ആരാണ് തെറ്റ് ചെയ്തത് .?


ആരാണ് തെറ്റ് ചെയ്തത് .?
***
ഇനി നമ്മൾ കാണില്ലായിരിക്കും അല്ലെ സെലിൻ .?
ഇല്ല ഹരി നമ്മൾ ഇനി കാണരുത് കണ്ടാൽ നമ്മൾ ഇനിയും തെറ്റ് ചെയ്യും .
തെറ്റാണെന്ന് അറിഞ്ഞും എന്തിനാണ് സെലിൻ ഈ വീട്ടിലേക്ക് എന്നെ വിളിച്ചത് .
അറിയില്ല ഹരി ഒരു മോഹമായിരുന്നു നിന്റെ കൂടെ . നീ എന്നെ സ്നേഹിച്ചിട്ടില്ലേ .?
ഇല്ലന്ന് പറഞ്ഞാൽ നിനക്ക് വിഷമം ആവുമോ സെലിൻ .?
എനിക്ക് മനസിലാവും ഹരി .
സത്യം നിന്റെ വടിവൊത്ത ശരീരം തന്നയാണ് എന്നെ ആകർഷിച്ചത് . അതറിഞ്ഞും നീ എന്നിലേക്ക് അടുത്തത് എന്തിനാണ് .
നിങ്ങളുടെ കണ്ണുകൾക്ക് എന്തോ കാന്തികമായ ശക്തിയുണ്ട് ഹരി പിന്നെ ആ വയലിൻ ശബ്ദം . അതിൽ വീണുപോയ ഒരുപാട് പെണ്ണുങ്ങളിൽ അവസാനത്തെ ഞാനും അല്ലെ ഹരി .
അതെ ഒരുപാട് പെൺകുട്ടികൾ അതിലൊരാൾ സെലിനും പക്ഷെ സെലിൻ നീ ശരിക്കും സുന്ദരിയാണ്
. നിങ്ങൾ തമാശ പറയാണോ ഹരി .?
അല്ല സെലിൻ .സത്യം . സെലിൻ എന്റെ ചങ്കിൽ എന്തോ പിടി മുറുകുന്ന പോലെ . എനിക്ക് ദാഹിക്കുന്നു സെലിൻ കുറച്ചു വെള്ളം .
ഞാൻ പറഞ്ഞില്ലേ ഹരി നമ്മളിനി കാണില്ല എന്ന് .
നീ എന്താണ് സെലിൻ പറയുന്നത് .?
നിങ്ങൾ മരിക്കാൻ പോവുന്നു ഹരിദർ. നിങ്ങൾക്ക് ഒഴിച്ച് തന്ന മധ്യത്തിൽ ഞാൻ വിഷം കലർത്തി .
ഏയ് സെലിൻ എന്തിന് .? ആരാണ് നീ .എന്തിനാണ് എന്നോടീ ക്രൂരത .?
ഞാൻ ജിഷ അറിയാൻ വഴിയില്ല പക്ഷെ നിങ്ങൾക്ക് എന്റെ ചേച്ചിയെ അറിയും നിഷയെ . ഓർമ്മയുണ്ടോ .?
പാട്ടെന്ന മോഹവുമായി മാത്രം ജീവിച്ച എന്റെ ചേച്ചിയല്ലേ നിങ്ങളുടെ ആദ്യത്തെ ഇര .
നീ നിഷയുടെ അനിയത്തിയാണോ ,?
അതെ നിങ്ങൾ കാമവെറി തീർത്ത് ഒഴിവാക്കിയ നിഷയുടെ അനിയത്തി നിങ്ങളെ ഗാഢമായി സ്നേഹിച്ചത് കാരണം ഒരു മുളം കയറിൽ ജീവിതം തീർത്ത ആ ചേച്ചിയുടെ അനിയത്തിയാണ് ഞാൻ .
ഏയ് ജിഷ നീ തന്നയാണ് എന്നെ കൊല്ലേണ്ടവൾ ഞാൻ ആദ്യമായും അവസാനമായും ആത്മാർത്ഥതയോടെ സ്നേഹിച്ചത് നിന്റെ ചേച്ചിയെ മാത്രമാണ് .
പിനീട് ഒരുപാട് പെൺകുട്ടികൾ എന്റെ ബെഡിൽ എത്തിയിട്ടുണ്ട് ഒന്നിനോടും തോന്നിയിട്ടില്ല ആത്മാർത്ഥത .
മതി നീ അഹങ്കരിച്ചത് ഹരിതർ ഇനി നീ ഇല്ല .
അറിയാം സെലിൻ .അല്ല ജിഷ ആണലോ നീ. ജിഷ ഞാൻ ഇനി ഇല്ല എനിക്കറിയാം എങ്കിലും നീ അറിയണം ആരായിരുന്നു നിന്റെ ചേച്ചി എനിക്കെന്ന്.
ഹരിതർ എന്ന ഞാൻ ആരുമല്ലാത്ത കാലത്ത് എന്റെ ജീവിതത്തിൽ കടന്നു വന്ന പെൺകുട്ടി അവളായിരുന്നു നിഷ അരക്കൊപ്പം ഉള്ള കാർകൂന്തലും നീല മിഴികളും ഉള്ള പെൺകുട്ടി .
പെട്ടന്നായിരുന്നു ഞങ്ങൾ അടുത്തത് അവളുടെ പാട്ടുകളെ ഞാൻ ആദ്യം സ്നേഹിച്ചു തുടങ്ങി ആത്മാർത്ഥമായ സൗഹൃദം എപ്പോഴാണ് പ്രണയത്തിലേക്ക് ചെന്ന് വീണതെന്ന് അറിയില്ലായിരുന്നു പിനീട് രണ്ടുപേരും ഒരുമിച്ചായി പ്രോഗ്രാമുകൾ .
അവൾക്കാദ്യമായ് സിനിമയിൽ പാടാൻ അവസരം ലഭിച്ച ആ ദിവസം അവളെനിക്ക് ട്രീറ്റ് ചെയ്തിരുന്നു വളരെ വൈകിയാണ് ഞങ്ങൾ പിരിഞ്ഞത് .
അടുത്ത ദിവസം നാട്ടിൽ പോവുകയാണെന്ന് എന്നോട് പറഞ്ഞു കാണാൻ പറ്റില്ലെന്നും .
അടുത്ത ദിവസം എന്റെ സുഹൃത്തിന്റെ കൂടെ പുതിയ പ്രോഗ്രാമിന്റെ അഡ്വാൻസ് വാങ്ങിക്കാൻ ഹോട്ടൽ സിറ്റിയിൽ എത്തിയ ഞാൻ അവിടെ നൂറ്റി നാലാം മുറിയിലേക്ക് കയറുന്ന നിഷയെ കണ്ടു കൂടെ അവൾക്ക് സിനിമയിൽ പാടാൻ അവസരം നൽകിയ മ്യൂസിക് ഡയറക്ടറും എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം ഞാനവിടെ നിന്നു.
പിന്നെ നേരെ ആ മുറിയുടെ വാതിലിൽ മുട്ടി വാതിൽ തുറന്നതും അവളായിരുന്നു അതും പാതി മേനി മറച്ച് എന്നെ കണ്ടതും അവൾ വാതിൽ കൊട്ടിയടച്ചു.
പിന്നെ ഒന്നും പറയാതെ ഞാൻ തിരികെ നടന്നു എന്ത് ചെയ്യണം എന്നറിയില്ല ഭൂമി പിളർന്ന് അടിയിലേക്ക് പോവുന്ന പോലെ തോന്നി .
നീ പറഞ്ഞ പോലെ അവൾക്ക് പാട്ടിനോടല്ല പ്രണയം പ്രശസ്തയാവണം എന്നതായിരുന്നു അവളുടെ ലക്ഷ്യം അതിനുവേണ്ടി അവൾ അവളുടെ ശരീരം കാഴ്ചവെക്കും എന്ന് ഞാൻ കരുതിയില്ല .
മനസ് ഒന്ന് ശാന്തമായപ്പോൾ അവൾക്ക് ഞാൻ മെസ്സേജ് അയച്ചു ഇനി ഒരിക്കലും എന്റെ കണ്മുന്നിൽ വരരുതെന്ന് .
പിനീട് ഞാൻ അറിയുന്നത് അവൾ ആത്മഹത്യ ചെയ്തെന്ന് .
പിനീട് ഒരു പെണ്ണിനോടും എനിക്ക് സ്നേഹം തോന്നിയില്ല .നിന്നോട് പോലും .
അതെ ജിഷ നീ തന്നയാണ് എന്നെ കൊല്ലേണ്ടവൾ .
ഇതെല്ലാം കേട്ട് നിറകണ്ണുകളോടെ ഹരിയുടെ കാലിൽ വീണു ജിഷ പൊട്ടികാര്ഞ്ഞു മാപ്പ് പറഞ്ഞു .
പക്ഷെ ആ ക്ഷമാപണം കേൾക്കാൻ നിൽകാതെ ഏതൊരു പെണ്ണിനേയും മയക്കുന്ന ആ മാന്ത്രിക വയലിൻ ശബ്ദം എന്നേക്കുമായി നിലച്ചിരുന്നു .
***
ഹരിയുടെ ജീവിതം അവിടെ തീരുമ്പോഴും കാലത്തിനു മുന്നിൽ ഉത്തരമില്ലാതെ ആ ചോദ്യം ആരാണ് തെറ്റ് ചെയ്തത് .
സ്നേഹത്തിൽ വഞ്ചന കാണിച്ച നിഷയോ .?
ഒരു പെൺകുട്ടി ചതിച്ചതിന് ഒരുപാട് പെൺകുട്ടികളെ നശിപ്പിച്ച ഹരിയോ .?
ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് തിരുത്താൻ ശ്രമിച്ച ജിഷയോ .
ആരാണ് തെറ്റു ചെയ്തത് .?
നജീബ് കോൽപാടം

[കഥ] നിശാഗന്ധിയുടെ പ്രതികാരം.


[കഥ]
നിശാഗന്ധിയുടെ പ്രതികാരം.
മഞ്ഞ് പെയ്യുന്ന നിശീഥിനിയിൽ തുറന്നിട്ട ജാലകപ്പഴുതിലൂടെ കണ്ണ്ചിമ്മിനിന്നിരുന്നതാരകങ്ങളെ മഴ മേഘങ്ങൾവാത്സല്ല്യത്തോടെ തന്റെ ചിറകുകൾ കൊണ്ട് പൊതിഞ്ഞു.
മണ്ണെണ്ണവിളക്കിൻ നാളങ്ങൾപരിഭവത്തോടെ ചിണുങ്ങാൻ തുടങ്ങി. ഈ രാവിലെങ്കിലും നിദ്രസാധ്യമോ..?
ജാലകവാതിൽ ചാരി.
മണ്ണെണ്ണവിളക്കിൻ മേൽ അവളുടെകൈകൾ തഴുകി .
നാളങ്ങൾ ആദ്യം എതിർത്തെങ്കിലും.പതിയെ കീഴടങ്ങി.
കൂരിരുട്ട് ..
രാക്കിളികൾ എന്തോ പിറുപിറുക്കുന്നു.
അപ്പുറത്തെ മുറിയിൽ നിന്നും അച്ഛന്റെചുമ മുഴങ്ങി.
തോല് പൊട്ടിയഇടയ്ക്കയുടെ നാദംപോൽ.
കതകിൽ ആരോപതിയെ മുട്ടുന്ന പോലെ .കാതോർത്തു.
ആരോ വന്നിട്ടുണ്ട് .പതിവുകാർ ആരോ ആണ്.
"രാധേ.., കതകു തുറക്ക്.ഇത് ഞാനാ സുകു."
അടക്കിപ്പിടിച്ച സംസാരം.
ഇരുട്ടിൽ തപ്പി തടഞ്ഞ് എഴുന്നേറ്റ്.ശബ്ദം കേൾപ്പിക്കാതെ കതകിന്റെ ഒരു പാളി തുറന്നു.മദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കിലേയ്ക്ക് അടിച്ച് കയറി.
" സുകുസാറെ ,ഇന്ന് പറ്റില്ലാട്ടോ. " ശബ്ദം താഴ്ത്തി പറഞ്ഞു.
" ഓ..ബുക്കിംങ്ങ് ഉണ്ടായിരിക്കും... "വളിച്ച ചിരിയോടെ സുകു ചോദിച്ചു.
" ഇല്ല.. ഇനി കുളിക്കണം."
തന്റെ നാണം എന്ന വികാരം മരിച്ചു പോയിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു എങ്കിലും പരമാവധി നാണം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.
"നാശം ,പണ്ടാരമടങ്ങാൻ..."
ശാപവാക്കുകൾ ഉരുവിട്ട് കൊണ്ട് സുകു ഇരുളിൽ മറഞ്ഞു.
എല്ലാം പഴകിയിരിക്കുന്നു.
എവിടെയാണ് തനിക്ക് പിഴച്ചത്...?
ഓർമ്മകളിൽ പട്ട് പാവാടയും ,ബ്ലൗസുമിട്ടഅപഴയ പതിമൂന്ന്കാരി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.
കാടിറങ്ങിവന്നകാറ്റിൽ സ്വാന്തന ത്തിൻ കുളിരില്ലായിരുന്നു.ശോകത്തിൻ ഗന്ധമായിരുന്നു.
ഈ രാക്കിളിയെ തേടി ഇനിയുംവരും വേട്ടക്കാർ.
വേട്ടയും കഴിഞ്ഞു പോകുമ്പോൾ അവശേഷിക്കുന്ന നോട്ടുകളിൽ ചോരയുടെയും ,മാംസത്തിന്റെയും ഗന്ധമായിരിക്കും.
അച്ഛന്റെയും ,അമ്മയുടെയും മരുന്നുകൾക്കും ,മൂന്ന് വയറിന്റെവിശപ്പും അടങ്ങും.
രാവുകളിൽനിദ്രകൾ അന്വമായിരിക്കുന്നു.
വീണ്ടും അച്ഛന്റെ ചുമ .
അവർ ഒന്നും അറിയുന്നില്ല. അച്ഛൻ കിടപ്പിലായിട്ട് വർഷങ്ങൾ ആയ്..
അമ്മ വീട് വിട്ട് പുറത്തിറങ്ങാറുമില്ല.
രാത്രികളിൽ തന്നെ തേടിഎത്തുന്നവർ പകൽ വെട്ടത്തിൽ മുഖം കുനിച്ച് നടന്ന് മറയുന്നത് കണ്ട് ഉള്ളിൽ ചിരിക്കും.
ഇവന്റെയെക്കെ രാത്രിയിലെവൈകൃതങ്ങൾ തെളിഞ്ഞു വരും.
ചിലവൻമാർ പകലിൽ സദാചാരവാദികളായ് പരിഹാസത്തിൻ കല്ലെറിയുന്നത് കാണുമ്പോൾ കോപം വന്നിരുന്നു.
വാതിലിൽ വീണ്ടും മുട്ട് കേട്ട് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.
രമണൻ.
ഒരു നാൾ തന്റെ എല്ലാമെല്ലാം ആയവൻ.
തനിക്ക് നശിച്ച ഈ ജീവിതം സമ്മാനിച്ചവൻ. വീണ്ടും അതെ കണ്ണുകളിൽ കാമവുമായ്.
"രാധേ.. "
ആ വിളിയിൽ ഒരു നിമിഷം തരളിതയായ്..പഴയ പതിമൂന്ന് കാരിആയപോലെ.
വേഗം യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചു വന്നു.
"എന്ത് വേണം....??" തന്റെ ശബ്ദത്തിലെ കോപം കലർന്നപുച്ഛം തിരിച്ചറിഞ്ഞാവും..
" ഞാൻ അകത്ത് വരട്ടെ.. ഒരു കൂട്ടം പറയാനുണ്ട് "
ഒട്ടും ചേരാത്തപഴയ ശൃംങ്കാരംസ്വരം. തന്നിൽ ചലനങ്ങൾ സൃഷ്‌ട്ടിക്കില്ല എന്ന് തനിക്കല്ലെ അറിയു.
തന്റെ അവസ്ഥ തുറന്ന് പറഞ്ഞു. അമുഖത്തെ വെളിച്ചം മങ്ങുന്നത് ഇരുട്ടിലും തിരിച്ചറിഞ്ഞു.
ഇനി ഒരു നാൾ വരാം എന്നറിയിച്ച് .രമണൻ മടങ്ങി. ഉള്ളിൽ കനലെരിയുക ആയിരുന്നു.
അകലുന്ന കാലടി ശബ്ദം.
ഒരു നാൾ ഈ കാലടി ശബ്ദത്തിനായ് കാതോർത്തിരുന്നിട്ടുണ്ട്.
പ്രണയിക്കുക അല്ലായിരുന്നു. ജീവിക്കുക ആയിരുന്നു രമണന്റെ പ്രണയത്തിൽ സ്വയം അലിഞ്ഞ്.
ചേച്ചി അന്യമതത്തിൽപ്പെട്ട ഒരാളുമായ് ഒളിച്ചോടിയപ്പോയതറിഞ്ഞ് അച്ഛൻ വീണു.
അച്ഛൻ കിടപ്പിലായ് കഴിഞ്ഞപ്പോൾ അച്ഛന്റെ ശിഷ്യനായിരുന്ന ചെറുപ്പക്കാരനായ രമണൻ ആശ്വാസവാക്കുമായ് എത്തി.
വീട്ടിലെ പട്ടിണികണ്ട് കടയിൽ നിന്നും സാധനങ്ങളുമായ് വന്നു.
പിന്നീട് അത് പതിവായ്.
ശരിക്കും രമണന്റെ വരവ് ആശ്വാസം പകരുന്നതായിരുന്നു.
ഒരു നാൾ തന്നോടുള്ള പ്രണയം തുറന്നു പറഞ്ഞു.
സാഹചര്യമാവാം എതിരൊന്നും പറഞ്ഞില്ല.
സ്നേഹം നൽകിയപ്പോൾ തന്റെ മനസ്സ് കൊടുത്തു.വിവാഹവാഗ്ദാനം നൽകിയപ്പോൾ ശരീരവും.
മനസ്സും ശരീരവും ഒന്നായ്.
ആ കൂടിച്ചേരൽപകലുകളിൽ നിന്നും രാവുകളിലേയ്ക്ക് മാറിയത് യാദൃശ്ചികമായിരുന്നു.
ഒരു നാൾ രാവിൽരമണന്റെ കൂടെ ഒരാൾ കൂടെ ഉണ്ടായിരുന്നു.
ഉമ്മറപ്പടിയിലിരുന്നു അവർ മദ്യപിക്കുന്നത് കണ്ടപ്പോൾ തിളച്ച് മറിഞ്ഞ കോപം അടക്കി.
എന്തായാലും വിവാഹശേഷം ഈ പരുപാടി സമ്മതിച്ച് കൊടുക്കില്ല.മനസ്സിൽ ഉറപ്പിച്ചു.
അന്ന് രാത്രി രമണന് പകരം കൂട്ടുകാരൻ തന്റെ കട്ടിലിനരികെ വന്നപ്പോൾ ഭയന്നു.
അലറി വിളിക്കാൻ തുടങ്ങിയതന്റെ വായിൽ തുണി തിരുകി.
ആയാളുടെ ആവിശ്യം കഴിഞ്ഞ് പോകുമ്പോൾ. കുറച്ച് നോട്ടുകൾ തനിക്ക് നേരെ നീട്ടി.
കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയതന്നെ നോക്കി ചിരിച്ച് കൊണ്ട് രമണൻ ചോദിച്ചു..
" അവൻ കാശു തന്നല്ലോ അല്ലെ.. ?? കോളടിച്ചല്ലോ.. !!!!"
എല്ലാം മനസ്സിലായ് വന്നപ്പോഴെയ്ക്കും വൈകിപ്പോയിരുന്നു.
പുറത്ത് പറഞ്ഞാൽ അച്ഛനെയും ,അമ്മയെയും ചേർത്ത് വീടും കത്തിച്ചുകളയുംഎന്നുള്ള ഭീഷണി.
എല്ലാം സഹിക്കുകയല്ലാതെ വെറൊന്നും തന്റെ മുന്നിൽ ഇല്ലായിരുന്നു. രമണന്റെ കൂട്ടുകാർകൂടി വന്നു.
താൻ വഴിപിഴച്ചവൾ ആയിരിക്കുന്നു.
രമണനോടുള്ളവാശി തീർക്കാൻ പല ആണുങ്ങളെയും വശീകരിച്ച് വരുത്തി. പതിയെ നാട്ടിൽ അറിയപ്പെടുന്നവളായ് മാറി..
--------------
രമണൻ വാക്കുപാലിച്ചു.. പറഞ്ഞ പോലെ തന്നെ ഒരുരാവിൽ തന്നെത്തേടീ വന്നു.
അന്ന് പൂർണ്ണചന്ദ്രൻ നറുനിലാവ് വിതറി പുഞ്ചിരിച്ച് നിന്നിരുന്നു. ഒരിക്കൽ കൂടി പഴയരാധയായ്.
തന്റെ കയ്യാൽ പകർന്നേകീയ മദ്യവുംനുകർന്ന്
നിലാവിൽ രാസകേളികൾ ആറാടീ
തളർന്ന് രമണൻ തന്നോട് ചേർന്ന് മയങ്ങി.
ഒച്ചപ്പാടും ബഹളവും കേട്ട് ഞെട്ടിഉണർന്നപ്പോൾ ചുറ്റിനും എത്തി നോക്കുന്നമുഖങ്ങൾ കണ്ട് പകച്ചു.പുലർന്നിരിക്കുന്നു.
രമണൻ നൂൽബന്ധമില്ലാതെ വസ്ത്രങ്ങൾക്കായ് ചുറ്റിനും പരതുന്നു.
അന്ന് അവിടെ കൂടീയ ജനം പിരിഞ്ഞത് സന്തോഷത്തോടെ ആയിരുന്നു.
അവിടെ വച്ച് ഞങ്ങളുടെ വിവാഹംനടത്തിയതിന്റെ ചാരിതാർത്ഥ്യം എല്ലാ സദാചാര മുഖങ്ങളിലും കണ്ടു.
രമണൻ തന്റെ കഴുത്തിൽ താലിചാർത്തുമ്പോൾ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന സുകുസാറിന്റെ മുഖത്ത് തങ്ങി.
പറഞ്ഞ് ഉറപ്പിച്ചപോലെ തന്നെഎല്ലാം ഭംഗിയായ് ചെയ്തതിന്റെ അഭിമാനം അ കണ്ണുകളിൽ തെളിഞ്ഞ് നിന്നു.
ഇതായിരുന്നു രമണന് ഞാൻ വിധിച്ച ശിക്ഷ.
അഭിസാരികയുടെ ഭർത്താവിന്റെ വേഷം.
* * * * *
ശുഭം.
✍. Nizar vh .

ചെല്ലോ.


ചെല്ലോ.
മഴമേഘങ്ങൾ മേലാപ്പുവിരിച്ചു നിന്ന ഒരു ശനിയാഴ്ചയായിരുന്നു അന്ന്. ഡിട്രോയ്റ്റിലെ സ്വർഗ്ഗാരോപിത മാതാവിന്റെ പേരിലുള്ള പള്ളിയിലാണ് ആ വിവാഹം നടക്കുന്നത്. ആൻഡി എന്ന ആൻഡ്രിയ റൂസ്സോയും മാർക്ക് ഗെയ്ലും തങ്ങളുടെ വിവാഹത്തിന് ആ ദേവാലയം തെരെഞ്ഞെടുത്തത് പള്ളിയോട് ചേർന്നുളള സെമിത്തേരിയിൽ ആൻഡിയുടെ പപ്പയുറങ്ങുന്നത് കൊണ്ടാണ്.
മൂന്നുമണിക്കാണ് വിവാഹ ചടങ്ങുകൾ തുടങ്ങേണ്ടത്. ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ചുണ്ണാമ്പു കല്ലുകൾ കൊണ്ടു പണിത മനോഹരമായ ദേവാലയത്തിന്റെ നടപ്പുരയിൽ വരനും ഉറ്റ സുഹൃത്തുമൊഴിച്ചുള്ള വിവാഹപാർട്ടിയിലെ അംഗങ്ങൾ തയ്യാറായി കഴിഞ്ഞു. നീലയുടുപ്പിട്ട വധുവിന്റെ കൂട്ടുകാരും അതേ നിറത്തിൽ ടൈ കെട്ടിയ വരന്റെ സംഘവും ഫ്ലവർ ഗേൾസും എല്ലാം തയ്യാറാണ്. എല്ലാവർക്കുമുള്ള നിർദ്ദേശങ്ങളുമായി വെഡ്ഡിംഗ് പ്ലാനർ സിമോണും.
തൂവെള്ള ഗൗണും മുഖം മറച്ച നെറ്റും പൂച്ചെണ്ടുമായി ആൻഡ്രിയ പക്ഷെ വിഷമത്തിലാണ്. ഒരു പെൺകുട്ടിയെ വിവാഹത്തിന് അൾത്താരയ്ക്കു മുന്നിലേക്കു കൊണ്ടു പോകുന്നത് ഒരച്ഛന്റെ കടമയും അവകാശവുമാണ്. പപ്പ മരിച്ചത് കൊണ്ട് ആ ജോലിയേൽപ്പിച്ചത് പപ്പയുടെ അനുജനെയാണ്. അങ്കിളിനെ ഇതുവരെ കാണുന്നില്ല. തലേ ദിവസത്തെ റിഹേഴ്സലിനു പോലും അങ്കിൾ നേരത്തേ പള്ളിയിലെത്തിയതാണ്. ഒരു മുഴുവൻ സമയ മദ്യപാനിയായ അയാളെ അതേൽപിച്ചത് മാർക്കിനോ മമ്മക്കോ ഇഷ്ടമായിരുന്നില്ല. ഇനിയെന്തു ചെയ്യണമെന്നറിയില്ല. സിമോണും ഇതിനെ കുറിച്ച് നേരത്തേ സംശയം പറഞ്ഞതാണ്. അതു കൊണ്ട് അവരോടും അന്വേഷിക്കാൻ പറയാനാവില്ല. അല്ലെങ്കിലും അവരിപ്പോൾ തിരക്കിലാണ്.
കൃത്യം മൂന്നു മണിക്ക് പള്ളിയുടെ പ്രധാന കവാടം തുറന്നു. വൈദികനും സഹായികളുമെത്തി. ദേവാലയത്തിൽ ഏറ്റവും മുന്നിലായി വരനും ബെസ്റ്റ് മാനും സ്ഥാനം പിടിച്ചു. കൊയർ ലോഫ്റ്റിലെ പൈപ്പ് ഓർഗനിൽ നിന്നുയരുന്ന സംഗീതത്തിനുസരിച്ച് വിവാഹ പാർട്ടിയിലെ രണ്ടുപേർ വീതം പ്രദക്ഷിണമായി അകത്തേയ്ക്കു പ്രവേശിച്ചു. ഏറ്റവും പുറകിലായി വന്ന പൂക്കാരി പെൺകുട്ടികളും അവർക്കായി നിശ്ചയിച്ച ഇരിപ്പിടത്തിലെത്തിയപ്പോൾ ഗായക സംഘം ഗാനമവസാനിപ്പിച്ചു.
ഇനി വധുവിന്റെ പ്രവേശനമാണ്. പള്ളിക്കകം നിശബ്ദമായി. വാതിലടഞ്ഞു. മാർക്കിന്റെ ബന്ധുക്കളിലൊരാൾ ആൻഡിക്കു നടക്കുവാനുള്ള പരവതാനി ബെഞ്ചുകൾക്കിടയിലെ നടപ്പാതയിൽ വിരിച്ചു. അതിഥികളോരോരുത്തരായി വധുവിനെ സ്വീകരിക്കാൻ വാതിലിനഭിമുഖമായി എഴുന്നേറ്റു നിന്നു. മാർക്കിന്റെ മുഖത്തും ആകാംക്ഷയും ഒപ്പം കുസൃതിച്ചിരിയുമില്ലേ? വിവാഹ വേദിയിലെത്തുന്നതിന് മുമ്പ് വിവാഹ വേഷത്തിൽ മണവാട്ടിയെ കാണുന്നത് ഭാഗ്യദോഷമായാണ് കരുതപ്പെടുന്നത്. ഒരു പെൺകുട്ടിയെ ഏറ്റവും സുന്ദരിയാക്കുന്ന വേഷത്തിൽ തന്റെ പ്രിയതമയെ ആദ്യമായി കാണുവാൻ കാത്തു നിൽക്കുന്നതു കൊണ്ടാണ് ആകാംക്ഷ. പുഞ്ചിരി ഒരു സർപ്രൈസ് ആണ്. അതു താമസിയാതെ മനസ്സിലാവും.
അടച്ചിട്ട വാതിലിനപ്പുറം ആൻഡ്രിയ കരച്ചിലിന്റെ വക്കിലാണ്. കല്യാണത്തിന്റെ ഒരുക്കങ്ങളിലെല്ലാം പപ്പയുടെ അഭാവം തോന്നിയിരുന്നെങ്കിലും അതേറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് ഇപ്പോഴാണ്. ആൻഡിയുടെ പപ്പ ആന്റോണിയോ റൂസ്സോ, പ്രിയപ്പെട്ടവരുടെ ടോണി, ഒരു ചെല്ലിസ്റ്റായിരുന്നു. ഡിട്രോയ്റ്റ് സിംഫണി ഓർക്കസ്ട്രയിലെ ഒരംഗം. സെന്റ് ക്ലെയർ തടാകത്തിന്റെ കരയിലുള്ള കൊച്ചു വീട്ടിൽ കളിയും ചിരിയും കൊച്ചു പിണക്കങ്ങളും സംഗീതവും നൃത്തവും പങ്കുവച്ച് പപ്പയോടും മമ്മ മെലീസ്സയുമൊത്തുള്ള സ്വപ്നതുല്യമായ ജീവിതത്തിന്റെ ഓർമ്മയിലായിരുന്നു ആൻഡി.
പപ്പയെ ഓർക്കുമ്പോൾ പപ്പയുടെ ചെല്ലോയും ഓർമ്മ വരും . പപ്പയുടെ സ്വകാര്യ അഹങ്കാരം . കൈ കൊണ്ട് കടഞ്ഞെടുത്ത മികച്ച നിലവാരമുള്ള ആ ഉപകരണം പപ്പയുടെ ഉറ്റ സുഹൃത്തിനെ പോലെയായിരുന്നു. സന്തോഷവും സങ്കടവുമെല്ലാം പപ്പ പങ്കുവെച്ചിരുന്നത് ആ ചെല്ലോക്കൊപ്പമായിരുന്നു. പപ്പയുടെ മരണശേഷം ജീവിക്കാനുള്ള ശ്രമത്തിൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും മമ്മ ആ ചെല്ലൊ വിൽക്കാതിരിക്കാൻ ശ്രമിച്ചു. അവസാനം അതും പണയത്തിലായി. പിന്നീടൊരിക്കലും അതു തിരിച്ചെടുക്കാനായില്ല. വർഷങ്ങൾക്കു ശേഷം അന്വേഷിച്ചപ്പോഴേക്കും അതൊരു ലേലത്തിൽ വിറ്റുപോയിരുന്നു.
"ഇറ്റ്സ് ടൈം ആൻഡ്രിയ റൂസ്സോ. ആ പേരിൽ നിന്നെ ഇനി വിളിക്കാനാവില്ലല്ലോ!"
സിമോൺ അവളെ വാതിലിനു മുന്നിലേക്കു നയിച്ചു.
ദേവാലയത്തിന്റെ വാതിൽ അവർക്കായി തുറന്നു. തന്നെ സ്വീകരിക്കാൻ നിൽക്കുന്ന അതിഥികളെ കണ്ടപ്പോൾ അതുവരെ ഇല്ലാതിരുന്ന ഭയം തന്നെ പൊതിയുന്നതവൾ അറിഞ്ഞു. പപ്പയോ അങ്കിളോ കൂടെയുണ്ടായിരുന്നെങ്കിൽ എന്നവളാശിച്ചു.
" നീയൊറ്റക്കല്ല. നീ ഇപ്പോൾ കൂടെ വേണമെന്ന് ഏറ്റവും കൂടുതലാഗ്രഹിക്കുന്ന ആൾ നിന്നോടൊപ്പമുണ്ട്. മ്യൂസിക് തുടങ്ങുമ്പോൾ നടന്നു തുടങ്ങണം. എന്തു വന്നാലും ഒരിക്കലും തിരിഞ്ഞ് നോക്കരുത്. ഓൾ ദ ബെസ്റ്റ് ."
അവസാനത്തെ നിർദ്ദേശവും നൽകി സിമോണും മാറി നിന്നു.
വധുവിനു വേണ്ടിയുള്ള വെഡ്ഡിങ്ങ് മാർച്ചെന്ന സംഗീതം ഉയർന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിയത് അത് ഒരു ചെല്ലോയിലാണ് വായിച്ചത് എന്നായിരുന്നു. ആൻഡിയെ നോക്കിയിരുന്ന പല കണ്ണുകളും അവൾക്ക് മുകളിലുള്ള കൊയർ ലോഫ്റ്റിലേക്ക് പാഞ്ഞു. ടോണിയെ പരിചയമുള്ള പലരും ഒരു നിമിഷം അയാളെ അവിടെ പ്രതീക്ഷിച്ചു.
അവിടെ ആന്റോണിയോ റൂസ്സോയുടെ എ. ആർ എന്ന ഹോളോഗ്രാമുള്ള
ചെല്ലാേയുടെ തന്ത്രികളിൽ വിരലുകളും ബോയും വിസ്മയം വിരിയിച്ചത് ടോണിയുടെ സഹപ്രവർത്തകരിലൊരാളായ റോബർട്ട് ആയിരുന്നു. കൈവിട്ടു പോയ ടോണിയുടെ ചെല്ലോയെ ആൻഡിയും മെലിസ്സയും തിരിച്ചറിഞ്ഞു. മെലിസ കൈ നീട്ടി തന്റെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ കരം ഗ്രഹിച്ചു. നന്ദിയുടെ കണ്ണുനീർ നദികൾ രണ്ടു കവിളിലൂടേയും ഒഴുകി തുടങ്ങി. ചിരിച്ചു കൊണ്ട് അവരുടെ കൈകളിൽ തലോടുക മാത്രമാണ് മാർക്ക് ചെയ്തത്.
വിവാഹസമ്മാനമായി ആൻഡിയ്ക്കു എന്തു നൽകണമെന്ന് തീരുമാനിക്കാൻ അയാൾക്ക് നിമിഷങ്ങളെ വേണ്ടിവന്നുള്ളു. പക്ഷെ ആ ചെല്ലോ കണ്ടു പിടിക്കാൻ മാസങ്ങളെടുത്തു. സുഹൃത്തുക്കളുടെ സഹായത്താൽ എന്നാൽ ആൻഡി അറിയാതെ അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥനെ കണ്ടു പിടിച്ചപ്പോൾ മാർക്കിന് ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു.
വീഞ്ഞും സംഗീത ഉപകരണങ്ങളും ഒരേ പോലെയാണ്. കാലം കഴിയുന്തോറും ഗുണം കൂടും ഒപ്പം വിലയും. ടോണിയുടെ ചെല്ലോയുടെ വില പന്ത്രണ്ടു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ കൂടിയിരുന്നു. പക്ഷെ മാർക്കിന്റെ നിസ്വാർത്ഥമായ പ്രണയം തിരിച്ചറിഞ്ഞ് പല സുമനസ്സുകളും ചേർന്ന് അതയാൾക്ക്
നേടി കൊടുക്കുകയായിരുന്നു.
സിമോണുമായി ആലോചിച്ചാണ് വെഡ്ഡിംഗ് മാർച്ച് വായിക്കാൻ അതിഥികളുടെ ലിസ്റ്റിൽ നിന്ന് റോബർട്ടിനെ തിരഞ്ഞെടുത്തത്. മാർക്കിന്റെ ആവശ്യത്തിനു മുമ്പിൽ വാക്കുകൾ കിട്ടാതെ ഒരു നിമിഷം അയാൾ മൗനിയായി.
"ആൻഡ്രിയയുടെ വിവാഹത്തിന് ടോണിയുടെ സ്ഥാനം ഏറ്റെടുക്കാനാണ് നീ ആവശ്യപ്പെടുന്നത്. അതൊരു അംഗീകാരം തന്നെയാണ്. ടോണിക്കു വേണ്ടി എനിക്കും ആൻഡിക്കു വേണ്ടി നിനക്കും നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനവും അത് തന്നെ. നീയവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും എനിക്കിപ്പോളറിയാം. നിന്നെയോർത്ത് ടോണി അഭിമാനിക്കുന്നുണ്ടാവും."
ആൻഡിയുടെ കണ്ണിൽ പുഞ്ചിരിയുണ്ടായിരുന്നു. ഒപ്പം കവിളിൽ കണ്ണുനീർ ചാലുകളും . പലപ്പോഴും സിംഫണിയോടൊപ്പം പപ്പ ചെല്ലോ വായിച്ച ദേവാലയത്തിൽ അയാളുടെ സാന്നിദ്ധ്യം അവൾ തിരിച്ചറിഞ്ഞു. പപ്പയുടെ സംഗീതത്തിനൊപ്പം നൃത്തം വച്ച പാദങ്ങളോടെ, പപ്പയുടെ കൈ പിടിച്ചെത്തുന്ന ഒരു കുട്ടിയുടെ ആത്മവിശ്വാസത്തോടെ അവൾ തന്റെ പുതിയ ജീവിതത്തിലേക്കുള്ള ചുവടുകൾ വച്ചു. ആൻഡ്രിയ റൂസ്സോയിൽ നിന്ന് ആൻഡ്രിയ ഗെയ്ലിലേക്ക് .

#തനിയെ


നേരിയ ചാറ്റൽ മഴ കാറ്റോടു ചേർന്ന് മുഖത്തേക്ക് വീശിയടിച്ചപ്പോഴാണ് കണ്ണ് തുറന്നത്.ട്രെയിൻ ഏതോ പ്ലാറ്റ്ഫോം വിട്ട് പതിയെ നീങ്ങി തുടങ്ങിയിരിക്കുന്നു.എവിടെയെത്തിയെന്ന് ഒരു നിഃശ്ചയവുമില്ലാതെ ചുറ്റിലും നോക്കി.കോഴിക്കോട് നിന്നും കേറുമ്പോൾ കൂടെ ഉണ്ടായിരുന്ന ആ ചേച്ചി ഇറങ്ങി കാണണം.
സ്ലീപ്പർ ക്ലാസ് ആയത് കൊണ്ട് വലിയ തിരക്കില്ലായിരുന്നു.എങ്കിലും അപരിചിതമായ മുഖങ്ങൾ എന്നിൽ ചെറിയ നിരാശയുണ്ടാക്കി.മലയാളികളെന്ന് പറയാൻ രണ്ടോ മൂന്നോ പേർ മാത്രം.അതിലൊരുത്തൻ ഇടയ്ക്കിടെ എന്നെ ശ്രദ്ധിക്കും പോലെ..
ഫോണെടുത്ത് സമയം നോക്കി. യാത്ര ആരംഭിച്ചിട്ടിപ്പോൾ 6 മണിക്കൂർ പിന്നിട്ടിരിക്കുന്നു.എപ്പോഴായിരിക്കും ഞാനുറങ്ങിപ്പോയത് സ്ഥലകാല ബോധമില്ലാതെ എന്തുറക്കമാണ് ഉറങ്ങിയത്?
പുറം കാഴ്ചയിലേക്ക് ശ്രദ്ധ തിരിച്ചിരുന്നെങ്കിലും ഉള്ളിൽ ഒരു നൂറായിരം ആശങ്കകളായിരുന്നു.
ചാറ്റൽ മഴ ശക്തി പ്രാപിക്കാൻ തുടങ്ങി.നട്ടുച്ചയിലും മേഘമിരുണ്ട് ഇരുട്ട് വന്ന് നിറയുന്നുണ്ട്.ട്രെയിനിൽ നേരിയ വെളിച്ചം തെളിഞ്ഞു .വിൻഡോ ഷട്ടർ താഴ്ത്തി വീണ്ടും കണ്ണടച്ച് കിടന്നു.
എം സി എ കഴിഞ്ഞ് ഇതിപ്പോ മൂന്നാമത്തെ ഇന്റർവ്യൂയാണ് നാളെ അറ്റൻഡ് ചെയ്യാൻ പോകുന്നത്.ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ.
ഇന്ന് ബാംഗ്ലൂരുള്ള അമ്മയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് നാളെ രാവിലെ ഒമ്പതിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം.വൈകുന്നേരം ആറു മണിയോടെ ട്രെയിൻ സ്റ്റേഷനിൽ എത്തും അവിടെ അവരാരെങ്കിലും കാത്ത് നിൽക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്.ഇത്രയും ദൂരം ഒറ്റക്കൊരു യാത്ര ആദ്യമായാണ്. ശെരിക്കും പറഞ്ഞാൽ മറ്റുള്ളവരിൽ നിന്നും ഒരൊളിച്ചോട്ടം.
പഠനം കഴിഞ്ഞ ആ മാസത്തിൽ തന്നെ ആയിരുന്നു മനുവുമായുള്ള വിവാഹ നിശ്‌ചയം.ആദ്യമൊക്കെ വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്ന ആൾ പോകെ പോകെ മറ്റൊരു രീതിയിലായി പെരുമാറ്റം .വിളിക്കുന്നിടത്തെല്ലാം കൂടെ ചെല്ലണമെന്നായി.വിവാഹം കഴിയാതെ ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോൾ പിന്നെ സ്ത്രീധനത്തെ കുറിച്ചായി സംസാരം.അച്ഛൻ ഗൾഫിലാണെങ്കിലും സമ്പാദ്യമെന്ന് പറയാൻ ഞങ്ങൾ മൂന്ന് പെൺമക്കളല്ലാതെ മറ്റൊന്നുമില്ലാത്തത് കൊണ്ട് ,ആദ്യമേ അതേ കുറിച്ച് സംസാരിച്ചതായിരുന്നു.നല്ല വിദ്യാഭ്യാസം ഞാനെന്റെ മക്കൾക്ക് നൽകും അതാണ് ഞാൻ നൽകുന്ന സ്ത്രീധനം എന്നച്ഛൻ പറഞ്ഞിട്ടും,എന്ത് കിട്ടും എന്നതിനെ കുറിച്ച് അയാൾ അന്വേഷിച്ച് കൊണ്ടേയിരുന്നു .സഹികെട്ട് എനിക്കീ വിവാഹം വേണ്ടച്ഛ എന്ന് പറയുമ്പോൾ അച്ഛനെന്റെ കൂടെ നിന്ന് ആശ്വസിപ്പിച്ചു.വിവാഹത്തിന് ഒരു മാസം മുമ്പേ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.പക്ഷെ ബന്ധുക്കളെന്ന് അറിയപ്പെടുന്നവർ തന്നെ പലതും പറഞ്ഞു നടന്നു.എല്ലാവരുടെയും ചോദ്യങ്ങൾക്കും കുത്ത് വാക്കുകൾക്കും ഇടയിൽ നിന്നും താത്കാലികമായി ഒരൊളിച്ചോട്ടം.
അമ്മ പല തവണ പറഞ്ഞതാണ് തനിയെ ഒരു യാത്ര വേണ്ട.അമ്മാവന്റെ മോൻ കൂട്ട് വന്നോളുമെന്ന് .ഒറ്റക്ക് പൊയ്ക്കോളാം എന്ന് എനിക്കായിരുന്നു നിർബന്ധം.അല്ലേലും അവനെ കൂടെ കൂട്ടിയിട്ട് എന്ത് കാര്യം.ആണുങ്ങളെ പൊതുവെ വിശ്വസിക്കാൻ കൊള്ളില്ല .അവനെ തീരെയും.ജോലികിട്ടിയാലും ഇടക്കുള്ള യാത്രകൾ ഞാൻ ഒറ്റക്ക് തന്നെ ചെയ്യണ്ടേ? എന്റെ മുടന്തൻ ന്യായങ്ങൾക്ക് മുന്നിൽ അമ്മയുടെ വാ അടഞ്ഞു.പക്ഷെ ഇപ്പൊ എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം.ഫോണെടുത്ത് അമ്മയുടെ ഫോണിലേക്കു ഡയൽ ചെയ്‌തെങ്കിലും കിട്ടുന്നെ ഇല്ലായിരുന്നു.
"എന്താ കാൾ കണക്ട് ആവുന്നില്ലേ?"
വീണ്ടും വീണ്ടും ഡയൽ ചെയ്യുന്നത് കാണ്ടാവണം എതിർ സീറ്റിലിരുന്ന അവനെന്നോട് ചോദിച്ചു.
ഉള്ളിലുള്ള നിരാശ മുഖത്തേക്ക് പ്രതിഫലിപ്പിക്കാതിരിക്കാൻ പാടുപെട്ട് ഒരു പുച്ഛ ഭാവത്തോടെ ഞാനവനെ നോക്കി.
മറുപടിയൊന്നും പറയാത്തത് കൊണ്ടാകാം പിന്നെ ഒന്നും മിണ്ടിയില്ല. പുറത്ത് മഴകനത്ത് കൊണ്ടിരുന്നു.ട്രെയിനിന്റെ വേഗത തീരെ കുറഞ്ഞു കുറഞ്ഞു വന്നു.
ആറു മണിയോടെ യശ്വന്തപുർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ട ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് എത്തിയത്.മഴക്ക് നേരിയ ശമനമുണ്ടായിരുന്നു.പുറത്തിറങ്ങിയെങ്കിലും പരിചയമുള്ള ഒരു മുഖവും എനിക്കായ് കാത്തു നിന്നില്ല.ഫോൺ ചാർജ് തീർന്ന് സ്വിച് ഓഫ് ആകാനായിരിക്കുന്നു.കയ്യിലുള്ള നമ്പറിൽ പലതവണ വിളിച്ച് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു ചോദ്യം
"എങ്ങോട്ടാണ് പോകേണ്ടത്?"
തിരിഞ്ഞ് നോക്കിയ ഞാൻ ഞെട്ടി. ട്രെയിനിൽ വെച്ച് കണ്ട അവൻ തന്നെ.
ഇവനെന്തിനാവാം എന്നെ ഇങ്ങനെ പിന്തുടരുന്നത്?
"ഇവിടെ ഈ നേരത്തതിങ്ങനെ ഒറ്റക്ക് നില്കുന്നത് ബുദ്ധിയല്ല .ആർകെങ്കിലും വിളിക്കണമെങ്കിൽ ഇതിൽ നിന്ന് വിളിച്ചോളൂ"
അവൻ ഫോണെടൂത്ത് എന്റെ നേർക്ക് നീട്ടി.
ഞാൻ വലിയ പ്രതീക്ഷയോടെ അത് വാങ്ങി.
ഡയൽ ചെയ്ത നമ്പർ ചെക്ക് ചെയ്യാൻ നിർദേശിച്ച് അതും നിരാശയിൽ അവസാനിച്ചു..
"എവിടേക്കാണ് പോകേണ്ടത്?"
എനിക്ക് പറഞ്ഞു കൊടുക്കാൻ ഈ നമ്പറല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
"ഞാനിവിടെ ഒരു ഇന്റർവ്യൂന് വന്നതാണ്..നാളെയാണ്..
കുടുംബക്കാരുണ്ട് ഇവിടെ.
വരാമെന്ന് പറഞ്ഞതാണ്...."
സങ്കടവും നിരാശയും ഒന്നിച്ച് വന്നെന്റെ ശബ്ദമിടറി.
"വിരോധമില്ലെങ്കിൽ കൂടെ വന്നോളൂ.ഞാൻ പെങ്ങളുടെയും അളിയന്റെയും കൂടെയാണ് താമസം.അവിടെ എത്തീട്ട് എന്തെങ്കിലും ചെയ്‌യാം ഈ പെരും മഴയിൽ ഇവിടിങ്ങനെ തനിച്ച്..."
എന്റെ അഹങ്കാരത്തിന്റെ മുനയൊടിഞ്ഞു.അഭയ സ്ഥാനം കിട്ടിയ പോലെ ഞാനവന്റെ പിറകെ നടന്നു.നിറഞ്ഞ് വന്ന മിഴികൾ വെറുതെ ആരെയൊക്കെയോ തിരഞ്ഞു.
ഒരു ടാക്‌സി വിളിച്ച് എന്നോടതിൽ കേറാൻ ആവശ്യപ്പെട്ടു.ഇടക്കവൻ ആർക്കൊക്കെയോ വിളിക്കുന്നുണ്ടായിരുന്നെങ്കിലും കാൾ കണക്ട് ആവാതെ പല തവണ ഫോൺ കട്ട് ചെയ്തു .അല്പദൂരം പിന്നിട്ട് ഒരു ഫ്ളാറ്റിന് മുന്നിൽ ആ ടാക്‌സി നിന്നു.ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ഭയം കൊണ്ടെന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.അടുത്ത നിമിഷം എന്തും സംഭവിക്കാം വലിയൊരു ട്രാപ്പിലാണ് നീ വന്ന് പെട്ടതെന്ന് മനസ്സെന്നോട് പറഞ്ഞ് കൊണ്ടേയിരുന്നു.ലിഫ്റ്റിൽ കേറി ഏഴാം നമ്പർ അമർത്തി അവനെന്റെ മുഖത്തേക്ക് നോക്കി.
"എവിടെയാണ് ഇന്റർവ്യൂ?"
പറയാനൊന്നും കിട്ടാതെ ബാഗിൽ നിന്നും കമ്പനിയുടെ അഡ്രെസ്സ് എടുത്ത് ഞാനവന് നേരെ നീട്ടി.എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.
"എന്തിനാണിങ്ങനെ പേടിക്കുന്നത്.എന്നെ നല്ലൊരു സുഹൃത്തായി കാണാം"
ഞാൻ ഒന്നും മിണ്ടിയില്ല.
ലിഫ്റ്റിറങ്ങി എഴുപത്തി മൂന്നാം നമ്പർ വാതിലിനരികിലെത്തി.മറ്റു വാതിലുകളെല്ലാം അടഞ്ഞ് കിടക്കുന്നു.ചുറ്റിലും ഭയാനകരമായ നിശബ്‌ദത മാത്രം. അതിനെ കീറിമുറിക്കാനെന്നവണ്ണം മഴ തിമിർത്ത് പെയ്യുന്നു .കാളിങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല.
"ഇതെവിടെ പോയി കിടക്ക വിളിച്ചാ ഫോണും എടുക്കില്ല"
പിറുപിറുത്ത് കൊണ്ട് അവൻ വീണ്ടും ഫോണെടുത്ത് ആർക്കോ ഡയൽ ചെയ്തു.ഇപ്രാവശ്യം മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.
"ചേച്ചീ എവിടാ ?വാതിൽ തുറക്ക്
എന്ത് ?? എപ്പോ ?? എന്തായിരുന്നു ?
ആ ശെരി "
"അവരിവിടെ ഇല്ല.അളിയന്റെ അമ്മാവന്റെ മോൻ ഒരാക്സിഡന്റിൽ മരിച്ചു.പെട്ടന്ന് പോകേണ്ടി വന്നത്രെ"
ഫോൺ വെച്ചു കൊണ്ട് എന്നോടിത് പറയുന്നതിനിടയിൽ ചാരിവെച്ച ഒരു ചെറിയ വിൻഡോയിലൂടെ കയ്യിട്ട് ചാവി എടുത്തുകൊണ്ടവൻ വാതിൽ തുറന്നു.
"പേടിക്കണ്ട കേറി വന്നോളൂ"
ഒരു നിമിഷം എന്ത് വേണമെന്നറിയാതെ ഞാൻ പകച്ചു നിന്നു.
തെരുവിലേക്ക് ഇറങ്ങുന്നതിലും ഭേദം ഇത് തന്നെയാണെന്ന് മനസ്സ് പറഞ്ഞു.
"ആ റൂം ഉപയോഗിച്ചോളൂ .ഇവിടെ രണ്ട് റൂമേ ഒള്ളു അതാണ് ഞാൻ ഉപയോഗിക്കുന്ന റൂം.ഇന്നൊരു ഡേ അല്ലെ ഞാനിവിടെ എവിടേലും കിടന്നോളാ.
ആ പിന്നേയ് അതിന്റെ ലോക്ക് കേടാണ്.അഡ്ജസ്റ്റ് ചെയ്യണം.മറ്റേ റും അവർ ലോക്ക് ചെയ്തിട്ടുണ്ടാകും"
വെള്ളിടിവാൾ ഏറ്റ പോലെ അതെന്റെ കാതിലേക്ക് വീണ്ടും വന്ന് മുഴങ്ങി.ഇറങ്ങി ഓടിയാലോ?പക്ഷെ എവിടെം വരേ?
"വിശക്കുന്നില്ലേ ഞാനെന്തേലും വാങ്ങിയിട്ട് വരാം"
വിശപ്പും ദാഹവുമൊക്കെ ഇല്ലാതായിരിക്കുന്നു.എങ്കിലും ഞാനൊന്നും പറഞ്ഞില്ല.അവൻ പുറത്തേക്ക് പോയതും ഞാനവിടെ ചുറ്റിലും നോക്കി.
ഈശ്വരാ ഞാൻ പെട്ട് പോയോ?ഇവന്റെ കൈ കൊണ്ടായിരിക്കുമോ എന്റെ മരണം.ഒറ്റക്കൊരു ഫ്ലാറ്റിൽ ഒരു യുവാവിന്റെ കയ്യിൽ അകപ്പെട്ടാൽ....
ആവശ്യമില്ലാത്ത പല ചിന്തകളും മനസിലേക്ക് കേറി വന്നു.തല കറങ്ങുന്ന പോലെ തോന്നി.റൂമിൽ കേറി മൊബൈൽ ചാർജിൽ ഇട്ടു. ശേഷം അടുക്കളയിലേക്ക് നടന്നു.ഒരു ചെറിയ ഷെൽഫിന് അരികിൽ കറിക്കത്തി ഇരിക്കുന്നതെന്റെ ശ്രദ്ധയിൽ പെട്ടു.മറ്റൊന്നും ഞാനപ്പോൾ ആലോചിച്ചില്ല.അതുമെടുത്ത് തിരിഞ്ഞ് നടക്കുമ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.കൈ ഷ്വാളിനകത്തേക്ക് ഒളിപ്പിച്ച് വെച്ച് വാതിൽ തുറന്നതും,കയ്യിൽ രണ്ട് പൊതിയുമായ് അവൻ ചിരിച്ച് നിൽക്കുന്നു.
നിന്റെ ഈ ചിരിയൊക്കെ എന്തിനാണെന്ന് എനിക്ക് നന്നായിട്ടറിയാം ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് തിരിഞ്ഞ് നടന്നു.
കഴിച്ചെന്ന് വരുത്തി തീർത്ത് എഴുന്നേറ്റു. ചാർജിൽ വെച്ചിരുന്ന ഫോൺ സ്വിച് ഓൺ ചെയ്ത് നോട്ട് പാഡിൽ അവൻ ടാക്‌സിക്കാരനോട് പറഞ്ഞ സ്ഥലവും ഫ്ലാറ്റ് നമ്പറും കുറിച്ച് വെച്ചു.കൂടെ ഞാനൊരു അപകടത്തിൽ പെട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ടൈപ്പ് ചെയ്ത് സേവ് എന്നമർത്തി.ഒരപകടം എപ്പോഴും പ്രതീക്ഷിക്കാം.പെട്ടെന്നെടുത്ത് ആർക്കെങ്കിലും സെന്റ് ചെയ്യാൻ വേണ്ടിയായിരുന്നു അത്.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സമാധാനം കിട്ടിയില്ല .ലൈറ്റ് അണക്കാനെന്തോ ധൈര്യവുമില്ലായിരുന്നു.കത്തി തലയിണക്ക് താഴെ തന്നെ കരുതി.എപ്പോഴും തുറക്കപ്പെടാവുന്ന ചാരിയ വാതിലിലേക്ക് തന്നെ മിഴികൾ തുറന്ന് കിടന്നു.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.ചാരിയ വാതിൽ ചെറിയൊരു ശബ്ദത്തോടെ പതിയെ തുറക്കപ്പെട്ടു.ഭയം കൊണ്ട് ഞാൻ കണ്ണുകൾ ഇറുകെ അടച്ചു.കൈ തലയിണക്കടിയിലൂടെ കത്തിയിൽ മുറുക്കെ പിടിച്ചു.നിമിഷങ്ങൾക്ക് ശേഷവും അനക്കമൊന്നുമില്ലാതായപ്പോൾ പതിയെ മിഴികൾ തുറന്ന് നോക്കി .എനിക്ക് അഭിമുഖമായുള്ള ഷെൽഫിൽ നിന്നും ഏതോ ബുക്ക് തിരയുകയാണവൻ .ശ്വാസം അടക്കി പിടിച്ച് ഉറക്കം നടിച്ച് തന്നെ കിടന്നു.ഏതോ പേപ്പർസ് കയ്യിലെടുത്ത് അവൻ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞ് നടന്നു.അപ്പോഴായിരിക്കണം എന്നെ ശ്രദ്ധിച്ചത്.മറ്റൊരു ഷെൽഫിൽ നിന്നും ഒരു പുതപ്പെടുത്ത് എന്നെ പുതപ്പിച്ച് വാതിൽ പതിയെ ചാരി അവൻ പുറത്തേക്ക് പോയി.
ദീര്ഘമായൊരു നിശ്വാസത്തോടെ ഞാൻ കണ്ണ് തുറന്നു.ഹൃദയമിടിപ്പിന്റെ താളം പതിയെ സാധാരണ ഗതിയിലേക്കെത്തുന്നത് ഞാനറിഞ്ഞു .എന്റെ സകല പുരുഷ സങ്കല്പങ്ങളെയും മാറ്റിമറിച്ച് തന്റെ ആരുമല്ലാത്ത ഒരാണിന്റെ സംരക്ഷണം ഞാനാദ്യമായി അനുഭവിച്ചു. ആശ്വാസത്തിന്റെ നീർതുള്ളികൾ എന്റെ അനുവാദത്തിന് കാത്ത് നിൽക്കാതെ പൊഴിഞ്ഞ് കൊണ്ടിരുന്നു.
ചാറ്റൽ മഴയോടെയാണ് പിറ്റേന്നും നേരം പുലർന്നത്.ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് തനിയെ പൊയ്ക്കോളാമെന്ന് പറഞ്ഞെങ്കിലും എന്റെ കൂടെ വന്നു.തിരിച്ച് നാട്ടിലേക്ക് പോകുമ്പോൾ സ്റ്റേഷനിൽ പോകേണ്ട വഴിയും ഓരോ കാര്യങ്ങളും പറഞ്ഞ് തന്നു കൊണ്ടേ ഇരുന്നു.പിരിയാൻ നേരം അവന്റെ നമ്പരാണ് എന്ത് ആവിശ്യമുണ്ടെങ്കിലും വിളിക്കാമെന്ന് പറഞ്ഞ് ഒരു കടലാസ് കഷ്ണം എനിക്ക് നേരെ നീട്ടി.ഞാനത് വാങ്ങി ഒരു നന്ദിവാക്ക് പോലും പറയാതെ തിരിഞ്ഞ് നടന്നു.പതിയെ തുറന്ന് നോക്കി. 'കിരൺ' നീല മഷിയിൽ ഭംഗിയായെഴുതിയ ആ പേര് വീണ്ടും വീണ്ടും വായിച്ചു.ശേഷം കൈ കൊണ്ട് ചുരുട്ടി ആ കടലാസ് തുണ്ട് ദൂരേക്കെറിഞ്ഞു.ഞങ്ങൾ ഇനിയും കാണേണ്ടവരാണ്..മനസ്സ് വെറുതെ പറഞ്ഞു തിരിഞ്ഞ് നോക്കുമ്പോൾ അവൻ നിന്നിടം ശ്യൂന്യമായിരുന്നു.എങ്കിലും നിരാശ തോന്നിയില്ല.ആത്മവിശ്വാസത്തോടെ ഓഫീസിന്റെ പടികൾ കേറുമ്പോൾ മഴ തോർന്നിരുന്നു എന്റെ മനസുപോലെ...
Sebiya thasnim

കൂടപ്പിറപ്പുകളുടെ സ്നേഹം


ഗർഭ നാളുകളിൽ ഏഴാം മാസത്തിൽ കൂട്ടിക്കൊണ്ടുപോവൽ ചടങ്ങ് വരാൻ നോക്കിയിരുന്നു......
രാവിലെ കുളിച്ച് കല്യാണ സാരിയുമുടുത്ത് ആഭരണങ്ങളും അണിഞ്ഞ് ഇരിപ്പായി ...
ബന്ധുക്കളെല്ലാം എത്തി... ക്ഷീണമാണല്ലോ മുഖത്ത് 'ആൺ കുട്ടിയാകും.. എന്ന് ചിലർ :- ''നല്ല തടിവച്ചു പെൺകുഞ്ഞായിരിക്കുമെന്ന് മറ്റു ചിലർ... എന്ത് കുഞ്ഞായാലും ദൈവം തരുന്നതിനെ കൈ നീട്ടി വാങ്ങണമെന്ന ഉപദേശവുമായി ചില അമ്മമാർ ... അതിനിടക്ക് നിനക്ക് എന്ത് കുഞ്ഞിനെയാ ടീ ഇഷ്ടം എന്ന് ചോദിച്ചു കൊണ്ട് ചില തല്ലിപ്പൊളി കൂട്ടുകാരീസ്: .....
ഏഴു തരം പലഹാരങ്ങളും നാട്ടുനടപ്പനുസരിച്ചുള്ള സമ്മാനവുമായി ഏഴു പേരെത്തി..
നിലവിളക്ക് കൊളുത്തി അമ്മ (അമ്മായമ്മ) യുടെ കയ്യിൽ നിന്നും ഇഞ്ചയും എണ്ണയും വാങ്ങി ദക്ഷിണ കൊടുത്ത് കാൽതൊട്ട് വന്ദിച്ചപ്പോൾ മനസ്സ് എന്തിനെന്നറിയാതെ തേങ്ങി ... രണ്ട് കണ്ണുനീർ തു ള്ളികൾ തെളിവായ് കവിളിലൂടെ ഒലിച്ചിറങ്ങി...
എല്ലാവരോടും യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ ഒരു പൊന്നോമനയുമായി തിരികെ വരാലോ എന്ന സന്തോഷമായ് രുന്നു മനസ് നിറയെ.''
അങ്ങനെ സ്വന്തം വിട്ടിൽ എത്തി... അമ്മയും അനിയത്തിമാരും നൂറു മ്മകൾ കൊണ്ട് പൊതിഞ്ഞു ...
കൊതിയുള്ളതൊക്കെയും ഉണ്ടാക്കി തന്ന് അമ്മയും ഒരു ജോലിയും ചെയ്യിപ്പിക്കാതെ പൊന്നുപോലെ നോക്കിയ അനിയത്തിമാരും സ്നേഹം തുളുമ്പുന്ന മധുര പലഹാരങ്ങളുമായ് എത്തിയ അച്ഛനും '
രാത്രി വയറിൽ കൈവച്ച് അപ്പുറത്തു മിപ്പുറത്തുംകിടന്ന് കുഞ്ഞിന്റെ അനക്കം നോക്കി അതിൽ സന്തോഷിച്ച് കൊഞ്ചിക്കുന്ന അനിയത്തിമാർ, ഉറങ്ങാതെ എനിക്കായ് കാവലിരുന്ന് എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ എന്റെ അനിയത്തിമാരെ ഒരിക്കലും മറക്കാനാവില്ലെനിക്ക് ....
എട്ടാം മാസത്തിന്റെ അവസാന സമയത്ത് ഒരു കുറ്റിച്ചൂൽ കയ്യിൽ തന്ന് മുറ്റമടിപ്പിച്ച അനിയത്തിമാരെ കണ്ട് ഇവരെന്റെ ചേച്ചിമാരാണോ എന്ന് സംശയത്തോടെ രണ്ടിനെയും നോക്കി നിന്നത് ഞാനിന്നും ഒർക്കുന്നു ..
പ്രസവവേദന എന്നേക്കാളേറെ മനസിൽ അനുഭവിച്ച് എന്നെ ചേർത്ത് പിടിച്ച് കരഞ്ഞ എന്റെ അനിയത്തിമാരെന്റെ സ്വത്താണ് .....
ലേബർ റൂമിലേക്ക് കയറാൻ നേരം ഒരു കൈ ഭർത്താവിനും ഒരു കൈ അനിയത്തിക്കുട്ടീസിനും കൊടുത്ത് ഞാൻ വിതുമ്പിയതും അതു കണ്ട് വിഷമിക്കല്ലേ ചേച്ചീ എന്ന് പറഞ്ഞ് എന്റെ കരത്തെ മാറോടടുപ്പിച്ച് അവർ തന്ന ധൈര്യവും മായാതെ മനസ്സിലുണ്ട്...
കുഞ്ഞുവാവയെ കാണാൻ ഓടി വന്ന് വാവയെ കയ്യിൽ വച്ച് നെറുകയിൽ ഒരുമ്മ കൊട്ത്ത് ചിറ്റമാർ എന്ന ആധിപത്യം സ്ഥാപിച്ച അവർ എനിക്കെന്നും അത്ഭുതമാണ് ...
പ്രസവനാളുകളിൽ എന്നെ ശുശ്രൂഷിച്ചും കുഞ്ഞിനെ നോക്കിയും അവരെ നിക്ക് കാണിച്ചു തന്നത് നന്മയുള്ള അവരുടെ മനസിനെയാണ് ...
തൊണ്ണൂറിന്റ ന്ന് തിരികെ വരാൻ നേരം കുഞ്ഞിനെയും എന്നെയും ചേർത്ത് പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞ് യാത്രയയക്കുമ്പോൾ ഈറനണിഞ്ഞ അവരുടെ കണ്ണുകൾ ഒരു പേമാരിയായി പെയ്തൊഴുകി
...
സ്വത്തല്ലേ എനിക്കവർ ... ദൈവം കനിഞ്ഞനുഗ്രഹിച്ചു തന്ന എന്റെ സ്നേഹ നിറകുടങ്ങളായ അനിയത്തിമാർ .... അതു കൊണ്ടാവണം കുഞ്ഞിനിന്ന് എന്നെക്കാളേറെ ഇഷ്ടം അവരോടാ ... എനിക്കതിൽ സന്തോഷമേയുള്ളൂ'' കാരണം അവരെന്റെ മക്കളാ....
കൂടപ്പിറപ്പുകളുടെ സ്നേഹം ഞാൻ മനസിലാക്കിയ ദിവസങ്ങൾ ... രക്ത ബന്ധത്തിന്റെ കാഠിന്യം ഞാനനുഭവിച്ചറിഞ്ഞു.'' ഒരു പക്ഷേ ഞങ്ങൾ പെൺകുട്ട്യോൾ മാത്രം ആയതോണ്ടാകാം ആ അടുപ്പം ഒരു മറയുമില്ലാതെ പരസ്പരം പ്രകടിപ്പിക്കാൻ ഇന്നും കഴിയുന്നത് .....
NB : വന്ന് കയറിയ പെണ്ണിന്റെ ഇടപെടലുകൾ മൂലമോ അല്ലെങ്കിലുമോ സ്വന്തം സഹോദരങ്ങൾ തമ്മിൽ കലഹിക്കുന്നത് പാപമാണ്...' അതു കണ്ട് സന്തോഷിക്കുന്നവർ മഹാപാപികളും.
ഭർത്താവിന് പുല്ലുവില എന്ന് ചേട്ടന്മാർ ദയവായി വിചാരിക്കരുത്.. കാരണം നമുക്കറിയാം ഭർത്താവിന്റെ പ്രാധാന്യം :: കാണാതെ പോകുന്ന ചില മനസുകൾ: അത്രയേ വിചാരിച്ചുള്ളൂ..
ശരണ്യ ചാരു

"കോടമഞ്ഞ് പോലെ" (കഥ)

"കോടമഞ്ഞ് പോലെ" (കഥ)
=======================
"കുളീം തേവാരോം കഴിഞ്ഞില്ല്യേ ലക്ഷ്മിയുട്ട്യേ?"
"ഉവ്വ് മൂത്തശ്ശീ"
"മൂത്തശ്ശീടെ കാപ്പി കിട്ടീല്ല്യാലോ കുട്ട്യേ"
"ദാ..കൊണ്ടര്ണൂ മൂത്തശ്ശീ"
ലക്ഷ്മി വടക്കിനിയിലേക്ക് നടന്നു. പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പത്ത് വച്ചു. വിറക് കൊള്ളികൾ അടുപ്പിൽ തിരുകി. തീപ്പെട്ടിയുരച്ച് ഓലക്കൊടി കത്തിച്ചു അടുപ്പിലേക്ക് നീട്ടി. വിറകിൽ തീ കത്തിപ്പിടിക്കുന്നില്ല. അടുപ്പിൽ നിന്ന് പുക വമിക്കുകയാണ്. കുനിഞ്ഞ് നിന്ന് അടുപ്പിലേക്ക് ശക്തിയായി ഊതി. മൂക്കിലും വായിലും പുക കയറിയപ്പോൾ അവൾ വല്ലാതെ ചുമച്ചു.
"ഈശ്വരാ എന്നാ ഈ നരകത്തീന്ന് ഇനിയൊരു മോചനം" അവൾ ആത്മഗതമെന്നോണം പറഞ്ഞു.
അടുപ്പിലെ തീജ്വാലകൾക്കൊപ്പം ലക്ഷ്മിയുടെ മനസ്സിലെ കനലുകളുയർന്നു.
പത്താം തരം ജയിച്ചപ്പോൾ കൂടുതൽ മാർക്ക് നേടാൻ കഴിഞ്ഞില്ല. നായരായിപ്പോയില്ലേ. കോളേജിൽ പ്രവേശനം ലഭിച്ചില്ല. ജാതി സംവരണ വിഭാഗത്തിൽ പെട്ടതിനാൽ, മാർക്ക് വളരെ കുറവായിട്ടും, കൂട്ടുകാരി രാധക്ക് പട്ടണത്തിലെ പ്രസ്തമായ കോളേജിൽ തന്നെ പ്രവേശനവും ലഭിച്ചു. പിന്നീട് രാധ പ്രീഡിഗ്രി തോറ്റുവെങ്കിലും റവന്യു വകുപ്പിൽ L.D ക്ലർക്കായി ജോലി ലഭിച്ചു. ഉദ്യോഗക്കയറ്റം കിട്ടി ഇന്നവൾ തഹസിൽദാറാണ്.
വയസ്സ് മുപ്പത്തിമൂന്നായി തനിക്ക്. എല്ലാ പെൺകുട്ടികളെയും പോലെ വിവാഹ ജീവിതത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ കണ്ടു. ഈ പ്രായത്തിൽ ഇനിയൊരു കല്യാണം നടക്കുമെന്ന് തോന്നുന്നില്ല. മുപ്പത്തിയഞ്ച് വയസ്സായ ഏടത്തിയും വീട്ടിലിരിപ്പാണ്. ഏടത്തിക്ക് ചൊവ്വാദോഷം മൂലമാണ് കല്യാണം നടക്കാതെ പോയതെങ്കിൽ ശുദ്ധ ജാതകക്കാരിയായ തനിക്ക് കല്യാണം നടക്കാതെ പോയത് അമ്മാവന്മാരുടെ കടുംപിടുത്തം മൂലമാണ്. എത്ര ആലോചനകൾ വന്നു. "നമുക്ക് ചേർന്ന ബന്ധമല്ല... തറവാടിത്തമില്ല....സർക്കാരുദ്യോഗസ്ഥനല്ല"...അങ്ങനെ പല കാരണങ്ങൾ പറഞ്ഞ് വന്ന ആലോചനകളെല്ലാം മുടക്കിയത് അമ്മാവന്മാരാണ്. അച്ഛനുണ്ടായിരുന്നെങ്കിൽ തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു. അച്ഛന്റെ വിരലിൽ തൂങ്ങി പറമ്പിലും പാടത്തുമെല്ലാം നടന്നതും...കാണ്ണിമാങ്ങ പെറുക്കിയതും..മുറ്റത്തെ ഇലഞ്ഞിക്കൊമ്പിലിട്ട ഊഞ്ഞാലിൽ അച്ഛന്റെ മടിയിലുരുന്ന് ഊഞ്ഞാലാടിയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരു ദിവസം ത്രിസന്ധ്യ നേരത്ത് അങ്ങാടിയിൽ നിന്ന് വരുമ്പോൾ സർപ്പക്കാവിനടുത്ത് വച്ച് സർപ്പ ദംശനമേറ്റതും, വിഷ വൈദ്യൻ വീട്ടിൽ വന്നതും... "നേരത്തോട് നേരം കാലം കൂടൂലാ"യെന്നു പറഞ്ഞതും.. നേരം പുലരും മുമ്പേ അച്ഛൻ തങ്ങളെയെല്ലാം വിട്ടു പോയതും..അച്ഛന്റെ വിറങ്ങലിച്ച ശരീരം കെട്ടിപ്പിടിച്ച് കരഞ്ഞതും...........
"കാപ്പി കാലായില്ല്യേ ലക്ഷ്മിയുട്ട്യേ?"
നേര്യേതിന്റെ അറ്റം കൊണ്ട് കണ്ണുകൾ തുടച്ച്, ചൂടുള്ള കാപ്പിയുമായി ലക്ഷ്മി മുത്തശ്ശിയുടെ അരികിലെത്തി.
"സാവിത്രിക്കുട്ടി എണീറ്റില്ല്യേ?"
"ഇല്ല്യാന്ന് തോന്ന്ണൂ"
"നേരത്തെ എണീക്കില്യ...കുളീംല്യ...തേവരോംല്ല്യാ...മച്ചില് ഭഗവതി കുടിയിരിക്ക്ണ തറവാടാന്നുള്ളൊരു വിചാരോം ല്യാണ്ട്....അശ്രീകരം" മുത്തശ്ശി പിറുപിറുത്തു.
ഇങ്ങനെയൊന്നുമല്ലായിരുന്നു ഏടത്തി. നേരത്തെ എണീക്കും...വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കും...എല്ലാവരോടും വളരെ സ്നേഹത്തിൽ പെരുമാറിയിരുന്നതാണ്. ഇപ്പൊ എല്ലാ കാര്യങ്ങളോടും ഒരു നിഷേധാത്മക മനോഭാവമാണ്. ഒരുപാട് ആലോചനകൾ വന്നതാണ് ഏടത്തിക്ക്. ചൊവ്വാദോഷം മൂലം ഒന്നും ശരിയായില്ല. ഏഴാം ഭാവത്തിൽ ചൊവ്വയുള്ള ഒരു സ്‌കൂൾ മാഷ്‌ടെ ആലോചന വന്നു. അയാൾക്ക് ഏടത്തിയെ ഇഷ്ടായി, ഏടത്തിക്ക് മാഷിനെയും. പക്ഷേ "കുടുംബ പാരമ്പര്യം നമുക്ക് യോജിച്ചതല്ല" എന്ന് വല്യമ്മാവൻ. അതും കൂടി മുടങ്ങിയതോടെയാണ് ഏടത്തി ഈ മാനസികാവസ്ഥയിലായത്.
"സ്വഭാവം പോലെ തന്നെ അവളുടെ കാര്യങ്ങളും" മുത്തശ്ശിയുടെ ശാപവാക്കുകൾ.
"കാര്യങ്ങളാണ് സ്വഭാവം ഇങ്ങനെയാക്കിയത്" എന്ന് പറയണമെന്ന് തോന്നി ലക്ഷ്മിക്ക്. പക്ഷേ "ധിക്കാരം പറയേ" എന്ന് മുത്തശ്ശി ചോദിക്കേണ്ട എന്ന് വിചാരിച്ച് അവളൊന്നും മിണ്ടിയില്ല.
രണ്ടാമത്തെ അമ്മാവൻ കല്യാണം കഴിച്ച്, എല്ലാ നായന്മാരെയും പോലെ ഭാര്യവീട്ടിലാണ് താമസം. ലക്ഷ്മിയെ കൂടാതെ ഏടത്തി സാവിത്രിയും വല്യമ്മാവനും ചെറിയമ്മാവനും മുത്തശ്ശിയും അമ്മയും അമ്മയുടെ അനുജത്തിയുമാണ് ഈ നാലുകെട്ടിൽ താമസക്കാർ. ചെറിയമ്മയും ചൊവ്വാ ദോഷക്കാരിയായതിനാൽ കല്യാണം കഴിക്കാതെ വീട്ടിലിരിപ്പാണ്. വല്യമ്മാവനും ചെറിയമ്മാവനും കല്യാണം കഴിച്ചിട്ടില്ല. ചെറിയാമ്മാവൻ ഒരു പ്രേമനൈരാശ്യക്കാരനാണത്രെ. വല്യമ്മാവൻ കല്യാണം കഴിക്കാതിരുന്നതിന്റെ കാരണം ആർക്കും അറിയില്ല.
 അമ്മാവന്മാർ മൂന്ന് പേരും തൊഴിൽ രഹിതരാണ്. വല്യമ്മാവനാണ് വീട്ടുകാര്യങ്ങൾ നോക്കുന്നത്. ഉണ്ണാനുള്ള അരിക്ക് വേണ്ട കൃഷിയുണ്ട്. വലിയൊരു പറമ്പ്. പറമ്പ് നിറയെ മാവും പ്ലാവും പുളിയും ആഞ്ഞിലിയുമെല്ലാമുണ്ട്. ഒന്ന് രണ്ട് പറമ്പുകൾ വേറെയും. അത്യാവശ്യം നാളികേരമുണ്ട്. വീട്ടുചെലവുകൾ അത് കൊണ്ട് കഷ്ടിച്ച് കഴിയും. മാങ്ങാക്കാലമായാൽ പിന്നെ എല്ലാത്തിനും മാങ്ങയാണ്. കണ്ണിമാങ്ങ കൊണ്ട് കാടുമാങ്ങയുണ്ടാക്കും, മാങ്ങാ അച്ചാറ്, ഉപ്പിലിട്ട മാങ്ങ അടുത്ത മാങ്ങാക്കാലം വരെയുണ്ടാകും. മാങ്ങ പഴുത്താൽ എന്നും മാമ്പഴ പുളിശ്ശേരി, മൽസ്യം വല്ലപ്പോഴുമേ വാങ്ങൂ. വാങ്ങാറില്ല എന്ന് തന്നെ പറയാം. മാംസത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പരിപ്പ് കൊണ്ടൊരു മുളകൂഷ്യം, കൊണ്ടാട്ട മുളകും. അതാണ് എന്നും ഊണിനുള്ള കൂട്ടാൻ. ഇടക്ക് പപ്പടം കിട്ടിയെങ്കിലായി. ചക്കക്കാലമായാൽ പിന്നെ എല്ലാത്തിനും ചക്ക തന്നെ. ചെറുതാവുമ്പോൾ ഇടിച്ചക്ക, വലുതായാൽ എന്നും ചക്കക്കൂട്ടാൻ. പഴുത്താൽ പിന്നെ എന്നും ഒരു നേരം ചക്ക. അങ്ങനെയൊക്കെയാണ് ഭക്ഷണ രീതി.
സാവിത്രിയും പത്താം തരം പാസ്സായതാണ്. ലക്ഷ്മി പത്തിൽ ജയിച്ച ശേഷം രണ്ട് പേരും കൂടി ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിക്കാൻ പോയി. രണ്ട് കൊല്ലം കൊണ്ട് രണ്ട് പേരും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവറും ഹയറും ഷോർട് ഹാൻഡും പാസ്സായി. L.D ക്ലർക്കിന്റെയും L.D ടൈപ്പിസ്റ്റിന്റെയും സ്റ്റെനോഗ്രാഫറുടെയും PSC പരീക്ഷകൾ പലതും എഴുതി. തൊഴിലിലും നായർക്ക് സംവരണമില്ലല്ലോ. ഒന്നിലും നിയമനം കിട്ടിയില്ല രണ്ട് പേർക്കും.
"കന്നുകളെ മാറ്റിക്കെട്ടീട്ട് തൊഴുത്തിലെ ചാണകം കോരിയൊഴിവാക്കണേ രമേശാ".....പണിക്കാരൻ രമേശനോട് മുത്തശ്ശി വിളിച്ച് പറഞ്ഞു.
"ശരി തമ്പ്രാട്ടീ"
കന്നുകളെ പറമ്പിൽ കൊണ്ടുപോയി കെട്ടിയ ശേഷം രമേശൻ തിരികെ വരുമ്പോൾ വടക്കേ മുറ്റത്ത് വേപ്പില നുള്ളിക്കൊണ്ട് നിൽക്കുന്നു ലക്ഷ്മി.
"ഇന്നെന്താ...വിശേഷം വല്ലതുംണ്ടോ ലക്ഷ്മിത്തമ്പ്രാട്ട്യേ?"
"എന്ത് വിശേഷം രമേശാ...വേപ്പില മുളകൂഷ്യത്തിലിടാനാ"
"ഞാൻ ശ്രദ്ധിക്കാറുണ്ട്..ലക്ഷ്മിത്തമ്പ്രാട്ടീടെ മൊകത്ത് എപ്പളും ഒരു വെഷമം"
"വെഷമംല്ല്യാണ്ടിരിക്ക്വോ...രമേശനറിയാലോ കാര്യങ്ങളൊക്കെ"
"ഞാൻ കൊറേ കാലായി മനസ്സി കരുത്ണ്....പറയാനൊരു അവസരം കാത്തിരിക്ക്യായിരുന്നു"...
"എന്താ രമേശാ കാര്യം?"
"ഞാൻ വിളിച്ചാ തമ്പ്രാട്ടി എന്റെ കൂടെ വര്വോ?" ഒന്ന് ശങ്കിച്ച്, അൽപ്പം ഭയത്തോടെ വിറയാർന്ന സ്വരത്തിലാണ് രമേശൻ ചോദിച്ചത്.
ചോദ്യം കേട്ട് ലക്ഷ്മി അന്ധാളിച്ചുപോയി.
"എന്താ രമേശാ ഈ പറയണേ....ജാതി...കുടുംബം....അമ്മാവന്മാര് കേട്ടാ നിന്നെ കൊന്നുകളയും"...
"തമ്പ്രാട്ടി എന്റെ കൂടെ വര്വോ?...അത് പറഞ്ഞാ മതി"
"എന്നോടുള്ള സഹതാപം കൊണ്ടാണോ?"
"ആദ്യമൊക്കെ സഹതാപമായിരുന്നു...പിന്നെ പിന്നെ എനിക്ക് തമ്പ്രാട്ടിയോട് വല്ലാത്തൊരു ഇഷ്ടം,തമ്പ്രാട്ടി സുന്ദരിയല്ലെ..കല്യാണം കഴിക്കാനൊരു മോഹം".
"നിന്നെക്കാൾ ആറ് വയസ്സ് കൂടുതലുണ്ട് എനിക്ക്"
"വയസ്സൊന്നും എനിക്ക് പ്രശ്നമല്ല"
"എന്നെ ധർമ്മസങ്കടത്തിലാക്കല്ലേ രമേശാ"....
"തമ്പ്രാട്ടീടെ സങ്കടം ഒഴിവാക്കാൻ വേണ്ടിയാ"
"എനിക്കിപ്പം ഒന്നും പറയാൻ പറ്റില്യ"
"പറ്റും...എനിക്കറിയാം...ഇനി ഞാൻ തമ്പ്രാട്ടീന്ന് വിളിക്കൂലാ....ലക്ഷ്മീന്നെ വിളിക്കൂ"....
"എന്നാലും രമേശാ"....
"ഒരു എന്നാലും ല്യ"
അടുത്ത ദിവസം കണ്ടപ്പോൾ ലക്ഷ്മി വളരെ സന്തോഷവതിയായിരുന്നു. ആ മുഖത്ത് നിന്ന് രമേശൻ വായിച്ചെടുത്തു ലക്ഷ്മി രമേശന്റേതാവാൻ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു എന്ന്.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ രമേശനെ കാണാനില്ല.
"ഈശ്വരാ...രമേശന് എന്ത് സംഭവിച്ചു!...മനസ്സിൽ മോഹങ്ങൾ ഉണർത്തിയിട്ട്... അവൻ തന്നെ വഞ്ചിച്ചതാവുമോ?...അതോ അമ്മാവന്മാർ വിവരമറിഞ്ഞിട്ട് അവനെ ഉപദ്രവിച്ചുവോ"....ലക്ഷ്മിയുടെ മനസ്സ് പിടയുകയാണ്.
"രമേശന് ഒന്നും വരുത്തല്ലേ ന്റെ കൃഷ്ണാ"......അമ്പലത്തിൽ പോയി അവൾ ദിവസേന പ്രാർത്ഥിച്ചു.
ഊണും ഇല്ല..ഉറക്കവും ഇല്ല....ഭ്രാന്തിയെപ്പലെ അവൾ ദിവസങ്ങൾ തള്ളിനീക്കി.
"ഭഗവതീ...എന്താ പറ്റ്യേ...ന്റെ കുട്ടിക്ക്"....അമ്മക്ക് ആധിയായി.
ഒരു മാസം കഴിഞ്ഞു. പെട്ടെന്നൊരു ദിവസം രമേശൻ ലക്ഷിമിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. തൊഴുത്തിന്റെ പിറകിൽ നിൽക്കുന്ന രമേശന്റെയടുത്തേക്ക് അവൾ ഓടിച്ചെന്നു.കെട്ടിപ്പിടിച്ച് അവന്റെ മാറിൽ തലചായ്ച്ച് അവൾ പൊട്ടിക്കരഞ്ഞു.
"എന്നെ തീ തീറ്റിച്ചൂലോ നിയ്യ്" തേങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
"ഞാൻ വായനാട്ടിലായിരുന്നു ലക്ഷ്മീ...വല്യച്ഛന്റെ മോൻ ദിനേശൻ അവിടെ കൂപ്പില് പണിയെടുക്കുകയാ...അവിടെ എനിക്കും പണി കിട്ടി...ഒരു മാസം ജോലി ചെയ്തു...രണ്ട് ദിസത്തെ ലീവ് എടുത്ത് ഞാൻ വന്നതാ...നിന്നെ കൊണ്ടുപോകാൻ"....
"അയ്യോ...എങ്ങനെയാ ഇവടന്ന് പുവ്വാ"....
"അതൊക്കെ ണ്ട്..ഞാൻ പറയാം....പിന്നെ ലക്ഷ്മീ..അവിടെ ചെറിയൊരു വീട് ഞാൻ വാടകക്കെടുത്തിട്ടുണ്ട്...അടുത്തടുത്ത് വീടുകളാ....ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് നിനക്ക് ട്യൂഷൻ എടുത്ത് കൊടുക്കാനും പറ്റും...നേരം പോയിക്കിട്ടും. പോക്കറ്റ് മണി വല്ലതും കിട്ടുകയും ചെയ്യും"
"ന്നാലും രമേശാ എനിക്ക് പേടിയാവുന്നു."
"ലക്ഷ്മി ഒന്നോണ്ടും പേടിക്കെണ്ടാ.. ഞാനില്ലെ കൂടെ...ലക്ഷ്മിയെ ഞാൻ പൊന്നു പോലെ നോക്കും"
അന്ന് സന്ധ്യക്ക് മുറ്റത്തെ തുളസിത്തറയിൽ വിളക്ക്‌ വയ്ക്കുമ്പോൾ, ആരും കാണാതെ ലക്ഷ്മി കുറെ തുളസിയിലകളും കതിരും നുള്ളിയെടുത്തു.
തെക്കിനിയിൽ ലക്ഷ്മിയും സാവിത്രിയും ഒന്നിച്ചാണ് കിടക്കുന്നത്. നേരം പാതിരാത്രിയായിക്കാണും. ലൈറ്റിട്ടാൽ ഏടത്തി ഉണരും. കരുതിവച്ചിരുന്ന തീപ്പെട്ടിയുരച്ച് ചിമ്മിനി വിളക്ക് കത്തിച്ചു, തിരി താഴ്ത്തി വച്ചു. ഏടത്തി ഉണരുകയാണെങ്കിൽ വിളക്കൂതണം. സന്ധ്യയ്ക്ക് നുള്ളിയെടുത്ത തുളസിയിലയും നൂലുണ്ടയും കട്ടിലിനടിയിൽ ഒളിപ്പിച്ച് വച്ചിരുന്നു. അരണ്ട വെളിച്ചത്തിൽ, തുളസിയിലയും കതിരും നൂലിൽ കോർത്ത് അവൾ ചെറിയ രണ്ട് മാലയുണ്ടാക്കി. ജനവാതിൽ തുറന്ന് വച്ചു.
പുലരാറായപ്പോൾ, മുൻ നിശ്ചയ പ്രകാരം,വീടിന്റെ പിൻഭാഗത്തെ വഴിയിലൂടെ രമേശൻ ജനലിനരികിലെത്തി. വസ്ത്രങ്ങൾ ഒരു തുണിസഞ്ചിയിൽ കരുതിയിരുന്നു. ജനലഴികൾക്കിടയിലൂടെ തുണിസഞ്ചി പുറത്തേക്ക് കൊടുക്കാൻ പറ്റുന്നില്ല. വസ്ത്രങ്ങൾ ഓരോന്നായി അഴികൾക്കിടയിലൂടെ പുറത്തേക്കിട്ടു. പിന്നെ തുണി സഞ്ചിയും. അവ പെറുക്കിയെടുത്ത് രമേശൻ സഞ്ചിയിലാക്കി. തുളസിമാലകളും രമേശനെ ഏൽപ്പിച്ചു.
പതിവുപോലെ അമ്പലത്തിലേക്കെന്ന് പറഞ്ഞ് വെളുപ്പിന് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങി. രമേശൻ അമ്പലമുറ്റത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ശ്രീകോവിലിന് മുന്നിൽ ചെന്ന്, പതിവായി തൊഴുന്ന, ഇഷ്ട ദൈവമായ കൃഷ്ണന്റെ മുൻപിൽ വച്ച് അവർ പരസ്പരം തുളസിമാല ചാർത്തി.
"ത്ര നേരായിട്ടും കുട്ട്യെ എന്താ കാണാത്തെ?" സാവിത്രിയോടായി അമ്മ ചോദിച്ചു.
"ശരിയാണല്ലോ നേരം ശ്ശി ആയാല്ലൊ"
"ഒന്ന് പോയി നോക്കൂ ഭവദാസാ"...ചെറിയമ്മാവനോടായി മുത്തശ്ശി പറഞ്ഞു.
"ങ്ങട് വന്നോളും...ചെറിയ കുട്ടിയൊന്നും അല്ലല്ലോ"
"നേരം എത്രയായീന്നാ നെന്റെ വിചാരം? അത്രടം ഒന്ന് പോയി നോക്കിയാലെന്താ നെനക്ക്?" മൂത്തശ്ശീടെ സ്വരത്തിൽ അമർഷം.
അമ്പലത്തിലും പരിസരത്തുമൊന്നും ലക്ഷ്മിയെ കണ്ടില്ല.
"ലക്ഷ്മിക്കുട്ടി അമ്പലത്തിൽ പോണത് കണ്ടിരുന്നോ രാമൻ നായരെ?"..
റോഡരികിലെ ചായപ്പീടികക്കാരനോട് ചെറിയമ്മാവൻ ചോദിച്ചു.
"കറപ്പന്റെ മോൻ രമേശന്റെ കൂടെ ബസ്സ്‌ കാത്ത് നിക്ക്ണത് കണ്ടൂലോ മേൻനെ....കയ്യിലൊരു സഞ്ച്യൂം ണ്ടാർന്നു"
"എപ്പോ?"
"അതിരാവിലെ...ആറ് മണിക്ക്ള്ള ബസ്സിന്റെ നേരത്ത്"
"ചതിച്ചോ ഭഗവാനെ" ചെറിയമ്മാവന്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
"അസത്ത്...തറവാട് മുടിച്ചൂലോ ന്റെ തേങ്ങാത്തക്കോട്ട ഭഗവതീ"....മുത്തശ്ശി വിറകൊണ്ടു.
“എന്താ ഈ കേക്ക്ണത് ന്റെ ദേവ്യെ...ലക്ഷ്മിയുട്ട്യേ..എങ്ങനെ തോന്നീ ന്റെ കുട്ട്യേ നിനക്കിത് ചെയ്യാൻ"...ലക്ഷ്മിയുടെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞു.
"ഒപ്പോളൊന്ന് മിണ്ടാണ്ടിരിക്ക്ണ് ണ്ടൊ"....ചെറിയമ്മാവനറെ താക്കീത്.
ഇതികർത്തവ്യതാമൂഡയായി നിലകൊണ്ടു ചെറിയമ്മ. അല്ലേലും ഒരു നിസ്സംഗതയാണല്ലോ എല്ലാ കാര്യത്തിലും ചെറിയമ്മക്ക്.
"നന്നായി...അവളെങ്കിലും രക്ഷപ്പെട്ടൂലോ".... സാവിത്രിയുടെ മനസ്സ് പറഞ്ഞു.
"പൊകഞ്ഞ കൊള്ളി പൊറത്ത്...പടിയടച്ചങ്ങട് പിണ്ഡം വെക്ക്ആ.. അത്രതന്നെ"....വലിയമ്മാവന്റെ കൽപ്പന.
"മൂധേവി.....അങ്ങനെയങ്ങട് വിട്ടാ പറ്റില്ല്യാലോ...നമ്മള് മൂന്ന് ആണുങ്ങളില്ല്യേ ഈ തറവാട്ടില്"....ചെറിയമ്മാവൻ കലി തുള്ളി.
അമ്മാവന്മാർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.
രണ്ടാഴ്‌ച്ചക്ക് ശേഷം വയനാട്ടിൽ വെച്ച് രമേശനെയും ലക്ഷ്മിയെയും കസ്റ്റഡിയിലെടുത്ത് പോലീസ് അവരെ കോടതിയിൽ ഹാജരാക്കി.
"രമേശൻ നിങ്ങളെ തട്ടിക്കൊണ്ടുപോയതാണോ?" ലക്ഷ്മിയോട് ജഡ്ജി ചോദിച്ചു.
"ഞങ്ങൾ വിവാഹിതരാണ്. ഞാൻ എന്റെ ഭർത്താവിന്റെ കൂടെ പോയതാണ്"
പ്രായപൂർത്തിയായ അവരുടെ കാര്യത്തിൽ കോടതിക്ക് പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.
ലക്ഷ്മിക്കുട്ടിയുടെ ഒളിച്ചോട്ടം നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കുന്ന വിവരമറിഞ്ഞ് നാട്ടുകാർ കുറെ പേർ കോടതിമുറ്റത്ത് തടിച്ചുകൂടിയിരുന്നു.
അവർക്കിടയിലൂടെ, തലയുയർത്തിപ്പിടിച്ച്, ലക്ഷിമിയുടെ കൈ പിടിച്ച് രമേശൻ കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ലക്ഷ്മിയുടെ ചുണ്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നിറഞ്ഞ പുഞ്ചിരിയും, മുഖത്ത് സന്തോഷവും സുരക്ഷിതത്വ ഭാവവും നിഴലിച്ചിരുന്നു. കോടമഞ്ഞ് പോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്ന അനിർവചനീയമായ ഒരു അനുഭൂതി അവളിപ്പോൾ അനുഭവിച്ചറിയുന്നുന്നുണ്ടെന്ന്, അവളുടെ ഭാവങ്ങളും ശരീര ചലനങ്ങളും വിളിച്ച് പറയുന്ന പോലെ......
.......തൊട്ടിയിൽ......

നേർച്ച


നേർച്ച
* * * *
പത്ത് മണിക്ക് മീൻകാരൻ സുലൈമാൻ കാക്ക തൊണ്ട പൊട്ടിക്കുന്നത് കേട്ടാണ് ഭാര്യ എന്റടുത്തേക്ക് കൈയും നീട്ടി വന്നത്. 
"പഴ്സിൽ നിന്നെടുത്തോ..." 
"പഴ്സെവിടെയാ..?" 
"എന്റെ നെറും തലേല്.. ഹല്ലാ പിന്നെ.പഴ്സ് സാധാരണ ആ പാന്റിന്റെ പോക്കറ്റിലല്ലേയുണ്ടാവാറ്.. " "അതെനിക്കറിയാം..പക്ഷേ രാവിലെ ഒരു നൂറ് രൂപയുടെ ആവശ്യം വന്നപ്പോ ഞാനെല്ലായിടത്തും നോക്കിയതാ.. പോക്കറ്റിലൊന്നും കണ്ടില്ല അതോണ്ടാ ചോദിച്ചത്.." 
"നൂറ് രൂപാ എന്തിനായിരുന്നു..?"
"ഫോണിൽ നെറ്റ് കയറ്റാൻ... എനിക്കും പറ്റുമല്ലോ ഫേസ് ബുക്കും വാട്സപ്പുമൊക്കെ.. ഇപ്പഴല്ലേ എനിക്ക് ഒരു ഫോണ് ഒത്തു കിട്ടിയത്..." 
അളിയൻ വക ഒരു ലൊക്കട ടെച്ച് ഫോൺ കിട്ടിയിട്ടുണ്ട്.. അതിന്റെ ഗമയിലാണിപ്പോ... മകൻ എല്ലാം സെറ്റു ചെയ്തു കൊടുത്തിട്ടുമുണ്ട്... ഇനിയിപ്പൊ നോക്കണ്ട.. 
" പൈസ തരീൻ മീനിപ്പോ പോകും.."
"ആ കുട്ടയിലുള്ള മീനല്ലേ.. അത് ചത്തതാ എങ്ങും പോകില്ല.. " 
"കോമഡി കോമഡി... അതൊക്കെ ഫെസ്ബുക്കിലിട്ടാ മതി..എന്റടുത്തേക്ക് തളളണ്ട...തൽക്കാലം എന്റെയടുത്ത് നിന്ന് എടുത്തോളാം എന്തെങ്കിലും കറി വെക്കണ്ടേ..."
" എവിടുന്ന് എടുത്താലും എന്റടുത്ത് നിന്ന് ഇസ്കിയതല്ലേ..." 
"അതു കൊണ്ട് ഇങ്ങനെ കുടുങ്ങുമ്പാൾ കാര്യങ്ങൾ നടക്കുന്നു .... കഥ പറഞ്ഞ് നിക്കാതെ പഴ്സെവിടെയെന്ന് നോക്കി മനുഷ്യാ... " 
പെഴ്സെവിടെപ്പോകാൻ.. ഇനി പോയോ.. ഏയ്... എന്റെ ദൈവമേ... ആകെയുള്ള ആയിരം രൂപയാ...ഞാൻ ചാടിയെണീറ്റു.ഭാര്യ തിരഞ്ഞിട്ട് കണ്ടില്ലെന്ന് പറഞ്ഞാൽ അപ്പൊ അത് പോയിയെന്ന് കൂട്ടാം. അതിലെ കാശ്, എ ടി എം കാർഡ്, വിസിറ്റിംഗ് കാർഡുകൾ... 
പാൻ‌സിന്റെ പോക്കറ്റിൽ നോക്കി,കാണുന്നില്ല.. അലമാരയിലും ബാഗുകളിലുമെല്ലാം നോക്കി... അവിടെയും സാധനമില്ല.. 
മീൻകാരി വന്നപ്പോൾ ബേജാറു പിടിച്ച എന്റെ മുഖം കണ്ടു ചോദിച്ചു.. 
"എവിടെപ്പോയി കൈയിലെ കോമഡിയൊക്കെ.." 
"എടീ പഴ്സ് കാണുന്നില്ല.. " 
"അത് തന്നെയല്ലേ നിങ്ങളോട് ഞാൻ മലയാളത്തിൽ പറഞ്ഞത് " 
"ഇന്നലെയുച്ചക്ക് കടയിൽ പോയപ്പോഴൊക്കെ ഉണ്ടായിരുന്നതാണല്ലോ. പിന്നെയെവിടെപ്പോയി.." 
"അതിന് ശേഷം രാത്രി എവിടെയെങ്കിലും പോയിരുന്നോ.. ഒന്നോർത്തു നോക്കിക്കേ...ആർക്കെങ്കിലും എന്തെങ്കിലും കഴിഞ്ഞ ശേഷം പൈസ കൊടുക്കാനായി പഴ്സെടുത്തിരുന്നോന്ന്...ഇനി അവിടെയെങ്ങാനും മറന്നു വെച്ചോ.. പറയാൻ പറ്റില്ലല്ലോ... " 
"എന്റെ വായിൽ നിന്നൊന്നും കേക്കാൻ നിക്കണ്ട "
"എത്ര പൈസയുണ്ടായിരുന്നു പഴ്സിൽ...." 
ആയിരത്തിനടുത്തേയുണ്ടായിരുന്നുള്ളൂ... പക്ഷേ കുറെ വിസിറ്റിംഗ് കാർഡുകളും മറ്റുമൊക്കെയുള്ളത് കൊണ്ട് പഴ്സിനെ കണ്ടാൽ ഏഴ് മാസം ഗർഭമുള്ളത് പോലെ തോന്നും.. മോശമാക്കേണ്ടെന്ന് കരുതി ഞാനവളോടൊരു കാച്ചു കാച്ചി.. 
"കാശ് കുറച്ചേയുണ്ടായിരുന്നുള്ളു .. അയ്യായിരം..പക്ഷേ അതല്ല പ്രശ്നം. അതിൽ വില പിടിപ്പുള്ള കുറെ പേപ്പറുകളുണ്ടായിരുന്നു.. " 
"പടച്ചോനെ... എന്നിട്ടാണോ നിങ്ങളിങ്ങനെ അട്ടവും നോക്കിയിരിക്കുന്നത്.. എവിടെയെങ്കിലുമൊക്കെയൊന്ന് തിരഞ്ഞ് നോക്കി മനുഷ്യാ... " 
"എടീ ഞാൻ കുറെ തിരഞ്ഞതാ... നാളെ മീൻ വാങ്ങണമെന്നുണ്ടെങ്കിൽ ഇനി നീ പോയി തിരയ്..." 
"അല്ലേലും പഴ്സല്ലേ പോയത്.. മൊബൈലല്ലോ... അതെങ്ങാനുമാണെങ്കിൽ കാണാമായിരുന്നു... " 
അതും പറഞ്ഞ് എന്നെയൊരു നോട്ടവും നോക്കി അവളും തിരച്ചിൽ തുടങ്ങി.തിരച്ചിലെന്ന് പറഞ്ഞാൽ ഒടുക്കത്തെ തിരിച്ചൽ.. ഞാൻ ആയിരത്തിനും അവർ അയ്യായിരത്തിനും... 
ഞങ്ങളുടെ വെപ്രാളം കണ്ടാണ് അതുവരെ ടാബിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന എട്ടു വയസുകാരി മകൾ കാര്യമന്വേഷിച്ചത്.. പ്രശ്നമറിഞ്ഞപ്പോൾ അവൾ പറയുന്നു. ജാവ സിമ്പിളാണെന്ന്..അതവിടെ അലമാരയിൽ ഡ്രസിനിടയിൽ ഞാനിപ്പൊ കണ്ടതേയുള്ളൂന്ന്...
ഞങ്ങളിത് വരെ അരിച്ച് പെറുക്കിയിട്ടും കാണാത്ത സാധനം കുറച്ച് മുമ്പുവരെ അവൾ കണ്ടത്രെ.. ഞങ്ങളുടെ അരിപ്പക്ക് ഓട്ടയോ..?ഏതായാലും സങ്ങതി കൈയിൽ കിട്ടി.. ഉടൻ തന്നെ മീൻ വാങ്ങാനെടുത്ത അമ്പത് രൂപ പഴ്സിൽ നിന്നെടുത്ത് ഭാര്യക്ക് കൊടുത്തു അവളുടെ കടം വീട്ടി. ഇനി സമാധാനമായിട്ടിരിക്കാമല്ലോ എന്നു കരുതിയിരിക്കുമ്പോഴാണ് ചങ്കുപിളർക്കുന്ന അവളുടെ അടുത്ത ചോദ്യം വന്നത്..
" ഇനിയൊരു രണ്ടായിരം കൂടി തരണം.."
" രണ്ടായിയിരമോ..? എന്തിന്....?"
"അതെ...പഴ്സ് തിരിച്ച് കിട്ടിയാൽ രണ്ടായിരം രൂപ പള്ളിയിലേക്ക് കൊടുക്കാമെന്ന് ഞാൻ നേർച്ച നേർന്നിരുന്നു.. ന്നാലും ബാക്കി മുവായിരം കൈയിലില്ലേ.. പിന്നെ വില പിടിപ്പുള്ള ആ പേപ്പറുകളും..ക്കൈ കിട്ടിയില്ലെ... സന്തോഷായില്ലേ.."
ഗമയ ടിക്കാനിട്ട അയ്യായിരം ഇങ്ങനെ പള്ളക്കടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..വില പിടിപ്പുള്ള പേപ്പറായിട്ട് അതിലുണ്ടായിരുന്നത് ആകെയുള്ള ആയിരം രൂപയായിരുന്നെന്ന് ഞാനെങ്ങനെയാണാവോ ഇനി ഇവളെ പറഞ്ഞ് മനസിലാക്കുന്നത്. ഇതിലും നല്ലത് ഈപഴ്സിന് ഞങ്ങളുടെയൊന്നും കണ്ണിൽ പെടാതെ എങ്ങോട്ടെങ്കിലും നാടുവിട്ടു കൂടായിരുന്നോ....
__________________________
എം.പി.സക്കീർ ഹുസൈൻ

☞☞☞☞ ഭാര്യയുടെ കാമുകൻ ☜☜☜☜


☞☞☞☞ ഭാര്യയുടെ കാമുകൻ ☜☜☜☜
" രമ്യാ സത്യം പറ, നീ ആരുമായാ രാത്രിയില്‍ ചാറ്റുന്നത്"
ഹരിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് രമ്യ ഒന്ന് ഞെട്ടി
" ഹരിയേട്ടൻ എന്താ ഈ പറയണേ, നമ്മള്‍ രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍ എപ്പോ ചാറ്റാനാ"
അവള്‍ ഒന്നു നിറുത്തിയിട്ട് ഹരിയെ നോക്കി കണ്ണുരുട്ടി
" ഹും... ഇപ്പോ സംശയ രോഗവും തുടങ്ങിയോ"
ഹരി അവളുടെ കണ്ണിലേക്ക് നോക്കി
" എന്റെ രമ്യ നന്നായി അഭിനയിക്കാനൊക്കെ പഠിച്ചല്ലോ"
രമ്യയുടെ മുഖം ചുവന്നു
" ദേ ഹരിയേട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ"
രമ്യ അടുക്കളയിലേക്ക് വേഗത്തില്‍ പോകാനൊരുങ്ങി. അവളെ തടഞ്ഞ് ഹരി
" വേണ്ട... അഭിനയം ഇനി വേണ്ട. ഞാന്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ ഉറങ്ങി എന്ന് കരുതി രാത്രിയില്‍ നീ നിന്റെ കള്ള കാമുകനുമായി ചാറ്റുന്നതും, അശ്ലീല സംഭാഷണങ്ങൾ നടത്തുന്നതും കുറച്ച് ദിവസങ്ങളായി ഞാന്‍ കേൾക്കുന്നുണ്ട്. അതുകൊണ്ട് അഭിനയം വേണ്ട"
രമ്യ പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിയുടെ കാൽകൽ വീണു
" ഹരിയേട്ടാ മാപ്പ്. നമ്മളുടെ മക്കളെ കരുതിയെങ്കിലും എനിക്ക് മാപ്പ് തരണം. ഞാന്‍ ചെയ്ത മഹാപാപത്തിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാന്‍ ചെയ്യാം"
ഹരി അവളെ പിടിച്ചുയർത്തി
" ഈ കണ്ണുനീര്‍ മതി നീ ചെയ്ത തെറ്റ് കഴുകി കളയാൻ. പക്ഷെ നീ എനിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യണം"
ഒന്നു നിറുത്തിയിട്ട് ഹരി തുടര്‍ന്നു
" എന്നെക്കാള്‍ നിനക്ക് സന്തോഷം തരുന്ന, എന്നെക്കാള്‍ കൂടുതല്‍ നിന്നെ സ്നേഹിക്കുന്ന ആ രസികനായ കാമുകന്റെ ഭാര്യയെ നീ നിന്റെ കൂട്ടുകാരിയാക്കണം. അവളുടെ സുഖവും, ദുഃഖവും, സന്തോഷവും എല്ലാം തുറന്ന് പറയാന്‍ പറ്റുന്ന ഒരു കൂട്ടുകാരിയായി നീ മാറണം. ഇനി അതിന് ശേഷമേ നമ്മള്‍ തമ്മില്‍ കാണൂ. എന്നോട് കൂടുതലൊന്നും ചോദിക്കരുത്"
രമ്യ ഹരി പറഞ്ഞത് തലയാട്ടി സമ്മതിച്ചു.
ദിവസങ്ങള്‍ക്ക് ശേഷം. ഇന്ന് ഹരിയും രമ്യയും ഹാപ്പിയാണ് അവര്‍ക്കിടയില്‍ കള്ളവുമില്ല ചതിയുമില്ല.
" രമ്യാ, നിന്റെ കാമുകനെ ഇന്ന് ഞാന്‍ കാണാന്‍ പോവാ"
അവള്‍ ഒന്ന് പുഞ്ചിരിച്ചു.
ഹരി കാമുകന്റെ ഓഫീസില്‍ പോയി അയാളെ കണ്ടു. രമ്യയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അയാളൊന്ന് പരുങ്ങി
" എന്റെ ഭാര്യ ഒരു തെറ്റ് ചെയ്തു. പക്ഷെ ഞാന്‍ അവളെ വഴക്ക് പറയുകയോ, ഇട്ടിട്ട് പോവുകയോ ഒന്നും ചെയ്തില്ല. പകരം ഞാന്‍ അവളോട് ഒരു കാര്യം ആവശ്യപ്പെട്ടു. നിങ്ങളുടെ ഭാര്യയുമായി അടുക്കാൻ, അത് എന്റെ ഭാര്യ ഭംഗിയായി ചെയ്തു. നിങ്ങളുടെ ഭാര്യയിൽ നിന്നും അവള്‍ മനസ്സിലാക്കി അവളുടെ കാമുകന്റെ യഥാര്‍ത്ഥ മുഖം. സ്വന്തം ഭാര്യയെ മൃഗീയമായി തല്ലുന്ന, സ്നേഹത്തോടെ ഒരു വാക്ക് പോലും സംസാരിക്കാത്ത നിങ്ങള്‍ മറ്റുള്ള സ്ത്രീകളുമായി കൊഞ്ചുന്നതും കുഴയുന്നതും അവരെ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിക്കാം. പക്ഷെ അവിടെ തകരുന്നത് ഒരു കുടുംബമാണ്, ഒരുപാട് പ്രതീക്ഷകളാണ്. തന്റെ ഭര്‍ത്താവിനെ കുറിച്ച് എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത്, എപ്പോഴും കൂടെ വേണമെന്നും കൊഞ്ചണമെന്നും എന്നൊക്കെതന്നെയാണ് പക്ഷെ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ചിലപ്പോള്‍ ഞങ്ങള്‍ ഭര്‍ത്താക്കൻമാർ അത് അങ്ങ് മറക്കും. ആ അവസരം നിന്നെപ്പോലെയുള്ള കള്ള കാമുകാൻമാർ വളരെ തന്ത്രപരമായി ഉപയോഗിക്കും"
ഒന്നു നിറുത്തിയിട്ട് ഹരി തുടര്‍ന്നു
" ഇതൊക്കെ നിങ്ങളോട് ഞാന്‍ പറയുന്നത്, ഇനിയെങ്കിലും തമാശകളും എളിമയും കാണിച്ച് ഏതെങ്കിലും വീട്ടില്‍ സമാധാനത്തോടെ ജീവിക്കുന്ന സ്ത്രീകളുടെ പിറകെ പോകാതെ സ്വന്തം വീട്ടിലുള്ള ഭാര്യയെ ഒന്ന് സ്നേഹിക്കാൻ ശ്രമിക്കൂ. സ്വന്തം മക്കളെ ലാളിക്കാൻ ശ്രമിക്കൂ. അത് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ എവിടെയും പോകില്ല. ഈ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം നാലു കാലുള്ള കട്ടിലിന്റെ മുകളില്‍ മാത്രമല്ല "
ഇത്രയും പറഞ്ഞ് ഹരി തിരിഞ്ഞു നടന്നു, കുറച്ച് ദൂരം കഴിഞ്ഞ് ഒന്നു നിന്നു
" ആ പിന്നെ, ഞാന്‍ എന്റെ ഭാര്യയെ വഴക്ക് പറയുകയോ , ഉപേക്ഷിക്കുകയോ ചെയ്തിരുന്നെങ്കിൽ അവള്‍ നിന്റെ ചിലന്തി വലയിൽ എളുപ്പത്തില്‍ കുടുങ്ങിയേനേ. ഇപ്പോള്‍ അവള്‍ക്ക് അറിയാം ഭര്‍ത്താവ് എന്നാല്‍ എന്താണ് ജീവിതം എന്നാല്‍ എന്താണ് എന്ന്. അവളെ എന്റെ കാല്‍ കീഴില്‍ അല്ല എനിക്ക് വേണ്ടത്, എന്റെ തോളോട് തോൾ ചേര്‍ന്ന് നടക്കാനാ അവളെ എനിക്ക് വേണ്ടത്"
സിനാസ് സിനു

ഇരട്ടി മധുരം.( ചെറുകഥ)


ഇരട്ടി മധുരം.( ചെറുകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അന്ന് സ്കൂളിൽ പഠിക്കണ കാലത്ത് ഓൾക്ക് എരട്ടിമധരം ഇഷ്ടാന്ന് പറഞ്ഞപ്പൊ, പിന്നെ ഞാനൊന്നും നോക്കീല.വെയിലും മഴേം ഇനിക്ക് ഒരു പ്രശ്നല്ലാർന്ന്. ഓൾക്ക് അത് ഒപ്പിച്ച് കൊട്ത്ത് ആ മൊഞ്ച്ള്ള മോത്തെ ആ മൊഞ്ച്ള്ള ചിരി ഒന്ന് കാണാന് എന്ത് മൊഞ്ചാന്ന് അറ്യോ?.
അത് കാണുമ്പൊ ഞമ്മളെ ഖൽബില് പതിനാലാം രാവ് ഉദിക്കും. ബല്യ പെര്ന്നാളിന്റെ പൂത്തിരി കത്തും.
അങ്ങനെ ഞാന് അങ്ങാടില് വൈദ്യരെ കടന്റെ മുമ്പില് പോയി മാറിനിക്കും. കഷായത്തിന് അരിഞ്ഞു കൂട്ട്യ പൊട്ടും പൊട്യും പൊറത്ത്ക്ക് കൊട്ന്ന് തട്ടുമ്പോ അതില് എരട്ടി മധരംണ്ടാവും.
രാവിലെത്തന്നെ പോയി കടന്റെ മുമ്പില് ഞമ്മള് പാത്തും പതുങ്ങിം ഒരാഴ്ച നിന്നിട്ടും ഞമ്മക്ക് എരട്ടി മധരം കിട്ടീല.
ഞാൻ തോൽക്കോ ഞമ്മക്കാ മൊഞ്ച്ള്ള മോറ് കാണണ്ടെ?.
ഞാൻ ഓടി പറമ്പായ പറമ്പ് മുയ്മൻ ഓടി. എന്തിനാന്നറ്യോ?.
കുറുന്തോട്ടി പറിക്കാനാ.
കുറുന്തോട്ടി പറിച്ചിട്ട് വേര് മണ്ണ് കളഞ്ഞ് വൈദ്യർക്ക് കൊണ്ടോയി കൊട്ത്താ പൈസ കിട്ടും.
അങ്ങനെ കുറുന്തോട്ടി പറിച്ചിട്ട് ഇന്റെ കൈപ്പല രണ്ടും എളകി.ന്നാലും ഞാൻ തോൽക്കോ?.
അന്ന് പറിച്ച കുറുന്തോട്ടി വൈദ്യരെ അട്ത്ത് കൊട്ത്തപ്പൊ വേലായുധൻ വൈദ്യര് പറ്യാ.
"കിട്ടപ്പോ.ന്താച്ചാ കൊട്ത്താളിം'.
കൊറച്ച് കയിഞ്ഞപ്പം കിട്ടപ്പൻ ഒരു ചരടെയ്റ്റ് വരണ്. അത് കണ്ട് ഞാന് വൈദ്യരെ മോത്ത്ക്ക് നോക്കി.
ഹേയ്.... ഹേയ്... എന്തൂട്ട് പരിപാട്യാ കിട്ടപ്പോ.
മ്മളെ കുട്ട്യാ. ആ വേര് നോക്കിന്താച്ചാ കൊട്ക്കിൻ".
ഞമ്മക്ക് മന്ത്രിച്ച ചരട് ആയിട്ട് വന്ന കിട്ടപ്പൻ ചേട്ടൻ ശശി ആയി. അങ്ങനെ കിട്ടപ്പേട്ടൻ ഞമ്മളിം അവുത്ത് ക്ക് കൊണ്ടോയി.
അവ്ടെ ഞമ്മളെ എരട്ടി മധരം വച്ച സ്ഥലം മനസ്സിലാക്കി. അത് കണ്ടപ്പൊ ഞമ്മളെ കരളിനൊരു ആഞ്ചല്. കിട്ടപ്പേട്ടൻ വേര് നോക്കി നോക്കി ഇനിക്ക് പാസാക്കി തന്നത് ഇരുപത് പൈസ. എരട്ടി മധരം കിട്ടാൻ നാൽപത് പൈസ മാണം.
ഞാ പിന്നിം പാഞ്ഞ്. പാഞ്ഞ് പാഞ്ഞ് അവസാനം വള്ളിക്കാട്ടില് മിതുണ്ടി കാക്കാന്റെ പർങ്കൂച്ചിക്കാട്ടില് കേറി പറിച്ച്. മിതുണ്ടി കാക്കേണെങ്കിലോ അണ്ടിക്കള്ളന്മാരെ പുടിക്കാന് പാത്തും പതുങ്ങിം നടക്കണ സമയോം.
മിതുണ്ടി കാക്ക അണ്ടിക്കള്ളനാണെന്ന് ബിജാരിച്ച് ചുള്ളിക്കമ്പും ഇട്ത്ത് ഇന്റെ പിന്നാലെ പാഞ്ഞ്. ഞാൻ പുടികൊട്ക്കോ?.ഇന്റെ ബാപ്പ ആണെങ്കി ഞമ്മള് പുടികൊട്ക്കോ?.
ഞമ്മളെ ഖൽബില് മൊഹബ്ബത്ത് കേറി നിക്കല്ലെ. അങ്ങനെ ഞമ്മള് ചുള്ളിക്കമ്പിനേക്കാളും സ്പീഡില് വേലായുധൻ വൈദ്യരെ കടേലെത്തി.
അങ്ങനെ ഞമ്മളെ വേലായുധൻ വൈദ്യരെ 'കിട്ടപ്പോ' ന്ന് ള്ള വിളി നടക്ക് ണ തിന്റെ ടീല് ഒരു എരട്ടി മധരം ഞമ്മള് മടീ ലാക്കി. പിന്നെ ഞമ്മള് മാന്യായി നാപ്പത് പൈസക്ക് ഒരു കഷ്ണം വാങ്ങി. അങ്ങനെ രണ്ട് കഷ്ണം ഓൾക്ക് ഞമ്മള് കൊണ്ടോയിക്കൊടുത്തപ്പൊ ഓള് ണ്ടിന്റെ കൗളത്ത് ഒരു നുള്ള് നുള്ളിറ്റ്. ദാ പ്പളും ണ്ട് അവ്ടെ തൊടുമ്പോ ഒരു വേദന. അവുടെ മാത്രല്ല ന്റെ ഖൽബിലും.
അങ്ങനെ ത്യാഗം സഹിച്ച് സഹിച്ച് ന്റെ മൊഞ്ചത്തിനെ സന്തോഷിപ്പിച്ച് കാലം കൊറെ പോയപ്പൊ ഓളെ ഉള്ളില് ഒരു എരട്ടി മധരം ബളർന്നത് ഞാനറിഞ്ഞീല.
മരം ബളർന്ന് അതിൽ നെറയെ പൂവും കായും ആയതും ഞമ്മളറിഞ്ഞീല. അവസാനം ഒരു കാക്ക വന്ന് ആ മരത്തിലെ കായൊക്കെ കൊത്തിക്കൊണ്ട് പോണത് ഞമ്മള് നോക്കി നിക്കണ്ടി വന്ന് കൂട്ടരെ.
ഹുസൈൻ എം കെ

ഞാനപ്പോഴേ പറഞ്ഞില്ലേ സാറെ ഫ്രഷാണെന്നു..


വണ്ടി നിർത്തി തട്ടുകടയുടെ അരികിലേക്ക് നടക്കുമ്പോ അറിയാതെ കണ്ണുകൾ അവളിലുടക്കി..
ദൈവമേ എന്തൊരു ഭംഗിയാ ഈ പെണ്ണിനു.
കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുണില്ല..
എന്റെ ആർത്തിയോടെയുള്ള നോട്ടം കണ്ടിട്ടാവണം ഒരാളെടുത്തേക്കു വന്നു..
"എന്താ വേണോ സാറെ.."
വെറ്റിലക്കറയുള്ള പല്ലുകൾ കാട്ടിയുള്ള ചിരിക്കിടയിലും കശാപ്പുകാരന്റെ മുഖഭാവമുള്ള അയാളുടെ കണ്ണുകളിൽ ക്രൗര്യം നിഴലിക്കുന്നുണ്ടെന്നു തോന്നി..
ഞാൻ വേണമെന്നുള്ള അർത്ഥത്തിൽ തലയാട്ടി..
പേഴ്സീന്നു കാശെടുത്തു കൊടുക്കുമ്പോൾ കയ്യൊന്നു വിറച്ചുവോ..
"കൊണ്ടുപോ സാറെ ഫ്രഷാണ്.."
അയാളൊന്നുടെ ചിരിച്ചു..
ഞാനവളെയും കൊണ്ടു വേഗം വാഹനത്തിനരികിലേക്കു നടന്നു..
പിൻസീറ്റിലവളെ ഇരുത്തി ഡ്രൈവിംഗ് സീറ്റിനരികിലേക്കു നടക്കുമ്പോഴാണു ഫോൺ ശബ്ദിച്ചത്..
ഭാര്യയാണു..
നാശം വിളിക്കാൻ കണ്ടസമയം..
മനസിൽ പിറു പിറുത്തു കൊണ്ടു ഫോണെടുത്തു..
"ഇക്കയെവിടാ..
ഞാനല്പം വൈകുമെടീ..
നീ കഴിച്ചു കിടന്നോളൂ.."
പിൻസീറ്റിൽ ചാരിക്കിടന്നു മയങ്ങുന്ന അവളിലേക്ക്‌ കണ്ണുകൾ പായിച്ചു കൊണ്ടുമറുപടി പറഞ്ഞു ഫോൺ കട്ട്ചെയ്തു..
ശേഷം വണ്ടിമുന്നോട്ടേക്കെടുത്തു..
തീരെ വിജനമായൊരു സ്ഥലത്തു എത്തിയപ്പോൾ ഞാൻ വണ്ടി പതുക്കെ റോഡരികിലേക്കൊതുക്കി..
എന്നിട്ടു പിൻവശത്തെ ഡോർ തുറന്നു ഉള്ളിലേക്ക് കയറി..
വാതിലടക്കുന്ന ശബ്ദം കേട്ടാവണം അവൾ മയക്കത്തിൽ നിന്നുണർന്നതു..
ഞാൻ വല്ലാത്തൊരാവേശത്തോടെ അരികിലേക്കു ചെന്നു അവളെയൊന്നു തൊട്ടു..
ലഹരിപിടിപ്പിക്കുന്ന ഗന്ധമാണവൾക്കെന്നു തോന്നി..
പതിയെ മുഖത്തോടു ചേർത്തു ആ ഗന്ധമാസ്വദിച്ചു..
അമർത്തി ചുംബിച്ചു..
പിന്നെയവളുടെ വസ്ത്രമുരിഞ്ഞു വെളിയിലേക്കെറിഞ്ഞു..
എല്ലാംകഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ മനസ്സിലെന്തെന്നില്ലാത്തൊരു കുറ്റബോധം തോന്നിയോ..
പെട്ടെന്നുള്ളൊരാവേശത്തിൽ ഞാൻ ചതിച്ചതു എന്നെക്കാത്തു വീട്ടിലിരിക്കുന്ന ഒരു പെണ്ണിനെയായിരുന്നു..
ഇനിയെങ്ങനെ അവളുടെ മുഖത്തേക്കു നോക്കും..
വേഗംവണ്ടി തിരിച്ചു..
മനസിൽ മുഴുവനും ഭാര്യയുടെ മുഖമാരുന്നു..
നേരത്തെ അവളെ കണ്ടസ്ഥലത്തു വണ്ടിനിർത്തി ഇറങ്ങിയതും വെറ്റിലക്കറയുള്ള പല്ലുകാരൻ അടുത്തേക്കു വന്നു..
"എങ്ങിനുണ്ടാരുന്നു സാറെ.."?
"സൂപ്പർ ഒരു കിലോ കൂടിയെടുക്കു..
എന്റെഭാര്യക്കും ഇതുവല്യ ഇഷ്ടമാണു.."
കണ്ണിറുക്കിയുള്ള അയാളുടെ ചോദ്യമാസ്വദിച്ചു കൊണ്ടുതന്നെ ഞാൻ മറുപടി പറഞ്ഞു..
"ഞാനപ്പോഴേ പറഞ്ഞില്ലേ സാറെ ഫ്രഷാണെന്നു..
ജൈവവളം മാത്രം ചേർത്ത് വീട്ടിലുണ്ടാക്കിയ പൂവമ്പഴമാ..
അതിന്റേതായ രുചിയുണ്ടാവും.."
എന്നുംപറഞ്ഞയാൾ ചിരിക്കുന്നതിനിടെ ബാക്കി കാശും വാങ്ങി ഞാൻ വാഹനത്തിനരികിലേക്കു നടന്നു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo