നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈശ്വരാവതാരം (കഥയാണത്രെ കഥ)


ഈശ്വരാവതാരം (കഥയാണത്രെ കഥ)
എല്ലാ അവതാരങ്ങൾക്കും ഒരു ലക്ഷ്യമുണ്ട് .പക്ഷെ അത്ര കണ്ടു ലക്ഷ്യം നേടാതെ പോയ ഒരു അവതാരമായിരുന്നു എന്റെ ഈശ്വരാവതാരം …….അത്ഭുതം തോന്നരുത് ഒരിക്കൽ ഞാൻ ഈശ്വരാവതാരം ഏടുത്തു .
രംഗവേദി ഗുജറാത്താണ് …അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ലെ BMW എന്ന് വിളിപ്പേരുള്ള കാന്റീൻ മുക്ക് .
പ്രസിദ്ധ ഡിസൈനർ ആയ മാത്യു സെബാസ്റ്റ്യൻ എന്നെ ഒരു മഹത് വ്യക്തിക്ക് പരിചയപ്പെടുത്തി.റിയാസ് …അദ്ദേഹം തന്റെ നോൺ ഫിക്ഷൻ മൂവിയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ ആണത്രേ .
റിയാസ് അല്പം വാചാലനായി
“ഒരു തെയ്യം കലാകാരന്റെ ആത്മസംഘര്ഷങ്ങളുടെ കഥന കഥ ”
കഥയുടെ വൺ ലൈൻ പറഞ്ഞിട്ട് കൈയിലിരുന്ന ഗോൾഡ് ഫ്ളയിക്ക് കത്തിച്ചു ഒരു നെടുവീർപ്പിന്റെ ഒപ്പം പുറത്തേക്കു ഊതി.
” അളിയാ നിന്നെയാണ് നായകനാക്കാൻ ഉദ്ദേശിക്കുന്നത് …സമ്മതമാണോ ”
“ഈശ്വരാ …ആത്മഗതം പുറത്തു ചാടി .
“അതെ കഥാപാത്രത്തിന്റെ പേര് ഈശ്വരൻ തെയ്യം ”
“ഘെ …ഞാൻ വാ പൊളിച്ചു ”
“ഈശ്വരൻ മരിച്ചു …ഗോഡ് ഈസ് ഡെഡ് …അതാണ് മൂവിയുടെ പേര് ”
“ദേവിയേ …എന്റെ കണ്ണ് നിറഞ്ഞു .
പല തരം പരീക്ഷണങ്ങൾ ചെയ്തിട്ടുണ്ട് .ഭാര്യയുടെ മുന്നിൽ ഒരുപാടു അഭിനയിച്ചിട്ടുണ്ട് .പക്ഷെ ആദ്യമായാണ് എന്നിലെ പ്രതിഭയെ സിൽവർ സ്‌ക്രീനിൽ ….
…മുന്നിലിരിക്കുന്ന ഈ മെലിഞ്ഞ രൂപമാണോ ഈശ്വരൻ …സൈഡിലിരിക്കുന്ന മാത്യു ആണോ പുണ്യാളൻ …
“നീ ഒന്നും പറഞ്ഞില്ല ”
“എത്ര ദിവസത്തെ കാൾ ഷീറ്റ് വേണം ” എന്നിലെ മമ്മൂട്ടിയും സോമനും ടി ജി രവിയും ഒക്കെ സട കുടഞ്ഞെഴുന്നേറ്റു.സത്യത്തിൽ ഒരു വര്ഷം വരെ കൊടുക്കാൻ ഞാൻ റെഡി.
“ഞാൻ കുറച്ചു ലിങ്ക് അയച്ചു തരാം .നീ അതൊക്കെ ഒന്ന് കാണൂ”
“എന്തിന്റെ ?”
“തെയ്യം ”
ഞാൻ ആണെന്കി ഇതിനു വേണ്ടി ബ്രേക്ക് ഡാൻസ് വരെ പഠിക്കാനുള്ള മാനസികാവസ്ഥ ആയിരുന്നു .ഇനി അങ്ങോട്ട് എന്തെല്ലാം കാണണം .പല ചലച്ചിത്ര മേളകളിലും ഇത് പ്രദർശിപ്പിക്കുന്നതും നായകന്റെ പ്രകടനത്തെ വിശ്വ സംവിധായകർ പ്രശംസിക്കുന്നതും സ്വപ്നം കണ്ടു ഞാൻ സുഖമായി ഉറങ്ങി .
നായികയായി പ്രതിമ മുനിയപ്പ എന്ന കുടക് സ്വദേശിനിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത് .മാസയുടെ ഒരു അടിയന്തിര യോഗത്തിൽ പ്രതിമക്ക് മലയാളി ലുക്ക് ഇല്ല എന്ന് മത്തായി ശക്തിയുക്തം വാദിച്ചു .മാസ എന്നത് ഞങ്ങൾ മലയാളികളുടെ ഒരു കൂട്ടായ്മ ആണ് .മലയാളി സമാജം ലോപിച്ചാണ് മാസ ആയതു.പ്രധാനമായും ഉത്തരേന്ത്യക്കാരെ പറ്റി പരദൂഷണം പറയുക ആണ് പ്രധാന കലാ പരിപാടി.
അവസാനം നായികയാവാൻ നറുക്കു വീണത് മാസയുടെ മുഖശ്രീ ആയ ധന്യ.
സെക്കന്റ് ക്യാമറാമാൻ റിയാസിന്റെ ക്ലാസ്സ്‌മേറ്റ് അപ്പു .
അസിസ്റ്റന്റ് ഡയറക്ടർ റിയാസിന്റെ ഗേൾ ഫ്രണ്ട് ഐശ്വര്യ..പിന്നെ അസ്മ .
ഗതാഗതം സഞ്ജയിനെ തന്നെ ഏൽപ്പിച്ചതിൽ ഒരു കാരണമുണ്ട് .അവൻ ഒരു ഓട്ടോമൊബൈൽ ഡിസൈനർ ആയിരുന്നു. ആളിപ്പോ ഒരു കൊച്ചു പുലിയാ …അല്ല പുലിമുരുഗനാ …TATA HEXA യുടെ പിന്നിലെ ശക്തമായ ഡിസൈൻ ഹാൻഡ് .
ഫുഡ് ആൻഡ് ബീവറേജസ് എന്റെ റൂംമേറ്റ് സാഗർ
വാഴൂർ ജോസിന്റെ പണി മത്തായിക്കു കൊടുത്തു …അല്ലെങ്കി അവൻ കയറി സംവിധാനം ചെയ്തു കളയും.
ജിന്റോയും കുറെ പെമ്പിള്ളേരും അനീഷ അളിയനും Art direction .പെൺ വർഗ്ഗത്തിലെ ഒരു അപൂർവ്വ പ്രതിഭാസമായിരുന്ന അനിഷയെ ഞങ്ങൾ അളിയാ എന്നായിരുന്നു വിളിച്ചിരുന്നത് .
നായികയുടെ പേർസണൽ മേക്കപ്പ് മാൻ കം ആയ ആയിട്ട് അവളുടെ റൂംമേറ്റും ചിത്രകാരിയും പാട്ടുകാരിയുമൊക്കെ ആയ ഭാവന .
എന്റെ മേക്കപ്പ് മാൻ മനുപ്രസാദ്
പല ടൈപ്പ് കലാകാരന്മാരുടെ സംഗമ വേദി .
ഈ ഫിലിം ആൻഡ് വീഡിയോ സ്റ്റുഡന്റസ് മറ്റുള്ളവരെ അപേക്ഷിച്ചു വ്യത്യസ്തനായിരുന്നു.ഞങ്ങളൊക്കെ സ്റ്റുഡിയോയിലും മറ്റും തല പുകക്കുമ്പോൾ ഇവന്മാര് ഓഡിറ്റോറിയത്തിൽ ഇരുന്നു സിനിമ കാണുകയാവും.പിന്നെ BMW ൽ വന്നിരുന്നു ചർച്ചയാണ് ….ബെർഗ്മാന്റെ ക്രാഫ്റ്റ് നഷ്ടപ്പെട്ടു …കുബ്രിക്കിനു ആശയ ദാരിദ്ര്യം …കുറസോവക്കു കളർ സെൻസ് ഇല്ല …..ഇനി കഷ്ടകാലത്തു ഞങ്ങളാരെങ്കിലും അടുത്തുണ്ടെങ്കിൽ പിന്നെ പറയണ്ട .മലയാള സിനിമയോട് ഒരു തരം പുച്ഛമായിരുന്നു പലർക്കും .ആകെ ഉള്ള ഒരു ആശ്വാസം അസ്മ മാത്രമാണ്.ഒരിക്കൽ ഈ സംവിധാന മുകുളങ്ങൾ ഇരുന്നു തകർക്കുകയാണ്.ജാപ്പനീസ് മാസ്റ്റർപീസ് “റാഷോമോൻ ” ആണ് പോസ്റ്റ്മോർട്ടം ടേബിളിൽ.ഏതോ അന്യ ഗ്രഹത്തിലെന്ന ഭാവത്തിൽ അസ്മ.
“ഡീ നിന്റെ ഫേവറൈറ്റ് മൂവി സീൻ ഏതാ “ചോദ്യം മത്തായി വക .
“CID മൂസയിലെ ഷൂസ് നഷ്ടപ്പെടുന്ന സീൻ”
……………………………………………………………………………
ഷൂട്ടിംഗ് ഫസ്റ്റ് ഷെഡ്യൂൾ
ലൊക്കേഷൻ : ഫോട്ടോഗ്രാഫി സ്റുഡിയോയിലെ വഷ്‌റാം ഭായിയുടെ വീട് .ആ ചെറിയ വീട്ടിൽ നില്ക്കാൻ പറ്റാത്ത അത്ര ക്രൂ മെംബേർസ്.രണ്ടാമത്തെ ക്യാമറാമാൻ അപ്പുവിന് തിരിയാൻ പോലും പറ്റാതെ നിക്കുവാ .ഓരോ തവണ റൈറ്റ് ലെഫ്റ് തിരിയുമ്പോ സൈഡിലിരിക്കുന്ന സാധനങ്ങൾ താഴെ വീഴും.അല്പം തടി ഉള്ളത് ഒരു മഹാപരാധം ഒന്നുമല്ലല്ലോ.
റിയാസ് സ്ക്രീൻ പ്ലേ എന്റെ നേരെ നീട്ടി.സത്യത്തിൽ ആദ്യമായാണിത് കാണുന്നത്.വല്യ ഡെക്കറേഷൻ ഒന്നുമില്ല രണ്ടു പേപ്പറിൽ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു.വായിച്ചു നോക്കിയപ്പോ കുറെ അക്ഷര തെറ്റും.പത്താം ക്ലാസ്സിൽ നൂറിൽ നൂറു മാർക്ക് നേടി പ്രാവിണ്യം ചെന്ന ഞാൻ ഒരു പേനയെടുത്തു തിരുത്തി.അല്ലേലും വല്യ വല്യ നടൻമാർ തിരക്കഥ തിരുത്താറുണ്ടെന്നു കേട്ടിട്ടുണ്ട്
ഇതിനിടെ മത്തായി ഒരു പാരച്ചൂട്ട് വെളിച്ചെണ്ണ കുപ്പി കൊണ്ട് വന്നു എന്റെ തലയിൽ കമഴ്ത്തി..
ഹും…. മേക്കപ്പ് തുടങ്ങി.ഒന്ന് രണ്ടു എണ്ണത്തുള്ളികൾ തെറിച്ച സ്ക്രീൻപ്ലേയ് അവൻ എടുത്തു മാറ്റി.പിന്നെ ഒരു ചീപ്പെടുത്തു മുടിയൊക്കെ ചീകി.സ്കൂളിൽ പോകാൻ നിൽക്കുന്ന കൊച്ചു കുട്ടിയെ പോലെ ഞാൻ ഇരുന്നു കൊടുത്തു .ഇതിന്റെയൊക്കെ മേൽനോട്ടം വഹിച്ചു മനു ഇരുന്നു ചിരിച്ചു.എവിടുന്നോ കൊണ്ട് വന്ന ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ഒരു കമ്മൽ കൂടി അറ്റാച്‌ ചെയ്തതോടെ പൂർത്തിയായി.കണ്ണാടി നോക്കിയപ്പോ ശെരിക്കും മനു ചിരിച്ചതിന്റെ അർത്ഥം മനസ്സിലായി …കാലൻ മത്തായി…അവനെന്നോട് ഇത്രയ്ക്കു വൈരാഗ്യം ഉണ്ടായിരുന്നോ…
ടേക്ക് 1
ആക്ഷൻ പറയുമ്പോ ചങ്കിടിച്ചു …ആദ്യമായി അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യം തരുകയും ചെയ്യാൻ അവിടെ സൂപ്പർസ്റ്റാറുകൾ ഇല്ലായിരുന്നല്ലോ .
ഒരു ബനിയനും കൈലിയും തോളിൽ തൂക്കിയ തോർത്തുമാണ് വേഷം .കതകു പൂട്ടി ഹൈ അങ്കിളിൽ ഇരിക്കുന്ന ക്യാമെറയിലോട്ടു നിസ്സംഗനായി നോക്കുന്ന ഞാൻ .എന്നിട്ടു ചെറുതായൊന്നു ഞെട്ടി സൈഡിലോട്ടു നോക്കുന്നു .കാമറ പാനിംങ് റ്റുവാർഡ്‌സ് വഷ്‌റാം ഭായ് .നോ ഡയലോഗ്സ് …ഒരു ഏഴെട്ടു ഷോട്ട്ടിൽ ടേക്ക് ഓക്കേ…സംവിധായകൻ ഹാപ്പി
പ്രിവ്യു ഒന്ന് കണ്ടു നോക്കി …മോഷണം കഴിഞ്ഞു CC tv ക്യാമെറയിലോട്ടു നോക്കുന്ന ഒരു കള്ളന്റെ ഭാവമെനിക്ക് .അത് കഴിഞ്ഞു ഞാൻ ഇരിക്കുന്നു കിടക്കുന്നു കണ്ണ് തുറക്കുന്നു പിന്നെ ആദ്യ ഷോട്ടിൽ അല്പം ഒരു മാറ്റം…ക്യാമറയെ നോക്കി പുഞ്ചിരിക്കുന്നു .ശെരിക്കും ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഷോട്ട് അതായിരുന്നു …എന്റെ പുഞ്ചിരി സ്‌ക്രീനിൽ കണ്ടപ്പോ ഒള്ള രാജ്യ സ്നേഹം കൂടി ചോർന്നു പോകുന്ന ഒരു ഫീൽ.
……………………………………………………………………………
രാത്രി ഒൻപതു മാണി ആയപ്പോ സംവിധായകൻ വന്നു വിളിച്ചു .സാഗർ ഫുഡ് ആൻഡ് ബീവറേജ്‌സ് റെഡി ആക്കിയിരിക്കുന്നു .സഞ്ജയ് യും മത്തായിയും ഞാനും കൂടി അവന്റെ റൂമിലെത്തുമ്പോൾ സാഗർ മംഗോ ജ്യൂസ് ഒരു ഗ്ലാസ് കാലിയാക്കിയിരുന്നു .ഇന്ത്യയിൽ ജ്യൂസ് നു ഹോം ഡെലിവറി ഉള്ള ഏക സംസ്‌താനമാണ് ഗുജറാത്ത് .വലിയ വലിയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഞങ്ങൾ ബുജിയാ സേവും നംകീനും തീർത്തു കൊണ്ടിരിക്കുമ്പോൾ റിയാസ് തന്റെ ഓർമകളെ കൊട്ടി പുറത്തോട്ടിട്ടു .
അതിന്റെ കാരണം സഞ്ജയ്.
“അളിയന് ഫിലിം ഫീൽഡിൽ നല്ല ബന്ധമൊക്കെ ഉണ്ടോ “..ഈ ഒരു ചോദ്യത്തിൽ ഇൻഡസ്ട്രിയിലെ തന്റെ ബന്ധങ്ങളുടെ ചരടുകൾ ഞങ്ങളുടെ മുന്നിൽ നിരത്തി തുടങ്ങി.രംഗം അത്ര പന്തിയല്ലെന്ന് കണ്ടിട്ട് മത്തായി സാഗറിനെയും സഞ്ജയിനെയും കൂട്ടി പതിയെ സ്കൂട്ടായി .റൂമിന്റെ ഒരു സൈഡിൽ ഏതെല്ലാം കണ്ടു വെറും കോളയും കുടിച്ചിരിക്കുന്ന റോണി എന്നെ ദയനീയമായി നോക്കി .
“നിനക്കറിയാമോ ഞാനും അടൂരും തമ്മിൽ മച്ചാ മച്ചാ ബന്ധമാ ”
റിയാസേ ഞാൻ മനസ്സിൽ ഒന്നുറക്കെ വിളിച്ചു .
“പണ്ട് ഞങ്ങടെ UG കോളേജിൽ…കോയമ്പത്തൂര് … ഒരു വർക് ഷോപ്പിനു പുള്ളി വന്നു.അന്ന് ക്ലാസ്സെടുത്തു കൊണ്ടിരിക്കുമ്പോൾ എലിപ്പത്തായത്തിലെ ഒരു സീനിൽ ഉള്ള തെറ്റ് ഞാൻ പറഞ്ഞു.പുള്ളി ഒന്നും മിണ്ടിയില്ല….ക്ലാസ് കഴിഞ്ഞു എന്നെ അങ്ങടുത്തു വിളിച്ചു ”
“എന്നിട്ട് ” റോണിക്ക് ആകാംഷ
“എന്നിട്ടു പുള്ളി പറയുവാ ശെരിക്കും ആ മിസ്റ്റേക്ക് എഡിറ്റിംഗിൽ ഉണ്ടായതാണ് എം.മണി ക്കുണ്ടായ ഒരു ചെറിയ കൈത്തെറ്റു.അതറിയാവുന്നതു എനിക്കും മണിക്കും ഇപ്പൊ നീയും …….കൊള്ളാമെടാ ”
“ഹൊ !”റോണി ഒരു നെടുവീർപ്പിട്ടു.
“അതിലും വലിയ തമാശ …ഹോസ്റ്റലിലോട്ടു പോകാനിരുന്ന എന്നെ വിളിച്ചിട്ടു പുള്ളി ചോദിക്കുവാ എനിക്ക് ബൈക്ക് ഓടിക്കാനറിയാമോ എന്ന്..ഒപ്പിക്കാം എന്ന് ഞാൻ പറഞ്ഞു ……..വണ്ടിയുമെടുത്തു വന്ന എന്റെ പുറകിൽ കയറി വിട്ടോളാൻ പറഞ്ഞു വണ്ടി ടൗണിലോട്ടു …നിർത്താൻ പറഞ്ഞത് ഒരു ബാറിന്റെ മുൻപിൽ ”
ഒറ്റയിറക്കിന് ജ്യൂസ് ഞാൻ കുടിച്ചു തീർത്തു.
“പിന്നൊന്നും പറയണ്ട …അവസാനം വെയ്റ്ററുമായി പുള്ളി വഴക്കായി.ബാറിന്റെ മുതലാളി നമ്മുടെ ഫ്രണ്ടാ ..ഒരു വിധം പറഞ്ഞു തീർത്തു പൊക്കിയെടുത്തു വണ്ടിയിൽ വെച്ചു നേരെ കോളേജിലോട്ടു….വണ്ടി അങ്ങനെ നൂറു നൂറിൽ പോകുമ്പോ എന്നെ തോളിൽ തട്ടിയിട്ട് പുള്ളി പറഞ്ഞു വണ്ടി നിർത്താൻ ……………എന്തിനാ ”
റിയാസ് ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി .ഒരു മൂന്നര തവണ ഞങ്ങളെ മാറി മാറി നോക്കിയിട്ടു അവൻ പറഞ്ഞു .
“മൂത്രമൊഴിക്കണം…….അതും കഴിഞ്ഞു പുള്ളിയെ വണ്ടിയില് കെട്ടി വെച്ച് കഷ്ടപ്പെട്ടാണ് മുറിയിലെത്തിച്ചത് .”
റോണി അന്തം വിട്ടങ്ങനെ നിക്കുവാ.ഞാൻ മംഗോ ജ്യൂസ് എടുത്തു അല്പം ഗ്ലാസ്സിലൊട്ടൊഴിച്ചു .ബോധം പോയാലും വേണ്ടില്ല….
ഇതിനിടെ ഇപ്പൊ വരാമെന്നു പറഞ്ഞു സംവിധായകൻ പുറത്തേക്കു പോയി.
“അഖിലേഷേ അടൂർ ഗോപാലകൃഷ്ണന്റെ കാര്യം സത്യമാണോ “റോണി
“അടൂരല്ല …കെ എസ് ഗോപാലകൃഷ്ണൻ …എന്റെ പൊന്നു റോണീ “….
……………………………………………………………………………
ഷെഡ്യൂൾ 2
മുളങ്കൂട്ടങ്ങൾ നിറഞ്ഞ മനോഹരമായ ക്യാമ്പസ്സിന്റെ ഒരു ഒഴിഞ്ഞ കോൺ .മതിലിന്റെ അപ്പുറം സബർമതി ശാന്തമായി ഒഴുകുന്നു .ക്യാമ്പസ്സിൽ ഇരുട്ട് പരന്നു കഴിഞ്ഞു,കാലിൽ ചിലങ്ക ഒക്കെ കെട്ടി ചുവന്ന മുണ്ടിന്റെ ചുറ്റും എവിടുന്നോ കൊണ്ടുവന്ന കുരുത്തോല കൊണ്ട് എക്സ്ട്രാ പാവാടയും ചുറ്റി ഞാൻ അങ്ങനെ ഈസ്റ്റ് വെസ്റ്റ് ഡിറക്ഷനിൽ കയ്യും പൊക്കി അങ്ങനെ നിൽക്കുന്നു.കെട്ടുകാളക്കു തോരണം കെട്ടുന്ന ലാഘവത്തോടെ മത്തായിയും മനുവും ഏതാണ്ടൊക്കെ എന്നെ അണിയിക്കുകയാണ് .
ഇന്നാണ് സുപ്രധാന രംഗമായ തെയ്യം തുള്ളൽ .ഞാൻ മനസ്സ് കൊണ്ട് കളിയാട്ടത്തിലെ സുരേഷേട്ടനെ ഓർത്തു.നമ്മുടെ അസിസ്റ്റന്റ് ഡയറക്റ്റർ ഐഷു കൈയിൽ ഒരു മാസ്കുമായി എത്തി എന്റെ മുഖത്ത് വലിച്ചങ്ങു കെട്ടി .
‘ദേവിയെ…..ഞാൻ ഉറക്കെ വിളിച്ചൊന്നുറഞ്ഞു …അമ്മാതിരി ഒരു കെട്ടാ കെട്ടിയതു .
“ങ്യാ മങ്ങായി കെട്ടൂസ്സാക്കാൻ ഫണയനാ “..ഒന്നുരണ്ടു തവണ ഞാൻ കിടന്നു ഞരങ്ങിയപ്പോ മത്തായി ചെവി അടുത്ത് കൊണ്ട് വച്ചു .അവസാനം എങ്ങനെയോ അവനു കാര്യം പിടി കിട്ടി .കുറച്ചു നേരം മിസ്സായി പോയ എന്റെ ശ്വാസത്തെ ഞാൻ ആഞ്ഞു വലിച്ചു കയറ്റി…ആദ്യമായി ശ്വസിക്കുന്ന പോലെ .ആളുകളുടെ സംസാരം കൂടുന്നതിൽ നിന്നും ഒന്ന് മനസ്സിലായി …മ്മള് സ്റ്റാർ ആയി ..പക്ഷെ ബ്ളഡി മാസ്ക്
“ആരാ തെയ്യം ” സുപരിചിതമായ ശബ്ദം …സാക്ഷാൽ ഡി ജെ എം എന്ന ദീപക് ജോൺ മാത്യു …ഞങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫി ഡിപ്പാർട്മെന്റ് ഹെഡ് .മാസയിലെ മെംബർഷിപ് എടുക്കാത്ത സജീവ അംഗം .
“നമ്മുടെ അഖിലേശാ “ഉത്തരം പറഞ്ഞത് മനു ആയിരുന്നു .ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ കൈ ഒന്ന് പൊക്കി വീശി .
“അവനാണെങ്കി എന്തിനാ ഈ മുഖം മൂടി ” ഡിജെയുടെ തമാശ കേട്ട് അവിടെ ഉണ്ടായിരുന്ന കൺട്രി മലയാളീസ് ചിരിച്ചു. പുള്ളി ചോദിച്ചാൽ ഏകലവ്യനെ പോലെ ഫിംഗർ കട്ട് ചെയ്തു കൊടുക്കാൻ വെയിറ്റ് ചെയ്യുക ആയിരുന്ന ഞാൻ ആ തീരുമാനം മാറ്റുകയും മാസ്കിനുള്ളിൽ നിന്ന് തന്നെ കൊഞ്ഞനം കുത്തുകയും .പിന്നെയും അവരെന്തൊക്കെയോ പറയുന്നത് ആ മാസ്കിൽ പെൻസില് കൊണ്ട് കുത്തിയുണ്ടാക്കിയ ഓട്ടയിലൂടെ ഞാൻ കണ്ടു.
ഞാൻ കഥാപാത്രമാവാൻ ഒരുങ്ങുകയാണ് .കൈയിലൊരു ശൂലം തന്നിട്ട് കത്തിയ അഗ്നികുണ്ഡത്തിന്റെ (വല്യ ഡെക്കറേഷൻ ഇല്ലെങ്കി ചപ്പും ചവറും വാരികൂട്ടിയതു എന്നും പറയും) മുന്നിൽ നിർത്തി High Angle,Eye Level,Canted Angle എന്നീ ഷോട്ടുകൾ എടുക്കുകയാണ് സംവിധായകൻ .കുറെ നേരത്തെ അഭ്യാസം കഴിഞ്ഞു റിയാസ് പറഞ്ഞു.
“നമുക്കിനി തെയ്യം തുള്ളൽ എടുക്കാം ”
……അഭിനയ കലയുടെ പുണ്യം എന്നൊക്കെ ആളുകൾ നാളെ പറയേണ്ടുന്ന സീൻ .മനസ്സിൽ കുഞ്ഞിക്കുട്ടനും പനിയനും ഒക്കെ തുള്ളിച്ചാടി വന്നു .സ്‌പീക്കറിൽ ചെണ്ട കോട്ടിന്റെ ശബ്ദം ഉയർന്നു .
മനസ്സ് പറഞ്ഞു …”ഞാൻ ഈശ്വരൻ പെരുമലയൻ …തിറ കെട്ടി മൂർത്തിക്കു മുൻപിൽ കെട്ടിയാടുമ്പോൾ ….”..തിരക്കഥയിലെ വരികൾ മനസ്സിലേക്ക് തുള്ളിചാടി
ഒരു തരം തരിപ്പ് എന്റെ കാലിൽ ഇരച്ചു കയറുന്ന പോലെ ഒരു തോന്നൽ .ഡിസംബറിലെ തണുപ്പിലും ഞാൻ വിയർത്തു .സ്റ്റാർട്ട് പറഞ്ഞതും ഞാൻ ആകെ മാറി.കാലുകൾ ആഞ്ഞു നിലത്തു കുത്തുമ്പോൾ തറയിലെ മുളംമുള്ളുകളും കല്ലും പഞ്ഞി കെട്ടുകൾ പോലെ തോന്നി .വല്ലാത്ത ഒരു ഉന്മാദാവസ്ഥ .നോര്മലായി ഒരു രണ്ടു തവണ എങ്കിലും കറങ്ങാൻ പറ്റാത്ത ഞാൻ ഒരു പത്തു പന്ത്രണ്ടു തവണ ശൂലവും കൊണ്ട് കറങ്ങി .ഇതിനിടെ റിയാസ് പറഞ്ഞ കട്ടുകൾ ഞാൻ കേട്ടില്ല.ഒടുവിൽ നിലത്തു മുട്ട് കുത്തി വീഴുമ്പോൾ …തിരക്കഥയിലില്ലാത്ത കുറെ ഷോട്ടുകൾ ഒപ്പിയെടുകയായിരുന്നു റിയാസ് .ഒരേഴെട്ടു മിനിറ്റ് കഴിഞ്ഞു മത്തായിയും മനുവും കൂടി എന്നെ പെറുക്കിയെടുത്തു തൊട്ടടുത്തുള്ള കോൺക്രീറ്റ് റോഡിൽ കൊണ്ട് വച്ചു .
ഇനി ലൊക്കേഷൻ വീണ്ടും ചേഞ്ച് ആണ് …അടുത്ത് NID ക്യാമ്പസ്സിലെ ഗൗതം ഗീര സാരാഭായ് സ്കൊയർ .കോൺക്രീറ്റ് തറ മുഴുവൻ അതി മനോഹരമായി കളർ പൊടിയൊക്കെ ഇട്ടു ഡെക്കറേറ്റ് ചെയ്തിരിക്കുന്നു.പ്രധാനമായും എവിടെ എടുക്കേണ്ട സീൻ ധന്യയുടെ മുടിയാട്ടവും എന്റെ തുള്ളലിന്റെ സീനുകളും .കുറച്ചു മുൻപത്തെ ക്ഷീണം ഓരോ പെപ്സിയിൽ തീർത്തു .സാഗറിന്റെ ബാഗിൽ മംഗോ ജ്യൂസ് ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്നു വച്ചു.എല്ലാ ക്രൂ മെമ്പേഴ്സും ഹാജരായി പരസ്പരം പണി കൊടുത്തു കൊണ്ടേയിരുന്നു .അനീഷ ആണ് പ്രധാന ടാർജെറ്റ് .
ധന്യക്ക് മേക്കപ്പ് ഇട്ടുകൊണ്ടിരുന്ന ഭാവന റോസ് പൗഡറും വലിച്ചെറിഞ്ഞു മൊബൈൽ എടുത്തു .
“ഞാൻ പോട്ടെ ഒമ്പതരയായി ” ഇതും പറഞ്ഞു അവൾ ബാഗെടുത്തു
“അവളുടെ ചെക്കൻ അറ്റെൻഡൻസ് എടുക്കാൻ വിളിക്കാനുള്ള സമയമായി “ധന്യ സാരിയിൽ വീണ റോസ് പൌഡർ തട്ടിക്കൊണ്ടു പറഞ്ഞു .
“ഡീ ഞാൻ കൊണ്ട് വിടണോ …പൂക്കാച്ചി പിടിക്കും” ഹോസ്റ്റലിലോട്ടു നടന്ന ഭാവനക്ക് മത്തായിയുടെ ഓഫർ .
“നിന്നെക്കാൾ ഭേദം പൂക്കാച്ചി പിടിക്കുന്നതാ “പോണ പോക്കിൽ തിരിഞ്ഞു പോലും നോക്കാതെ അവൾ പറഞ്ഞിട്ട് ഇരുട്ടിൽ മറഞ്ഞു.
ഇതിനിടെ ഷോട്ട് റെഡി എന്ന് ഐഷു അറിയിച്ചു.റിയാസിനെ കാണുന്നില്ല.അന്വേഷിച്ചപ്പോൾ ഐഷു മുകളിലേക്ക് കൈ ചൂണ്ടി…ഈശ്വരാ …എന്റെ നാഷണൽ അവാർഡ് ..ഞാൻ നെഞ്ചിൽ കൈ വച്ചു
പിന്നെയാ കണ്ടത് അണ്ണൻ കെട്ടിടത്തിന്റെ മുകളിൽ തൂങ്ങി കിടക്കുന്നു .വവ്വാൽ ഷോട്ട് (ടോപ് ആംഗിൾ ഷോട്ട് ) ആണ് ലക്ഷ്യം .ഇത്തവണ ആക്ഷനും കട്ടും ഐഷുവാണ് .സ്വന്തമായി ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കി അപ്പു സെക്കൻറ് ക്യാമറയുമായി ഒരു സൈഡിൽ.ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അസ്മ ഒന്ന് രണ്ടു പേപ്പറും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു .കളത്തിന്റെ നടുക്ക് പറ ,കുരുത്തോല,തെങ്ങിൻ പൂക്കുല ചന്ദനത്തിരി,വിളക്ക് മുതലായ ഐറ്റംസ്.
അനീഷ ധന്യയേയും കൊണ്ട് കളത്തിനടുത്തേക്കു ആനയിച്ചു .
ഒരു കാര്യവുമില്ലാതെ മത്തായി അവിടെ ഇരുന്നു കുരവ ഇട്ടതു കേട്ടു റിയാസ് തൂങ്ങി കിടന്നു കൊണ്ട് തന്നെ തെറി വിളിച്ചു.
കൊണ്ടിരുത്തിയ പാടെ ധന്യ മുടിയഴിച്ചു ആട്ടംതുടങ്ങി.
കാമറ ഓണാക്കാൻ മറന്നസംവിധായകനും അവിടിരുന്നു ബാക്കി അവന്മാരും ബലേ ഭേഷ് ബലേ ഭേഷ് വിളിച്ചു .
ദോഷം പറയരുത് നാട്ടിൽ ഇവൾക്ക് പാർട്ട് ടൈംമുടിയാട്ടത്തിനു പോകാറുണ്ടോ എന്നൊരുസംശയം തോന്നിയതിലും തെറ്റില്ല .അതങ്ങനെമുറുകുമ്പോൾ എന്റെ റീ എൻട്രി …
വീണ്ടും ഉറഞ്ഞുതുടങ്ങിയ ഞാൻ ഒരു മുറി തേങ്ങാ ചവിട്ടിപൊട്ടിക്കുന്നത് പിന്നീട് പ്രിവ്യു കണ്ടപ്പോഴാണ് ശ്രദ്ധിച്ചത് .
ശെരിക്കും ആ ഒരു ഉന്മാദാവസ്ഥയിൽ ഏതോ ഒരു ശക്തി നമ്മളിലേക്ക് കയറും …ആധുനിക മനശ്ശാസ്ത്രത്തിൽ സൈക്കോസിസിൽ നിന്നും ന്യൂറോസിസിലേക്കു കടക്കുന്ന അവസ്ഥ എന്നാണ് ഡോക്ടർ സണ്ണി ഇതിനെ വിശേഷിപ്പിച്ചത് …
……………………………………………………………………………..
ലാസ്‌റ് ഷെഡ്യൂൾ
BBC എന്ന ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഒരറ്റത്ത് ഇതികർത്തവ്യഥാ വ്യഥാ മൂഢനായിരിക്കുന്ന റിയാസിനെ കണ്ടാണ് പിറ്റേ ദിവസം തുടങ്ങിയത് .അടുത്ത് ചെല്ലുമ്പോ അവൻ വലിച്ചിട്ടതാവണം കുറെ ഗോൾഡ് ഫ്ലേക് കുറ്റികൾ .
“എന്ന പറ്റി …looks like a squirrel lost his nut ”
“ലൊക്കേഷൻ ഇതുവരെ ശെരിയായില്ല ”
“എന്താ നിന്റെ മനസ്സിലുള്ള ലൊക്കേഷൻപ്രീഫെറെൻസ് ”
“ഒരു വയലും ചെറിയ ഒരു വീടും ”
“കുട്ടനാട്ടിലൊട്ടൊരു ട്രിപ്പ് അടിച്ചാലോ “….വേണ്ടായിരുന്നു ആ ക്രൂരമായ തമാശ എന്ന്അവന്റെ കണ്ണുകളിൽ കണ്ടു .
“നമുക്ക് വഴിയുണ്ടാക്കാം ” എന്ന്പറഞ്ഞപ്പോഴാണ് പഴയ ഹോസ്റ്റലിന്റെ ബാക്സൈഡ് ഓർമ്മ വന്നത് .
“ഡേയ് വയല് ഓക്കേ ..പക്ഷെ ഒരു ഒറ്റമുറി പുരമതിയാകുമോ ”
ലാപ്ടോപ്പിൽ പണ്ടെങ്ങോ എടുത്ത ഫോട്ടോ കണ്ടപ്പോ അവൻ ഹാപ്പി.നന്ദിയോടെ എന്റെ തോളത്തു കൈ വെച്ചപ്പോ എന്റെ കണ്ണ്നിറഞ്ഞു…ഹും അവനെന്തറിയാം ….ഇതാണ് റിയാസ് നിനക്കെന്റെ ഗുരുദക്ഷിണ….
അങ്ങനെ പെട്ടിയും കുടുക്കയും ക്യാമെറയുംതൂകി ഒരു ടെമ്പോ ട്രാക്സിൽ നേരെ ഗുജറാത്തിന്റെ ഭരണ സിരാ കേന്ദ്രമായ ഗാന്ധിനഗറിലേക്കു.
നേരിൽ ലൊക്കേഷൻകണ്ടപ്പോ അവൻ ഡബിൾ ഹാപ്പി .
അറിയാവുന്ന ഗുജറാത്തിയിൽ ആ പമ്പ്ഹൗസ് ഓണർ ആയ കർഷശ്രീയോടു കാര്യം പറഞ്ഞു.
ഒരു ഹൺഡ്രഡ് മണീസ് കൈയിൽ കൊടുത്തപ്പോ പുള്ളിക്കാരൻഹാപ്പി…….ഇന്നത്തെ പോലെ അന്നും നൂറു രൂപയ്ക്കു ഭയങ്കര വിലയാ.
കുറെ നേരമായിട്ടും നമ്മടെ മേക്കപ്പ്മാന്മാരെകാണുന്നില്ല .എവിടേലും ജ്യൂസുംകുടിച്ചിരിക്കുകയാവണം വരട്ടെ മിനിമം രണ്ടുമണിക്കൂറെങ്കിലും
സസ്‌പെൻഡ് ചെയ്യണം .എന്തായാലും നേരം കളയാതെ റിയാസിന്റെകൂടെ കൂടി ക്യാമറയുടെ പിന്നാമ്പുറ വിശേഷങ്ങൾ പഠിക്കാൻ തീരുമാനിച്ചു.കുറെ സിനിമകളൊക്കെകഴിയുമ്പോൾ എങ്ങാനും സംവിധാനത്തിൽ കൈവെക്കാൻ തോന്നിയാലോ . അങ്ങനെ ഒക്കെ ഉള്ളസംഭവങ്ങൾ ചരിത്രത്തിൽ ഉണ്ടല്ലോ.
കുറച്ചുസമയം കഴിഞ്ഞപ്പോ തെയ്യ കോലവും കെട്ടിമറ്റൊരു രൂപം നടന്നടുത്തു ..പുറകെ നമ്മടെ മേക്കപ്പ്മാന്മാരും .
ചതി …ചതി …ലിസ്റ് ഷെഡ്യൂളിൽ നമ്മക്കിട്ടു ചതി …പക്ഷെ വാസ്തവം അസ്മ പറഞ്ഞാണ്അറിഞ്ഞത് .ഇനി എടുക്കാൻ പോകുന്നത് എന്റെ ഡബിൾ റോൾ ആണ് .കുറച്ചു നേരമെങ്കിലുംഞാൻ ഗുരുവിനെ അവിശ്വസിച്ചു .തെയ്യംസാക്ഷാൽ മനുഷ്യനായ ഈശ്വരനുമായി സംവദിക്കുന്ന രംഗമാണത്രെ….വണ്ടർഫുൾ പെരുത്തിഷ്ട്ടായി .
ഒടുവിൽ എന്റെ മുഖശ്രീ ഒപ്പിയെടുക്കുന്നക്ലോസപ്പ് ഷോട്ട് എടുത്തിട്ട് റിയാസ് ഉറക്കെവിളിച്ചു പറഞ്ഞു.
“പാക്കപ്പ് പ്പ് പ്പ് പ്പ് ”
തിരികെ പോകുമ്പോൾ ബാക്ക് സീറ്റാണ് ലഭിച്ചത് .വന്നപ്പോൾ മുൻസീറ്റിൽഞെളിഞ്ഞിരിക്കുവാരുന്നു .
എങ്കിലും മനസ്സിൽആകെ ഒരു അഭിമാനം …രോമകൂപങ്ങൾ എഴുന്നേറ്റു നിന്ന് സലാം തന്നു കൊണ്ടേ ഇരുന്നു ഓരോന്നാലോചിച്ചിട്ടു .
“ഏതെങ്കിലും സീനിൽ കൂടുതൽ നന്നായോറിയാസ് “..ഞാൻ
“പിന്നെ …..”റിയാസ് ചിരിച്ചു
“ശെരിക്കും നിനക്ക് എന്നെ കിട്ടിയത് ഭാഗ്യമാണ് ”
ഇത് കേട്ടിട്ടു മത്തായി ഒന്ന് തിരിഞ്ഞു നോക്കി .മൂന്നാലു ദിവസമായി എനിക്ക് കിട്ടുന്ന ജനപ്രീതിയിൽ അവനു അല്പം കണ്ണുകടി
ഉള്ളത്കൊണ്ടാവണം അഭിമാനത്തിന്റെ കൊടുമുടിയിൽവച്ച് എനിക്കിട്ടൊരു സർജിക്കൽ സ്ട്രൈക്ക് നടത്താൻ തോന്നിയത് .
“നിന്റെ അഭിനയം കണ്ടിട്ടല്ല ..നായകന് അല്പംകളർ വേണമായിരുന്നു ”
വര്ണവിവേചനത്തിന്റെ അവസാനത്തെ ഇര …അതും ഈ ഞാൻ . വണ്ടിയിലുള്ള ആരും ഒന്നുംമിണ്ടിയില്ല .വണ്ടി അഹമ്മദാബാദ് ലക്ഷ്യമാക്കി പായുകയാണ് .മത്തായി വിടാനുള്ള ഭാവമില്ല.
“കുറച്ചു കാലം മുൻപ് വരെ ഞങ്ങളുടെ വീട്ടിൽകറുത്തവരെ കയറ്റാറില്ലായിരുന്നു ..”
അല്പം കടുത്തു പോയെന്നൊരു തോന്നൽ ഉള്ളത്കൊണ്ട് ഒരു ചെറിയ മൗനം .ആ മൗനത്തിൽനിന്നൊരു കൗണ്ടർ സ്ട്രൈക്ക് വേണമെന്ന്……
എന്നിലെ ഇര കിടന്നു തിളച്ചു .മനസ്സിൽ വന്നത് അങ്ങ് പറഞ്ഞു .
“അതിനു ശേഷമാണു അടുത്ത തലമുറ കറുത്ത് പോയത് ”
അത് വരെ മിണ്ടാട്ടം മുട്ടിയവരെല്ലാം കൂടി ഉറക്കെചിരിച്ചു .അപ്രതീക്ഷിതമായ പ്രഹരത്തിൽതളർന്നു പോയ മത്തായിയുടെ നെഞ്ചത്ത് പൊങ്കാല അർപ്പിച്ചു അടുത്ത നിമിഷങ്ങളിൽ എല്ലാവരും.
പതിയ എല്ലാവരും ഒരു ആലസ്യത്തിലേക്കു വഴുതിവീണു…. അസ്മ മാത്രം ഇടയ്ക്കിടെ മത്തായിയെനോക്കുന്നുണ്ടായിരുന്നു .
പാൽഡിയിൽ വണ്ടിയെത്തുമ്പോ മണി ഏഴര .
“കുറെ നേരമായി നീ എന്നെ നോക്കുന്നല്ലോ അസ്‌മേ “സാധനങ്ങൾ ഇറക്കുന്നതിനിടയിൽ മത്തായി
“അല്ല അഖി പറഞ്ഞത് സത്യമാണൊന്നുനോക്കിയതാ ”
“പ്പ് ഡിങ് ….”
………………………………………………………..
പിന്നെയും ആഴ്ചകൾ എടുത്തുപോസ്‌റ്‌പ്രൊഡക്ഷൻ ജോലികൾതീർക്കാൻ.ഒടുവിൽ ആ ദിവസംവന്നെത്തി.
ഓഡിറ്റോറിയത്തിന് മുൻപിൽ മാസയുടെ പ്രതിനിധികൾ നിരന്നു.പുത്തൻകുർത്തയൊക്കെ ഇട്ടു ഞാനും.സിനിമ കാണാൻഇരുന്നത് സംവിധായകന്റെ ഒപ്പമിരുന്നാണ് .ദോഷം പറയരുത് …മനോഹരമായ എഡിറ്റിംഗ് ..നല്ല സിനിമാട്ടോഗ്രാഫി ….പവർഫുൾ കളർസെൻസ് .എട്ടു മിനിറ്റ് നീളമുള്ള പടംതീർന്നപ്പോൾ…
cast names എഴുതികാണിച്ചപ്പോൾ മനസ്സ് നിറഞ്ഞു .പുറത്തിറങ്ങിയപ്പോ ചില ഉത്തരേന്ത്യൻ സുന്ദരികൾ ഷേക്ക് ഹാൻഡ് ഒക്കെ തന്നു.
അന്ന് സെൽഫി ഒന്നും കണ്ടു പിടിച്ചിട്ടില്ല…ഇപ്പൊ ഓർക്കുമ്പോ ഒരു നഷ്ടബോധം …ഒടുവിൽ ഒരുഗ്രൂപ്പ് ഫോട്ടോയും എടുത്തു ഹോസ്റ്റലിലോട്ടു നടക്കുമ്പോഴായിരുന്നു ആദ്യമായി എന്നെ കൺഫ്യൂഷനിലാക്കിയ ആ ചോദ്യം സഞ്ജയ് ചോദിച്ചത് ….
“അളിയന്റെ ആക്ടിങ് ഒക്കെ കൊള്ളാം ..പടത്തിന്റെ മേക്കിങ്ങും …ആക്ച്വലി എന്താ ഇതിന്റെ കഥ ?
“ശെരിയാണല്ലോ ഭഗവാനെ ” അഴിച്ചു വിട്ടയാഗാശ്വത്തെ പോലെ ആ ചോദ്യം എന്റെ ചുറ്റുംതലങ്ങും വിലങ്ങും ഓടി .
……………………………………………………………………………..
മനുഷ്യമനസ്സ് ഒരു പ്രഹേളികയാണ് .ഇരുണ്ടുംചുകന്നും നമ്മുടെ ഉള്ളിലേക്ക് കടംകഥകളെറിയുന്ന മരണമില്ലാത്ത രാസപ്രവർത്തനം. എത്ര ചികഞ്ഞാലുംതിരഞ്ഞാലും നമ്മൾ അന്വേഷിച്ചു കൊണ്ടേഇരിക്കും….ഞാൻ ആരാണ്…എന്റെ സ്പേസ് എവിടെയാണ് . നാം ജീവിക്കുന്ന ഈ ലോകം എത്ര മൗഢ്യമാണെന്നു തിരിച്ചറിയാൻ നമ്മളെടുക്കുന്നസമയമാണ് ഒരു ജീവായുസ്സു .
അങ്ങനെ ഒരുതിരിച്ചറിവ് ഉണ്ടാകുമ്പോൾ മനുഷ്യൻ മണ്ണാകുന്നു …..നോട്ട്ബുക്കിൽ അങ്ങനെ കുറിച്ച് വച്ചിട്ട് ഞാൻകിടന്നുറങ്ങി.
…..രാവിലെ എഴുന്നേറ്റപ്പോ നോട്ടുബുക്ക് തുറന്നുതന്നെ ഇരിക്കുന്നു .ഷോർട് ഫിലിമിന്റെ കോപ്പി ലാപ്‌ടോപ്പിലുണ്ട് .ഇന്ന് വൈകിട്ട് പിജി ക്യാമ്പസ്സിൽ പ്രിവ്യു നടത്തണം ..അതിനുള്ള ഇൻട്രോ ആണ് നോട്ട്ബുക്കിൽ
ഒന്ന് കൂടി വായിച്ചപ്പോൾ മനസ്സിലൊരു ഇടിമിന്നൽ ….
ഈശ്വരാ ഏതു യൂണിവേഴ്സിറ്റിയിൽപോയാൽ ഞാൻ ഇത് ട്രാൻസ്ലേറ്റ് ചെയ്യും …
“ഉത്തരേന്ത്യക്കാരും മനുഷ്യരല്ലേ “.
(ശുഭം )

By
Akhilesh SV

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot