അച്ചായന്‍ എന്ന ജിന്ന് !!
കുവൈറ്റിലെ കമ്പനി-സഹപ്രവര്‍ത്തകനായിരുന്നു അച്ചായന്‍. അടിസ്ഥാനപരമായുള്ള പണിയാന്‍-മടി കൊണ്ടും, "ഓ, ഞാനൊന്നും ചെയ്താ ശരിയാവില്ലടോ" എന്ന്‍ സൂപ്പര്‍വൈസറോട് തന്നെ പറയാറുള്ളത് കൊണ്ടും, ഇലക്ട്രീഷ്യന്‍ ആയിരുന്നിട്ടു കൂടി അങ്ങേരെ, മിക്കവാറും എല്ലാ സൂപ്പര്‍വൈസര്‍മാരും മറ്റുള്ളോരുടെ സഹായി ആയിട്ടേ നിര്‍ത്താറുള്ളൂ.
അച്ചായനെ ഒരിക്കല്‍ സതീശന്‍ ചേട്ടന്‍റെ കൂടെ, പാനല്‍ വയറിംഗ്-ന് നിര്‍ത്തി. അതായത് വയറിംഗ് അത്യന്തം ഭംഗിയായി ചെയ്യുന്ന സതീശന്‍ ചേട്ടന് ആവശ്യമായ സാധനങ്ങളും ടൂള്‍സും, ചോദിയ്ക്കുമ്പോള്‍ ചുമ്മാതങ്ങ് എടുത്ത് കൊടുക്കാ, അത്രേയുള്ളൂ. പണിയ്ക്കിടയില്‍ സൂപ്പര്‍വൈസര്‍ വന്ന്‍ നോക്കീട്ടു പറഞ്ഞു, "നന്നായിട്ടുണ്ടല്ലോ, സതീശാ... മിടുക്കന്‍". ഉടനെ അച്ചായന്‍, "ങും, ഞാനില്ലേല്‍ കാണാരുന്നു, ഈ കൊടുപ്പിലാണ് കാര്യം ഇരിക്കുന്നേ".
ഇതേമട്ടില്‍, തങ്ങള്‍ കേറി നില്‍ക്കുന്ന ഏണിയില്‍ അച്ചായന്‍റെ ഒരു കാലിരുന്നോണ്ടും, കേബിള്‍ട്രേയും മറ്റും മുറിക്കാന്‍ അങ്ങേര് ഒന്ന് പിടിച്ചു കൊടുത്തോണ്ടും മാത്രം, മറ്റു ചിലപ്പോള്‍ ഒരു കടാക്ഷം കൊണ്ടുപോലും, നന്നായി പണിയെടുത്ത് പേര് നേടാന്‍ ഭാഗ്യം സിദ്ധിച്ചവര്‍, അക്കാലത്ത് കമ്പനിയില്‍ ധാരാളമുണ്ടായിരുന്നു.
സൈറ്റില്‍ നിന്ന് ഇടയ്ക്ക് മുങ്ങുന്ന ശീലമുണ്ടായിരുന്ന അച്ചായന്‍, ഒരു നാള്‍ പഠിച്ച പണി പതിനെട്ടും നോക്കീട്ടും, മുങ്ങാന്‍ പറ്റാതെ അങ്ങനെ കലിപൂണ്ട് നില്‍ക്കുമ്പോള്‍ ആണ് റപ്പായിച്ചേട്ടന്‍റെ വരവ്, കൈയിലൊരു ട്യൂബ് ലൈറ്റിന്റെ ചോക്കുമുണ്ട്. റപ്പായിച്ചേട്ടന്‍ ചോദിച്ചു, "അച്ചായോ, ഇതിന്‍റെ ഔട്ട്‌പുട്ട് എത്രയാ ??"
അച്ചായനുണ്ടോ വല്ലപിടിയും. പക്ഷെ അറിയില്ല-ന്ന് പറഞ്ഞാലിവന്‍ നാറ്റിക്കും, അങ്ങനെ വിടണ്ട എന്ന്‍ കരുതി, ദേഷ്യഭാവത്തില്‍ വളരെയുച്ചത്തില്‍ തെറിയുടെ അകമ്പടിയോടെ "എടാ, റപ്പായീ, നിനക്കിതിന്‍റെ ഇന്‍പുട്ട് എത്രയാന്നറിയാമോടാ ????"
വിരണ്ടുപോയ റപ്പായിച്ചേട്ടന്‍ കൊറച്ച് നാളത്തേയ്ക്ക് അച്ചായനെ കണ്ടാല്‍ വഴിമാറിപ്പോവുമായിരുന്നു....
അങ്ങനെ ഒരു നാള്‍ വര്‍ക്ക്സൈറ്റില്‍ വച്ച് നമ്മടെ അച്ചായന് കലശലായൊരു ശങ്ക, സാക്ഷാല്‍ ടോയലെറ്റ് ശങ്ക. അവിടെ ആകെയുള്ള സംവിധാനമെന്നുപറഞ്ഞാല്‍, അറബി ഓപ്പറേറ്റര്‍മാരുടെ കണ്ട്രോള്‍ റൂമിനോട് ചേര്‍ന്നുള്ള ഒരു റെസ്റ്റുറൂമാണ്. അതാണെങ്കി ആ കാലന്മാര് കൊറച്ചുനാളായി പൂട്ടിയിടുകയാ, മറ്റുള്ളവര്‍ കേറാതിരിക്കാന്‍. ബ്ലഡി ഇഡിയറ്റ്സ്, അവന്മാരുണ്ടോ അച്ചായന്‍റെ വയറിലെ ആന്ദോളനം അറിയുന്നു. താക്കോല് ചോദിച്ചാല്‍ അവന്മാര് കാലു മടക്കി തൊഴിക്കും, സൈറ്റ് ഓഫീസില്‍ പോവാമെന്നു വച്ചാല്‍ വണ്ടിയും ഇല്ല. ആകെ എരിപൊരി സഞ്ചാരമെടുത്ത് വയറും തടവി റെസ്റ്റ്റൂമിനെ വലം വച്ചുനടക്കുമ്പോഴാണ്, അതിന്‍റെ പുറകിലായുള്ള ഒരു ചെറിയ വിന്‍ഡോ തുറന്നുകിടക്കുന്നത് അച്ചായന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ആ വിന്‍ഡോയാകട്ടെ വാഷ്‌ബേസിന്‍ സെക്ഷനിലേക്ക് തുറക്കുന്ന വിധവും, അതിനെതിരെ ആയി രണ്ടു ടോയലെറ്റുകളും, അതാണ് അതിന്‍റെ രൂപം. എങ്കില്‍ ഇതുവഴി കേറി കാര്യം സാധിച്ച് അതിലൂടെത്തന്നെ തിരിച്ചിറങ്ങിപ്പോരാം എന്നു കരുതിയ അച്ചായന്‍, ആ വിന്‍ഡോയുടെ മുകള്‍ഭാഗത്തെ ഫ്രെയിമില്‍ പിടിച്ചു തൂങ്ങി വളരെ ആയാസപ്പെട്ടാണെങ്കിലും റെസ്റ്റ്റൂമിനകത്തേയ്ക്ക് കുതിയ്ക്കുകയായിരുന്നു. കാലു നിലം തൊടുന്നതിനു മുന്നേ തൊട്ടടുക്കല്‍ നിന്നൊരു അതിഭയങ്കരമായ അലര്‍ച്ചകേട്ട് നടുങ്ങിപ്പോയ അച്ചായന്‍, ഒരാര്‍ത്തനാദത്തോടെ പുറകിലോട്ടു ചാടി ഒറ്റയോട്ടമായിരുന്നു. ആ ഓട്ടം നിന്നത് പണിസ്ഥലത്തെത്തിയ ശേഷമാണ്.
മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ആലോചിച്ചപ്പോഴാണ് നടന്ന കാര്യം അച്ചായന് തന്നെ വ്യക്തമായത്. അങ്ങേരു കാലുകള്‍ അകത്തോട്ടാക്കി ചാടിയിറങ്ങിയ അതെ സമയത്ത് തന്നെ ഉള്ളിലെ ടോയ്‌ലറ്റിന്‍റെ കതക് തൊറന്നു അതീന്ന് ഒരു അറബി ഓപ്പറേറ്റര്‍ പുറത്തേയ്ക്ക് വരികയായിരുന്നു. കതക് തൊറന്ന അയാള് കണ്ടത് ജന്നലില്‍ തൂങ്ങിയാടുന്ന രണ്ടു കാലുകള്‍. ജിന്നാണെന്നു കരുതി അയാള്‍ അലറി ഉള്ളിലേയ്ക്ക് തന്നെ പാഞ്ഞുകയറി കതകു വലിച്ചടച്ചപ്പോള്‍, മറു-അലര്‍ച്ചയില്‍ അച്ചായന്‍ പൊറത്തോട്ട് ചാടുകയായിരുന്നു.
"കഥയൊക്കെ പിന്നെപ്പറയാം, ഒരുത്തന്‍ റെസ്റ്റ്റൂമീന്നിപ്പോ എറങ്ങിവരും, ആദ്യം അവന്‍റെ ആ വരവൊന്ന് കാണ്”-ന്ന്‍ അച്ചായന്‍ പറഞ്ഞപ്പോ ഞങ്ങള്‍ എല്ലാരും അവിടേയ്ക്ക് തന്നെ ഉറ്റുനോക്കി.... കാണേണ്ട കാഴ്ച തന്നായിരുന്നു....
കാര്‍ട്ടൂണിലൊക്കെ കാണുമ്പോലെ, റെസ്റ്റ്റൂമിന്‍റെ കതക് പതിയെ തൊറന്നു പൊറത്തോട്ട് പാളി നോക്കി, ആരും ഇല്ലെന്നുറപ്പുവരുത്തിയ ശേഷം ഇറങ്ങി വരുന്ന, അജാനുബാഹുവായ ഒരു അറബി.....
ഏതായാലും പിന്നീടങ്ങോട്ട് ഞങ്ങള്‍ പോരുന്ന വരേയ്ക്കും ആ റെസ്റ്റ്റൂം പൂട്ടാറില്ലായിരുന്നു.....
എല്ലാം ജിന്നിന്‍റെ മായാവിലാസങ്ങള്‍....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
#krishnacheratt

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക