Slider

പിൻഗാമി ( ഭാഗം മൂന്ന്)

0

പിൻഗാമി ( ഭാഗം മൂന്ന്)
മുഖത്ത് തണുത്ത വെള്ളം തട്ടിയപ്പോഴാണെന്ന് തോന്നുന്നു ഞാനുണർന്നത്.ചുറ്റിലും ആള് കൂടി നിൽക്കുന്നു. ശരിക്ക് കാണാൻ കഴിയുന്നില്ലെങ്കിലും എല്ലാവരെയും മനസിലാകുന്നുണ്ട്. കാന്റീനിലെ കട്ടിലിലാണ് ഞാൻ കിടക്കുന്നത് എന്ന് മനസിലായി. ഞാൻ ഉണർന്നപ്പോൾ സെയ്തു കാക്ക ഒരു ഗ്ലാസ് ചായ തന്നു. കുറച്ച് കഴിഞ്ഞ് അവിടെ നിന്ന് ഏണിറ്റ് ഞാൻ പള്ളിക്കകത്തേക്ക് പോയി.
കശുമാവിൻ ചോട്ടിൽ ബോധമില്ലാതെ കിടക്കുന്ന എന്നെ സെയ്തു കാക്കയാണ് എടുത്തു കൊണ്ട് വന്നത്. പള്ളിയോട്‌ ചേർന്നുള്ള ഹോസ്റ്റലിലെ റൂമിൽ ഞാൻ കട്ടിലിലേക്ക് കയറിക്കിടന്നു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
"ഇന്നും അണ്ടിലേലത്തിന് ആരും വന്നില്ല"
കാന്റീനിലേക്ക് കയറി വന്നു കൊണ്ട് ബാവുട്ടി പറഞ്ഞു.
"അപ്പൊ ഞമ്മള് തന്നെ പെറുക്കേണ്ടി വരും അണ്ടി അല്ലെ ബാവുട്ട്യെ?".
സെയ്തു കാക്ക ബാവുട്ടിയുടെ മുഖത്ത് നോക്കി ഒന്ന് ദീർഘനിശ്വാസം വിട്ടു.
ജുമുഅത്ത് പള്ളിയുടെ കാന്റീൻ ജീവനക്കാരാണ് സെയ്തു കാക്കയും ബാവുട്ടിയും. സെയ്തു കാക്കാക്ക് ഒരു അൻപത് വയസ്സുണ്ടാകും.ബാവുട്ടിക്ക് ഇരുപത്തിനാലും. പള്ളിയിൽ ദർസ് പഠിക്കുന്ന നാൽപത്തഞ്ചോളം വരുന്ന വിദ്യാർത്ഥികൾക്കും അഞ്ച് ജീവനക്കാർക്കും വേണ്ടിയാന്ന് കാന്റീൻ ഒരുക്കിയിട്ടുള്ളത്.
"കഴിഞ്ഞ രണ്ട്‌ വെള്ളിയാഴ്ചയും ഇന്നും വിളിച്ചു പറഞ്ഞു സെയ്തോ. ഒരാളും ഏറ്റെടുക്കാൻ തയ്യാറാവാണില്യ. അനക്കങ്ങണ്ട് എടുത്തൂടെ.. നഷ്ടം വരുകയാണെങ്കി ഞമ്മക്കെന്തെങ്കിലും ചെയ്യാ. ഇപ്പൊത്തന്നെ കുന്നുകൂടാൻ തൊടങ്ങീക്ക്ണ് അണ്ടി. കഴിഞ്ഞ പ്രാവശ്യത്തെ ഇരുപത്തയ്യായിരത്തിമ്മ തന്നെ കരാറ് അങ്ങണ്ട് ഒറപ്പിക്കാ എന്ത്യേ?"
പള്ളിക്കമ്മറ്റി കാരണവരുടെ ആവശ്യം തള്ളാൻ സെയ്തു കാക്കാക്ക് ആവില്ലായിരുന്നു.കഴിഞ്ഞ പ്രാവശ്യം തന്നെ സെയ്തു കാക്കാന്റെ ചുമതലയിൽ വരേണ്ടതായിരുന്നു കശുവണ്ടിയുടെ ഉത്തരവാദിത്തം. ഭാഗ്യത്തിന് അപ്പോഴേക്കും ഒരാൾ ലേലം വിളിച്ചെടുത്തു. അയാളാണെങ്കിലോ മുതൽ പൈസ കിട്ടുന്നത് വരെ മാത്രമെ പെറുക്കിയുള്ളു. എന്നിട്ട് സുഖമില്ലാ എന്ന് പറഞ്ഞ് ലേലത്തിൽ നിന്ന് പിൻവാങ്ങി.
ഇപ്രാവശ്യം ആരും തന്നെ ഏറ്റെടുക്കാൻ ഉണ്ടായില്ല.
ലക്ഷക്കണക്കിന് രൂപയുടെ കശുവണ്ടി പള്ളിപ്പറമ്പിൽ നിന്ന് പെറുക്കിയാൽ കിട്ടും. പക്ഷെപെറുക്കാൻ കഴിയുന്നില്ലെന്ന് മാത്രം. ഒമ്പത് ഏക്കറോളം വരുന്ന സ്ഥലം പറങ്കിമൂച്ചിക്കാടാണ്. കാട് ഇടതുർന്ന് നിൽക്കുന്നതിനാൽ പൊന്തകൾക്കിടയിലൂടെ നടന്ന് അണ്ടി പെറുക്കാൻ പലർക്കും പേടിയാണ്. അതിന് ആളും സന്നാഹവും വേണം. പള്ളിക്കാട്ടിലേക്ക് അണ്ടി പെറുക്കാൻ പോകാൻ ആരും തയ്യാറല്ല താനും.
കുന്നിൻ മുകളിലെ ഗ്രാമത്തിൽ ഉള്ള വീടുകളെല്ലാം പള്ളിയെ ചുറ്റിപ്പറ്റി നിൽക്കുന്നവയാണ്. പത്തിരുപതോളം പീടിക റൂമുകളുണ്ട്. കൂടുതലും പള്ളി വകയാണ്.അങ്ങാടിയോട് ചേർന്നു തന്നെയാണ് പള്ളി നിർമ്മിച്ചിട്ടുള്ളത്. പളളിയുടെ ഒരു ഭാഗത്ത് പിടിക റൂമുകളാണ്. പിൻഭാഗത്ത് കാന്റീനും അതിന്റെ പിന്നിൽ ബാത്ത് റൂമുകളുമാണ്. കാന്റീനിൽ നിന്ന് നോക്കിയാൽ പള്ളിയുടെ മിംബർ വരെ കാണാം. പളളിയുടെ മുൻഭാഗത്ത് പാർക്കിങ്ങ് ഏരിയയാണ്.ഒരു ഭാഗം മുഴുവനായും ഖബറിസ്ഥാനും. എല്ലാം പള്ളിയിൽ നിന്ന് നോട്ടം കിട്ടുന്ന സ്ഥലത്താണ്. എന്നാൽ പെട്ടെന്ന് നോട്ടം കിട്ടാത്ത സ്ഥലമാണ് പറങ്കിമൂച്ചിക്കാട്. പത്ത് ഏക്കറയോളം വരുന്ന പറങ്കിമൂച്ചിക്കാട് ഒരു ചോദ്യചിഹ്നമായി നില നിൽക്കുകയാണ്.
പിറ്റെ ദിവസം രാവിലെ ഏഴ് മണിക്ക് തന്നെ അണ്ടി പെറുക്കൽ ആരംഭിച്ചു. ബാവുട്ടിയാണ് അണ്ടി പെറുക്കുന്നത്.സെയ്ദു കാക്കാക്ക് ഭക്ഷണമുണ്ടാക്കേണ്ടതുണ്ട്. പള്ളിയുടെ ചുറ്റുഭാഗത്തുള്ള ഖബറിസ്ഥാനിലുമുള്ള കശുവണ്ടിയാണ് ആദ്യം പെറുക്കുന്നത്. തീരെ പെറുക്കിയിട്ടില്ലാത്തതിനാൽ ധാരാളം പെറുക്കാനുമുണ്ട്. കരിയിലകൾ നിറഞ്ഞതിനാൽ അതിനിടയിൽ നിന്ന് തിരയണം. പെയിൻറ് ബക്കറ്റിൽ അണ്ടി പെറുക്കി ഉന്ത് വണ്ടിയിൽ കൊണ്ട് പോയി ചെരിയും.
സമയം ഒരു പാടായി. നന്നായി വിശക്കാൻ തുടങ്ങിയിരിക്കുന്നു. കാട്ടിനടുത്തെത്തിയിട്ടുണ്ട്. കാട്ടിൽ നിന്ന് കിട്ടാവുന്നിടത്തോളം വൈകുന്നേരം പൊട്ടിക്കാം. ചെറിയ കശുമരങ്ങളിൽ തിങ്ങിനിറഞ്ഞ കുലകൾ കണ്ടപ്പോൾ കുഞ്ഞാപ്പുവിന് ആവേശം വന്നിരുന്നു. പക്ഷെവിശപ്പ് അധികരിച്ചിരിക്കുന്നു. ഉന്ത് വണ്ടി നിറയുകയും ചെയ്തിരിക്കുന്നു. ഭക്ഷണം കഴിച്ച് ഉച്ചക്കും രാത്രിയിലേക്കു മുള്ള കാന്റീൻ ഭക്ഷണം ശരിയാക്കി വച്ചതിന് ശേഷം വസ്ത്രങ്ങളൊക്കെ അലക്കി കുളിച്ച് അസ്സലായി ഒന്നുറങ്ങും. അതിന് ശേഷം രണ്ടാമതും പെറുക്കാൻ ഇറങ്ങാം. ബാവുട്ടി ആത്മഗതം ചെയ്തു. അപ്പോഴാണ് ബാവുട്ടിക്ക് ഒരാശയം തോന്നിയത്. പറങ്കിമാങ്ങയുടെ നീര് പിഴിഞ്ഞ് ചൂടാക്കി മിഠായി രൂപത്തിൽ ഉണ്ടാക്കാൻ സെയ്തു കാക്കാക്ക് അറിയാം. നല്ല ശോധനയും ദഹനശക്തിയും അതുവഴി കിട്ടും. അതിനായി പെയിന്റ് ബക്കറ്റിൽബാവുട്ടി പറങ്കിമാങ്ങ നിറച്ചു. എന്നിട്ട് ബക്കറ്റും കൈയിലെടുത്ത് ഉന്ത് വണ്ടി ഉരുട്ടിത്തുടങ്ങി.
അപ്പോഴാണ് അൽപം പിറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം..
" അല്ല ബാവുട്ടിയെ.. ആ പറങ്കിമാങ്ങ ഒക്കെ നീ കൊണ്ടു പോവാണോ.. ഇന്റെ ആടിനും കൂടെ കുറച്ച് കൊടുക്കാനില്ലാതെ?".
അത് കേട്ട് ബാവുട്ടി ആകെ നിസ്സഹായനായി. ഉന്ത് വണ്ടി ഒരു ചെരിഞ്ഞ സ്ഥലത്താണ്. കൈ വിട്ടാൽ മറിയും.പെയിന്റും ബക്കറ്റ് ഒരു വിധം താഴെ വച്ചു.ആളെ കാണാൻ ഒന്ന് തിരിഞ്ഞു നോക്കിയാൽ ഉന്ത് വണ്ടി ബാലൻസ് കിട്ടാതെ മറിയും. കുറ്റിക്കാട്ടിലും ചമ്മലയിലും അണ്ടി പരന്നാൽ പിന്നെ പെറുക്കിയെടുക്കൽ രണ്ടാം പണിയാകും.
ബാവുട്ടി ഉന്ത് വണ്ടിയും തള്ളിക്കൊണ്ട് മുന്നോട്ട് നടന്നു.
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ബാവുട്ടി നിശ്ചലനായി. ഇടനെഞ്ചിലൂടെ ഒരു കാളൽ. ആകെ വിയർക്കുന്നു.
ആരാണ് ആ സ്ത്രീ.. ഒരു പുരുഷന് വരാൻ ധൈര്യമില്ലാത്ത ഈ പള്ളിക്കാട്ടിൽ ഒരു സ്ത്രീയോ.?
ഉന്തുവണ്ടി ഒരു വിധം തള്ളി പള്ളിയിൽ നിന്ന് നോട്ടം കിട്ടുന്ന സ്ഥലത്തെത്തി നിർത്തിയിട്ടു. എന്നിട്ട് ബാവുട്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കി.
തുടരും ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo