Slider

ഒരു മഴക്കാലത്തെ യാത്രകുറിപ്പ്...

0

ചില നഷ്ട്ടങ്ങളുണ്ട് അനേകം നേട്ടങ്ങൾക്കും നികത്താനാകാത്തതു .....
ഒരു മഴക്കാലത്തെ യാത്രകുറിപ്പ്...
=======================
പുറത്തു ശക്തമായി പെയ്യുന്ന മഴയുടെ ശബ്ദം എന്റെ കാതുകളിൽ ഓർമകളുടെ പെരുമ്പറ മുഴക്കിയപ്പോൾ ...മനസ്സിന്റെ കുറുകെയിട്ട നിബന്ധനകളുടെ പടിപ്പുരകടന്നു ഞാൻ പുറത്തേയ്ക്കു പോയി ....എന്നോ മറന്ന ഒരു ശീലത്തിന്റെ ,അല്ലെങ്കിൽ അടക്കുവാനാകാത്ത മോഹത്തിന്റെ ,മഴയോടുള്ള തീവ്രമായ പ്രണയത്തിന്റെ ആവേശത്തിൽ ഞാൻ മഴയത്തു നടക്കാനിറങ്ങി .....മഴത്തുള്ളികൾ ഓരോന്നും എന്റെ മേൽ പതിക്കുമ്പോൾ കാലങ്ങളായി ദാഹിക്കുന്ന മനസ്സിന്റെ ദാഹം തീർന്നപോലെ തോന്നി ...
അതിനു കാരണമുണ്ട് ....കുട്ടിക്കാലത്തൊക്കെ മഴ നനയുന്നത് കുട്ടികളുടെ ഒരു സ്ഥിരം പതിവായിരുന്നു .....എത്ര മഴകൊണ്ടാലും പനിയില്ല,വീട്ടുകാരുടെ വിലക്കുമില്ല ...ഇന്ന് കാലം മാറിയിരിക്കുന്നു മഴപെയ്യുമ്പോൾ ഒന്ന് നനയാം എന്ന് കരുതി പുറത്തിറങ്ങിയാൽ കാണുന്നവർ പറയും അവൾക്കു വട്ടാണെന്ന് .......അങ്ങനെ ഒരു പട്ടപേര് വേണ്ടെന്നു കരുതി ആ മോഹം കാലങ്ങളായി മനസ്സിലൊളിപ്പിച്ചു നടന്നതായിരുന്നു... ഇന്ന് ഈ മഴ എന്നെ ബന്ധിപ്പിച്ച എല്ലാ ചിന്തകളെയും മറികടന്നു വന്നു എന്നിൽ തിമിർത്തു പെയ്യുന്നു ......
ഈ യാത്രയുടെ ലക്ഷ്യമെന്തെന്നോ ..എന്തിനെ തേടിയാണെന്നോ അറിയാതെ ഞാൻ എന്റെ യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോഴും മഴയുടെ ത്രസിപ്പിക്കുന്ന ഒരുതരം കുളിരു എന്റെ മനസ്സിന്റെ ഉള്ളറയെ തണുപ്പിച്ചു .....
അല്പദൂരം നടന്നപ്പോൾ എന്റെ ഗ്രാമത്തിന്റെ ആല്മരച്ചുവട്ടിൽ നാട്ടുകാരിൽ ചിലർ കൂടിയിരുന്നു മുഖത്തോടു മുഖം നോക്കി നാട്ടുവിശേഷങ്ങളും ,വാർത്തകളും പങ്കുവെച്ചു സന്തോഷത്തോടെ സല്ലപിച്ചിരിക്കുന്നു ......അവരുടെ മുഖത്ത് തെളിയുന്ന പലതരം ഭാവങ്ങളും ,വികാരങ്ങളും ശ്രദ്ധിച്ചപ്പോൾ എനിക്ക് ഇന്ന് "ഇ" ലോകം അടക്കി വാഴുന്ന ഇമോഷണൽ സ്മൈലികളോട് പുച്ഛം തോന്നി ......കാരണം ആ വികാരങ്ങളും ,ഭാവങ്ങളും പകർത്താൻ കഴിയുന്ന ഒരു സിംബലുകളും ഇന്ന് നിലവിൽ വന്നിട്ടില്ല
കളങ്കമില്ലാത്ത യാഥാർഥ്യത്തിന്റെ വികാര ഭാവങ്ങളാണ് ഞാൻ ആ മുഖങ്ങളിൽ കണ്ടത് .......എത്ര സുന്ദരമായ കാഴ്ചയാണത് ...എപ്പോഴും തലകുനിച്ചിരിക്കുന്ന പുത്തൻ തലമുറയുടെ വിരലുകൾ ഏതാണ്ട് തേഞ്ഞു പോകുമ്പോഴേക്കും തിരിച്ചറിവുള്ള ,ദൃഢമായ മുഖാമുഖമുള്ള പഴമയുടെ സൗഹൃദങ്ങൾ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷത്തോടെ ഞാൻ വീണ്ടും നടന്നു ....
അല്പദൂരം ചെന്നപ്പോൾ ഞാൻ കണ്ടൊരു കാഴ്ച എന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു .......കണ്ണുകൾ നന്നായി തിരുമ്മി ഞാൻ വീണ്ടും നോക്കി ....നാട്ടിലെ ചെറുപ്പക്കാരെല്ലാം ആൺ പെൺ ഭേദമില്ലാതെ ....ഇംഗ്ലീഷിലെ അക്ഷരമാലയിലെ ഭൂരിഭാഗം അക്ഷരങ്ങളും പേരിനു പിന്നിൽ യോഗ്യതയായി നേടിയവർ എല്ലാം പച്ച പുതച്ച നെൽ വയലുകളിൽ ചേറിലും ചെളിയിലും പുരണ്ടു പണിയെടുക്കുന്നു ....ആ കാഴ്ച കണ്ടപ്പോൾ മനസ്സിൽ ഒരു മകര കുളിർ പാഞ്ഞ പോലെ തോന്നി എനിക്ക്
എന്റെ നിൽപ്പും ..എന്റെ ഭാവവും കണ്ടപ്പോൾ എന്നിലെ ചോദ്യത്തിന്റെ ഉത്തരവുമായി അവരിൽ ഒരാൾ എന്റെ അരികിലേക്ക് വന്നു എന്നോട് പറഞ്ഞു
..
"ജീവിക്കാനുള്ള മാർഗ്ഗം തേടി ,ആഡംബരങ്ങളുടെ അകമ്പടി തേടിയുള്ള യാത്രയേക്കാൾ വലുത് ...അസുഖങ്ങളില്ലാത്ത ,ആരോഗ്യപരമായ ഒരു ജീവിതമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യം എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു ........വിലയേറിയ ഭക്ഷണമല്ല ...വിഷമില്ലാത്ത ഭക്ഷണമാണ് അടുത്ത തലമുറയ്ക്ക് വേണ്ടത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു "......ഇത്രയും കേട്ടപ്പോൾ എന്റെ ചെവികൾ അത് ആയിരം തവണ ആവർത്തിച്ചു കൊണ്ടേയിരുന്നു. ...ഒരുപക്ഷെ ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരിക്കണം അവർ പറഞ്ഞത്.
അത്യന്തം അത്ഭുതത്തോടെ അവരുടെ തിരിച്ചറിവിനെ ആശംസിച്ചു കൊണ്ട് ഞാൻ വീണ്ടും നടന്നു .........
അടുത്തുള്ള ഒരു വൃദ്ധസദനം ഉണ്ട് അവിടെ സ്ഥിരമായി എന്നെ കാത്തിരിക്കുന്ന ചിലർ ഉണ്ട് അവരെ കാണാനായി ഞാൻ അവിടേക്കു പോയി ...അവിടെ ചെന്നപ്പോൾ ആ ഇടം ആകെ നിശബ്ദമായിരിക്കുന്നു ....അല്പം പരിഭ്രമത്തോടെ ഞാൻ അകത്തേക്ക് ചെന്നു അവിടെയുള്ള അധികാരിയുടെ പക്കൽ ചെന്നു അവിടെയുള്ള അച്ഛനമ്മമാരൊക്കെ എവിടെയെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞ ഉത്തരം കേട്ട് ഞാൻ ഒരു ശിലപോലെനിന്നുപോയി
"അവരെയെല്ലാം അവരുടെ മക്കൾ വന്നു കൂട്ടി കൊണ്ട് പോയി ".....
സമുദ്രത്തിന്റെ ഏറ്റവും അഗാധതയിൽ അലയടിക്കില്ലത്രേ ..അവിടം ശാന്തമായിരിക്കും എന്ന് കേട്ടിട്ടുണ്ട് .....അതുപോലെ തന്നെ അളവറ്റ സന്തോഷം തന്ന ആ വാക്കുകൾ എന്നിലെ വാക്കുകളെ ,വികാരങ്ങളെ മൗനമാക്കി .....ഒന്നനങ്ങാൻ പോലുമാകാത്ത സന്തോഷത്തിന്റെ ആത്മനിർവൃതിയിൽ ഞാൻ നിന്നു ..
പെട്ടന്ന് "അമ്മേ" എന്നൊരു അലർച്ച കേട്ടാണ് ഞാൻ ഉണർന്നത് .....കണ്ണ് തുറന്നപ്പോൾ ദേ നിൽക്കുന്നു മുൻപിൽ മകൻ ....അവൻ വിളിച്ചു വിളിച്ചു തളർന്ന ലക്ഷണമുണ്ട് ....അലർച്ചയുടെ അതെ ധ്വനിയിൽ തന്നെ അവൻ എന്നോട് ചോദിച്ചു "അമ്മയെന്താ ഇനിയും എണീക്കാതെ ...എണീറ്റ് വല്ലതും കഴിക്കാനുണ്ടാക്കി താ എനിക്ക് ഇന്ന് സ്കൂളിൽ നേരത്തെ പോണം ".......
അത് കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ യാത്ര പോയതും ,യാത്രയ്ക്കിടെ കണ്ട കാഴ്ചകളും എന്റെ വെറും പ്രതീക്ഷകളും ,സ്വപ്നങ്ങളും മാത്രമാണെന്ന്
എന്നിലെ പ്രതീക്ഷകളിലൂടെയും ,സ്വപ്നങ്ങളിലൂടെയും യാത്ര ചെയ്തു ഞാൻ കണ്ടതെല്ലാം വെറുമൊരു പകൽ കിനാവായിരുന്നു ,...എന്റെ മനസ്സ് കണ്ട ഒരു പാഴ് കിനാവായിരുന്നു എന്ന തിരിച്ചറിവോടെ ഞാൻ അടുക്കളയിലേക്കു പോയി......യാഥാർഥ്യത്തിലേക്ക് തിരികെ പോയി
(NB:ശാസ്ത്രപുരോഗമനത്തിന്റെ നേട്ടങ്ങളുടെ പട്ടികയ്ക്ക് ...നമ്മൾ നഷ്ടപ്പെടുത്തുന്ന ബന്ധങ്ങളുടെയും സന്തോഷങ്ങളുടെയും പട്ടികയ്‌ക്കൊപ്പമെത്താൻ കഴിയില്ല ....)
സൗമ്യ സച്ചിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo