Slider

ശ്യാമ

0

ശ്യാമ
-------------®
'' ശ്യാമേ.....''ഒന്നു നിന്നേ.... ''എനിക്ക് ശ്യാമയോടൊരു കാര്യം പറയാനുണ്ട്...''
ബസ്സ്റ്റോപ്പിനരികിലെ മാടക്കടയിൽ നിന്നും ഇറങ്ങി വന്ന സുധീപ് ശ്യാമയോട് പറഞ്ഞു..
സമയം ആറരയായി.. ഇരുട്ട് വീണ് തുടങ്ങി..
ഒന്നര കിലോമീറ്റർ നടക്കണം... ''ദൈവമേ... മോളെന്നാക്കെ കാട്ടിക്കൂട്ടിയിട്ടുണ്ടാവുമോ. എന്തോ..?
''എന്നാ.... സുധീപേ..... ?
ശ്യാമ ചോദിച്ചു...
സുധീപിന്റെ നുണക്കുഴി കവിളിൽ ചിരിയുണർന്നു.. അവളോടൊപ്പം അവനും മുന്നോട്ട് നടന്നു...
അവളുടെ നടത്തത്തിന്റെ വേഗം കൂടുന്നതനുസരിച്ച് അവനും നടപ്പിന്റെ വേഗം കൂട്ടി...
ഒരുമിച്ച് പഠിച്ചതാണവർ... ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ശങ്കരപുരം ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ.... ബാല്യകാല സുഹൃത്തുക്കൾ...
കാലങ്ങൾക്ക് ശേഷം പതിനെട്ടാമത്തെ വയസിൽ തന്നെ ശ്യാമയെ വീട്ടുകാർ വിവാഹം കഴിച്ചയച്ചു..അധികം ദൂരെയല്ല... ഈരേല്... കരുമാത്ര അമ്പലത്തിനടുത്തായിരുന്നു. ആറ് മാസം മാത്രം നീണ്ട ദാമ്പത്യം.. ഒടുവിൽ വിവാഹ ജീവിതം വേണ്ടന്ന് വച്ച് തിരികെപ്പോന്നു ശ്യാമ.. ഒരു കുഞ്ഞുണ്ട്... പേര് ശ്രുതി.... ഭർത്താവ് വിനോദ് വിവാഹ സമയത്ത് ഗൾഫിലായിരുന്നു... പിന്നീട് ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തി... ഇപ്പോൾ കോട്ടയത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നു...
സുധീപാണങ്കിൽ സ്ക്കൂൾ പഠനത്തിൽ തന്നെ അഗ്രഗണ്യനായതിനാൽ പത്താം ക്ലാസ് കഴിഞ്ഞതോടെ പഠിപ്പ് നിർത്തി.. അന്നു മുതൽ അനന്തമായ ജോലി സാദ്ധ്യതയുള്ള ഡ്രൈവിംങ്ങിലേക്ക് തിരിഞ്ഞു.. എല്ലാ വാഹനവും ഓടിക്കും.. ഇപ്പോൾ ഔട്ട് പോസ്റ്റ് ജംഗഷനിൽ സ്വന്തം പിക്കപ്പ് വാനോടിക്കുന്നു...
''നിക്ക്...വേഗം പോണം... സമയില്ല..'' അവൾ വീണ്ടും പറഞ്ഞു.
സുധീപ് ഒന്നു ചുമച്ചു.. തൊണ്ട ശരിയാക്കിയതാവാം.?
മുഖം വളരെയധികം സീരിയസായി.. കവിളിലെ നുണക്കുഴി മാഞ്ഞു... അവൻ പറഞ്ഞു തുടങ്ങി.
''ശ്യാമേ.. വേഗം പറയാം..'' കഴിഞ്ഞ ഒന്നു രണ്ട് വർഷമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്... നിന്നേക്കുറിച്ചേകദേശം കാര്യങ്ങളെല്ലാം അറിയുകയും ചെയ്യാം... നിന്റെ വിവാഹ ജീവിതം തുടർന്നു പോകാനാഗ്രഹിക്കുന്നില്ലെങ്കിൽ.. ''എനിക്ക് നിന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട്......" എന്റെയീ കൈ പിടിക്കാൻ തയ്യാറാണോ...'' കുഞ്ഞിനേയും നിന്നേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാം....''
''പെട്ടൊന്നൊരു മറുപടി വേണ്ട.. ആലോചിച്ച് പറഞ്ഞാൽ മതി.. പണ്ടേ എനിക്ക് നിന്നേയിഷ്ടമാണ്... അന്ന് പറയാനായില്ല.. ആയില്ല എന്നല്ല...... ആകില്ലായിരുന്നു... "ന്നാ.. പ്പോ ഒരു കുടുംബമൊക്കെ വേണമെന്ന് തോന്നുന്നു.. അപ്പോഴും ആദ്യത്തെ ചോയ്സ് നീ തന്നെ....
അവൻ പറഞ്ഞു നിർത്തി....'' എന്നിട്ട് നടത്തം നിർത്തി അവളുടെ മുഖത്തേക്ക് നോക്കി...!
ശ്യാമ മുഖം കുനിച്ചു തന്നെ നടന്നു.. നിറഞ്ഞ കണ്ണ് ആരും കാണണ്ട....! അൽപം കൂടി നടന്നപ്പോൾ മനസിലായി... അവൻ പുറകേ വരുന്നില്ല... ഒന്നു തല ചെരിച്ച് കണ്ണിണയിലൂടെ നോക്കി...
വഴിയോരത്ത് നിൽപ്പുണ്ടവൻ... നടത്തം പതിയെയാക്കി.. അവൻ വീണ്ടും അരികിലേക്ക് വരുന്നു... യ്യോ..?ഹൃദയത്തിൽ ഒരു ദ്രുതതാളം..!
വിണ്ടും ആ സ്വരം... " ശ്യാമേ.. മറുപടി എന്തായാലും പറയണം എന്നോട്...'' ശരി ഞാൻ പോകുന്നു.'' അവൻ തിരികെ നടന്നു...
കാവി കൈലിയും ക്രീം കളർ ഷർട്ടും... സുന്ദരനായ ചെറുപ്പക്കാരൻ... അവന്റെ നുണക്കുഴികൾ കൂട്ടുകാരികൾക്കിടയിൽ പ്രസിദ്ധമാണ്... അഞ്ചക്കുറ്റിക്കാരുടെ അവിടുത്തെ മായക്ക് സുദീപിനോട് സ്ക്കൂളിൽ പഠിച്ച കാലം തൊട്ടെ ഇഷ്ടമാണന്ന കാര്യവും ഓർമ്മ വരുന്നു... പക്ഷെ ഒരിക്കലും അവനെന്നോട്....?
അവന്റെ കൺമുനകളിലെ സൂഷ്മ നോട്ടങ്ങൾ... ചിലപ്പോഴൊക്കെ അലസോരമുണ്ടാക്കിയിട്ടുണ്ട്.. അത് സത്യം... പിന്നെ സകലമാന എണ്ണവും കൂർത്ത നോട്ടം നോക്കുന്നതിനാലും.... എല ചെന്ന് മുള്ളേവീണാലും' ... എന്ന ആപ്ത വാക്യം സ്ത്രീയായ നാൾ മുതൽ തലയിലേറ്റേണ്ടതിനാലും നമ്മുടെ കണ്ണ് താഴേക്ക് തന്നെ.. അന്നും ഇന്നും.എന്നും...? ഒരു നെടുവീർപ്പിലെല്ലാ മൊതുക്കി ശ്യാമ വേഗം നടന്നു...
******************************************
രാത്രി ഒരു പോള കണ്ണടക്കാനായില്ല ശ്യാമക്ക്.. കൈത്തണ്ടിൽ നിന്നും മോളുടെ തല പതിയെ തലയിണയിലേക്ക് ചെരിച്ച് വച്ചിട്ടവൾ നിവർന്നു കിടന്നു. കൈ മരച്ചിരിക്കുന്നു... ആഞ്ഞൊന്നു കുടഞ്ഞു എന്നിട്ട് നെറ്റിയിൽ വച്ചു...
മൂന്നര വർഷം കഴിയുന്നു... വിവാഹബന്ധത്തിന്റ ബന്ധനത്തിൽ നിന്ന് തിരികെ ഇറങ്ങിയിട്ട്. ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ആ അവസ്ഥയിൽ... ആത്മഹത്യ ചെയ്യാതിരുന്നത് കുഞ്ഞിനെയോർത്തിട്ട് മാത്രം.. 'അവളാണ് ഇനി എല്ലാം.... പ്രതീക്ഷയും സ്വപ്നങ്ങളും..
പതിനെട്ടാമത്തെ വയസിൽ തന്നെ മംഗല്യഭാഗ്യം.. എല്ലാവർക്കും സന്തോഷം.. വിവാഹ ജീവിതത്തേപ്പറ്റി പക്വതയും പാകതയും ഇല്ലാത്ത പ്രായത്തിൽ, പാകതയുള്ളവർ ചെയ്ത കൊടുംപാതകം...??? മദ്യപിക്കാത്ത സർവ്വോപരി മാന്യനായ ഗൾഫ്കാരനായ ചെറുപ്പക്കാരന് മകളെ കൊടുക്കുന്നതിന് ഏത് മാതാപിതാക്കളാണ് സമ്മതം മൂളാത്തത്..???
ആദ്യ രാവിൽ തന്നെ ചില സത്യങ്ങൾ വെളിവായി... ആരും പുറത്ത് പറയാൻ മടിക്കുന്ന ചില കാര്യങ്ങൾ.... പേപിടിച്ചതു പോലെയുള്ള പരാക്രമങ്ങൾ, ഉപദ്രവങ്ങൾ... തരളമായ സ്പർശവും, കൊഞ്ചലും കൊതിച്ച എനിക്ക് കിട്ടിയത് ഭ്രാന്തനായ ഒരു ഭർത്താവിനെ....
എല്ലാവരും അണയാൻ കൊതിക്കുന്ന രാവുകൾ എനിക്ക് അഗ്നിപരീക്ഷണങ്ങളായി... ഉപദ്രവങ്ങളും പരീക്ഷണങ്ങളും കൂടിക്കൂടി വന്നപ്പോൾ എതിർത്തു.. ക്രൂരമായ മർദ്ദനമായിരുന്നു ഫലം.. കത്തിച്ച സിഗററ്റ് വച്ച് തുടയിൽ കുത്തുന്നതടക്കം കലാപരിപാടികൾ... രണ്ട് മാസത്തെ മധുവിധുവിനു ശേഷം വിനോദ് തിരികെ പോയി. പിന്നീടാണ് സമാധാനത്തോടെ, പേടിയില്ലാതെ ഒരു രാത്രി ഭർതൃവീട്ടിൽ അന്തിയുറങ്ങിയത്... വിവാഹപ്രായം തികഞ്ഞ രണ്ട് അനുജത്തിമാരുടെ മുഖങ്ങളാണ് എന്റെ മനസിൽ സഹനത്തിന്റെ മിഴിച്ചെപ്പ് തുറന്നത്..
ഒരു ദിവസം മുറ്റം തൂത്തു കൊണ്ടിരുന്നപ്പോൾ ഛർദ്ദിച്ചതോടെയാണ് ഒരു ജീവന്റെ പൊടി എന്നിലും വളരുന്നുവെന്നറിഞ്ഞത്.. ഒരു പാട് സന്തോഷിച്ച ദിവസം.... ! ''ഇപ്പോ നമുക്ക് കുഞ്ഞു വേണ്ട... അത് നമുക്ക് രഹസ്യമായി അങ്ങ് കളയാം.'' എന്നായിരുന്നു സന്തോഷം അറിയിച്ചപ്പോൾ വിനോദിന്റെ മറുപടി...?
പറ്റില്ല എന്നു ഞാൻ തീർത്തു പറഞ്ഞു. എത്ര അനുനയിപ്പിച്ചിട്ടും ഒരൊത്തു തീർപ്പിനും ഞാൻ വഴങ്ങാത്തതിനാൽ ഒടുവിൽ വിനോദിന്റെ അമ്മയെക്കൊണ്ട് പറയിച്ചു...'' ടീ... അവൻ അടുത്ത തവണ വന്നിട്ട് മതി കൊച്ചുങ്ങളൊക്കെ..'' ഇപ്പോ അങ്ങോട്ട് പോയതല്ലാ ഉള്ളൂ.... കടമൊക്കെ വീട്ടി സ്വസ്ഥമായിട്ട് മതി..''
''ഇല്ലമ്മേ.... ഞാൻ സമ്മതിക്കില്ല.. എനിക്കിതിനെ നശിപ്പിക്കാനാവില്ല.... അമ്മയും ഒരു സ്ത്രീയല്ലേ അമ്മേ....''?
കരഞ്ഞുപറഞ്ഞിട്ടും അലിയാത്ത സ്ത്രീ...! ഒറ്റ മകനെ വളർത്തിപ്പഠിപ്പിച്ചതിന്റെ കണക്ക് എഴുതി സൂക്ഷിക്കുന്ന സ്ത്രീ... അച്ഛനെന്ന നിർഗുണവ്യക്തിത്വം യാതൊരു അഭിപ്രായങ്ങളുമില്ലാതെ വരാന്തയിലെ കസേരയിൽ ജൻമം അഭിനയിച്ചു തീർക്കുന്നു.!
ഒടുവിൽ പിണങ്ങിയിറങ്ങി തിരികെ കയറിയതാണീ വീട്ടിൽ... ഒടിഞ്ഞ ചുമലുകളുമായി ഓർമ്മ വെച്ച നാൾ മുതൽ അച്ഛൻ വലിക്കുന്ന ഭാരത്തിന്റെ ആക്കം കൂട്ടാൻ....! പഠിക്കുന്ന രണ്ട് അനിയത്തികൾക്കും, വിവാഹം കഴിച്ചു വിട്ട മകൾക്കും പോരാഞ്ഞിട്ട് കൊച്ചുമകൾക്കും ചെലവിന് കൊടുക്കേണ്ടി വരുന്ന എന്റച്ഛനും... സങ്കടങ്ങൾ മാറോടടുക്കി പരാതിയില്ലാത്ത സംർവ്വംസഹയായ എന്റെമ്മയും..
മൂന്ന് വയസായിട്ടും ഇതേ വരെ ശ്രുതി മോളേ തിരക്കി അവളുടെ അച്ഛൻ വന്നിട്ടില്ല.. ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് തന്നെ ഒരു വർഷത്തിലധികമായി.ഇപ്പോ ഇവിടെയെന്തോ ജോലി നോക്കുകയാണത്രേ...?
ഞാൻ പാളി കുഞ്ഞിനെയൊന്നു നോക്കി.. പാവം.. ചുണ്ട് ഞൊട്ടി ഞൊട്ടി ഉറങ്ങുന്നു...
കുടുംബകോടതിയിലെ കേസിന്റെവധിക്ക് പോകുമ്പോൾ ഞാൻ കുഞ്ഞിനെ കൊണ്ടു പോകാറില്ല... എനിക്ക് പേടിയാണ്... എന്നിൽ നിന്നും ഈ കുഞ്ഞിനെക്കൂടി നഷ്ടപ്പെട്ടാൽ...??
ഞാൻ പിന്നെന്തിന് ജീവിക്കണം...?
ഇപ്പോ ചങ്ങനാശ്ശേരിയിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേളായി പോകുന്നതു കൊണ്ട് കുഞ്ഞിന്റെ ചെലവുകൾ കഴിച്ചു പോകുന്നു.. ഓരോ നിമിഷവും ഭീതിയുടേതാണ്.. പക വീട്ടാൻ അയാൾ വരുമോ എന്ന ഭീതി....?
*******************************************
സുധീപിന്റെ ഫോൺ, ശ്യാമ കോളെടുത്തു..
'' കടേന്നിറങ്ങിയില്ലേ ഇതുവരെ.''...?
ഇറങ്ങി സുധീ... ബസ്സിലാണ്... ദാ മിഷ്യൻ പള്ളിയായി..'' ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.
''ആഹ്... ഞാനിവിടെ കാലായിപ്പടിക്കലുണ്ട്...''
എന്നും വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പോൾ അവൻ ജംഗ്ഷനിലെവിടെങ്കിലും കാണും.. ബസ്സിറങ്ങുമ്പോൾ കാണാം... കടത്തിണ്ണയിൽ നുണക്കുഴി തെളിഞ്ഞ ഒരു ചിരി... മനസിൽ ഒരു തെളിനിലാവിന്റെ ശോഭ... ഞാനും ചിരിച്ചെന്നൊന്നു വരുത്തും... ഒന്നും മിണ്ടാറേയില്ല... എല്ലാ ദിവസവും വൈകിട്ട് ഒരു കോൾ വരും.. പതിവ് നിൽപ്പിനെക്കുറിച്ച് പറയാനോ... അല്ലങ്കിൽ വണ്ടിയോട്ടത്തിലാണന്ന് പറയാനോ മാത്രം....!
മൂകമായ പ്രണയം.... മറ്റാരുമറിയാത്ത... നേരിട്ട് പിന്നീട് ഒരു വാക്കിനാലും പരസ്പരം പങ്കുവയ്ക്കാത്ത അനുരാഗം... രാത്രി മുഴുവൻ തുടരുന്ന മെസേജുകൾ.. അതിലൂടെയാണ് എല്ലാ ആഗ്രഹങ്ങളും, പ്രതീക്ഷകളും അവർ പങ്കുവയ്ക്കുന്നത്.. എന്റെ ഞായറാഴ്ച ദിവസങ്ങൾ പൂർണ്ണമായും അവനുള്ളതാണ്. മെസേജുകളിലൂടെ ഇതൾ വിടത്തുന്ന പൂക്കൾ..!
ഇന്നെന്റെ എല്ലാമെല്ലാമാണവൻ.. അവന് ഞാനും..! അൽപകാലം കൊണ്ടവൻ തന്ന സ്നേഹപ്പൂമഴ.... ആത്മവിശ്വാസം, ഭാവി പ്രതീക്ഷകൾ... കൊഞ്ചലുകൾ.... സ്നേഹ സമ്മാനങ്ങൾ... ഇന്നു കൊതിക്കുകയാണ് ഒരു പുതുജീവിതം.. വീണ്ടും തളിർക്കുന്ന ചില്ലകൾ...?
പ്രണയം അറിയിച്ചതിനു പിറ്റേ ദിവസം സുധീപിനോട് നേരിട്ട് പറഞ്ഞതാണ്...." സുധീ.... ഇത് നടക്കില്ല.. " "എനിക്ക് സുധിയെ ഇഷ്ടമല്ലാത്തതു കൊണ്ടല്ല ".. പക്ഷെ നമ്മൾ തമ്മിൽ ചേരില്ല... വീട്ടുകാരുടെ സമ്മതം കിട്ടുമോ? നാട്ടുകാരുടെ കളിയാക്കലുകൾ താങ്ങാനാകുമോ? സുധിക്ക് എന്നേക്കാൾ എത്രയോ നല്ല കുട്ടികളെ കിട്ടും.? ഇത് ഇപ്പോഴത്തെയൊരു തോന്നൽ മാത്രം... തന്നെയുമല്ല.. എനിക്കൊരു കുഞ്ഞുണ്ട്... ഇനി അവളാണെന്റെ ജീവിതം.. കുറച്ചു നാളുകൾ കൊണ്ട് "ഒരു പാട്..... ഒരു പാട് അനുഭവിച്ചു സുധീ... " പ്ലീസ്.... എന്നേ വിട്ടേക്കൂ.... "
നെഞ്ച് പൊള്ളുന്ന വാക്കുകൾ.... പക്ഷെ സുധിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു.
" ശ്യാമേ.... എനിക്കറിയാനുണ്ടായിരുന്നത് നിനക്ക് സമ്മതമാണോ എന്നത് മാത്രമായിരുന്നു.. പിന്നെ
വീട്ടുകാരുടെ സമ്മതം... അതെനിക്ക് വിട്ടേക്കൂ.. എനിക്ക് നിന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് ഞാനിത് നിന്നോട് പറഞ്ഞത്... "നിന്റെ കുഞ്ഞിനെക്കൂടി ഉൾക്കൊള്ളാനുള്ള വിശാലതയൊക്കെ ഈ ഹൃദയത്തിനുള്ളതു കൊണ്ടു തന്നെയാ നിന്നെ ഞാൻ ക്ഷണിച്ചത്..." ഒരു കൈ നെഞ്ചിൽ ചേർത്ത് വച്ച് അവൻ പറഞ്ഞു നിർത്തി.. "
ഇനിയെന്തു പറയണമെന്ന് എനിക്കറിയില്ല... മൊഴിമുട്ടിയ നിമിഷം.. എന്തു പറഞ്ഞാണ് ഇനി അവനെ പിന്തിരിപ്പിക്കുക..? ഹൃദയം പറയുന്നു... ഇഷ്ടമാണ് നൂറ് വട്ടമെന്ന്.... മനസിലെ ഭീതി പറയുന്നു.... വേണ്ടാ... സുധീ.. എന്ന്...? ദുർബലമായ പ്രതിരോധം.... അവസാനം ഹൃദയം തന്നെ ജയിച്ചു... വീണ്ടും ഒന്നു മാത്രം അവനോട് പറഞ്ഞു നിറകണ്ണുകളോടെ....
"ഇനീ ഈ വിഷമം കൂടി താങ്ങാനെനിക്കു വയ്യ... സുധീ...." തിളങ്ങിയടർന്ന മിഴിത്തുള്ളികൾ സാക്ഷി നിർത്തി അവൻ പറഞ്ഞു വീണ്ടും..
" എന്റെവസാനം വരെ നീയും കുഞ്ഞും സുരക്ഷിതരായിരിക്കും.... ആർക്കും വിട്ടു കൊടുക്കില്ല"... !
ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകൾ.... വികാരത്തള്ളിച്ചയിലും അൽപം പോലും പതറാത്ത വാക്കുകൾ... ആത്മാവ് കാത്തിരുന്ന സംഗീതം.... അലിഞ്ഞു പോയി ഞാൻ...!
ശനിയാഴ്ച്ച രാത്രിയായിട്ടും സുധിയുടെ കോൾ വന്നില്ല.... ക്ലോക്കിൽ നോക്കി സമയം ഒൻപത് മണി......വിളിച്ചു നോക്കി.. മൊബൈൽ ഓഫ്..?
തമിഴിൽ എന്തൊക്കെയോ പറയുന്നു.. തമിഴ്നാട്ടിൽ ഓട്ടം പോകുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ..? രാവിലെ കടയിൽ പോകുന്ന നേരവും ജംഗ്ഷനിൽ നോക്കി കണ്ടില്ല....
ഒരു പക്ഷെ പെട്ടന്നോട്ടം കിട്ടി പോയതാവും, കൂടെ പരിചയമുള്ളവരുണ്ടങ്കിൽ വിളിക്കില്ല... ഒരു പക്ഷേ മൊബൈൽ ചാർജ് തീർന്നതാവാം...?
നാളത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്.... വെള്ളിയാഴ്ച്ച രാത്രിയിൽ പരസ്പരം തീരുമാനിച്ചതാണ്....
ഞായറാഴ്ച രാവിലെ ഏറ്റുമാനൂര് അമ്പലത്തിലെത്തണം... ആദ്യമായി ഒന്നിച്ച് ഭഗവാന്റെ നടയിൽ നിന്ന് പ്രാർത്ഥിക്കണം... സങ്കടങ്ങളൊക്കെ പറയണം... ഒരവസരം ഒത്തു കിട്ടിയതാണ്... കൂടെ ജോലി ചെയ്യുന്ന സനൽ ചേട്ടന്റെ വിവാഹമാണ് നാളെ.... ഏറ്റുമാനൂരമ്പലത്തിൽ വച്ച്... അതിന് പോകുന്ന കാര്യം അറിയിച്ചപ്പോൾ സുധി പറഞ്ഞു അവനും കൂടി അവിടെയെത്താമെന്ന്... അവിടെ വച്ച് ഒരു സമ്മാനം തരാമെന്നും... ചോദിച്ചിട്ട് പറഞ്ഞില്ല കള്ളൻ...... "ഞാൻ വച്ചിട്ടുണ്ട്... നോക്കിക്കോ..!
"മനസിൽ ഒരുൾപുളകം.... കൊതിയാണ്... സ്നേഹിക്കുന്നവനോടൊപ്പം നിന്ന് ഒന്നു പ്രാർത്ഥിക്കാൻ...! "ദൈവമെ....! ശ്യാമ കലണ്ടറിലെ ദൈവത്തിന്റെ ഫോട്ടോയിൽ നോക്കി ഒരു ദീർഘനിശ്വാസം ഉതിർത്തു...
പെട്ടന്ന്... അപ്പുറത്തെ മുറിയിൽ എന്തോ ഒരു ബഹളം.. അനിയത്തി വിളിക്കുന്നു.... ഞാൻ മുറിയിൽ നിന്നിറങ്ങി മുൻ വശത്തെ മുറിയിലേക്ക് ചെന്നു... അവർ ടീ വി കാണുകയാണ്....
അനിയത്തി തലയിൽ കൈവച്ച് നിൽക്കുന്നു... അച്ഛനും അമ്മയും.... ആകാംക്ഷയിൽ ടീ വിയിലേക്കുറ്റു നോക്കുന്നു....
"എന്താടീ.... " ? ഞാൻ ചോദിച്ചു....
" ചേച്ചി.. നോക്ക്... അവൾ ടീവിയിലേക്ക് കൈ ചൂണ്ടി...????
വാർത്താ ചാനലിൽ ഏതോ ഒരു റോടപകടത്തിന്റെ തൽസമയ വിവരണം....
"ജോമോൻ.. കേൾക്കാമോ..? എന്താണവിടുന്നു കിട്ടുന്ന വിവരം...? " അവതാരകൻ ചോദിക്കുന്നു.
" പ്രമോദ്......കമ്പത്തു നിന്ന് പച്ചക്കറിയുമായി വന്ന പിക്കപ്പ് വാനും, ഒരു ചരക്ക്ലോറിയും ഇരുപത്തിമൂന്നാം മൈലിലെ തമ്പുരാൻ വളവിൽ വച്ച് കൂട്ടിയിടിച്ചു.. വാൻ നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. നാട്ടുകാരുടേയും, പോലീസിന്റെയും സഹായത്താൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഡ്രൈവറുടെ മൃതദേഹം കിട്ടി, ഒരാൾ കൂടി വാഹനത്തിലുണ്ടായിരുന്നു എന്നാണ് കിട്ടിയ വിവരം... തെരച്ചിൽ തുടരുകയാണ്....!
"ആഹ്.. പ്രമോദ്.... ഡ്രൈവറെ തിരിച്ചറിഞ്ഞിരിക്കുന്നു... "ചങ്ങനാശ്ശേരി സ്വദേശി... നാരകപ്പറമ്പിൽ സുധീപാണ് മരിച്ചിരിക്കുന്നത്.. പോക്കറ്റിലെ ലൈസൻസിൽ നിന്നാണ് തിരിച്ചറിയാനായത്...."
അവതാരകൻ വീണ്ടും റിപ്പോർട്ടറിൽ നിന്ന് സ്ഥാനം ഏറ്റെടുത്തു...
ഇടുക്കിയിൽ ഇരുപത്തിമൂന്നാം മൈലിൽ നടന്ന വാഹനാപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശി മരിച്ചിരിക്കുന്നു.... വിവരങ്ങൾ നൽകിയത് റിപ്പോർട്ടർ ജോമോനാണ്...
***********************************************
പിറ്റേന്നുച്ചക്ക് ശവസംസ്ക്കാര ചടങ്ങിൽ ആൾക്കൂട്ടത്തിനിടയിൽ യാതൊരു അവകാശാധികാരങ്ങളുമില്ലാതെ, ആദ്യമായും, അവസാനമായും ഒന്നുമ്മ വയ്ക്കാൻ പോലും കഴിയാതെ..... മൃതദേഹം കണ്ട് വെറും നാട്ടുകാരിയായി...... "വലതുകാൽ വച്ചു കയറേണ്ട വീട്ടിൽ നിന്ന് " ശ്യാമ..... തിരികെയിറങ്ങി.
മുറ്റത്തെ പന്തലിൽ ഒരു പാടാളുകൾ......... തിരക്കിൽ നിന്ന് ഒഴിഞ്ഞ് നിന്ന് രണ്ട് പേർ അടക്കം പറയുന്നു... കൂട്ടുകാരാണ്....
" ടാ ...അവന്റെ പേഴ്സിൽ പൈസായോടൊപ്പം ഒരു ചെറിയ പൊതിയുണ്ടായിരുന്നു. അതിലൊരു മഞ്ഞച്ചരടും താലിയും...... " അതാരുടെയാണെന്നാണ് മനസിലാവാത്തത്.... "?
ഒന്നു തേങ്ങാൻ പോലുമാവാതെ..... മുറ്റത്തെ പേരമരത്തിലേക്ക് പതിയെ ചാരി നിന്നു അവൾ, ഒരു പ്രതിമ കണക്കേ.........!!!
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo