Slider

നാട്ടുകാരുടെ ഗർഭം പേറിയവൾ

0

നാട്ടുകാരുടെ ഗർഭം പേറിയവൾ
എടി രഞ്ജിനി, നിന്നെ ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്ന് കേട്ടു. എന്ത് പറ്റി? സൗമ്യ ഫോൺ വിളിച്ച് ചോദിച്ചു.
ഒന്നും ഒന്നും പറയണ്ടടി, ഇന്നലെ മുതൽ വയറിനൊരു വേദനയും ശർദ്ദിയും. കൂടാതെ തലവേദനയും. ആശുപത്രിയിൽ വന്നപ്പോൾ രണ്ട് ദിവസം കിടക്കണമെന്ന്‌ പറഞ്ഞു. രക്തവും മലമൂത്രവും പരിശോധനക്ക് കൊടുത്തിട്ടുണ്ട്.
അല്ല, നീയെങ്ങനെ അറിഞ്ഞു?
തെക്കേലെ ഫിലോമിന ചേച്ചി കടയിൽ തേങ്ങ വാങ്ങാൻ വന്നപ്പോൾ കണ്ടാരുന്നു. അന്നേരം പറഞ്ഞതാ.
എടി പെണ്ണേ, പിന്നെ നാട്ടിലൊരു വാർത്ത നിന്നെക്കുറിച്ച് പരന്നിട്ടുണ്ട്?
വാർത്തയോ, എന്നെ കുറിച്ചോ?
അതേടി രഞ്ജിനി, സംഗതി അല്പം മോശം വാർത്തയാ. സ്ത്രീകളൊക്കെ അടക്കം പറയുന്നുണ്ട്.
നീ കാര്യം തെളിച്ച് പറ സൗമ്യ.
നീ ശർദ്ദിക്കുന്നതും, തലവേദനയെടുത്ത് കിടക്കുന്നതും കണ്ട നമ്മുടെ കണാരേട്ടന്റെ ഭാര്യ മാലതി ഇത് തൊമ്മിച്ചന്റെ വീട്ടിൽ ചെന്ന് പറഞ്ഞു. നിനക്കറിയാലോ തൊമ്മിച്ചന്റെയും ഭാര്യ ചിന്നമ്മയുടെയും സ്വഭാവം.
നിന്റെ തലവേദനയും ശർദ്ദിയും ഇപ്പോൾ ഗർഭമായി മാറി, അല്ല അവർ മാറ്റി.
കണ്ടവരോടൊക്കെ, അവർ നിനക്ക് വയറ്റിലുണ്ടെന്നും , അതൊഴിപ്പിക്കാനാ നീ ആശുപത്രിയിൽ പോയിരിക്കുന്നതെന്നൊക്കെ പറഞ്ഞിരിക്കുന്നത്?
എന്റെ ദൈവമേ, നീ സത്യമാണോടി പറയുന്നേ ?
അതേടി രഞ്ജിനി, അതല്ലേ ഞാൻ അറിഞ്ഞതും വിളിച്ചതും.
അല്ല, വയറ്റിലുണ്ടായ കഥ കൂടി പറഞ്ഞില്ലേ നാട്ടുകാർ?
ഉവ്വ്, നീ ഒരു മാസം മുന്നേ സ്റ്റഡി ടൂറിനും, ഇൻഡസ്ട്രിയൽ വിസിറ്റിനുമൊക്കെ നോർത്തിന്ത്യയിൽ പോയില്ലേ, അന്നേരം നീ ക്ലാസ്‌മേറ്റ്സ് ആണുങ്ങളുടെ ഒപ്പം അടിച്ചു പൊളിച്ചെന്നും, അവരോടൊപ്പം കിടന്നെന്നും. അങ്ങനെ നീ ഗർഭിണിയായെന്നുമൊക്കെയുള്ള വാർത്തയാ ആ ചിന്നമ്മ അടിച്ചിറക്കിയത്.
ഇതോടെ കേട്ടതും രഞ്ജിനി ആകെ തളർന്ന പോലെ. ഒരു വയറു വേദന വന്ന ചെറുപ്പക്കാരിയുടെ ആശുപത്രി വാസത്തിന്റെ പിന്നാമ്പുറം ഊഹിച്ചു കൂട്ടിയ ചിന്നമ്മയുടേയും നാട്ടുകാരുടേയും ഉത്സാഹവും ഉന്മേഷവും അവളോർത്ത് പോയി.
എങ്കിലും അവൾ കുലുങ്ങിയില്ല. രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം, അവൾ തിരിച്ച് വീട്ടിലേക്ക് ചെന്നു
രണ്ട് ദിവസം കൂടി കഴിഞ്ഞവൾ കോളേജിൽപോകുമ്പോൾ അയൽപ്പക്കംകാരുടെ അർത്ഥം വെച്ചുള്ള നോട്ടവും, മുഖ ഭാവവും, പിറു പിറുക്കലും ശ്രദ്ധിച്ചു. ചിലരൊക്കെ ഏതോ അത്ഭുത ജീവിയെ നോക്കുന്ന പോലെ തുറിച്ച് നോക്കുന്നു.
എന്നാൽ രഞ്ജിനി ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വേണ്ടി കാത്തിരിക്കുവായിരുന്നു. എന്നാൽ ആരും ഒന്നും ചോദിക്കുന്നില്ല.
ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോൾ നമ്മുടെ തൊമ്മിച്ചന്റെ ഭാര്യ ചിന്നമ്മയെ വഴിയിൽ കണ്ടു.
മോളെ രഞ്ജിനി, സുഖാണോടി മോളെ? ആട്ടെ നിന്റെ വയറു വേദയൊക്കെ മാറിയോടി കൊച്ചെ ?
ഈ ഒരവസരത്തിനു വേണ്ടി കാത്തിരുന്ന രഞ്ജിനി പിന്നെ ഒന്നും ചിന്തിച്ചില്ല ചിന്നമ്മയെ നോക്കി ശാന്തമായി പറഞ്ഞു.
ചിന്നമ്മ ചേച്ചിയെ, വയറു വേദന മാറിയില്ല, ഒരു മാസം ഗർഭിണിയാ, ഇരട്ടകുട്ടികളെന്നാ ഡോക്ടർ പറഞ്ഞത്.
പിന്നെ ഞാൻ കഴിഞ്ഞ മാസം ടൂറിന് പോയില്ലേ അന്നേരം ആയതൊന്നുമല്ല കേട്ടോ ഈ ഗർഭം. ചിന്നമ്മ ചേച്ചിടെ MBA ക്ക് പഠിക്കണ മോനില്ലേ ജോമോൻ, അവനാ ഇതിന്റെ ഉത്തര വാദി. വീട്ടിലാരുമില്ലാത്ത ഒരു ദിവസം ജോമോൻ പപ്പയെ കാണാൻ വന്നിരുന്നു. പപ്പായില്ലെന്നറിഞ്ഞ അവൻ എന്നെ കടന്നുപിടിക്കുകയായിരുന്നു. പിന്നെ ഞാൻ എതിർക്കാൻ പോയില്ല. അങ്ങനെ ആ ഒരു ദുർലഭ നിമിഷത്തിൽ എല്ലാം സംഭവിച്ച് പോയി.
ഒമ്പത് മാസം കൂടി കഴിഞ്ഞാൽ ഞാൻ ജോമോന്റെ ഇരട്ടക്കുട്ടികളെ പ്രസവിക്കും ചേച്ചി. അതിനു മുന്നേ ഞങ്ങളുടെ കല്ല്യാണം നടത്തണം.
നെറ്റി ചുളിച്ച് ഇത് കേട്ട ചിന്നമ്മ അവളെ ആട്ടി പറഞ്ഞു.
ഫാ, തോന്നിവാസം പറയുന്നോ എന്റെ മോനെ കുറിച്ച്? അഭിമാനത്തോടെ ജീവിക്കുന്ന കുടുംബമാ ഞങ്ങളുടേത്. നീ എവിടെയോ പോയി പിഴച്ച് വന്നിട്ട് എന്റെ മോന്റെ മേൽ ചാരുന്നോ അന്യരുടെ ഗർഭം? കടന്നു പൊടി പിഴച്ചവളെ.
കടന്ന് പോകാം , നിങ്ങളുടെ മോൻ അല്ലാന്ന് പറയട്ടെ.
പിന്നെ തള്ള മിണ്ടരുത്. ഞാൻ നാട്ടിൽ പറഞ്ഞ് പരത്താൻ പോവാ ഈ വാർത്ത, നിങ്ങൾക്ക് മാത്രമല്ല അന്തസ്സും അഭിമാനനവും എന്ന് നിങ്ങൾ മനസ്സിലാക്കണം. ഞാൻ രണ്ട് ദിവസം വയറു വേദനക്ക് ആശുപത്രിയിൽ കിടന്നപ്പോൾ, നിങ്ങൾ തന്നെയല്ലെ എനിക്ക് അവിഹിത ഗർഭം ചാർത്തിയത്.
അങ്ങനെയെങ്കിൽ നിങ്ങളുടെ മകന്റെ അവിഹിത ഗർഭമാണ് എന്റെ വയറ്റിൽ വളരുന്നതെന്ന് നാട്ടുകാർ മൊത്തമറിയട്ടെ . നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വാ ഒരു ക്ലിനിക്കിൽ പോയി നമുക്ക് പരിശോധിക്കാം. രഞ്ജിനി തട്ടി വിട്ടു.
അത് കേട്ട് ചിന്നമ്മക്ക് ഉത്തരം മുട്ടി പോയി. മോളെ, നീ പറയുന്നത് സത്യനമാണോ.
അതെ സത്യമാണ്, ഇപ്പോഴെന്താ ഒരു മോളെ വിളി. എന്നെക്കുറിച്ച് നിങ്ങൾ പറഞ്ഞ് പരത്തിയപ്പോൾ ഞങ്ങൾക്കുള്ള ഈ അഭിമാനം നിങ്ങൾ മനസ്സിലാക്കിയില്ലേ?
ഒരു പെൺകുട്ടിയായ എന്റെ ഭാവിയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചില്ലേ? നിങ്ങൾ എന്തേലും അറിഞ്ഞിട്ടാണോ കാര്യങ്ങൾ പറഞ്ഞ് പറത്തിയത്? ഒരിക്കൽ പോലും ആശുപത്രിയിൽ വന്ന് എനിക്കെന്താണെന്ന് തിരക്കിയോ?
ഇപ്പോൾ സ്വന്തം മോനെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾക്ക് നൊന്തു, അല്ലെ ?
അതെ, ഞാനെന്തായാലും നിങ്ങൾ മൂലം നാറി, ആ നാറ്റം നിങ്ങളുടെ വീട്ടിലും വരട്ടെ. അപ്പോഴേ നിങ്ങളുടെയൊക്കെ ഏഷണിക്കും , പരദൂക്ഷണത്തിനുമൊരു ശമനമുണ്ടാവൂ. അഭിമാനം എന്താണെന്നും അതിന്റെ വിലയന്താണെന്നും ഞാൻ കാണിച്ച് തരാം.
നാളെ മുതൽ ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന താമസിക്കാൻ പോവാ. സംശയമുണ്ടേൽ മോനോട് വിളിച്ച് ചോദിക്ക് , ഗർഭത്തിനുത്തരവാദി ആരാണെന്ന് എന്ന് പറഞ്ഞവൾ പോയി.
ഇത് കേട്ടതും, ചിന്നമ്മയുടെ മുഖം വിളറി. ആകെ പേടിച്ച് പോയ ചിന്നമ്മ, അപ്പോൾ തന്നെ സ്വന്തം മോൻ ജോമോനെ വിളിച്ചു രഞ്ജിനിപറഞ്ഞതൊക്കെ ചോദിച്ചു
അമ്മെ രഞ്ജിനി പറഞ്ഞത് സത്യമാണ്, അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞാണ്. ഞാനാണ് ഉത്തരവാദി. അങ്ങനെ പറ്റി പോയിയമ്മേ.
ചിന്നമ്മ മോനെയെന്ന് ഒറ്റ വിളിയേ വിളിച്ചുള്ളൂ. തല കറങ്ങി താഴെ ഇരുന്നു.
അന്ന് വൈകുന്നേരം ക്‌ളാസ് കഴിഞ്ഞു വന്ന ജോമോൻ, അമ്മയെ വിളിച്ചിട്ട് പറഞ്ഞു. അമ്മേ, നാളെ രഞ്ജിനിയെ വിളിച്ചോണ്ട് വരാൻ പോവാ. അഭിമാനിയായ അമ്മക്ക് കുഴപ്പമില്ലല്ലോ?
മോനെ നീ , ഈ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയോ?
അങ്ങനെ വഴിക്ക് വരട്ടെ, അമ്മ ഇത് തന്നെ ചോദിക്കുമെന്നെനിക്കറിയാം. അല്ല അമ്മേ ഈ അഭിമാനം നമുക്ക് മാത്രമേ ഉള്ളോ?
അമ്മയെന്തിനാ രഞ്ജിനി ആശുപത്രിൽ പോയപ്പോൾ ഗർഭം അലസിപ്പിക്കാൻ പോയതാണെന്ന് പറഞ്ഞ് പറത്തിയത്? ഇനിയിപ്പോ അമ്മയുടെ മോനാ ഉത്തരവാദിന്നറിയുമ്പോൾ അമ്മക്ക് തലയുയർത്തി നടക്കാൻ പറ്റുമോ?
അത് പിന്നെ മോനെ, അവളുടെ നടപ്പും, യാത്രകളുമൊക്കെ കണ്ടപ്പോൾ, ഞാൻ തെറ്റിദ്ധരിച്ച് പോയി ?
എന്ത് നടപ്പ്, എന്ത് യാത്ര ? ഒരു പെൺകുട്ടിക്ക് ഇതൊന്നും ചെയ്യാൻ പാടില്ലെന്നാണോ അമ്മ പറയുന്നത്, വളരെ മോശം ഉണ്ടമ്മേ. അമ്മക്ക് ഇനിയെങ്കിലും ഈ ഊഹങ്ങളും പരദൂക്ഷണവും നിർത്തിക്കൂടെ. ഒരു പെൺകുട്ടിയെ നാറ്റിച്ചപ്പോൾ സമാധാനമായില്ലേ? അവളുടെ ഭാവി എങ്കിലും അമ്മയ്ക്ക് ഓർക്കായിരുന്നില്ലേ?
ഒരു പെൺകുട്ടി ഒരാണിന്റെ ഒപ്പം ടൂർ പോയാലോ ഫോട്ടോയെടുത്തലോ അവിഹിതം ആരോപിക്കുന്ന അമ്മയെപോലുള്ളവരുടെ ഇടുങ്ങിയ മനസ്സാ ഇന്നത്തെ സമൂഹത്തിന്റെ ശാപം.
പിന്നെ അവൾ ആശുപത്രിയിൽ പോയത്, ഗർഭമുണ്ടായിട്ടൊന്നുമല്ല. ആശുപത്രിയിൽ പോകുന്നതിന് രണ്ട് ദിവസം മുന്നേ ഹോട്ടലിൽ നിന്ന് കഴിച്ച ആഹാരത്തിൽ എന്തോ വിഷാംശം ഉണ്ടായിരുന്നു; അതായിരുന്നു അവൾക്കുള്ള പ്രശ്‌നം. അതിനമ്മ എന്തൊക്കെയാ ഉണ്ടാക്കിയത്.
അവൾ ഗർഭിണിയുമല്ല, അവൾക്കൊരു കുഴപ്പവുമില്ല. മാന്യമായി ജീവിക്കുന്ന ഒരു പെൺകുട്ടിയാണ്.
അമ്മയുടെ മോനായ എന്റെ പേര് അവൾ പറഞ്ഞപ്പോൾ അമ്മക്ക് അഭിമാനവും വേദനയും സഹിക്കാൻ പറ്റിയില്ല. അത് പോലെ തന്നെയാമ്മേ അവളെ പ്രസവിച്ച അവളുടെ അമ്മയ്ക്കും, അച്ഛനും സഹോദരങ്ങൾക്കും നാണക്കേടും വേദനയുമുണ്ടായത്.
പിന്നെ, എന്റെ നല്ല കൂട്ടുകാരിയായ അവൾ എന്നെ വിളിച്ച് കരയുകയും സങ്കടം പറയുകയും ചെയ്തു. അങ്ങനെ അഭിമാനത്തിന്റെ വില ചെറുതായൊന്ന് അമ്മക്ക് മനസ്സിലാക്കി തരാനാ ഞാൻ പറഞ്ഞിട്ടിങ്ങനെയൊരു ഗർഭ കഥയുണ്ടാക്കിയത്.
ഞാനാണ് ഗർഭത്തിനുത്തരവാദിയെന്ന് അമ്മ മാത്രം അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ലെങ്കിൽ നാട്ടുകാരും കൂടി അറിഞ്ഞാൽ അമ്മയുടെ സ്ഥിതി എന്താകും, ഇത്രയും ഓർത്താൽ മതി ഇനിയങ്ങോട്ട്.
അമ്മയെ പോലെ അത്ര ചീപ്പല്ല അവളും അവളുടെ വീട്ടുകാരും, അത് കൊണ്ട് അവർ ഇങ്ങനെ പ്രതികരിച്ചത്.
അമ്മ പറഞ്ഞ അപവാദത്തിന് അവളുടെ കാലു പിടിച്ച് ക്ഷമ ചോദിച്ചിട്ട് വാ? പോ ചെല്ല്.
ചിന്നമ്മ കരയാൻ തുടങ്ങി. പെട്ടെന്ന് തന്നെ രഞ്ജിനിയുടെ വീട്ടിൽ പോയി അവളുടെ കാൽക്കൽ വീഴുകയും അവളോടും അവളുടെ വീട്ടുകാരോടും ക്ഷമ ചോദിക്കുകയും ചെയ്തു.
അന്നത്തോടെ ചിന്നമ്മ പരദൂഷണം നിർത്തി. ചിന്നമ്മ തന്നെ അവളുടെ ആശുപത്രി വാസത്തിന്റെ യഥാർത്ഥ കഥ ചിന്നമ്മ പറഞ്ഞവരോട് പോയി പറയുകയും തിരുത്തുകയും ചെയ്തു.
അതെ നാട്ടുകാർ ഗർഭമുണ്ടാക്കിയ പുരുഷനെ അറിയാത്ത കന്യകകൾ അന്നുമിന്നും ഇഷ്ടം പോലെയുണ്ട്.
സ്വന്തം കാര്യം വരുമ്പോൾ മാത്രം വിങ്ങിപൊട്ടുന്നവരാണ് പരദൂഷണക്കാർ.
നിങ്ങളുടെ അനാവശ്യമായ ഒരു വാക്ക് മറ്റൊരാളുടെ ജീവിതം തകർക്കുമെങ്കിൽ അത് പറയാതിരുന്ന് കൂടെ. ഊഹക്കഥകൾ നിർത്തൂ, മനുഷ്യ നന്മയുള്ളവരായി വളരൂ.
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo