നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനെഴുതിയ കഥ

'അച്ഛാ...ഇതൊന്ന് വായിച്ചേ 
ഞാനെഴുതിയ കഥയാ...!'
ആദ്യമായെഴുതിയ കുഞ്ഞ് കഥ 
അവൾ അച്ഛന്റെ നേരേ നീട്ടി.
ചാരുകസേരയിൽ നിവർന്നിരുന്ന് മകളെ രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ കടലാസ്സിലെ അക്ഷരങളിൽ
കണ്ണോടിച്ചുകൊണ്ട് എഴുന്നേറ്റു,
നടന്ന് ഉമ്മറത്ത് കത്തുന്ന നിലവിളക്കിലേയ്ക്ക് ആ കടലാസ്സ് നീട്ടി. പൊള്ളിയടർന്ന അക്ഷരങളുടെ നിലവിളികളെ വിറപ്പിച്ചു കൊണ്ട് അയാൾ ശബ്ദമുയർത്തി..!
'ഇരുന്ന് നാമം ജപിക്കെഡീ....
ഒരു കഥക്കാരി.....!!!'
**
അവൾ പുസ്തകത്തിന്റെ പുറം ചട്ടയിലെ പേരിൽ മെല്ലെ തലോടി...
'മാളവിക ശേഖർ'...!
'ശേഖരൻ മേനോനേ....
താങ്കൾ അഗ്നിയിലെരിച്ച അക്ഷരങളിതാ പുനർജനിച്ച് പുസ്തകമായിരിക്കുന്നു, നിങളുടെ മകളുടെ വാക്കുകൾക്ക് മാറ്റേറിയിരിക്കുന്നു..!
എല്ലാത്തിനും നന്ദി, നിലവിളക്കിലെ തീയിൽ കടലാസ്സിനൊപ്പം വീണ്ടും എഴുതാനുള്ള വാശിയുടെ കനലുകൾ
ജ്വലിപ്പിച്ചു തന്നതിന് ഞാൻ എന്റെ ജന്മം കൊണ്ട് നന്ദി പറയുന്നു..!
*
'നീ നന്നായെഴുതി മോളേ…
മാളവികാ ശേഖർ..!.
ശേഖർ എന്ന പേര് മാത്രമാണ് ആ പുസ്തകത്തിലെ ഏറ്റവും മോശപ്പെട്ട വാക്ക്..! നിനക്ക് അമ്മയുടെ പേര്
ഒപ്പം ചേർക്കാമായിരുന്നു..!'
മാളവിക അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് കഷായം നീട്ടി.!
മുഖത്ത് ചുളിവൊന്നും വീഴ്ത്താതെ കയ്പ്പൻ കഷായത്തെ അയാൾ‌ കുടിച്ചിറക്കി, 
കയ്പ്പിനെ കാലം അലിയിച്ചതാണ് ,
വലതു കൈയ്യായിരുന്നു ആദ്യം ചലനമറ്റത്, വൈകാതെ പാതി ഉടലും മരവിച്ചു,..!
'നീ അച്ഛനൊരു കോപ്പി തന്നില്ലല്ലോ,..?'
'എന്തിനാ...കത്തിക്കാനോ...'?
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചതും,
മേനോന്റെ മുഖത്ത് വേദന വിതുമ്പലായി.
'ഞാൻ കരുതിയതാ അച്ഛന് ആദ്യ കോപ്പി തരണമെന്ന്..,
മകളുടെ ആദ്യസൃഷ്ട്ടിയെ തീയിലെരിച്ച അച്ഛന് നേർക്ക് എന്റെ പുസ്തകം വച്ചു നീട്ടുമ്പോൾ അത് പകരം വീട്ടുന്ന പോലാകുമെന്ന് തോന്നി, അതുകൊണ്ടാ പുസ്തകം അമ്മയെഏൽപ്പിച്ചത് !'
മേനോൻ മകളെ നോക്കി,
എന്റെ മകൾ...വല്ല്യ മനസ്സുള്ളവൾ..!
മേനോൻ‌ മാളവികയുടെ കൈയ്യിൽ മുറുകെ പിടിച്ചു, പതിയെ ആ വിരലുകളെ ചുണ്ടോട് ചേർത്തു,..!
"എന്നോട് ക്ഷമിക്ക് മോളേ...ഞാൻ..."
അവൾ അച്ഛന്റെ വാപൊത്തി,
നിറഞ്ഞ കണ്ണ് തുടച്ച് നെറ്റിയിൽ‌ ചുണ്ട് ചേർത്തു...
"അച്ഛൻ ഉറങ്...ഞാനിന്ന് പായസം വയ്ക്കാം, അമ്മ കാണാതെ അച്ഛനും തരാം.."
മേനോൻ മകളെ നോക്കി‌ ചിരിച്ചു...!
*
അടുപ്പിൽ, അച്ഛൻ നുകരാതെ
പോയ മധുരത്തിന്റെ ചൂടാറുന്നതേയുള്ളൂ,..!
എരിയുന്ന ചിതയുടെ കൈകളിൽ‌ അവൾ താനെഴുതിയ പുസ്തകം 
വച്ചു കൊടുത്തു,...!
'അച്ഛനൊപ്പമുണ്ട് ഞാൻ,
എന്റെ വാക്ക് പൂക്കുന്നത് അച്ഛൻ എന്നിൽ നട്ട വാശിയുടെ മരത്തിൽ നിന്നാണ്...അച്ഛനൊപ്പം ദഹിച്ച് അഗ്നിശുദ്ധി വരട്ടെ എന്റെ അക്ഷരങൾക്ക്...!!!'
അഗ്നിയിലൂടെ ശേഖരൻ മേനോൻ മകളുടെ പുസ്തകം 
വായിക്കാൻ തുടങി..!
Shyam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot