Slider

ശിഹാബൂന്റെ പത്രാസ്:( ചെറുകഥ)

0

ശിഹാബൂന്റെ പത്രാസ്:( ചെറുകഥ)
നല്ല വെളുത്ത ഒരു സുന്ദരിയായിരുന്നു ശിഹാബൂന്റെ പൂച്ചക്കുട്ടി. മാസങ്ങൾക്കു മുമ്പ് ശിഹാബും കുടുംബവും ഊട്ടിയിൽ പോയപ്പോൾ കൊണ്ടുവന്നതാണ് പൂച്ചക്കുട്ടിയെ. മിന്നു എന്നു പേരും ഇട്ടു.പൂച്ചകളോട് സ്നേഹമൊന്നും ഉണ്ടായിട്ടല്ല പൂച്ചക്കുട്ടിയെ വളർത്തുന്നത്.പത്രാസ് കാണിക്കാൻ വേണ്ടിയാ. ഞങ്ങൾ ദൂരെ സ്ഥലങ്ങളിൽ ടൂറിന് പോകുന്നവരാണെന്ന് ബന്ധുക്കളെയും നാട്ടുകാരെയും ഒക്കെ ബോദ്ധ്യപ്പെടുത്തലാ ലക്ഷ്യം.
ശിഹാബൂന്റെ ബാപ്പ പ്രദേശത്തെ ഒരു ചെറിയ മുതലാളിയായിരുന്നു.ബാപ്പ മരിച്ചപ്പോൾ സ്വത്തുക്കൾ ഓഹരി വച്ചതിനാൽ ശിഹാബൂന് കിട്ടിയത് തറവാട് വീട് .അത് പൊളിച്ചു നന്നാക്കി വലിയ ഒരു വീടുവച്ചു. പോരാത്തതിന് കാറും ബൈക്കും. പത്രാസിൽ ഒരു കുറവും വരാൻ പാടില്ല. അതു കൊണ്ട് ഇടക്കിടക്ക് വിരുന്നും സൽക്കാരവും സംസ്ഥാനത്തിന് അകത്തും പുറത്തും ടൂറും പോവും.
അയൽവാസികളിൽ പാവപ്പെട്ട ആരെങ്കിലും സഹായം ചോദിച്ചു ചെന്നാൽ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാവുകയില്ല. എന്നാൽ അയൽവാസികൾ എല്ലാ സഹായവും അവർക്ക് ചെയ്തു കൊടുക്കുകയും വേണം.
അങ്ങിനെയിരിക്കെ പത്രാസ് കൂടി കൈയ്യിലെ നോട്ടുകെട്ടുകൾക്ക് ഇളക്കം സംഭവിച്ചപ്പോൾ ശിഹാബു ഗൾഫിൽ പോകാൻ തീരുമാനിച്ചു.ആ സമയം തന്നെയാണ് മിന്നു ഗർഭിണിയായത്.ഏത് പഹയനാണാവാം ആപണി പറ്റിച്ചത്?. അയൽവക്കത്തെ കാടൻ പൂച്ചകൾ ഏതെങ്കിലും ആയിരിക്കും എന്നവർ കണക്ക് കൂട്ടി. പത്രാസ് അനുസരിച്ച് ശിഹാബൂന്റെ കുടുംബത്തിന് മാനക്കേടുണ്ടാക്കുന്ന ഒന്നായിരുന്നു അത്. ഏതായാലും പ്രസവിച്ചതിന് ശേഷം ബാക്കി എന്ന് അവർ തീരുമാനിച്ചു.അങ്ങിനെ വിസയെല്ലാം ശരിയായി ടിക്കറ്റെടുത്തു കഴിഞ്ഞപ്പോൾ മിന്നു പ്രസവിച്ചു.
അയൽവക്കത്തെ കാടൻമാർ തന്നെയായിരുന്നു ഉത്തരവാദികൾ എന്ന് ശിഹാബൂന്റെ വീട്ടുകാർ ഉറപ്പിച്ചു. കുട്ടികൾ അഞ്ചും അവരുടെ നോട്ടത്തിൽ ഒരു ഭംഗിയുമില്ലാതെ കറുകറുത്തിട്ട്.എന്തു ചെയ്യണമെന്നറിയാതെ ശിഹാബും വീട്ടുകാരും ആകെ നട്ടം തിരിഞ്ഞു. പൂച്ച കുട്ടികൾ ഓടിച്ചാടി കളിക്കാൻ തുടങ്ങിയപ്പോൾ ശിഹാബു ഗൾഫിൽ പോകുന്നതിന്റെ തലേന്ന് പൂച്ച കുട്ടികളെ മുഴുവൻ പിടിച്ച് ചാക്കിലാക്കി ഏതോ സ്ഥലത്ത് വിശന്നു നടക്കുന്ന പട്ടികൾക്ക് ഭക്ഷണമായി ഉപേക്ഷിച്ചു.
ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവീൻ, ആ കാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിച്ചേക്കാം എന്ന അല്ലാഹുവിന്റെ വാക്കുകളെ അവർ അവഗണിച്ചു.
ദാഹിച്ചവശനായ നായക്ക് സ്വന്തം വസ്ത്രം കീറി ഷൂ കൊണ്ട് തൊട്ടിയുണ്ടാക്കി കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊടുത്തു ഒരു പടുവേശ്യ. അവളുടെ ആ ഒരു സൽക്കർമ്മം കൊണ്ട് മാത്രം അവൾ സ്വർഗത്തിൽ പ്രവേശിച്ചു. കുറെ ആരാധനാ കർമ്മങ്ങൾ ചെയ്യുന്ന മറ്റൊരു സ്ത്രീ.അവൾ ഒരു യാത്ര പോയപ്പോൾ അവൾ വളർത്തുന്ന പൂച്ചയെ കെട്ടിയിട്ടു.പൂച്ച ഭക്ഷണം കിട്ടാതെ ചത്തു.ഈ ഒരു നടപടിയുടെ പേരിൽ അവൾ നരകാവകാശിയായി.
ഈ വക ഉപദേശങ്ങളൊന്നും ശിഹാബൂന്റെ വീട്ടുകാർ ചെവികൊണ്ടില്ല.കാരണം അവരുടെ പത്രാസിൽ കുറവ് വരുത്തുന്ന ഒന്നും അവർ അംഗീകരിക്കില്ലായിരുന്നു.
എന്നിട്ട് അവൻ ഇൻ ഒക്കെ ചെയ്ത് പെട്ടിയും തൂക്കി ഗമയിൽ ഗൾഫിലേക്ക് പോയി. പതിനഞ്ചാം ദിവസം ശിഹാബൂന്റെ ജ്യേഷ്ടന് ഗൾഫിൽ നിന്ന് അർബാവൂന്റെ ഫോൺ. ശിഹാബൂന്റെ കൂടെ താമസിക്കുന്ന അഫ്ഗാനിയെ ശിഹാബു ആക്രമിച്ചു.അഫ്ഗാനി ആശുപത്രിയിൽ. ശിഹാബു ജയിലിൽ. കുറച്ചു പണം ചിലവാക്കിയാൽ വേണ്ട സഹായം ചെയ്തു തരാമെന്ന് അറബി.
എല്ലാ ജീവനുകളും ദൈവത്തിനു ഒരു പോലെയാണെന്നെ..
ആ സമയം മിന്നുവിനെ അയൽപക്കത്തെ കാടൻമാർ വീണ്ടും നോട്ടമിട്ടു കഴിഞ്ഞിരുന്നു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo