Slider

ഒരച്ഛന്റെ രോദനം

0

ഒരച്ഛന്റെ രോദനം
------------------------------®
"ചേട്ടാ ചേട്ടനെവിടാ....? ഒന്നു പെട്ടന്ന് വീട്ടിലോട്ട് വാ ചേട്ടാ.... "
ഭാര്യയുടെ ഫോണാണ്... പതിവിലും ഗൗരവത്തിൽ.... കരച്ചിലിന്റെ വക്കോളമെത്തിയ സംസാരം...
ഭയന്നു പോയി....!
" ടീ.... നീ കാര്യം പറ... എന്തു പറ്റി..?"
അല്ലങ്കിലും അവളങ്ങനെയാണ് ഒന്നും നേരേ ചൊവ്വേ പറയില്ല...!
"ചേട്ടാ കുഞ്ഞൊന്നു വീണു... തല പൊട്ടീട്ടുണ്ട്... ചോര നിക്കുന്നില്ല... ചേട്ടാ ചേട്ടനൊന്നു വേഗം വാ..! എനിക്ക് പേടിയാവുന്നു... "
ഭയാക്രാന്തമായ ശബ്ദം....
"എന്താ.... എന്താ പറ്റിയെ...? ങേ....!
വേണ്ട ഒന്നും പറയണ്ട.. ഫോൺ കട്ട് ചെയ്യ്.. ഞാനിതാ എത്തി... "
പൾസർ സ്റ്റാർട്ട് ചെയ്തു... തിരക്കേറിയ റോഡിലൂടെ വീട്ടിലേക്ക് പായുമ്പോഴും മനസിൽ അകാരണമായ ദേഷ്യം...
കൊച്ചിനെ നോക്കത്തില്ല... എന്തെങ്കിലും എടുത്താ അതിന്റെ പുറകേ പോകും... എത്ര പറഞ്ഞു കൊടുത്താലും മനസിലാവത്തുമില്ല...
എത്ര ദുരന്തങ്ങളാ ദിവസവും പത്രത്തിൽ വായിക്കുന്നത്..? ശ്രദ്ധക്കുറവിന്റെ നേർസാക്ഷ്യങ്ങൾ..?
ആരോട് പറയാൻ....?
മൂന്നര കിലോമീറ്റർ മൂന്ന് മിനിട്ടു കൊണ്ടെത്തി...റോഡിൽ വച്ചേ നിലവിളി കേട്ടൂ...
ഇന്നും "ആരോമൽ " തന്നെ....!
ബൈക്ക് മുറ്റത്തേക്ക് കയറ്റി ഓഫാക്കി സൈഡ് സ്റ്റാന്റും തട്ടി ഓടാനൊരുങ്ങിയപ്പോൾ ഒരബദ്ധം പറ്റി..!
സൈഡ് സ്റ്റാന്റ് നിവർന്നില്ല... ഞാനിറങ്ങിപ്പോവുകയും ചെയ്തു..
"ദാണ്ട്.... കിടക്കുന്നു.. പുൾസർ..!
"ഹൊ ഒരു തരത്തിൽ പൊക്കി വച്ചു.. ഓടിക്കുന്നതിന്റത്രയും സുഖമില്ല പൾസർ പൊക്കാൻ എന്ന പുതിയ അറിവും മനസിലാക്കി അകത്തേക്ക് പാഞ്ഞു കൊണ്ട് ചോദിച്ചു..
"എന്താടീ... എന്താ പറ്റിയേ....?
അകത്ത് കട്ടിലിൽ ഭാര്യയുടെ മടിയിൽ കമിഴ്ന്നു കിടന്നു വലിയ വായിൽ കരയുന്നു.. എന്റെ ഇളയ മകൻ... സൽപുത്രൻ... ആരോമൽ ചേകവർ....
മൂത്തവൻ രാഹുൽ എന്നെക്കണ്ടു കൊണ്ട് ബഹുമാനപുംഗിതനായി തല താഴ്ത്തി അൽപം മാറി നിന്നു.... കാര്യങ്ങളുടെ കിടപ്പ് ഏകദേശം തെളിഞ്ഞു വരുന്നു.. "ലവൻ തള്ളിയിട്ടതാണ് "..?
എന്നെ കണ്ടതും ഭാര്യ കരച്ചിലോടെ....
" ചേട്ടാ...... "
"മോങ്ങാതെ കാര്യം പറയടീ... " ഞാനലറി...
"ചേട്ടാ പിള്ളാര് മുറ്റത്ത് കളിക്കുകയായിരുന്നു.. ആരോമല് പെട്ടന്ന് ഓടി വന്ന് അടുക്കള വാതിലിലൂടെ ചാടിക്കയറിയതാ.... കട്ടളയിലെ പിടി വിട്ടു പോയി... മുറ്റത്തേക്ക് വീണപ്പോ തലയുടെ പുറക് വശം ഇടിച്ചു... ഒരു ചെറിയകല്ല് തലേ കയറി ഇരിപ്പൊണ്ട്..." ഭാര്യ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ടേങ്ങലടിച്ചു...!
ഹൊ! എന്റെ തലേലെ... കല്ല് ഇളകിയ അവസ്ഥയിലായി....
ഒറ്റ മൊഴിയിൽ കേസ് ചാർജ് ചെയ്യാനാവില്ലല്ലോ...? ഞാൻ രാഹുലിനോട് പറഞ്ഞു... "ഞാൻ പറഞ്ഞിട്ടുണ്ട് കുഞ്ഞിനെ മറിച്ചിടരുതെന്ന്.... ഞാൻ പോയിട്ട് വരട്ടെ...... കേട്ടോ...!
ഞാൻ ആരൂന്റെ തല പരിശോധിച്ചു.. ഉച്ചിയുടെ തൊട്ട് താഴെ മധ്യത്തിൽ ചോര നനഞ്ഞിരിക്കുന്നു... പതിയെ ഒന്നു തൊട്ടു നോക്കാൻ ശ്രമിച്ചതും.. അവൻ തള്ളയാട് കുട്ടികളെ കാണാത്തപ്പോൾ അലറുന്നത് പോലെ അലറാൻ തുടങ്ങി...
" മ്മേ....... "
കണ്ണുനീരും മൂക്കളയുമൊക്കെയായി വല്ലാതായ മുഖം.....
നനഞ്ഞ തോർത്തുകൊണ്ട് മുഖം തുടച്ചു'.. എന്നിട്ട് അനിയനെ വിളിച്ച് കാര്യം പറഞ്ഞു.. അവൻ ജില്ലാ ആശുപത്രിയിൽ നേഴ്സായിരുന്നു ഒരു വർഷം മുമ്പ് വരെ.... ഭാഗ്യം ഇപ്പോ ടൗണിലുണ്ടത്രേ... പെട്ടന്ന് വരാൻ പറഞ്ഞു.. ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടു പോവാം..!
..................................................................
ഹോസ്പിറ്റലിന്റെ വാതിൽ കടന്നതും ആരോമൽ വീണ്ടും നിലവിളി വോളിയം കൂട്ടി...
വെള്ള സാരിയുടുത്ത നേഴ്സ്മാരെ കാണുന്നത് ചെകുത്താൻ കുരിശ് കാണുന്നത് പോലെയാണ് എന്നും അവന്..
പണ്ടേ ദുർബല... ഇപ്പോ ഗർഭിണി എന്ന അവസ്ഥയിലായി.. കരച്ചിൽ..!
അനിയൻ അവിടെ ജോലി ചെയ്തിരുന്നതു കൊണ്ട് എല്ലാം പെട്ടന്ന് നടന്നു.
ഫസ്റ്റ് എയിഡ് ചെയ്യുന്ന റൂമിലെ ബെഡ്ഡിലേക്ക് കിടത്താൻ പറഞ്ഞു.
അനിയൻ മുൻകൈയ്യെടുത്ത് അവനെ കമിഴ്ത്തിക്കിടത്തി.. വേറെ രണ്ട് അറ്റൻഡർമാർ.. രണ്ട് കാലിലും ഞാനും അനിയനും രണ്ട് കയ്യിലും അമർത്തിപ്പിടിച്ചു....
"അച്ഛാ......... ന്റച്ഛാച്ഛാ.... "
ഏങ്ങലടികൾക്കിടയിലും നീട്ടിയുള്ള നിലവിളി.....
അവന്റെ പിഞ്ചു മനസിലെ അവസാന അഭയസ്ഥാനം......
എന്റെ കണ്ണു നിറഞ്ഞു....
"ഒന്നൂല്ലടാ... ന്റെ പൊന്നുമോനൊന്നൂല്ലടാ..."
ഡോക്ടർ തലയിൽ ബലം പിടിച്ച് പരിശോധിക്കുകയാണ്....
ഗ്ലൗസിട്ട കൈകളാൽ കത്രിക കൊണ്ട് മുറിവായിലെ തലമുടി വെട്ടിമാറ്റുകയാണ്.... അവൻ ബലം പിടിക്കുന്നു.... ഡോക്ടർ അതിലും....?
"മുസലമുയർന്നു... ഖഡ്ഗമുയർന്നു.. കാടൊരടർക്കളമായി.. "
വയലാറിന്റെ "പ്രൊക്യൂസ്റ്റസ് " എവിടെയോ കേൾക്കുന്നോ..?
ഹൊ... ! ഇതു കാണാൻ വയ്യ.. മൂന്ന് വയസുള്ള കുഞ്ഞാണ്...
കത്രിക കൊണ്ട് ഡോക്ടർ മുറിവിൽ തറച്ചിരുന്ന കല്ല് ഇളക്കി പാത്രത്തിലേക്ക് ഇട്ടു..
"മുനയുള്ള ചെറിയ ഒരു വെള്ളാരംകല്ല്...!
"ന്നാലും..... എന്റെ കല്ലേ.....?"
ഇപ്പോൾ കരച്ചിൽ ശബ്ദമില്ലാതെയാണ്.. ഏങ്ങലടി മാത്രം..... അതും ശ്വാസം കിട്ടാതെ...
എനിക്ക് താങ്ങാവുന്നതിലും അപ്പുറമായി......
"മതി... " ഞാൻ ഉച്ചത്തിൽ പറഞ്ഞു.
"ന്റെ കുഞ്ഞിന് ശ്വാസം കിട്ടുന്നില്ല ഡോക്ടറെ... " ഇതെന്തു ചികിത്സയാ..? ഒരു മാതിരി മൂന്നാം മുറപോലെ...!"
ഡോക്ടർ ഒന്നമ്പരന്നു... എന്നിട്ട് സൗമ്യമായി പറഞ്ഞു...
" സുഹൃത്തേ.. ഇവിടെ വരുന്ന എല്ലാവരും വേദനയുമായാണ് വരുന്നത്... വേദന ഇല്ലാതാക്കാനും ചെറിയ വേദനയിലൂടെ കഴിയൂ..."
എന്റെ ആത്മവേദനയുടെ തീയണക്കാൻ ആ വാക്കുകളിലെ തണുപ്പ് മതിയാകുമായിരുന്നില്ല....
അനിയന്റെ ആശ്വാസവാക്കുകൾ ചെവിക്കൊള്ളാതെ.... ഞാൻ കുഞ്ഞിനെ വാരിയെടുത്തു...
വാടിയ ചേമ്പിൻ തണ്ടു പോലെ...!
"എനിക്കിത് കാണാൻ വയ്യടാ.. "ഞാൻ അനിയനോട് പറഞ്ഞു... അവൻ വീണ്ടും പറഞ്ഞു..
" അണ്ണാ.... ഡോക്ടർ ചികിത്സിക്കുന്നത് നമുക്ക് വേണ്ടിയാ.. നമ്മുടെ കുഞ്ഞിന്റെ മുറിവ് കരിയാനാ... അണ്ണനും കൂടി ഇങ്ങനെ തുടങ്ങിയാൽ ... എങ്ങനാ...?"
ഡോക്ടർ വെളിയിലേക്ക് പോയി..
ഞാൻ കുഞ്ഞിനെ എടുത്ത് മടിയിൽ കമിഴ്ത്തിക്കിടത്തി... ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.. പുറം പതിയെ തടവിക്കൊടുത്തു.. ഏങ്ങലടി കുറയട്ടെ....!
പുറത്തേക്ക് പോയ അനിയൻ തിരിച്ച് വന്നു പറഞ്ഞു..
"ഡോക്ടർ വീണ്ടും വരുന്നുണ്ട്.. അണ്ണനിനിയൊന്നും പറയരുത്... ഒത്തിരി പേഷ്യൻസ്‌ വെളീലിരിക്കുവാണെന്ന് ഓർത്തോണം....."!
ഞാൻ മൗനിയായി.... അവർ പറയുന്നതാണല്ലോ ശരി...!
ഡോക്ടർ വീണ്ടും വന്നു... അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു...
"ഇനീം കുഞ്ഞിനെ കട്ടിലിൽ കിടത്തണ്ട... ഇങ്ങനെ മടിയിൽ തന്നെ കിടന്നോട്ടെ..... "
ഡോക്ടർ നിസ്സഹായനായി അനിയനെ നോക്കി... കുറച്ച് നേരം മിണ്ടാതെ നിന്നിട്ട് വീണ്ടും പോയി ഗ്ലൗസിട്ട്.... ഉപകരണങ്ങളെന്തോ എടുത്തരികിൽ വന്നു...
കരഞ്ഞ് തളർന്ന് പാതി മയക്കത്തിലായ കുഞ്ഞിന്റെ തലയിലെ മുറിവ് ഇടം കൈയ് കൊണ്ട് അൽപം ചേർത്തടിപ്പിച്ചിട്ട്....
പെട്ടന്ന്.......!
വലം കൈയ്യിലെ സ്റ്റാപിളർ മുറിവിലേക്ക് അമർത്തി...
ആശുപത്രിയും, പത്തനംതിട്ട ടൗണും നടുക്കുന്ന ഒരലർച്ച.....!
.
.
.
.
.
അതെന്റെ അലർച്ചയായിരുന്നു..!
എന്റെ സ്വന്തം വായിൽ നിന്നും വന്ന അലർച്ച...!
ദിഗന്തങ്ങൾ നടുക്കുന്ന ആ അലർച്ച കേട്ട്.......
ആശുപത്രി വളപ്പിലെ വാകമരത്തിന്റെ ചില്ലയിൽ നിന്നും കിളികൾ പറന്നുയർന്നു...!
മുൻപിലെ തട്ടുകടയിലെ ചായ ഗ്ലാസുകൾ കിടുകിടെ വിറച്ചു..!
വ്യാപാരി വ്യവസായികൾ പേടിച്ച് പരിഭ്രാന്തരായി കടയടച്ചു.....!
ഡോക്ടർ ഹിസ്റ്റീരിയ വന്നവനേപ്പോലെ വിറച്ചു തുള്ളി...!
അനിയൻ ചെവിയിൽ കൈ വച്ച് തറയിലിരുന്നു..!
മുറിവിൽ സ്റ്റാപ്ളർ പിന്ന് കയറിയ വേദനയിൽ ആരോമൽ ആഞ്ഞുകടിച്ചത് എന്റെ തുടയിലായിരുന്നു.....!
.................................................................
ഈ സംഭവം അറിഞ്ഞിട്ടാണ് നമ്മുടെ സൂപ്പർ സ്റ്റാർ..... സിനിമയിൽ
" ഒരച്ഛന്റെ രോദനം... " എന്നലറിയത്..!
രാജേഷ്.ഡി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo