Slider

"ദേശ ഭക്തിയും കൃഷ്ണ ഭക്തിയും പിന്നെ ഞാനും "

0

"ദേശ ഭക്തിയും കൃഷ്ണ ഭക്തിയും പിന്നെ ഞാനും "
എന്റെ അച്ഛനൊരു കുശുമ്പനാ..ഭർത്താവിനെ നായകനാക്കി രണ്ടു കഥ എഴുതിയപ്പം തുടങ്ങിയ കുശുമ്പാ .ഇന്നലെ എന്നോട് ചോദിക്കുവാ ,ഒന്നുമല്ലെങ്കിലും നിന്നെ പത്തിരുപതു വർഷം തീറ്റിപ്പോറ്റിയതല്ലേ ?നിനക്ക് എന്നെ കുറിച്ച് നാലുവരി എഴുതാൻ തോന്നീല്ലലോ എന്ന്..
അച്ഛൻ ,അമ്മ ..ഈ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ചില വികാരങ്ങളില്ലേ ...പെട്ടെന്ന് ശരീരത്തിലെ രോമകൂപങ്ങൾ എഴുനേറ്റ് നിന്ന് സല്യൂട്ട് അടിക്കുകയും ,കണ്ഠം ഇടറുകയും ,മിഴികൾ നിറയുകയും ...പോലെയുള്ള പ്രതിഭാസങ്ങളും ,അതിനു പുറകെ താലപ്പൊലിയുമായി ചെറിയ ഒരു വേദനയും .നെടുവീർപ്പുകളും മൗനങ്ങളും ഒക്കെയായി ഒരു വരവില്ലേ ?..ഇത് കാരണമാണ് ഞാൻ ഇതുവരെ എഴുതാതിരുന്നത് .എനിക്കാണെങ്കിൽ ബന്ധുക്കളായും കൂടെപ്പിറപ്പുകളായും ആകെയുള്ളത് ഇവരൊക്കെ തന്നെ .
ഇന്ന് എന്താണെങ്കിലും എഴുതാം എന്ന് കരുതി ഈ ബന്ധുക്കളെ എല്ലാം മറ്റൊരു ബന്ധുവീട്ടിൽ ആക്കി തിരിച്ചുവന്ന് പറമ്പിൽ ഒന്നിറങ്ങി എന്റെ നിറങ്ങൾ കല പഠിച്ച നീണ്ട നഖം കൊണ്ട് ചികയാനും തിരയാനും തുടങ്ങി ...അപ്പൊ ദാണ്ടേ കൂന കൂട്ടി ഇട്ടിരിക്കുന്ന കരിയിലയുടെ അടിയിൽ ഒരിളക്കം.. കിട്ടി ....എന്താണെന്നല്ലേ ...."കോമഡി ".
അന്നേരം സാധനം കിട്ടിയ സ്ഥിതിക്ക് ഇനി രംഗപ്രവേശം നടത്താം.
പണ്ട് പണ്ട് ഒത്തിരി അല്ല കുറച്ച് പണ്ട് പണ്ട് എന്നുപറഞ്ഞാൽ ഒരു പത്തുമുപ്പത്തിഎട്ട് വർഷം മുൻപ് എനിക്ക് രണ്ട് വയസുള്ളപ്പോഴത്തെ കഥാ ആണ് (കണ്ടാൽ അത്രേം തോന്നില്ലെങ്കിലും ഇപ്പൊ നാല്പതു വയസായി ട്ടോ) ഈ കഥ അച്ഛൻ നാട്ടിലും ബന്ധുക്കളുടെ ഇടയിലും പണ്ടേ പാട്ടാക്കിയതാണ് അത് പോരാഞ്ഞിട്ട് എന്റെ കല്യാണം കഴിഞ്ഞപ്പോ ഭർത്താവിന്റെ വീട്ടിലും ചെന്ന് വിളമ്പിക്കൊടുത്തു .(എന്നോടുള്ള വൈരാഗ്യം തീർത്തതാണ് )
എന്റെ ചേട്ടൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം .അച്ഛൻ ചേട്ടനെ വിടാൻ സ്കൂളിൽ പോകുമ്പോൾ എന്നെയും കു‌ടെ കൊണ്ടുപോകും .അവിടെ ഗേറ്റിൽ നിന്ന് എന്നും ദേശീയ ഗാനം കേട്ട് എന്റെ കരടു മനസ്സിൽ ദേശഭക്തി ജനിച്ചു, ഞാൻ പാടാൻ തുടങ്ങി, എന്റെ രീതിയിൽ ..ചെന ...ഗണ...ബന ....അദ്‌ഭുതം എന്ന് പറയട്ടെ കുറച്ചു ദിവസം കഴിഞ്ഞപ്പോ എങ്ങിനെ എന്നറിയില്ല എന്റെ ഉള്ളിൽ കൃഷ്ണ ഭക്തിയും ഉടലെടുത്തു .എല്ലാ ദിവസവും ഒരു പത്തു പ്രാവശ്യം ഞാൻ കാല് പുറകോട്ട് വളച്ച് കൈയിൽ ഓടകുഴൽ പിടിക്കുന്നതുപോലെ ആക്കി ഇങ്ങനെ നിക്കും ..പുറകെ ഭക്തി ഗാനവും കാണും .
അച്ഛന് സ്വന്തം രക്തത്തിൽ മതിപ്പു തോന്നി .പിന്നെ വീട്ടിലെ ചർച്ചാവിഷയങ്ങൾ സ്വാതന്ത്രസമരവും കൃഷ്ണ ലീലയും മാത്രമായി. അച്ഛൻ ഗാന്ധിജിയുടെ പുനർജ്ജന്മം ആണോ എന്ന് എല്ലാർക്കും സംശയം ഉണ്ടായി .വീട്ടിൽ ആരുവന്നാലും ..എന്റെ മോളു ഇങ്ങോട്ടു വന്നേ.. എന്ന് അച്ഛൻ വിളിക്കും ..അപ്പോഴേക്കും എന്റെ കാല് താനെ വളയും ഊത്തും തുടങ്ങും .അച്ഛൻ അഭിമാനത്തിൽ മുങ്ങി എന്നെ ബഹുമാനിക്കാൻ തുടങ്ങി .അങ്ങിനെ നല്ല ദിവസങ്ങൾ കടന്നു പോയി .
ഒരു ഞായറാഴ്ച ദിവസം രാവിലെ ചേട്ടൻ "എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ അലറിക്കൊണ്ട് " അച്ഛന്റെ അടുത്തേക്ക് ഓടി ...അച്ഛാ...അവൾ എന്നെ കടിച്ചു ...അച്ഛൻ നോക്കിയപ്പോ മുറിഞ്ഞിട്ടില്ല എന്നാലും എന്റെ തേറ്റ പല്ലും കൊണ്ട് രണ്ടു വല്യ കുഴി ഉണ്ടാക്കിട്ടുണ്ട്.നാലഞ്ചു തുള്ളി കണ്ണുനീർ ചേട്ടൻ ആ കുഴിയിൽ ഒഴിച്ച് അതിന്റെ ആഴം അച്ഛനെ കാണിച്ചു കൊടുത്തു .അച്ഛൻ പറഞ്ഞു ..നിനക്ക് അവൾക്കിട്ട് ഒരെണ്ണം കൊടുക്കാൻ മേലാരുന്നോ ?..അപ്പൊ എന്റെ നിഷ്കളങ്കതയിൽ നിന്നും പൊട്ടിമുളച്ച ചേട്ടൻ പറഞ്ഞു ...ഞാൻ അവളെ എങ്ങനെ അടിക്കാനാ അച്ഛാ ...അടിക്കാൻ ചെല്ലുമ്പം അവൾ കൃഷ്ണനായി നിക്കും കാലുകഴക്കുമ്പം ചെന ഗണ പാടും ..പിന്നേം കൃഷ്ണനാകും ..ഞാൻ എപ്പോ അടിക്കും ?
അച്ഛന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം ഒരു നിമിഷം കൊണ്ട് പോളിയോ പിടിച്ചു .ഗാന്ധിജിയുടെ പുനർജന്മ കഥ അവിടെ അവസാനിക്കുകയായിരുന്നു .മനസിനെ താങ്ങിപ്പിടിച്ച് അച്ഛൻ തിണ്ണയിൽ വന്നു നോക്കുമ്പോൾ ഞാൻ പാവം രണ്ടു കണ്ണുമടച്ച് ആൽമരത്തിൽ ചാരി നിന്ന് ഓടകുഴൽ വായിക്കുകയായിരുന്നു ..ആ ഭക്തിനിർഭരമായ നിമിഷത്തിൽ പെട്ടെന്ന് വായുവിൽ ഒരു സീൽക്കാര ശബ്ദവും ചന്തിക്ക് വല്ലാത്ത നീറ്റലും ഉണ്ടായി .കണ്ണ് തുറന്നു നോക്കിയപ്പോ അർദ്ധരാത്രിൽ നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവന്നപോലെ തോന്നി ...ആ ആൽമരം ഒന്ന് ആഞ്ഞു വീശി നിലച്ചു .പിന്നെ മെല്ലെ മെല്ലെ ദേശീയപതാക അശോക ചക്രത്തിൽ അമർന്ന് ദൂരേക്ക് ഉരുണ്ടു .
jaya .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo