നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ഇന്ത്യൻ കദന കഥ


ഒരു ഇന്ത്യൻ കദന കഥ
* * * * * * * * * * * * * * * *
ബ്രിട്ടനിലെ എഡ്വിൻ ബർഗിലെ രണ്ടാമത്തെ വളവും കഴിഞ്ഞുള്ള ആ വലിയ മരത്തിന്റെ ചുവട്ടിലെ മൂസാ സായിപ്പിന്റെ ചെറിയ ചായക്കടയിലായിലേക്കാണ് ഞാൻ സ്ഥിരമായി രാവിലെ ചായ കുടിക്കാൻ പോകാറുള്ളത്. അവിടെ രാവിലെത്തന്നെ ഡെയ്ലിമിററിലെ വാർത്തയും വായിച്ച് സ്ഥിരം കസ്റ്റമേഴ്സായ കുഞ്ഞാപ്പു സായിപ്പും അവറാൻ സായിപ്പും അപ്പുട്ടൻ സായിപ്പും അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദങ്ങൾ നടത്തുന്നു.
എല്ലാവരുടെ മുന്നിലും ഒഴിഞ്ഞ ഓരോ സുലൈമാനിയുടെ ഗ്ലാസും കാണാം.പാൽചായ കിട്ടണമെങ്കിൽ പാൽക്കാരി സുജ മദാമ്മ പാലുമായി വരുന്നത് വരെ കാത്തിരിക്കണം.
പത്രത്തിൽ ലോക വാർത്തകൾ നിറഞ്ഞു തുളുമ്പി നിൽക്കുകയാണെന്ന് സായിപ്പൻമാരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. പത്രത്തിന്റെ ഓരോ പേജുകൾ ഓരോരുത്തർ കൈയടക്കി വെച്ചിരിക്കുന്നു.
സുജ മദാമ്മ വന്നതും ഒരു ചായക്കും ഉണ്ടപ്പൊരിക്കും ഓർഡർ കൊടുത്ത് ഞാൻ സായിപ്പൻമാരുടെ സംസാരവും ശ്രദ്ധിച്ചിരുന്നു.
സംസാരിച്ച് സംസാരിച്ച് വാസ്കോഡഗാമമാർ ഇന്ത്യയിൽ കാലെടുത്തു കുത്തി.പിന്നെയത് വന്നെത്തിയത് എയർ ഇന്ത്യയിലാണ്.
മൂസാ സായിപ്പാണ് ആ വിഷയം എടുത്തിട്ടത്. ലോകത്തിൽ ഏറ്റവും മോശപ്പെട്ട സർവീസ് നടത്തുന്നതിൽ മൂന്നാം സ്ഥാനം ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ കരസ്ഥമാക്കിയത്രെ.
ഭയങ്കരൻമാർ. ഞാൻ മനസിൽ പറഞ്ഞു. ഒന്നും രണ്ടും സ്ഥാനം ഇസ്രായേലും മറ്റും കൊണ്ടു പോയെങ്കിലും ചുളുവിൽ അടിച്ചെടുത്തുകളഞ്ഞില്ലെ ആ മൂന്നാം സ്ഥാനം. കൊച്ചു കള്ളൻമാർ..
"ഇത് കിട്ടാനെന്തെല്ലാം ത്യാഗം സഹിക്കണമെന്നറിയുമോ?" അപ്പുട്ടൻ സായിപ്പ് വിശദീകരിക്കാൻ തുടങ്ങി.
"ഫ്ലൈറ്റുകൾ ഇടക്കിടെ റദ്ദുചെയ്യണം. ഉള്ള ഫ്ലൈറ്റുകൾ തന്നെ കൃത്യസമയം പാലിക്കാതിരിക്കണം. യാത്രക്കാരെ , അവർ എവിടേക്കാണോ ടിക്കറ്റെടുത്തത് അവിടെക്കൊണ്ടുപോയി ഇറക്കാതെ ദുനിയാവിന്റെ മറ്റേതെങ്കിലും മൂലക്ക് കൊണ്ടുപോയി തള്ളണം. എന്നിട്ടവിടെയിട്ട് നട്ടം തിരിക്കണം."
"അതു മാത്രമല്ല.. " കുഞ്ഞാപ്പുസായിപ്പ് ഇടക്ക് കയറി സംസാരിക്കാൻ തുടങ്ങി.
" ഭക്ഷണ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണം ഈ പട്ടികയിൽ മുന്നിലെത്താൻ. കഴിവതും പുളിച്ചതും പഴകിയതുമായ ഐറ്റങ്ങൾ വിളമ്പണം. രാവിലെ തണുത്ത ചോറും സാമ്പാറും ഉച്ചക്ക് ബിസ്ക്കറ്റും കട്ടൻ ചായയും രാത്രി പച്ച വെള്ളവും കൊടുത്ത് യാത്രക്കാരെ ബോധം കെടുത്തണം... "
"നമ്മളുണ്ടാക്കിയ നിർമ്മിതികളിലാണ് ഇപ്പോഴും അവരുടെ മിക്ക ഓഫീസുകളും മറ്റും പ്രവർത്തിക്കുന്നത്. നമ്മൾ വരച്ചവരയിൽ അവരുടെ റെയിൽ ഗതാഗതം മുട്ടി നിൽക്കുന്നു. അതൊക്കെ പോട്ടെ നമ്മൾ അവരെ ബുദ്ധിമുട്ടിക്കാനുണ്ടാക്കിയ ഒടുക്കത്തെ ഓരോനിയമങ്ങളാ അവരിപ്പോഴും പിന്തുടരുന്നതും ഭാവിതലമുറയെ പഠിപ്പിക്കുന്നതും.. "
"പണ്ട് വന്ന് നിരങ്ങിയ ഓരോരുത്തൻ മാരുണ്ടാക്കി വെച്ച കോട്ടകളും മറ്റുമാണ് ഇന്നു മവർ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസായി ഇൻക്രെഡിബിൾ ഇന്ത്യായെന്നും പറഞ്ഞ് കാണിച്ചു കൊണ്ടിരിക്കുന്നത്.നേരാംവണ്ണം അവൻമാർക്കെന്തെങ്കിലുമൊന്ന് ഇതുവരെ ഉണ്ടാക്കാൻ പറ്റിയിട്ടില്ല."
"അതെങ്ങനാ വല്ലതും ഉണ്ടാക്കാൻ നോക്കിയാ തന്നെ പാതിയാകുമ്പോൾ പൊളിഞ്ഞു വീഴുകയല്ലേ. മൂസാ സായിപ്പിന്റെ വകയായിരുന്നു അത്. 
"നമ്മൾ ചെളിയും കട്ടയും വെച്ചുണ്ടാക്കിയ പാലങ്ങളും ഡാമുകളും ഇന്നും ഒരു കേടും കൂടാതെ നിൽക്കുന്നു. ഇപ്പൊ പൊളിയും ഇപ്പൊ പൊളിയും എന്ന് പറഞ്ഞ് അവർ പാവം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.എന്നാലൊ പൊളിഞ്ഞു വീഴുന്നത് മുഴുവൻ അവരുണ്ടാക്കുന്ന ചപ്പടാച്ചികളും "
"അല്ല ശരിക്കും നമ്മളിവർക്ക് 1947 ൽ സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെ.എന്നിട്ടുമെന്തെ ഇവരിങ്ങനെ...?"
അന്ത്രുസായിപ്പിന്റെ സംശയം ന്യായമണെന്നെനിക്കും തോന്നി.
" എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂലാന്ന് പറഞ്ഞാൽ പിന്നെന്താ ചെയ്യാ... " എനിക്കുള്ള പാൽ ചായയുമായി വരവെ മൂസ സായിപ്പ് മറ്റുള്ളവരോടായി പറയുന്നത് കേട്ടു. സുജ മദാമ്മ ഒഴിഞ്ഞ പാൽപാത്രവുമായി കുണുങ്ങിക്കുണുങ്ങി നടന്നകലുന്നതും നോക്കി ഞാനവിടെയിരുന്നു. ഒരു മലയാളിയായ എനിക്ക് അതിലൊക്കെയല്ലേ കാര്യമായി ശ്രദ്ധിക്കാനുള്ളൂ. അതു കൊണ്ട് തന്നെയല്ലേ നിന്റെ നാടിപ്പോഴും ഇങ്ങനെത്തന്നെക്കിടക്കുന്നതെന്ന് മനസ് പറയുന്നുണ്ടായിരുന്നു..
________________________
എം.പി.സക്കീർ ഹുസൈൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot