Slider

പ്രയാണം (ഭാഗം നാല്) - Conclusion

0

പ്രയാണം (ഭാഗം നാല്)
രാജ്ഘോട്ട് റയിൽവേ സ്‌റ്റേഷനിലെ ചാരു ബഞ്ചിൽ ഇരിക്കുമ്പോഴും കണ്ണുകൾ നാലുഭാഗത്തേക്കും പരതിക്കൊണ്ടിരുന്നു. മഹേന്ദ്ര ഭായിയുടെ ഗുണ്ടകൾ വരുന്നുണ്ടോ? വിനോദും ലക്ഷ്മിയും ഇവിടെ എവിടെയെങ്കിലും ഉണ്ടാവുമോ? എന്നതൊക്കെ വീടണയാനുള്ള മോഹത്തേക്കാൾ അധികമായി തന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
ലക്ഷ്മി എന്ന് പേരുള്ള പഴം വിൽപനക്കാരിയെ വിനോദ് അവളുടെ അമ്മയെ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ട് പോയി.കോഴിക്കോട് ബേപ്പൂർ ആണത്രെ അവളുടെ സ്ഥലം. അ ച്ഛൻ മുഴു കുടിയനായിരുന്നു. ലക്ഷ്മി മാത്രമാണ് ഒരു കുട്ടിയായിട്ടുണ്ടായിരുന്നത്‌. ഗുജറാത്തികളായ ദമ്പതികൾ ബേപ്പൂരിൽ "ഉരു " നിർമ്മാണത്തിനായി വന്ന സംഘത്തിൽ പെട്ടവരായിരുന്നു. ലക്ഷ്മിയുടെ എട്ടാമത്തെ വയസ്സിൽ അമ്മക്ക് വലിയൊരു അസുഖമുണ്ടായി ആശുപത്രിയിൽ അഡ്മിറ്റായി. അമ്മ ജോലി ചെയ്തായിരുന്നു അവളെ നോക്കിയിരുന്നത്. അമ്മ കിടപ്പിലായതോടെ പട്ടിണിയിലായ ലക്ഷ്മിയെ ഗുജറാത്തികളായ ദമ്പതികൾ നോക്കിക്കോളാമെന്ന് പറഞ്ഞ് കൊണ്ട് പോവുകയായിരുന്നു. ലീവ് കഴിഞ്ഞ് വരുമ്പോൾ കുട്ടിയെ തിരിച്ചു കൊണ്ടുവരുമെന്ന ഉറപ്പിലായിരുന്നു അച്ഛൻ അത് ചെയ്തത്. ആശുപത്രിയിലായിരുന്ന അമ്മ അതറിയുമായിരുന്നില്ല. കുട്ടികളില്ലാത്ത ഗുജറാത്തി ദമ്പതികൾ കോഴിക്കോട്ടെക്ക് തിരിച്ചു പോയതെയില്ല. ഇതായിരുന്നു ആ ലക്ഷ്മി എന്ന പഴം വിൽപനക്കാരിയുടെ കഥ. എട്ട് വർഷമായി അവൾ അമ്മയെ കാണാനായി അതിയായി ആഗ്രഹിച്ചു കൊണ്ടിരുന്നു.അങ്ങനെയായിരുന്നു വിനോദ് അവൾക്ക് അമ്മയെ കാണിക്കാമെന്ന വാഗ്ദാനം നൽകിയത്. പക്ഷെ അതൊരു ഒളിച്ചോട്ടത്തിലൂടെയായിരിക്കുമെന്ന് കരുതിയില്ല.വിനോദ് അവളുടെ നിത്യ സന്ദർശകനായി മാറിയതും അവളുടെ കഥകളും എല്ലാം എന്നെ കേൾപ്പിക്കാറുണ്ടായിരുന്നു.പക്ഷെ ഒരു നാടോടിയെ പോലുള്ള ഒരു കുട്ടിയെ കൂടെ കൊണ്ടു നടക്കാനുള്ള വിനോദിന്റെ വിശാലമനസ്കത തന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു വലിയ ദൗത്യം ഏറ്റെടുത്ത തമിഴ് സിനിമയിലെ നായകന്റെ ഭാവമായിരുന്നു അവന്.
ഇന്ന് അതിരാവിലെയാണ് ആ സ്ത്രീ വന്നു കൊണ്ട് കമ്പനിയുടെ മുമ്പിൽ അലമുറയിടാൻ തുടങ്ങിയത്.ലക്ഷ്മിയെ കാണാനില്ലെന്നും വിനോദ് അവളെ തട്ടിക്കൊട്ടുപോയിരിക്കുന്നു എന്ന വാർത്ത കേട്ടുകൊണ്ടാണ് കമ്പനി ഉണർന്നത് തന്നെ. പക്ഷെ തന്നോട് ബാഗുമെടുത്ത് വേഗംരക്ഷപ്പെടാൻ മാനേജർമാർ ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ തനിക്ക് ബോദ്ധ്യപ്പെടുന്നത്.എന്തെന്നാൽ ഇവരൊക്കെ മഹേന്ദ്ര ഭായിയുടെ ആശ്രിതരാണ്. റോഡ് സൈഡുകളിൽ കച്ചവടം ചെയ്യാനുളള അനുമതി കൊടുക്കുന്നത് പ്രദേശത്തെ ദാദാഗിരിയായ മഹേന്ദ്ര ഭായിയാണ്. ഓരോ സമാന്തര ഭരണ കൂടങ്ങളാണ് ഓരോ ദാദാഗിരികളും. ഗവൻ വെൻറിന് നികുതി കൊടുത്താലും ഇല്ലെങ്കിലും ദാദാഗിരിക്കുള്ളത് കൃത്യമായി കൊടുത്തുകൊള്ളണം. അതു കൊണ്ട് തന്നെ ഇവരുടെ ഇതുപോലെയുള്ള വിഷയങ്ങളിലെല്ലാം ഇടപെടൽ ഇവർക്കൊരു ഹരമാണ്.വിനോദ് എന്റെ അടുത്ത സുഹൃത്തായതിനാൽ ചോദ്യങ്ങളെല്ലാം എന്നോടായിരിക്കുമെന്നതിനാലാണ് എന്നോട് വേഗംരക്ഷപ്പെടാൻ ആവശ്യപ്പെട്ടത്. വ്യക്തമായി മറുപടി പറഞ്ഞില്ലെങ്കിൽ കൈയും കാലും മുറിച്ച് ഭിക്ഷാടനത്തിന് ഉപയോഗിക്കും.
അജ്മീറിൽ നിന്നുള്ള ട്രെയിനായിരുന്നതിനാൽ റിസർവേഷൻ ഫുള്ളായിരുന്നു. ലോക്കലിൽ തന്നെ കയറിപ്പറ്റി. ലോക്കൽ കമ്പാർട്ട്മെന്റുകളിലും ധാരാളം മലയാളികൾ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ നാട്ടുകാർ ആരെങ്കിലും ഉണ്ടാകുമോ എന്ന അന്വേഷണമായിരുന്നു ആദ്യം നടത്തിയത്. കുറെ നേരത്തെ അന്വോഷണത്തിന് ശേഷം ഒരു മുസ്ലിയാരെ കണ്ടെത്തി .അയാൾ നാട്ടുകാരനല്ല. ആ നാട്ടിൽ മദ്റസയിലും പള്ളിയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. എന്റെ വീടും സ്ഥലവും വ്യക്തമായി ചോദിച്ചറിഞ്ഞ ശേഷം കുറെ നേരം ആലോചിച്ചിരുന്നു. വീട്ടുകാരെ കുറിച്ച് അറിയുമോ ഇല്ലയോ എന്നൊന്നും പറഞ്ഞതുമില്ല. ഒരു പക്ഷെ അറിയില്ലായിരിക്കും എന്ന് ഞാനും കരുതി.
കുറെ സമയങ്ങൾക്ക് ശേഷം ആ മുസ്ലിയാർ വന്നു എന്റടുത്തിരുന്നു.എന്നിട്ട് ഇനിയെങ്ങോട്ടാണ് യാത്ര എന്ന് ചോദിച്ചു. നാട്ടിലേക്കാണ് എന്ന് മറുപടി പറഞ്ഞു. നാട്ടിലേക്ക് പോവുകയാണെങ്കിൽ പിന്നെ നാട്ടിലെ വിശേഷങ്ങൾ അറിയാൻ ശ്രമിച്ചത് എന്തിന് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. അപ്പോൾ ഞാൻ ബാഗിൽ നിന്നും പത്രവാർത്ത എടുത്തു കാണിച്ചു. ബാപ്പ മരിച്ചതും ജ്യേഷ്ഠൻ മരിച്ചതും ഞാനറിയില്ലായിരുന്നു എന്നും ഇത് സത്യമാണോ എന്നറിയാനായിരുന്നു നാട്ടുകാരെ അന്വോഷിച്ചത് എന്ന് ഞാനും പറഞ്ഞു.
അങ്ങിനെ ആ പേപ്പർ കഷ്ണവും വാങ്ങി അദ്ദേഹം അദ്ദേഹത്തിന്റെ സീറ്റിലേക്കു പോയി.പിന്നീട് ഇടക്കിടക്ക് അദ്ദേഹത്തെകാണുമെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.
തന്റെ നാടെത്താനായിരിക്കുന്നു. ഏതാനും മണിക്കൂറുകൾ മാത്രം പിന്നിടാനൊള്ളു. ആ സമയം മുസ്ലിയാർ വീണ്ടും വന്നു. "തന്റെ വീട്ടുകാരെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ട്. കുറെ ആലോചിച്ചപ്പോഴാണ് ഒരു പിടുത്തം കിട്ടിയത്. എന്നിട്ട് ഞാനത് അന്വേഷിച്ച് ഉറപ്പു വരുത്തി".
ജിജ്ഞാസയോടെ ഇരിക്കുന്ന എന്റെ മുഖത്ത് നോക്കി അയാളത് പറഞ്ഞു തുടങ്ങി." നിന്റെ ബാപ്പ മരിച്ചു. ഒരു മാസത്തോളം ആയിക്കാണും. ജ്യേഷ്ഠൻ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് മരിച്ചിരുന്നു. ഇപ്പൊ നിന്റെ ഉമ്മയും ജ്യേഷ്ഠന്റെ ഭാര്യയും രണ്ട് ഇരട്ട കുട്ടികളുമാണ് വീട്ടിൽ. രണ്ട് സഹോദരിമാരുടെയും കല്യാണം കഴിഞ്ഞു."
"നീ ഒരു പന്ത് കളിക്കണ്ടത്തിൽ അടിയുണ്ടായിട്ടല്ലെ നാട് വിട്ടത്?".
'അല്ല"
'പിന്നെ '?.ഞാൻ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചു.
ഓഹോ, ''ആ ദിവസം ഞാനവിടെ ഉണ്ടായിയിരുന്നു. നിന്റെ മൂത്തച്ചിയുടെ വീടിന്റെ അടുത്ത വീട്ടിൽ.ഒരു മരണാനന്തര ചടങ്ങുണ്ടായിരുന്നു. നിന്റെ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളെല്ലാവരും കൂടി അവരുടെ വീട് വളഞ്ഞു. ഒരു നിരപരാധിയെ തച്ചതിന്. നിന്റെ മൂത്തച്ചിക്ക് നിന്നെ അറിയാമായിരുന്നു. നിന്റെ ജേഷ്ഠനെ നല്ല പരിചയമുണ്ടായിരുന്നു. നിനക്ക് ആളെ അറിയാം എന്ന് പറഞ്ഞത് അവളുടെ ബന്ധുക്കൾ തെറ്റിദ്ധരിച്ചു നിന്നെ ആക്രമിച്ചു.നിരപരാധിയായ നിനക്ക് അടി കൊണ്ടതിൽ അവൾക്കും വിട്ടു കാർക്കും വിഷമമുണ്ടായി.ആ കുറ്റബോധം പിന്നെ വിവാഹത്തിലാണ് അവസാനിച്ചത്. ഇത്രയെ എനിക്കറിയൂ." മുസ്ലിയാർ പറഞ്ഞു നിർത്തി.
കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ ഇറങ്ങി ഞാൻ ഒരു ബാർബർഷാപ്പിൽ കയറി. താടിയും മുടിയും ശരിയാക്കി ഒരു ലോഡ്ജിൽ മുറിയെടുത്തു കുളിച്ചു വൃത്തിയായി. അതിനു ശേഷം പുതിയ വസ്ത്രങ്ങൾ എടുത്തിട്ടു. എന്നിട്ട് അവിടെ നിന്നിറങ്ങി കുറച്ച് കളിപ്പാട്ടങ്ങളും വീട്ടു സാധനങ്ങളും വാങ്ങി ഒരു കാർട്ടണിലാക്കി.ഒരു വണ്ടി വിളിച്ചു നാട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോൾ പെട്ടിയും ബാഗുമെടുത്ത് കോലായിൽ വച്ചു. അകത്തെ വാതിൽ തുറന്ന് കിടക്കുകയാണ്. ഞാൻ അകത്തേക്ക് കടന്നു.കിഴക്കെ മുറിയിൽ ആളനക്കമുണ്ട്. കിഴക്കെ മുറിയിലെ വാതിലിലെത്തി അകത്തേക്ക് നോക്കി. അവിടെ ഉമ്മാക്ക് ഭക്ഷണം കൊടുക്കുകയാണ് മൂത്തച്ചി. വാതിൽക്കൽ ആളെ കണ്ട് അവരൊന്ന് നോക്കി."ഇന്റെ കുഞ്ഞോനല്ലെ അത് " ഉമ്മയായിരുന്നു അത് ചോദിച്ചത്.
"ഇമ്മാ"
പൊട്ടിക്കരയണമെന്നുണ്ടായിരുന്നുണ്ടായിരുന്നെങ്കിലും ഉമ്മയുടെ ആലിംഗനത്തിലും തലോടലിലും മാതൃസ്നേഹത്തിന്റെ അനുഭൂതി ഞാൻ അറിയുകയായിരുന്നു.
" ഇന്നെ ഓർത്തിട്ടെങ്കിലും ന്റെ കുഞ്ഞോന് പോവാതിരുന്നൂടായിരുന്നോ"?
ഉമ്മ കരയുക തന്നെയായിരുന്നു.
"ഞ്ഞിപ്പ അതൊക്കെ പറഞ്ഞ് ഓനെ വെഷമിപ്പിക്കണ്ട.. ഓന്ങ്ങണ്ട് വന്നീലെ "
അയൽവാസിയായ നബീസുതാത്തയാണ് അത് പറഞ്ഞത്.അവർ ഞാൻ വരുന്നത് കണ്ട് ഓടി വന്നതാണ്.
നബീസുതാത്തയെ തിരിഞ്ഞു നോക്കിയ ഞാൻ വാതിലിന്റെ മറവിൽ രണ്ട് കുഞ്ഞു മുഖങ്ങളെ കണ്ടു. ഞാൻ ഉമ്മയെ വിട്ട് അവരുടെ അടുത്തേക്ക് ചെന്നു. അവരുടെ ബാപ്പയാണെന്ന് കരുതിയോ?. അവരെ രണ്ട് പേരെയും ഒരേ സമയം കോരിയെടുത്ത് തെരുതെരെ ഉമ്മ നൽകി. അവരെയും എടുത്ത് കോലായിലുണ്ടായിരുന്ന പെട്ടിയഴിച്ച് കളിപ്പാട്ടങ്ങൾ അവർക്ക് മുമ്പിൽ നിരത്തി വച്ചു. സന്തോഷം കൊണ്ട് തുള്ളിക്കളിക്കുന്ന കുട്ടികൾ.
ഞാൻ അകത്തേക്ക് കയറാൻ തിരിഞ്ഞപ്പോൾ അവർ ജ്യേഷ്ഠന്റെ വിധവയുണ്ട് വാതിൽപടിയിൽ നിൽക്കുന്നു. എന്തെങ്കിലും ഒന്ന് പറയുന്നതിന് മുന്നെ അവർ എന്റെ മുന്നിൽ മുട്ട് കുത്തി വീണിരുന്നു. അവരിൽ നിന്ന് ഏഴ് വർഷമായി അടക്കി വച്ചിരുന്ന വാക്കുകൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
"മാപ്പ്, മാപ്പ്, മാപ്പ് "
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അവസാനിച്ചു . ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo