Slider

തിരിച്ചു വരവ്

0
Image may contain: 2 people

രണ്ടു വർഷങ്ങൾക്കു മുമ്പ് ചുട്ടുപഴുത്ത ഈ മണലാരണ്യത്തിലേക്ക് കാലെടുത്തു കുത്തുമ്പോൾ അനുഭവിച്ച നോവ് ഇന്നില്ല. വെള്ളിയാഴ്ച എന്ന അവധി ദിവസമായ് കിട്ടുന്ന പുണ്യത്തേക്കാൾ അയാൾക്കിഷ്ടം വ്യാഴാഴ്ചയാണ്. കാരണം പലതാണ്.പിറ്റേന്ന് വെള്ളി, രാവിലെ 4 മണിക്ക് എണീക്കേണ്ട. 5 മണിക്ക് മുമ്പേ സ്റ്റാർട്ട് ചെയ്‌തിടുന്ന കമ്പനി വാഹനത്തിലെ ഏതെങ്കിലും ഒരു സീറ്റിൽ ഞെരുങ്ങിയിരുന്ന്, കഷ്ടിച്ച് കിട്ടുന്ന അര മണിക്കൂർ ഗാഢനിദ്ര കൂടി വർഷങ്ങളായ് തന്നെ പരിപാലിക്കുന്ന ഈ ശീതികരിച്ച മുറിയിലാവാം. ചില സമയങ്ങളിൽ വിശപ്പിനേക്കാൾ കൊതിയുള്ള ഉറക്കം ഏതാണ്ട് 10 മണി വരെ ആസ്വദിക്കാം. സൂര്യേദയം കാത്ത് നില്ക്കാതെ എപ്പോഴും വെന്തുരുകുന്ന അന്തരീക്ഷവും, സമയത്തിനും നേരത്തെ തന്നെ തലപൊക്കുന്ന സൂര്യന്റെ കത്തുന്ന ചൂടും വകവെയ്ക്കാതെ ഉറക്ക ചടവോടെ വർക്ക് സൈറ്റിലേക്ക് ചെന്ന് വീഴേണ്ട. ആ വീഴ്ചയുടെ ആഘാതം കുറക്കുന്നത് ബംഗ്ലാദേശി സ്വദേശി മുനീർബായിയുടെ സൈക്കിൾ ചായയും, ഒരു കേക്കുമാണ്.
ചില ദിവസങ്ങളിൽ കത്തുന്ന ചൂടിൽ, പ്ലാസ്റ്റിക് കവറുകളിൽ കെട്ടി കൊണ്ടു പോവുന്ന ആഹാരം കേടുവരുമ്പോൾ... ചപ്പാത്തിയും പരിപ്പ് കറിയും തന്ന് തുടർന്നുള്ള പോരാട്ടത്തിന് ശക്തി തരുന്നതും ഈ മുനീർ ബായ് തന്നെ. എന്നാലും വെള്ളിയാഴ്ച എനിക്ക് ബായിടെ ഒരു ആഹാരവും വേണ്ട. അന്ന് റൂമിൽ വയ്ക്കുന്ന ചിക്കൻ കറി കൂട്ടിയുള്ള ഊണിനേക്കാൾ, അവധി ദിവസത്തിലെ "വമ്പൻ ആഘോഷ'' മെന്ന് ചിലർ സ്വയം വിശേഷിപ്പിക്കുന്ന അധികം നീണ്ടു നിൽക്കാത്ത വളരെ ചെറിയ മദ്യസേവയേക്കാൾ.... , അന്നത്തെ ടി വി പ്രോ ഗ്രാം മുഴുവനായ് കാണാം എന്ന ആഗ്രഹത്തേക്കാൾ.... , തനിക്കിഷ്ടം അമ്മ ഫോണിൽ കൂടി വിളമ്പുന്ന ചോറും ,പയറില തോരനും, അച്ചാറുമൊക്കെയാണ്.അത് വെള്ളിയാഴ്ച മാത്രമേ കിട്ടാറുള്ളു.അതേ പറ്റുമായിരുന്നുള്ളു.
... ... ... ... ... ...
ജോസ്കുട്ടീ നീ എന്തടാ ഇങ്ങനെ കിടക്കുന്നെ ? വാ.... വന്ന് ഒരു ചെറുത് കഴിക്ക്... സാധനം തീരാറായിട്ടാ..!! --- റൂമിലെ തല മൂത്ത കാരണവർ എന്ന് എല്ലാവരും മനസ്സിലുറപ്പിച്ചിരുന്ന തൃശൂർകാരൻ ശിവരാമൻ ചേട്ടൻ.
ഓ... എനിക്ക് വേണ്ടാ ചേട്ടാ.
ഇന്ന് തന്റെ "ചിലവ് " ആയിരുന്നട്ട് കൂടി, അയാൾ സ്നേഹത്തോടെ നിരസിച്ചു.
ശരീ... എന്നാ എണീറ്റ് ഭക്ഷണം കഴിക്ക്. നാളെ എത്ര മണിക്കാ ഫ്ലൈറ്റ് ?
ഉച്ചയ്ക്ക് 2 മണിക്ക്.
ഉം.. സമാധാനോണ്ട്, രാവിലെ തന്നെ തല്ലി പെടച്ച് എണീക്കണ്ടാലോ...!!
കെട്ടിവെച്ചിരിക്കുന്ന രണ്ട് കാർഡ് ബോർഡ് പെട്ടികളും സൈഡിലേക്ക് നീക്കിവച്ചുകൊണ്ട് ... ശിവരാമൻ വീണ്ടും നിലത്ത് വട്ടം കൂടിയിരിക്കുന്ന കമ്പനിയിലേക്ക് ചമ്രം പടിഞ്ഞിരുന്നു.
... ... ... ... ...
അവരുടെ സംഭാഷണങ്ങളിൽ വലിയ വലിയ വിഷയങ്ങൾ ചർച്ചകളാവുന്നതും കേട്ടുകൊണ്ട് അയാൾ ആ കട്ടിലിന്റെ മുകളിലത്തെ നിലയിൽ മലർന്ന് കിടന്നു.
താഴെയിരിക്കുന്ന രണ്ട് പെട്ടികൾ നിറയെ തന്റെ വലിയ വിയർപ്പിന്റെ ചെറിയ വിലകളാണ്. തന്റെ കുടുംബത്തിനു വേണ്ടി രണ്ട് വർഷത്തെ അദ്വാനത്തിന്റെ മറ്റൊരു പങ്ക്.
സ്വന്തം ഭംഗിയും, ആരോഗ്യവും, ഇഷ്ടങ്ങളും, കൂലിപണി ചെയ്ത് ഒഴുക്കിക്കളഞ്ഞ്... വർഷങ്ങളായ് തന്നെ പോറ്റിവളർത്തിയ............. ,
പണി കഴിഞ്ഞ് ,കിട്ടിയതിൽ ഏറിയ പങ്കും മദ്യത്തിൽ കലർത്തി... സ്വന്തം ശരീരത്തിൽ ആഗിരണം ചെയ്ത്...അത് അസഭ്യവർഷമായും,ചിലപ്പോഴെങ്കിലും മർദ്ദനങ്ങളായും മാറ്റുന്ന അപ്പച്ചന്റെ വികൃതികളെ ഭയന്ന് പലപ്പോഴും പറമ്പിലും, തൊഴുത്തിലും ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വന്നിട്ടുള്ള............... ,
ഓരോ മാസവും എണ്ണി ചുട്ടു കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്കും എക്സേഞ്ചിൽ പോയ് അയച്ചിട്ട്, വിളിച്ച് പറയുമ്പോൾ...."" മോൻ നന്നായ് ആഹാരം കഴിച്ചിട്ട് ഒക്കെ മതീട്ടോ പൈസ അയക്കാൻ ""
എന്ന് സ്നേഹത്തിൽ ചാലിച്ച ശാസനയോടെ പറയുന്ന.............. ,
പലതവണ തെങ്ങിൻ പൂക്കിലാദി ലേഹ്യം കൊടുത്തിട്ടും, ജോസൂഞ്ഞ് മോൻ അങ്ങോട്ട് നന്നാവുന്നില്ലല്ലോന്ന്, തന്റെ 24 മത്തെ വയസ്സിലും പരിഭവം പറഞ്ഞ............. ,
തന്റെ അമ്മക്ക് വേണ്ടി ഈ പെട്ടിയിലുള്ള ഒന്നും തികയില്ലന്നറിയാം .
രാവിലെതന്നെ ചൂട് കട്ടൻകാപ്പി കൊണ്ട് വന്ന് എല്ലാവർക്കും തന്ന്, തലേ ദിവസത്തെ മദ്യലഹരിയിലുണ്ടായ വഴക്കിനും, വാക്കുതർക്കത്തിനും ക്ഷമചോദിച്ച്.. അവയെല്ലാം കാപ്പി ഗ്ലാസ്സിലെ ആവി പോലെയാക്കുന്ന............... ,
ഗൾഫിലേക്ക് വിസ കിട്ടി പോരാൻ നേരം, അതുവരെ ടാക്സിയിൽ നിശബ്ദനായിരുന്നിട്ട് എയർപോർട്ടിൽ വച്ച് വിങ്ങിപൊട്ടിയ ,ആരോഗ്യം കുറഞ്ഞ......... ,
തന്റെ അപ്പച്ചനുമുണ്ട് എന്തെക്കയോ ഈ "ഫോറിൻ '' പെട്ടിയിൽ.
ഷോപ്പിംഗ് മാളുകളിൽ പരതി നടക്കുമ്പോൾ, കൂട്ടുകാരെ പോലെ എന്നും തന്റെ കൂടെ നടന്നിരുന്ന അനിയനെയും, അനിയത്തിയെയും താൻ എങ്ങനെ മറക്കും...!! അവർക്കുമുണ്ട്.
ചുട്ടുപഴുത്ത കോൺക്രീറ്റുകൾക്കും, കമ്പികൾക്കുമിടയിൽ തലകറങ്ങി വീഴുന്ന ബലഹീനരുടെ മുമ്പിൽ ചങ്കൂറ്റത്തോടെ പിടിച്ച് നിൽക്കാൻ ശക്തിയും, ആശ്വാസവും തന്നത് അവരൊക്കെയല്ലെ.....!!!
... ... ... ... ... ... ...
അയാൾ തല ചരിച്ച് തലയിണയിൽ പതുക്കെ തലോടി. എത്ര കഴുകിയിട്ടും പോവാത്ത , തന്റെ കണ്ണീരിന്റെ ഉപ്പ് രസം അതിനില്ലേ....? ഈ റൂമിലെ ഓരോ തലയിണകൾക്കും, കട്ടിലുകൾക്കും എന്തക്കെയോ കഥകൾ പറയാനില്ലേ....? താൻ നാളെ പോയാൽ ,കുറച്ച് സ്വപ്നങ്ങളും കെട്ടി പൊതിഞ്ഞുകൊണ്ട്... വന്ന് പുതിയ മറ്റാരെങ്കിലും ഈ കട്ടിൽ സ്വന്തമാക്കും. താനുൾപ്പെടെയുള്ളവരുടെ വികാരവിചാരങ്ങൾ തിങ്ങിനിൽക്കുന്ന ആ മുറിയിലെ , കന്യകാമറിയത്തിന്റെ രൂപം തന്നെ ഉറ്റുനോക്കുന്നതായ് അയാൾക്ക് തോന്നി. പല വലിപ്പങ്ങളിലുള്ള വേറെയും ദൈവങ്ങൾ ഭിത്തിയിൽ ചില സ്ഥലങ്ങളിൽ പറ്റി പിടിച്ചിരിക്കുന്നുണ്ട്.
കുറെയധികം നാളുകളായ് ആ കൊച്ച് വീട്ടിലും, പല വർക്ക് സൈറ്റുകളിലും, പലപ്പോഴായ് കറങ്ങി നടന്നിട്ടുള്ള ഷോപ്പിംഗ് മാളുകളിലും, കൂടെയുണ്ടായിരുന്ന.......... ,
ചെറിയ പിണക്കങ്ങൾക്കൊടുവിൽ വലിയ ഇണക്കങ്ങളുമായ് വീണ്ടും കൂടി ചേരുന്ന കുറച്ച് മനസ്സുകളോട്.......... , നാളെ വിട പറയുകയാണ്. ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഈ ജീവിതം ജീവിച്ചു തീർക്കണ്ടെ...!! ഇത് ജീവിതത്തിലെ പല സത്രങ്ങളിലെ ഒന്ന് മാത്രം. തിരിച്ച് പോയല്ലെ പറ്റൂ.
... ... ... ... ... ...
തട്ടി വിളിച്ച അലക്സും ബിനുവും കാണാതെ, വാർന്നിറങ്ങിയ കണ്ണുനീർ തലയിണയിലേക്ക് പകർന്ന് കൊണ്ട് അയാൾ എണീറ്റു.
ഒരുമിച്ച് ഇരുന്ന് അവസാന അത്താഴം കഴിക്കുമ്പോൾ എല്ലാവരും നിശബ്ദരായിരുന്നു.
"സിദ്ധിഖ് എന്തു കറി വെച്ചാലും ഒന്നുകിൽ ഉപ്പ് കൂടുതലായിരിക്കും, അല്ലെങ്കിൽ എരിവ് "
പക്ഷെ ഈ ചിക്കൻക്കറി സൂപ്പറായിട്ടുണ്ട്.
നിശബ്ദതയെ ഭേദിക്കാൻ വേണ്ടിയായിരിക്കണം --
ശിവരാമൻ ചേട്ടന്റെ കമന്റ്.
എല്ലാവരും കൂട്ടച്ചിരി.
അതേ തുടർന്നുണ്ടായ സംസാരങ്ങൾ അങ്ങ് മാസങ്ങൾ പുറകിലേക്ക് പോയ്.
... ... ... ...
അത്താഴം കഴിഞ്ഞ്, ക്യാമ്പിനു പുറത്ത് അല്പം ദൂരെ മാറിയുള്ള ചെറിയ മണൽപറമ്പിലെ... വയസ്സായ ആ ഈന്തപ്പനയുടെ ചുവട്ടിലുള്ള കരിങ്കല്ലിൽ ഇരിക്കുമ്പോൾ അയാൾ ഓർത്തു.തന്റെ എത്രയോ പരിഭവം പറച്ചിലുകൾക്കും ,നാട്ടിലേക്ക് വിളിക്കുന്ന ഫോൺ വിളികൾക്കും ഏറ്റവും കൂടുതൽ സാക്ഷിയായ ഈന്തപ്പനയും, തൊട്ടടുത്ത്... ഇന്നും പേരറിയാത്ത മറ്റൊരു തണൽ മരവും.
അയാൾ ചുറ്റും നോക്കി. മണലിൽ പല സ്ഥലങ്ങളിലായ് ചെറിയ വർത്തമാനസഭകൾ കൂട് കൂട്ടിയിരിക്കുന്നു. മറ്റ് ചിലർ ഒറ്റക്കിരുന്ന് തകൃതിയായ ഫോൺ വിളികൾ.ചിലർ ഒറ്റക്കും കൂട്ടമായും ഇരുന്ന്, അത്ര വിലയില്ലാത്ത ബീർ കഴിക്കുന്നു.
ആകെ കിട്ടുന്ന വെള്ളിയാഴ്ച മഹോത്സവത്തിന്റെ മുന്നോടികൾ. ഇനിയും സ്വപ്നങ്ങൾ വാരിക്കൂട്ടി മതിയാവാത്ത ""പ്രവാസികൾ ""
സ്വന്തം നാട്ടിലെ ജനങ്ങളുടെ കണ്ണിലെ
""കാശുകാരൻ ''''
... ... ... ... ...
പിറ്റേന്ന് രാവിലെ പത്ത് മണിയായപ്പോഴേക്കും ,ലഗ്ഗേജും ഹാൻഡ്ബാഗ്ഗും, എടുത്ത് പിക് അപ് വാനിലേക്ക് എടുത്ത് വച്ചതെല്ലാം കുടുംബക്കാർ തന്നെ. പല രാജ്യക്കാരും കുടുംബമായ് താമസിക്കുന്ന ആ ക്യാമ്പിന്റെ പല ഭാഗങ്ങളിൽ നിന്ന്കൊണ്ട് ചിലരെങ്കിലും അയാൾക്ക് ആശംസകൾ നേരുന്നുണ്ടായിരുന്നു. ഗൾഫിലെ ഒരു കീഴ് വഴക്കമായ ഷെയ്ക് ഹാൻഡുകൾ എത്ര കിട്ടിയെന്ന് അറിയില്ല. മൂന്ന് നാല് ആലിംഗനങ്ങൾ അടക്കം എല്ലാം നിർവികാരതയോടെയും, ഏറ്റവും സ്നേഹത്തോടെയും ഏറ്റുവാങ്ങി.
സിദ്ധിഖിന്റെ സങ്കടം മാത്രം കരച്ചിലായ് പുറത്തേക്ക് വന്നു. താൻ എന്താ പറയണ്ടത് ?
ശരിയെന്നാൽ, ഇനി സമയം കളയണ്ട. ചെന്നിട്ട് വിളിക്ക്. അവിടെയും തുണയായത് ശിവരാമൻ ചേട്ടൻ.
പിക് അപ് വാനിന്റെ മുൻ സീറ്റിൽ കയറിയിരുന്ന്, എല്ലാവരോടും ഒരിക്കൽ കൂടി ആംഗ്യ ഭാഷയിൽ വിട പറഞ്ഞു. കുറെ നാളുകളായ് താൻ വസിച്ച മണ്ണിനോട് വിട പറയുകയാണ്. തന്റെ കൂട്ടുകാർ ചെയ്ത് തന്ന എല്ലാ നന്മകൾക്കും നന്ദി.ഓർമ്മകൾ പുറകിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ്..... ഡ്രൈവർ പദവിയിലിരുന്ന പാകിസ്ഥാനിയുടെ, ഹിന്ദിയിലുള്ള ചോദ്യം.
ബായ് ക്യാൻസൽ ചെയ്ത് പോവുകയാണോ ?
അതെ -- നനഞ്ഞ കണ്ണുകൾ തുടച്ച് മറുപടി പറഞ്ഞു
ഇനി തിരിച്ച് വരില്ലേ ?
ഇല്ല.
... .... ...
തങ്ങളുടെ പഴയ വാഹനത്തെ പിന്തള്ളി മുന്നിലേക്ക് കുതിച്ച് പായുന്ന,വില കൂടിയ അനേകം കാറുകൾ. ഇവരൊക്കെ എവിടേക്കാണ് ഈ പായുന്നത്....!!!
സ്വപ്നനഗരത്തിൽ നിന്ന് ,സ്വപ്നങ്ങൾ വാരിയെടുക്കാനോ....?
ഇവരും പ്രവാസികൾ തന്നെയല്ലെ...?
അതിലിരിക്കുന്ന എല്ലാവരും ഇവിടെ വന്നിട്ട് തൃപ്തിയടഞ്ഞവരായിരിക്കുമോ...?
അതോ ''"പാവപ്പെട്ട ഗൾഫ് "" കാരിൽ പെട്ടവരാണോ...?
... ... ... ...
വാഹനത്തിൽ നിന്നും എയർപോർട്ടിലേക്ക് ഇറങ്ങുമ്പോൾ, അയാളുടെ മനസ്സ് ശാന്തമായിരുന്നു. ഏതാനും മിനിറ്റുകൾ കൂടി പുറത്തേക്ക് നോക്കി നിന്ന ശേഷം, ട്രോളിയിൽ ലഗ്ഗേജും മറ്റും വച്ച് അയാൾ അകത്തേക്ക് നടന്നു.
എല്ലാ ചിന്തകളും അവസാനിപ്പിച്ചു. ഇനി ഒരു തിരിച്ച് വരവില്ല . ഗൾഫിനോടും , കജൂർ എന്ന ഈന്തപ്പഴത്തിനോടും , വല്ലപ്പോഴും കൊതിയോടെ കഴിക്കാറുള്ള ഷവർമ്മയോടും , ഗ്രില്ലിൽ കറങ്ങുന്ന കോഴിയോടും ,
ഓ..... മറന്നു... പ്രിയപ്പെട്ട കുബൂസെ.. നിന്നോടും ,
പിന്നെന്താ ? അറിയില്ല....! എല്ലാത്തിനും നന്ദി.
പ്രിയപ്പെട്ട ഗൾഫ് നാടേ ,നിന്നെ പറ്റി എന്റെ നാട്ടിൽ എല്ലാവരോടും ഞാൻ പുകഴ്ത്തി പറയും.
... .... ... ...
എയർപോർട്ടിൽ ആളുകൂടെ ഇടയിൽ , തന്റെ കുടുംബവും നാടും മാത്രം മനസ്സിൽ കണ്ട് കൊണ്ട്, വരിയിൽ നിൽക്കുന്ന...ജോസ് എന്ന ജോസൂഞ്ഞിനെ നോക്കി യു.എ.ഇ എന്ന രാജ്യത്തിലെ വാന മേഘങ്ങളിൽ നിന്നും ഒരു അശരീരിയുണ്ടായ്....!!
"" എന്നെ വിട്ട് എങ്ങോട്ട് പോവാൻ..! നീ തിരിച്ച് ഇവിടെ വരും. കാരണം നീയുമൊരു പ്രവാസിയാണ്. ഈസ്വപ്നനഗരം...... ആഘോഷിക്കുന്നവർക്ക് മാത്രമുള്ളതല്ല. നിന്നെ പോലുള്ളവർക്ക് കൂടിയുള്ളതാണ്. പോയ് വരൂ...... പുതിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായ് "" ( Rejichen )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo