
സോനാ ഗുപതയുടെ അരഞ്ഞാണം.
(ഒരല്പം നീളം, അതിലൊരല്പം നര്‍മ്മം)
---------------------------------------------------------
---------------------------------------------------------
കസാഖസ്ഥാനിലെ ടെന്‍ഗിസ്, നവംബറിലെ കുളിരുള്ള ഒരു പ്രഭാതം, കടുപ്പത്തിലൊരു 'ഡെമിറ്റാസെ കഫെ' യും കയ്യില്‍ പിടിച്ച്, പുതുതായി വന്ന ട്രാന്സ്ലേറ്റര്‍, മഗോളിയന്‍ കണ്ണുള്ള യൂലിയ റ്റിസോയി എന്ന കസാഖി പെണ്ണിനെ കാവ്യ നര്‍ത്തകിയിലെ വരികള്‍ പരിഭാഷപ്പെടുത്തി വര്‍ണ്ണിച്ച് നില്‍ക്കുന്ന മനോഹരമായൊരു പുലര്‍കാലം.
"നളിനദലമോഹന നയന വിലാസം
നവകൂന്ത സുരസുന്ദര വര മന്ദഹാസം
ഘനനീല വിപിന സമാന സുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണാന്തിക ദേശം"
നവകൂന്ത സുരസുന്ദര വര മന്ദഹാസം
ഘനനീല വിപിന സമാന സുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണാന്തിക ദേശം"
പെട്ടെന്ന് ഫോണ്‍ റിങ്ങ് ചെയ്തു. വിളിച്ചവനെ ശപിച്ചു കൊണ്ട് പോക്കറ്റില്‍ നിന്നും ഫോണെടുത്ത് നോക്കി- അന്തപ്പന്‍, അറ്റന്ഡ് ചെയ്യണോ വേണ്ടയോ എന്നൊരു നിമിഷം ആലോചിച്ചു.നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ്, രാവിലെ യാത്രയും പറഞ്ഞ് നാട്ടിലേക്ക് പോകാനായി പോയവന്‍, വിളിക്കണമെങ്കില്‍ പതിവ് പോലെ ഇപ്രാവശ്യവും അവന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ടിക്കറ്റ് എന്തെങ്കിലും ഒന്നും ഓഫീസില്‍ വച്ച് മറന്നു. അത് എത്തിക്കാന്‍ വിളിക്കുകയാണു. ഇതവന്‍ ഒരു സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണല്ലോയെന്ന് ഓര്‍ത്ത് ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
അവന്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്പ് ഗൗരവത്തില്‍ ഞാന്‍ ചോദിച്ചു,
"എന്താടാ ഇപ്രാവശ്യം മറന്നത്? ടിക്കറ്റാണോ അതൊ പാസ്പോര്ട്ടോ ? രാവിലെ ഓഫീസായ ഓഫീസൊക്കെ കയറിയിറങ്ങി കണ്ട പെണ്‍പിള്ളാരെ കെട്ടിപ്പിടിച്ച് യാത്രയും പറഞ്ഞ്, അവളുമാര്‍ക്ക് കൊണ്ട് വരാനുള്ള സാധനങ്ങളുടെ ലിസ്റ്റും ചുരിദാറിന്റെ അളവുമെടുത്ത് കറങ്ങി നടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതെല്ലാം."
"നീയൊന്ന് അടങ്ങ്, എന്നിട്ട് ഞാന്‍ പറയുന്നത് കേള്‍ക്ക്". അന്തപ്പന്‍ മയത്തില്‍ പറഞ്ഞു.
"എന്നാല്‍ പറ!"
"ജോപ്പന്‍ മത്തായി എത്തിയിട്ടില്ല."
"എന്ത്?"
"അതേടാ, കുല്‍സാരി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് ബസും വന്നു. പക്ഷെ ഒന്നിലും മത്തായി ഇല്ല."
"നീ പേടിക്കേണ്ട, ഇന്നലെ വൈകിട്ട് ട്രാന്സിറ്റ് ഹോട്ടെലില്‍ അടിച്ച് കോണ് തെറ്റി കിടന്ന് ഉറങ്ങിക്കാണൂം. രാവിലത്തെ ട്രെയിന്‍ മിസ്സായി. ഇനി നാളത്തെ ട്രെയിനിലെത്തും. "
"ഏയ്, അങ്ങനൊന്നുമല്ല. ഞാന്‍ ട്രാന്സിറ്റ് ഹോട്ടലിലെ റിസപ്ഷണിസ്റ്റ് അലിയ കുല്സിനനോവായെ വിളിച്ച് അന്വേഷിച്ചു. മത്തായി ഇന്നലെ അവിടെ ചെക്ക് ഇന്‍ ചെയ്തിട്ടില്ല."
"എന്നാല്‍ കണക്ഷന്‍ ഫ്ലൈറ്റ് മിസ്സായി ദുബായിലൊ ഇസ്താംബൂളിലൊ അല്‍മാട്ടിയിലൊ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ കറങ്ങി നടക്കുന്നുണ്ടാകും. നീ തിരിച്ച് പോകുന്ന വഴിക്ക് എവിടെയെങ്കിലും കാണാം."
"ഇല്ല, അങ്ങനെയും സംഭവിച്ചിട്ടില്ല. അങ്ങനെയാണങ്കില്‍ മത്തായി തീര്‍ച്ചയായും ട്രാവല്‍ കോര്‍ഡിനേറ്റര്‍ ഗുല്‍ഷാനെ വിളിച്ച് കാര്യം പറയാതിരിക്കില്ലല്ലൊ? ഞാന്‍ ഗുല്‍ഷാനെയും വിളിച്ച് അന്വേഷിച്ചു. അവള്‍ക്കും യാതൊരു ഇന്‍ഫൊര്‍മേഷനും ഇല്ല."
പെണ്ണുങ്ങള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കിട്ടിയ അവസരമൊന്നും അന്തപ്പന്‍ പാഴാക്കിയില്ല.
"ഇനി എന്താ ചെയ്ക" ?. അന്തപ്പന്‍ വറീട് ആണ്.
"നിന്റെ യാത്ര മുടക്കണ്ട. ഞങ്ങള്‍ അന്വേഷിക്കാം." അന്തപ്പനെ സമാധാനിപ്പിച്ചു യാത്ര പറഞ്ഞു.
ജോപ്പന്‍ മത്തായി എത്തി ഹാന്‍ഡ് ഓവര്‍ നല്കിയിട്ട് വേണം അന്തപ്പനു പോകാന്‍- അന്തപ്പനും ജോപ്പനും 'ബാക്ക് ടു ബാക്ക്' (പകരത്തിനു പകരം) ആയി നാലാഴച വീതം ഡ്യൂട്ടി ചെയ്യേണ്ടവരാണു.
ഞങ്ങള്‍ ക്രൈസിസ് മാനേജ്മെന്റ് - നാല് മലയാളികള്‍ ഓഫീസില്‍ നിന്നു തന്നെ അന്വേഷണം ആരംഭിച്ചു, ആദ്യം ഉടലെടുത്ത തീരുമാനം നാട്ടില്‍ വിളിച്ച് മത്തായി തിരിച്ചിട്ടുണ്ടൊ എന്ന് അന്വേഷിക്കണം. ടെന്‍ഗിസില്‍ നിന്നാണ് വിളിക്കുന്നതെന്നും മത്തായി എത്തിയിട്ടില്ലെന്നും പറഞ്ഞാല്‍ വീട്ടിലുള്ളവര്‍ പേടിക്കും. പിന്നെ എന്താ ചെയ്ക? അതിനൊരു പരിഹാരം കണ്ടത് എസ്തപ്പാനാണ്. നാട്ടിലുള്ള കൊച്ചുകൃഷ്ണനെ വിളിച്ച് കാര്യം പറയുക. മത്തായി അവീടന്ന് തിരിച്ച വിവരം അറിയാത്തത് പോലെ കൊച്ചുകൃഷ്ണനെകൊണ്ട് മത്തായിയുടെ വീട്ടില്‍ വിളിപ്പിച്ച്, ചുരുളീധരന് പല്ലു തേക്കാന്‍ കുറച്ച് ഉമിക്കരി കൊണ്ട് വരാന്‍ പറയണം. അപ്പോളറിയാം മത്തയിയുടെ ലൊക്കേഷന്‍. എവിടെയാണങ്കിലും വീട്ടിലേക്ക് വിളിക്കാതിരിക്കില്ലല്ലൊ.
ഫോണിങ്ങ് പ്രോഗ്രാമുകളിലേക്ക് വിളിച്ച് ലൈന്‍ കിട്ടുന്നതിനേക്കാള്‍ കഷ്ടമായിരുന്നു കൊച്ചുകൃഷ്ണനെ ഒന്നു ലൈനില്‍ കിട്ടാന്‍. കൊച്ചുകൃഷ്ണനെ ലൈനില്‍ കിട്ടിയപ്പോഴോ? അവന്‍ ഊട്ടിയില്‍ ഹണിമൂണാഘോഷിക്കുന്നു.
'മത്തായി മിസ്സിങ്ങാണു, അപ്പോഴാണ് അവന്റെയൊരു ഹണിമൂണ്‍'. ക്രൈസിസ് മാനേജ്മെന്റ് പ്രതിഷേധിച്ചു.
താമസിയാതെ തന്നെ കൊച്ചുകൃഷ്ണന്‍ ഫീഡ്ബാക്ക് തന്നു. ജോപ്പന്‍ മത്തായി കൃത്യ സമയത്ത് തന്നെ പുറപ്പെട്ടിരിക്കുന്നു. ഇനി എന്ത്? ഭാവി കര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിന്നറിന് ശേഷം വീണ്ടും ക്രൈസിസ് മാനേജ്മെന്റിന്റെ മീറ്റിംഗ്. ബിയര്‍ കുപ്പികള്‍ കാലിയായതല്ലാതെ മീറ്റിംഗിന് മറ്റ് പുരോഗതിയൊന്നും കണ്ടില്ല. പീറ്റേ ദിവസവും മീറ്റിംഗ് നടന്നു, റിസല്ട്ട് തഥൈവ.
മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് ഒരു മൂന്ന് മണിക്ക് മത്തായി ഹാജര്‍.
* * * * * * * * * * *
ഇസ്താംബൂള്‍ എയര്‍പോര്‍ട്ട് .
രാവിലെ കൃത്യം ആറര മണിക്ക് തന്നെ, ദുബായില്‍ നിന്നുള്ള എമിറെറ്റ്സില്‍ ഇസ്താംബുളിലെ അത്താതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ മത്തായി ലാന്‍ഡ് ചെയ്തു. നേരെ ബിയര്‍ പാര്‍ലറില്‍ പോയി രണ്ട് എഫെസ് ലാര്‍ജ് അകത്താക്കി. ഒരു ഫ്രഞ്ച് വൈന്‍ മേടിച്ച് ബാഗിനുള്ളീലെ ചെറിയ പായ്ക്കറ്റില്‍ ഐനുറിനു വേണ്ടി ഭദ്രമായി സൂക്ഷിച്ചിരുന്ന ചുരിദാറിന്റെ കൂടെ വച്ചു. ചുരിദാര്‍ വിത്ത് വൈന്‍ ഇതിലവള്‍ വീഴും. മത്തായി മനസ്സില്‍ പറഞ്ഞു.കണക്ഷന്‍ ഫ്ലൈറ്റ് എയര്‍ അസ്താനയാണു, അതിന്റെ ബോര്‍ഡിങ്ങ് പാസെടുക്കാന്‍ ട്രാന്സ്ഫെ്ര്‍ ടെസ്കിലേക്ക്.
സെലിബി യുടെ ട്രന്സിസ്റ്റ് ഡെസ്കില്‍ നിന്നും ബോര്‍ഡിന്‍ഗ് പാസ്സെടുത്ത് തിരിഞ്ഞപ്പോള്‍, അന്തം വിട്ട് നില്ക്കു ന്ന ഒരു ഇന്ത്യാക്കാരി പെണ്‍കുട്ടിയെ കണ്ടൂ. ഇന്ത്യാക്കാരിയായത് കൊണ്ട് മാത്രം ഒരിക്കല്‍ കുടി അവളെ നോക്കി. അല്ലെങ്കില്‍ ഒരിക്കലും അവന്‍ പരസ്യമായി ഒരു അപരിചിതയയ പെണ്ണിനെ നോക്കുകയോ മിണ്ടുകയോയില്ല. മത്തായിയുടെ കയ്യിലിരിക്കുന്ന ബോര്‍ഡിങ്ങ് പാസ് കണ്ടിട്ടാവണം, അവള്‍ അടുത്തേക്ക് വന്നു ചോദിച്ചു,
അത്രാവിലേക്കാണൊ?
അതെ.
അത്രാവിലെവിടെ?
അത്രാവില്‍ നിന്നും ടെന്‍ഗിസിലേക്ക് പോകും,
ഞാനും ടെന്ഗിസിലേക്കാണ്, എല്‍ ആന്‍ഡ് ടി യില്‍ വര്‍ക്ക് ചെയ്യുന്നു. ചെവറോണിന്റെ ഐ ടി കണ്‍സല്‍ട്ടന്റാണു , എന്നെ ഒന്നു ഹെല്പ് ചെയ്യണം. ഞാനാദ്യമായിട്ടാ അവിടെക്ക് പോകുന്നത്. അത്രാവ് വരെ എന്നെ ഒന്നു ഗൈഡ് ചെയ്യണം. അവിടെ ചെന്നാല്‍ എന്നെ റിസീവ് ചെയ്യാന്‍ ആളുണ്ടാകും.
മത്തായി മനസ്സിലെന്തെക്കെയോ കണക്കുകള്‍ കൂട്ടി. പിന്നെ സമ്മതിച്ചു. ആദ്യപടിയായി ഓരോ കോഫിയിലും സാന്‍ഡ്‌വിച്ചിലും തുടങ്ങി. അതിന്റെ ബില്‍ മത്തായി പേയ് ചെയ്തു - അത് ആദ്യ നഷ്ടം.
കോഫീ ബാറിലെ സൗഹൃദ സംഭാഷണത്തില്‍ നിന്നും മത്തായി അവളെക്കുറിച്ച് മനസ്സിലാക്കി. കല്‍ക്കട്ട കാരിയായ സോനാ ഗുപ്ത. ഐ ടി പ്രൊഫെഷണല്‍. ബിസിനസ് ട്രിപ്പാണ്, രണ്ടാഴ്ചത്തേക്ക്.
ടെന്ഗി്സിലെ തണുപ്പിനെക്കുറിച്ച് പറഞ്ഞ് പേടിപ്പിച്ചും, ആണുങ്ങള്‍ കള്ളുകുടിയന്മാരും ആഭാസന്മാരാണന്നുമൊക്കെ പറഞ്ഞ് ഫലിപ്പിച്ചും അവളുടെ ഒരു രക്ഷകന്റെ സ്ഥാനം നേടിയെടുക്കുകയുമായിരുന്നു മത്തായി.
അത്രാവിലേക്ക് പറക്കുന്നവരൊട് സെക്യൂരിറ്റി ചെക്ക് ഇന്‍ ചെയ്യാനുള്ള അറിയിപ്പ് വന്നപ്പോള്‍, മത്തായി, സോനാ ഗുപതയേയും കൂട്ടി നടന്നു. മത്തായിക്ക് പിന്നിലായി സോനാ ഗുപത കയ്യിലുണ്ടായിരുന്ന ബാഗും മറ്റും സ്ക്രീനിങ്ങിലിട്ടു. മെറ്റല്‍ ഡിക്ടറ്റര്‍ ഘടിപ്പിച്ച വാതിലിലൂടെ മത്തായി കടന്നുപോയി. പിന്നാലെ അവളും.
ഒരു നീണ്ട അലാറം അടിച്ചു. ഡ്യട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ സോനാ യെ തടഞ്ഞു നിര്‍ത്തി . കയ്യിലുള്ള വാച്ചും മാലയും വളയുമൊക്കെ ഊരി സ്ക്രീനിങ്ങിനിട്ടിട്ട് വീണ്ടും മെറ്റല്‍ ഡിറ്റക്ടര്‍ ഡോറിലുടെ കടത്തി. വീണ്ടൂം നീണ്ട അലാറം. ഇപ്രാവശ്യം പോലീസുകാരന്‍ അവളെ മാറ്റി നിര്‍ത്തി കയ്യിലിരുന്ന മെറ്റല്‍ ഡിക്ടറ്റര്‍ കൊണ്ട് ദേഹ പരിശോധന നടത്തി. പോലീസുകാരന്‍ മെറ്റക് ഡിക്സ്ടറ്റര്‍ അവളുടെ ദേഹത്തിന്റെ പല ഭാഗത്തും മുട്ടിച്ചപ്പോള്‍, അവള്‍ ഇക്കിളി കൊണ്ട് അറിയാതെ ചിരിച്ചു. അരക്കെട്ടിലെത്തിയപ്പോള്‍ ഒരു നീണ്ട അലാറം.
"എന്താ അവിടെ?" പോലീസുകാരന്‍ ചോദിച്ചു.
"ഒന്നുമില്ല."
"തുണിമാറ്റിയേ, ഞാന്‍ നോക്കട്ടെ,"
"ഛീ! പോടാ"! അവള്‍ ചീറി
പോലീസുകാരന്‍ വീണ്ടും പരിശോധന നടത്തി. വീണ്ടും അലാറം. ഉറപ്പിച്ചിരിക്കുന്നു സംതിംഗ് ഈസ് ദെര്‍.
സംഭവം കാണാതെ അകത്തേക്ക് വിടുന്ന പ്രശ്നമില്ലെന്ന് പോലീസുകാരന്‍.
എന്തു വന്നാലും തുണിഅഴിച്ച് കാണിക്കില്ലെന്ന് അവളും.
മറ്റവന്‍ കണ്ടാലും, ലവളു കാണിച്ചാലും ഞാന്‍ സമയത്തിന് പോകും എന്ന മട്ടില്‍ മത്തായി.
സംഗതി സീരിയസ് ആയി. വാക്കിടോക്കി കളിലൂടെ സന്ദേശങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു. രണ്ട് വനിതാ പോലീസുകാരികള്‍ വന്നു. സോനാ ഗുപ്തയെ മറ്റൊരു മുറിയിലോട്ട് കൊണ്ടുപോയി പരിശോധന നടത്തി. അരഞ്ഞാണം. അരഞ്ഞാണത്തിനു ചുറ്റും തോക്കിന്റെ തിരപോലെയുള്ള ചെറുതും വലുതുമായ കൂടുകള്‍ ഞാത്തിയിട്ടിരിക്കുന്നു. പോലീസുകാരികള്‍ ബെല്റ്റ് ബോംബെന്ന് കരുതി ഞെട്ടി നിലവിളിച്ചു. പോലീസുകാരികളുടെ ബഹളം കേട്ട് മറ്റുള്ള പോലീസ് ചേട്ടന്മാരും പാഞ്ഞെത്തി. ഇത് ബെല്റ്റ് ബോംബല്ലന്നും കാളി പൂജ കഴിഞ്ഞ് പൂജിച്ച് കെട്ടിയിരിക്കുന്ന തകിടും കൂടും കൂടോത്രവുമൊക്കെയാണെന്ന് പറഞ്ഞിട്ട് ആര് കേള്ക്കാന്‍. ആകെ ബഹളം. നിമിഷങ്ങള്‍ക്കകം ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
ബോംബ് സ്ക്വാഡ്, സോനാ ഗുപ്തയുടെ അരഞ്ഞാണവും അക്സെസ്സറീസും അഴിച്ചു മേടിച്ചു. അതഴിക്കാന്‍ പാടില്ലാത്തതാണെന്നും അഴിക്കുന്നവന്റെ തല പൊട്ടിത്തെറിക്കുമെന്നൊക്കെ പറഞ്ഞു നോക്കി. ഒരു പുല്ലും സംഭവിച്ചില്ല. അഴിച്ചെടുത്ത അരഞ്ഞാണം ഒരു പ്രത്യേകമായി തയ്യാറാക്കിയ ഒരു പെട്ടിയില്‍ വച്ച് അവിടെനിന്നും സുരക്ഷിതമായി കൊണ്ട് പോയി.
കൂടെ ആരൊക്കെയാ യാത്ര ചെയ്യുന്നത് എന്നുള്ള ചോദ്യത്തിന്, അവള്‍ നിസ്സംശയം മത്തായിയെ ചൂണ്ടി കാണിച്ചുകൊടുത്തു. അടുത്ത സെക്കന്‍ഡില്‍ അവര്‍ മത്തായിയെ പൊക്കി.
അത്രാവിലേക്കുള്ള അസ്താനാ വിമാനം പറന്നു പൊങ്ങുന്നത് താഴെ നിന്ന് കാണാനായിരുന്നു മത്തായി യുടെ വിധി.
മത്തായിയും സോനാ ഗുപ്തയും ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയരായിരിക്കുന്നു. മത്തായിയുടെ ബാഗിലുണ്ടായിരുന്ന നിലക്കടല കൊറിച്ചുകൊണ്ട് തന്നെ പോലീസുകാരന്‍ അവനെ ചോദ്യം ചെയ്തു, ബാഗ് പരിശോധിച്ചു. അതിലുണ്ടായിരുന്ന രണ്ട് അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക് പോലും കാലമാടന്മാര്‍ വലിച്ചു കീറി സൂക്ഷ്മ പരിശോധന നടത്തി.
ഇതിനിടയില്‍ സോനാ ഗുപ്തയുടെ അരഞ്ഞാണം ബോംബ് സ്ക്വാഡ് കൊണ്ടുപോയി നിര്‍വീര്യമാക്കി. അതിലെ കൂടും കുടുക്കയുമൊക്കെ പരിശോധിച്ചപ്പോള്‍ പുതിയോരു നിമഗനത്തിലെത്തി. ഇത് ബോംബല്ല, ഡ്രഗ്സ് ആണ്. സാക്ഷാല്‍ മയക്ക് മരുന്ന്. അവര്‍ ഉടന്‍ തന്നെ തകിടിലും കുട്ടിലുമൊക്കെ ഉണ്ടായിരുന്ന ഭസ്മവും, സിന്ദുരവും കുങ്കുമവുമെല്ലാം രാസപരിശോധനക്കയച്ചു.
രാസ പരിശോധനയിലെങ്ങാനും ഇവന്മാര്ക്ക് ഭസ്മത്തിന്റെയും സിന്ദൂരത്തിന്റേയും രാസനാമവും രസതന്ത്രവും ഒന്നും മനസ്സിലായില്ലെങ്കില്‍ ശിഷ്ടജീവിതം ഇവിടെ ജയിലില്‍. മയക്ക് മരുന്ന് കടത്ത്, മലയാളി യുവാവും കാമുകിയും പിടിയില്‍. നാളെ ഒരു പക്ഷെ കേരളത്തിലെ പത്രങ്ങളിറങ്ങുന്നത് ഈ വാര്‍ത്തയുമായിട്ടായിരിക്കും. മത്തായിയുടെ മണ്ട ചൂടായി തുടങ്ങി.
ഇടക്കിടക്ക് ലവള്‍ ദയനീയമായി മത്തായിയെ നോക്കും. അതു കാണുമ്പോള്‍ മത്തായി പല്ലുകടിച്ച് കൊണ്ട് മനസ്സില്‍ പറയും, പണ്ഡാരകാലത്തി, ഏത് സമയത്താണാവോ ഇവളെ സഹായിക്കാമെന്നേറ്റത്.
പരിശോധനാ റിപ്പോര്ട്ട് വന്നു. മയക്ക് മരുന്നല്ല. അതു കേട്ടപ്പോള്‍ തന്നെ മത്തായിക്ക് പകുതി ജീവന്‍ തിരിച്ചു കിട്ടി.
മത്തായി പോലീസുകാരോട് കെഞ്ചിയും കാലുപിടിച്ചും എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അവന്‍ കാലു പിടിച്ചിട്ടാണൊ അവള്‍ കരഞ്ഞിട്ടാണോയെന്നറിയില്ല. പോലീസുകാര്ക്കും കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി.
എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മത്തായി വിളിച്ചിട്ട് അവള്‍ പറഞ്ഞു,
"ഐ ആം റിയലി സോറി മത്തായി... ഞാന്‍ കാരണം.. നിനക്കും.."
"മിണ്ടിപോകരുത്!!!! കൊന്നു കളയും ഞാന്‍!!. ഞാന്‍ നിന്നെ കണ്ടിട്ടുമില്ല, നിനക്കെന്നെ അറിയുകയുമില്ല.. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. ഗുഡ് ബൈ".
പിറ്റേ ദിവസത്തെ ഫ്ലൈറ്റില്‍ എന്തായാലും മത്തായി അത്രാവിലെത്തി. അതിന്റെ പിറ്റേന്ന് ടെന്ഗീ്സിലും.
ഇപ്പോളാരെങ്കിലും മത്തായിയോട് സോനാ ഗുപതയെക്കുറിച്ച് ചോദിച്ചാല്‍, മത്തായി അവളുടെ മരിച്ചുപോയ അമ്മുമ്മയില്‍ തുടങ്ങി ഇനി വരാനിരിക്കുന്ന തലമുറയെക്കൂടി ചേര്ത്ത് ഒരു പാട്ടാണ്.
(അശോക് വാമദേവന്‍)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക