Slider

ഇന്ന് പൂന്താനദിനം.

0

ഇന്ന് പൂന്താനദിനം... നിഷ്ക്കളങ്കഭക്തികൊണ്ടും നിഷ്ക്കാമമായ ജീവിതചര്യകൊണ്ടും ഭഗവത്സാക്ഷാത്കാരം നേടാമെന്ന് തെളിയിച്ച ഭക്തകവിയുടെ ഓര്‍മ്മദിവസം. അദ്ദേഹം രചിച്ച ജ്ഞാനപ്പാനയിലെ രണ്ടുവരിയെങ്കിലും മൂളാത്ത മലയാളികളുണ്ടാവില്ല. സംസ്കൃതം വരേണ്യഭാഷയായി കണക്കാക്കപ്പെട്ടിരുന്ന കാലത്ത് മലയാളഭാഷയില്‍ തന്നെ ലളിതമായി ഈശ്വരതത്വങ്ങള്‍ കീര്‍ത്തനശീലില്‍ എഴുതിയ ഈ ജനകീയകവി ഗുരുവായൂരപ്പനും ഏറെ പ്രിയപ്പെട്ട ഭക്തനായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ പൂന്താനം ഇല്ലത്ത് ജനിച്ച ഇദ്ദേഹം ശ്രീകൃഷ്ണകര്‍ണ്ണാമൃതം തുടങ്ങിയ വേറെയും കൃതികള്‍ രചിച്ചിട്ടുണ്ടെങ്കിലും, ജ്ഞാനപ്പാന അഥവാ അറിവിന്റെ ഗീതം എന്നകൃതിയാണ് ഏറെ പ്രശസ്തി നേടിയത്. ഭാഷാകാവ്യത്തിലൂടെ ആത്മീയജ്ഞാനവും മോക്ഷസാധനാമാര്‍ഗവും സാധാരണക്കാരിലേയ്ക്ക് എത്തിച്ച കൃതിയാണിത്. ഗുരുദേവന്‍ തുണചെയ്കെന്ന സ്തുതിയോടെ ഗുരുത്വമാര്‍ന്ന് , സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിയ്ക്കുന്നതെത്ര നാണക്കേടാണെന്ന് ബോദ്ധ്യപ്പെടുത്തി, കണ്ടുകൊണ്ടിരിയ്ക്കത്തന്നെ കാണാതാവാനുള്ള സാദ്ധ്യതയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച്, ജനനവേളയിലും മരണസമയത്തും ആരും നമുക്കൊപ്പമില്ലെന്നും, ജീവിതം ഒരു മത്സരവേദിയാക്കരുതെന്നും ഓര്‍മ്മിപ്പിച്ച്, ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരുണ്ണിയുണ്ടായി കാണാനുള്ള മോഹാതിരേകം പലപ്പോഴും ഫലവത്താകില്ലെന്ന് ഉദാഹരിച്ച്, ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിയ്ക്കുമ്പോള്‍ അഗാധമായ പുത്രദുഃഖാര്‍ണ്ണവം പോലും നീന്തിക്കയറാമെന്ന് ആശ്വസിപ്പിച്ച്, മോക്ഷസിദ്ധിയ്ക്കുള്ള ഒരോയൊരു മാര്‍ഗ്ഗം കൃഷ്ണഭജനം മാത്രമെന്ന് പ്രമാണപ്പടുത്തിയാണ് ജ്ഞാനപ്പാനയിലെ വരികള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. ആത്മാര്‍പ്പണത്തോടെയുള്ള ഭക്തിനിര്‍ഭരമായ വരികള്‍ അതുകൊണ്ടു തന്നെ കാലാതീതമായി ഏവര്‍ക്കും പ്രിയങ്കരമായി തുടരുന്നു. മരപ്രഭു തന്നെയാണ് അമരപ്രഭുവെന്നും, പരബ്രഹ്മദര്‍ശനം പോത്തിന്റെ രൂപത്തിലുമാവാമെന്നും, പൂന്താനത്തിന്റെ ഭക്തിയെനിയ്ക്കേറെയിഷ്ടമെന്നും ഗുരുവായൂരപ്പന്‍ തന്നെ സമ്മതിച്ചിട്ടുണ്ടത്രെ. ആ മഹാനുഭാവനെ സ്മരിയ്ക്കാം, പ്രണമിയ്ക്കാം! കൃഷ്ണകൃഷ്ണമുകുന്ദജനാര്‍ദ്ദനാ.. കൃഷ്ണഗോവിന്ദനാരായണാഹരേ... രാധാസുകുമാരന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo