Slider

കോടിച്ചിലന്തി (കഥ )

0
Image may contain: 1 person, standing and indoor


നേരം സന്ധ്യ ആകാറായിരുന്നു... ..എവിടെയൊക്കെയോ നടന്ന് വാസൂന്റച്ഛൻ വല്ലാതെ ക്ഷീണിച്ചിരുന്നു ..ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോൾ അയാൾ വീട്ടിലേക്ക് നടന്നു ..എന്നത്തേയും പോലെ ...
ഈ സമയമൊരു കോടിചിലന്തി കാടിറങ്ങുകയായിരുന്നു ....ചിലന്തിയും അയാളും തമ്മിലൊരു ബന്ധം തുടങ്ങാൻ പോവുകയായിരുന്നു ..വളരെ വ്യത്യസ്തമായൊരു ബന്ധം...
മിന്നുന്ന പച്ചയുടുപ്പിട്ട ആ കോടിച്ചിലന്തികൾ ജന്മാന്തരങ്ങളായി ഒരു നിബിഡ വനത്തിലായിരുന്നു കഴിഞ്ഞിരുന്നത് ...
പണ്ട് പാർവതി ദേവിയുടെ പട്ടുടുപ്പ് മോഷ്ടിച്ച ദേവനായിരുന്നത്രെ അവരുടെ പൂർവികൻ ..
"ഹേയ് ജീവിയെ ....നീ ആരുടെ മേൽ വീണാലും അവർക്കെല്ലാം വസ്ത്രം ലഭിക്കട്ടെ ...
തന്റെ ശാപം കൊണ്ട് ചിലന്തിയായ ദേവനെ പാർവതി ആശ്വസിപ്പിച്ചത്രേ ..
നിബിഢവനത്തിലെ കൂരിരുട്ടിൽ നിന്ന് ലജ്ജയാൽ പൂർവികർ പുറത്തിറങ്ങാൻ മടിച്ചു ..
വെളിച്ചം കടന്നു വരാത്ത കാട്ടിൽ നിന്നൊരുനാൾ ഒരു കോടിച്ചിലന്തി വെളിച്ചം തേടിയിറങ്ങി ..
കാടുകളും തോടുകളും കുന്നുകളും കടന്നു ചെന്ന ചിലന്തി " ഭൂലോകംമുഴുവൻ പരന്നുകിടക്കുന്നു "എന്ന് തോന്നിക്കുന്ന ഒരു ആഞ്ഞിലിയിൽ വല നെയ്തു ...
അന്ന് വൈകുന്നേരം' വാസുക്കുട്ടന്റെ അമ്മ' അല്പം എണ്ണയിൽ തിരിയിട്ട് ആഞ്ഞിലിച്ചുവട്ടിൽ വിളക്ക് വെച്ചു ..
"എന്റെ പൂർവികരേ ..അരിപ്പഷ്ണിയാണേലും ഇത്തിരി വെളിച്ചം തരുന്നിലെ ഞാൻ ..."
കരഞ്ഞു കലങ്ങിയ കണ്ണുകളും കൂപ്പിയ കയ്യും തന്നോടാണോ യാചിക്കുന്നത് എന്ന പരിഭ്രമം തോന്നിയപ്പോൾ ചിലന്തി പഴയകഥയോർത്തു ...
തനിക്ക് ആഞ്ഞിലിമുകളിലിരുന്നു അവരുടെ വേദന കേൾക്കാനുള്ള അർഹതയുണ്ടെന്ന് അതിന് തോന്നി .
പ്രാർത്ഥനക്ക് ശേഷം അടുപ്പിൽ അല്പം വെള്ളം വെച്ചു തീ കത്തിക്കുമ്പോൾ വാസൂട്ടൻ കുഞ്ഞി കൈകൊണ്ട് ഉണ്ണിക്കണ്ണനെ പോലെ മണ്ണ് വാരിത്തിന്നുകയായിരുന്നു ....
..
അങ്ങു ദൂരെ മുഞ്ഞ കേറിയ പാടവരമ്പത്ത് നിന്ന് നടന്നു വന്ന വാസൂന്റച്ഛൻ തിണ്ണയിൽ വെറും നിലത്തു വന്ന് കിടന്നു ...
"പണിയൊന്നും ശെരിയായീല്ല അല്ലെ .."
ഇല്ല ...
"ഞാൻ അല്പം വെള്ളമിട്ടു അടുപ്പേല് ..
..അരിവെക്കുന്നില്ലെന്ന് മറ്റുള്ളോരറിയേണ്ട "
വയറു കത്തുന്ന വിശപ്പിലും അയാൾക്ക് ഉറങ്ങാനായത് അദ്ഭുതമായിരുന്നു ..
മുഖത്തേയ്ക്ക് ഉണ്ണിമൂത്രം വീണപ്പോൾ വാസൂന്റച്ഛൻ ഞെട്ടി ഉണർന്നു ..
അമ്മിഞ്ഞയുണ്ട് തിണ്ണയിൽ കിടക്കവേ അമ്മയുടെ ദേഹത്തേക്ക് കുഞ്ഞിക്കാലുകളിട്ടു വലം കയ്യിലെ വിരലുകൾ കൊണ്ട് അമ്മമുഖത്ത് ചിത്രം വരക്കുകയായിരുന്നു വാസു ..
ഒരു ഓട്ടതോർത്തുമായയാൾ വടക്ക് വശത്തെ കുളത്തിലേക്ക് നടന്നു ...
കുളത്തിൽ നീന്തിക്കളിച്ചിരുന്ന പരൽമീനുകൾ അയാളെക്കണ്ടു അകലേക്ക് മാറി ...
കോടിച്ചിലന്തി ആഞ്ഞിലിയിൽ നിന്നിറങ്ങി ഇടിഞ്ഞു വീഴാറായ വീട്ടിലൂടെ വെറുതെ ഓടി നടക്കുകയും തന്റെ പൂർവ്വികന് കിട്ടിയ വരം വാസുവിന്റെ കുടുംബത്തിനായി ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു .....
"കോടിയൊന്നും ഇല്ലാച്ചാലും ന്റ്റെ നായരും കിടാവും പഷ്ണിയില്ലാതെ കഴിഞ്ഞാൽ മതിയായിരുന്നു "
തന്റെ മേലേക്ക് വീണ കോടിച്ചിലന്തിയെ നോക്കിയായിരുന്നു വാസുന്റമ്മയുടെ ആത്മഗദം....
പിറ്റേന്ന് ഉച്ചക്ക് വാസു അച്ഛന്റെ കയ്യിൽ ഇരുന്നു വിരലുകളെല്ലാം വായിലിട്ട് വിശന്നു കരയുകയായിരുന്നു ..
പെട്ടെന്നവൻ അച്ഛന്റെ ഒക്കത്ത് നിന്നിറങ്ങി തിണ്ണയിൽ കിടക്കുന്ന അമ്മക്കരുകിലെത്തി അമ്മിഞ്ഞക്കായി അവരുടെ വെള്ളക്കോടി മാറ്റാൻ ശ്രമിച്ചു ...
"കണ്ണാ... നിൻറ്റെ അമ്മിഞ്ഞ വറ്റിപോയെടാ"
"വസൂന്റച്ഛൻ രവി അലമുറയിട്ടവനേ കോരിയെടുത്തു ."
വാസൂനെയും രവിയേയും കണ്ട് നിക്കാനാകാതെ ചിലന്തി വെളിയിലിറങ്ങി വനത്തിലേക്ക് നടന്നു ..
" നീ നൽകിയ വെള്ളക്കോടി നന്നായിട്ടുണ്ട് "
തിരിഞ്ഞു നോക്കിയപ്പോൾ വാസുവിന്റമ്മ തന്നോട് അങ്ങനെ പറയുന്നത് പോലെ ചിലന്തിക്ക് തോന്നി..
വാസുവിന്റെയും രവിയുടെയും നിലവിളികൾ ചിലന്തിയുടെ കാതുകളിലേക്ക് ആർത്തലച്ചു വീണു കൊണ്ടിരുന്നു.....
വർഷങ്ങൾക്ക് ശേഷം "താൻ കാരണംഅമ്മയെ" നഷ്ടപ്പെട്ട വാസുവിനെ കാണാൻ ചിലന്തി തന്റെ പട്ടുടുപ്പുമായി വനമിറങ്ങി ..
പടർന്നു പന്തലിച്ച ആഞ്ഞിലി കണ്ടെത്തനാകാതെ അവശനായ അതു ഒരു കൈതകാട്ടിൽ അഭയം തേടി ...
...
ക്ഷീണമകന്നപ്പോൾ ഉമിനീര് കൊണ്ട് വലനെയ്തു മരങ്ങൾ തമ്മിലെ അകലം കുറച്ചു ....
ഒറ്റക്കിരുന്നു പാടുന്ന കുയിലിന്റെ ഇണയെ കുറിച്ച് അന്വേഷിച്ചു ..
ദാഹിച്ചപ്പോൾ വറ്റിയ കുളങ്ങളുടെ മുകളിലൂടെ നടന്നു ...
ഒടുവിൽ വെട്ടിയ ആഞ്ഞിലികുറ്റിയിൽ ഇരുന്ന് കരയുന്ന വാസുവിനെ ചിലന്തി കണ്ടെത്തി..
...അവനേ കണ്ട സന്തോഷത്തിൽ ചിലന്തി അവൻറെ മേലേക്കൊന്നു ചാടി ...
"എനിക്കും വാങ്ങുമോച്ചാ ഓണത്തിന് ഒരു മഞ്ഞക്കോടി "
തനിക്ക് നേരെ ചാടിയ കൊടിച്ചിലന്തിയെ കണ്ടു വാസു കടലോളം തുളുമ്പുന്ന പ്രതീക്ഷയോടെ
അച്ഛനെ നോക്കി ..
അച്ഛൻ ആഞ്ഞിലി കടയുമ്പോൾ അതിലെ തീ തിന്നുന്ന ദൈവങ്ങൾ എവിടേക്കോ ഇറങ്ങിപ്പോയി ...
അയാൾ ഒരു നല്ല കട്ടിലുണ്ടാക്കുകയായിരുന്നു വാസുവിന്റെ രണ്ടാനമ്മയെ സന്തോഷിപ്പിക്കാൻ ....
അവൾക്കും അവളിലുണ്ടായ പൊടിമോനും തുണി വാങ്ങി കൊണ്ടയാൾ അവളുടെ മുൻപിൽ തല കുനിച്ചു നിന്നു ...
'ഹമുക്കേ നായരേ ഇജ്ജ് അവിടൊന്ന് നിന്നെ"
..
ജാഫർ ആണ് ..വാസുവിന്റെ കളിക്കൂട്ടുകാരൻ
എന്താണ് ചെക്കാ ??
അവൻറെ ഓടിക്കിതച്ചുള്ള വരവ് കണ്ടു വാസു തന്റെ പാടവരമ്പിലൂടെയുള്ള നടത്തം നിർത്തി ...
ജാഫർ തന്ന സമ്മാനം ഒരു മാമ്പഴ മഞ്ഞനിറത്തിലെ ഉടുപ്പായിരുന്നു ..
വാസുവിന്റെ കണ്ണുനിറഞ്ഞവൻ തുള്ളിച്ചാടി
..ഇടയ്ക്കിടക്ക് അവൻ കിടക്കുന്ന ചായ്പ്പിലെ കട്ടിലിനടിയിൽ നിന്ന് ആ പൊതികെട്ടു എടുത്ത് നോക്കികൊണ്ടേയിരുന്നു .
തുമ്പയും കാശിയും ചെമ്പരത്തിയും ഒക്കെ ആവശ്യത്തിനില്ലാതെ വന്ന ഒരോണവും കൂടി വന്നു ..
"ആര് പറഞ്ഞെട ..ഇത് വാങ്ങാൻ ..നാണമില്ലാത്തവനെ .."
രവി വാസൂനെ തലങ്ങും വിലങ്ങും അടിക്കുന്നത് കണ്ട്
ജാഫറിന്റെ ഉമ്മ പാത്തൂട്ടി അങ്ങോട്ടേക്ക് വന്നു ..
"ഒന്ന് നിർത്തുന്നുണ്ടോ നായരേ ..
ഞാൻ ആണ് അതവനിക്ക് കൊടുത്തത് ..
അതിട്ട നിങ്ങടെ നായരച്ചിടെ കയ്യിന്മേലെ വള അങ്ങ് ഊരിപ്പോന്നേൽ അതിങ്ങ് തന്നേരേ ..."
"കൊടുക്കുകേമില്ല നായ് കൊടുപ്പിക്കത്തുമില്ല" ..
ഉടുപ്പ് ഊരി പാത്തൂനെ ഏൽപ്പിക്കുമ്പോൾ അവൻറെ നിറഞ്ഞ കണ്ണുകൾ കണ്ട് പാത്തൂന് നൊന്തു ...
"ഇങ്ങേരു നായരച്ചീടെ വീട്ടിപോവുമ്പോ നീ പോണ്ട വാസുവേ .."
'ഓണത്തിന് നമുക്കവിടുന്നു കഴിക്കാം ..'
പാത്തൂന്റ്റെ വീട്ടിലിരുന്ന് ഓണമുണ്ണുന്ന വാസുവിനെ കണ്ടു കണ്ണു നിറഞ്ഞു കോടിച്ചിലന്തി വീണ്ടും കാടു കയറി ....
കാട്ടിലങ്ങിങ്ങായി പ്രകാശമെത്താൻ തുടങ്ങിയിരുന്നു ...
കൂടി നിന്ന മരങ്ങൾക്കിടയിൽ ചിലവ കുറ്റിയോടെ തന്നെ കാണാതെ പോകുന്നതായിരുന്നു കാരണം ..
ചിലന്തി വല കെട്ടിയ മരങ്ങൾ ആ കാട്ടിൽ നിന്നൊന്നായി അപ്രത്യക്ഷമായികൊണ്ടിരുന്നു
..
തന്റ്റെ വലകളെക്കാൾ ഉറപ്പുള്ള വലകൾ കാട്ടിൽ പ്രത്യക്ഷപ്പെടുന്നത് കണ്ടു അതു പരിഭ്രാന്തനായി ....
വല കെട്ടാനൊരു ഇടമില്ലാതായപ്പോൾ ചിലന്തി വാസുവിനെ അന്വേഷിച്ചിറങ്ങി ..
ഒരു പ്രശ്നമുണ്ടാകുമ്പോൾ അവനേ സമീപിക്കാൻ തനിക്ക് അവകാശമുണ്ടോയെന്ന് ആലോചിക്കാനൊന്നും അതു മിനക്കെട്ടില്ല ...
വാസുവിന്റ്റെ മാളികയുടെ മിനുങ്ങുന്ന ചുമരിൽ ചിലന്തിക്ക് കാലുറപ്പിക്കാൻ കഴിഞ്ഞില്ല .
.തലയിൽ നര വീണു തുടങ്ങിയ പാത്തുവും മീശ വെച്ച ജാഫറും വാസൂന്റെ വീട്ടിൽ ഓണമുണ്ണാൻ എത്തിയിട്ടുണ്ടായിരുന്നു ..
.
അമ്മേയെന്നൊരു ഞരക്കം കേട്ട ചിലന്തി അപ്പുറത്തെ മുറിയിലേക്ക് കയറി ..
വാസുവിന്റെ അച്ഛൻ വെറുമൊരു അസ്ഥികൂടമായി പഴയൊരു ആഞ്ഞിലി കട്ടിലിലിന്റെ ഒരറ്റത്തു കിടപ്പുണ്ടായിരുന്നു
. ...
അയാളുടെ നീട്ടിവലിച്ചുള്ള ശ്വാസത്തിനനുസൃതമായി ഉന്തി നിന്ന വാരിയെല്ലുകൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു...
അയാളൊരു വെള്ളക്കോടി ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി ചിലന്തിക്ക് ...
"ഇന്ന ഇങ്ങക്കൊരു കോടി ."
രോഗിയെ കാണാൻ വന്ന പാത്തുവിന്റെ സ്നേഹ സമ്മാനം ..
അയാൾക്ക് മേലുള്ള തന്റെ ചാട്ടത്തിന്റ്റെ ഫലം നഷ്ടപ്പെടുന്നത് കണ്ട ചിലന്തി
അസ്വസ്ഥനായി ....
"വിളക്ക് വെച്ചിരുന്ന
മരത്തിലല്ലേ നായര് കോടാലി വെച്ചത് ??ദൈവകോപം ഉണ്ടാകാതിരിക്കുമോ ??
പാത്തുവിനോടുള്ള വീട്ടിലെ വേലക്കാരിയുടെ സംഭാഷണം ചിലന്തി കേട്ടു ...
പൂർവികസ്വത്തായി ലഭിച്ച വരത്തിൽ പഴുതുകളുള്ളതായും,അതു തന്റെ രീതികൾക്കനുസരിച്ചു ദൈവം വളച്ചൊടിക്കുന്നതായും ചിലന്തിക്ക് തോന്നി
പാത്തുവിനെയും ജാഫറിനെയും യാത്രയയച്ചു വാസു അച്ഛന്റെയടുത്തേക്ക് നടന്നു ...
അച്ഛനെ തന്റെ നെഞ്ചിലേക്ക് കിടത്തിയവൻ വിദൂരതയിലേക്ക് നോക്കിയിരുന്നു ...
അച്ഛനോര്മയുണ്ടോ പണ്ടെനിക്ക് ജാഫറിന്റുമ്മ തന്ന മഞ്ഞക്കോടി തിരികെ നൽകിയത് ....
ഇന്നവർ അച്ഛനൊരു സമ്മാനം നൽകിയപ്പോൾ അതു വേണ്ടെന്ന് പറയാൻ നാവനക്കാൻ പോലും എന്റച്ഛന് കഴിയുന്നില്ല... ...
ഇടംകൈയിലേക്ക് വീണ കണ്ണീർ തുള്ളികൾ കണ്ട് അച്ഛന്റെ വേദന അവൻ തിരിച്ചറിഞ്ഞു ...
കണ്ണുകൾ തുടച്ചു അവൻ വെളിയിലേക്കിറങ്ങുമ്പോൾ അച്ഛന്റെ മനസ്‌ മന്ത്രിക്കുന്നുണ്ടായിരുന്നു ..
മകനെ ..മാപ്പ് ...
ചിലന്തിയപ്പോൾ ഒരു മരം അന്വേഷിച്ചു നടക്കുകയായിരുന്നു ..തപസിലൂടെ തന്റെ വരം തിരിച്ചെടുക്കാൻ ദൈവത്തോട് അപേക്ഷിക്കാൻ ..
ആമിന അദ്വൈത് അഭിലാഷ് ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo