Slider

#വീണ്ടും_ചില_വീട്ടുകാര്യങ്ങൾ

0

#വീണ്ടും_ചില_വീട്ടുകാര്യങ്ങൾ
ഭാര്യ സീരിയലും കണ്ടിരിക്കുമ്പോഴാണ് ഞാൻ ജോലി കഴിഞ്ഞ് വീടണഞ്ഞത്..സമയം രാത്രി ഒൻപതു മണി..
''നിനക്ക് വേറെ പണിയൊന്നും ഇല്ലേ സീരിയലും കണ്ടോണ്ടിരിക്കുന്നു.''
''മോളിന്നു നേരത്തെ ഉറങ്ങി ഏട്ടൻ വരുന്നതുവരെ ഞാൻ പിന്നെന്തു ചെയ്യാനാ ഒരേ ഒരു സീരിയലല്ലേ ഞാൻ കാണുന്നുള്ളൂ...''
''ഉം അവരുടെ വഴക്കെന്തായി മിണ്ടിയോ രണ്ടാളും ?''
''ആരുടെ വഴക്ക് ?''
''നിൻ്റെ സീരിയലിലെ കാര്യാ പറഞ്ഞേ ''
''അമ്പട കള്ളാ നിങ്ങളും കാണുന്നുണ്ടല്ലേ..''
''നീ കാണുമ്പോൾ അറിയാതെ നോക്കുന്നതല്ലേ ''
''ദേ ഇപ്പഴും വഴക്കാ..''
''അല്ലാ അതുപോട്ടെ നമ്മൾ തമ്മിൽ പിണങ്ങിയിട്ടെത്ര നാളായി അല്ലേ ഉണ്ണിയേട്ടാ...?''
''എന്തേ നിനക്കിപ്പോ പിണങ്ങണോ..?''
''അയ്യോ വേണ്ടായേ ചുമ്മാ പറഞ്ഞതാ എന്നും ഇതുപോലെയങ്ങു പോയാ മതിയേ....''
''ഇത്രേം നല്ല സ്വഭാവമുള്ള ഭർത്താവിനെ കിട്ടാൻ നീയൊക്കെ ഭാഗ്യം ചെയ്യണം''
''ഓ പിന്നേ പറയുന്നത് കേട്ടാൽ തോന്നും എൻ്റെ സ്വഭാവം കൊള്ളില്ലെന്ന്. ഞാൻ വന്നതിനുശേഷമാ ഏട്ടന് ഈ കാണുന്ന ഉയർച്ചയൊക്കെ ഉണ്ടായത്...''
''ഒാ പിന്നേ കണ്ടാലും മതി എൻ്റെ കഴിവുകൊണ്ടാ ഞാൻ ഇവിടെവരെ എത്തിയേ.''
''എന്നിട്ട് കൈനോട്ടക്കാരി തമിഴത്തി പറഞ്ഞല്ലോ ഉങ്ക രാശിയിൽ താൻ ഉങ്ക പുരുഷൻ നല്ലാ ഇറുക്കു എന്ന്..''
''കൈ നോക്കിയോ നീ എന്നിട്ട് പറഞ്ഞില്ലല്ലോ ?''
''അടുത്ത വീട്ടിലെ ചേച്ചിമാരും ഉണ്ടാർന്നു. ഒരാളുടെ നോക്കിയപ്പോ നല്ല രസം അങ്ങനെ എല്ലാവരുടെയും നോക്കി..''
''ഉം ഈയിടെയായി നീ പലതും എന്നോടു പറയുന്നില്ല ''
''ഈശ്വരാ എന്തൊക്കെയാ ഈ പറയണേ എന്തു മറച്ചൂന്നാ...?''
''ഇന്നലെ നിൻ്റെ അമ്മ വിളിച്ചിട്ട് എന്നോടു പറഞ്ഞോ ?''
''ശ്ശെടാ ഇതാപ്പോ നന്നായേ.. എൻ്റെമ്മ എന്നും വിളിക്കുന്നതല്ലേ പ്രത്യേകിച്ച് പറയാനെന്തിരിക്കുന്നു..?''
''ഹഹ കണ്ടോ ഇങ്ങനെയാണ് പിണക്കം തുടങ്ങുന്നത്... നമ്മൾ കുറച്ചു നേരം ഇങ്ങനെ സംസാരിച്ചാൽ മതി പിണങ്ങാൻ.. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് വലിയ വഴക്കിലേക്കെത്താൻ എന്തേ പിണങ്ങണോ..?''
''വേണ്ട സാറേ സാറുപോയി കുളിച്ചിട്ടു വാ ഭക്ഷണം എടുത്തു വെക്കാം...'' അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി...
ടിവിയും കണ്ട് ആഹാരം കഴിച്ചോണ്ടിരിക്കുമ്പോഴാണ് അവൾ അതു പറഞ്ഞത്...
'' ഏട്ടാ ഞായറാഴ്ച രശ്മിയുടെ കല്ല്യാണല്ലേ ൻ്റെ പുരികം പ്ളക്ക് ചെയ്യാൻ ബ്യൂട്ടിപാർലർ വരെ നാളെയൊന്നു പോണുണ്ട്ട്ടോ ചീത്ത പറയല്ലേ ''
ശരിയാ എനിക്കിഷ്ടല്ല ഇങ്ങനെ ചെയ്യുന്നത് അതവൾക്കും അറിയാം. കുളിച്ച് കണ്ണെഴുതി നെറ്റിയിലൊരു ചന്ദനകുറിയൊക്കെയിട്ട് ഒരു കോട്ടൺ സാരിയൊക്കെ ഉടുത്താൽ കിട്ടുന്ന ചന്തമൊന്നും ഓവർ മേക്കപ്പിൽ കിട്ടില്ല എന്നാലും അവളുടെ ചെറിയൊരു ആഗ്രഹല്ലേ....
''ഉം പൊയ്ക്കോളൂ കൂടെ ഫാൻസി ഷോപ്പിലും കേറിക്കോ നിനക്കും മോൾക്കും വേണ്ടത് എന്താച്ചാൽ വാങ്ങിക്കോ വളയോ മാലയോ പൊട്ടോ... ''
അവൾ സ്നേഹവായ്പ്പോടെ പുഞ്ചിരിച്ചു. അതിലുണ്ട് ഒരു കടലോളം സ്നേഹം. പത്തു വർഷങ്ങൾക്കിപ്പുറവും ഈ സ്നേഹം ഇതുപോലെ നിലനിൽക്കാൻ ഇത്രയൊക്കെയേ വേണ്ടൂ....
എപ്പോഴെങ്കിലും ഭാര്യയെയും കുട്ടികളെയും കൂട്ടി ഒന്നു പുറത്തേക്കിറങ്ങുക അടുത്തുള്ള ഡാമിലോ പാർക്കിലോ കുറച്ചു നേരം...
എപ്പോഴും വീട്ടിലേക്കുള്ള സാധനങ്ങൾ നമ്മളല്ലേ വാങ്ങുന്നത് .ഇടക്ക് അവരെയും കൂട്ടി ചെറിയൊരു ഷോപ്പിങ്ങ്...
എപ്പോഴെങ്കിലും ഹോട്ടലിൽ നിന്നും അവർക്കിഷ്ടമുള്ള ഭക്ഷണം...
ചോദിക്കാതെ തന്നെ അവർക്ക് ഒരു ജോടി ഡ്രസ്സ്..
ഭാര്യ പറയാതെ തന്നെ അവളുടെ വീട്ടിലേക്കു പോയാലോ എന്നൊരു ചോദ്യം
ഒഴിവു ദിവസങ്ങളിലെങ്കിലും അടുക്കളയിലൊന്നു കയറി കറിയിലെ ഉപ്പൊക്കെ നോക്കി നന്നായിട്ടുണ്ട് എന്നൊരു വാക്ക്..
ഒരു ശരാശരി മലയാളി ഭാര്യക്ക് സന്തോഷിക്കാൻ ഇതൊക്കെയേ വേണ്ടൂ. അല്ലാതെ താനാണ് പ്രധാനമന്ത്രി എന്ന ഭാവത്തിൽ മസ്സിലും പിടിച്ചിരുന്നാൽ ജീവിതമങ്ങു തീരും...
ജീവിതം ഒന്നേ ഉള്ളൂ ആസ്വദിക്കുക. നഷ്ടപെടുന്ന ഓരോ നിമിഷവും നഷ്ടപെട്ടതു തന്നെ...
ദേ അവളു വിളിക്കുന്നു ഞാനങ്ങോട്ടു ചെല്ലട്ടെ അപ്പോ പറഞ്ഞതൊന്നും മറക്കല്ലേ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo