ഫോണില് ഡോളർ കേറ്റിയാ മിനിമം ഒരു മാസം എങ്കിലും ഉപയോഗിക്കും. പക്ഷെ ഞാൻ മാസത്തില് നാലും അഞ്ചും തവണ ചാർജ് ചെയ്യണത് എന്ത് കൊണ്ടാണെന്ന് നിനക്കറിയാല്ലോ , എനിക്കെന്റെ ചിത്രേടേം കൊച്ചിന്റേം ശബ്‌ദം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല. പക്ഷെ ഇപ്പൊ തോന്നുന്നു നിങ്ങളൊക്കെ വിളിക്കുമ്പോലെ വല്ലപ്പോഴും വിളിച്ചാ മതിയായിരുന്നെന്ന്. വല്ലാത്ത ഒരു വിഷമത്തോടെ ആയിരുന്നു ചേട്ടനത് പറഞ്ഞത്.
അതിനിപ്പോ എന്താ ഉണ്ടായേ ഇങ്ങനെ വിഷമിക്കാൻ ? ചേച്ചിയും ആയി വഴക്കിട്ടൊ ?
ഇല്ല ഉണ്ണി , ഞാൻ അവളോട് വഴക്കിടാറില്ല. അവള് എന്തേലും പറഞ്ഞാൽ പോലും ഞാൻ തിരിച്ചൊന്നും പറയില്ല. ഉണ്ണിക്ക് അറിയോ സ്വന്തം വീടും കുടുംബവും എല്ലാം വിട്ട് എന്നെ വിശ്വസിച്ച് കൂടെ വന്നവളാ ചിത്ര. അവളെ ഞാൻ ആയിട്ട് നോവിക്കില്ല. പക്ഷെ എന്റെ അച്ചുകുട്ടൻ , അവനിന്ന് അച്ഛനെ ഒന്നു നോവിച്ചു.
ഞാൻ വിളിച്ചപ്പോ അവള് അടുക്കളയിൽ തിരക്കിൽ ആയിരുന്നു. എന്നാ അച്ചു മോന് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോ ശരീന്നു പറഞ്ഞു പോയവള് പിന്നെ പറഞ്ഞത് മോൻ കളിക്കാൻ പോയെന്നാ. എന്നാ പിന്നീട് വിളിക്കാന്ന് പറഞ്ഞ് കട്ട് ചെയ്യാൻ ഒരുങ്ങിയപ്പോഴാ അവള് അച്ചൂനെ വഴക്ക് പറയുന്നത് ഞാൻ കേട്ടത്. അവളുടെ ഫോൺ കട്ടായിരുന്നില്ല. ഞാൻ കേട്ടതാ ഉണ്ണി അവള് മോനോട് പറയുന്നത്. അച്ഛനോട് സംസാരിക്കാൻ നിനക്കെന്താ വയ്യാത്തത് , അച്ഛൻ വിഷമിക്കണ്ടന്നു വച്ചാ നി കളിക്കാൻ പോയതെന്നു ഞാൻ കള്ളം പറഞ്ഞതെന്ന്. അതിന് എന്റെ മോൻ പറഞ്ഞ മറുപടി എന്താന്ന് നീ കേട്ട് നോക്ക്.
ചേട്ടൻ ഫോണിൽ ആട്ടോ കാൾ റെക്കോർഡർ ഓപ്പൺ ചെയ്തു അവസാനം വീട്ടിലേക്ക് വിളിച്ചത് പ്ലേ ചെയ്തിട്ട് സ്‌പീക്കർ ഓണാക്കി എന്റെ കൈയിൽ തന്നു.
" ഈ അച്ഛന് എന്താ അമ്മേ ഒരു നെറ്റ്കാൾ ഉണ്ടന്ന് വച്ച് ഇങ്ങനെ എപ്പോഴും കിടന്ന് വിളിക്കുന്നത്. ഞാൻ എന്താ ഇള്ളക്കുട്ടിയാണോ അച്ചുകുട്ടാ അച്ചുകുട്ടാന്ന് വിളിച്ച് എപ്പോഴും ഇങ്ങനെ നടക്കാൻ. അച്ഛൻ വിളിക്കുമ്പോ അമ്മ ഇതുപോലെ തന്നെ പറഞ്ഞാ മതി ഞാൻ കളിക്കാൻ പോയന്ന്."
ഇത്രയും കേട്ടപ്പോ ഞാൻ കട്ട് ആക്കി ഉണ്ണീ. അവന് പതിനാല് വയസ്സായി ശരിയാ , പക്ഷെ എനിക്കവൻ ഇപ്പോഴും ഇള്ളക്കുട്ടി തന്നെയാ.
എനിക്ക് തന്നെ വല്ലാതെ വിഷമം തോന്നി അത് കേട്ടപ്പോ. ഞാൻ തിരിഞ്ഞ് രഞ്ജിത്തേട്ടനെ നോക്കുമ്പോ തലയിണയിൽ മുഖം അമർത്തി പിടിച്ച് കരയുകയായിരുന്നു ആ പാവം.
എന്താല്ലേ , ഭാര്യയും മക്കളും നല്ലത് പോലെ ജീവിക്കണമെന്ന് ആഗ്രഹിച്ചു ഓരോരുത്തരും ഇതുപോലെ ഇവിടെക്കിടന്ന് കഷ്ടപ്പെടുമ്പോ ആകെയുള്ള ആശ്വാസം എല്ലാം നമ്മുടെ കുടുംബത്തിന് വേണ്ടിയാണല്ലോ എന്നുള്ള ഒരു ചിന്ത മാത്രമാണ്. ഞങ്ങള് പ്രവാസികള് കൂടുതലൊന്നും ആഗ്രഹിക്കാറില്ല , എത്ര വലിയ കഷ്ടപ്പാട് ആണെങ്കിലും സ്നേഹിക്കുന്നവരുടെ അടുത്തന്നൊരു നല്ല വാക്ക് മാത്രം മതിയാവും ഈ ഒറ്റപ്പെടലിന് ഇടയിലും ഞങ്ങൾക്ക് സന്തോഷിക്കാൻ.
നാട്ടിലുള്ള ഞങ്ങളുടെ പ്രിയപ്പെട്ടവരോട് ഒന്നു ചോദിച്ചോട്ടെ ,
നിങ്ങൾക്ക് കഴിയുമോ അല്പനേരം ഞങ്ങൾക്കായി മാറ്റി വക്കുവാൻ.
ഏതു വിഷമത്തിലും കൂടെ നിന്നൊന്ന് ആശ്വസിപ്പിക്കുവാൻ.
മനസ്സ് തുറന്ന് ഞങ്ങളെ ഒന്നു സ്നേഹിക്കുവാൻ.
നിങ്ങൾക്കതിന് കഴിഞ്ഞാൽ തീർച്ചയായും ഞങ്ങൾക്കു നല്കാവുന്നതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അത് മാത്രമായിരിക്കും........
നിങ്ങൾക്ക് കഴിയുമോ അല്പനേരം ഞങ്ങൾക്കായി മാറ്റി വക്കുവാൻ.
ഏതു വിഷമത്തിലും കൂടെ നിന്നൊന്ന് ആശ്വസിപ്പിക്കുവാൻ.
മനസ്സ് തുറന്ന് ഞങ്ങളെ ഒന്നു സ്നേഹിക്കുവാൻ.
നിങ്ങൾക്കതിന് കഴിഞ്ഞാൽ തീർച്ചയായും ഞങ്ങൾക്കു നല്കാവുന്നതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അത് മാത്രമായിരിക്കും........
Unni Tvm ( ഉണ്ണി ആറ്റിങ്ങൽ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക