മാതൃഭാഷ
========
========
ജപ്പാനീസ് ഭാഷയിൽ ടൈപ്പ് റൈറ്റർ ഇല്ലെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഭാഷയിൽ രണ്ടായിരത്തോളം ലിപികൾ ഉള്ളതിനാൽ ലിപികൾ മുഴുവൻ ഉൾക്കൊള്ളുന്ന രീതിയിലുള്ള കീബോർഡ് സെറ്റ് ചെയ്യുമ്പോൾ വലുപ്പക്കൂടുതൽ മൂലം ടൈപ്പ് ചെയ്യുവാൻ കഴിയാത്തതാണ് കാരണമായി പറയുന്നത്.
ലോക മഹായുദ്ധം മൂലമുണ്ടായ കെടുതികളിൽ നിന്നും കരകയറി വൻ സാമ്പത്തിക ശക്തിയായി തീരുവാൻ അവരുടെ ഭാഷയും, ഭാഷാസ്നേഹവും നിമിത്തമായിട്ടുണ്ട്.
ലിപിയുടെ ലളിതമല്ലാത്ത ഘടനയും, എണ്ണക്കൂടുതലും മൂലം എഴുതുവാനും, വായിയ്ക്കുവാനും ഓർമയിൽ സൂക്ഷിയ്ക്കാനും നിരന്തരമായി തലച്ചോറിന്റെ ഉപയോഗം വേണ്ടി വരുന്നതിനാൽ ജപ്പാൻ ജനത ബുദ്ധിപരമായി വളരെയധികം മുന്നിലെത്തിച്ചേർന്നു. അവരുടെ എല്ലാ വിധ വ്യവഹാരങ്ങളും മാതൃഭാഷയിൽ കൂടി മാത്രമായിരുന്നു നടന്നിരുന്നത്.
ദിവസങ്ങൾക്ക് മുൻപുള്ള ഒരു ഞായറാഴ്ച ദിവസം സുമുഖന്മാരായ നാലു് ന്യൂ ജെൻ ചെറുപ്പക്കാർ എന്നോട് ഒരു സഹായം ആവശ്യപ്പെട്ടു കൊണ്ട് വീട്ടിൽ വന്നിരുന്നു.
അവരിൽ മൂന്ന് പേർ ഐ. ടി Based ആയിട്ടുള്ള ഒരു എം.എൻ.സി യിലും, ഒരാൾ മീഡിയാരംഗത്തും പ്രവർത്തിയ്ക്കുന്നു. അവർ നാലു പേരും ചേർന്ന് ചെയ്യുവാനുദ്ദേശിയ്ക്കുന്ന ഡോക്യുമെന്ററിയുടെ Script ഉം കൊണ്ടു വന്നിരുന്നു.Script എഴുതിയിരുന്നത് മംഗ്ലീഷിലായിരുന്നു. മംഗ്ലീഷിൽ നിന്നും Script പച്ചമലയാളത്തിലേയ്ക്ക് പകർത്തി എഴുതിക്കൊടുക്കണമെന്നുള്ള വളരെ ചെറിയ സഹായമാണ് അവർ എന്നിൽ നിന്നും പ്രതീക്ഷിയ്ക്കുന്നത്.
വിദേശത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നുമായിരുന്നു നാലാളും അടിസ്ഥാന വിദ്യാഭ്യാസം നേടിയത്. അവർക്ക് നേരാംവണ്ണം മലയാളം എഴുതുവാൻ അറിയില്ല പോലും. എഴുതുവാൻ മാത്രമല്ല ഉച്ചാരണ ശുദ്ധിയോടെ സംസാരിയ്ക്കുവാനും, വായിയ്ക്കുവാനും അവർ ക്ലേശപ്പെടുന്നത് കണ്ടപ്പോൾ എനിയ്ക്ക് വല്ലാത്ത വിഷമം അനുഭവപ്പെട്ടു.മാതൃഭാഷ അവരിൽ നിന്നും അന്യമായി പോയിരുന്നു. യാതൊരു വിധത്തിലുമുള്ള നീതീകരണവും അർഹിയ്ക്കാത്ത ദു:ഖകരമായ ദുരവസ്ഥ.
കുറെയേറെ വർഷങ്ങളായി മലയാളി തലമുറകൾ അനുഭവിയ്ക്കുന്ന ദുര്യോഗം. ഈ ഒരവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികൾ. നമ്മൾ മലയാളികൾ തന്നെ. മാതൃഭാഷയെ ദയാരഹിതമായി കൈവിട്ടു കളഞ്ഞ മലയാളികൾ തന്നെയാണ് ഉത്തരവാദികൾ.
ചെറുപ്പക്കാർ എഴുതിയ സ്ക്രിപ്റ്റ് അവരുടെ സഹായത്തോടു കൂടി ഞാൻ വായിച്ചു തീർത്തു.പത്രപ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട നൂറ് ശതമാനവും വൈദേശികമായ ഒരു വിഷയമാണ് അവർ തിരക്കഥയാക്കിയിരുന്നത്.നല്ല പ്രമേയം തന്നെ. നന്നായിരുന്നു.ചെറുപ്പക്കാർ മിടുക്കന്മാരും, ബുദ്ധിമാൻമാരുമാണെന്ന് മനസ്സിലായി.
ദേശീയമായ വിഷയങ്ങൾ തിരഞ്ഞെടുക്കാതെ വൈദേശികമായ വിഷയം എന്തു കൊണ്ട് നിങ്ങൾ തിരഞ്ഞെടുത്തെന്ന് അറിയുവാൻ വേണ്ടി ഞാൻ അവരോടു് ചോദിച്ചു. ദേശീയമായ വിഷയങ്ങളിൽ അവർക്ക് ഗ്രാഹ്യം കുറവാണെന്ന ഉത്തരം കേട്ടപ്പോൾ ഞാനല്പം പകച്ചു പോയി. അതിനവരെ തെറ്റ് പറഞ്ഞിട്ടു് കാര്യമില്ല.
ഭാഷാ സാഹിത്യ രംഗത്ത് സംവത്സരങ്ങൾ ഏറെ കഴിഞ്ഞിട്ടും എന്തുകൊണ്ട് മറ്റൊരു കുഞ്ചൻ നമ്പ്യാരും, കുമാരനാശാനും ഉണ്ടാകുന്നില്ല.സമൂഹത്തിലെ ഒരു മേഖലയിലും അപൂർവ്വ പ്രതിഭകൾ ( ജീനിയസ്സ്) ജനിയ്ക്കുന്നില്ല കാരണമെന്ത് ? അതീവ ഗൗരവത്തോടെ കാണേണ്ടതും പരിഹരിയ്ക്കപ്പെടേണ്ടതുമായ ഒരു ഗുരുതര പ്രശ്നവുമാണിത്.
ഇത്തരമൊരു അവസ്ഥയെക്കുറിച്ച് നൂറ് കാരണങ്ങൾ പലർക്കും പറയാനുണ്ടാകും. ഭാഷാരംഗത്തും, സാമൂഹ്യ രംഗത്തമുള്ള വിദഗ്ദന്മാരുടെ ശാസ്ത്രീയമായ പഠനങ്ങൾ ഈ ഗുരുതരമായ പ്രശ്നത്തിനു് കാരണമായി പറയുന്നത് ഇപ്രകാരമാണ്.
മാതൃഭാഷയിൽ നിന്നും അകന്ന് മാറി നിൽക്കുന്ന ഒരു ജനതയും ബുദ്ധിപരമായ ഔന്നത്യത്തിലേയ്ക്ക് പ്രവേശിക്കില്ല.(വക്രബുദ്ധിയ്ക്കു് ഇതൊന്നും ബാധകമല്ല) നിർഭാഗ്യകരമെന്ന് പറയാം പതിറ്റാണ്ടുകളായി കേരള ജനത സഞ്ചരിയ്ക്കുന്നതു് അതേ വഴികളിലൂടെ മാത്രമാണ്.
വ്യവഹാരങ്ങൾ എല്ലാം തന്നെ നിർബന്ധമായും മാതൃഭാഷയിൽ തന്നെ ആയിരിയ്ക്കണം നിർവ്വഹിയ്ക്കപ്പെടേണ്ടത്.നമ്മൾ ചിന്തിയ്ക്കുന്നതു പോലും മാതൃഭാഷയിലായാലേ ഓരോ വ്യക്തികൾക്കും മസ്തിഷ്ക വളർച്ചയിലൂടെ ബുദ്ധിപരമായും, വ്യക്തിപരവുമായ ഉണർവും, ഉന്മേഷവും സാധ്യമാവുകയുള്ളു. മറ്റു ഭാഷകളും പഠിയ്ക്കേണ്ടത് ആവശ്യവുമാണ്. ചൂണ്ടിക്കാണിയ്ക്കുവാൻ ഉദാഹരണങ്ങൾ ധാരാളമുണ്ട്.കാളിദാസനും,രവീന്ദ്രനാഥ ടാഗോറും അതിനൊരു നല്ല ഉദാഹരണങ്ങളാണ്.
മധ്യകാലഘട്ടത്തിൽ ലോകത്താകമാനമായി വൈജ്ഞാനിക മണ്ഡലത്തിലുണ്ടായ ബുദ്ധിപരമായ ഉണർവ്വും, ലോകാത്ഭുതങ്ങളായ വലിയ വലിയ നിർമ്മിതികളും മേൽ പറഞ്ഞ കാര്യങ്ങളെ സാധൂകരിയ്ക്കുന്ന ചരിത്ര സത്യങ്ങളുമാണ്.
നല്ല ശക്തിയും, സൗന്ദര്യവുമുള്ള സംസ്കൃത ഭാഷയെ നമ്മൾ കൊന്നു മൃതഭാഷയാക്കി മാറ്റി കഴിഞ്ഞു. ഇങ്ങിനെ പോയാൽ ഒരു പക്ഷേ മലയാള ഭാഷയും സംസ്കൃത ഭാഷയെപ്പോലെ സമാനമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേരുമെന്നുള്ള കാര്യത്തിൽ ഉൽക്കണ്ഠ തോന്നുന്നു. ഭരണാധികളുടെ ഭാഗത്തു നിന്നും മാതൃഭാഷാ സംരക്ഷണത്തിനായി ചില ശുഭകരമായ നടപടികൾ ഉണ്ടാകുന്നതിൽ അതീവ സന്തുഷ്ടിയും തോന്നുന്നുണ്ട്.
സ്ക്രിപ്റ്റ് പകർത്തി എഴുതിക്കഴിഞ്ഞതിന് ശേഷം ആ ചെറുപ്പക്കാരുമായി കുറെയധികം കാര്യങ്ങൾ സംസാരിച്ചു. അക്കൂട്ടത്തിൽ നാരദമഹർഷിയെക്കുറിച്ചും പറഞ്ഞു.
പത്രപ്രവർത്തകർ എല്ലാക്കാലത്തും മാതൃകയാക്കേണ്ടത് നാരദമുനിയെയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് ഉത്സാഹമായി.
ഭാരതീയ മിഥോളജിയുടെ ഭാഗമാണെങ്കിലും പത്രപ്രവർത്തനത്തിന്റെ പിതാവെന്ന് തന്നെ ദേവർഷിയെ വിശേഷിപ്പിയ്ക്കാം.
ഭാരതീയ മിഥോളജിയുടെ ഭാഗമാണെങ്കിലും പത്രപ്രവർത്തനത്തിന്റെ പിതാവെന്ന് തന്നെ ദേവർഷിയെ വിശേഷിപ്പിയ്ക്കാം.
ഭാരതീയരായ നമുക്ക് വൈദേശികമായ യാതൊന്നും കടമെടുക്കേണ്ടതില്ല. ഉദാഹരമായി പറഞ്ഞാൽ ഭഗീരഥ പ്രയത്നം. യവന പുരാണത്തിൽ നിന്നും കടമെടുത്ത് ഹെർക്കുലീയൻ ടാസ്ക് എന്ന് പറയേണ്ടതില്ല.
സംസ്കൃതി, കല, സാഹിത്യം, ഭക്ഷണം, സംഗീതം, ഇതിഹാസങ്ങൾ, ചലച്ചിത്രം, ഉത്സവാഘോഷങ്ങൾ എന്തിനേറെ ഇൻഡ്യൻ ഇംഗ്ലീഷ് വരെ നമുക്ക് സ്വന്തമായിട്ടുണ്ട്.യൂറോപ്പിൽ, അമേരിയ്ക്കൻ വൻകരയിൽ പോലും എല്ലാം വെസ്റ്റേൺ എന്നേ പറയാറുള്ളു.
നമുക്കാവശ്യമുള്ളതെല്ലാം ഇവിടെ ഉണ്ടു്. കണ്ടെത്തിയാൽ മാത്രം മതി. ഞാൻ എന്റെ മകളെ മലയാളം മീഡിയം സ്കൂളിലാണ് പഠിപ്പിച്ചത്. അവൾ ഇന്ന് വിദേശത്ത് ഒരു വിമാന കമ്പനിയിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്യുന്നു. അത്യാവശ്യം എഴുത്തും ഉണ്ട്. ആറു് ഭാഷകൾ കൈകാര്യം ചെയ്യും.
ഭാഷ മരിച്ചാൽ നമ്മളും മരിച്ചു. ഭാഷയെ സ്നേഹിയ്ക്കുക, അഭിമാനിയ്ക്കുക, കൈവിടാതിരിയ്ക്കുക.
യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞാനവരോട് ചോദിച്ചു.
നാരദരെ സംബന്ധിച്ച് ഒരു ഡോക്യുമെന്ററി നിങ്ങൾക്ക് ചെയ്യുവാൻ പാടില്ലേ? ആലോചിച്ചു നോക്കൂ.
ചെയ്യാമെന്ന സമ്മതത്തോടെ ആ നല്ല ചെറുപ്പക്കാർ പടിയിറങ്ങി.
ചെയ്യാമെന്ന സമ്മതത്തോടെ ആ നല്ല ചെറുപ്പക്കാർ പടിയിറങ്ങി.
നാസർ
16/7/2017
16/7/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക