Slider

മസനഗുഡിയിൽ ഒരു രാത്രി. (യാത്രാവിവരണം)

1

മസനഗുഡിയിൽ ഒരു രാത്രി.
(യാത്രാവിവരണം)
********************************
O8 - 45 AM, അനിയന്റെ കാറെടുത്ത്, ഞാനും ഭാര്യയും രണ്ട് മക്കളും തലേന്ന് രാത്രി ഒരുമിച്ചിരുന്ന് ഗൂഗിളിൽ തിരഞ്ഞ്, മാപ്പിൽ നിന്ന് ദൂരവും റൂട്ടും പഠിച്ച് തയ്യാറാക്കിയ യാത്ര ആരംഭിച്ചു.കൊളത്തൂരിൽ നിന്നും നന്മണ്ട, നരിക്കുനി, കൊടുവള്ളി, ഓമശ്ശേരി, മുക്കം,....
മുക്കത്തെത്തിയപ്പോൾ മൂത്ത മകൻ അവളോട് പറയുന്നു.
"ഉമ്മാ നമ്മുടെ മൊയ്തീന്റേം കാഞ്ചന മാലേടേം നാടെത്തി... "
അപ്പോൾ എന്റെ മനസ്സിലും ഇരുവഴിഞ്ഞിപ്പുഴയും മൊയ്തീനും കാഞ്ചനമാലയും തന്നെ ആയിരുന്നു. ആ സിനിമയിലെ ഓരോ രംഗങ്ങളും അപ്പോൾ മനസ്സിലൂടെ ഓടി മറയുന്നുണ്ടായിരുന്നു.മുക്കം പിന്നിട്ട് ഇരുവഴിഞ്ഞിപ്പുഴയെ മറികടന്ന് ഞങ്ങൾ മുന്നോട്ട്...
10.30 AM -ആര്യാടന്റെ, ഷൗക്കത്തിന്റെ, അൻവറിന്റെ, ആയിഷയുടെ നിലമ്പൂരിൽ. മുമ്പൊരു വട്ടം ഈ വഴി പോയപ്പോൾ, സമയം കഴിഞ്ഞു പോയതിനാൽ കയറി കാണാൻ കഴിയാതെ പോയ, പുറപ്പെടുമ്പോഴേ തീർച്ചയായും കയറി കാണന്നമെന്നു കരുതിയിരുന്ന നിലമ്പൂരിലെ തേക്ക് മ്യൂസിയത്തിലേക്ക് വണ്ടി കയറ്റി പാർക്ക് ചെയ്തിറങ്ങി.
1840 ലാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലെ (ലോകത്തിലെ തന്നെ ) പ്രഥമ തേക്ക് തോട്ടം (കനോലി പ്ലോട്ട് ) നിലമ്പൂരിൽ ആരംഭിച്ചത്.തേക്കിന്റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിൽ 1995-ലാണ് തേക്ക് മ്യൂസിയം ആരംഭിക്കുന്നത്.
മ്യൂസിയത്തിന് മുന്നിൽ ഒരു മുറിച്ച വലിയ തേക്കിന്റെ വേരുകളോട് കൂടിയ മിരട് ഭാഗം പോളീഷ് ചെയ്ത് ഭംഗിയാക്കി ,തല തിരിച്ച് അതായത് വേരുകളുടെ ഭാഗം മുകളിലേക്കാക്കിസ്ഥാപിച്ചിരിക്കുന്നു. നല്ലൊരു കാഴ്ച തന്നെ. പാദരക്ഷകൾ പുറത്തഴിച്ച് വെച്ച് തേക്ക് മ്യൂസിയത്തിനുള്ളിലേക്ക്.
450 വർഷത്തിലേറെ പഴക്കമുള്ള തേക്ക് തടികൾ മുതൽ തേക്കിനാൽ നിർമ്മിക്കപ്പെട്ട കരകൗശല വസ്തുക്കളും, പത്തായം മുതൽ പല പല ഉപകരണങ്ങളും. തേക്ക് തോട്ടങ്ങളെക്കുറിച്ചും, അവിടുത്തെ മണ്ണിന്റെ ഘടനകളെക്കുറിച്ചും തേക്ക് തോട്ടങ്ങളിൽ കാണപ്പെടുന്ന ഷട്പദങ്ങളെയും ജീവികളെക്കുറിച്ചും കാണാനും പഠിക്കാനും ഏറെ.കൂടാതെ തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യ സംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. തീർച്ചയായും കണ്ടിരിക്കേണ്ട മക്കളെ കാണിച്ചിരിക്കേണ്ട ഇടം.
മ്യൂസിയത്തിൽ നിന്നും ഇറങ്ങി പുറകുവശത്ത് വളരെ മനോഹരമായും ഭംഗിയായും തയ്യാറാക്കിയ പാർക്കിലേക്ക്..
കുട്ടികൾക്കുള്ള കളിസ്ഥലം, പ്രകൃതി തീർത്ത വള്ളിയൂഞ്ഞാലുകൾ..
വച്ചു പിടിപ്പിച്ച , പൂത്തു നിൽക്കുന്ന അതിമനോഹര പൂന്തോട്ടം, മെയ് മാസത്തിൽ പൂത്തു നിൽക്കുന്ന ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ പല മ്യൂസിയങ്ങളും പാർക്കുകളും മറ്റുസഞ്ചാര കേന്ദ്രങ്ങളും വേണ്ട രീതിയിൽ പരിചരിക്കാതെ നശിച്ചു കൊണ്ടിരിക്കുന്ന കാഴ്ചകൾ കാണുമ്പോൾ ഇവിടെ കാണുന്ന വൃത്തിയും പരിപാലനവും എടുത്ത് പറയേണ്ടിയിരിക്കുന്നു.
ഒരു ദിവസം മുഴുവനായും ചിലവാക്കാൻ മാത്രം വിഭവങ്ങളുണ്ടെങ്കിലും തയ്യാറാക്കിയ യാത്ര തുടരേണ്ടതിനാൽ ഇറങ്ങുന്നു. കാറിൽ കയറി. ഗൂഡല്ലൂർ ലക്ഷ്യം..
മുളം കാടുകളാലും തേയില തോട്ടങ്ങളാലും
നാടുകാണി ചുരം ഒരുക്കിയ ദൃശ്യഭംഗി ആസ്വദിച്ചും
മക്കളുടെയും ഭാര്യയുടെയും സന്തോഷം മനസ്സിലും ,ഒഴുകിയെത്തുന്ന ചെറുകാറ്റിന്റെ തണുപ്പ് ശരീരത്തിലും ഏറ്റുവാങ്ങി ശ്രദ്ധയോടെ ഡ്രൈവ് .
ഗൂഡല്ലൂർ ടൗണിൽ ചെന്നു കയറുന്ന ടി ജംഗ്ഷനിൽ നിന്നും ഇടത്തോട് തിരിഞ്ഞ് മൈസൂർ റോഡിൽ 3 കിലോമീറ്റർ ഓടിയാൽ മധുമലൈ നാഷണൽ പാർക്കിന്റെ കവാടം കാണാം.കവാടത്തിൽ 20 രൂപ കാർ ഫീ അടച്ച് വനത്തിലൂടെ 15 കിലോമീറ്റർ യാത്ര. വനത്തിലേക്ക് കടന്നതും ഭാര്യയുടെയും മക്കളുടെയും മുഖത്തും സംസാരത്തിലും ഒരു ചെറു ഭയം.
വഴിയിൽ ചില മാനുകളും മയിലുകളെയും കാണുമ്പോൾ അവരുടെ മുഖത്ത് ചിരി വിടരുന്നുണ്ട്.
2.50 - PM തെപ്പക്കാട് ജംഗ്ഷൻ. ഇവിടെ നിന്നാണ് വനം വകുപ്പിന്റെ ഉൾക്കാട്ടിലൂടെയുള്ള വാൻ സഫാരി. രാവിലെ 6 മുതൽ 9 വരെയും വൈകീട്ട് 3 മുതൽ 6 വരെയുമാണ് സഫാരി.കാർ പാർക്കിങ്ങിൽ ഇറങ്ങി ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു.
5 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് 135 രൂപയാണ് സഫാരി ചാർജ്. നാല് പേർക്കുള്ള കാശsച്ച് ടിക്കറ്റ് വാങ്ങി വാനിലേക്ക്.. മക്കളുടെ ആവേശം ഞങ്ങൾക്കും ആവേശം പകരുന്നു.
സഫാരി ഉൾക്കാട്ടിലേക്ക് കടന്നതും മൂന്ന് ആനകളും ഒരു കുഞ്ഞാനയും. മുന്നോട്ടു ചെന്നപ്പോൾ ചെറു ചെറു മാൻകൂട്ടങ്ങൾ. ചെറുകാറ്റിൻ തണുപ്പിൽ മനസ്സിലും കണ്ണിലും ചെറു കുളിർ. മൂത്ത മകൻ വർദ്ധിച്ച സന്തോഷത്തോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി കൊണ്ടേയിരുന്നു.. കുറച്ചേറെ ഉള്ളിലേക്കു പോയപ്പോൾ കാട്ടുപോത്തുകൾ, പന്നികൾ, മയിലുകൾ.... ടൈഗറിന്റെ ഏരിയായിലേക്ക് കൊണ്ടു പോയെങ്കിലും ഞങ്ങൾക്ക് ഭാഗ്യമില്ലായിരുന്നു. ഒരു മണിക്കൂർ സഫാരി കഴിഞ്ഞ് തിരിച്ചെത്തി. വാനിൽ നിന്നിറങ്ങി കാറിൽ കയറി.
ഞങ്ങളിപ്പോഴുള്ള തെപ്പക്കാട് ജംഗ്ഷനിൽ നിന്നും വലത്തോട് തിരിഞ്ഞ് - 7 - കിലോമീറ്റർ ഓടിയാൽ മസനഗുഡി. രാത്രി താമസം അവിടെയാകാമെന്നാണ് തീരുമാനം. വീതി കുറഞ്ഞതെങ്കിലും ഒന്നാന്തരം കറുത്തപരവതാനി വിരിച്ച പോലെ സുന്ദരമായ വനപാത.
ചെറിയ അങ്ങാടിയെങ്കിലും ആവശ്യമുള്ള എല്ലാ സാധനങ്ങളും ലഭ്യം. താമസത്തിനായി ലോഡ്ജുകളും റിസോർട്ടുകളും ധാരാളം. സീസൺ ആരംഭിക്കുന്നതേയുള്ളു എന്നതിനാൽ റൂമിന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.( 350 രൂപ മുതൽ ലഭ്യമാണ് റൂമുകൾ) ഞങ്ങൾ തരക്കേടില്ലാത്ത ഒരു റൂം സ്വന്തമാക്കി.
അങ്ങാടിയുടെ ഒരു ഭാഗം നീളത്തിൽ പൊക്കമേറെയുള്ളൊരു മൊട്ടക്കുന്നാണ്. അതിന്റെ ദൃശ്യഭംഗി അപാരം തന്നെ. ഇപ്പോൾ കാലാവസ്ഥ അൽപം ചൂടാണ്.
സന്ധ്യയായപ്പോൾ ചെറുതണുപ്പോടെ സുഖമുള്ളൊരു കാറ്റ് ആരംഭിച്ചു.
റോഡിൽ എങ്ങോട്ട് തിരിഞ്ഞാലും കാനന സഫാരി നടത്താനായുള്ള സ്വകാര്യ ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുകയാണ്.ഒരു ട്രിപ്പ് സഫാരിക്ക് അവർ വാങ്ങുന്നത് -800 - 1000 രൂപയാണ്.
രാത്രി 8 മണിയോടെ വനപാത അടയ്ക്കും രാവിലെ 6 മണിക്ക് തുറക്കും.ഇവിടെ നിന്നും ഊട്ടിയിലേക്ക് 29 കിലോമീറ്ററും ഗൂഡല്ലൂരിലേക്ക് 25 കിലോമീറ്ററും ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായ ഗുണ്ടൽപേട്ടയിലേക്ക് 39 കിലോമീറ്ററുമാണ് ദൂരം. നാളെ പുലർച്ചെ ,6 മണിക്ക് വനപാത തുറക്കുമ്പോൾ യാത്ര ആരംഭിക്കണമെന്നാണ് ഞങ്ങളുടെ പ്ലാൻ.
6.30 - നാണ് ഞങ്ങൾ യാത്ര ആരംഭിച്ചത് കവാടം കഴിഞ്ഞ് അരക്കിലോ മീറ്റർ മുന്നോട്ട് നീങ്ങിയതും ചെറു മഞ്ഞിൻതണുപ്പിൽ ശരീരം തണുത്തതോടൊപ്പം കണ്ണിനും മനസ്സിനും കുളിരേകി റോഡിനിരുപുറവും മാൻ കൂട്ടങ്ങളെ കണ്ടു തുടങ്ങി. ധാരാളം മയിലുകളും.
തെപ്പക്കാട്ട് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞു അൽപം മുന്നോട്ട് നീങ്ങിയതും ചെറുതും വലുതുമായി ഒരു വലിയ കൂട്ടം ആനകൾ.ധാരാളം വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പാസ് ചെയ്യുന്നതിനാൽ ആർക്കും ഭയമില്ലായിരുന്നു. ചെറിയ സ്പീഡിൽ മുന്നോട്ട് നീങ്ങവെ,
" ഇതെന്താ മാനുകളുടെ സംസ്ഥാന സമ്മേളനമാണോ ബാപ്പാ..."
എന്ന് മക്കൾ അത്യാഹ്ലാദത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.
"സംസ്ഥാനമല്ല... ഇന്റർനാഷണലാണെന്നാണ് തോനുന്നത് ...."
അവളുടെ മറുപടി.
അത്രയേറെയുണ്ട്മാൻ കൂട്ടങ്ങൾ.
ചില കൂട്ടങ്ങളിൽ നൂറുകണക്കിന് മാനുകളെ കാണാമായിരുന്നു.
എല്ലാതരം മാനുകളെയും ധാരാളം മയിലുകളെയും ചിലയിടങ്ങളിൽ ആനകളെയും കണ്ടുകണ്ടങ്ങിനെ യാത്രയുടെ മഹാ സുഖവും സന്തോഷവും ആസ്വദിച്ച്, ബന്ധിപ്പൂർ നാഷണൽ പാർക്ക് കടന്ന് 8 മണിയോടെ ഞങ്ങൾ ഗുണ്ടൽപേട്ടയിൽ എത്തി. അവിടെ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് വയനാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
കൃഷിയിടങ്ങളിൽ ഇറങ്ങി കാഴ്ചകൾ കണ്ട്
100 രൂപ കൊടുത്ത് ഒരു ചാക്ക് കറാച്ചി വത്തക്ക വാങ്ങി ഡിക്കിയിലിട്ട് 12 മണിയോടെ കൽപ്പറ്റയിൽ.
യാത്രയിലുടനീളം തമിഴ്നാടിന്റെയും കർണാടകയുടെയും മികച്ച റോഡുകൾ ഡ്രൈവിംഗിനെ സുഗമമാക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തു.
കൽപ്പറ്റ ടൗണിലെത്തുന്നതിനു തൊട്ടുമുമ്പ് കോഴിക്കോട് ബൈപ്പാസ് റോഡിലേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ ഓടിയാൽ ഇടതു ഭാഗത്ത് കുട്ടികൾക്കുള്ള ഒരു സ്വകാര്യ പാർക്ക് കാണാം.
ഈ പാർക്ക് ഒരു ട്രസ്റ്റിന്റേതാണ്. സി.ഒ.മാത്യു ഫൗണ്ടേഷൻ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പാർക്ക്. കുട്ടികളുടെ ഉല്ലാസത്തിനും അറിവിനും മുതിർന്നവരുടെ വിശ്രമത്തിനും നിർദനരായവർക്ക് ആശ്വാസത്തിനു വേണ്ടിയുമാണ് പാർക്ക്. പാർക്കിൽ പ്രവേശിക്കുന്നതിന് പ്രത്യേകമായി ഒന്നും നൽകേണ്ടതില്ല. നമുക്ക് ഇഷ്ടമുള്ളത് സംഭാവനയായി നൽകാം. പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്.
ഷാദി ഹെർബൽ പാർക്ക് വളരെ മനോഹരമാണ് .കുട്ടികൾക്ക് ഇഷ്ടപ്പെടാനുള്ള എല്ലാ വിഭവങ്ങളും ഉണ്ട്. കുട്ടികളെ കളിക്കാൻ വിട്ട്, ഞാനും അവളും തണലിൽ ഒരു സിമന്റ് ബെഞ്ചിൽ ഇരുന്ന് അൽപം പ്രണയിക്കാൻ തീരുമാനിച്ചു.
വയനാട്ടിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം മുൻകാലങ്ങളിൽ സന്ദർശിച്ചതിനാൽ പാർക്കിൽ നിന്നും രണ്ട് മണിക്കൂറിനു ശേഷം കാറിൽ കയറി നാട് ലക്ഷ്യം പിടിച്ചു. പലവട്ടം ആസ്വദിച്ചതെങ്കിലും വയനാടിന്റെയും താമരശ്ശേരിചുരത്തിന്റെയും
ദൃശ്യഭംഗി ഒരുവട്ടം കൂടെ മതിയാവോളം ആസ്വദിച്ച് ചുരമിറങ്ങി.
അടിവാരം, താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, കൊളത്തൂർ.അങ്ങനെ ഭൂമി ഉരുണ്ടത് തന്നെയെന്ന് ഒരു വട്ടം കൂടെ തെളിയിച്ച്, 05.00 PM - ഞങ്ങൾ വീട് പിടിച്ചു.
""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
1
( Hide )
  1. ഷാനവാസ്,
    യാത്രാവിവരണം വായിച്ചു.
    യാത്ര മാത്രമേ ഒരുവിധം നന്നായി കാണാൻ കഴിഞ്ഞുള്ളു.
    യാത്രയ്ക്കിടയിൽ കുറിപ്പുകൾ തയ്യാറാക്കിയില്ലെന്നു തോന്നുന്നു...
    എങ്കിലും, നന്നായിട്ടുണ്ട്ട്ടോ!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo