"വേപ്പും, മുരിങ്ങയും"
കണാരേട്ടനും,കല്യാണിഏടത്തിയും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു. പക്ഷെ അവരുടെ ദാമ്പത്യ വല്ലരിയില്‍ പൂവും,കായും ഒന്നും തളിര്ക്കാത്തത് മാത്രമായിരുന്നു അവരെ അലോസരപ്പെടുത്തിയിരുന്നത്.
നാട്ടുമരുന്നുകള്‍ നിരവധി ചെയ്തു. വലിയ കേമന്മാരായ വൈദ്യന്മാരുടെ ലേഹ്യവും,കഷായവും ഒക്കെ ഇരുവരും നിരവധി സേവിച്ചു.
ഏട്ടന്റെയും, ഏട്ടതിയുടെയും ശരീരം മറ്റുള്ളവര്‍ക്ക് നയനമനോഹരമായത് അല്ലാതെ ഗുണമൊന്നും ഉണ്ടായില്ല.
ആരുടെയാണ് തകരാര് എന്ന് മറ്റാര്‍ക്കും വ്യക്തമായിരുന്നില്ല. അത് അവരിരുവരുടേയും സ്വകാര്യതയായി സൂക്ഷിച്ചു.
പിന്നെ പലരുടേയും ഉപദേശപ്രകാരം ആത്മീയതയിലേക്ക് മാറ്റി പിടിച്ചു.
വഴിപാടുകള്‍ പലയിടത്തും നിരവധി നടത്തി.
പല അമ്പലങ്ങളിലുമായി ഉരുളി കമഴ്ത്തുകയും,ചെറിയ നേര്ച്ചതൊട്ടില്‍ കെട്ടിത്തൂക്കുകയും ചെയ്തു .
ഇനി മതേതരത്വം നോക്കി പള്ളികളിലും മെഴുതിരി കത്തിക്കുകയും, സാമ്പ്രാണിതിരി നേര്‍ച്ചയായി സമര്‍പ്പിക്കുകയും ഒക്കെചെയ്തു.
പക്ഷേ ഇരുവരെടെയും ആഗ്രഹം പിണങ്ങിത്തന്നെ നിന്നു.
നാളുകള്‍ നിരവധി കഴിഞ്ഞു.
അവരുടെ ഇടയില്‍ പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ നാമ്പിട്ടു. അവരുടെ ദാമ്പത്യത്തിന്റെ രസതന്ത്രം ചെറുതായി താളം തെറ്റാന്‍ തുടങ്ങിയിരുന്നു.
കണാരേട്ടന് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ ക്ഷമ വേണ്ടുവോളമുള്ളതിനാല്‍ അവരുടെ രസച്ചരടിന്റെ ബലം കുറയുന്നത് ആരും അറിഞ്ഞിരുന്നില്ല.
ഒടുവില്‍ കണാരേട്ടന്‍ സന്യസിക്കാന്‍ തീരുമാനിച്ചു. ഏടത്തിക്ക് ഇഷ്ടമില്ലായിരുന്നു.
ഏട്ടത്തിയുടെ കണാരേട്ടനെ പിന്‍തിരിപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു.
കണാരേട്ടന്‍ തീര്‍ഥാടനത്തിനായി കാഷായവും ഒക്കെ പുതച്ചു ഒരുദിവസം രാവിലെ സഹധര്മിണിയോടു യാത്രയും ചൊല്ലി വീട്ടില്‍ നിന്നും ഇറങ്ങി.
ഹൃദയം പൊട്ടിയ ഏടത്തി തേങ്ങിക്കൊണ്ട് ഉറക്കെ പറഞ്ഞു ,"എങ്കി പൊയ്ക്കോ....
പോകും വഴിയില്‍ നടന്നു ക്ഷീണിക്കുമ്പോള്‍ വേപ്പിന്‍ മരച്ചുവട്ടില്‍ മാത്രം വിശ്രമിക്കണേ...... ഭക്ഷണത്തില്‍ മുരിങ്ങയിലയും, മുരിങ്ങക്കായും കൂടുതലായി ചേര്‍ക്കണേ......"
അതുകേട്ട എല്ലാവര്ക്കും ആരുടെ കുഴപ്പമാണെന്ന് മനസ്സിലായി.
ആര്‍ക്കും അറിയാതിരുന്ന ആ രഹസ്യം പരസ്യമായിപോയ വിഷമത്തില്‍ ഏടത്തി പുരക്കകത്ത് കയറി കതകടച്ചു.
സന്ധ്യക്ക് കരഞ്ഞു തൂങ്ങിയ മുഖവുമായി ഏടത്തി നടയ്ക്കെ വിളക്കുവയ്ക്കാന്‍ ഇറങ്ങിയപ്പോള്‍, തീര്‍ഥാടനത്തിനു പോയ കണാരേട്ടന്‍ നടയ്ക്കെ നില്‍ക്കുന്നു. കയ്യില്‍ രണ്ടു സഞ്ചിയുമായി. ഒന്ന് ഒരു വേപ്പിന്റെയും, മറ്റൊന്ന് മുരിങ്ങയുടെയും തയ്യുകളായിരുന്നു.
സ്നേഹപൂര്‍വ്വം സഹധര്‍മിണിയേ ഏല്‍പ്പിച്ചിട്ട് പറഞ്ഞു. "ഇത് നിന്റെ കൈകൊണ്ടു തന്നെ നടുക"
ഏടത്തി ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ അത് വാങ്ങി പവിത്രമായി, നല്ല സ്ഥലം നോക്കിത്തന്നെ അതുനട്ടു.
അവരുടെ ദാമ്പത്യവല്ലരിയില്‍ പൂവോ, കായോ ഉണ്ടായതായി അറിയില്ല. എങ്കിലും അതിന്റെ പേരില്‍ പിന്നീട് "ശണ്ട" ഒന്നും ഉണ്ടായി ക്കാണില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
By
Shaji Bhaskar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക