Slider

"സ്ത്രീ സംരക്ഷണം ബാല്യത്തിൽ നിന്ന്...."

0

"സ്ത്രീ സംരക്ഷണം ബാല്യത്തിൽ നിന്ന്...."
സ്‌കൂൾ മുറ്റത്തെ വരാന്തയിൽ ഞങ്ങളെ തനിച്ചാക്കി മടങ്ങാൻ തുടങ്ങുമ്പോൾ സരസ്വതി ചേച്ചിയെ സാക്ഷിയാക്കി അമ്മ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു
"മോനെ... ഗീതുവിനെ നീ നിന്റെ അനിയത്തികുട്ടിയെപ്പോലെ നന്നായി നോക്കണം... സ്‌കൂൾ വിട്ടാൽ പുറത്തൊന്നും അധികം കറങ്ങാൻ നിൽക്കരുത്... അവളെയുംകൊണ്ട് നേരെ വീട്ടിലെത്തിയേക്കണം.... നേരം വൈകിയാൽ ഒറ്റക്ക് വരേണ്ട... അച്ഛന്റെ കടയിലേക്ക് ചെന്നാൽ മതി... അച്ഛൻ എത്തിച്ചോളും രണ്ടാളെയും "
അമ്മ എന്റെ കരങ്ങളിൽ ഗീതുവിനെ ഏൽപ്പിച്ച് മടങ്ങുമ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥതയും ദേഷ്യവും തോന്നി. ഒരു നാലാം ക്‌ളാസ്സുകാരന് ഏറ്റെടുക്കാവുന്ന ഉത്തരവാദിത്വത്തിനും ചില പരിമിതികളില്ലേ ??. ഗീതു എന്റെ അയൽക്കാരിയാണെന്ന് വെച്ച് എപ്പോഴും അവളുടെ കൂടെ നടക്കാൻ പറ്റുമോ ???സ്‌കൂൾ വിട്ടാൽ വീട്ടിലെത്തുന്നതിന് മുൻപ് എന്തെല്ലാം പരിപാടികളുള്ളതാ..... മോളിച്ചേച്ചിയുടെ വീട്ടിലെ ചാമ്പയ്‌ക്ക മരം നിറയെ ചുവന്ന് പഴുത്ത് നിൽപ്പുണ്ട്. എന്റെ കണ്ണൊന്ന് തെറ്റിയാൽ ബാബുവും ഫയാസും അതെല്ലാം ഒറ്റയ്ക്ക് അടിച്ചെടുക്കും. പിന്നെ അബുക്കയുടെ വീട്ടിലെ നെല്ലിമരവും. ഇവളെയുംകൊണ്ട് നടക്കുമ്പോൾ മറ്റുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാൻ കഴിയണമെന്നില്ല.
അമ്മ പോയിക്കഴിഞ്ഞതും ഞാൻ അവളുടെ മുഖത്തേക്ക് ഈർഷ്യതയോടെ നോക്കി.
"സ്‌കൂൾ വിട്ടാൽ എന്നും എന്റെ കൂടെ മാത്രമേ മടങ്ങൂ എന്ന് വാശിപിടിക്കേണ്ട. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വഴിയൊക്കെ പഠിച്ചേക്കണം... എന്നിട്ട് ഒറ്റക്ക് പോയിക്കൊള്ളണം "
"ഇല്ല... അമ്മ എന്നോട് ശ്രീയേട്ടന്റെ കൂടെ മാത്രമേ മടങ്ങി വരാവൂ എന്നാണ് പറഞ്ഞിട്ടുള്ളത് "
സരസ്വതി ചേച്ചി സ്‌കൂൾ ഗേറ്റും കടന്ന് പുറത്തേക്ക് പോയതിന്റെ വിഷമത്തിൽ കരച്ചിലിന്റെ വക്കോളമെത്തിയ അവളോട് ദേഷ്യം കാണിക്കേണ്ടെന്ന് കരുതി മറുത്തൊന്നും പറയാതെ ഞാൻ അവളെയും കൂട്ടി ക്‌ളാസ്സിലേക്ക് നടന്നു. മുൻബെഞ്ചിലെ ഒഴിഞ്ഞ ഒരു വശത്ത് അവളെക്കൊണ്ട് ഇരുത്തിയതിന് ശേഷം ഞാൻ അവിടെ നിന്ന് മടങ്ങാൻ തുടങ്ങി.
"പേടിക്കേണ്ട.....ഇവിടെ നിന്ന് മൂന്നാമത്തെ ക്ലാസ്സാണ് എന്റേത്.... സ്‌കൂൾ വിട്ടാൽ അങ്ങോട്ട് വന്നാൽ മതി "
അവൾ തലകുലുക്കി സമ്മതിച്ചതും ഞാൻ ക്‌ളാസിൽ നിന്നിറങ്ങി.
അന്ന് വളരെ നേരത്തെയാണ് സ്‌കൂൾ വിട്ടത്. ക്‌ളാസ് വിട്ട ഉടനെ പുസ്തകങ്ങളെല്ലാം ബാഗിൽ പെറുക്കിയിട്ട് പുറത്തേക്ക് ഓടിയ ഫയാസിനെയും ബാബുവിനെയും കണ്ടപ്പോൾ എനിക്ക് അസൂയയും നീരസവും തോന്നി.ക്ലാസ്സ് റൂമിന് മുൻവശത്തെ മരത്തൂണിൽ ചാരി നിന്ന് വർണ്ണക്കുടയിലെ പീപ്പി ഊതി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗീതു എന്നെക്കണ്ടതും എന്റെ അടുത്തേക്ക് ഓടി വന്നു.
"ശ്രീയേട്ടാ "
ഞാൻ അവളെ കനപ്പിച്ചൊന്ന് നോക്കി. പിന്നെ അവളുടെ കയ്യിൽ നിന്ന് ആ വർണ്ണക്കുട ബലമായി പിടിച്ചു വാങ്ങിച്ചു.
"ഈ കുട ഞാൻ പിടിക്കാം ... ഇനി ശ്രദ്ധയോടെ ഞാൻ പറയുന്ന അടയാളങ്ങളും വഴികളുമെല്ലാം ഓർത്തുവെക്കണം.... രണ്ട്‌ ദിവസം കഴിഞ്ഞാൽ നിനക്ക് ഒറ്റക്ക് പോകാനുള്ളതാ "
അവൾ തലയാട്ടി സമ്മതിച്ചതും ഞങ്ങൾ നടത്തം ആരംഭിച്ചു.
ഇനിയൊരു കയറ്റമുണ്ട്. അതുകഴിഞ്ഞാൽ ഒരു വലിയ മതിലാണ് . ഇതാണ് ഞാൻ പറഞ്ഞ മതിൽ. ഇത് അടയാളം വെച്ചോ. ഇത് കഴിഞ്ഞാൽ ആദ്യത്തെ ഇടവഴിയിലേക്ക് തിരിയണം . മനസ്സിലാകുന്നുണ്ടല്ലോ അല്ലെ.... ഈ മാവാണ് ഇടവഴിലേക്കുള്ള അടയാളം.....
ഞാൻ പറയുന്നതെല്ലാം തലയാട്ടി കേൾക്കുന്നുണ്ടെങ്കിലും അവൾക്കിതൊന്നും വളരെ എളുപത്തിൽ പഠിച്ചെടുക്കാൻ കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ എന്നിട്ടും ഞാനെന്റെ അധ്യാപനം തുടർന്നുകൊണ്ടിരുന്നു.
അടുത്ത ദിവസവും സ്‌കൂൾ വിട്ട ഉടനെ അവൾ എന്നെയും പ്രതീക്ഷിച്ച് ക്ലാസ്സ് റൂമിന് മുന്നിലേക്ക് ഓടിവന്നു. ഞാൻ അവളുടെ കയ്യിൽ നിന്ന് ബാഗും കുടയും വാങ്ങിച്ചതിന് ശേഷം നടത്തം ആരംഭിച്ചു.
"ഇന്നലെ ഞാൻ പഠിപ്പിച്ചു തന്നതെല്ലാം ഓർമ്മയുണ്ടോ ???"
അവൾ കുറെ നേരം ഒന്നും മിണ്ടിയില്ല. പിന്നെ എന്നോട് കൊഞ്ചിക്കുണുങ്ങി പറഞ്ഞു തുടങ്ങി.
"ഓർമ്മയുണ്ട്... എന്നാലും ഞാൻ ശ്രീയേട്ടന്റെ കൂടെ മാത്രെ പോരൂ... അമ്മ പറഞ്ഞിട്ടുണ്ട് തനിച്ചു വരരുതെന്ന് "
നിന്റെ അമ്മയ്ക്ക് അങ്ങനെ പറഞ്ഞാൽ മതിയല്ലോ.... ബാക്കിയുള്ളവരുടെ ബുദ്ധിമുട്ട് അറിയേണ്ട കാര്യമില്ലല്ലോ.... ഞാൻ മനസ്സിൽ സരസ്വതി ചേച്ചിയെ നന്നായി വഴക്ക് പറയുന്നുണ്ടായിരുന്നു. പക്ഷേ, അവളെന്റെ മുഖത്തേക്ക് നോക്കുന്ന സന്ദർഭങ്ങളിലെല്ലാം ഒരു ചെറിയ പുഞ്ചിരിക്കൊണ്ട് ഞാൻ എന്റെ ഈർഷ്യത മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണ് അവളെന്റെ കയ്യിലേക്ക് ഒരു പാതി മുറിച്ച മിഠായി കഷ്ണം നീട്ടിയത്.
"ഇതെവിടുന്ന് കിട്ടി??? "
"എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ birthday ആയിരുന്നു ഇന്ന്... ഒരു മിട്ടായി മാത്രെ കിട്ടിയുള്ളൂ... പാതി ഞാൻ തിന്നു... ബാക്കി പാതി ശ്രീയേട്ടൻ തിന്നോട്ടോ ???"
ഞാനിത്രയൊക്കെ ദേഷ്യത്തോടെ പെരുമാറിയിട്ടും അവളെന്തൊരു സ്നേഹമാണ് എന്നോട് കാണിക്കുന്നത്. എനിക്കാകെ സങ്കടം തോന്നി. അവൾ തന്ന ഈ മിട്ടായി കഷ്ണത്തിന് പകരമായി അവൾക്കെന്തെങ്കിലും നല്കണമെന്നെന്റെ മനസ്സ് പറഞ്ഞു.
ടൗണിൽ നിന്ന് മാറി അൽപ്പം മുന്നോട്ട് നടന്നപ്പോൾ ഞങ്ങൾ ഒരു കശുവണ്ടി ഫാക്ടറിയുടെ മുന്നിലെത്തി. ഫാക്ടറിയിലെ സ്ഥിരം ജോലിക്കാരായ ബംഗാളികൾ ഒരു കുട്ട നിറയെ ഭംഗം വന്ന കശുവണ്ടിയുമായി മുറ്റത്ത് തയ്യാറാക്കിവെച്ചിട്ടുള്ള കനലിലേക്ക് എറിയുന്നത്കണ്ടു. സാധാരണ ദിവസങ്ങളിൽ ഞാനും ഫയാസും കശുവണ്ടി ചുട്ടെടുക്കുന്ന ബംഗാളികളെ നോക്കി നിസ്സഹായതയോടെ പുഞ്ചിരിച്ചുക്കൊണ്ട് നിൽക്കുമ്പോൾ അവർ ഒരു കുമ്പിൾ നിറയെ കശുവണ്ടി തരാറുള്ള പതിവുണ്ട് .
"നിനക്ക് കശുവണ്ടി ഇഷ്ടാണോ ??"
"ഹ്മ്മ്...പക്ഷേ, വൈകിയാൽ അമ്മ വഴക്ക് പറയില്ലേ ???''
ശെരിയാണ്... അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവളെയും കൊണ്ട് കറങ്ങാൻ നിൽക്കാതെ പെട്ടെന്ന് വീട്ടിലെത്തണമെന്ന്.
ഞാൻ നിരാശയോടെ അവിടെ നിന്ന് മടങ്ങാൻ തുടങ്ങിയതും എരിഞ്ഞുതുടങ്ങിയ കശുവണ്ടിയുടെ മനം മയക്കുന്ന ഗന്ധം എന്റെ നാവിൽ വെള്ളമൂറ്റി . ഒടുവിൽ എത്ര വൈകിയാലും കുഴപ്പമില്ലെന്ന മട്ടിൽ ഞാൻ എന്റെ മനസ്സിനെ പാകമാക്കി അവളെയും കൂട്ടി ഫാക്ടറി മുറ്റത്തേക്ക് നടന്നു.
സമയം ഏറെ വൈകിക്കൊണ്ടിരുന്നു. ഗീതുവിന് പേടിയായി തുടങ്ങി.
"ശ്രീയേട്ടാ... ഇനിയും വൈകിയാൽ അമ്മ വഴക്ക് പറയില്ലേ.... നമുക്ക് പോകാം "
"നീ പേടിക്കേണ്ട... പൊള്ളിച്ചു കഴിഞ്ഞു... ഇനി അത് തല്ലിപ്പൊട്ടിച്ചാൽ കശുവണ്ടി കിട്ടും "
തൊട്ടടുത്ത മുസ്ലിം പള്ളിയിൽ ബാങ്ക് കൊടുത്തു തുടങ്ങിയതും ബംഗാളികൾ ഒരു കുമ്പിൾ നിറയെ കശുവണ്ടി നിറച്ച് ഞങ്ങൾക്ക് നേരെ നീട്ടി. ഞാനവയെല്ലാം ആർത്തിയോടെ വാങ്ങിച്ചു. നേർ പാതി ഗീതുവിന്റെ ബാഗിലേക്ക് വെച്ചു. കുറച്ചെടുത്ത് അവളുടെ കയ്യിലും വെച്ചുകൊടുത്തു. അവളത് ഓരോന്നുമെടുത്ത് ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഞങ്ങൾ വേഗം വീട്ടിലേക്ക് നടന്നു.
ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. വീടിന് മുന്നിൽ ചെറിയൊരു ആൾകൂട്ടം. സരസ്വതി ചേച്ചിയും അമ്മയും അച്ഛനും പിന്നെ അയൽവക്കത്തെ വീടുകളിലെ ചേച്ചിമാരും ചേട്ടന്മാരുമെല്ലാം ഉണ്ട്. അവരുടെ മുഖത്തെല്ലാം വല്ലാത്ത ആധിയും ഉത്കണ്ഠയും പ്രകടമാണ് . ഞാൻ ഗീതുവിനെയും കൊണ്ട് മുറ്റത്തേക്ക് കയറിയതും അച്ഛൻ ഒരു വലിയ അലർച്ചയോടെ എന്റെ അടുത്തേക്ക് ഓടിവന്നു. അച്ഛന്റെ മുഖം ദേഷ്യംകൊണ്ട് വികൃതമായിരുന്നു.
"എവിടെ ആയിരുന്നെടാ ഇത്ര നേരം... ??"
"ഞങ്ങൾ കശുവണ്ടി തിന്നാൻ.... "
പറഞ്ഞു മുഴുവിക്കുന്നതിന് മുൻപേ അച്ഛൻ എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. പിന്നെ തൊട്ടടുത്ത തെങ്ങിൻ തടത്തിൽ നിന്ന് ഒരു കഷ്ണം ഓലമെടലെടുത്ത് എന്റെ മുട്ടിന് താഴെ ശക്തമായി പ്രഹരിച്ചു. വേദനക്കൊണ്ട് പുളഞ്ഞ ഞാൻ അലറിക്കരയാൻ തുടങ്ങുമ്പോഴേക്കും അമ്മയും സരസ്വതി ചേച്ചിയും ഓടിവന്നു. എന്റെ നേരെ നീട്ടിയ അച്ഛന്റെ കയ്യിൽ നിന്നും ഓലമടൽ തട്ടിത്തെറിപ്പിച്ച് അവർ എന്നെ അച്ഛന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു .
"നിങ്ങളിതെന്ത് ഭാവിച്ചാ... എന്റെ കൊച്ചിനെ കൊല്ലുമോ ???"
കയ്യിലുണ്ടായിരുന്ന ഓലമടൽ തൊടിയിലേക്ക് വലിച്ചെറിഞ് ഒന്നും ഉരിയാടാതെ അച്ഛൻ അകത്തേക്ക് നടന്നു . അമ്മ എന്നെ കെട്ടിപിടിച്ചുക്കൊണ്ട് എന്റെ കവിളിൽ മുത്തി.
"സാരല്ലെടാ... അച്ഛനല്ലേ.... നീ വിട്ടുകള "
സമയം എട്ടുമണി കഴിഞ്ഞു. ഉമ്മറത്തെ തിണ്ണയിലിരുന്ന് പുസ്തകം തുറക്കാൻ തുടങ്ങിയ എന്റെ അടുത്തേക്ക് അച്ഛൻ പതിയെ നടന്നു വന്നു. എന്റെ ശിരസ്സിൽ സ്നേഹത്തോടെ തലോടി. പിന്നെ പുഞ്ചിരിച്ചുക്കൊണ്ട് ചോദിച്ചു.
"നിനക്ക് സങ്കടയോടാ... "
"പിന്നെ അവന് സങ്കടം കാണാതിരിക്കുമോ...
അമ്മ എന്റെ അരികിൽ വന്നിരുന്നു. പിന്നെ എന്നോട് പറഞ്ഞു.
"നീ കാണിച്ചത് വലിയൊരു അബദ്ധമാണ്... അവളെയുംകൊണ്ട് ആ നേരം അങ്ങോട്ടൊന്നും പോകാൻ പാടില്ലായിരുന്നു "
"ഞാൻ ഫയാസിന്റെ കൂടെ അങ്ങോട്ട് പോകാറുള്ളത് അമ്മയ്ക്കറിയാവുന്നതല്ലേ "
"അത് ഫയാസാല്ലേ... ഗീതു ഒരു പെൺകുട്ടി അല്ലേടാ "
"പെൺകുട്ടി ആയാൽ എന്താ ഇത്ര പ്രത്യേകത??? "
"ഉണ്ട്.... നീ പത്രത്തിലും ടീവിയിലുമൊക്കെ കണ്ടിട്ടില്ലേ... അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു എന്നൊക്കെ "
"ഉവ്വ്...സത്യത്തിൽ അവരെ എന്താണ് ചെയ്യുന്നത് "
"ചില ആളുകൾക്ക് പെൺശരീരം എന്നാൽ വെറുമൊരു കളിപ്പാട്ടം മാത്രമാണ് .... മനസ്സിൽ അടിഞ്ഞുകൂടിയ ചീത്ത ചിന്തകളെയെല്ലാം പൂർത്തീകരിക്കാനുള്ള ഒരു ഉപകരണം മാത്രം ... നീയൊരു കുട്ടി ആയത്കൊണ്ട് ആ ദുഷ്ടന്മാരുടെ മനസ്സിലെ ആഗ്രഹങ്ങളെ മനസ്സിലാക്കാൻ നിനക്കിപ്പോൾ കഴിയില്ല... പക്ഷേ, പെണ്കുട്ടികളെല്ലാം ദൈവത്തിന്റെ വളരെ സ്രേഷ്ടമായ സൃഷ്ടികളാണെന്ന് മനസ്സിലാക്കാൻ സാധിക്കും.... കാരണം അവരാണ് പ്രസവിക്കുന്നത്... ഒരു കുഞ്ഞിന് പാലുകൊടുക്കുന്നത് ....... അത്കൊണ്ട് തന്നെ അവരുടെ സംരക്ഷണമായിരിക്കണം ഏറ്റവും പ്രാധാന്യമുള്ളത്.... ഒരു ആൺകുട്ടി ഉശിരുള്ളവനാകുന്നത് ഒരു പെൺകുട്ടിയെ സംരക്ഷിക്കാനുള്ള ബോധവും കഴിവും അവന് ഉണ്ടാകുമ്പോഴാണ്... സരസ്വതി ചേച്ചി ഗീതുവിനെ നോക്കാൻ നിന്നേ ഏൽപ്പിച്ചത് നീ ഒരു ഉശിരുള്ള ആൺകുട്ടിയാണെന്നുള്ള വിശ്വാസം അവർക്കുള്ളത്ക്കൊണ്ട് മാത്രമാണ്...അല്ലാതെ അവൾക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാനല്ല .... ഇപ്പോൾ നിനക്ക് മനസ്സിലായോ അച്ഛൻ എന്തിനാ നിന്നേ തല്ലിയതെന്ന് "
അമ്മ എന്റെ തലമുടികൾക്കിടയിലൂടെ വിരലുകളോടിച്ച് പുഞ്ചിരി തൂകി ഇരുന്നു.
എന്റെ മനസ്സിൽ ഒരു വലിയ തീകോരിയിട്ടതിന്റെ ചാരിതാർഥ്യമായിരിക്കാം അമ്മയുടെ ആ പുഞ്ചിരിക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്നത് എന്ന് എനിക്കപ്പോൾ തോന്നി.....
(സ്വയം സംരക്ഷണ കവചം ധരിക്കാൻ പെൺകുട്ടികളെ ഉപദേശിക്കുന്നതോടൊപ്പം തന്നെ ആൺകുട്ടികളെയും അതിനുവേണ്ടി സജ്ജമാക്കേണ്ടിയിരിക്കുന്നു.നല്ല നാളേക്ക് വേണ്ടി പ്രതീക്ഷയോടെ..... )
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo