Slider

പകയുടെ കനലുകൾ

0

അവളെ വെറുതെ വിടരുത്....തല്ലിക്കൊല്ലടാ അവളെ..എനിക്കടുത്തേക്ക് പാഞ്ഞു വരുന്നവരെ കണ്ടതും ഞാനെൻെ മുഖം മൂടിയിരുന്ന സ്കാർപ്പ് അല്പ്പം മേലേക്ക് ഉയർത്തി.എന്റെ പൊള്ളിയടർന്ന വികൃതമായ മുഖം കണ്ടതും അടുത്തേക്ക് വന്നവരെല്ലാം ഒരു പകപ്പോടെയും പേടിയോടെയും അവിടെ തന്നെ നിന്നു.
"നീ....നീ..ലക്ഷ്മിയല്ലേ?"
ഒരു പതർച്ചയോടെ അനിലിന്റെ അച്ഛൻ എന്നോട് ചോദിച്ചു.
ലക്ഷ്മിയെന്ന പേര് കേട്ടതും കതിർ മണ്ഡപത്തിലിരുന്ന അനിലിന്റെ ആർത്തനാദം ഒന്നു കൂടി ശക്തി പ്രാപിക്കുന്നത് ഞാൻ കേട്ടു.
താലികെട്ടാനായി കൈ ഉയർത്തിയ അവന്റെ മുഖത്തേക്ക് ഞാൻ വീശിയൊഴിച്ച ആസിഡിന്റെ വീര്യത്തിൽ അവന്റെ മുഖമാകെ ഉരുകുന്നത് ഞാൻ വളരെയധികം ആനന്ദത്തോടെ തന്നെയാണ് നോക്കി നിന്നതും...
"അതേ....ഞാൻ ...ഞാൻ... ലക്ഷ്മിയാണ്..ഒരു വർഷം മുൻപ് ഇത് പോലൊരു വിവാഹമണ്ഡപത്തിൽ വെച്ച് താലികെട്ടിനു മിനുറ്റുകൾ ശേഷിക്കവേ എന്റെ ജീവിതത്തിനും സ്വപ്നങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തി നിങ്ങളുടെ മകൻ എന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഓർമ്മയുണ്ടോ?
എന്ത് തെറ്റാണ് ഞാൻ ചെയ്തത്.തെമ്മാടിയും ലഹരിക്കടിമയുമായ നിങ്ങൾടെ മകനെ വിവാഹം കഴിക്കാൻ എനിക്ക് ആഗ്രഹമില്ലെന്ന് ഞാൻ പറഞ്ഞതിന് അയാൾ എന്നോട് ചെയ്തത് എത്ര വലിയ ക്രൂരതയാണെന്നറിയാമോ?അന്നത്തെ ആ സംഭവത്തോടെ എന്റെ വിവാഹം മുടങ്ങി.
പൊള്ളിയടർന്ന മുഖവുമായി ഒരുപാട് പേരുടെ സഹതാപവും പരിഹാസവും ഏറ്റുവാങ്ങി ഞാൻ ഇന്നും ജീവിക്കുന്നു.
ഏക മകളുടെ ദുർവിധിയോർത്ത് ഹൃദയം പൊട്ടി എന്റെ അച്ഛൻ എന്നേയും അമ്മയേയും തനിച്ചാക്കി ഈ ലോകത്തിൽ നിന്നും പോയി.സഹതാപവും പരിഹാസവും പട്ടിണി മാറ്റില്ലെന്നറിഞ്ഞത് കൊണ്ട് ഒരു ജോലിയ്ക്കായി ഞാൻ മുട്ടാത്ത വാതിലുകളില്ല.പക്ഷേ ആദർശം പ്രസംഗിച്ച് താങ്ങായി നിന്നവർ പോലും എന്റെ ഈ പൊള്ളിയടർന്ന മുഖം കാണുന്നത് പലർക്കും പേടിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയപ്പോൾ
സഹിക്കാൻ പറ്റിയില്ല...
ഞാൻ പഠിച്ച് നേടിയ ബിരുദങ്ങളേക്കാൾ വില ഒരു കൈതൊഴിലിനാണെന്ന് മനസ്സിലായപ്പോഴാണ്
തയ്യൽ പഠിക്കാൻ ഞാൻ തീരുമാനിച്ചതും എന്നെപ്പോലെ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടികളെ ഒപ്പം കൂട്ടി ഒരു ചെറുകിട ഗാർമെൻസ് ഞാൻ തുടങ്ങിയതും.
ഇന്നത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്.
നിങ്ങളുടെ മകനേപ്പോലുള്ള മനോരോഗികൾക്ക് ഞങ്ങളുടെ മുഖവും ശരീരവും മാത്രമേ വികൃതമാക്കാൻ കഴിയൂ.ഞങ്ങളുടെ മനസ്സിന്റെ ശക്തിയെ തോൽപ്പിക്കാനാകില്ല.ഞാൻ അനുഭവിച്ച ഇന്നും അനുഭവിക്കുന്ന ഈ വേദന അവനും അറിയണം.ആസിഡ് മുഖത്ത് വീഴ്ത്താൻ ആണിന് മാത്രമല്ല പെണ്ണിനും കഴിയുമെന്ന് നിങ്ങൾടെ മകനടക്കമുള്ള ഞരമ്പുരോഗികൾ ഒന്നറിഞ്ഞിരിക്കണമെന്ന് എനിക്ക് തോന്നി.
എന്റെ മനസ്സിന്റെ ഉലയിലിട്ട് ഞാനൂതിക്കാച്ചിയ പകയുടെ കനലുകൾ ആണിന്ന് ആസിഡായി അവന്റെ മുഖത്തേക്ക് ഒരർത്ഥത്തിൽ ഞാനൊഴിച്ചതും......ഇനിയൊരു പെൺകുട്ടിക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത്.അഥവാ ഉണ്ടായാൽ തന്നെ ഇത്തരത്തിൽ പ്രതികരിക്കാൻ അവൾ പ്രാപ്തയാകണം.പണത്തിന്റെ പിൻബലത്തിൽ നിയമങ്ങൾ ഇവനെപ്പോലുള്ളവർക്ക് തണലായി മാറുമ്പോൾ ഞങ്ങൾ പാവങ്ങൾ സ്വയം ശിക്ഷ നടപ്പിലാക്കുന്ന നാൾ വിദൂരമല്ല എന്ന് ഓർക്കുന്നതും നല്ലതാ.
എന്നെ തല്ലാനോങ്ങുന്ന കൈകൾക്ക് നീതിയുടെയും സത്യസന്ധതയുടെയും വിലയറിയാമെങ്കിൽ മാത്രം ആ അടി കൊള്ളാൻ ഞാൻ ഒരുക്കമാണ്.അല്ലായെങ്കിൽ എനിക്കൊപ്പം
താങ്ങായി തണലായി നിങ്ങളുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"
നേർത്ത കൈയ്യടിയോടെ ആൾക്കാരെനിക്കൊപ്പം ചേരുമ്പോൾ ഞാൻ കണ്ടു സന്തോഷത്താൽ നിറഞ്ഞ മിഴികളോടെ എന്നെ നോക്കുന്ന നാല് കണ്ണുകളെ.....
അതേ....അനിൽ എന്ന എന്റെ ജീവിതം തകർത്ത ആ ദുഷ്ടന്റെ ഭാര്യയായി മാറാതെ ജീവിതം രക്ഷപെട്ട മായയുടേയും നിസാരമായ കുടുംബപ്രശ്നങ്ങളുടെ പേരിൽ അവളെ നഷ്ടപ്പെടേണ്ടിയിരുന്ന മുറച്ചെറുക്കൻ ഗിരിയുടേയും.
അനിലിന്റെ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിൻബലം കണ്ട് കണ്ണു മഞ്ഞളിച്ച് മകളെ ആ ദുഷ്ടന് വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ച മായയുടെ അച്ഛന് ആ മുഹൂർത്തത്തിൽ തന്നെ ഗിരിയുമായി മായയുടെ വിവാഹം നടത്തിക്കൊടുക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.അവരുടെ ആ ഇഷ്ടം
രണ്ടു ദിവസം മുൻപേ മായയും ഗിരിയും എന്നോട് വന്ന് പറഞ്ഞിരുന്നതു കൊണ്ട് തന്നെയാണ് മൂഹൂർത്ത സമയത്ത് തന്നെ ഞാനവന് എട്ടിന്റെ പണി കൊടുത്തതും...അല്ല പിന്നെ ഇവനൊക്കെ മാത്രമേ ഈ ആസിഡ് വെച്ച് പ്രതികാരം തീർക്കാൻ പറ്റുള്ളൂ എന്ന് വിചാരിച്ചോ..
മുള്ളിനെ മുള്ളു കൊണ്ടു തന്നെ ഞാനിങ്ങെടുത്തു.പൊള്ളിയടർന്ന മുഖവുമായി ഈ സമൂഹത്തിൽ അവനും ജീവിക്കണം...
( സമർപ്പണം.....ആസിഡ് ആക്രമണത്തിന് ഇരയായി കഴിയേണ്ടി വരുന്ന നിരപരാധികളായ സഹോദരിമാർക്കായി )
By...RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo