Slider

നെഞ്ചോടു ചേര്‍ത്തുനിര്‍ത്തുമ്പോള്‍

0

ഇടതുവശത്തുകൂടി കടന്നുപോവുന്ന കാഴ്ചകള്‍ കണ്ണിമയ്ക്കാതെ നോക്കിക്കാണുകയാണ് അശ്വതി.ചെറിയ തെരുവുകളും വഴിയോരക്കച്ചവടവും വല്ലപ്പോഴും കടന്നുവരുന്ന ഗ്രാമാന്തരീക്ഷവുമൊക്കെ അവളുടെ കണ്ണുകളിലൂടെ ഓടിമറയുന്നു. പെട്ടെന്നാണ് ഡ്രൈവിംഗിലെ ശ്രദ്ധ പതറിപ്പോകുമായിരുന്ന ശബ്ദത്തില്‍ അവള്‍ തന്നെ വിളിച്ചത്.
'ഏട്ടാ...'
'ഓ....'
സമാധാനമായി..ഓ എന്നാണല്ലോ വിളികേട്ടത്. അത് ചിന്തകള്‍ കാടുകയറാത്ത മനസ്സിന്‍റെ അടയാളമാണെന്ന് അവളെപ്പോഴും പറയും.
ആലോചനയിലേക്ക് വീണ്ടും പോയ അവളെ ഞാന്‍ തിരികെ വിളിച്ചു
'നീയെന്താ പറയാന്‍ വന്നേ...
പറഞ്ഞേ..കേള്‍ക്കട്ടെ,'
'ഞാനൊരു കാര്യം ചോദിക്കട്ടെ,'
എന്തെങ്കിലും കുനിഷ്ടുചോദ്യമായിരിക്കും. അതാണ് പതിവ്. എന്നാലും സാരല്യ.
ഞാന്‍ 'ഉം ചോദിക്ക്' എന്ന് തന്നെ മറുപടി പറഞ്ഞു.
ഇനീപ്പോ ഒരു പത്ത് ഏട്ടാ വിളി, അതു കഴിഞ്ഞേ കാണൂ കാര്യം.
പറഞ്ഞുതീര്‍ന്നില്ല ദേ വന്നു പതിവ് തെറ്റാതെ..
'ഏട്ടാ....'
'ഉം'
'ഏട്ടാ..........'
'ഉം പറ'
'ഏട്ടാ.. നമ്മളിപ്പോ നേരെ ഏട്ടന്‍റെ വീട്ടിലേക്കല്ലേ'
'അതേല്ലോ...എന്തേ...
നിന്‍റെ വീട്ടിക്കേറീട്ട് പോയാ മതീന്നാ..?'
'അല്ല ഏട്ടാ..'
'പിന്നെ..എന്തേലും വാങ്ങാനുണ്ടോ..?'
'ഉം ഉം അതൊന്നുല്ല..'
പിന്നെ...? ഇത്തവണ എന്‍റെ ആകാംക്ഷ പതിവിലേറെയായി.
'ഏട്ടാ...'
'ഉം പറ'
'ഏട്ടാ..ഏട്ടനുണ്ടല്ലോ...'
'ഉം..'
'വീട്ടിലെത്തിയാലേ...'
(ഈശ്വരാ ഇവളെന്താ പറഞ്ഞുവരുന്നേ.നോക്കട്ടെ ഇതെവിടെച്ചെന്ന് നില്‍ക്കൂന്ന്..)
'ഉം പറ'
'ഏട്ടനെന്‍റെ കൂടെ മഞ്ചാടിക്കുരു പെറുക്കാന്‍ വര്വോ..'
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ഈശ്വരാ..എത്ര നിഷ്കളങ്കമായ ആവശ്യം. ഇതിനാണോ ഇവളിത്രയ്ക്ക് മുഖവുരയിട്ടത്.
വീടിന്‍റെ അതിരിലായി ഇടവഴിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മഞ്ചാടിമരങ്ങളുണ്ട്.പറമ്പിലേക്ക് ഒറ്റയ്ക്കുപോകാന്‍ ബുദ്ധിമുട്ടുകാണും.അതാണ് ഇങ്ങനെയൊരാവശ്യം.കുട്ടിത്തം നിറഞ്ഞ ചില നേരത്തെ ഈ പെരുമാറ്റം അവള്‍ക്ക് അവളെത്തന്നെ ഒളിപ്പിക്കാന്‍ വേണ്ടിയാണെന്നറിയാവുന്നതുകൊണ്ട് മറുത്തൊന്നും പറയാന്‍ തോന്നിയില്ല.
ഇപ്പോള്‍ കാടുകയറുന്നത് ഡ്രൈവിംഗിന് നല്ലതല്ലെന്ന് മനസ്സു പറഞ്ഞു.അശ്വതിയെ അവളുടെ ചിന്തകള്‍ക്കൊപ്പം വിട്ട് ഞാന്‍ റോഡിലേക്ക് ശ്രദ്ധ വെച്ചു.
വീടെത്തുംവരെ അശ്വതിയുടെ ആവശ്യം ഓര്‍ത്തില്ലെങ്കിലും പൂമുഖത്തെ ചാരുപടിയില്‍ ഏട്ടന്‍റെ മകനുവേണ്ടി അമ്മ പെറുക്കിവെച്ച മഞ്ചാടിക്കുരുകള്‍ വീണ്ടുമെന്നെ അവളിലേക്കെത്തിച്ചു. ചെല്ലണം അവളുടെ കൂടെ...അവളുടെയീ ചെറിയ ആഗ്രഹം എന്തായാലും സാധിച്ചുകൊടുക്കണം.ഞാന്‍ മനസ്സില്‍ കരുതി.
നീണ്ട ഇടവേളയ്ക്കുശേഷമാണ് വീട്ടിലെത്തിയത്.അതുകൊണ്ടുതന്നെ അമ്മയുടെ പരിഭവം പറച്ചിലിനും നാട്ടുവിശേഷങ്ങള്‍ക്കുമിടയില്‍ ഞാനത് വീണ്ടും മറന്നു. വന്നിട്ട് നാലഞ്ച് ദിവസങ്ങളും കഴിഞ്ഞു.
ഇന്നിപ്പോള്‍ ഊണിനുശേഷം ഒന്നുമയങ്ങാനായി കിടന്നതേയുള്ളൂ.ദേ അവള്‍ ആവശ്യമായി വീണ്ടുമെത്തിയിരിക്കുന്നു.
'ഏട്ടാ..'
ഏട്ടന്‍ വര്വോ ന്‍റെ കൂടെ'
ഇന്നത്തെ പകലുറക്കം പോയല്ലോ.എന്നാലും
'ഓ വരാലോ' എന്നും പറഞ്ഞ് കിടക്ക വിട്ടെഴുന്നേറ്റു.
തെറ്റും ശരിയും ഒറ്റയുമിരട്ടയുമായി സങ്കല്‍പ്പിച്ച മഞ്ചാടിക്കുരുക്കളുമൊത്തുള്ള ബാല്യം അവളൊരുപാട് പറഞ്ഞിട്ടുള്ളതാണ്. നിറവയറുമായ് തന്നെ ചാരിയിരുന്ന് കഴിഞ്ഞ തവണ നാട്ടിലേക്ക് വരുമ്പോള്‍ അവളിതുപോലെന്തൊക്കെ കുട്ടിത്തങ്ങളാണ് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്. അതുകഴിഞ്ഞിപ്പോള്‍ നാളൊരുപാടായി. അവളിപ്പോഴും പഴയ മഞ്ചാടിക്കുരുവില്‍ തന്നെ.
ഓര്‍മ്മകള്‍ കനം വെച്ച് ശ്വാസം മുട്ടിക്കും മുന്‍പ് ഞാനവളേയും കൂട്ടി പറമ്പിലേക്ക് നടന്നു. മഞ്ചാടിമരത്തിന്‍റെ അടുത്തെത്തിയപ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെ അശ്വതി മഞ്ചാടിക്കുരുവോരോന്നായി പെറുക്കിയെടുത്തുതുടങ്ങി.ചുറ്റുപാടുമൊന്ന് കണ്ണോടിച്ച് ഞാനും അവളെ സഹായിക്കാന്‍ കൂടി.ഇടയ്ക്ക് ശ്രദ്ധയോടെ പെറുക്കിക്കൊണ്ടിരുന്ന അവളേയും നോക്കി.
പൊടുന്നനെ അവളുടെ വിളിവന്നു.
'ഏട്ടാ...'
'ഉം എന്തേ...'
'ഏട്ടനെന്തേ ചോദിക്കാത്തെ ഞാനിപ്പോ മഞ്ചാടിക്കുരു വേണമെന്ന് പറഞ്ഞതെന്തിനാന്ന്'
ശരിയാണ് ഞാന്‍ ചോദിച്ചിട്ടില്ല.അല്ലെങ്കിലും ചോദ്യത്തിന്‍റെ ആവശ്യമില്ലല്ലോ.തനിക്കറിയാം ഇവയെന്തിനെന്ന്.
'ഏട്ടാ..'
'ഓ... എനിക്കറിയാം ഇതെന്തിനാണെന്ന്' ഞാനവളുടെ മുഖത്തേക്കുനോക്കാതെ തന്നെ പറഞ്ഞു.
'ഉം എന്നാല്‍ പറഞ്ഞെ' അവളൊന്ന് തലയുയര്‍ത്തി.
'നിന്‍റെ കുഞ്ഞൂനെ തെറ്റും ശരിയും പഠിപ്പിക്കാനല്ലേ'
ഒരുനിമിഷം നിവര്‍ന്നുനിന്ന് അവളെന്നെത്തന്നെ നോക്കി.പെട്ടെന്നുതന്നെ തെല്ലുജാള്യതയോടെ എനിക്ക് പുറം തിരിഞ്ഞ് നിന്നു.
എനിക്കല്ലേ അവളുടെ മനസ്സറിയൂ. പിറന്ന നാളില്‍തന്നെ അവളോട് പിണങ്ങിപ്പോയ കുഞ്ഞൂനെ അവള്‍ക്കെങ്ങനെ മറക്കാന്‍ കഴിയും.എന്നെങ്കിലുമൊരിക്കല്‍ അമ്മേടടുത്തേക്ക് അവന്‍ തിരികെയെത്തുമെന് പ്രതീക്ഷയില്‍ കാത്തിരിക്കയാണവള്‍.ചിത്രത്തുന്നലുകളുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും പിന്നെയീ മഞ്ചാടിക്കുരുവുമൊക്കെ അവനുവേണ്ടിമാത്രമാണല്ലോ.
പെട്ടെന്നവളുടെ കൈയ്യിലെ മഞ്ചാടിക്കുരുവത്രയും ഊര്‍ന്നുവീണത് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. മെല്ലെ ചെന്ന് ആ ചുമലില്‍ കൈവെച്ചപ്പോഴേക്കും അവളുടെ സങ്കടങ്ങള്‍ പെയ്തുതുടങ്ങിയിരുന്നു.ഏതവസ്ഥയിലും അവള്‍ക്ക് താങ്ങും തണലുമാവേണ്ടവനാണ് ഞാന്‍.എന്നിട്ടും അവളെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഇതുവരെ മനസ്സിലുരുണ്ടുകൂടിയ മേഘങ്ങളത്രയും കണ്ണീരായ് എന്നെയും തോല്‍പ്പിച്ചുകഴിഞ്ഞിരുന്നു.
ഷൈല ഉല്ലാസ്.....Shyla Ullas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo