Slider

പനി

0
പനി
........

വിട്ടുമാറാത്ത പനിയും തൊണ്ടവേദനയും ക്ഷീണവുമായാണ് ഞാനന്ന് ഡോക്ടറിനെ കാണുവാൻ പോകുന്നത്. ചെന്നൈയിൽ H1N1 റിപ്പോർട്ട് ചെയ്യപ്പെട്ട സമയമാണത്. എന്റെ രോഗലക്ഷണങ്ങൾ കണ്ടു സംശയം തോന്നിയ ഡോക്ടർ H1N1 ടെസ്റ്റിന് നിർദ്ദേശിച്ചു. തൊണ്ടയിലെ സ്രെവമെടുത്തു നടത്തുന്ന പരിശോധനയാണത്. രണ്ടുദിവസം കഴിഞ്ഞു ടെസ്റ്റ് റിസൾട്ട് അറിയും അപ്പോളേക്കും ഡോക്ടറിനെ ചെന്ന് കാണുവാൻ പറഞ്ഞു.
പിറ്റേന്നു വൈകിട്ട് ആശുപത്രിയിൽ നിന്നും വിളി വന്നു H1N1 ടെസ്റ്റ് റിസൾട്ട് വന്നു അത് പോസിറ്റീവ് ആണ് ഉടനെ ആശുപത്രിയിൽ എത്തണമെന്ന്. എന്റെ ഭർത്താവാണ് സംസാരിച്ചത് അദ്ദേഹം എന്നോട് ആശുപത്രിയിൽ പോകുവാൻ റെഡി ആകുവാൻ പറഞ്ഞു. റിസൾട്ട് പോസിറ്റീവായ കാര്യമൊന്നും എന്നോട് പറഞ്ഞില്ല പൊതുവെ ഒരല്പം പേടിയുള്ള കൂട്ടത്തിലാണ് ഞാൻ. ആശുപത്രിയിൽ എത്തി വല്യ ഭാവഭേദങ്ങളൊന്നും കൂടാതെ ഡോക്ടർ നല്ല കൂളായി പറഞ്ഞു ടെസ്റ്റ് പോസിറ്റീവ് ആണ് എനിക്ക് H1N1 സ്ഥതീകരിച്ചുവത്രെ. ടെസ്റ്റ് കഴിഞ്ഞു വീട്ടിൽ പോയ ഗ്യാപ്പിൽ ഞാൻ നെറ്റിൽ തപ്പി H1N1 നെ പറ്റിയുള്ള സകല വിവരങ്ങളും നോക്കിവെച്ചിട്ടുണ്ട്. കൃത്യസമയത്തു ചികിൽസിച്ചാൽ പൂർണമായും ഭേദമാവുമെകിലും H1N1 ബാധിച്ചു മരിച്ചവരെക്കുറിച്ചുള്ള റിപ്പോർട്ട് ഒക്കെ വായിച്ചിരിക്കുന്ന എന്നോട് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ പാതി ജീവൻ പോയി. ഉടനെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ എനിക്കിപ്പോ നാട്ടിൽ പോകണമെന്ന് ഞാൻ. രണ്ടുപേരുടെയും അഭിപ്രായങ്ങൾക്കു നടുവിൽ ത്രിശങ്കു സ്വർഗ്ഗത്തിലെന്ന പോലെ എന്റെ ഭർത്താവും. നാട്ടിൽ പൊയ്ക്കോ പക്ഷെ പോകുന്ന വഴിക്കു വല്ലതും സംഭവിച്ചാൽ തങ്ങൾ ഉത്തരവാദികളല്ലായെന്നു തീർത്തു പറഞ്ഞ ഡോക്ടറിന്റെ ആ ഒറ്റ ഡയലോഗിൽ ഞാൻ അഡ്മിറ്റാകുവാൻ സമ്മതിച്ചു.
അങ്ങനെ അഡ്മിറ്റ് ചെയ്യുന്നതിന്റെ നൂലാമാലകളൊക്കെ തീർത്തു എന്നെ റൂമിലേക്കവർ ആഘോഷപൂർവം ആനയിച്ചു. ഹോട്ടൽ മുറികളെ അനുസ്മരിപ്പിക്കുന്ന നാലൊന്നാംതരം മുറി(റൂം റെന്റ് അതിലും ഗംഭീരമാണ്). എന്നെ റൂമിനുള്ളിലാക്കിയിട്ട് ഡോറും പൂട്ടി ഡോറിൽ റെസ്പിറേറ്ററി ഐസൊലേഷൻ എന്നൊരു ബോർഡും തൂക്കി.മറ്റുള്ളവർക്ക് പകരുന്നതൊഴിവാക്കാനുള്ള മുന്കരുതലാണത്. അവര് തന്ന ആശുപത്രിക്കുപ്പായവും വലിച്ചു കയറ്റി ഞാൻ ബെഡിൽ ചെന്നിരുന്നു. മുഖത്ത് മാസ്കും വെച്ചൊരു നേഴ്സ് രംഗപ്രവേശം ചെയ്തു. ഐവി ഫ്‌ല്യൂയിടും കുത്തി എനിക്കൊരു ചിരി സമ്മാനിച്ചവർ പോയി. ആശുപത്രി വാസത്തിന്റെ മടുപ്പിക്കുന്ന ഏകാന്തതയും അന്യ നാട്ടിൽ കിടന്നെങ്ങാനും മരിച്ചുപോകുമോയെന്നുള്ള പേടിയും എന്നെ വല്ലാതെ അലട്ടുന്നുണ്ട്. റൂമിനു പുറത്തിറങ്ങാൻ എനിക്കനുവാദമില്ല. ഇടയ്ക്കിടയ്ക്ക് വന്നു ടെംപറേച്വർ ചെക്ക് ചെയ്തും കൃത്യ സമയത്തു മരുന്ന് നൽകിയും നേഴ്സ് നല്ല രീതിയിൽ എന്നെ പരിപാലിക്കുന്നുണ്ട്.
അങ്ങനെ ആശുപത്രിയിലെ എന്റെ ഒന്നാമത്തെ ദിവസം കടന്നുപോയി. അടുത്ത ദിവസം ഡോക്ടർ പരിവാരസമേതം വന്നു അസുഖവിവരങ്ങൾ തിരക്കി പോയി. നാട്ടിൽ നിന്നും വരാൻ 'അമ്മ ടിക്കറ്റും ബുക്ക് ചെയ്തു ഇരിക്കുവാണ്. അപ്പോളാണ് ഡോക്ടർ പറയുന്നത് പ്രായമായ ആളുകൾ വരുന്നത് നല്ലതല്ല പകരാൻ ഇടയുണ്ട് പ്രേമേഹവും മറ്റുമുണ്ടെങ്കിൽ റിസ്ക് ആണെന്ന്. അങ്ങനെ മനസില്ലാമനസോടെ അമ്മയോട് വരണ്ട എന്ന് വിളിച്ചു പറയുകയും ചെയ്തു. അതും കൂടിയായപ്പോൾ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലും തുടങ്ങി. ലോകത്തുള്ള സകലമാന സാധനത്തിനോടും ഒടുക്കത്തെ കലിപ്പ്. അറിഞ്ഞോ അറിയാതെയോ പനിയുടെ ക്ഷീണവുമൊക്കെയായി എന്റെ എല്ലാ ദേഷ്യവും തീർത്തത് പാവം നഴ്സിനോടാണ്. നൈറ്റ് ഡ്യൂട്ടിയിൽ എന്നെ നോക്കുവാൻ വന്നിരുന്ന വെളുത്തു മെലിഞ്ഞ ഒരു നേഴ്സ്. രാത്രിയിൽ കഴിക്കുവാൻ കൊണ്ടുവന്ന പ്രേത്യേക ഡയറ്റനുസരിച്ചുള്ള ഉപ്പും എരിവുമൊന്നമില്ലാത്ത ഭക്ഷണ൦ കഴിച്ചതും അതേപടി ഛർദിച്ചതും ഒന്നും മിണ്ടാതെ അതൊക്കെയും അവർ വൃത്തിയാക്കി.
ഇടയ്ക്കിടെ മരുന്ന് നൽകാൻ വരുമ്പോളൊക്കെ ഒരു കാരണവുമില്ലാതെ ഞാൻ അവരോട് ചൂടാകും. അവരാണെനിക്ക് പനി കൊണ്ടുവന്നത് പോലെ. എന്തൊക്കെ പറഞ്ഞാലും പക്ഷെ അവരുടെ മുഖത്തെ ചിരി മായില്ല. എന്റെ തലയിൽ തലോടി എല്ലാം വേഗം ശെരിയാകുമെന്നു പറയുമ്പോൾ അവർക്കു ശെരിക്കും ഞാൻ കഥകളിൽ മാത്രം കണ്ടിട്ടുള്ള മാലാഖയുടെ മുഖമായിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ അവരെ കണ്ടില്ല ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു നേഴ്സ് ആണ് പറഞ്ഞത് അവരുടെ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലായിരുന്നുവത്രെ തലേന്ന് 'അമ്മ മരിച്ചു. ആ നഴ്സിന്റെ മുഖമോർത്തപ്പോൾ എന്തോ കണ്ണ് നിറഞ്ഞു വന്നു. അസുഖത്തിന്റെ അവശതയിൽ ഞാൻ കാട്ടിയ വാശിയും ദേഷ്യവും ഒന്നും കാര്യമാക്കാതെ എന്റെ ഒരു കാര്യത്തിനും കുറവുവരുത്താതെ നോക്കിയ നേഴ്സ്.
ആശുപത്രിക്കിടക്കയിൽ മനസുമടുപ്പിക്കുന്ന ജീവിതം നയിക്കുന്ന പലർക്കും വലിയൊരാശ്വാസം തന്നെയാണ് ചിലപ്പോഴെങ്കിലും നഴ്സുമാരുടെ സാന്നിധ്യം.
AnjaliKini, 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo