Slider

ഞാൻ സുഡാപ്പിയല്ല, അവൻ സങ്കിയുമല്ല

0

ഞാൻ സുഡാപ്പിയല്ല, അവൻ സങ്കിയുമല്ല
അന്നവൻ സംഘി ഉണ്ണി കൃഷ്ണൻ അല്ലായിരുന്നു. എന്റെ ഉണ്ണിയായിരുന്നു.
ഞാൻ സുഡാപ്പി അബ്ദുൽ ഖാദർ അല്ലായിരുന്നു. അവന്റെ അബ്ദു ആയിരുന്നു.
തുണിസഞ്ചിയും തോളിൽ തൂക്കി എന്റെ വീട്ട് മുറ്റത്തേക്ക് അബ്ദു എന്ന് വിളിച്ച് കടന്നു വന്നിരുന്ന അവന്റെ ജാതിയോ മതമോ ഞാൻ അന്വേഷിച്ചില്ലായിരുന്നു. എന്റെ കൂടെയിരുന്ന് എന്റെ ഉമ്മയുണ്ടാക്കിയ പത്തിരിയും ചായയും ആർത്തിയോടെ കഴിക്കുമ്പോൾ അവൻ എന്റെ ഉമ്മയുടെ ഉദരത്തിൽ പിറക്കാതെ പോയ എന്റെ കൂടെപ്പിറപ്പ് മാത്രമായിരുന്നു.
സ്‌കൂളിലേക്കുള്ള നടത്തത്തിനിടെ ഊടുവഴിയിലേക്ക് ചാഞ്ഞു കിടന്നിരുന്ന നാണുവേട്ടന്റെ നാടൻമാവിന് നേരെ ഞങ്ങൾ ഒരുമിച്ചു കല്ലെറിഞ്ഞിരുന്നു. വീണ് കിടന്നിരുന്ന ചക്കര മാമ്പഴങ്ങൾ പങ്കിട്ടെടുക്കാതെ കൈക്കുള്ളിലമർത്തി ചാറ് പിഴിഞ് പരസ്പരം വായിലേക്ക് ഒഴിച്ച് കൊടുക്കുമ്പോൾ ഞങ്ങൾക്ക് അറപ്പോ വെറുപ്പോ തോന്നിയിരുന്നില്ല.
ഉച്ചയൂണിന് ബെല്ലടിക്കുമ്പോൾ വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവന്നിരുന്ന ചോറും കൂട്ടാനും ഞങ്ങൾ പരസ്പരം പങ്കുവെച്ചു കഴിക്കുമായിരുന്നു. അവന്റെ അമ്മ ഉണ്ടാകാറുള്ള അവിയൽ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അത്കൊണ്ട് തന്നെ എനിക്ക് വേണ്ടി അൽപ്പം കൂടി കൊടുത്തയാക്കാൻ അമ്മ ഒരിക്കലും മറക്കാറില്ല.
ഓണവും പെരുന്നാളും വിഷുവുമെല്ലം ഞങ്ങൾ ഒരുമിച്ചാഘോഷിച്ചു.അവന്റെ വീട്ടിൽ അമ്മയൊരുക്കിയ സദ്യയും പായസവും കഴിച്ചാൽ മാത്രമേ എന്റെ ഓണത്തിന് എന്നും പൂർണ്ണതയുണ്ടാകുമായിരുന്നോള്ളൂ. ഉപ്പ മേശപ്പുറത്തു വെക്കാറുള്ള പേഴ്‌സിൽ നിന്നും കിട്ടുന്ന നാണയത്തുട്ടുകളും ഉമ്മയിൽ നിന്നും ഇരന്നു വാങ്ങിയ ചില്ലറ നോട്ടുകളും അവന്റെ വിഷുക്കൈനീട്ടം കൂടി ചേരുമ്പോൾ കിട്ടുന്ന തുകകൊണ്ട് ഞങ്ങൾ ആർഭാടമായി വിഷു ആഘോഷിക്കുമായിരുന്നു. പെരുന്നാൾ പുലരികളിൽ പള്ളിയിൽ നിന്നുള്ള എന്റെ മടക്കയാത്ര അവന്റെ വീട്ടിലേക്കായിരുന്നു. ഒടുവിൽ എന്റെ ഉമ്മ വെച്ചുണ്ടാക്കിയ പെരുന്നാൾ ചോറ് ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുമായിരുന്നു.
കാലം മാറി കഥമാറി. ഫേസ്ബുക്കും വട്സാപ്പും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. കാണാപ്പുറത്തുള്ള പുതിയ സൗഹൃദങ്ങൾ,ബന്ധങ്ങൾ ഞങ്ങളുടെ സൗഹൃദത്തിനിടയിൽ വിള്ളലുകളുണ്ടാക്കാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടുന്ന ചില ചിത്രങ്ങൾ, പോസ്റ്റുകൾ ഞാൻ മുൻവിധികൾ ഇല്ലാതെ ഷെയർ ചെയ്തപ്പോൾ അതെല്ലാം അവന്റെ മനസ്സിനെ വേദനിപ്പിക്കുമെന്നോ അവന്റെ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുമെന്നോ ഞാൻ ഒരിക്കൽപോലും കരുതിയിരുന്നില്ല. മറുപടിയെന്നോണം അവനും ചിലത് ഷെയർ ചെയ്തു. ഒടുവിൽ ഫേസ്ബുക്കിനെ പോരാട്ടഭൂമിയാക്കി ഞങ്ങൾ പരസ്പരം അക്ഷരങ്ങൾക്കൊണ്ട് യുദ്ധം ചെയ്തു.എന്റെ നിലപാടുകളായിരുന്നു ശെരി എന്ന് വാദിക്കാൻ ചില ചെന്നായ്ക്കൾ എനിക്ക് പിന്തുണയുമായി വന്നപ്പോൾ ഞാൻ അഹങ്കരിച്ചു. അവനും അങ്ങനെയായിരിക്കണം. പക്ഷെ, ഞാനറിയാതെ ഉണ്ണിയെന്റെ ശത്രുവായി മാറുകയായിരുന്നു.
എന്റെ ഉണ്ണിയെനിക്കിന്നു വർഗീയ വാദിയായ സങ്കിയാണ്. അവന്റെ അബ്ദുവായിരുന്ന ഞാനവന് തീവ്രവാദിയായ സുടാപ്പിയുമാണ്.
പരസ്പരം തമ്മിൽ കണ്ടാൽപ്പോലും അറപ്പോടെയും വെറുപ്പോടെയും ഞങ്ങൾ മാറി നടന്നു.അവന്റെ അനിയത്തിയുടെ കല്യാണത്തിന് പോലും അവൻ എന്നെ ക്ഷണിച്ചില്ല.പകരം അവന്റെ അമ്മയാണ് എന്നെ ക്ഷണിച്ചത്.ആ സങ്കിയുടെ പെങ്ങളുടെ കല്യാണത്തിന് പോകെണ്ടില്ലെന്ന് ഞാനും ശാഠ്യം പിടിച്ചു.ഒടുവിൽ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ശാസനകൾക്ക് മുന്നിൽ ഞാൻ തോറ്റുപോയി. ആർക്കും മുഖം കൊടുക്കാൻ തയ്യാറാകാതെ ഒരു കള്ളനെപ്പോലെ ഞാൻ ആ കല്യാണ വീട്ടിൽ ചെന്നു. കുഞ്ഞുനാളിൽ അബ്ദു ഇക്കായെന്ന് വിളിച്ച് എന്റെ വിരലിൽ തൂങ്ങി നടന്നിരുന്ന എന്റെ നിമ്മിയെ ഞാൻ ദൂരെ നിന്നു കണ്ടു. ആരുമറിയാതെ ഞാൻ കണ്ണീർവാർത്തു. എത്രപെട്ടെന്നാണ് അവൾ എനിക്ക് അന്യയായി തീർന്നത് എന്നോർത്തപ്പോൾ എന്റെ ഹൃദയം വിങ്ങി.
അവനെ കണ്ട് മാപ്പ് പറയാൻ ഞാൻ എന്നും കൊതിക്കുമായിരുന്നു. പക്ഷെ എന്റെ പുതിയ സൗഹൃദങ്ങൾ അതിന് സമ്മതിച്ചില്ല. ആ സങ്കിയോട് നീയെന്തിന് മാപ്പ് പറയണമെന്നായിരുന്നു അവരുടെ പക്ഷം.
അവന്റെ അച്ഛനും എന്റെ ഉപ്പയും നേരിൽകാണുമ്പോഴെല്ലാം പരസ്പരം പൊട്ടിചിരിച്ച് ആലിംഗനം ചെയ്തുകൊണ്ട് ഹൃദയങ്ങൾ കൈമാറുന്നത് പലതവണ ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴല്ലാം ഞാൻ ചിന്തിക്കാറുണ്ട്..... ഞാൻ പഠിച്ച ഖുർആൻ തന്നെയല്ലേ എന്റെ ഉപ്പയും പഠിച്ചിട്ടുള്ളത്???.. . അവൻ പഠിച്ച ഗീതയും രാമായണവുമല്ലേ അവന്റെ അച്ഛനും പഠിച്ചിട്ടുള്ളത് ?? ....അവർക്കെങ്ങനെ ഇങ്ങനെ പരസ്പരം ആലിംഗനം ചെയ്യാൻ കഴിയുന്നു???.... ഇങ്ങനെ പൊട്ടിച്ചിരിക്കാൻ സാധിക്കുന്നു ??....
ഒരു ദിവസം ടൗണിൽ നിന്നും വരുന്ന വഴി എന്റെ ബൈക് അപകടത്തിൽപെട്ടു. ചോര വാർന്ന് റോഡിൽ കിടന്നിരുന്ന എന്നെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. എന്റെ ജീവൻ രക്ഷിക്കാനുള്ള രക്തത്തിന് വേണ്ടി വീട്ടുകാരും സുഹൃത്തുക്കളും നെട്ടോട്ടമോടുന്ന സമയതാണ് അവൻ അവിടെ വന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഉപ്പയെ സമീപിച്ച അവൻ പറഞ്ഞത് ഇതായിരുന്നു
"എന്റെ അബ്ദുവിന്റെ ജീവന് വേണ്ടി എത്ര രക്തം വേണമെങ്കിലും ഞാൻ കൊടുക്കാം...."
അവിശ്വനീയതയുടെയും അത്ഭുതത്തോടെയും അവനെ നോക്കിയ എന്റെ പുതിയ സുഹൃത്തുക്കളോട് അവൻ പറഞ്ഞുവത്രേ
"മതം നമുക്കാണ്....രക്തത്തിനെന്ത് മതം???"

ഒടുവിൽ കണ്ണ് തുറന്ന ഞാൻ ആദ്യം കണ്ടത് അവനെയായിരുന്നു. മാസങ്ങളോളം എന്നോട് മിണ്ടാതെ നടന്ന എന്റെ ഉണ്ണിയതാ എന്നെനോക്കി പുഞ്ചിരിതൂകി നിൽക്കുന്നു.
അവനോട് എന്ത് പറയണമെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു.
"ഡാ... എല്ലാ മതങ്ങളും മനുഷ്യ സംസകരണത്തിന് വേണ്ടിയുള്ളതാണ്.... തന്റെ സഹജീവിയെ ജീവിയെ വെറുക്കാനോ അവനെ വകവരുത്താനോ ഒരു മതവും അനുശാസിക്കുന്നില്ല.... ഞാൻ നിന്റെ സുഹൃത്തുക്കളെ നോക്കി നിന്റെ വിശ്വാസത്തെ വിലയിരുത്തി... നീ തിരിച്ചും... അത്ര മാത്രം... "
ദിവസങ്ങൾക്ക് മുൻപാണ് കയ്യിലൊരു സ്മാർട്ട് ഫോണുമായി ഉപ്പ എന്റെയടുത്തേക്ക് വന്നത്. ഉപ്പാക്ക് ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ഞാൻ സഹായിക്കണമത്രേ...ഞാൻ ഉപ്പയോട് പറഞ്ഞു
"ഉപ്പാ... സായാഹ്നമാകുമ്പോൾ രാമുവേട്ടന്റെ കൂടെയിരുന്ന് ചായകുടിക്കാറില്ലേ ഉപ്പ... അവരുടെ കൂടെയിരുന്ന് നാട്ടുവർത്തമാനവും രാഷ്ട്രീയവും ചർച്ച ചെയ്യാറില്ലേ ???..ചിലപ്പോഴെക്കെ അവരുടെ കൂടെ കടവുപാലത്ത് മീൻ പിടിക്കാൻ പോകാറില്ലേ ??...അപ്പോൾ കിട്ടുന്ന സന്തോഷത്തിന്റെ പകുതിപോലും ഈ മുഖചിത്രം ഉപ്പാക്ക് നൽകില്ല... അത്കൊണ്ട് നമുക്കിത് വേണ്ട "
സത്യത്തിൽ ഞാൻ പറഞ്ഞത് തന്നെയല്ലേ ശെരി. നമ്മളെല്ലാവരും ഒരുമിച്ചു ആഘോഷിച്ചു തീർത്ത ഒരു സായാഹ്നം ഓർമയില്ലേ... കബഡി കളിച്ചും വോളിബോൾ കളിച്ചും ചെസ്സ് കളിച്ചുമെല്ലാം രസിച്ചു തീർത്ത ഒരു നല്ല കാലം.....
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo