Slider

ഒടിയൻ

0
Image may contain: 1 person, beard, closeup and outdoor

നാല് പാടും പച്ച വിരിച്ച നെല്പാടങ്ങൾക്ക് നടുവിൽ ഒടിയൻ കുളം വേനലിലും അയാൾക്ക് മുന്നിൽ തെളിഞ്ഞു നിറഞ്ഞുനിന്നു.. അയാളുടെ പൂർവികർ കഴുകിക്കളഞ്ഞ ഒടിമരുന്നിൽ നിന്നും ഗർഭസ്ഥശിശുക്കൾ ഉച്ചനേരങ്ങളിൽ നിലവിളിക്കുന്നത് ആ നാട്ടുകാർ കേട്ടിട്ടുണ്ട്. കാലാകാലങ്ങളായി മനുഷ്യസ്പർശം ഏൽക്കാത്ത ഒടിക്കുളത്തിൽ കാലം നിഗൂഢമായി നീലിച്ച് കിടന്നു. കണ്ണാടിയിലെന്നപോലെ അയാൾക്ക് മുന്നിൽ മുഖങ്ങൾ തെളിഞ്ഞുവന്നു... ഒടിമറഞ്ഞു കൂകിയാർത്ത് വരുന്ന അച്ഛൻ.. മുത്തച്ഛൻ.. കോഴിയായും, കുറുക്കനായും, കൂറ്റൻ കാളയായും, നായയായും ഒടിമറിഞ്ഞ പ്രപിതാമഹന്മാർ കൂകിയാർത്ത് വിളിക്കുന്നു.. അയാൾ വെള്ളത്തിലേക്ക് മുങ്ങി.. ചെവിക്കുള്ളിലേക്ക് വീണ്ടും ആരൊക്കെയോ ആർത്തട്ടഹസിച്ചു വരുന്നു.. വെല്ലുവിളികൾ.. പരിഹാസച്ചിരികൾ.. ഇനിയും ഒടിമറിഞ്ഞാൽ തല്ലിക്കൊല്ലും... ! ഭീഷണിപ്പെടുത്തലുകൾ.. അയാൾ മുങ്ങിനിവർന്നു.. നേരെ ഒടിപ്പുരയിലേക്ക് നടന്നു കയറി വാതിലടച്ചു.
നേരം സന്ധ്യയോടടുത്തു. വാതിൽ തുറന്നില്ല. ഒടിപ്പുരക്കകത്ത് പരദൈവങ്ങൾക്ക് മുന്നിൽ, കാരണവന്മാർ കൈമാറിക്കിട്ടിയ ചിത്രവും വരയും നിറഞ്ഞ വടിവെച്ച പീഠത്തിനു മുൻപിൽ അയാൾ കണ്ണടച്ചിരുന്നു.
"ഈ തന്തക്ക് ഇത് എന്തിന്റെ കേടാ " പുറത്ത് മകൻ അമ്മയോട് ചാടിക്കേറുന്നത് അയാൾ കേട്ടു.
"മനുഷ്യനെ നാണം കെട്ത്താനായിട്ട് വയസ്സാങ്കാലത്ത് വെല്ലുവിളിക്കാൻ നിക്കണ്‌.. ഇനീം ഒടിമറയാനും കൂക്കി എറിയാനും നടക്കാനാച്ചാ ഈ വീട്ടില് പറ്റില്ല... "
അയാൾ കണ്ണ് തുറന്നില്ല. മനസ്സിൽ പൂർവ്വികരെ ധ്യാനിച്ച് വഴി തേടി. ആരും വെളിപ്പെട്ടില്ല.. ഒടിമറിഞ്ഞു കൂകിയാർത്ത് അച്ഛൻ വന്നില്ല.. കാളയായും കറുത്ത നായയായും മുത്തച്ഛന്മാർ വന്നില്ല. ആരും വന്നില്ല...
പാതിരാത്രിയിൽ ഗ്രാമത്തിന് പുറത്തേ അതിരിൽ പറങ്കിമൂച്ചി കാടുകളിൽ നിന്ന് കൂടണയാത്ത ഏതോ പൂവൻകോഴി കൂവിക്കൊണ്ടിരുന്നു...
ഒടിപ്പുരയുടെ വാതിൽ തുറക്കപ്പെട്ടു. മുതുകിൽ ചെമ്പൻ രോമങ്ങളുള്ള വയസ്സൻകുറുക്കൻ കൂകിക്കൊണ്ട് പുറത്തേക്ക് പാഞ്ഞു. പരദൈവങ്ങളെ കുടിയിരുത്തിയ കല്ലുകൾക്ക് മുന്നിൽ പീഠം ഒഴിഞ്ഞു കിടന്നു. ഒടിക്കുളത്തിനു തെക്ക് മാറി പടർന്ന് പന്തലിച്ച കല്ലൻമാവിന് ചുവട്ടിലിരിക്കുമ്പോൾ അയാൾ ഓർത്തു. ഇന്ന് ഒടിമറഞ്ഞുപാഞ്ഞ് വീട്ടുമുറ്റത്ത്‌ ചെല്ലുമ്പോൾ ചൂടുവെള്ളം ഒഴിച്ച് അടയാളം കാട്ടാൻ ആരും ഉണ്ടാവില്ല.
പിന്നെ, അയാൾ താൻ കാത്തിരിക്കുന്ന മനുഷ്യനെ കുറിച്ചോർത്തു. ചെയ്യാൻ പോകുന്ന നിരർത്ഥകമായ തന്റെ കർമ്മത്തെക്കുറിച്ചും.. ! അകലെ നെൽപ്പാടങ്ങളിൽ പാതിരക്കാറ്റ് പിടിക്കുന്നതും നോക്കി അയാൾ "ഒടിപിടിച്ച" മനുഷ്യരെ കുറിച്ചോർത്തു. പാതിരാത്രിയിൽ. പാഞ്ഞടുത്തു വരുന്ന കാളയെയും കറുത്ത നായയെയും കണ്ട പേടിച്ച് ഭ്രാന്ത് പിടിച്ച പാവങ്ങൾ.. !
പാടങ്ങൾക്ക് നടുവിൽ വിഷം തീണ്ടിയ സുന്ദരിയുടെ കണ്ണുപോലെ ഒടിയൻ കുളം നിശ്ചലമായി നീലിച്ച് കിടന്നു... ദൂരെ ഒരു വെളിച്ചം മിന്നി, ടോർച്ച് തെളിച്ച് ഒരാൾ വടക്ക് നിന്നും പാടത്തേക്കിറങ്ങി നടന്നടുക്കുന്ന വെളിച്ചത്തെ നോക്കി അയാൾ നെടുവീർപ്പിട്ടു. പിന്നെ, കയ്യിലെ വടിയിൽ മുറുക്കി പിടിച്ചു. അത് അകാരണമായി വിറച്ച് കൊണ്ടിരുന്നു. വെളിച്ചം അടുത്തടുത്ത് വന്നു. തൊട്ടുമുന്നിലെത്തിയ മനുഷ്യന് നേരെ ഭയങ്കരമായ ശബ്ദത്തോടെ കൂകികൊണ്ട് കുറുക്കൻ ചാടിയതും കനത്ത ഇരുമ്പ് ടോർച്ച് മുഖത്ത് ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു. നിലതെറ്റി വൃദ്ധൻ വരമ്പിൽ നിന്നും വേച്ച് വീണു. വീണിടത്ത്നിന്ന് എഴുന്നേൽക്കുംമുൻപ് നെഞ്ചിൻ കൂടിൽ ചവിട്ട് കിട്ടി തൊലിയുരിക്കപ്പെട്ട ഒടിയൻ പാടത്ത് നഗ്നനായി കിടന്നു ചുമച്ചു.. !
ബലിഷ്‌ഠമായ കയ്യിൽ പിടിച്ച് നിവർന്നു നിൽക്കുമ്പോൾ അയാൾ ദുർബലമായി വിറച്ച് കൊണ്ടിരുന്നു.. ദയനീയമായ കണ്ണുകളിൽ നോക്കിയപ്പോൾ ആഗതന്റെ കൈ അയഞ്ഞു. അയാൾ നടന്നകന്നു.. !
വൃദ്ധൻ ദുർബലമായ ശബ്ദത്തിൽ ഒരിക്കൽക്കൂടി പൂർവ്വികരെ വിളിച്ച് കൂവി. ഒടിയൻകുളത്തിൽനിന്നും ഇത്തവണ അയാൾ പൂർവ്വികരുടെ മറുവിളി വ്യക്തമായും കേട്ടു.. !
തലമുറയായി കൈമാറിക്കിട്ടിയ കൊടുംപാപത്തിന്റെ, ശാപത്തിന്റെ മൃഗത്തോൽ പിറകിൽ ചെളിയിലുപേക്ഷിച്ച് അയാൾ പൂർവ്വികർക്ക് വിളികേട്ടു.. !
ഒടിപിടിച്ചവർ -ഒടിക്രിയ ചെയ്യപ്പെട്ട ആളുകൾ.
*ജിഗിൽ*
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo