Slider

വേലക്ക് കിട്ടിയ എട്ടിന്റെ പണി.(ചെറുകഥ)

0

വേലക്ക് കിട്ടിയ എട്ടിന്റെ പണി.(ചെറുകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കുംഭമാസം പതിനൊന്ന് വ്യാഴാഴ്ചയാണ് സംഭവം. അതായത് എട്ട് ദിവസം മുമ്പ്. വൈകുന്നേരം അങ്ങാടിയിലേക്കിറങ്ങിയതാണ് ഞാൻ. അങ്ങാടി നിറയെ കച്ചവടക്കാരുടെ ഒച്ചയും കോലാഹലങ്ങളും.വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തിയ്യാട്ടിനോടനുബന്ധിച്ച് അങ്ങാടി വരെ ട്യൂബ് ലൈറ്റുകൾ ഫിറ്റ് ചെയ്തിട്ടുണ്ട് മിഠായിക്കച്ചവടക്കാർ (ജീലേബി, കോഴിക്കോടൻ മധുര മിഠായികൾ, ഹലുവ) ഒരാഴ്ച മുമ്പെകച്ചവടം ആരംഭിച്ചിട്ടുണ്ട്. പോരാതെ ചില്ലറ കച്ചവടക്കാരും നിരവധി അങ്ങാടിയിൽ തമ്പടിച്ചിട്ടുണ്ട്. ക്ഷേത്രം സുമാർ ഒന്നര കിലോമീറ്റർ അപ്പുറത്താണെങ്കിലും ഇവിടെയും ഒരു ഉത്സവ പ്രതീതി തന്നെയാണ്.
വെള്ളിയാഴ്ച നാല് മണിയോടു കൂടി വിവിധ ദേശങ്ങളിൽ നിന്നുള്ള കാള വരവുകൾ ഞങ്ങളുടെ അങ്ങാടിയിൽ എത്തിച്ചേരും.വിവിധ തരം മേളക്കാരും, കാട്ടാളൻ, കരിങ്കാളി, ഭൂതം, വൈക്കോൽ ഭൂതം, പ്രഛന്ന വേഷം, അതുപോലെ പേരറിയാത്ത നിരവധി ഐറ്റംസുകളുമായി രാത്രി പതിനൊന്നു മണി വരെ കാളവരവുകൾ വന്നുകൊണ്ടിരിക്കും.
മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നായ വൈരംകോട്ടെ വേല ഞായറാഴ്ച മരംമുറിയോട് കൂടിയാണ് ആരംഭിക്കുന്നത്.
വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാനാണ് ഞാനാ സമയം അങ്ങാടിയിലേക്കിറങ്ങിയത്. വിരുന്നുകാർ ഒരു പാട് വന്നിട്ടുണ്ട്. സാധനങ്ങൾ ഒരു വിധം വാങ്ങി വന്നപ്പോഴേക്കും പോക്കറ്റ് കാറ്റ് പോയ ബലൂൺ പോലെയായി. കൈയിലുള്ള തുച്ഛം പൈസ കൊണ്ട് ശനിവരെ തള്ളി നീക്കണം. ബാക്കി സാധനങ്ങൾ വാങ്ങുവാനുള്ള പൈസ എത്രയുണ്ടെന്ന് ഒന്നുകൂടി നോക്കി തിട്ടപ്പെടുത്തി.
അടുത്ത കടയിലേക്ക് കയറാൻ നിന്നതും ഒരു ചെണ്ടകൊട്ട്. വൈക്കോൽ ഭൂതവും രണ്ട് ചെണ്ടക്കാരും കൂടി പിരിവിനിറങ്ങിയിരിക്കുന്നു. ഒരു ചെണ്ടക്കാരൻ എന്നെ കണ്ടോ?. ഭൂതത്തിന്റെ ശൈലി കൊടുത്തത് വാങ്ങലല്ല. പരിചയക്കാരാണെങ്കിൽ കൈയിട്ട് വാരലാ. ആ വാരലിൽ കിട്ടിയതെല്ലാം അവൻ വൈക്കോലിനുള്ളിലാക്കും.
ഇപ്പൊ കൈയിട്ട് വാരിയാൽ നമ്മുടെ സാധനം വാങ്ങൽ അവതാളത്തിലാവാൻ സാദ്ധ്യതയുണ്ട്. അതു മാത്രമല്ല. അങ്ങാടിക്ക് സമീപത്തുള്ള മൂന്നോളം വരവ് കമ്മറ്റിക്ക് സംഭാവന നൽകിക്കഴിഞ്ഞു.
അതിനും പുറമെ മറ്റു ചിലവുകളും ഇതിന്റേതായിത്തന്നെ വരുന്നുണ്ട്.
ഞാൻ വേഗം ഒരു ഓട്ടോറിക്ഷയുടെ മറവിലേക്ക് മാറി. അത് കണ്ടിട്ടാവണം ചെണ്ടക്കാരൻ ഭൂതത്തിന് വിവരം കൊടുക്കുന്നു. പണമുണ്ട് എന്ന് തോന്നുന്ന ആളെ കണ്ടാൽ ചെണ്ട ഒരു പ്രത്യേക താളത്തിലാണ് കൊട്ടുക.
ചെണ്ടയുടെ ഭാഷ വേഗം എനിക്ക് മനസിലായി.
കി... ട്ടാ... നു.. ണ്ട്.
അതു കേട്ടപ്പോൾ ഭൂതം അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരഞ്ഞു. അപ്പൊ മറ്റെ ചെണ്ടക്കാരൻ.
ഇ.. പ്പൊ... കി...ട്ടും.. ഇ...പ്പൊ '... കി...ട്ടും.
അത് കേട്ട് ഓട്ടോറിക്ഷയുടെമറവിൽ നിന്ന് ഞാൻ ഓടി വേഗം സ്ഥലം കാലിയാക്കി.
സാധനങ്ങളൊക്കെ വാങ്ങി വീട്ടിലെത്തിയപ്പോ വീട്ടിൽ നിറയെ ആളുകളാ.. കിടക്കാൻ സ്ഥലമുണ്ടാകില്ല എന്ന് ഏകദേശം ഉറപ്പായി. ഭക്ഷണമെങ്കിലും കിട്ടിയാ മതി എന്നതായി അടുത്ത ചിന്ത.ആള് നമ്മൾ വിചാരിച്ചതിനേക്കാൾ കൂടുതലാണ് എന്ന് ഭാര്യ പറഞ്ഞപ്പോൾ വീട്ടുകാരായ ഞങ്ങളിന്ന് ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കേണ്ടി വരും എന്നുറപ്പിച്ചു. വിരുന്നുകാരിൽ ആണുങ്ങൾ ആരും എത്തിയിട്ടില്ല.അവരൊക്കെ നാളെയേ വരൂ.. അതു കൊണ്ട് ഞാൻ ഭക്ഷണം കഴിക്കാതെ ഒരു പുതപ്പുമെടുത്ത് പുറത്തിറങ്ങി.
അങ്ങാടിയിലെ പളളിയാണ് ലക്ഷ്യം. അവിടെ കിടന്നുറങ്ങാൻ സ്ഥലമുണ്ട്. ഉറങ്ങുന്നതിന് വൈദ്യുതി ഉപയോഗിക്കാൻ പാടില്ലാ എന്ന് മാത്രം. ഉറങ്ങാൻ സ്ഥലം റെഡിയായി. വിശപ്പിന് ഇനി പരിഹാരം കാണണം. വീട്ടിൽ നിന്ന് അങ്ങാടിയെത്തുന്നതിന് മുമ്പ് ആറോളം ജീലേബി കച്ചവടക്കാരുണ്ട്. അങ്ങാടിയിൽ വേറെയും. അതിന് പുറമെ പൊരി കച്ചവടക്കാരും.
ഓരോ സ്റ്റാളിൽ നിന്നും സാമ്പിൾ എന്ന പേരിൽ അൽപാൽപമെടുത്ത് വിശപ്പടക്കാനുള്ള ശ്രമം ആരംഭിച്ചു. അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ഞാൻ വേഗം അങ്ങാടിയിലെ പള്ളിയിലേക്ക് കുതിച്ചു. അവിടെ തട്ടിൻ മുകളിൽ ഉസ്താദുമാരുടെ റൂമിലേക്ക് പാഞ്ഞു. ഭാഗ്യം ഉസ്താദുമാരിൽ ഒരാൾ നാട്ടിൽ പോയിരിക്കുന്നു നാളെ ഉച്ചക്കേ വരു.അദ്ദേഹത്തിന്റെ ചോറ് അവിടെ ബാക്കി ഇരിപ്പുണ്ട്. ഞാൻ പാത്രം തപ്പുന്നത് കണ്ടപ്പോൾ തന്നെ ഉസ്താദിന് മനസ്സിലായി. ഞാൻ ഒന്നും തിന്നിട്ടുണ്ടാവില്ല എന്ന്. നേരത്തെ തന്നെ തിന്നത് നന്നായി എന്ന് ഉസ്താദും വിചാരിച്ചിട്ടുണ്ടാവും..
ഭക്ഷണപ്പാത്രം മുഴുവൻ കാലിയാക്കി പള്ളിയിലെ മുകൾ നിലയിലെ ചരുവിൽ സീറ്റ് പിടിച്ചിട്ടതിന് ശേഷം ഞാൻ അങ്ങാടിയിലേക്കിറങ്ങി.
കുറച്ച് സമയം കഴിഞ്ഞ് വീണ്ടും പളളിയിലേക്ക് തന്നെ കയറി.അപ്പോഴുണ്ട് ശരീഫ് പള്ളിയിലെ ഹൗള് ( ജലസംഭരണി ) കഴുകുന്നു.ഞാൻ അവനെ പിന്നിട്ട് മുകളിൽ കയറി ഉറക്കം ആരംഭിച്ചു.
എത്ര സമയം ആയി എന്നറിയില്ല. ഒരാൾ ഉണ്ട് തോണ്ടി വിളിക്കുന്നു.ശരീഫാണ്. അവനെയൊന്ന് വീട്ടിൽ കൊണ്ട് പോയി വിടണമത്രെ.
ഇത് വല്ലാത്ത ശല്യമായല്ലൊ?.. പന്തം പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞ പോലെയായി.
ഉറങ്ങാനായി ഉന്നം വച്ചപ്പോൾ ഉന്നവും കിട്ടി അന്നവും കിട്ടി എന്ന് പറഞ്ഞത് പോലെയായിരുന്നു. വയറ് നിറയെ നെയ്ച്ചോറും തട്ടി അസ്സലായി കിടന്നുറങ്ങുമ്പോഴാ ഓരോത്തർ നമ്മളെ ബുദ്ധിമുട്ടിക്കുന്നത്. കഷ്ടം കഷ്ടം'.
"ഇന്നിനി പോണോ.. ഇവിടെ കിടന്നിറങ്ങിക്കൂടെ?. എന്ന എന്റെ ചോദ്യത്തിന് "വിശന്നിട്ട് വയ്യ ഭായി.. തല കറങ്ങുന്നു" എന്നവൻ പറഞ്ഞപ്പോൾ ഞാൻ യാന്ത്രികമായി തന്നെ എഴുന്നേറ്റു. യാന്ത്രികമായിത്തന്നെ ഞാൻ അവന്റെ പിന്നാലെ നടന്നു.
അവനെ വീട്ടിൽ കൊണ്ട് വിട്ടതിനു ശേഷമാണ് ഞാൻ ആലോചിച്ചത്. അവനുള്ള ഭക്ഷണമായിരിക്കും ഞാൻ കഴിച്ചിട്ടുണ്ടാവുക. പാവം! നന്നായി വിശന്നിട്ടുണ്ടാവും.
കുറച്ചു ദൂരം നടന്നിട്ടെ ഉള്ളു.. അപ്പോഴുണ്ട് ഒരു ചങ്ങല കിലുക്കം. ഞാൻ കിലുക്കം കേട്ട ഭാഗത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. അപ്പോഴുണ്ട് ഒരു ഭീകരരൂപം ഇലക്ട്രിക് പോസ്റ്റ് ചാരി നിൽക്കുന്നു. എന്റെ മൊബൈൽ ടോർച്ച് ആ രൂപത്തിന്റെ നേർക്ക് തിരിച്ചതും ആ രൂപം എന്റെ നേരേ വരുന്നു. ഞാനാകെ തരിച്ചു. അടിവയറ്റിൽ നിന്നും ഒരു കാളൽ.. പിന്നെ എന്തൊക്കെ സംഭവിച്ചു എന്ന് വ്യക്തമല്ല. ഞാൻ ഓടുകയായിരുന്നോ ചാടുകയായിരുന്നോ ഒന്നും ഓർമ്മയില്ല. പല പല രൂപങ്ങളും കൺമുന്നിലൂടെ ഓടിപ്പാഞ്ഞു കൊണ്ടിരുന്നു.
സത്യം പറഞ്ഞാൽ നേരം വെളുത്തപ്പഴാ മനസ്സിലായത് ഇന്നലെ കണ്ടത് തലേന്ന് പിരിവിനിറങ്ങിയ ഭൂതത്തിനെയാണെന്ന്.
നേരം വെളുത്തിട്ടും എന്തൊക്കെ ഒരു വശപിശക്. ഇതാരോടെങ്കിലും പറയാൻ പറ്റുമോ.?
കാണുന്നതൊക്കെ ഭൂതമാ.എല്ലാവരും വേലയുടെ തിരക്കിലാ ഞമ്മളെ ശ്രദ്ധിക്കാൻ നേരം വേണ്ടേ.
അവസാനം ഞാൻ തന്നെ രഹസ്യമായി ഒരു മന്ത്രവാദിയെ സമീപിച്ചു.
മന്ത്രവാദി പറഞ്ഞു കാര്യമായി ഒരു മൂർത്തി ഏറ്റിട്ടുണ്ട്. കുറച്ച് കടുംകൈകൾ ഒക്കെ ചെയ്യേണ്ടി വരും.ഒത്തിരി ചിലവുണ്ട്.ഒരു പതിനായിരത്തി ഒന്ന് രൂപ ചിലവാക്കിയാൽ നമുക്ക് പ്രശ്നം തീർക്കാം എന്ന്.
പതിനായിരം എന്ന് കേട്ടപ്പോഴേക്കും എന്റെ ബോധം മാത്രമല്ല, എന്റെ ശരീരത്തിൽ കയറിയ മൂർത്തിയുടെ ബോധം അടക്കം പോയി സുർത്തുക്കളെ.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo