വട്ടൻ ആയീ ഹെ....
* * * * * * * * * * * * *
എതെങ്കിലുമൊരു പുതിയ സിനിമയുടെ ഡിവിഡിയുമായേ വരാവൂവെന്ന് ഭാര്യ പറഞ്ഞത് ഓർമ്മയുള്ളത് കൊണ്ടും രണ്ടര മണിക്കൂറെങ്കിലും സ്വൈര്യം കിട്ടുമല്ലോയെന്നു കരുതിയിട്ടുമാണ് ഒരു മ്യൂസിക് ഷോപ്പിലേക്ക് കയറിയത്. ചെറിയ ആ ഷോപ്പിനുള്ളിൽ നാലഞ്ചാളുകൾ തട്ടിമുട്ടി അട്ടം നോക്കി നിൽപുണ്ട്.
അകത്തെ റാക്കുകളിൽ നിന്ന് മമ്മുട്ടിയും മോഹൻലാലും ദുൽഖറും അമലാ പോളും പാർവ്വതിയുമൊക്കെ വിവിധ ഭാവങ്ങളിൽ എന്നെ നോക്കുന്നുണ്ട്. എന്നെയെടുത്തോളൂ എന്നെയെടുത്തോളൂവെന്ന് അവർ ഓരോരുത്തരും എന്നോട് പറയുന്ന പോലെ തോന്നി.
ആരെക്കൂട്ടണം വീട്ടിലേക്ക്? ആകെ കൺഫ്യൂഷനായി. കൺഫ്യൂഷൻ തീർക്കാനായി കടക്കാരനെത്തന്നെ ആശ്രയിച്ചു.
"ഏതാ നല്ല ഫിലിമുള്ളത്..?"
"മമ്മൂട്ടിയുടേതെടുത്തോ.ഒരൊന്നൊന്നര സിനിമയാ.. മോഹൻലാലിന്റെത് നല്ല ഒന്നാം തരം കുടുംബകഥയാ.. ദുൽഖറിറേതും കുഴപ്പമില്ല.പ്രിഥ്വിരാജിന്റേതും നല്ല സിനിമയാ.. കണ്ടിരിക്കാം..."
അവനോട് അഭിപ്രായം ചോദിച്ച എന്നെ തല്ലണം.ഞാൻ കൂടുതൽ ആലോചിക്കാൻ നിന്നില്ല. അമല പോളിന്റെ ചിരിച്ച് നിൽക്കുന്ന പടമുള്ള ഒരു ഡിവിഡിയെടുക്കാൻ തന്നെ തീരുമാനിച്ചു. എന്റെ ഇഷ്ട നായികയാണവർ.. ഒന്നുമില്ലെങ്കിലും അവരെയെങ്കിലും കണ്ടിരിക്കാമല്ലോ.. വീട്ടിലെത്തി സിനിമ കാണാനിരുന്നാൽ അമലാ പോൾ സ്ക്രീനിൽ വരുമ്പോൾ ഭാര്യക്കൊരു നോട്ടമുണ്ട് എന്നെ. അവൾക്കറിയാം ഞാനൊരു അമലാ ഫാനാണെന്ന്. പക്ഷേ ഫാനിന് കറക്കം കൂടുതലാണോ എന്നൊരു സംശയം അവൾക്കില്ലാതില്ല. ഞാനാണെങ്കിലോ എന്ത് അമലാ പോൾ ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല എന്ന മട്ടിൽ ഒന്നുമറിയാത്ത പോലെ ഇരിക്കും.
ഏതാ വേണ്ടതെന്ന കടക്കാരന്റെ ചോദ്യത്തിന് ഉത്തരം കൊടുത്ത് ഡീൽ പക്കായാക്കി.
പെട്ടെന്നാണ് കസ്റ്റമർമാർക്കിടയിലൂടെ തിക്കിത്തിരക്കി ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കടന്നുവന്നത്. അരിയടുപ്പത്തിട്ട് പോന്നതാണെന്ന് തോന്നുന്നു പുള്ളിക്കാരന്റെ ധൃതി കണ്ടിട്ട്.നന്നായി കിതക്കുന്നുമുണ്ട്.
" റാഫിയുടെ പാട്ടുകളുണ്ടോ.." അയാൾ കടക്കാരനോട് ചോദിച്ചു.
"പിന്നേ.... "
ഇന്ത്യൻ പ്രണയകഥയിൽ ഫഹദ് ഫാസിൽ പറയുന്ന സ്റ്റൈലിൽ കടക്കാരൻ മറുപടി കൊടുത്തു.
ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.. അതായത് ധൃതിയുള്ളവർ ആദ്യം സാധനം വാങ്ങി പൊയ്ക്കോട്ടെയെന്ന്.. ഞാനൊരു മൂലയിലേക്ക് മാറി നിന്നു. വശങ്ങളിലെ റാക്കുകളിൽ അൽപ വസ്ത്രധാരികളായ നായികമാർ എന്നെ നോക്കി കണ്ണിറുക്കുന്നു, ചുണ്ടുകടിക്കുന്നു. ഞാനതിലൊന്നും വീഴാതെ കണ്ണ് വെട്ടിത്തിരിച്ച് എന്റെ അമലാ പോളിനായി കാത്തിരുന്നു.
കടക്കാരൻ വെച്ച് കൊടുത്ത "ആനേ സെ ഉസ് കേ ആയേ ബഹാം ".
പക്ഷേ അതൊന്നും റാഫിയെത്തേടിയെത്തിയവന് പോരാ.. "വേറെയില്ലേ? " കിതച്ചു കൊണ്ട് അയാളുടെ അടുത്ത ചോദ്യം. അരി വേവുന്നതിന് മുമ്പേ ഡി വി ഡി യെടുത്ത് കലത്തിലിടാനാണെന്ന് തോന്നുന്നു.
"ഓ.. പിന്നേ... " ആ ചോദ്യത്തിനും ഫഹദ് ഫാസിലിന്റെ ഡയലോഗായിരുന്നു മറുപടി...
റാഫിയുടെ പല പല ഗാനങ്ങൾ കടക്കാരൻ മാറ്റി മാറ്റിവെച്ചു കൊടുക്കവെ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.
കൗണ്ടറിലിരിക്കുകയായിരുന്ന കടക്കാരന്റെ മോന്തക്കിട്ട് റാഫിമോൻ ഒന്ന് പൊട്ടിച്ചു. ഒരൊന്നൊന്നര പൊട്ടിക്കൽ.
എല്ലാവരും അന്തം വിട്ട് നിൽക്കവെ റാഫി മോൻ കിതച്ചു കൊണ്ട് പറയുകയാണ്....
"നായിന്റെ മോനെ കുറെ നേരമായി റാഫിയുടെ പാട്ടുകൾ ചോദിക്കുന്നു.. എന്നിട്ട് കൊല്ലങ്ങൾക്ക് മുമ്പുള്ള നിന്റെയൊരു ആനേസെ ഉസ്കെ. ഇങ്ങനെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കരുത്.. മുഹമ്മദ് റാഫിയുടെ രണ്ടായിരത്തിപ്പതിനേഴിലിറങ്ങിയ പുതിയ പാട്ടുകളൊന്നുമില്ലേ നിൻറടുത്ത്... ഇല്ലെങ്കിൽ പൂട്ടിപ്പൊയ്ക്കൂടെടാ നിനക്ക്... "
ഞാനടക്കം എല്ലാവരും ഉള്ള അന്തം വിട്ടിരിക്കുകയാണ്. അപ്പോഴാണ് കടയിലേക്ക് രണ്ടു പേർ ഓടിക്കയറി വന്നത്.. ഉടനെത്തന്നെയവർ റാഫി മോന്റെ ഇടംവലം പിടിത്തമിട്ടു. പിന്നെ ദയനീയമായി ഒരു ചോദ്യം. ഇവൻ പ്രശ്നമൊന്നുമുണ്ടാക്കിയില്ലല്ലോ.. ചെറിയൊരു മാനസിക പ്രശ്നമുള്ളയാളാ..ഡോക്ടറെ കാണിച്ച് തിരിച്ചു പോകുന്ന വഴിക്ക് ഒരു വെള്ളം കുടിക്കാൻ ജ്യൂസ് കടയിൽ കയറിയിടത്തു നിന്ന് ഇവനിറങ്ങി ഓടുകയായിരുന്നു.മുഹമ്മദ് റാഫിയുടെ ഒരു ആരാധകനാ.. ഭാഗ്യം.അതു കൊണ്ടാ അവൻ ഇങ്ങോട്ട് ഓടിക്കയറിയത്.. ഇല്ലെങ്കിൽ നിർത്താതെ ഓടുമായിരുന്നു."
ആരുടെ ഭാഗ്യത്തിനാണാവോ അവൻ ഇതിനുള്ളിലേക്ക് ഓടിക്കയറിയത്.
അവർ അവനെയും ചേർത്തു പിടിച്ച് കടയിൽ നിന്നിറങ്ങിപ്പോകവെ ജഗതിയുടെ പച്ചാളം ഭാസിയുടെ നവരസഭാവങ്ങൾക്ക് പുറമെയുള്ള രസങ്ങളിൽ പോലും കാണാത്ത ഒരു പ്രത്യേകഭാവവുമായി നിൽക്കുകയായിരുന്നു കടക്കാരൻ....
_________________________
എം.പി.സക്കീർ ഹുസൈൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക