Slider

വിവാഹവാർഷികം

0
വിവാഹവാർഷികം
ബസിൽ ഇരിക്കുമ്പോൾ ഇരു വശങ്ങളിലേയും കാഴ്ച ആസ്വദിച്ചിരിക്കുമായിരുന്ന മീന സൈഡ് സീറ്റിലാണിരുന്നതെങ്കിലും ഇന്നവൾ പുറത്തെ കാഴ്ചകളൊന്നും ആസ്വദിക്കുന്നുണ്ടായിരുന്നില്ല അവളുടെ മനസ്സ് വേറെ എവിടെയോ ആയിരുന്നു ഇന്ന് തന്റെ പത്താമത് വിവാഹ വാർഷികമാണ് താനല്ലാതെ മറ്റാരും ഇന്നത് ഓർമ്മിക്കുന്നില്ല അവളോർത്തു ഇന്ന് രാവിലെ എന്താണ് നടന്നത് രാവിലെ കുളിച്ചൊരുങ്ങി അടുത്തുള്ള അമ്പലത്തിൽ പോയി വന്നു
കണ്ണൻ ചേട്ടൻ അപ്പൊഴും ഉണർന്നിട്ടില്ലായിരുന്നു...
"കണ്ണേട്ടാ...കണ്ണേട്ടാ...എഴുന്നേൽക്കൂ...
ദാ ചായ കുടിക്കു...."
കൈയ്യിലെ ഗ്ലാസിൽ ചായയുമായി മീന കണ്ണനെ കുലുക്കി ഉണർത്താൻ ശ്രമിച്ചു
"ഉം...ഞാനുണർന്നു ചായ അവിടെ വച്ചേക്ക് ഞാൻ കുടിച്ചോളാം.... "എന്നു പറഞ്ഞവൻ കണ്ണു തുറന്ന് മീനയെ ഒന്നു നോക്കുക പോലും ചെയ്യാതെ മൊബെൽ എടുത്തു കൊണ്ട് ചോദിച്ചു
"ഇന്നെന്താ നേരത്തെ എന്തെങ്കിലും പ്രത്യേകത ഉണ്ടോ..."ചോദ്യത്തോടൊപ്പം തന്നെ അവൻ കൈയ്യിലെ മൊബൈലിൽ കുത്തി തുടങ്ങിയിരുന്നു...
മറുപടി ഒന്നും വരാതായപ്പോൾ അവൻ മുഖമുയർത്തി മീനയെ നോക്കി അവൾ കൈയ്യിൽ ചായ ഗ്ലാസുമായി അവനെ തന്നെ നോക്കി നിൽക്കുവാണ്
മയിൽപ്പീലിയിലെ നീല നിറത്തിലെ കരയുള്ള കസവു സാരിയും നെറ്റിയിൽ നീളത്തിലെ ചന്ദനക്കുറിയുമായി... എപ്പോഴും കാണാറുള്ള ആ മുഖത്തിലെ ചിരി ഇല്ലാതെ.....
ചിരിക്കുന്നൊരു മുഖമാണ് മീനയുടെ സ്ഥായിയായ ഭാവം അവൾ ചിരിക്കുമ്പോൾ ആ കണ്ണുകളും കൂടെ ചിരിക്കുന്നതായി തോന്നും
കുറച്ചു നിമിഷങ്ങൾ മൗനമായി അങ്ങനെ നിന്നതിന് ശേഷം ഒരു നെടുവീർപ്പോടുകൂടി അവൾ ആ ചായ ഗ്ലാസ് അടുത്തുള്ള മേശപ്പുറത്തേക്ക് വച്ചിട്ട് പോയി
''ഇന്ന് എന്നെ ഓഫീസിൽ കൊണ്ടുവിടാമോ..." കുളിച്ചു റെഡിയായി കാപ്പി കുടിക്കാൻ ഇരുന്ന കണ്ണന്റെ പാത്രത്തിലേക്ക് ചപ്പാത്തി ഇടുമ്പോഴേക്ക് മീന ചോദിച്ചു
"എന്നെ അവിടെ വിട്ടിട്ട് ചേട്ടൻ ഓഫീസിലേക്ക് പൊയ്ക്കൊള്ളു.... "അവൾ ആ ചോദ്യത്തിനോട് കൂട്ടി ചേർത്തു
അപ്പൊഴും ഒരു കൈയ്യിൽ മൊബൈലിലെ ചാറ്റിലായിരുന്ന കണ്ണൻ അവളുടെ മുഖത്ത് പോലും നോക്കാതെ മറുപടി പറഞ്ഞു ''എന്നത്തെയും പോലെ നീ ബസിൽ പോയാൽ മതി ഇന്ന് എനിക്ക് കുറച്ച് ജോലി വേറെ ഉണ്ട്"
കറി പോലും എടുക്കാതെ അവൻ ഒരു ചപ്പാത്തി നുള്ളി പിച്ച് കഴിച്ച് എഴുന്നേറ്റിരുന്നു
കണ്ണൻ വേറൊന്നും സംസാരിക്കാതെ പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു
"എന്നാൽ വൈകുന്നേരം എന്നെ വിളിക്കാനെങ്കിലും വരാമോ....."
മീനയുടെ ശബ്ദം ഇടറിയിരുന്നു...
കണ്ണൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നേൽ ആ കണ്ണുകൾ നിറഞ്ഞിരുന്നത് കാണുമായിരുന്നു പക്ഷേ അതുണ്ടായില്ല ഒന്നും മിണ്ടാതെയവൻ യാത്രയായി....
ഒരു ചപ്പാത്തി കഴിച്ചെന്ന് വരുത്തി മീന ബസ് സ്റ്റോപ്പിലേക്ക് പതിയെ നടന്നു
കണ്ണൻ ചേട്ടന് എന്തൊക്കെയോ മാറ്റങ്ങളുണ്ട് സ്മാർട്ട് ഫോൺ കൈ കൊണ്ട് തൊടാതിരുന്ന ആൾ കുറച്ച് ദിവസമായി ഇപ്പോൾ എപ്പൊഴും മൊബൈലിൽ തന്നെയാണ്...
തന്നോടൊന്ന് നല്ലൊരു സംസാരം പോലും ഇപ്പൊ ഇല്ല എന്തു കാര്യത്തിനും തന്നെ വിളിച്ചിരുന്നതാണ് മീനമ്മോ ചായ എടുക്ക്....
മീനമ്മോ എന്റെ ഷർട്ടെവിടെ.....
മീനമ്മോ ഇന്ന് ഞാൻ കൊണ്ട് വിടാമേ....
മീനമ്മോ ഇന്ന് ഞാൻ വിളിക്കാൻ വരാമേ....
അങ്ങനെയൊക്കെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ടിട്ടു തന്നെ ദിവസങ്ങളായി മൊബൈലിൽ എന്താന്നറിയാൻ ഒരു ദിവസം അതെടുത്തു നോക്കിയപ്പോൾ അന്നുവരെ ഇല്ലാതെ അതിൽ പാസ് വേഡ് ഇട്ട് ലോക്കു ചെയ്തിരിക്കുന്നു....
രാത്രി താൻ ഉറങ്ങിയെന്ന് വിചാരിച്ച് ഇടയ്ക്കൊക്കെ എഴുന്നേറ്റിരുന്ന് മൊബൈലിൽ ചാറ്റുന്നതും ആരോടൊക്കെയോ അടക്കിപ്പിടിച്ച സംസാരവും കേട്ടു പല കുടുംബങ്ങളും ഇപ്പോൾ ഇങ്ങനെയൊക്കെ നശിക്കുന്നുണ്ട് ദൈവമേ.....ശാസ്താവേ...നീ എന്നെയും അങ്ങനെ ഒരു പരീക്ഷണത്തിൽ കൊണ്ടെത്തിച്ചിരിക്കുവാണോ.....
ഇങ്ങനെ അസ്വസ്ഥമായ മനസ്സുമായവൾ ബസ്സ്റ്റോപ്പിലെത്തിയപ്പോഴേക്കും ബസും വന്നിരിന്നു......
"പത്താൻകോട് ഇറങ്ങാനുള്ളവർ ഇറങ്ങിക്കോ കുട്ടി ഇറങ്ങുന്നില്ലേ..."കണ്ടക്ടറുടെ ശബ്ദം
മീന ചിന്തയിൽ നിന്നുണർന്നു
ബസ്സിറങ്ങി മീന ഓഫീസിലേക്ക് നടന്നു
കുമാരേട്ടൻ രാവിലെ തന്നെ എത്തി ഓഫീസ് തുറന്നിരുന്നു മറ്റാരും എത്തിയിട്ടില്ലായിരുന്നു മീന ബാഗ് തന്റെ മേശമേൽ വച്ച് കസേരയിലേക്കിരുന്നു
"ആഹാ....മോള് വന്നോ ഇന്ന് നേരത്തെ എത്തിയല്ലോ...
മീന നോക്കിയപ്പോൾ കുമാരേട്ടൻ മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്നു അവൾ തിരിച്ച് മറുപടി ഒന്നും പറയാതെ ഒരു മങ്ങിയ ചിരി മുഖത്ത് വരുത്തി
"അപ്പൊഴേ....മീന മോളെ ദാ കുമാരേട്ടന്റെ വക വിവാഹ വാർഷിക ദിനാംശസകൾ പിടിച്ചോ..."
മീന ഒരു ഞെട്ടലോട് കൂടെ കുമാരേട്ടനെ നോക്കി "കുമാരേട്ടനിതെങ്ങനെ അറിഞ്ഞു ഞാൻ പറഞ്ഞില്ലല്ലോ....."മീന ചോദിച്ചു "അതൊക്കെയുണ്ട് മോളെ.. "എന്നു പറഞ്ഞിട്ടയാൾ അലമാരയിൽ ഫയലുകളും മറ്റും അടുക്കിപ്പെറുക്കുവാൻ തുടങ്ങി
അപ്പോഴേക്കും അടുത്ത സ്റ്റാഫായ നാൻസി കയറി വന്നു
Happy Wedding Anniversary meena എന്നു പറഞ്ഞു കൊണ്ട്
''ങേ.... മീന അതിശയത്തോടെ നീ എങ്ങനെ അറിഞ്ഞു നാൻസി ഞാൻ പറഞ്ഞായിരുന്നോ.. " "ഏയ് ഇല്ലല്ലോ നീ പറഞ്ഞതൊന്നും ഇല്ല... നാൻസി പറഞ്ഞു കൊണ്ട് അവളുടെ സീറ്റിലേക്കിരുന്നു
" പിന്നെ എങ്ങനാണ്...."മീന വീണ്ടും സംശയം ചോദിച്ചു
''അതൊക്കെ ഉണ്ട് മോളെ.... "നാൻസി മറുപടിയും പറഞ്ഞു പിന്നെ പുറകെ ഓഫീസിലെ രാജൻ, സീന, സന്ധ്യ, ബാബു , ........................അങ്ങനെ മാനേജർ ഉൾപ്പെടെ പതിനൊന്നു പേരും
"Happy Anniversary meena....."
എന്നും പറഞ്ഞാണ് അന്ന് ഓഫീസിലേക്ക് കയറി വന്നത് മീന എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ വായും പൊളിച്ചിരിക്കുന്നത് കണ്ട് നാൻസി പറഞ്ഞു
"നീ എന്താ മൊബൈൽ എടുക്കാത്തത് ഞാൻ രാവിലെ വാട്സാപ്പ് ചെയ്തായിരുന്നല്ലോ..." മൊബൈലിന്റെ കാര്യം തന്നെ മീന അപ്പോഴാണ് ഓർത്തത് അവൾ ബാഗിൽ നിന്നും മൊബൈൽ എടുത്തു നെറ്റ് ഓൺ ആക്കി........
കുറച്ച് സമയത്തേക്ക് ഫോണിൽ എന്താണ് സംഭവിക്കുന്നതെന്ന് മീനയ്ക്ക് മനസ്സിലായില്ല മിനിട്ടുകൾ കഴിഞ്ഞു മൊബൈലിലെ ബഹളങ്ങൾ നിന്നിട്ട് മീന നോക്കിയപ്പോൾ വാട്സാപ്പിലും മെസഞ്ചറിലും മെയിലിലുമൊക്കെയായി ഒരു രണ്ടായിരത്തിലേറെ സന്ദേശങ്ങൾ വന്നിരിക്കുന്നു അവൾ ഓരോന്നോയി തുറന്നു നോക്കി എല്ലാം Happy anniversary......
വിവാഹ വാർഷിക ആശംസകൾ ഒക്കെ തന്നെ പ്രൈമറി സ്കൂളിൽ കൂടെ പഠിച്ച പോയ കൂട്ടുകാർ, അദ്ധ്യാപകർ മുതൽ പിന്നെ ഹൈസ്ക്കൂളിലെ തന്റെ സുഹൃത്തുക്കളും അദ്ധ്യാപകരും അതിൽ അന്നു തന്നെ ഒരു ചെല്ലക്കുട്ടിയെ പോലെ കൊണ്ടു നടന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട എലിസബത്ത് ടീച്ചർ പിന്നെ കോളേജ് ജീവിതത്തിലെ കൂട്ടുകാർ പ്രാഫസർമാർ ലക്ച്ചേർസ് മുൻപ് ജോലി ചെയ്തിരുന്ന ഓഫീസിലെ സഹപ്രവർത്തകർ കുഞ്ഞായിരുന്നപ്പോൾ താമസിച്ച നാട്ടിലെ അറിയാവുന്നവർ ബന്ധുക്കൾ ജീവിതത്തിലിനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയിരുന്ന എവിടെയാണെന്ന് പോലും അറിയാതിരുന്ന ആയിരത്തോളം സുഹൃത്തുക്കളുടെയടക്കം അനേകം ആശംസാ സന്ദേശങ്ങൾ.......
എലിസബത്ത് ടീച്ചറെ ഒന്നു കണ്ടു പിടിക്കുവാനായി താനും ചേട്ടനും ഒരിക്കൽ കുറെ ശ്രമിച്ചതായിരുന്നു എവിടെയാണെന്ന് പോലും അന്നറിയാൻ കഴിയാത്തതിൽ താൻ കുറച്ച് വിഷമിച്ചിരുന്നു
ഇപ്പോൾ ഇതൊക്കെ എങ്ങനെ ആരു പറഞ്ഞു ഇവരോടൊക്കെ മീനയ്ക്ക് വട്ടു പിടിക്കും പോലെ മൊബൈലും കൈയ്യിൽ വച്ചവളിരുന്നു
" പാവം നിന്റെ കണ്ണൻ ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് കാണും കേട്ടോ നിനക്ക് ഇങ്ങനെയൊരു സർപ്രൈസ് തരുവാൻ...."
നാൻസിയുടെ ശബ്ദം കേട്ടവൾ മുഖമുയർത്തി അവളെ നോക്കി സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
അപ്പോൾ ഇതിനായിരുന്നു കണ്ണൻ ചേട്ടൻ കുറച്ച് ദിവസമായി മൊബൈലിൽ........
ഓരോന്നൊക്കെ ഓർത്ത് താൻ സംശയിച്ചു പോയല്ലോ മീനയ്ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു......
ജോലികൾക്കിടയിലായി എല്ലാ സന്ദേശങ്ങൾക്കും ഓരോ നന്ദി വാക്ക് അയച്ച് കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായിരുന്നു....
ഇടയ്ക്കൊക്കെ കണ്ണനെ വിളിക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ചോഫ്.....
വൈകുന്നേരം അഞ്ചു മണിയായി
"അപ്പൊ ശരി മണവാട്ടിപ്പെണ്ണേ..... "എന്നു പറഞ്ഞ് എല്ലാപേരും ഇറങ്ങുകയായി....
"നിന്റെ കണ്ണൻ ചേട്ടന് നിന്നെ ഒരുപാട് ഇഷ്ടമാണ് അല്ലേ.....മീന നീ...ഭാഗ്യം ചെയ്തവളാണ് ഇങ്ങനെ ഒരാളിനെ കിട്ടിയതിൽ... "
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ നാൻസി മീനയോടായി പറഞ്ഞു
മറുപടിയായി മീന ചിരിക്കുമ്പോഴേക്കും എപ്പോഴും കാണാറുള്ളത് പോലെ അവളുടെ കണ്ണുകളും കൂടെ ചിരിക്കുന്നുണ്ടായിരുന്നു.......
ബസ് സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടു അവിടെ ബൈക്കിൽ ചാരി മാറിൽ കൈയ്യും കെട്ടി നിൽക്കുന്നു കണ്ണൻ
''ദേ നിൽക്കുന്നു നിന്റെ മണവാള ചെറുക്കൻ മണവാട്ടിപ്പെണ്ണ് ചെന്നോളു.....ഞാൻ പോട്ടെ നാളെ കാണാം..."എന്നു പറഞ്ഞ് നാൻസി അപ്പോൾ വന്നു നിന്ന ബസിനടുത്തേക്ക് ഓടിപ്പോയി
മീന നടന്ന് കണ്ണന്റെ അടുത്തെത്തി ആ മുഖത്തേക്കു നോക്കി....
കണ്ണൻചിരിച്ചു കൊണ്ട് വിളിച്ചു
"മീനമ്മോയ്......"
മീനയുടെ കണ്ണുകൾ നിറഞ്ഞു
''എന്തേയ് ഞാൻ മറന്നു പോയിയെന്ന് നീ കരുതി അല്ലേ..."
"ഉം... ഒന്നും മിണ്ടാതെ മീന തല അനക്കി
അവൻ അവളുടെ നെറ്റിയിലേക്ക് പാറിക്കിടന്ന മുടിയിഴകൾ കൈകൊണ്ട് പുറകിലേക്ക് ഒതുക്കി വച്ചു കൊടുത്തു...
മൊബൈൽ എടുത്ത് അവളുടെ കൈയ്യിൽ കൊടുത്തു
"ഇനി നീ തന്നെ ഇത് വച്ചേയ്ക്കു....
വേറൊരു കാര്യത്തിനും എനിക്കിതിന്റെയൊന്നും ആവശ്യമേ ഇല്ല ലോക്കിന്റെ പാസ്‌വേഡ് നിന്റെ പേര് തന്നെയായിരുന്നു മണ്ടൂസേ... "
കണ്ണൻ പറഞ്ഞു
അവൾ ഫോൺ വാങ്ങിയിട്ട്
"വാ നമുക്ക് പോകാം എന്നു പറഞ്ഞു
" മഴ വരുന്നുണ്ട് അത് തോർന്നിട്ട് പോയാലോ.... " കണ്ണൻ ചോദിച്ചു
"വേണ്ട മഴ പെയ്യുവാണേൽ നമുക്ക് അത് നനഞ്ഞുതന്നെ പോകാം..."എന്നാണ് മീന അപ്പോൾ പറഞ്ഞത് അവളുടെ കണ്ണുകളിലപ്പോൾ പത്ത് വർഷം മുൻപുള്ള മണവാട്ടി പെണ്ണിന്റെ നിറമായിരുന്നു
"ശരി കയറ് എന്ന് പറഞ്ഞ് കണ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഒരു ചെറിയ പൊതി മീനയുടെ കൈയിൽ കൊടുത്തു.
പത്താം വാർഷികം ആഘോഷിക്കുവാനായി വീട്ടിൽ അച്ഛനും അമ്മയും മക്കളും ഒക്കെയായി വീണ്ടുമൊരു കല്ല്യാണവട്ടങ്ങളുമായി എല്ലാപേരും കാത്തിരിക്കുന്നുണ്ട് എന്നുള്ള അടുത്ത ഞെട്ടലിനുള്ള വക കൂടി കണ്ണൻ ഒരുക്കിയിട്ടുണ്ടെന്ന് അറിയാതെ മീന ആ ചെറിയ പൊതി തുറന്നു...
മുല്ലപ്പൂവിന്റെ ഗനധം ആസ്വദിച്ചവൾ കണ്ണുകൾ മെല്ലെയടച്ചു.....
മഴ വെള്ളത്തിൽ നനഞ്ഞു കുതിർന്നവൾ തണുത്തിട്ട് അവനോട് ചേർന്നിരുന്നു.....
ഇരു കൈകൾ കൊണ്ടും മുറുകെ പിടിച്ചു കൊണ്ട്......
വാർഷികത്തോടൊപ്പം ഇന്നവരുടെ വീണ്ടുമൊരു ആദ്യരാത്രി കൂടെ ആയതിനാൽ ഈ കഥ ഇവിടെ നിർത്തി കണ്ണനേയും മീനയേയും സ്വതന്ത്രമായി വിട്ടേക്കാം.....
ശേഷം ചിന്ത്യം വേണ്ട......
ജെ.....
അപ്പൊ....നല്ലെഴുത്തേ....
നമുക്കൊന്നു ഞെട്ടിക്കണ്ടേ...മീനമ്മയേ...
നിങ്ങൾ അതിന് സഹായിക്കില്ലേ....?
കണ്ണനോളം പറ്റിയില്ലേലും....
കുറച്ചെങ്കിലും...
അതിനായി വായിച്ചിട്ട് ഇഷ്ടക്കേട് ഒന്നും തോന്നിയില്ലേൽ ലൈക്കിയിട്ടും ലൈക്കാതെയും പുറം തിരിഞ്ഞ് പൊയ്ക്കളയാതെ....
പാവം മീനമ്മയ്ക്കൊരു ആശംസ പറഞ്ഞിട്ട് പൊയ്ക്കൂടെ.......
ചേതമില്ലാത്തൊരുപകാരമല്ലേ എന്തിനാ ആ കുറച്ചക്ഷരങ്ങൾക്കൊരു മടി.....
ആദ്യമെ ഞാൻ തന്നെ പറയുവാണേ......
Happy...anniversary...
m.......eenamoy...........
നന്ദി.....

Jayachandran,

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo