ദീദി
------
------
നാലു വർഷം മുൻപ് എട്ടാം ക്ലാസ്സിലെ ഒരു ജ്യോഗ്രഫി ക്ലാസ്. പല രാജ്യങ്ങളിലും എന്തുകൊണ്ടാണ് വ്യത്യസ്ത സമയം ഉണ്ടാകുന്നതെന്ന് പഠിപ്പിക്കുകയായിരുന്നു ഞാൻ. ബോർഡിൽ വരച്ചു പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. അല്പം വിഷമം പിടിച്ച ഭാഗമായതുകൊണ്ടുതന്നെ ഒരില വീണാൽ പോലും അറിയുന്ന നിശബ്ദത.
ആ സമയത്തു എവിടെ നിന്നാണെന്നറിയില്ല.. ഒരു പൂച്ചക്കുട്ടിയുടെകരച്ചിൽ!!!. അവിടെ എങ്ങും ഞാനൊരു പൂച്ചയെ കണ്ടതായി ഓർക്കുന്നുമില്ല. ഏകദേശം അഞ്ചു മിനിട്ടു കഴിഞ്ഞുകാണും.. വീണ്ടും അതെ കരച്ചിൽ. പുറത്തോട്ടു തുറക്കുന്ന ജനാലക്കരികിൽ നിന്നുമാണ് ആ ശബ്ദം. എന്തോ ഒരു പന്തികേട് തോന്നി. ആ ഭാഗത്തിരിക്കുന്ന ആൺകുട്ടികൾ അടക്കിപ്പിടിച്ചു ചിരിക്കുന്നുമുണ്ട്. ആരോ ഒപ്പിച്ച പണിയാണെന്നു മനസ്സിലായി. പാഠഭാഗം മുഴുവനാക്കാൻ പറ്റാത്ത ദേഷ്യം കാരണം ചോക്ക് ലീഡറിന് മുന്നിലേക്ക് ഇട്ടുകൊടുത്തിട്ടു ഞാനൊന്നും മിണ്ടാതെ സ്റ്റാഫ്‌റൂമിലേക്കു നടന്നു. സ്റ്റാഫ്‌റൂമിലെത്തിയപ്പോൾ അവിടെങ്ങും ആരുമില്ല. വന്ന ദേഷ്യം അടക്കാനായി ജഗ്ഗിലിരുന്ന വെള്ളം ഒട്ടുമുക്കാലും കുടിച്ചുതീർത്തു. അപ്പോഴാണ് സ്റ്റാഫ്‌റൂമിന് വെളിയിലായി അഞ്ചാറ് ആൺകുട്ടികൾ നിൽക്കുന്നത് കണ്ടത്. അനുവാദം പോലും ചോദിക്കാതെ അവരിൽ നിന്നും രണ്ടുപേർഅകത്തേക്ക് വന്നു. "മാം, സോറി.. വി വിൽ നോട്ട് റിപ്പീറ്റ് ഇറ്റ്... പ്ലീസ് കം റ്റു ക്ലാസ്".
ഒന്നും കേട്ട ഭാവം ഞാൻ കാട്ടിയില്ല. അപ്പോഴാണ് മൂന്നാമൻ അകത്തേക്ക് വന്നത്. വന്നയുടൻ തന്നെ വലതു കൈ എന്റെ മുന്നിലേക്ക് നീട്ടിപിടിച്ചു. തല്ലിക്കോ എന്ന മട്ടിൽ. അതും ഞാൻ കണ്ടതായി ഭാവിച്ചില്ല. ഏതായാലും അടുത്ത പീരീഡ് തുടങ്ങാനായി ബെല്ലടിച്ചു. കുട്ടികൾ ക്ലാസ്സിലേക്ക് പോയി.
അടുത്തദിവസം എട്ടാം ക്ലാസ്സിൽ ചെന്നതും തലേ ദിവസം എന്റെ മുന്നിൽ കൈനീട്ടി നിന്നവൻ അവിടെ എണീറ്റ് നിൽക്കുന്നു. തലയുർത്താതെ തന്നെ അവൻ കുറ്റം ഏറ്റുപറഞ്ഞു. പൂച്ച കരയുന്ന ശബ്ദം ഉണ്ടാക്കിയത് അവനാണെന്നു...ഞാൻ അധികം ശ്രദ്ധിക്കാത്ത മുഖമായിരുന്നു അത്. അവന്റെ പേര് ചോദിച്ചു. തല കുനിച്ചു തന്നെ പറഞ്ഞു "മോനു പർമാർ". കഴിഞ്ഞ ദിവസത്തെ ദേഷ്യമൊക്കെ ഞാൻ അവനോടു പറഞ്ഞു തീർത്തു. അല്പം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത് അവൻ കരയുകയായിരുന്നുവെന്നു. അത് കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി.
വീട്ടിൽ കുറ്റം ചെയ്താൽ അമ്മയോ ചേച്ചിയോ വഴക്കു പറയില്ലേ? അങ്ങനെ കണ്ടാൽ മതിയെന്ന്പറഞ്ഞു തലേദിവസം ബാക്കി വെച്ച പാഠം ഞാൻ പൂർത്തിയാക്കി. അടുത്തദിവസവും അതിനടുത്ത ദിവസവും അവൻ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. മറ്റു ക്ലാസ്സിലൊക്കെ അവൻ ഇതുപോലാണോ എന്ന് ചോദിച്ചപ്പോൾ എല്ലാ കുട്ടികളും ഒന്നടങ്കം പറഞ്ഞു അല്ലാ എന്ന്. അവനു ഏറ്റവും ഇഷ്ടം എന്റെ ക്ലാസാണത്രേ.
ഞാൻ അവനെ കുറിച്ച് അന്വേഷിച്ചതിന്റെ പിറ്റേ ദിവസം പുള്ളി ക്ലാസ്സിൽ ഹാജരായി. "ഹലോ മോനു, ഹൌ ആർ യു" എന്ന് ഞാൻ ചോദിച്ചതും "ഐ ആം ഫൈൻ ദീദി" എന്ന് മറുപടിയും വന്നു. ദീദിയോ ഞാനോ? ഒരു ടീച്ചറെ കേറി ദീദി എന്ന് വിളിക്കണമെങ്കിൽ അവനെന്തു ധൈര്യം വേണം? സ്റ്റാഫ് റൂമിൽ എന്റെ അടുത്ത സുഹൃത്തിനോട് ഞാനിക്കാര്യം പറഞ്ഞു. മോനു പർമാറിനെ അങ്ങനെ ആർക്കും അറിയില്ല. ഈ "പർമാർ" എന്താ സംഭവം എന്ന് ഞാൻ അന്വേഷിച്ചു. അത് രാജകുടുംബത്തിലെ ആണ്കുട്ടികൾക്കിടുന്ന ടൈറ്റിൽ ആണത്രേ!!!.
തരം കിട്ടുമ്പോഴൊക്കെ മോനു എന്നെ ദീദി എന്ന് വിളിക്കാൻ തുടങ്ങി .ഒരു ദിവസം അവനെ ഞാൻ പിടികൂടി എന്തിനാ നീ എന്നെ ദീദി എന്ന് വിളിക്കുന്നതെന്ന് ചോദിച്ചു. അപ്പോളവൻ പറഞ്ഞ മറുപടി എന്നെയൊന്നു ഞെട്ടിച്ചു. എന്നെ അവൻ അവന്റെ ചേച്ചിയായി അംഗീകരിച്ചുപോയി ഇനി മാറ്റാൻ പറ്റില്ലത്രേ!!. മാസങ്ങൾ കടന്നുപോയി അവൻ ഒൻപതിലെത്തി. ഒരു ആഗസ്ത് മാസം.. രക്ഷാബന്ധൻ പ്രമാണിച്ചു അവധി വരുന്നുണ്ട്. അവൻ എന്നോട് ചോദിച്ചു അവന്റെ കൈയിൽ ഞാൻ രാഖി കെട്ടുന്നില്ലെയെന്നു. വെറുതെ ഒന്ന് ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല.
രക്ഷാബന്ധൻ കഴിഞ്ഞു വീണ്ടും ക്ലാസ് തുടങ്ങി. സ്കൂൾ സമയം അവസാനിച്ചു. ലാസ്ററ് പീരീഡ് കഴിഞ്ഞു പോകാൻ നിൽക്കുന്ന എന്റെ മുന്നിൽ മോനു. കൈയിൽ ഒരു ചെറിയ ബോക്സ്. അവനതു തുറന്നു.. അതിനുള്ളിൽ സ്വര്ണനിറമുള്ള മുത്തുകൾ കോർത്ത ഒരു രാഖി. ഇടത്തെകൈയിൽ ആ ബോക്സ് വെച്ച് വലത്തേ കൈ എന്റെ നേർക്ക് നീട്ടി മോനു. എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു നിമിഷം. ആരോ ചെയ്യിപ്പിച്ചതുപോലെ ഞാനാ രാഖി അവന്റെ കൈയിൽ കെട്ടികൊടുത്തു. ഉടൻ തന്നെ അവൻ കുനിഞ്ഞു എന്റെ രണ്ടു കാലിലും തൊട്ടു വന്ദിച്ചു. ജീവിതത്തിലാദ്യമായിട്ടാണ് ഒരാൾ എന്റെ കാൽ തൊട്ടു വന്ദിക്കുന്നത്. എനിക്കെന്തോ, സങ്കടം തോന്നി.
അങ്ങനെ കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് ബിഹാറിൽ നിന്നും ഒരു പൊന്നാങ്ങളയെ കിട്ടി.!! വെറും അനിയനല്ല.. ഒരു യുവരാജാവ്!!. അവൻ എന്നെ ചേച്ചിയായി കണ്ടത് സഹിക്കാം.. പുള്ളി മറ്റൊന്ന് കൂടി ചെയ്തു എന്റെ ഭർത്താവിനെ അദ്ദേഹം കേൾക്കാതെ ജീജാജി (അളിയാന്ന്) വിളിക്കാനും തുടങ്ങി.
എല്ലാരും എന്നോട് പറഞ്ഞു.. ഇത് നോർത്ത് ഇന്ത്യൻ പിള്ളേരുടെ അടവാണെന്നു... കിട്ടേണ്ട ഇന്റെണൽ മാർക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ അവന്മാർ തിരിഞ്ഞുപോലും നോക്കില്ലാന്നു. പക്ഷെഎന്തോ മോനുവിനെ ഞാൻ അനിയനായി കണ്ടുപോയി. എന്റെ പിറന്നാളുകൾ ഓർത്തു വെക്കാനും അവൻ മറന്നില്ല. അങ്ങനെ മോനു പത്തിലെത്തി. പത്താം ക്ലാസ്ഒരുവിധം നല്ല മാർക്കോടെ അവൻ പാസ്സായി. പിന്നെ അവൻ ഞങ്ങളുടെ സ്കൂളിൽ നിന്നും പോയി. ആ വർഷത്തെ രക്ഷാബന്ധൻ ദിനം അവനെന്നെ കാണാൻ വന്നു. ഞാനവന്റെ കൈയിൽ സ്വർണനൂലിൽ ചുവന്ന മുത്തുകൾ കൊരുത്ത രാഖി കെട്ടി. അതിനുശേഷം ഒരു ലഡ്ഡു വായിൽ വെച്ചുകൊടുത്തു. പിന്നെ അവൻെറ നെറ്റിയിൽ കുങ്കുമം തൊട്ടു. ആ സമയം അവൻ അവന്റെ വലതുകൈ തലയിലും ഇടതുകൈ നെഞ്ചിലും വെച്ച് കുനിഞ്ഞു എന്റെ മുന്നിൽ നിന്നു.
ദീദിക്ക് ഈ സിസ്റ്റമൊക്കെ എങ്ങനറിയാമെന്നു പോകാൻ നേരം അവനെന്നോട്ചോദിച്ചു.
ദീദിക്ക് ഈ സിസ്റ്റമൊക്കെ എങ്ങനറിയാമെന്നു പോകാൻ നേരം അവനെന്നോട്ചോദിച്ചു.
നിനക്ക് വേണ്ടി പലരോടും ചോദിച്ചു പഠിച്ചുവെന്നു ഞാൻ മറുപടിനല്കി.
അതുകേട്ടു അവനൊന്നു ചിരിച്ചു. പിന്നെ ഒരു സമ്മാനപ്പൊതിയും തന്നു തിരിച്ചുപോയി.
ഈ കഴിഞ്ഞ രക്ഷാബന്ധന് ഞാൻ അവനെ കാത്തിരുന്നെങ്കിലും അവൻ വന്നില്ല. അന്നെനിക്ക്ഒരുപാടു സങ്കടം തോന്നിയിരുന്നു. പിന്നെ ഒക്കെ മറന്നു. എല്ലാരും പറഞ്ഞപോലെ ഒരുപക്ഷെ ഇതൊക്കെ അവന്റെ ഒരു തമാശ ആയിരുന്നിരിക്കാം എന്ന് ആശ്വസിച്ചു.

ഇന്ന് ഒരുനാളുമില്ലാത്ത ചൂടായിരുന്നു ഇവിടെ. ഏഴു പീരീഡ് കഴിഞ്ഞപ്പോൾ ഞങ്ങൾ അധ്യാപകരും കുട്ടികളും ഒക്കെ തളർന്നുപോയി. ക്ലാസ് കഴിഞ്ഞു രെജിസ്റ്ററിൽ ഒപ്പുവെക്കാനായി ഓഫീസിലേക്കുപോകുമ്പോൾ വീണ്ടും കേട്ടു ആ വിളി.. ദീദീ..
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചുട്ടുപൊള്ളുന്ന വെയിലത്ത് അല്പം താടിയൊക്കെ നീട്ടി വെളുത്തു കൊലുന്നനെയൊരു രൂപം. ദീദീ എന്നും വിളിച്ചു ഓടി അടുത്തേക്ക് വരുന്നു.എന്റെ കൈയിൽ നിന്നും പിടിവിടാതെ ഒരു കൊച്ചു കുട്ടിയെപ്പോലെ അവൻ അരികത്തു ചേർന്ന് നിന്നു. പുതിയതായി ജോയിൻ ചെയ്ത ടീച്ചർ എന്റെ അടുത്തുനിൽക്കുന്ന അപരിചിതൻ ആരാന്നു ചോദിച്ചപ്പോൾ ഒട്ടും സങ്കോചം കൂടാതെ ഞാൻ പറഞ്ഞു.. ഹി ഈസ് മൈ ബ്രദർ.. മൈ യങ്ങർ ബ്രദർ. അപ്പോളവൻ അഭിമാനത്തോടെ ഒന്നുകൂടി എന്റടുത്തേക്കു ചേർന്നുനിന്നു. അവനെ കണ്ടപ്പോൾ അവനോടു സംസാരിച്ചപ്പോൾ വീണ്ടും ഒരു തോന്നൽ ഇനിയിപ്പോ കഴിഞ്ഞ ജന്മത്തിലെങ്ങാനും അവനെന്റെ സ്വന്തം സഹോദരനായിരുന്നോ എന്ന്.. അല്ലെങ്കിൽ പിന്നെ ആദ്യമായി കണ്ട എന്നോട് ആ കുട്ടിക്ക് അങ്ങനെ തോന്നേണ്ട കാര്യമില്ലല്ലോ!! ആർക്കറിയാം.. മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്ത ചുരുളഴിയാത്ത എത്രമാത്രം രഹസ്യങ്ങൾ.. അക്കൂട്ടത്തിലൊന്നാകാം ഈ "ദീദിയും ഭായിയും".

UmaPradeep

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക