Showing posts with label ശരണ്യ ചാരു. Show all posts
Showing posts with label ശരണ്യ ചാരു. Show all posts

കൂടപ്പിറപ്പുകളുടെ സ്നേഹം


ഗർഭ നാളുകളിൽ ഏഴാം മാസത്തിൽ കൂട്ടിക്കൊണ്ടുപോവൽ ചടങ്ങ് വരാൻ നോക്കിയിരുന്നു......
രാവിലെ കുളിച്ച് കല്യാണ സാരിയുമുടുത്ത് ആഭരണങ്ങളും അണിഞ്ഞ് ഇരിപ്പായി ...
ബന്ധുക്കളെല്ലാം എത്തി... ക്ഷീണമാണല്ലോ മുഖത്ത് 'ആൺ കുട്ടിയാകും.. എന്ന് ചിലർ :- ''നല്ല തടിവച്ചു പെൺകുഞ്ഞായിരിക്കുമെന്ന് മറ്റു ചിലർ... എന്ത് കുഞ്ഞായാലും ദൈവം തരുന്നതിനെ കൈ നീട്ടി വാങ്ങണമെന്ന ഉപദേശവുമായി ചില അമ്മമാർ ... അതിനിടക്ക് നിനക്ക് എന്ത് കുഞ്ഞിനെയാ ടീ ഇഷ്ടം എന്ന് ചോദിച്ചു കൊണ്ട് ചില തല്ലിപ്പൊളി കൂട്ടുകാരീസ്: .....
ഏഴു തരം പലഹാരങ്ങളും നാട്ടുനടപ്പനുസരിച്ചുള്ള സമ്മാനവുമായി ഏഴു പേരെത്തി..
നിലവിളക്ക് കൊളുത്തി അമ്മ (അമ്മായമ്മ) യുടെ കയ്യിൽ നിന്നും ഇഞ്ചയും എണ്ണയും വാങ്ങി ദക്ഷിണ കൊടുത്ത് കാൽതൊട്ട് വന്ദിച്ചപ്പോൾ മനസ്സ് എന്തിനെന്നറിയാതെ തേങ്ങി ... രണ്ട് കണ്ണുനീർ തു ള്ളികൾ തെളിവായ് കവിളിലൂടെ ഒലിച്ചിറങ്ങി...
എല്ലാവരോടും യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ ഒരു പൊന്നോമനയുമായി തിരികെ വരാലോ എന്ന സന്തോഷമായ് രുന്നു മനസ് നിറയെ.''
അങ്ങനെ സ്വന്തം വിട്ടിൽ എത്തി... അമ്മയും അനിയത്തിമാരും നൂറു മ്മകൾ കൊണ്ട് പൊതിഞ്ഞു ...
കൊതിയുള്ളതൊക്കെയും ഉണ്ടാക്കി തന്ന് അമ്മയും ഒരു ജോലിയും ചെയ്യിപ്പിക്കാതെ പൊന്നുപോലെ നോക്കിയ അനിയത്തിമാരും സ്നേഹം തുളുമ്പുന്ന മധുര പലഹാരങ്ങളുമായ് എത്തിയ അച്ഛനും '
രാത്രി വയറിൽ കൈവച്ച് അപ്പുറത്തു മിപ്പുറത്തുംകിടന്ന് കുഞ്ഞിന്റെ അനക്കം നോക്കി അതിൽ സന്തോഷിച്ച് കൊഞ്ചിക്കുന്ന അനിയത്തിമാർ, ഉറങ്ങാതെ എനിക്കായ് കാവലിരുന്ന് എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ എന്റെ അനിയത്തിമാരെ ഒരിക്കലും മറക്കാനാവില്ലെനിക്ക് ....
എട്ടാം മാസത്തിന്റെ അവസാന സമയത്ത് ഒരു കുറ്റിച്ചൂൽ കയ്യിൽ തന്ന് മുറ്റമടിപ്പിച്ച അനിയത്തിമാരെ കണ്ട് ഇവരെന്റെ ചേച്ചിമാരാണോ എന്ന് സംശയത്തോടെ രണ്ടിനെയും നോക്കി നിന്നത് ഞാനിന്നും ഒർക്കുന്നു ..
പ്രസവവേദന എന്നേക്കാളേറെ മനസിൽ അനുഭവിച്ച് എന്നെ ചേർത്ത് പിടിച്ച് കരഞ്ഞ എന്റെ അനിയത്തിമാരെന്റെ സ്വത്താണ് .....
ലേബർ റൂമിലേക്ക് കയറാൻ നേരം ഒരു കൈ ഭർത്താവിനും ഒരു കൈ അനിയത്തിക്കുട്ടീസിനും കൊടുത്ത് ഞാൻ വിതുമ്പിയതും അതു കണ്ട് വിഷമിക്കല്ലേ ചേച്ചീ എന്ന് പറഞ്ഞ് എന്റെ കരത്തെ മാറോടടുപ്പിച്ച് അവർ തന്ന ധൈര്യവും മായാതെ മനസ്സിലുണ്ട്...
കുഞ്ഞുവാവയെ കാണാൻ ഓടി വന്ന് വാവയെ കയ്യിൽ വച്ച് നെറുകയിൽ ഒരുമ്മ കൊട്ത്ത് ചിറ്റമാർ എന്ന ആധിപത്യം സ്ഥാപിച്ച അവർ എനിക്കെന്നും അത്ഭുതമാണ് ...
പ്രസവനാളുകളിൽ എന്നെ ശുശ്രൂഷിച്ചും കുഞ്ഞിനെ നോക്കിയും അവരെ നിക്ക് കാണിച്ചു തന്നത് നന്മയുള്ള അവരുടെ മനസിനെയാണ് ...
തൊണ്ണൂറിന്റ ന്ന് തിരികെ വരാൻ നേരം കുഞ്ഞിനെയും എന്നെയും ചേർത്ത് പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞ് യാത്രയയക്കുമ്പോൾ ഈറനണിഞ്ഞ അവരുടെ കണ്ണുകൾ ഒരു പേമാരിയായി പെയ്തൊഴുകി
...
സ്വത്തല്ലേ എനിക്കവർ ... ദൈവം കനിഞ്ഞനുഗ്രഹിച്ചു തന്ന എന്റെ സ്നേഹ നിറകുടങ്ങളായ അനിയത്തിമാർ .... അതു കൊണ്ടാവണം കുഞ്ഞിനിന്ന് എന്നെക്കാളേറെ ഇഷ്ടം അവരോടാ ... എനിക്കതിൽ സന്തോഷമേയുള്ളൂ'' കാരണം അവരെന്റെ മക്കളാ....
കൂടപ്പിറപ്പുകളുടെ സ്നേഹം ഞാൻ മനസിലാക്കിയ ദിവസങ്ങൾ ... രക്ത ബന്ധത്തിന്റെ കാഠിന്യം ഞാനനുഭവിച്ചറിഞ്ഞു.'' ഒരു പക്ഷേ ഞങ്ങൾ പെൺകുട്ട്യോൾ മാത്രം ആയതോണ്ടാകാം ആ അടുപ്പം ഒരു മറയുമില്ലാതെ പരസ്പരം പ്രകടിപ്പിക്കാൻ ഇന്നും കഴിയുന്നത് .....
NB : വന്ന് കയറിയ പെണ്ണിന്റെ ഇടപെടലുകൾ മൂലമോ അല്ലെങ്കിലുമോ സ്വന്തം സഹോദരങ്ങൾ തമ്മിൽ കലഹിക്കുന്നത് പാപമാണ്...' അതു കണ്ട് സന്തോഷിക്കുന്നവർ മഹാപാപികളും.
ഭർത്താവിന് പുല്ലുവില എന്ന് ചേട്ടന്മാർ ദയവായി വിചാരിക്കരുത്.. കാരണം നമുക്കറിയാം ഭർത്താവിന്റെ പ്രാധാന്യം :: കാണാതെ പോകുന്ന ചില മനസുകൾ: അത്രയേ വിചാരിച്ചുള്ളൂ..
ശരണ്യ ചാരു

കൊടുത്താ കൊല്ലത്തും കിട്ടും


കൂലിപ്പണി കഴിഞ്ഞെത്തിയ അമ്മ വീട്ടുജോലി ചെയ്യുന്നത് കണ്ടിട്ടും അവളുടെ മനസ്സലിഞ്ഞില്ല.''ഒരു പെണ്ണായ താൻ ഈ വീട്ടിലിരിക്കുമ്പോൾ പണി കഴിഞ്ഞെത്തിയ അമ്മ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ എന്ന് അവൾ ചിന്തിച്ചില്ല...
അമ്മക്കൊരസുഖം വന്നാൽ അച്ഛൻ വീട്ടിലെ ജോലി ചെയ്യുമ്പോഴും ഫോണിൽ ഫെയ്സ് ബുക്കും വാട്ട്സ്ആപ്പും നോക്കി ടി.വി യും കണ്ടിരിക്കുന്ന മകളെ കണ്ട് അവർ സങ്കടപ്പെട്ടിട്ടുണ്ടാകും എന്നും അവളോർത്തില്ല...
രണ്ട് അടി കൊട്ത്ത് മകളെ മര്യാദ പഠിപ്പിക്കണം എന്ന അയൽക്കാരന്റെ ഉപദേശം കേട്ടിട്ടും തന്റെ മകൾക്ക് വേണ്ടി അവനോട് വാദിച്ച മാതാപിതാക്കുടെ മനസ്സ് അവൾ കണ്ടില്ല ...
സമയാസമയം മുന്നിലെത്തുന്ന ആഹാരവും വസ്ത്രവും എവിടെ നിന്നാണെന്നോ എങ്ങനെ കിട്ടുന്നതാണെന്നോ അവൾ അന്വേഷിച്ചിട്ടില്ല: ...
ചോദിക്കുമ്പോ ചോദിക്കുമ്പോ കൊടുക്കുന്ന പൈസ എവിടെ നിന്നാണെന്ന് അവൾ അറിയാൻ ശ്രമിച്ചിട്ടില്ല ..
സ്നേഹിച്ച പുരുഷനെ ഒരുപാടെതിർപ്പുകൾക്ക് ശേഷം വിവാഹം കഴിക്കാൻ സമ്മതിച്ച വീട്ടുകാർ അവളുടെ മുന്നിൽ തോറ്റു കൊടുത്തത് അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല...
പക്ഷേ'' ഇന്നെല്ലാം അവളറിയുന്നുണ്ട്..
അമ്മായി അമ്മയുടെ അഭാവവും തളർന്ന് കിടക്കുന്ന അമ്മായി അ ച്ഛനും അവൾക്കൊരു സഹായവുമില്ലാത്ത ഭർത്താവും ഇന്നവളെ എല്ലാം അറിയിക്കുന്നുണ്ട്...
ഒരു പനി വന്നാൽ .... വിരലൊന്ന് മുറിഞ്ഞാൽ വിശ്രമിക്കാനാകാതെ വീട്ടുജോലികൾ ചെയ്യേണ്ടി വരുന്ന അവസ്ഥയിൽ അവൾ സ്വന്തം അമ്മയെ ഓർക്കാറുണ്ട്...
സുഖമില്ലാതെ കിടന്നാൽ പോലും തിരിഞ്ഞു നോക്കാത്ത ഭർത്താവിനെ കാണുമ്പോൾ അമ്മയെ സഹായിച്ചിരുന്ന അച്ഛനെ ഓർക്കാറുണ്ട് .. അവരുടെ സ്നേഹം തിരിച്ചറിയുന്നുണ്ട്...
തന്റെ അച്ഛനും അമ്മക്കും തന്നോടുണ്ടായിരുന്ന സ്നേഹം അവൾ മനസ്സിലാക്കിയത് കുഞ്ഞി നെ നോക്കാൻ മനസ് കാണിക്കാത്തഭർത്താവിനെ കണ്ടപ്പോഴാണ്...
വസ്ത്രം വാങ്ങാൻ പിശുക്ക് കാണിച്ച് തരുന്ന പൈസ നോക്കി തന്റെ മാതാപിതാക്കൾ തനിക്കായി മാത്രം ചെലവഴിച്ച പൈസയെ ഓർത്ത് സങ്കടപ്പെടാറുണ്ട്....
ഉണ്ണാതെ, ഉറങ്ങാതെ ഓരോ ദിവസം തള്ളി നീക്കുമ്പോഴും ചെയ്തു പോയ പാപങ്ങളെയോർത്തവൾ പശ്ചാത്തപിക്കാറുണ്ട്...
ഇനിയും ബാക്കി !!!: ചെയ്തു പോയ തെറ്റുകൾക്കൊക്കെയും '' കിട്ടാനിരിക്കുന്ന ശിക്ഷയെ ഓർത്ത് അവൾക്ക് ഭയമില്ല .. കാരണം അവളത് അർഹിക്കുന്നു എന്നവൾക്ക് നന്നായറിയാം...
NB : കൊടുത്താ കൊല്ലത്തും കിട്ടും... അത്രന്നേ....
ശരണ്യ ചാരു

ടീച്ചർ


പ്രേമം സിനിമ കണ്ടപ്പോൾ മുതൽ തുടങ്ങിയതാ ഒരു ടീച്ചറെ പ്രേമിക്കണം ന്നുള്ള ആഗ്രഹം... നമ്മുടെ ചങ്ക് കൂട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം അവർ കളിയാക്കിയെങ്കിലും അവന്മാരും ജോർജ്ജിന്റെ ആരാധകരായതോണ്ട് പിന്നീട് നീ പൊളിക്ക് മച്ചാനെ.. നുമ്മ ഉണ്ട് കൂടെ എന്ന് പറഞ്ഞ് കട്ട സപ്പോർട്ട് തന്നു....
പണ്ടേ എനിക്കിത്തിരി സൗന്ദര്യം കൂടുതലായതുകൊണ്ടും കട്ട മീശയും കുറ്റിത്താടിയും ഉള്ളതുകൊണ്ടും ടീച്ചറിനെ വളയ്ക്കാൻ ഞാൻ തയ്യാറായി....
ഏത് ടീച്ചർ എന്നുള്ളതിന് കൺഫ്യുഷൻ ഒന്നും വേണ്ടി വന്നില്ല... നമ്മുടെ അനാമിക ടീച്ചർ തന്നെ...
ഞാൻ പിന്നേ പണ്ടേ പഠിപ്പിസ്റ്റായതോണ്ട് ഓരോ ക്ലാസ്സിലും തോറ്റു തോറ്റായിരുന്നു പഠനം. അതു കൊണ്ട് ടീച്ചറിനും എനിക്കും ഒരേ പ്രായമാകാനാണ് സാധ്യത.. ഇനിപ്പൊ ഇത്തിരി കൂടിയാലും കുഴപ്പമില്ല.. മ്മടെ സച്ചിന്റെയും അഞ്ജലിയുടെയും കാര്യം എല്ലാർക്കും അറിയാവുന്നതല്ലേ.. ഏതായാലും അത്രെയും വ്യത്യാസം ഉണ്ടാകാൻ സാധ്യത ഇല്ല..
എന്തൊക്കെ പറഞ്ഞാലും പ്രേമത്തിലെ മലരിനെക്കാൾ ഭംഗിയാ ടീച്ചർക്ക്... ആ ചിരി... ക്ലാസ്സിലേക്കിങ്ങ് വരുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമയാ....
അങ്ങനെ ഞാൻ ടീച്ചറെയും സ്വപ്നം കണ്ട് നടന്നു... നേരിട്ട് പോയി പറഞ്ഞ് കോളേജിലറിഞ്ഞാൽ നാണക്കേടാവുമെന്ന പേടി എന്നെ അലട്ടിയിരുന്നു.. ആ കർത്തവ്യം നമ്മുടെ ചങ്ങാതിമാര് ഏറ്റെടുത്തു.. പക്ഷേ ജോർജ ല്ലേ.... നേരിട്ടന്നെ പറയണം...
ഒരു ദിവസം ടീച്ചറെ എന്റെ അരികിൽ കിട്ടി... അതും തനിയെ..
കയ്യും കാലും വിറച്ചെങ്കിലും ഞാൻ ടീച്ചറോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞു....
കേട്ട ശേഷം അന്ധാളിച്ചു നിൽക്കുന്ന ടീച്ചറെയാണ് ഞാൻ കണ്ടത്...
ഒന്നും മിണ്ടാതെ ടീച്ചർ നടന്നകന്നു...
പിറ്റേന്ന് മുതൽ ടീച്ചറെന്നോട് മിണ്ടാതെയായി.. ക്ലാസ്സിൽ വന്നാലും എന്റെ മുഖത്ത് നോക്കില്ല...
കൂട്ടുകാരുടെ ഇടയിൽ ചില മുറുമുറുപ്പ് തുടങ്ങി...
ചിലർ ആശ്വാസവാക്കുകളുമായി പിന്നാലെ കൂടി..
ഒരുതരം മരവിപ്പായിരുന്നു....
കോളേജിലേക്ക് പോകണംന്ന് കൂടി ഇല്ല....
അങ്ങനെയിരിക്കെ അമ്മയുടെ നിർബന്ധപ്രകാരം ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിനു പോയി...
ഞാൻ ഒരു അരുകിലേക്ക് മാറി നിന്നു...
അമ്മ പരിചയക്കാരുടെ ഇടയിൽ വാചാലയായി.... അച്ഛനും കൂട്ടുകാരുടെ കൂടെ കൂടി.... അനിയത്തി ഫ്രണ്ട്സിന്റെ കൂടെ സെൽഫിയുമെടുത്ത് നടന്നു..
അപ്പോഴാണ് പന്തലിലേക്ക് വളരെ പ്രായമായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയും വന്ന് കയറിയത്.... കണ്ട പാടേ അമ്മ എഴുന്നേറ്റു നിന്നു.. പിന്നെ മെല്ലെ അടുത്തേക്ക് ചെന്നു... ഒന്നും ഉരിയാടാതെ തന്നെ കാലിൽ തൊട്ട് നമസ്ക്കരിച്ചു.....
ഒന്നും മനസിലാകാതെ ഞാൻ അച്ഛനെ നോക്കി...
" അജിത് '' നിനക്ക് അദ്ദേഹത്തെ മനസ്സിലായില്ല അല്ലേ...
നിന്റെ അമ്മയെ പഠിപ്പിച്ച സാറാ... കൂടെയുള്ളത് അദ്ദേഹത്തിന്റെ ഭാര്യ.. ടീച്ചറായിരുന്നു... വലിയ ബഹുമാനമാ നിന്റെ അമ്മക്ക് അദ്ദേഹത്തെ.." അദ്ദേഹത്തിന് നിന്റെ അമ്മയെ മനസ്സിലായിട്ടുണ്ടോ എന്തോ... അത്ര പ്രായമായില്ലേ.... ഏതായാലും നിന്റ മ്മയല്ലേ എത്ര പറഞ്ഞും മനസ്സിലാക്കി കൊടുക്കും..അതാ ആ ബന്ധം...
നോക്കുമ്പോൾ അമ്മ അദ്ദേഹത്തിനും ഭാര്യയ്ക്കും മുന്നിൽ വാചാലയായി കാണപ്പെട്ടു... ബഹുമാനത്തോടെ.. അമ്മയുടെ കണ്ണിൽ കാണാമായിരുന്നു അദ്ദേഹത്തോടുള്ള ആദരവ്... അച്ഛൻ തുടർന്നു....
പണ്ടൊക്കെ അങ്ങനെയാ... ഗുരു എന്നൊക്കെ പറഞ്ഞാൽ ദൈവതുല്യനാ... അച്ഛനെ പോലെ അമ്മയെ പോലെ.. ഭയഭക്തി ബഹുമാനം ഉണ്ടായിരുന്നു.. ഇന്നത്തെ കാലത്ത് അതൊന്നും കാണാനില്ല.... സ്ക്കൂളുകളിലൊക്കെ ടീച്ചർമാര് പിള്ളേരെ പോലെ ചുരിദാറു ഇട്ടല്ലേ വരണെ.. ടീച്ചറേതാ കുട്ടിയേ താന്ന് മനസ്സിലാകുവോ... കോളേജിലാണെങ്കിൽ ടീച്ചർമാരെ പ്രേമിക്കാൻ നടക്കുന്ന കുട്ടികളും അതിന് വളം വച്ച് കൊടുക്കാൻ ഓരോ സിനിമയും.. കലികാലം.. ഇത്രെയും പറഞ്ഞ് അച്ഛൻ പരിഹാസത്തോടെ ചിരിച്ചു...
ആ സമയം എനിക്കെന്നോട് പുച്ഛം തോന്നി.... ഇപ്പഴത്തെക്കാലത്ത് കുറച്ച് സ്വാതന്ത്ര്യം കൂടുതലാണെന്ന് കരുതി പലരുമത് മുതലാക്കാൻ ശ്രമിക്കുന്നു.... പക്ഷേ അദ്ധ്യാപകർ എന്നും കുട്ടികളുടെ അടുത്ത് നിന്നും ആഗ്രഹിക്കുക ബഹുമാനമാണ്...
വിവാഹം കഴിഞ്ഞ് അവിടെ നിന്നും പോരുമ്പോൾ അമ്മക്ക് പറയാനുള്ളത് ആ സാറിനെയും ഭാര്യയെയും കുറിച്ചായിരുന്നു....
ഓരോ വാക്കുകൾ കേൾക്കുമ്പോഴും എന്റെ നെഞ്ച് നീറി..
പിറ്റേന്ന് നേരത്തെ കോളേജിലെത്തി ടീച്ചറെയും കാത്തിരുന്നു...
അകലെ നിന്നും വരുന്ന ടീച്ചർക്ക് എന്നെ മനസ്സിലായിട്ടാകണം തല കുമ്പിട്ട് നടന്നു..
മാം.... പ്ലീസ് എനിക്ക് സംസാരിക്കാനുണ്ട്..
ഉം.. എന്താ അജിത്..
മാം എന്നോട് ക്ഷമിക്കണം....
തെറ്റ് പറ്റിപ്പോയി...
ഞാൻ വെറുതെ. ഛെ....
എന്നെ മനസ്സിലാക്കിയെന്നോണം ടീച്ചർ എന്റെ അരികിലെത്തി..
" പോട്ടെ അജിത്. സാരമില്ല.. നീ എന്റെ അരികിലിങ്ങനെ ക്ഷമാപണത്തോടെ നിൽക്കുമെന്നെനിക്കറിയാമാരുന്നു'.." ഞാനത് മറന്നു....
അല്ലേലും നീ ഒന്ന് ചിന്തിച്ച് നോക്കിയേ.ജോർജിന് മലരിനെ കിട്ടിയോ...
അത് തെറ്റായ ബന്ധമാണ്. അത് സംവിധായകനും അറിയാം... അതാണ് കഥ തിരിച്ച് വിട്ടത്...
ഇത് പറഞ്ഞ് ടീച്ചർ ചിരിച്ചു.
കൂടെ ഞാനും...
ഞാൻ വേറൊരു രീതിയിൽ നോക്കിട്ടും ടീച്ചറിനെന്നോട് ക്ഷമിക്കാൻ കഴിഞ്ഞു... ഒരദ്ധ്യാപികയുടെ കടമ:.... ഞാൻ ആ നിമിഷം വല്ലാതെ വേദനിച്ചു....
മ്മടെ ചങ്ക് ചങ്ങായിമാരോടിത് പറഞ്ഞപ്പോ അവർക്കെന്നോട് ബഹുമാനം ഇത്തിരി കൂടിപ്പോയി....
അവരും ഞാനുമിപ്പോ ടീച്ചറിന്റെ സുഹൃത്ത് ക്കളാ..
അദ്ധ്യാപിക ആണെന്ന് മറക്കാത്ത ശിഷ്യ സുഹൃത്തുക്കൾ..
മ്മടെ ടീച്ചറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു..... വരനും പ്രൊഫസർ....
ചേരേണ്ടത് ചേരട്ടെ.. അതല്ലേ അതിന്റെ ഭംഗി.....
< ശുഭം >
NB : സിനിമയോടുള്ള വിമർശനമായി കാണരുതെന്നപേക്ഷ..
ശരണ്യ ചാരു

ശരിയായ സമയത്ത് എടുക്കുന്ന ശരിയായ തീരുമാനങ്ങളാണ് ചില വലിയ സന്തോഷങ്ങൾക്ക് ആധാരം.....


അടുത്ത പ്രാവശ്യം ലീവിൽ വരുമ്പോൾ വിവാഹം നടത്താം എന്ന് പപ്പ പറഞ്ഞപ്പോൾ സമ്മതിക്കു കേ നിവൃത്തി ഉണ്ടായിരുന്നുള്ളു..... മമ്മിക്കും നിർബന്ധം... അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല... പെൺപിള്ളേർക്ക് പ്രായം ഇരുപത്തേഴ്ന്ന് പറഞ്ഞാൽ ഇത്തിരി കൂട്തലുതന്നെയാന്നല്ലേ പൊതുവെ അഭിപ്രായം..
നഴ്സ് ആകണം എന്ന് പറഞ്ഞപ്പോഴോ ഗൾഫിൽ പോകണംന്ന് പറഞ്ഞപ്പോഴോ ആരും എന്റെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല.... അപ്പോൾ പിന്നെ അവരുടെ ഈ ആഗ്രഹം സാധിച്ച് കൊടുക്കേണ്ടത് എന്റെ കടമയല്ലേ...
നല്ല പ്രായത്തിൽ പഠിപ്പും ജോലിയും മതിയെന്ന് പറഞ്ഞ് നടന്നോണ്ട് ആരോടും പ്രേമമൊന്നും തോന്നിട്ടില്ല.. ദുബായിൽ വന്നപ്പോഴും അങ്ങനെ തന്നെ...
അങ്ങനെ ആ കാര്യങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുത്തു...
പപ്പേടെ കയ്യിൽ സ്ത്രീധനം ഒന്നും കൊടുക്കാൻ കാര്യമായിട്ട് ഇല്ല... ഞാനായി വാങ്ങിയ സ്വർണവും കുറച്ച് ഡെപ്പോസിറ്റും.. സ്ഥലം കൂടി കൊടുത്താൽ അനിയത്തിയുടെ കാര്യം വരുമ്പോൾ അവതാളത്തിലാകും എന്ന പേടി പപ്പക്കും മമ്മിക്കും ഉണ്ടെന്ന് എനിക്കറിയാരുന്നു... അതു കൊണ്ട് സ്ത്രീധനത്തിന് പ്രാധാന്യം കൊടുക്കാതെ പെണ്ണിന് മുൻതൂക്കം കൊടുക്കുന്ന ആളുമായി മതി വിവാഹം എന്നത് എന്റെ എന്നല്ല കുടുംബത്തെ സ്നേഹിക്കുന്ന എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്... അതുപോലെ എനിക്കും....
അങ്ങനെ അവരെനിക്കായി ഒരു വരനെ കണ്ടെത്തി...
തനി അച്ചായൻ കുടുംബം.. പള്ളിയും പ്രാർത്ഥനയൊക്കെയായി നടക്കുന്ന നന്മയുള്ള കുടുംബം... ചെക്കന് ദുബായിൽ ജോലിയാണ്.. അതോണ്ട് തന്നെ വിവാഹം കഴിഞ്ഞ് വേണേൽ അവിടെ തുടരാം.. മദ്യപാനമില്ലാത്ത മറ്റു ദു:ശീലങ്ങളൊന്നുമില്ലാത്ത പയ്യൻ.. എബി...
സാന്ദ്ര എബി. '.. ആഹാ എന്തൊരു പൊരുത്തം... അവർ കാര്യമായിട്ട് സ്ത്രീധനം ഒന്നും ചോദിച്ചിട്ടില്ല.. പെണ്ണിനെ മതിന്നാ പറയുന്നെ...ബ്രോക്കറ്ചേച്ചിയുടെ ഈ പുകഴ്ത്തലിൽ ഏതായാലും പപ്പയും മമ്മിയും വീണു.
അങ്ങനെ അവധിക്ക് വന്ന ഞാൻ പെണ്ണ് കാണൽ എന്ന പ്രതിഭാസത്തിന് ഒരുങ്ങി...
പറഞ്ഞ പോലെ നല്ലൊരു പയ്യൻ. ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ടാകും.... .. എനിക്കും എബിക്കും അന്യോന്യം ഇഷ്ടമായി... വീട്ടുകാർ കാര്യങ്ങളൊക്കെ സംസാരിച്ചു... എന്നാൽ ബ്രോക്കറ്ചേച്ചി പറഞ്ഞ പോലെ തീർത്തും പണം വേണ്ടെന്ന് വയ്ക്കുന്ന കുടുംബമായി തോന്നിയില്ല അവരുടേത്.. ഏതായാലും
മനസ്സമ്മതം കഴിഞ്ഞു... ഇനി കല്യാണത്തിന് ആറ് മാസം കൂടി ഉണ്ട്..... ഞങ്ങൾ പ്രണയിച്ചു.. ....
വളരെ നല്ല പെരുമാറ്റം തന്നെയായിരുന്നു എബിയുടെത്.... അങ്ങനെ ഒരു ദിവസം എ ബിയോട് പതിവ് പോലെ സംസാരിക്കുന്നതിനിടയിൽ അവൻ ഒരു വിഷയം എടുത്തിട്ടു....
സാന്ദ്രാ.. എന്റെ ഒരു ലെവൽ വച്ച് നൂറ്റൊന്ന് പവനും പത്ത് ലക്ഷം രൂപയും ഒരു കാറുമൊക്കെ വാങ്ങി വിവാഹം കഴിക്കാമായിരുന്നു.. കുട്ടുകാരൊക്കെ ചോദിക്കുമ്പോൾ ഞാനിത്ര വാങ്ങുന്നെന്നേ പറഞ്ഞിരിക്കുന്നെ.. നീയായിട്ട് തകർക്കരുതേ സാന്ദ്രാ.....
അല്ല നിനക്കെന്നെ അത്ര ഇഷ്ടാണെന്നറിയാം.... അതു കൊണ്ട് നീ പറഞ്ഞ് സ്ഥലം നമ്മുടെ പേരിൽ എഴുതി തരാൻ പപ്പയെക്കൊണ്ട് സമ്മതിപ്പിക്ക്. വെറുതെ കൂട്ടുകാരുടെ മുന്നിൽ നാണംകെടണ്ട.. എന്റെ അപ്പയും ഇതു തന്നെയാ പറയുന്നെ..
അല്ല പറ്റില്ലേൽ കുഴപ്പമില്ല... ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം ട്ടോ..... എനിക്ക് തന്നെ കണ്ടമാത്രയിലേ ഇഷ്ടായി....
ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി .... പിന്നെ വിളിക്കാം എന്നറിയിപ്പോടെ ഫോൺ കട്ടാക്കി....
രണ്ട് ദിവസം എബിയെ ഞാൻ വിളിച്ചില്ല.. ആലോചിച്ചു.. ഒരു പാട്.. ഒരുപാടൊരുപാട്....
ഇന്നത്തെ കാലത്ത് വീട്ടുകാർ ഇത്തിരി സ്ത്രീധനം ചോദിച്ചാൽ തന്നെയും ചെറുപ്പക്കാർ അത് വേണ്ടെന്ന് വച്ച് വിവാഹം കഴിക്കുന്ന പ്രവണത ഏറെ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കയാളോട് പുച്ഛം തോന്നി... എന്റെ സൗന്ദര്യം നശിക്കുന്ന അന്ന് പണത്തോടയാൾക്ക് ആഗ്രഹം തോന്നിയാൽ അവിടെ തീരും ജീവിതം ജീവിതം...
അന്ന് രാത്രി ഞാൻ പപ്പയുടെ അരികിലെത്തി.... പഠിപ്പിക്കാനെടുത്ത കടബാധ്യത ഏറെനാൾ പപ്പയെ തളർത്തിയിരുന്നുത് കൊണ്ട് ഞാൻ കാരണം വീണ്ടും ഈ അവസ്ഥ വരുന്നത് എനിക്ക് ചിന്തിക്കുന്നതിനുമപ്പുറമാണ്... അതുമല്ല അഡ്ജസ്റ്റ് ചെയ്യാമെന്നു വച്ചാൽ വിവാഹശേഷം ഇതിന്റെ പേരിൽ പ്രശ്നമുണ്ടായാൽ തന്റെ വീട്ടുകാർക്ക് അത് താങ്ങാൻ കഴിയില്ല.
പപ്പാ.. ഞാൻ മെല്ലെ വിളിച്ചു..
ഉം. എന്താടാ.
എനിക്കി വിവാഹം വേണ്ട പപ്പാ.
അതെന്താ.. ഇപ്പൊ ഇങ്ങനെ.
കാര്യം ഒന്നും ചോദിക്കരുത്.. പ്രണയമൊന്നുമില്ല എനിക്ക്.. പപ്പ പേടിക്കണ്ട...
അവർക്ക് നഷ്ടപരിഹാരം എത്രയാന്ന് വച്ചാൽ കൊടുത്തേക്കാം... അത് മതി പപ്പാ.. ഞാൻ തിരിച്ച് പോകുവാ....
അപ്പഴേക്കും വേറെ ഇതിലും നല്ല അടിപൊളി പയ്യനെ പപ്പ കണ്ടു വയ്ക്കണം ട്ടോ...
ഒന്നും മിണ്ടാതെ എന്റെ ചുമലിൽ തട്ടി പപ്പ....
ആലോചനക്ക് ശേഷം എന്റെ അഭിപ്രായത്തിന് സമ്മതം മൂളി... ഞാൻ പപ്പയുടെ തോളിലേക്ക് തല ചായ്ച്ചു...
ഒരു പെൺകുട്ടിയുടെ വിവാഹം മുടങ്ങിയാൽ ഉണ്ടായേക്കാവുന്ന ചീത്തപ്പേരോർത്തിട്ടാകാം പപ്പയുടെ ചങ്ക് പിടക്കുന്നത് ഞാനറിഞ്ഞു..
പിറ്റേന്ന് പപ്പ തന്നെ മുൻകൈ എടുത്ത് വിവാഹ പ്രതിഭാസത്തിന് തിരശ്ശീലയിട്ടു... പണത്തിനൊട്ടും ആഗ്രഹമില്ലാത്ത അതേ ആളുകൾ നഷ്ടപരിഹാരവും വാങ്ങി...
എല്ലാം കഴിഞ്ഞപ്പോൾ വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള കാരണം അറിഞ്ഞ പപ്പ എന്റെ മുടിയിഴകളെ തലോടി...
"എന്തിനായിരുന്നു മോളേ...പപ്പ തരുമാരുന്നല്ലോ ആസ്ഥലം "
ഒന്നും വേണ്ടെന്ന് പറഞ്ഞ് വന്ന അവർ ഇത്ര ചോദിച്ചെങ്കിൽ ഇനിയും പലതിനും നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും....
ഞാൻ ശരിയാണ് പപ്പ.എ ബി ആഗ്രഹിച്ച പോലൊരു ജീവിതം എബിക്ക് കിട്ടട്ടെ..
എനിക്കും..
എന്റെ നാക്ക് പൊന്നായത് കൊണ്ടാകാം പൊന്നിൽ മൂടിയൊരു പെണ്ണിനെ എബിക്കും ഞാനാഗ്രഹിച്ച പോലൊരാളെ എനിക്കും കിട്ടി......
ശരിയായ സമയത്ത് എടുക്കുന്ന ശരിയായ തീരുമാനങ്ങളാണ് ചില വലിയ സന്തോഷങ്ങൾക്ക് ആധാരം.....
ശുഭം
ശരണ്യ ചാരു

എന്നും സന്തോഷം നിലനിൽക്കട്ടെ


കല്യാണം കഴിഞ്ഞ് നാല് വർഷമായിട്ടും വിശേഷമൊന്നുമാകാത്തതിന് ബന്ധുക്കളുടെയും നാട്ടുക്കാരുടെയും ഇടയിൽ മുറുമുറുപ്പ് തുടങ്ങി...
ചിലതൊക്കെ കേട്ടില്ലെന്ന് നടിച്ചു.... നേരിട്ട് വന്ന് ചോദിച്ചവരോട് ഇല്ലെന്ന് പറഞ്ഞ് മുഖം തിരിക്കുമ്പോൾ അവരുടെ മുഖത്തെ ഒരു പരിഹാസഭാവം ഏറെ വേദനിപ്പിച്ചിരുന്നു...
അഭിയേട്ടന്റെ നിർദ്ദേശപ്രകാരമായിരുന്നു ഒരു വർഷത്തേക്ക് കുട്ടികളെ കുറിച്ച് ചിന്തിക്കണ്ട എന്നു വച്ചത്.... അടിച്ചു പൊളി ഒക്കെ കഴിഞ്ഞിട്ടു മതി കുഞ്ഞ് എന്നായിരുന്നു ഏട്ടന്റെ വാദം.. ഞാനത് അംഗീകരിക്കുകയും ചെയ്തു:... അന്ന് ഞങ്ങൾ അത് ആഗ്രഹിക്കാത്തതു കൊണ്ടാകാം ഇന്ന് ഞങ്ങളുടെ ആഗ്രഹത്തിൽ നിന്നും ദൈവം മുഖം തിരിക്കുന്നത് ....
കല്യാണം കഴിഞ്ഞ് ഇടക്ക് വീട്ടിൽ പോയപ്പോൾ അമ്മ പറഞ്ഞത് ഇപ്പൊ എപ്പോഴും തന്നെ ഓർക്കാറുണ്ട്
"മോളേ കുഞ്ഞിന് വൈകിക്കണ്ട... ഒരു പാട് നാള് അടിച്ചു പൊളിച്ച് നടന്നിട്ട് ഒക്കെ മതി എന്ന് തോന്നും.''പക്ഷേ നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം കനിഞ്ഞെന്നു വരില്ല... അതു കൊണ്ട് കാലാവധി ഒന്നും വയ്ക്കണ്ട...: " അപ്പോഴൊക്കെ അമ്മയോട് അഹങ്കാരത്തോടെ പറഞ്ഞിരുന്നു " ഒന്ന് പോ അമ്മേ...ഞാൻ സ്നേഹിച്ച അഭിഷേക് എന്ന എന്റെ അഭിയേട്ടനെ ദൈവം എനിക്ക് തന്നില്ലേ.... അപ്പൊ ഞങ്ങൾക്കൊരു കുഞ്ഞിനെയും ദൈവം തരും.'' അത് ഞങ്ങൾ ആഗഹിക്കുന്ന സമയത്ത് '' അമ്മ പയ്യെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യും'' ' ആ പുഞ്ചിരിയുടെ അർത്ഥം ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട്.....
ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിച്ച് ആ കുഞ്ഞിന്റെ ചലനങ്ങളറിഞ്ഞ് ആസ്വദിക്കാനും ഞാൻ കഴിക്കുന്ന ആഹാരം പൊക്കിൾകൊടിയിലൂടെ ഏറ്റുവാങ്ങി വളരുന്നത് ഡോക്ടറിൽ നിന്ന് അറിഞ്ഞ് സന്താഷിക്കാനും എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്റെ പൊന്നോമന യോട് പറയുമ്പോൾ കുഞ്ഞികൈനീട്ടി പ്രതികരണം അറിയിക്കുന്നത് അനുഭവിച്ചറിയാനും എന്റെ മനസ്സ് കൊതിച്ചു തുടങ്ങി എന്നെനിക്ക് മനസ്സിലായി...
അഭിയേട്ടന്റെ തകരാറാണെന്ന് ഡോക്ടർ പറഞ്ഞതിനാലാവാം അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടില്ല ... എന്നാലും ബന്ധുക്കളിൽ ചിലർ സത്യമെന്തെന്നറിഞ്ഞിട്ടും ഒളിഞ്ഞും മറഞ്ഞും എന്നെ കുറ്റപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട് ...
കുഞ്ഞുങ്ങളെ കാണുമ്പോൾ അറിയാതെന്റെ ഹൃദയം വിങ്ങി വേദനിക്കാറുണ്ട്. ..., ഏട്ടൻ അതറിഞ്ഞെന്നെ ആശ്വസിപ്പിക്കുമ്പോഴും ആ മനസ്സിൽ ഒരു കടലിരമ്പുന്നത് എനിക്ക് കേൾക്കാം.
അമ്മ പറഞ്ഞു തന്ന വഴിപാടുകളൊക്കെ തന്നെയും ചെയ്തു...മരുന്നും മന്ത്രവുമായി ആശുപത്രി വരാന്തയിലിരിക്കുമ്പോഴും എവിടെ നിന്നൊക്കെയോ ഒരു കുഞ്ഞിന്റെ ചിരി എന്റെ കാതുകളിലെത്താറുണ്ട്...
അന്ന് അഭിയേട്ടന് ചെക്കപ്പ് ഉള്ള ദിവസമായിരുന്നു ...
രാവിലെ അമ്പലത്തിൽ പോയി കരഞ്ഞ് പ്രാർത്ഥിച്ചു..... വിശ്വാസമുണ്ടെനിക്ക് ... എല്ലാം ശരിയാകുമെന്ന വിശ്വാസം ... ചെക് അപ്പ് കഴിഞ്ഞ്
ഡോക്ടറെ കാണാൻ റൂമിലേക്ക് കയറുമ്പോൾ ഏട്ടന്റെ മുഖത്തെ ഒരു ആകാംക്ഷ ഞാൻ കണ്ടു......
രണ്ട് പേരും ഡോക്ടറിന്റെ മുഖത്തേക്ക് ജിജ്ഞാസയോടെ നോക്കി...
അന്ന് ഡോക്ടറിന്റെ മുഖം എന്നത്തെക്കാളും വിടർന്നിരുന്നു...
" അഭിഷേകിന്റെ പ്രശ്നങ്ങളൊക്കെയും മാറിയിട്ടുണ്ട് ... ഇനി ഒരു കുഞ്ഞുണ്ടാവുന്നതിൽ നിങ്ങൾക്ക് രണ്ടു പേർക്കും ഒരു തടസ്സവുമില്ല.
കാതുകൾക്ക് വിശ്വസിക്കാനായില്ല..........
ഇന്ന് ഞാനെന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത് ആലോചിക്കാറുണ്ട്... അനുഭവിക്കേണ്ടി വന്ന കുറ്റപ്പെടുത്തലും സങ്കടങ്ങളും..
എന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞ് ആദ്യം കൊടുത്ത ഉപദേശം.... " കുഞ്ഞി.. നീ ഒരു കുഞ്ഞുണ്ടായിട്ട് ആ കുഞ്ഞിനോടൊപ്പം അടിച്ചു പൊളിച്ചാ മതീ ട്ടോ.. നമ്മൾ കൂടി കാരണമായി നമുക്കൊരു ദോഷവും വന്നു കൂടാ... ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിൽ ''ഒരിക്കലും ഒരു കുറ്റബോധം നമ്മെ അലട്ടരുത് എന്നതായിരുന്നു.'' '..
എന്റെ വിഷമം അവൾ അറിഞ്ഞിട്ടുള്ളതിനാൽ അവൾ എല്ലാം സമ്മതിച്ചു....
ഞാനിന്ന് ഏറെ സന്തോഷവതിയാണ് .. ഞാനും എന്റെ അഭിയേട്ടനും കുഞ്ഞും മതാപിതാക്കളും.'' ഉത്സവമാണെന്നും വീട്ടിൽ .......... എന്നും ആ സന്തോഷം നിലനിൽക്കട്ടെ എന്ന
പ്രാർത്ഥനയോടെ .........
ശരണ്യ ചാരു.

തെറ്റുകൾ മാനുഷികവും മാപ്പ് ചോദിക്കുന്നത് ദൈവീകവുമാണ്


തന്റെ കൈകളിലൂടെ മറ്റൊരു കൈ തഴുകിയപ്പോഴാണവൾ പാതിരാത്രി ഞെട്ടിയുണർന്നത്... വേറാരുമല്ല തന്റെ ഭർത്താവ് തന്നെ... അയാളവളുടെ കഴുത്തിൽ മുഖം ചേർത്തു കിടന്നു...
" കഴിയുമ്പോ പൈസ തരണട്ടോ ".. ഉറക്ക പീച്ചിലാകുമവളുടെ സംസാരം എന്ന് കരുതി അയാൾ അത് ഗൗനിച്ചില്ല.. അതവൾ മനസ്സിലാക്കിക്കൊണ്ടു തന്നെ പറഞ്ഞു " എല്ലാം കഴിയുമ്പോ പൈസ തരണോട്ടോന്ന്.... " ഈ പ്രാവശ്യം അയാൾ മെല്ലെ മുഖമുയർത്തി ലൈറ്റിട്ട് അവളുടെ കണ്ണുകളിലേക്കു നോക്കി...
തിമിർത്തു പെയ്യാനുതകുന്ന പേമാരിയയാൾ ആ കണ്ണുകളിൽ കണ്ടു.. പക്ഷെ അവളുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.... കാരണം തിരക്കിയെങ്കിലും അവൾ നിശബ്ദയായിരുന്നു.. വീണ്ടുമൊരു ചോദ്യത്തിനു മുതിരാതെയാൾ തിരിഞ്ഞു കിടന്നു.... അങ്ങോട്ടുമിങ്ങോട്ടുമുള്ള ഞരക്കത്തിലൂടെ രണ്ടു പേരും ഉറങ്ങിയില്ലെന്ന് വ്യക്തം.... കുറെ സമയം കഴിഞ്ഞപ്പോൾ അവൾ അയാളെ തന്നിലേക്കടുപ്പിച്ചു.... ആദ്യമൊക്കെ എതിർത്തെങ്കിലും അയാൾ അവളിൽ ലയിച്ചു ചേർന്നു......
വിയർത്തു കിടന്ന അയാളോട് നെഞ്ചിൽ തല വച്ചവൾ ചോദിച്ചു....
മനസ്സിലായോ എന്തിനായിരുന്നു ഞാനങ്ങനെ പറഞ്ഞതെന്ന്..? ആദ്യം എതിർത്തതെന്ന് ?... ഏറെ ആലോചനക്കു ശേഷം
അയാൾ അന്നു നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തു.. ഒന്നിൽ അയാളുടെ ചിന്തയുടക്കി.. അന്ന് വൈകുന്നേരം ഉണ്ടായ സംഭവം..
താൻ ജോലി കഴിഞ്ഞെത്തുമ്പോൾ അവൾ ഫോണിൽ കുത്തിക്കൊണ്ടിരിക്കുവാരുന്നു... മൂന്ന് വയസ്സായ മകളാണെന്നങ്കിൽ അവളുടരികിൽ ഇരുന്ന് കളിക്കുന്നു...
താൻ വന്നത് അവൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ഫോണിൽ കുത്തൽ തുടർന്നുകൊണ്ടിരുന്നു... ഇടക്കിത് പതിവാ.. അവളുടെ കളിപ്പിക്കൽ... പക്ഷേ അന്ന് ഓഫീസിൽ എം.ഡി യു ടെ അട്ത്ത് നിന്നു കിട്ടിയ വഴക്കും അതിലുപരി നാണക്കേടും തന്നെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു...
താൻ അവളോട് അലറി...
"ന്നാടി ഞാൻ വന്നത് കണ്ടില്ലേ.. നിന്റെ തന്നിഷ്ടം ഒന്നും ഇവിടെ നടക്കില്ല... അങ്ങനെ ജീവിക്കണേൽ നീ നിന്റെ വീട്ടിലേക്ക് പൊക്കോ "
ഒന്നും മനസിലാകാതെയാവണം അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റ് തന്റെ ശബ്ദം കേട്ട് പേടിച്ച കുഞ്ഞിനെയുമെടുത്തു ..തന്റെ ദേഷ്യം ഇരട്ടിയാക്കാനാകും തെല്ല് ദേഷ്യത്തോടെ തന്നെ മറുപടി പറഞ്ഞവൾ..
" ഉം.. ഞാൻ പൊക്കോളാം... "
ന്താ പോട്ടെ...
ആ മറുപടി തന്നെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്...
" ആഹ് നീ കൂടി ചെല്ല്... ന്നാ നിന്റെ അമ്മക്കും അനിയത്തിക്കും വരുമാനം കൂട്ടാം.... ചേച്ചിമാര് പിന്നെ വരില്ലല്ലോ.. ഭർത്താക്കന്മാര് വിട്ടാൽ വീണ്ടും വരുമാനം കൂടും "നല്ല പണിയല്ലേ... ഇഷ്ടം പോലെ കാശ്ണ്ടാക്കാം.. എല്ലാവരും വലിയ തെറ്റൊന്നുമില്ലല്ലോ കാണാൻ...
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ താൻ നോക്കി... പിന്നെ അവൾ തന്നോടിതു വരെ സംസാരിച്ചിട്ടില്ല.. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതിനാലാകാം താനുമത് മറന്നു.. പിന്നെ മിണ്ടാൻഅവളെ അടുത്ത് കിട്ടിയുമില്ല.... ദേഷ്യം മാറിയപ്പോൾ പറഞ്ഞതും മറന്നു..
.... ഈശ്വരാ ഒരു ഭ്രാന്തിന്റെ പുറത്ത് പറഞ്ഞ് പോയ വാക്കുകൾ.... തന്റെ ഭാഗം ജയിക്കാൻ വേണ്ടി ഇത്ര മോശമായി സംസാരിക്കാൻ താനിത്ര അധ:പതിച്ചുവോ....
തിരിച്ചറിവോടെ അയാൾ വീണ്ടും മെല്ലെ അവളെ തന്നിലേക്കടുപ്പിച്ചു...
"മോളേ "
ഉം.. ഒരു തേങ്ങലോടവൾ വിളി കേട്ടു... മെല്ലെ പറഞ്ഞു തുടങ്ങി.. വിറയുന്ന ശബ്ദത്തോടെ..
"ഏട്ടാ... ഏട്ടനിതിപ്പൊ ആദ്യായിട്ടല്ല ഇങ്ങനൊരു വർത്താനം... ഇടക്ക് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. മുള്ളും മുനയും വച്ച് സംസാരം... കുറെ കേട്ടില്ലെന്ന് നടിച്ചു.. ക്ഷമിച്ചു.. ഇനി വയ്യെനിക്ക്..
നാല് പെൺകുട്ടികളുണ്ടായി പോയത് എന്റെ മാതാപിതാക്കളുടെ കുറ്റമാണോ...
പെൺകുട്ടികൾക്ക് മാന്യമായി വളരാൻ ആങ്ങള വേണമെന്നു നിർബന്ധല്യ എട്ടാ... തന്റേടമുള്ള അച്ഛനും അമ്മയും ഉണ്ടായാമതി...
നമ്മൾ എത്ര പ്രാവശ്യം എന്റെ വീട്ടിൽ പോയിരിക്കുന്നു... കണ്ണും കയ്യും കാണിച്ച് എന്റെ അമ്മയും കൂടപ്പിറപ്പുകളും ഏട്ടനെ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ......
ഉണ്ടേൽ പറയ്...
ശരീരം വിറ്റ് വരുമാനം ഉണ്ടാക്കേണ്ട ഗതികേട് ഞങ്ങൾക്ക് വന്നിട്ടില്ല.. കാരണം മുണ്ട് മുറുക്കിയുടുത്തും കഷ്ടപ്പെട്ടും പട്ടിണിയറിയിക്കാതെ വളർത്തിയ ഞങ്ങൾടെഅച്ഛനുണ്ട് ഞങ്ങൾക്ക്... അതാ ഞങ്ങടെ ധൈര്യവും....
അവൾ തുടർന്നു...
കല്യാണത്തിനു മുൻപ് എനിക്കുണ്ടായ പ്രണയത്തെ പറ്റിയും ഞാനേട്ടനോട് തുറന്ന് പറഞ്ഞിരുന്നു... വഞ്ചിച്ചിട്ടില്ല ഞാൻ..
പിന്നെ ഞാൻ ഏട്ടനെ എന്നിലേക്ക് വലിച്ചടുപ്പിച്ചത് അതൊക്കെ ഏട്ടൻ അറിയാതെ പറഞ്ഞ് പോയതാണെന്ന് കരുതി ട്ടാ.. അങ്ങനെ വിശ്വസിക്കാൻ ആഗ്രഹിച്ചിട്ടാ.... ഏട്ടൻ സങ്കടപ്പെടരുതെന്നും ഇഷ്ടങ്ങൾ നടക്കാതെ പോകരുതെന്നും വിചാരിച്ചിട്ടാ... എന്റെ ഭാഗത്തുമുണ്ട് വലിയ തെറ്റ്... ഏട്ടന്റെ മനസ്സറിയാതെ ഞാൻ പെരുമാറി..... പിന്നെ
പണം.. ചോദിച്ചത്...
"ഏട്ടൻ അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽ ഏട്ടനിൽ നിന്നും തന്നെ വാങ്ങാം എന്ന് കരുതി.. അല്ലാതെങ്ങനാ ഞാൻ.... പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുന്നേ അവൾ പൊട്ടിക്കരഞ്ഞു...
മോളേ.... അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു....
ദേഷ്യം വന്ന് ഭ്രാന്ത് പിടിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയി.. ക്ഷമിക്ക് നീ... അവരെന്റെകൂടി സ്വന്തമല്ലേ... അമ്മയും എന്റെ പെങ്ങന്മാരും... നിങ്ങൾക്കിപ്പൊ ഏട്ടന്മാരും ഞാനും കൂടി ഇല്ലേടാ...
കുറ്റബോധമയാളെ വരിഞ്ഞ് മുറുക്കി... ഈ നേരം വരെ അവളിത് മനസ്സിൽ വച്ചെത്ര വിഷമിച്ച് കാണും... തനിക്കുമുണ്ടൊരു പെങ്ങൾ.. അമ്മയും... താനെന്ന ആങ്ങള അവൾക്കുണ്ടെന്ന ധൈര്യത്തിലും അഹങ്കാരത്തിലും അവളുടെ വീട്ടുകാരെ കുറിച്ച് മോശമായി സംസാരിച്ചു... പൊന്ന് പോലെ നോക്കുന്ന അവരുടെ അച്ഛൻ ഇത് കേട്ടിരുന്നെങ്കിൽ.. ഹൃദയം തകർന്നേനെ...ശരിക്കും താനാ കുടുംബത്തിന് ബലം നൽകേണ്ടയാൾ.. സങ്കടത്തോടെ അവളുടെ മുഖമുയർത്തി നെറ്റിയിൽ അയാൾ അമർത്തി ചുംബിച്ചു...
ക്ഷമിക്കടാ... ഏട്ടനോട്.. ഇനി ഉണ്ടാവില്ല.... ഇങ്ങനെ....അയാളുടെ ശബ്ദം അവരുടെ തേങ്ങലുകളിലലിഞ്ഞു പോയി....
ഇത്ര സങ്കടം ഉള്ളിലൊതുക്കി തന്റെ ഇഷ്ടത്തിനു വഴങ്ങി തന്ന അവളോട് സ്നേഹവും വാത്സല്യവും നൂറിരട്ടി കൂടി....
അയാൾ അവളുടെ കവിളിൽ മെല്ലെ കടിച്ചു...അവൾ പതിയെ പുഞ്ചിരിച്ചു... കൂടെ അയാളും.....
ആത്മനിർവൃതിയോടവർ ഉറങ്ങിക്കാണണം... എല്ലാം പറഞ്ഞ് തീർത്ത് ശാന്തമായി ഒന്നുകൂടി ദൃഢമായ ദാമ്പത്യത്തിലെ മറ്റൊരു സൂര്യോദയത്തിനായി....
ശുഭം..
NB : ഒരു നിമിഷത്തെ ദേഷ്യത്തിൽ തന്റെ ഭാഗം ജയിക്കാൻ വേണ്ടി പറയുന്ന വാക്കുകൾ മറ്റുള്ളവരുടെ ചങ്കിൽ കത്തി കുത്തിയിറക്കുന്ന വേദന ഉണ്ടാക്കാം.. തിരിച്ചറിഞ്ഞ് ക്ഷമ ചോദിക്കാനായാൽ വലിയ പുണ്യമാണ്..കാരണം തെറ്റുകൾ മാനുഷികവും മാപ്പ് ചോദിക്കുന്നത് ദൈവീകവുമാണ്.....
ശരണ്യ ചാരു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo