ഉത്തമ ഗീതത്തിലെ സ്വപ്നങ്ങളിൽ
**********************
"#വെയിലാറി നിഴലുകൾ നീളും മുൻപ് എന്റെ അരികിൽ എത്തുക. ദുർഘട പർവ്വതങ്ങളിൽ നിന്ന് കലമാൻ കുഞ്ഞുങ്ങൾ വരുന്നത് പോലെ സലോമീ നിന്നെ ഞാൻ കാത്തിരിക്കുന്നു.#"
എന്റെ സെല്ലിലെ ഭിത്തിയിൽ മുഴുവൻ അവളുടെ പേരാണ്. സലോമി.
അവർ പറയുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. അവളെ കണ്ട അ യാത്രയിൽ ഞാൻ മയക്കുമരുന്ന് കഴിച്ചുവെന്ന് അവർ പറയുന്നു.ഞാൻ മോഷ്ടിച്ചുവെന്ന് അവർ പറയുന്നു.പിന്നെ ഞാൻ കൊലപാതകം ചെയ്തുവെന്നും.
എല്ലാം ഒരു യാത്രയിൽ.
സലോമി നിന്നെ ഞാൻ കണ്ട ആ യാത്രയിൽ ഞാൻ ഒന്നു മാത്രമേ ചെയ്തിട്ടുള്ളു,
ഭ്രാന്തമായി നിന്നെ പ്രണയിക്കുക. അതു മാത്രം.
നിങ്ങൾ അവർ പറയുന്നത് വിശ്വസിക്കില്ലെങ്കിൽ ഞാൻ ആ യാത്രയുടെ കഥ പറയാം.
മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന റോഡുകളുടെ വീതി കൂട്ടുന്ന ജോലി ഏറ്റെടുത്തു നടത്തുന്ന കമ്പനിയുടെ സൂപ്പർവൈസർ ആയിരുന്നു ഞാൻ. പേര് ഡേവിഡ് ജോൺ.പിന്നീട് സലോമി എന്നെ ദാവിദ് എന്നു വിളിക്കുന്നത് വരെ ഞാൻ ഡേവിഡ് ആയിരുന്നു.
കടുത്ത ചൂടിൽ ഉയർന്നു പൊങ്ങുന്ന പൊടി സഹിച്ച് ഞാൻ ജോലിയെടുത്തു. എന്റെ നിർദ് ദേശത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾ വാ പിളർന്നു. പൊടിക്കാറ്റ് ഉയർത്തി ഞങ്ങളുടെ മെറ്റലും സിമൻറും ടാറും വഹിക്കുന്ന വാഹനങ്ങൾ പാഞ്ഞു.ബംഗാളികൾ യന്ത്രമനുഷ്യരെ പോലെ വേനൽ ചൂടിൽ പൊള്ളി കിടന്ന റോഡുകളെ കീറി മുറിച്ചു.കനത്ത പൊടി മൂലം റോഡരികിലെ വീടുകൾക്കു മുൻപിൽ നീലപടുതകൾ കൊണ്ട് മറ വീണു.നീല മറകൾക്കുള്ളിലെ വീടുകളിൽ അടച്ചിട്ട ജനാലകൾക്കുളളിൽ സുന്ദരിമാർ കനത്ത പൊടിയിലും വെയിലിലും നിറം മങ്ങി പോയ തങ്ങളുടെ ചർമ്മങ്ങളെയോർത്ത് വ്യാകുലപ്പെട്ടു.
റോഡരികിൽ അനധികൃതമായി പണിത കെട്ടിടങ്ങൾ, പുറമ്പോക്കിലെ കൂരകൾ ഇവയൊക്കെ പൊളിച്ചുമാറ്റാൻ സർക്കാർ ഞങ്ങൾക്ക് അധികാരം തന്നിരുന്നു. എതിർക്കുന്നവരെ ഒതുക്കാനും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകാനും കമ്പനി എനിക്ക് ലക്ഷങ്ങൾ തന്നിരുന്നു. ഈ വർക്ക് എത്രയും വേഗം തീർത്താൽ കമ്പനിക്ക് കോടികളാണ് ലാഭം.
കമ്പനിയുടെ വിശ്വസ്തനായ പടത്തലവനായ ഞാൻ കൃത്യ സമയത്ത് എല്ലാം വേണ്ട പോലെ ചെയ്യുമെന്ന് കമ്പനിക്ക് അറിയാം. ഒരു ദാക്ഷിണ്യവുമില്ലാതെ എന്റെ ജെ.സി.ബി.കളും ബുൾഡോസറുകളും പ്രവർത്തിച്ചു.
അവർ പറയുന്നത് പോലെ ആ വേനൽ ദിവസങ്ങളിൽ എനിക്ക് ഭ്രാന്ത് തുടങ്ങിയിരിക്കണം.
മടുപ്പ് ഞാൻ പോലും അറിയാതെ തലച്ചോറിൽ പുഴുക്കളെ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. കൊടും ചൂട്, പൊടി, ജോലിഭാരം, ആളുകളുടെ തെറി.
ഉച്ചക്ക് ഫോണിൽ ജെ.സി.ബിക്കാരന്റെ വിളി. ഒരു പുറമ്പോക്കിലെ ഷെഡ് പൊളിച്ചു മാറ്റാൻ താമസക്കാർ സമ്മതിക്കുന്നില്ലത്രെ.
അങ്ങോട്ടു ചെന്നു. ഒരു തമിഴനാണ് കക്ഷി.വെളളമടിച്ച് നാലു കാലിൽ നിന്ന് വണ്ടിയുടെ മുന്നിൽ നിന്ന് ജെ.സി.ബി.ക്കാരനെ തെറി വിളിക്കുകയാണ്. ദേഷ്യം കൊണ്ട് എന്റെ കണ്ണുകാണാതായി. അയാളുടെ നാഭി തീർത്ത് ഒറ്റ ചവിട്ട് കൊടുത്തു.അയാൾ തെറിച്ചു ദൂരെ വീണു.
"പൊളിച്ചു മാറ്റടാ അവന്റെ കൂനാച്ചി". ഞാൻ അലറി.
ജെ.സി.ബി യുടെ യന്ത്രക്കൈ പൊങ്ങി.ദൂരെ പൊട്ടു പോലെ മുഷിഞ്ഞ സാരി വാരിയുടുത്ത ഒരു തമിഴ് സ്ത്രീ അലറിക്കരഞ്ഞു കൊണ്ട് ഓടി വരുന്നത് ഞാൻ കണ്ടു. അവരുടെ ശബ്ദം എനിക്ക് കേൾക്കാവുന്നതിലും ദൂരെയായിരുന്നു.
അല്ലായിരുന്നെങ്കിൽ " എൻ പുള്ളെ എൻ പുള്ളെ " എന്ന അവരുടെ നിലവിളി കേട്ടേനെ.
എന്നെ തടവിലാക്കിയവർ പറയുന്നത് ഞാൻ കഞ്ചാവിന്റെ ലഹരിയിലായിരുന്നത് കൊണ്ട് ഒന്നും കേട്ടില്ലയെന്നാണ്.
ജെ.സി.ബിയുടെ യന്ത്രക്കൈ ആ ഷെഡ് പൊളിച്ചുമാറ്റി. അപ്പോൾ ഷെഡ് കരയുന്നത് ഞാൻ കേട്ടു. ഒരു കുഞ്ഞിന്റെ ശബ്ദത്തിൽ.
ആ സ്ത്രീ ഓടി വന്നപ്പോഴേക്കും ഷെഡിന്റെ കരച്ചിൽ നിന്നിരുന്നു. കഞ്ചാവായിരുന്നത് കൊണ്ടോ ക്ഷീണം തീർക്കാൻ ഉച്ചക്ക് റമ്മിന്റെ കൂടെ ചേർത്ത ഭാംഗിന്റെ ഇഫക്ക്ടോ എനിക്ക് ഒന്നും മനസ്സിലായില്ല.
ആ സ്ത്രീ ഷെഡിൽ നിന്ന് അവരുടെ കുഞ്ഞിന്റെ ജഡവുമായി പുറത്ത് വന്ന് എന്റെ നേർക്ക് നോക്കി.ജെ.സി.ബിയുടെ കൈ തട്ടി കുഞ്ഞു തലയോട് ഉടഞ്ഞു പോയിരുന്നു.
അവരുടെ നോട്ടം ഏറ്റപ്പോൾ തന്നെ എന്റെ ജീവിതത്തിലെ ഒരു ഘട്ടം തീർന്നെന്ന് എനിക്ക് മനസിലായി. ഒരു നീണ്ട യാത്ര. സ്നേഹം തേടിയുള്ള നീണ്ട യാത്രക്ക് ഒരുങ്ങാൻ മനസ്സ് പറഞ്ഞു തുടങ്ങി.ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ നൽകിയ നോട്ടുകെട്ടുകൾ ആ സാധു സ്ത്രീ എന്റെ നേർക്ക് വലിച്ചെറിഞ്ഞപ്പോൾ ആ യാത്ര തുടങ്ങി കഴിഞ്ഞിരുന്നു.
കമ്പനി വിശ്വസിച്ച് ഏൽപ്പിച്ചു തന്ന ലക്ഷങ്ങളുമായി ഞാൻ ട്രെയിനിൽ കയറി.
നിങ്ങൾ അതിനെ മുങ്ങൽ എന്നു വിളിക്കും. ഞാൻ അതിനെ യാത്രയെന്നും.
ചെന്നെയിലേക്ക് പോകുന്ന ട്രെയിനായിരുന്നു.ട്രെയിനിൽ കയറിയപ്പോൾ നന്നായി മദ്യപിച്ചിരുന്നു.
ട്രെയിൻ വല്ലാതെ കുലുങ്ങിയപ്പോൾ കണ്ണു തുറന്നു. . മുകളിലത്തെ ബർത്തിൽ കിടന്ന് നല്ല ഉറക്കത്തിലായിരുന്നു.ഒരു സ്വപ്നം കാണുകയായിരുന്നു. ഒരു യന്ത്രക്കൈയുടെ മുകളിൽ ഇരുന്നു ഞാൻ ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്നു. ആ യന്ത്രക്കൈ പതുപതുത്ത മേഘങ്ങൾക്കിടയിലൂടെ കടന്നു പോകുന്നു. ആപ്പിൾ പോലെ ഒരു കൊച്ചു വെളുത്ത മേഘം. ഞാൻ അതിൽ തൊട്ടതും അത് താഴേക്കു വീണു.
ദു:ഖഭാരത്തോടെ ഞാൻ കണ്ണുതുറന്നു. ബർത്തിൽ നിന്ന് താഴെ ഇറങ്ങി.
എന്റെ നേരെ എതിരായി ഒരു പെൺകുട്ടി ഇരിക്കുന്നു. ഞാൻ നേരെ നോക്കിയതും അവൾ നോട്ടം മാറ്റി. ഞാൻ വീണ്ടും നോക്കിയപ്പോൾ അവൾ എന്നെ നോക്കി.ഇത് പിന്നെയും ആവർത്തിച്ചു.പിന്നെ ഞങ്ങൾ രണ്ടാളും ഒരേ സമയം പരസ്പരം ചിരിച്ചു.
"#മൂടുപടത്തിനുള്ളിൽ നിന്റെ കണ്ണുകൾ ഇണപ്രാവുകളെ പോലെയാണ്. #"
ഉത്തമ ഗീതത്തിലെ വരികൾ മനസ്സിലേക്ക് പൊഴിഞ്ഞു.
ഉത്തമ ഗീതത്തിലെ വരികൾ മനസ്സിലേക്ക് പൊഴിഞ്ഞു.
അവളുടെ നെറ്റിയിലേക്ക് മുടിച്ചുരുളുകൾ വീണു കിടന്നു. കണ്ണിലെ കടൽ നീലയിൽ രഹസ്യങ്ങളുടെ ഉപവനങ്ങൾ ഒളിച്ചിരുന്നു.. പാഞ്ഞു പോകുന്ന ട്രെയിനിന്റെ പുറത്ത് നിന്നും തമിഴ് തെങ്ങിൻ തോപ്പുകളിൽ നിന്ന് പറന്നു വന്ന കാറ്റ് അവളുടെ മുടിയാകെ പാറിച്ചു.വരം ചോദിക്കാൻ തോന്നുന്ന ദേവത പോലെ ,നിലാവിൽ വിരിഞ്ഞ സ്വർണ്ണ പുഷ്പം പോലെ ഒരു പെണ്ണ്.
ഞാൻ ബാഗിലെ തെർമോസ് ഫ്ളാസ്ക്കിൽ നിന്നും വെളളം കലർത്തി വച്ച വോഡ്ക്ക വായിലേക്ക് കമിഴ്ത്തി.അവൾ എന്നെ നോക്കി ചിരിക്കുകയാണ്.
ഞാൻ ഒരു നിമിഷം എല്ലാം മറന്നു. കമ്പനിയിൽ നിന്നും കാശും അടിച്ചു മാറ്റി മുങ്ങുന്ന,ഒരു കൊച്ചു കുഞ്ഞിനെ കൊല്ലാൻ കാരണക്കാരനായ സൂപ്പർവൈസർ എന്ന വ്യക്തി ആ ചിരിയിൽ ഉള്ളിൽ മരിച്ചു വീണു.
പകരം നിറങ്ങൾ വാരി വിതറിയ ഷർട്ട് ധരിച്ച് നക്ഷത്ര ചിരിയുള്ള നായകൻ ഉയർത്തെഴുന്നേറ്റു. ഉള്ളിൽ നൃത്തചുവടുകൾ ചവിട്ടി അവൻ ഒരു തമിഴ് ഗാനം പാടുകയാണ്.
"മലൈ കോയിൽ വാസലിൽ കാർത്തികൈ ദീപം മിന്നുതേ…
വിളക്കേറ്റ്റും വേളയിൽ ആനന്ദ ഗാനം സൊല്ലുതേ…"
"ഞാൻ ഡേവിഡ്.യൂ ഗോയിങ്ങ് ടു ചെന്നെ? "ഞാൻ ചോദിച്ചു.
"ഞാൻ സലോമി. ഞാനും ചെന്നെക്കാണ്. "അവൾ പറഞ്ഞു.
അവളുടെ സ്വരം വളരെ നേർത്ത് ക്ഷീണിച്ചതാണ്.ഒരു വലിയ യാത്ര കഴിഞ്ഞ് മരുഭൂമിയുടെ നടുവിലെ ഈന്തപ്പനകളുടെ തണലിൽ തളർന്ന് വിശ്രമിക്കുന്ന അറേബ്യൻ സുന്ദരിയുടെ സ്വരം.
"ഒറ്റക്കാണോ?"
"അല്ല." അവൾ മുകളിലേക്ക് കൈ ചൂണ്ടി പറഞ്ഞു.
ഒരു കിഴവൻ ഏറ്റവും മുകളിലെ ബർത്തിൽ കിടന്നുറങ്ങുന്നു.ഞാൻ അയാൾ ആരെന്ന് ഞാൻ ചോദിച്ചില്ല. ഡേവിഡിന് അതിന്റെ ആവശ്യമില്ല.
ഞാൻ വീണ്ടും ഫ്ളാസ്ക്കിൽ നിന്ന് കുടിച്ചു. പാന്റിന്റെ കീശയിൽ നിന്ന് കവർ പൊട്ടിച്ച് വെളുത്ത പഞ്ചസാര പോലെയുള്ള ലഹരിയുടെ ഭടൻമാരെ ഞാൻ നാസാദ്വാരങ്ങളിലൂടെ തലച്ചോറിലെ കൊട്ടാരത്തിലേക്ക് ആനയിച്ചു.അവ അകത്തു കടന്നയുടനെ ഉളളിലെ നായകനെ രാജകുമാരന്റെ വേഷങ്ങൾ അണിയിക്കാൻ തുടങ്ങി.അവന്റെ കയ്യിൽ പ്രണയത്തിന്റെ വയലിൻ ഏൽപ്പിക്കുകയാണ്.
"സലോമീ യൂ ആർ സോ ബ്യൂട്ടിഫുൾ."
"യൂ റ്റൂ ദാവീദ് രാജകുമാരാ…"അവൾ അതു പറഞ്ഞു കുടുകുടാ ചിരിച്ചു. ഞാനും. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. ഞങ്ങളുടെ ചിരിക്ക് ഒപ്പം എത്താൻ ട്രെയിൻ കുതിച്ചു പാഞ്ഞു.
"നിങ്ങൾ എങ്ങോട്ട് പോവുകയാണ്?"
"ഐ ആം റണ്ണിങ്ങ് എവേ. ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണ്.വാരണാസിയിലേക്ക് ,അവിടെ നിന്നും ഗംഗയുടെ തീരത്തു കൂടി നടന്ന് ഹിമാലയത്തിലേക്ക്… അങ്ങനെ നടന്നു നടന്നു…"
"നടന്നു നടന്ന് "?
"നടന്ന് നടന്ന് വെളുത്ത മേഘങ്ങൾ പറക്കുന്ന നീലാകാശത്തിനു കീഴിൽ ഒരു പച്ച പുൽമേട്ടിൽ ഞാൻ കൂടാരമടിക്കും. അവിടെയിരുന്ന് ഞാൻ കവിതകൾ എഴുതും."
അവൾ അവിശ്വസനീയതോടെ എന്നെ നോക്കി.
"ഓ, എനിക്കും അങ്ങനെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.." അവൾ പറഞ്ഞു.
ഞാൻ വീണ്ടും ഫ്ളാസ്ക്കിൽ നിന്ന് കുടിച്ചു.അവൾ കൊതിയോടെ അതിലേക്ക് നോക്കി.
"എന്റെ അരികിൽ ഇരുന്നാൽ ഞാൻ ഒരു രഹസ്യം പറയാം."
അവൾ ചിരിച്ചു കൊണ്ട് എന്റെ അരികിൽ ഇരുന്നു.ഞാൻ ഫ്ളാസ്ക്ക് അവൾക്കു കൊടുത്തു.സലോമി അതിൽ നിന്ന് കുടിച്ചു.
"സലോമി, എനിക്ക് നിന്നെ കണ്ടപ്പോൾ ഉത്തമ ഗീതത്തിലെ രാജകുമാരിയെ പോലെ തോന്നി. ഇത്രമേൽ ഞാൻ ആരെയും ഇതിന് മുൻപ് ഇഷ്ടപ്പെട്ടിട്ടില്ല. എന്റെ ജീവിതം ഒരു മരുഭൂമിയാണ്.അതിൽ നിന്നാണ് ഞാൻ ഓടിയകലുന്നത്? സലോമി, നിനക്ക് എന്റെ കൂടെ വരാമോ.."
അവൾ ചരിഞ്ഞ് എന്റെ കണ്ണുകളിലേക്ക് നോക്കി കുറെ നേരമിരുന്നു. ട്രെയിനിന്റെ കുടുകുടു ശബ്ദത്തിനൊപ്പം ആ കൃഷ്ണമണികൾ വട്ടം കറങ്ങി. എന്നെ പഠിക്കുന്നത് പോലെ.
" എന്നെ അറിഞ്ഞാൽ അവിടുന്ന് എന്നെ വെറുക്കും പ്രിയ ദാവീദ് ചക്രവർത്തി. ഞാൻ വെറുക്കപ്പെട്ടവളും കൊലപാതകിയുമാണ്." അവൾ പറഞ്ഞു.
"ഒരു രഹസ്യം കൂടി പറയാം. "ഞാൻ പറഞ്ഞു.
അവൾ ആകാംക്ഷയോടെ നോക്കി. അമാവാസി രാത്രികൾ പോലെ അവളുടെ തലനാരുകൾ കാറ്റിൽ പറന്നു.അവക്ക് കായാമ്പൂവിന്റെ ഗന്ധമായിരുന്നു.
ഞാൻ അവളെ ചേർത്തുപിടിച്ചു.പിന്നെ ആ രഹസ്യം ,അവളുടെ ചെവിയിൽ മന്ത്രിച്ചു.
"ഞാനും വെറുക്കപ്പെട്ടവനും കൊലപാതകിയുമാണ്. നമ്മളെല്ലാം അങ്ങനെയാണ് സലോമി."
അതു കേട്ടതും അവൾ ചിരിച്ചു. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു.
മുകളിലെ ബർത്തിൽ നിന്നും ആ കിഴവൻ എഴുന്നേൽക്കുന്ന സ്വരം.
"എനിക്ക് നിങ്ങളുടെ കൂടെ വരാൻ കഴിയില്ല. ഞാൻ ആ ഭൂതത്തിന്റെ തടവിലാണ്. അല്ലായിരുന്നെങ്കിൽ…"
ഞാൻ അവളെ എന്നോട് ചേർത്തിരുത്തി.
കിഴവൻ താഴെ ഇറങ്ങി വന്നു ഞങ്ങളെ രണ്ടു പേരെയും നോക്കി. അയാൾ ചുണ്ടുകൾ നനച്ച് ഒരു വൃത്തികെട്ട ചിരി ചിരിച്ചു സലോമിയോട് പറഞ്ഞു.
"രാത്രിയാപ്പോ ഒരു ചെറിയ എൻജോയ്മെൻറ് അല്ലെ..… സലോമി ബട്ട് ഡോണ്ട് ഫൊർഗറ്റ് മീ…."
സലോമി ഒരു പൂച്ചയെ പോലെ പതുങ്ങി.
പിന്നെ അയാൾ എന്നെ നോക്കി പറഞ്ഞു.
"ഞാൻ ഡോറിന്റെ അടുത്തുണ്ട്.. നമുക്ക് സംസാരിക്കാം... പിന്നെ ഒരൽപ്പം ലഹരിയുമാകാം."
ഞാൻ ബാഗിൽ നിന്ന് കുപ്പി എടുത്ത് മദ്യം ഫ്ളാസ്ക്കിലേക്ക് പകർന്നു. അയാൾ ഡോറിന്റെ അടുത്തു കാത്തു നിൽപ്പുണ്ടായിരുന്നു.
അയാൾ ഫ്ളാസ്ക്ക് വാങ്ങി മദ്യം വായിലേക്ക് കമിഴ്ത്തി. എന്നിട്ട് കിഴവൻ പറഞ്ഞു.
"തന്നെ ഞാൻ സമ്മതിച്ചു. അവളെ താൻ എങ്ങനെ വളച്ചു? ഞാൻ രണ്ടു ദിവസമായി ശ്രമിക്കുകയാ.നോ രക്ഷ."
"നിങ്ങൾക്ക് എങ്ങനെ അവളെ കിട്ടി?"
അപ്പോൾ കിഴവൻ സംഭവിച്ചത് പറഞ്ഞു.
കിഴവൻ ഒരു വിരമിച്ച പോലീസുകാരനാണ്. കോട്ടയം നഗരത്തിലെ സമപ്രായക്കാരനായ ഒരു കിഴവൻ വൈദികനെ കാണാൻ രണ്ടു ദിവസം മുമ്പ് പള്ളിമേടയിൽ ചെന്നതാണ്. പാതിയടഞ മുറിയിൽ നിന്ന് നിലവിളി കേട്ടു നോക്കിയപ്പോൾ കാണുന്നത് വൈദികനെ കുത്തി വീഴ്ത്തുന്ന സലോമിയെയാണ്. കിഴവൻ അപ്പോൾ തന്നെ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. തെളിവുകൾ നശിപ്പിച്ചതിനു ശേഷം ഭീഷണി പെടുത്തി സലോമിയെ കൊണ്ടു കടന്നു.ചെന്നെയിലെയും മുംബൈയിലെയും ബന്ധങ്ങൾ ഉപയോഗിച്ചു പെണ്ണിനെ വിൽക്കുക .കാശ് ഉണ്ടാക്കുക.
ഫ്ളാസ്ക്കിലെ അവശേഷിച്ച മദ്യം ഞാൻ തീർത്തു.
"അവൾ ഒന്നും അതു കഴിഞ്ഞ് മിണ്ടിയില്ല. ഇപ്പോൾ തന്നോടാണ് അവൾ മിണ്ടുന്നത് ഞാൻ കാണുന്നത്. അവൾ എവിടെ നിന്ന് വന്നുവെന്നോ എന്തിന് അത് ചെയ്തുവെന്നോ എനിക്ക് അറിയില്ല. ഒരു കാര്യം ചെയ്യാം. കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക്.. ഇന്നു രാത്രി താൻ ഉദ്ഘാടനം ചെയ്യ്.. കാശ് എത്ര തരും?"
പൊടുന്നനെ മനസ്സിൽ ഒരു യന്ത്രക്കൈ ഉയർന്നു പൊങ്ങി. വെറുപ്പിന്റെ പൊടിപടലങ്ങളിൽ നിന്ന് ഡേവിഡ് ജോൺ എന്ന സൂപ്പർവൈസർ ജെ.സി.ബി ഉപയോഗിച്ച് മതിൽകെട്ടുകളും കുടിലുകളും പൊളിച്ചെറിയുകയാണ്.
കിഴവന്റെ നാഭി തീർത്ത് ഒറ്റ ചവിട്ട്.അയാൾ തുറന്ന വാതിലിലൂടെ പുറത്തേക്ക് പതിച്ചു. നിലവിളിക്കാൻ പോലും അയാൾക്ക് സമയം കിട്ടിയില്ല.
കാലു വേദനിക്കുന്നു. ഇന്ന് ഇതു രണ്ടാമത്തെ ചവിട്ടാണ്. രണ്ടാമത്തെ കൊലപാതകവും.
ഞാൻ തിരികെ സലോമിയുടെ അരികിൽ എത്തി.അവൾ ഉറക്കം തൂങ്ങുകയാണ്. ഞാൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.
#"എന്റെ ഓമനേ, എന്റെ സുന്ദരീ എഴുന്നേൽകുക. ഇറങ്ങി വരിക .ഇതാ ശിശിരം പോയ് മറഞ്ഞു.#"
അവൾ കൺപോളകൾ വലിച്ചു തുറന്ന് ഞെട്ടലോടെ എന്നെ നോക്കി.
"അയാൾ പോയി. ഇനി അന്തിമ വിധി ദിവസത്തിൽ മാത്രമേ നാം അയാളെ വീണ്ടും കാണുകയുള്ളു. "ഞാൻ പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ ആ ചുണ്ടുകളിൽ ചുംബിച്ചു. മൃദുവായ ചെമ്പരത്തിയിതളുകൾ പോലെ ചുണ്ടുകൾ.
അവൾ എന്റെ നെഞ്ചിൽ ചുരുണ്ടുകൂടി. എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവളുടെ ഇരുണ്ട രാത്രികൾ പോലെയുള്ള മുടിക്കെട്ടിൽ ഞാൻ മുഖം പൂഴ്ത്തി.
#"ഗിലയാദ് മലഞ്ചെരുവുകളിലേക്ക് ഇറങ്ങി വരുന്ന കോലാട്ടിൻ പറ്റത്തെ പോലെയാണ് നിന്റെ കേശഭാരം.#"ഉത്തമഗീതത്തിലെ വരികൾ ഓർത്ത് ഉറക്കത്തിലേക്ക് വഴുതി വീണു.
പുലർച്ചെ എഴുന്നേൽക്കുമ്പോൾ ചുറ്റും പോലീസുകാർ ഉണ്ടായിരുന്നു. ഞാൻ സലോമിയെ തിരഞ്ഞു. അവളെ കണ്ടില്ല.
"അവളെ ഭ്രാന്താശുപത്രിക്കാർ കൊണ്ടു പോയി. ഭ്രാന്താശുപത്രീന്ന് ചാടി അവളെ പിഴപ്പിച്ച പള്ളീലച്ചനെ അവളങ്ങു തട്ടി. ശിക്ഷയൊക്കെ കുറെ വൈകും." പോലീസുകാർ പറയുന്നു.
മോഷണത്തിന്, കൊലപാതകങ്ങൾക്ക് ഞാനും ഈ സെല്ലിനകത്താണ്.
അവർ പറയുന്നു എനിക്ക് ഭ്രാന്തായിരുന്നുവെന്ന്.
സലോമി. ഞാൻ അവളെ കാത്തിരിക്കുകയാണ്. ഞങ്ങൾ ഇനിയും കണ്ടുമുട്ടും.
ഇപ്പോഴും എന്റെ സ്വപ്നങ്ങൾ ഉത്തമ ഗീതങ്ങൾ തന്നെയാണ്. ആ സ്വപ്നങ്ങളിൽ സലോമിയുമുണ്ട്.
#"സ്വപ്നങ്ങളിലെ ബദാം തോട്ടങ്ങളിലേക്ക് ഞങ്ങൾ രെുമിച്ചു പോവുകയാണ്. താഴ്വരയിലെ പൂങ്കുലകൾ കാണാൻ, മുന്തിരിവളളികൾ മൊട്ടിട്ടോ എന്നറിയാൻ, മാതള മരങ്ങൾ പൂവിട്ടോ എന്ന് നോക്കാൻ.#"
(അവസാനിച്ചു)
By
Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക