Slider

***ദാതാവ്***

0
***ദാതാവ്***
ങീ...ങീ...ഒരു കുഞ്ഞിന്റ്‌റെ കരച്ചിൽ കേട്ടവൾ ഉറക്കത്തിൽ നിന്നുണർന്നു. ഭയത്തിന്റെ കണങ്ങൾ ദേഹമാസകലം വിയർപ്പുതുള്ളികളായ് രൂപപ്പെട്ടു.ഫാനിന്റെ തൊട്ടു താഴെ തന്നെ ഗോപികയോട് വഴക്കിട്ട് കിടക്ക നീക്കിയിട്ടത് ഈ അവസ്ഥ ഉണ്ടാകാത്തിരിക്കാൻ ആയിരുന്നു.എന്നിട്ടും..............കൈളാൽ മുഖമമർത്തി എത്രനേരം ഇരുന്നു എന്നറിയില്ല.
"ഗുഡ് മോർണിംഗ് ഗാഥ " ...ഗോപികയുടെ ശബ്ദം കേട്ടവൾ മുഖമുയർത്തി.കരഞ്ഞു കലങ്ങിയ കണ്ണുകൾ വീർത്തു പെരുകി കുമിളകൾ പോലെ കാണപ്പെട്ടു.അതുകണ്ടിട്ട് ഗോപിക ചോദ്യമെറിഞ്ഞു."എന്റെ പോന്നു ഗാഥ നീ ഇതുവരെ അത് കളയാറായില്ലേ.നീയെന്താ ഇങ്ങനെ. ഇതൊക്കെ ഇവിടെ സാധാരണമാണ്.ഇങ്ങനെയൊക്കെ ചെയ്യാത്ത ഒരാളും ഉണ്ടാകില്ല ഈ നാട്ടിൽ".
'എന്നാലും ഗോപു എനിക്ക് കഴിയുന്നില്ല.എന്നെ വലയം ചെയ്തുകൊണ്ട് ഒരു കുഞ്ഞിന്റെ കരച്ചിൽ .ഉറങ്ങാൻ പോലും കഴിയുന്നില്ലെനിക്ക്'....വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാത്ത ഗാഥ പൊട്ടി കരഞ്ഞു.
"ജസ്റ്റ് ലീവ് ഇറ്റ് മാൻ"ഇത് ആദ്യമായതുകൊണ്ടാ.ഗോപിക നേരെ കണ്ണാടിയുടെ മുന്നിൽ പോയി മേക്കപ്പ് തുടങ്ങി.ഒപ്പം ഗാഥയ്ക്കുള്ള മുന്നറിയിപ്പും നൽകി.എഴുന്നേറ്റ് വേഗം റെഡി ആയി വാ..ഗാഥ,കൃത്യ സമയത്ത് ക്ലാസ്സിൽ കയറിയില്ലെങ്കിൽ ആ കഷണ്ടിയുടെ സ്വഭാവം നിനക്കറിയാമല്ലോ... ടേബിളിന് മുകളിൽ ഇരുന്ന ഫിഷ് ടാങ്കിൽ ഓടികളിക്കുന്ന അലങ്കാര മത്സ്യങ്ങളെ നോക്കികൊണ്ട് ഗാഥ പറഞ്ഞു.ഞാൻ ഇന്ന് വരുന്നില്ല വീട് വരെ പോകണം.ഇപ്പൊ പെട്ടെന്ന് എന്താ ഒരു പൂതി വീട്ടിൽ പോകാൻ. ഒരുകണക്കിന് അത് നല്ലതാ നിന്റെ ഈ മൂഡ് മാറാൻ, പോയിട്ടു വാ. അവസാന മോടി കൂട്ടൽ എന്ന രീതിയിൽ ഗോപിക ഡ്രോയർ തുറന്ന് സ്പ്രേ എടുത്ത് അടിച്ചു.ആ നറുമണം ആവോളംആസ്വാദിച്ചിരുന്ന ഗാഥയ്ക്ക് ഒരു തരം വീർപ്പുമുട്ടൽ അനുഭവപെട്ടു.അവൾ നേരെ വാഷ് റൂമിൽ പോയി ഷവറിൽ നനഞ്ഞു.മുഖത്തെ കണ്ണീർ കണങ്ങളും വിയർപ്പു തുള്ളികളുംഒഴുകി പോയി.എന്നാൽ ചെയ്ത പാപം ഏത് ഗംഗയിൽ കഴുകി കളയും."ഗാഥ ഞാൻ ഇറങ്ങുന്നു".ഗോപികയുടെ ഹൈ ഹീൽസിന്റെ കാലടി ശബ്ദം അകന്നകന്നു പോയി.
കുളികഴിഞ്ഞു വന്ന് കണ്ണാടിയിൽ നോക്കിയ ഗാഥയ്ക്ക് അവളോട് പുച്ഛം തോന്നി. കൈയ്യിൽ കിട്ടിയ തൊക്കെ ബാഗിൽ കുത്തി നിറയ്ക്കുന്നതിനിടയിൽ കൈ തട്ടി കിടക്കക്കടിയിൽ സൂക്ഷിച്ചിരുന്ന പണം താഴേയ്ക്ക് പതിച്ചു.പാപത്തിന്റെ കറ പുരണ്ട പണം.കൈനീട്ടി വാങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ....
**********
മോളെ നിനക്കറിയമല്ലോ അച്ഛന്റെ പരമാവധി അദ്ദേഹം ശ്രമിക്കുന്നുണ്ട് ,ഇപ്പോഴും ആരോടൊക്കെയോ കടം ചോദിക്കാൻ പോയിരിക്കുകയ.ലക്ഷ്മിയമ്മ പറഞ്ഞു നിർത്തും മുന്നേ രാമനാഥൻ ഫോൺ പിടിച്ചു വാങ്ങി."ഹലോ ഗായു അച്ഛനാ..മോള് വിഷമിക്കണ്ട,അടുത്താഴ്ചയല്ലേ പണം വേണ്ടു, അതിനുള്ള വഴി അച്ഛൻ കണ്ടിട്ടുണ്ട്,മോള് സമാധാനമായി ഉറങ്ങിക്കോ" .ഫോൺ കട്ട് ചെയ്‌തദ്ദേഹം ലക്ഷ്മിയമ്മയുടെ നേരെ തിരിഞ്ഞു,'നീയെന്താ എന്റെ ലക്ഷ്മി ഇങ്ങനെ. ഓരോന്ന് പറഞ്ഞു എന്റെ കുട്ട്യേ വിഷമിപ്പിച്ചുല്ലോ നീ.ഇത് ആലോചിച്ച് എങ്ങനെയാ എന്റെ കുട്ടി ഇനി പഠിക്കുക'.ലക്ഷ്മിയമ്മയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഫോണും എടുത്ത് മുറ്റത്തേയ്ക്ക് ഇറങ്ങി.
ഫോണിൽ നമ്പർ ഡയൽ ചെയ്തു.
മോളെ .....മറുത്തലയ്ക്കൽ ഗാഥ.അച്ഛൻ ഇതുവരെ ഉറങ്ങിയില്ലേ..
എന്റെ മോള് അമ്മ പറഞ്ഞതൊന്നും ആലോചിച്ച് ഇരിക്കണ്ട. കേട്ടോ.
ഇല്ല അച്ഛാ ഞാൻ കിടക്കട്ടെ നാളെ ക്ലാസ്സ് ഉണ്ട്.സ്വരം ഇടറും മുന്നേ അവൾ ഫോൺ വച്ചു.
കട്ടിലിൽ മുഖമമർത്തി അവൾ കരഞ്ഞു.ആരോ അവളുടെ മുടിയിഴകളെ തഴുകി.
അവൾ മുഖം ഉയർത്തി നോക്കി.
"എന്തുപറ്റി ഗാഥ."...
ഗോപു ഫീസ് അടയ്ക്കാനുള്ള പണം ഇതുവരെ റെഡി ആയിട്ടില്ല.
അച്ഛൻ ഓടി നടക്കുകയാണ്."
"നിനക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ പണം കിട്ടാൻ ഒരു മാർഗ്ഗം ഞാൻ പറയട്ടെ".
ഗോപികയുടെ വാക്കുകളാൽ ഗാഥയുടെ കണ്ണിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ തളിരിട്ടു. കണ്ണുകൾ തുടച്ചവൾ ഗോപികയുടെ വാക്കുകൾക്ക് ചെവി കൂർപ്പിച്ചു.വെളുത്ത ദന്തനിരകൾക്കി ടയിലൂടെ ഇഴഞ്ഞു നീങ്ങി വന്ന പാമ്പിനെ പോലെ ഗോപിക നാക്ക് ചലിപ്പിച്ചു."ഓവം ഡോണേഷൻ". ഗാഥയ്ക്ക് കേട്ടപ്പോൾ എന്തോ പോലെ തോന്നി. കേട്ട മാത്രയിൽ അവൾ വേണ്ട എന്നു പറഞ്ഞു.നീ എന്താ ഗോപു ഈ പറയുന്നേ.നമ്മുടെ കുഞ്ഞ് നമ്മൾ അറിയാതെ മറ്റൊരിടത്ത് .അത് ശരിയാക്കില്ല,അങ്ങനെയല്ല ആ തെറ്റ് ഞാൻ ചെയ്യില്ല.
"ഇതൊരിക്കലും ഒരു തെറ്റ് അല്ല ഗാഥ മാതൃത്വം നിഷേധിക്കപ്പെട്ട ഒരു മാതാവിന് ഒരു സേവനം.അത്രേ ഉള്ളൂ"....പറഞ്ഞു നിർത്തി ഗോപിക ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
പണം എണ്ണി തിട്ടപ്പെടുത്തേണ്ട ഒന്നാണോ മാതൃത്വം. ആ രാത്രി ഗാഥ ഉറങ്ങിയില്ല.ശൂന്യമായ മനസ്സ്.
രാവിലെ ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന ഹോസ്പിറ്റലിന്റെ പടികൾ കയറുമ്പോഴുംശൂന്യത മാത്രം.മെഡിക്കൽ ചെക്കപ്പുകൾക്കൊടുവിൽ റിസൾട്ട് വന്നു.മെഡിക്കലി ആൻഡ് ഫിസിക്കലി ഫിറ്റഡ് ഫോർ ആൻ ഓവം ഡോണേഷൻ ,സമ്മതപത്രത്തിൽ ഒപ്പു വയ്ക്കും നേരം കണ്ണീർ വീണ് പേപ്പർ നനയാത്തിരിക്കാൻ അവൾ ശ്രദ്ധിച്ചു.
ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിച്ചപ്പോൾ ഒന്നു ഭയന്നു. മുറിവുകൾ തന്റെ ഭാവി ജീവിതത്തെ തകർക്കുമോ ?എന്ന ഭയം.ആ ഭയം കണ്ടിട്ട് അവിടെ ഉണ്ടായിരുന്ന മലയാളി നേഴ്സ് അവളോട് പറഞ്ഞു."ഭയപ്പെടേണ്ട ഇതിന് കുത്തിക്കിറൽ ഒന്നുമില്ല.എൻഡോസ്കോപ്പി വഴി ഓവം ജസ്റ്റ് സക്ക് ഇറ്റ് ഫ്രം ദ ഓവറി".ചെറിയ ഒരു പാട് മാത്രം .കിട്ടുന്ന പണത്തിൽ അഞ്ചോ പത്തോ നൽകി മെഡിക്കൽ ഷോപ്പിൽ നിന്നുവാങ്ങുന്ന ഓയിൽമെന്റിൽ മാഞ്ഞു പോകുന്ന ഒരുപാട്".ഇതുപോലെ എത്രപേരെ കണ്ടതായെന്ന ലാഘവത്തോടെ അവർ പറഞ്ഞു നിർത്തി. ഒരു ജീവച്ഛവം പോലെ അവൾ കിടന്നു.ആത്മധൈര്യം നൽകുന്ന ഹോസ്പിറ്റലിലെ പച്ചവസ്ത്രം അവളുടെ ആത്മധൈര്യം ചോർത്തി.സാധാരണ ഒരു സ്ത്രീയുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചു മാത്രമേ ബീജം എടുക്കുകയുള്ളൂ.എന്നാൽ കച്ചവട കണ്ണിൽ അതിന്റെ പ്രസക്തിയെന്ത്? ...
കുത്തി വച്ച മരുന്നിൻറെ നടന വൈഭവത്തിൽ മതിമറന്നവൾ ഉറക്കത്തിൽ ലയിച്ചു.ആ മാസ്മരികതയിൽ അൾട്രാ സൗണ്ട് ഗൈഡഡ്ഡ് നീഡിലിന്റെ സ്പർശം അവളുടെ ബോധവസ്ഥയെ സ്പര്ശിച്ചില്ല.
സ്വാഭാവികമായ ഒരുറക്കത്തിൽ നിന്ന് കൂമ്പിയ കണ്ണുകൾ പതിയെ തുറന്നു.ഉണർന്നെഴുന്നേറ്റ അവളിൽ ഒരു പുതുഭാവം കൂടി ഉണർന്നു വന്നു.മാതൃത്വത്തിന്റെ ഭാവം.
സ്വന്തം കുഞ്ഞ് മറ്റൊരു ഉദരത്തിൽ ജനിക്കാൻ പോകുന്നു.ആർത്തവം കയറി കൂടിയ കൗമാരത്തിൽ തമാശ രൂപേണ സയൻസ് പഠിച്ച അഹങ്കാരത്തിൽ ഇടയ്ക്കൊക്കെ പറയുമായിരുന്നു. 'ഒരു കുഞ്ഞ് ആകേണ്ടതാണല്ലോ ഈ നഷ്ടമാക്കുന്നത്'.അതുകേട്ട് കുട്ടിക്കാരികൾ പറയും കളയേണ്ട പിടിച്ചു വച്ചോളൂ.....
തന്റെ ഒട്ടിയ വയറ്റിൽ നോക്കി,കൈകൾ കൊണ്ട് പതിയെ തലോടി .അത് പതുക്കെ ഉന്തി വരുന്നത് പോലെ തോന്നി.പെട്ടെന്ന് കണ്ണുകൾ ഇറുക്കിയടച്ചു.അകലാൻ മടിച്ചു നിന്ന ഇമകളെ ബലം പ്രയോഗിച്ച് അകറ്റി മാറ്റി.ഇല്ല വയറ്റിൽ ഒരു വ്യത്യസ്തവുമില്ല .വരൂ ഗാഥ പോകാൻ സമയമായി എന്നുപറഞ്ഞുകൊണ്ട് ഗോപിക കടന്നു വന്നു.അവരുടെ സംഭാഷണത്തിനിടത്തിൽ കയറി വന്ന ഡോക്ടർ അവൾക്ക് നേരെ ഒരു പൊതി നീട്ടി. വാങ്ങാൻ മടിച്ചു നിന്ന ഗാഥയുടെ കൈകളിലേയ്ക്ക് ഗോപിക പിടിച്ചു കൊടുത്തു.സ്വീകർത്താവിനെ കാണാനുള്ള ആഗ്രഹം പ്രോട്ടോക്കോൾ പ്രകാരം നിഷേധമായതിനാൽ.അതനനുവധിച്ചില്ല.വസ്ത്രം മാറി ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങുമ്പോൾ ഗാഥ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടന്നു.ശ്രദ്ധ തിരിക്കാൻ എന്നവണ്ണം ഗോപിക ഒരു ഓട്ടോയിൽ പിടിച്ചു കയറ്റി.
എന്നും അത്ഭുതത്തോടെ മാത്രം മിഴിയിണകളെ തഴുകിയിരുന്ന ബാംഗ്ലൂർ നഗരം അവളുടെ കണ്ണിൽ സൂചി മുനകൾ കുത്തിയിറക്കും പോലെ തോന്നി.
***********
ഠീം....ഠീം...8 മണി ക്ലോക്കിൽ അലാറം മുഴങ്ങി എണ്ണി തിട്ടപ്പെടുത്താത്ത പണം ഒരു കവറിൽ വാരിയിട്ട് .ബാഗിൽ വച്ചു.
ഇറങ്ങുന്നതിന് മുൻപ് പതിയെ ഫിഷ് ടാങ്കിന്നരികിൽ ചെന്ന് മീനുകൾക്ക് ഫുഡ് ഇട്ടു കൊടുത്തു.അമ്മയും രണ്ടു കുഞ്ഞുങ്ങളും ആയിരുന്നു അതിൽ.തിരികെ ബാഗും എടുത്ത് മുറി പൂട്ടി ഇറങ്ങിയവൾ.നഗരത്തിന്റെ ശബ്ദകോലാഹലങ്ങളും ആഘോഷങ്ങളും അവളെ ബാധിച്ചില്ല.ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.പൊതുവെ തിരക്ക് കുറവായിരുന്നു.ജനറൽ കംമ്പാർട്ട്മെന്റിൽ സൈഡ് സീറ്റിൽ ഇരുന്നു.ആരേയും ശ്രദ്ധിക്കാതെ അവൾ പുറത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.
ബാംഗ്ലൂർ നഗരത്തിന്റെ പുക മറയെ കുത്തിക്കീറി ഒരു സൂചി സഞ്ചരിക്കും പോലെ ട്രെയിൻ നീങ്ങി.കാടും മലയും പുഴയും വകഞ്ഞു മാറ്റി.കേരളത്തിന്റെ തെക്കേയറ്റത്ത് വന്ന് കുത്തി നിന്നു.ട്രെയിൻ ഇറങ്ങിയപ്പോൾ സമയം രാത്രിയായി.ആ രാത്രി അവിടെ തന്നെ കഴിച്ചു കൂട്ടി.ബസ്സ് കയറി .യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അവൾ ഈ യാത്രയെ ശ്രദ്ധിച്ചതേ ഇല്ല.ബസ്സ് ഇറങ്ങി ഒരു കിലോ മീറ്ററോളം നടക്കണം വീട്ടിലേയ്ക്ക് .രാവിലെ സ്റ്റാൻഡിൽ ഓട്ടോയും എത്തിയിട്ടില്ല.പതുക്കെ നടന്നു തുടങ്ങി.വഴിയിൽ കണ്ട പരിചയക്കാരുടെ .....സുഖമാണോ?വരുന്ന വഴിയാണോ?ഇനി എന്നാ തിരിച്ച്???തുടങ്ങിയ ചോദ്യ ശരങ്ങൾ ഏറ്റു വാങ്ങി.ഒടുവിൽ വീട്ടിൽ എത്തി.വാതിൽ തട്ടിയപ്പോൾ അച്ഛൻ വന്നു തുറന്നു.അത്ഭുത്തോടെ അദ്ദേഹം ആരാഞ്ഞു."എന്താ മോളെ ഇത്ര രാവിലെ.,വരുമെന്ന് പറഞ്ഞിരുന്നില്ലല്ലോ നീ..."
എന്റെ വീട്ടിൽ വരാൻ പാടില്ലേ എനിക്ക്.
പിന്നെ വരാല്ലോ എന്നു പറഞ്ഞദ്ദേഹം ചിരിച്ചു.ബാഗുമെടുത്ത് അകത്തേയ്ക്ക് പോയി .മകളുടെ ശബ്‌ദം കേട്ട് ലക്ഷ്മിയമ്മ ഓടിയെത്തി.മകളെ പുണർന്നു.അവളുടെ കണ്മുന്നിൽ വച്ചു തന്നെ അലമാര തുറന്ന് ഒരു കെട്ടു പണം കൈയ്യിൽ വച്ചു കൊടുത്തു.ആ രംഗം കണ്ടിട്ട് കൈയ്യിൽ ഇരുന്ന ബാഗിലെ പണം തന്നെ നോക്കി പുച്ഛിക്കും പോലെ അവൾക്ക് തോന്നി. ഒരു ക്കുഞ്ഞിന്റെ കരച്ചിൽ കാതുകളിൽ ശക്തിയായി വന്നടിച്ചു.അവൾ അമ്മയെ ചെർത്തു പിടിച്ചു.അമ്മയുടെ ഉദാരത്തോട് അവളുടെ ഉദരം പറ്റി ചേർന്നു.ഇതേ സമയം ഐ.വി.എഫ്.കഴിഞ്ഞ ഭ്രൂണം മറ്റൊരു ഗർഭപാത്രത്തിൽ പറ്റി പിടിച്ചു..
(സാര്യ വിജയൻ)

LikeShow More Reactions
Comment
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo