നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വേനലില്‍ ഒരു പ്രണയം (ചെറുകഥ )


ചെറുകഥ
വേനലില്‍ ഒരു പ്രണയം
-----------------------
ഓഫീസില്‍ അന്നും, നല്ല തിരക്കായിരുന്നു . പ്രത്യേകിച്ച് , ബ്രെക്സിറ്റ് പ്രതിസന്ധിയാൽ ഉളവായ അനിശ്ചിതാവസ്ഥ യു. കെയിലെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചിരുന്നു. അന്തര്‍ ദേശീയ ഓഹരി വിപണികൾ എല്ലാം നിലം പൊത്തി. പല നല്ല കമ്പനികളുടെയും ഓഹരികൾ കനത്ത വില തകർച്ച നേരിട്ടു. ഓഫീസില്‍ പലരും,
അതിന്റെ സമ്മര്‍ദം അനുഭവിക്കുന്നുണ്ടായിരുന്നു.
ഹരി, തന്‍റെ പതിവ് കോഫിയുടെ കാര്യം പോലും മറന്നു ജോലിയില്‍ മുഴുകി. വിപണിയുടെ പ്രതിഫലനങ്ങള്‍, സ്റ്റോക്ക്‌ ബ്രോക്കിംഗ്‌ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ തന്റെ കമ്പനിയെയും ബാധിച്ചിരിക്കുന്നതായി, ഹരി മനസ്സിലാക്കി.
ഹരി ലണ്ടനില്‍ എത്തിയിട്ട് രണ്ടു മാസമായി. കമ്പനിയുടെ മുംബൈ ഓഫീസില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി നോക്കിയിരുന്ന ഹരി, ലണ്ടനിലെ ഹെഡ് ഓഫീസിലേക്ക് മാറ്റം കിട്ടി വന്നതിനു പ്രധാന കാരണം ഓപ്പറേഷൻസ്‌ ഹെഡ്, മി. സ്റ്റീവൻസിന്റെ പലപ്പോഴായുള്ള നിര്‍ബന്ധം മൂലമാണു.
പലതവണ ലണ്ടനില്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വന്നു പോയിട്ടുണ്ടെങ്കിലും, സ്ഥിരമായി ലണ്ടനില്‍ നിന്നു ജോലി
ചെയ്യാന്‍ ഹരിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല.
മുംബൈയിൽ‍ ജോലി ചെയ്തിരുന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും കേരളത്തിലേക്ക് വരാമായിരുന്നു. കൊച്ചിയിലെ പ്രാദേശിക ഓഫീസിന്റെ ചില ചുമതലകള്‍ ഹരിയും വഹിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന അമ്മയെയും സന്ദര്‍ശിക്കാം. അമ്മയുടെ ഏക മകനാണു ഹരി.
ഹരിക്ക് വേണ്ടി പല വിവാഹാലോചനകളും കാര്യമായി നടക്കുന്ന സമയമായിരുന്നു.
പക്ഷെ,, പൊടുന്നനേയായിരുന്നു അമ്മയുടെ ആകസ്മിക മരണം.....ഹരിയുടെ അഛൻ, വർഷങ്ങൾക്ക്‌ മുൻപെ ഒരു കാർ ആക്സിഡന്റിൽ മരണപ്പെട്ടിരുന്നു.
അച്ഛനും അമ്മയും ജീവിത വഴികളിൽ നിന്നും കടന്നു പോകുമ്പോള്‍ വീട്ടിൽ ബാക്കിയാകുന്നതു, അഛന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്വീകരണ മുറിയിലെ ചാരു കസേരയും, അമ്മയുടെ പാചകത്തിന്റെ രുചിക്കൂട്ടുകളുടെ വാസന നിറഞ്ഞു നിൽക്കുന്ന അടുക്കളയുമാണു. കാലം മുൻപോട്ടു പോകെ, ആ ഓർമ്മകളും പതിയെ മാഞ്ഞു പോകും.
മരവിച്ച മനസ്സുമായ് ഉഴറിയപ്പോഴാണ്, ഹരിയുടെ ഉറ്റ സുഹൃത്ത് കൂടിയായ സ്റ്റീവൻസൺ‍ ലണ്ടനിലെ ഓഫീസില്‍ ഒരു ഒഴിവ് ഉണ്ടെന്നു ഹരിയെ അറിയിച്ചത്. പിന്നെ തുടരെയുള്ള, അയാളുടെ സ്നേഹപൂർവമായ നിര്‍ബന്ധം.
ഒരു മാറ്റം അപ്പോള്‍ ഹരിയും ആഗ്രഹിച്ചിരുന്നു. പിന്നെ താമസിച്ചില്ല. ഹരി, ലണ്ടനിലേക്ക് പോന്നു.
രാവിലെയുള്ള ഓപ്പറേഷൻസ്‌ ടീമിന്റെ മീറ്റിംഗ് കഴിഞ്ഞു കാബിന്റെ പുറത്തേക്ക് വന്നപ്പോഴാണ് ഹരി , ഫിയോണയെ കണ്ടത് . അവളുടെ മുഖം അത്ര പ്രസന്നമായിരുന്നില്ല. ഉടനെ ചോദിച്ചു , ‘ആര്‍ യു ഓള്‍ റൈറ്റ്.. ഫിയോണ’ ?
ഇവിടെ, സായിപ്പ് ആരെ കണ്ടാലും പൊതുവെ ‘ ആര്‍ യൂ ഓള്‍ റൈറ്റ്’ , എന്ന് ചോദിക്കും. പല്ല് വേദന കൊണ്ട് നട്ടം തിരിയുകയാണെങ്കിലും മറ്റ്‌ ചോദ്യങ്ങൾ ഒഴിവാക്കാൻ , നിസ്സഹായതയോടെ ‘ഐ ആം ഓള്‍ റൈറ്റ്’ , എന്ന് ആരും പറഞ്ഞു പോകും.!
‘നോ ..ഹരി ,, ഐ ആം നോട്ട് വെല്‍’. ‘വാട്ട്‌ ഹാപ്പെണ്ട്‌’? ഹരി ചോദിച്ചു ..
‘നോ ,, നതിംഗ് , സ്മോൾ ഹെഡ് ഏക്‌ ‘.. ഫിയോണ പറഞ്ഞു.
ഫിയോണയായിരുന്നു , ഹരി ലണ്ടനില്‍ എത്തിയപ്പോള്‍ താമസസൗകര്യവും മറ്റും ഏര്‍പ്പാടാക്കിയത്. ഫിയോണ ലണ്ടനിലെ ഓഫിസില്‍ ബാക്ക് ഓഫീസ് ടീമിന്റെ മാനേജരായി ജോലി ചെയ്യുന്നു.
ഹരിയുടെ ഒരു നല്ല സുഹൃത്താണ് , ഫിയോണ.എപ്പോഴും കളിയും ചിരിയും തമാശയുമൊക്കെയായി, തൊഴിലിന്റെ പിരിമുറുക്കങ്ങള്‍ ഒന്നുമില്ലാതെ ജോലി ചെയ്യുന്നയാളാണ് ഫിയോണ.മുപ്പതു വയസ്സിനു മുകളില്‍ പ്രായമുണ്ടെങ്കിലും കക്ഷിയെ കണ്ടാല്‍ അത്ര പ്രായം തോന്നുകയില്ല. വെളുത്ത കൊലുന്നനേയുള്ള ശരീരം.., വളരെ കൃത്യമായ ഡയറ്റ്‌ , വ്യായാമം ഒക്കെ ചെയ്ത്‌ ഉറപ്പിച്ചെടുത്ത ശരീരം.
ഫിയോണയുടെ അമ്മ , നാന്‍സി കേരളത്തില്‍ പലപ്പോഴായ് അവധിക്കാലം ചെലവഴിക്കാന്‍ വന്നിട്ടുണ്ടായിരുന്നു. അങ്ങനെ ഫിയോണക്കും കേരളത്തെ കുറിച്ച് ഒട്ടൊക്കെ അറിയാം.
വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഹരിയും ഫിയോണയും അടുത്ത കൂട്ടുകാരായത്. പക്ഷെ, ഫിയോണയുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയാന്‍ ഹരി അത്ര താല്പ്പര്യമെടുത്തില്ല. പാറി പറന്നു നടക്കുന്ന ഒരു മദാമ്മ പെണ്ണ് . അത്ര മാത്രം. ഓഫിസ് പാര്‍ട്ടികളിലും മറ്റ് സൌഹൃദ വിരുന്നുകളിലും അവര്‍ കൂടുതലും സംസാരിച്ചിരുന്നത് , ലണ്ടനിലെ ഇന്ത്യന്‍ റെസ്റൊറന്റുകളിലെ വിഭവങ്ങളെ കുറിച്ചും , പാചക കുറിപ്പുകളെ കുറിച്ചുമൊക്കെയായിരുന്നു. സംസാരിച്ചിരിക്കാൻ , വിഷയ ദാരിദ്യ്രം അവർക്കിടയിൽ ഒട്ടുമില്ലായിരുന്നു.
ഓഫീസ് സമയം കഴിഞ്ഞു വൈകുന്നേരമാണ് പിന്നിട്‌, ഹരി ഫിയോണയെ കണ്ടത്.
അവള്‍ പറഞ്ഞു.
'ഹരി, രാവിലെ ഞാൻ നിന്നോട് ഒരു നുണ പറഞ്ഞതായിരുന്നു.ഇന്നത്തെ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല.എന്റെ എല്ലാമായിരുന്ന മോസ്, എന്നെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു. അവന്‍ എനിക്ക് എല്ലാമായിരുന്നു,,,എല്ലാം’.....
അവള്‍ വിതുമ്പി..
ഹരിയും വല്ലാണ്ടായി.......'സോറി ,, ഫിയോണ , ഐ ആം റിയലി സോറി, എനിക്ക് അറിയില്ലായിരുന്നു.’ . ഹരി പറഞ്ഞു.
‘നീ, നാളെ ഫ്രീ ആണെങ്കില്‍ എന്നോടൊപ്പം വരുമോ? നാളെ, ഞാന്‍ അവനെ കാണാന്‍ സെമിത്തേരിയിലെക്ക് പോകുന്നു.’
‘അതിനെന്താ , ഞാന്‍ വരാം ഫിയോണ’.. ഹരി പറഞ്ഞു.
പിറ്റേന്ന് ശനിയാഴ്ചയാണ്. ബ്രിട്ടീഷുകാർ, കാത്തിരിക്കുന്ന ആഴ്ചയവസാനം. അഞ്ചു ദിവസത്തെ അധ്വാനത്തിനു ശേഷം ,ശരീരത്തിന് നല്കുന്ന വിശ്രമം.
വെള്ളിയാഴ്ചകളിലും, ശനിയാഴ്ചകളിലും, പൊതുവെ ഇവിടുത്തെ പബ്ബുകളിലും, നിശാ നൃത്ത കേന്ദ്രങ്ങളിലും ആള്‍ത്തിരക്ക് അനുഭവപ്പെടും.
ഹരിക്ക് നാളെ, ശനിയാഴ്ച പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും
തന്നെ ഉണ്ടായിരുന്നില്ല. ഫ്ലാറ്റില്‍ തിരികെ എത്തിയ ഉടനെ, ഒരു ബിയറുമായ് അയാൾ, റൂമിന്റെ ബാല്‍ക്കണിയില്‍ പോയിരുന്നു.
‘മോസ്, ഫിയോണയുടെ ആരായിരിക്കും?? ഭര്‍ത്താവ്‌?,, മകന്‍? , ഹരി ചിന്തിച്ചു.
പാവം, അവള്‍ ഒരുപാട്, സങ്കടപ്പെടുന്നുണ്ടാകാം. ഓരോ മരണവും ബാക്കി വെക്കുന്നത് , നല്ല കുറെ ഓര്‍മ്മകള്‍ മാത്രം. ആ ഓര്‍മ്മകള്‍ പിന്നെ പലപ്പോഴായി കാലപ്രവാഹത്തിന്‍റെ ചുഴികളിലാണ്ട് പോകുന്നു...ഒരിക്കലും തിരികെ വരാതെ....
ഹരി, അമ്മയെ കുറിച്ച് വീണ്ടുമോര്‍ത്തു. അയാളുടെ മിഴികൾ നിറഞ്ഞു. അയാൾ, കണ്ണുകള്‍ ഇറുകെ പൂട്ടി.ജോലിയുടെ ക്ഷീണവും, ബിയറിന്റ നനുത്ത ലഹരിയും ഹരിയെ പതിയെ മയക്കത്തിലേക്ക് തള്ളിയിട്ടു.
പിറ്റേന്ന് , ഹരിയെ ഉണര്‍ത്തിയത് ഫിയോണയുടെ ഫോണ്‍കാള്‍ ആയിരുന്നു.
'ഹലോ , ഞാന്‍ എത്ര നേരമായ് ട്രൈ ചെയ്യുന്നു?, നീ ഇന്നലെ കുറെയധികം കുടിച്ചു. അല്ലെ’?
ഞാൻ നിന്റെ ഫ്ലാറ്റിനു വെളിയിൽ കാത്തു നിൽക്കുകയാണു.'..
ഫിയോണ ചിരിച്ചു കൊണ്ട് ഫോണില്‍ മൊഴിഞ്ഞു.
‘സോറി ഫിയോണ, ഒരു പത്തു മിനിട്ട്‌. ഞാന്‍ തയ്യാറായ്‌, ഉടനെയെത്താം.’. ഉറക്കച്ചടവിൽ‍ , ഹരി പറഞ്ഞു.
ഫിയോണയുടെ കറുത്ത ലെക്സസ് കാറിലേക്ക് കയറുമ്പോള്‍, ഹരി ചിന്തിച്ചത് ഫിയോണയെ കുറിച്ചു തന്നെയായിരുന്നു.
മരിച്ചു പോയ മോസ്, ചിലപ്പോള്‍ ഫിയോണയുടെ ഭര്‍ത്താവോ , അല്ലെങ്കില്‍ മകനോ ആയിരുന്നിരിക്കാം. വീണ്ടും അതു ചോദിച്ച് അവളുടെ മനസ്സ് വിഷമിപ്പിക്കാന്‍ പാടില്ല. ഹരി തീരുമാനിച്ചു.
എപ്പോഴും ചിരി തൂകി, കളി തമാശകളൊക്കെ പറഞ്ഞു , എല്ലാവരിലും ഒരു പോസിറ്റീവ്‌ ഊർജ്ജം പകരുന്ന ഫിയോണയല്ല, ഇപ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യുന്നത്. അവള്‍ , ആകെ മാറിയത് പോലെ. പെട്ടെന്ന്, അവള്‍ക്ക് ഒരുപാട് പ്രായമേറിയതു പോലെ. അവള്‍, ഒരുപാട് ദുഃഖം ഉള്ളിലൊതുക്കുന്ന ഒരു സ്ത്രീയെപ്പൊലെ തോന്നിച്ചു.
അവരുടെ ഇടയിലെ മൂകത അവസാനിപ്പിക്കാന്‍, ഫിയോണ കാറിലെ സി ഡി പ്ലെയര്‍ ഓണ്‍ ചെയ്തു.
ജസ്റിന്‍ ബീബറിന്റെ ‘ലെറ്റ്‌ മീ ലവ് യു’ , എന്ന ഗാനം സ്റ്റീരിയോയിലൂടെ ഒഴുകിയെത്തി.
കാര്‍ നഗരത്തിന്റെ തിരക്കിൽ നിന്നും അകന്നു, ഒരു ഗ്രാമീണ റോഡിലേക്ക് തിരിഞ്ഞു.
എത്ര മനോഹരമാണ് ഇവിടുത്തെ ഗ്രാമങ്ങള്‍...!
ചെമ്മരിയാടുകള്‍ മേയുന്ന പുല്‍മേടുകള്‍, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഗോതമ്പും, ഉരുളകിഴങ്ങും, കാരറ്റുമൊക്കെ കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍..
വേനലിന്റെ ആരംഭം കുറിച്ച് , റോഡിനിരുവശവും പതിയെ വളര്‍ന്നു തുടങ്ങിയ ഡാഫോഡില്‍ ചെടികള്‍.
ഏതൊരു കലാഹൃദയത്തിനും അനുഭൂതി പകരുന്ന സുന്ദര കാഴ്ചകള്‍..!!
കാല്‍പ്പനിക കവിതകളുടെ വിശ്വ കവികളായ ഷെല്ലിക്കും, ജോണ്‍ കീട്സിനും, വില്ല്യം വേര്‍ഡ്സ് വര്‍ത്തിനും, അതീവ സുന്ദര പ്രണയ ഭാവനകള്‍ സമ്മാനിച്ച, സുന്ദര ഭൂമി....!!
മാര്‍ച്ച് അവസാനിക്കുന്നതോടു കൂടി, ബ്രിട്ടനിലെ തണുപ്പ് കാലത്തിനു ശമനമാകേണ്ടതാണു.പക്ഷെ , വേനലിനെ കടന്നു വരാനനുവദിക്കാതെ തണുപ്പ് അതിന്റെ സമയം ഇപ്പോഴും ആസ്വദിക്കുന്നു.
കാറിനുള്ളിലെ ചൂടിലും ഹരിക്ക് , തണുത്തു.അയാള്‍ തന്റെ കൈകള്‍ കൂട്ടി തിരുമ്മി.വർഷം മുഴുവന്‍ വിറ കൊള്ളിക്കുന്ന ഈ തണുപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഈ നാട് , ഒരു പക്ഷെ സഞ്ചാരികളെ കൊണ്ട് നിറയുമായിരുന്നു...ഹരി, വെറുതെ ചിന്തിച്ചു.
ഹരി തന്റെ ചിന്തകളില്‍ നിന്നും മടങ്ങി വന്നു.
കാറിന്‍റെ വേഗത കുറഞ്ഞു. കുറെ അകലെയായി ഒരു ബോര്‍ഡ് കണ്ടു...
'Paws to Rest Welcomes You..’
കണ്ടിട്ട്, ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ വെല്‍കം ബോര്‍ഡ് പോലെ തോന്നിച്ചു. വന്നിരിക്കുന്നത് സെമിത്തേരിയില്‍ തന്നെയല്ലേ? പക്ഷെ, പേര്?? ഒരെത്തും പിടിയും കിട്ടുന്നില്ല.
ഹരിക്ക് ആകാംക്ഷയേറി.
കാര്‍ പാര്‍ക്ക്‌ ചെയ്തതിനു ശേഷം,
ഫിയോണ പറഞ്ഞു..'നമുക്ക് പോകാം'.
അവര്‍ നടന്നു. വലിയ ഗേറ്റിനു സമീപം ചേര്‍ന്നുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു റിസപ്ഷന്‍. അവിടെയിരുന്ന മനുഷ്യൻ, അവര്‍ക്ക് സ്വാഗതം ആശംസിച്ചു.
ഫിയോണ അവിടെ നിന്നും റോസ് പൂക്കളാൽ തീർത്ത ഒരു ബൊക്കെ വാങ്ങിച്ചു.
അവര്‍ സെമിത്തേരിയിലേക്ക് പ്രവേശിച്ചു.
ഇപ്പോള്‍ വല്ലാത്ത ഒരു അത്ഭുതത്തിലായ്,ഹരി...
'ആ സെമിത്തേരി, ഈ ഭൂമി വിട്ടു പോയ വളർത്തു മൃഗങ്ങൾക്കായുള്ള ഒരു സെമിത്തേരിയായിരുന്നു'..!!!!
ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ ഹരിക്ക് മനസ്സിലായി , ആരുടെയൊക്കെയോ, എന്തെല്ലാമോ ആയിരുന്ന കുറെ വളര്‍ത്തു മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും വേണ്ടിയുള്ള ഒരു സെമിത്തേരി.
അവരുടെ മരണത്തിന്റെ ഓര്‍മ്മ ദിവസം അവരുടെ യജമാനന്മാര്‍ക്ക്‌ അവരെ കാണാന്‍ വരാനും, അവരെ കുറിച്ച് ഓര്‍മ്മിക്കാനും, അവര്‍ക്ക് സ്മരണകളുടെ അഞ്ജലീ പുഷ്പങ്ങള്‍ അര്‍പ്പിക്കാനുമായ് സൃഷ്ടിച്ചെടുത്ത അന്ത്യ വിശ്രമ സ്ഥലം.
ഹരിയുടെ മനസ്സ് പിടഞ്ഞു.
അപ്പോഴേക്കും അവര്‍ മോസിന്റെ കുഴിമാടത്തിനരികിലെത്തിയിരുന്നു.
ആ കുഴിമാടത്തിന്‍റെ അറ്റത്തു വെച്ചിരുന്ന നീളമുള്ള ഹെഡ് സ്റ്റോണില്‍ രേഖപ്പെടുത്തിയിരുന്ന വിവരങ്ങള്‍ ഇപ്രകാരമായിരുന്നു.
പേര് – മോസ്
മരണം – 30 /09 /2013
കൂടെ ആ നായയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു.
ആ കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിച്ചതിനു ശേഷം, വിതുമ്പുന്ന മിഴികളുമായ് ഫിയോണ പറഞ്ഞു തുടങ്ങി.
'മോസ്, എന്റെ എല്ലാമായിരുന്നു. ഒരു ബോയ്‌ ഫ്രണ്ട് ഇല്ലാതിരുന്ന, ഒരു വിവാഹ ജീവിതം ആഗ്രഹിക്കാതിരുന്ന എനിക്ക് , എന്റെ ജീവിതത്തില്‍ കടന്നു വന്ന ഒരു നല്ല കൂട്ടുകാരനായിരുന്നു മോസ് എന്ന ഡാൽമേഷ്യൻ.
ഒരു പക്ഷെ , എന്റെ സ്വാര്‍ത്ഥതയായിരുന്നിരിക്കാം, ജോലിയിലെ മേല്‍കയറ്റവും നല്ല പദവിയും ഞാനും ആഗ്രഹിച്ചു. അതിനായ്, ഞാന്‍ വേണ്ടെന്നു വെച്ചത് എന്റെ വിവാഹ ജീവിതമായിരുന്നു. എന്റെ സ്നേഹവും പരിചരണവും എല്ലാം ഞാന്‍ മോസിനു നല്‍കി. ഒരു ദിവസം പോലും അവനെ പിരിഞ്ഞു ഞാനിരുന്നില്ല.പക്ഷെ , അന്നത്തെ ദിവസം പതിവ് പോലെ സായാഹ്ന സവാരിക്കിറങ്ങിയപ്പോള്‍ , എതിര്‍ വീട്ടിലെ ഐമി എന്നു പേരുള്ള പൂച്ചയെ കണ്ടു കുരച്ച് ചാടി, എന്റെ പിടി വിട്ടു റോഡ്‌ കുറുകെ കടക്കാന്‍ ഓടിയ അവന്‍ ചെന്ന് വീണത് വേഗത്തില്‍ വന്ന ഒരു കാറിന്റെയടിയില്‍. ഓടി ചെന്ന് അവനെ എന്റെ കൈകളില്‍ വാരിയെടുത്തപ്പോഴേക്കും , അവന്‍ എന്നെ വിട്ടു പോയിരുന്നു.’.....
ഒരു പൊട്ടിക്കരച്ചിലോടെ, ഫിയോണ ഹരിയുടെ മാറിലേക്ക് ചാഞ്ഞു. എന്ത് പറയണമെന്നറിയാതെ ഹരി കുഴങ്ങി. അവന്‍ അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു.
അവരെ ആശ്വസിപ്പിക്കാനെന്ന പോലെ, ഒരു ചെറുകാറ്റ്‌, അവരെ തഴുകി കടന്നു പോയി.
സെമിത്തേരിയിലെ, ഡാഫോഡിൽ പൂക്കൾ പതിയെ തലയാട്ടി.
വേനലിന്റെ വരവറിയിച്ചിട്ടാകണം, ഇളവെയിൽ അവിടെയെങ്ങും പരന്നു.
ഹരി ചിന്തിച്ചു. എല്ലാ മരണങ്ങളും ചിലപ്പോഴൊക്കെ, എല്ലാം നഷ്ടപ്പെടുത്തിയെന്ന് നാം കരുതും.
പക്ഷേ, കാലം കടന്നു പോകുമ്പോൾ ചിലതെല്ലാം തിരികെ വരും. സ്നേഹമായ്‌, സാന്ത്വനമായ്‌...
ഒരു പക്ഷെ, കാലം എനിക്കായ്‌ കരുതി വെച്ചിരുന്നത്‌ ഈ പാവം, മദാമ്മപ്പെണ്ണിനെയാകും..
ഹരി, ഫിയോണയെ തന്റെ നെഞ്ചിനോടു ചേർത്തു പിടിച്ചു.
ഹരി, ആദ്യമായ്‌ പ്രണയിച്ചു തുടങ്ങി.
വേനലിന്റെ വരവറിയിച്ചു വന്ന ആ ഇളവെയിൽ, പതിയെ നല്ലൊരു വെയിലായ്‌ മാറി.
ഒരു ചെറു കാറ്റിനെ വീണ്ടും പ്രതീക്ഷിച്ച്‌, ഡാഫോഡിൽ പൂക്കളും..!
-------------------------------
സന്തോഷ്‌ റോയ്‌

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot