Slider

ഇരട്ടപ്പേര്

1
Image may contain: one or more people and closeup

മലയാളികളുടെ ശ്രദ്ധേയമായ "ഗുണ"ഗണങ്ങളിൽപ്പെട്ട ഒരുകാര്യമാണ് "ഇരട്ടപ്പേര് വിളി".അതായത് മാന്യമായ പേരുള്ളവർക്ക് അതുമായോ അവരുമായോ യാതൊരുവിധത്തിലുമുള്ള ബന്ധമില്ലാത്ത പേരുകൾ നാട്ടുകാർ ഉണ്ടാക്കി ചാർത്തിക്കൊടുക്കുന്നു .
ആഫ്രിക്കൻ രാജ്യങ്ങളുൾപ്പടെ പലരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള(ഓരോ ആവശ്യങ്ങൾക്ക്),ദിനവും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആളുകളുമായി സഹകരിക്കുന്ന ഒരാളെന്നനിലയിൽ ,മറ്റൊരിടത്തും ഇങ്ങനെ ഒരു പ്രതിഭാസം ഉള്ളതായി ഞാൻ കണ്ടിട്ടില്ല,അറിഞ്ഞിട്ടുമില്ല.
മലയാളികൾക്ക് ഇങ്ങനെ ഒരുപാട് 'ഗുണ'ങ്ങളുണ്ട്.അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല .
മലയാളികളുടെ ഈ "പേരിടീൽ കർമ്മം" സ്കൂൾ കാലഘട്ടം മുതൽ തുടങ്ങുന്നു.സ്കൂളിലെ ഉച്ചക്കഞ്ഞി രണ്ടാം വട്ടവും വാങ്ങുന്ന കുഞ്ഞുമോൻ എന്ന ആളിനെ "കഞ്ഞിക്കുഞ്ഞുമോൻ" എന്നും,ചന്തയിൽ ഇറച്ചിക്കച്ചവടം നടത്തുന്ന സുലൈമാനെ "പോത്ത് സുലൈമാൻ "എന്നും, മുൻനിരയിൽ മൂന്ന് പല്ലുകൾ തള്ളിയ കുഞ്ഞാലിയെ "ചീങ്കണ്ണിക്കുഞ്ഞാലി" എന്നും,റോഡ് ടാർ ചെയ്യാൻ വച്ചിരുന്ന ടാർവീപ്പയിൽ വീണ അശോകനെ "കരിമന്തി അശോകൻ" എന്നും ,വീട്ടിലെ ദാരിദ്ര്യം കാരണം, വലിയ മീൻ വാങ്ങാതെ എന്നും ചാളമീൻ വാങ്ങുന്ന മേരിച്ചേച്ചിയെ "ചാള മേരി"എന്നും, ഏതൊരു നല്ല കാര്യത്തിനും "നല്ലവാക്ക് " പറഞ്ഞ് പിറ്റേന്ന് തന്നെ അതിനെയുണക്കുന്ന രാമനെ "കരിങ്കണ്ണൻ രാമൻ " എന്നും,സെമിത്തേരിയ്ക്കടുത്ത് വീടുവച്ച് താമസിക്കുന്ന മത്തായിച്ചനെ "സാത്താൻ മത്തായി" എന്നും നാട്ടുകാർ ഇരട്ടപ്പേരിട്ടു വിളിച്ചു.
അധ്യാപകർക്കും ഇരട്ടപ്പേരുകൾ വീഴാറുണ്ട് .സ്ഫടികം സിനിമയിലെ തിലകന്റെ കഥാപാത്രം (കടുവ),കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളിലെ "കാലൻ മത്തായി" തുടങ്ങിയവ സിനിമയിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ .
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ,
ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിൽ ചിലപ്പോൾ പൊരിഞ്ഞതല്ലും നടക്കാറുണ്ട് .
ഒരിക്കൽ,കൊരട്ടി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന കാലത്ത് ,അങ്കമാലിയിലുള്ള ഒരു സുഹൃത്തിനെ കണ്ടിട്ട് തിരിച്ചുവരുന്ന വഴിക്ക് ,കറുകുറ്റി (അങ്കമാലിക്കും കൊരട്ടിക്കും ഇടയിലുള്ള ഒരു സ്ഥലം) എലഗൻസ് ബാറിന്റെ മുൻപിൽ ഒരു ചെറിയ ആൾക്കൂട്ടം കണ്ടു .ബസിന് വെളിയിലേക്ക് നോക്കിയപ്പോൾ ,അവിടെ പൊരിഞ്ഞ തല്ല് നടക്കുന്നു .ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കൂടെ ജോലി ചെയ്യുന്ന സുഹൃത്താണ് തല്ലുകാരിൽ ഒരാൾ .ബസ് നിർത്തിച്ച് ഞാനോടിയിറങ്ങിച്ചെന്നു.രണ്ടുപേരെയും പിടിച്ചുമാറ്റി .രണ്ടുപേരും കുറേശ്ശേ സേവിച്ചിട്ടുണ്ടെന്ന് മനസിലായി.
"എന്താടാ പ്രശ്‍നം ? " ഞാൻ കൂട്ടുകാരനോട് ഗൗരവത്തോടെ ചോദിച്ചു."അത് പിന്നെ ..ഇവൻ എന്നെ ഇരട്ടപ്പേര് വിളിച്ചു " കൂട്ടുകാരൻ,അടർന്നുപോയ ഷർട്ടിന്റെ ബട്ടൻസ് കൂട്ടിച്ചേർക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് പറഞ്ഞു ."ഓഹോ ..ഇരട്ടപ്പേര് വിളിച്ചാലുടൻ റോഡിൽ കിടന്ന് തല്ലുണ്ടാക്കും അല്ലേ ...കൊച്ചുപിള്ളേരെപ്പോലെ ? അതിരിക്കട്ടെ എന്താ ഇവൻ വിളിച്ചത് .."
ഞാനവന്റെ മുഖത്തേക്ക് നോക്കി ."കാളക്കണ്ണൻ ഷാജീന്ന് " ചങ്ക് മറുപടി പറഞ്ഞു. ഉള്ളിൽ ചിരിപൊട്ടിയെങ്കിലും,ഞാനത് പുറമേ കാണിക്കാതെ ഗൗരവം വിടാതെ നിന്നു .
കാളയുമായോ ,അതിന്റെ കണ്ണുമായോ ഷാജിയ്ക്ക് യാതൊരു ബന്ധവുമില്ല .സംഭവം എന്താണെന്ന് വച്ചാൽ കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ പോകുമ്പോഴെല്ലാം ഷാജി ആവേശപൂർവ്വം കഴിച്ചിരുന്നത് "ബുൾസ് ഐ " ആയിരുന്നു .അങ്ങനെ പോകെപ്പോകെ ഷാജി "കാളക്കണ്ണൻ"ഷാജിയായി .
ഇപ്പോൾ ,സമൂഹത്തിലെ 'പ്രമുഖരേയും' മലയാളികൾ ഓരോരോ പേരിട്ട് വിളിക്കാൻ തുടങ്ങി .ഏതോ ഹോട്ടലിൽ ഉള്ളിക്കറി കഴിച്ചുകൊണ്ടിരുന്ന നമ്മുടെ സുരേന്ദ്രൻ ചേട്ടനെ "ഉള്ളിസുര" എന്നും,വിവാദമായ 1,2,3 പ്രസംഗം നടത്തി ജയിലിലായ മണിയാശാനെ "1,2,3 മണിയെന്നും", ഇല്ലാത്ത Xtra ചങ്ക് കൂടി ആരോപിച്ച് നമ്മുടെ വിജയേട്ടനെ "ഇരട്ടചങ്കൻ" എന്നും,നാടിന്റെ 'നന്മയ്ക്കായി നാട്ടിലെങ്ങും സോളാർ പാനലുകൾ നിർമ്മിയ്ക്കാൻ മുൻകൈയെടുത്ത ചാണ്ടിച്ചായനെ "സോളാർ ചാണ്ടി " യെന്നും ആൾക്കാർ നിഷ്കരുണം വിളിച്ചു ,വിളിക്കുന്നു .നാട്ടുകാരെ പോത്തിറച്ചി വച്ച് പ്രീതിപ്പെടുത്താൻ പോയ രാജേഷ് സഖാവിനെ "പോത്ത് രാജേഷ് " എന്ന് വിളിച്ചവരുമുണ്ട് .
ഇങ്ങനെയൊക്കെ ചെയ്യുന്നത് അപഹാസ്യമാണ് എന്നത് സത്യമാണെങ്കിലും ,മലയാളി ഒരിക്കലുമത് തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല .തീർച്ചയായും ഇതൊരു മോശം ഏർപ്പാടാണെന്നുള്ളതിൽ ഒരു സംശയവുമില്ല.മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് രസിക്കുന്ന മലയാളി,ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .
😪😪😉
ബിനു കല്ലറക്കൽ
1
( Hide )
  1. നന്നായിട്ടുണ്ട്.നല്ല പച്ചയായ എഴുത്ത്.ഒട്ടുമി ക്ക നാട്ടിലും നടക്കുന്ന കാര്യങ്ങൾ.ഇനിയും പ്രതീക്ഷിക്കുന്നു...👌💚

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo