നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൊടി തട്ടിയെടുത്ത പഴയ ഒരു എഴുത്ത്....


പൊടി തട്ടിയെടുത്ത പഴയ ഒരു എഴുത്ത്....
കാലങ്ങൾക്കിപ്പുറം ഒരു പേനയുമായി കുത്തി കുറിക്കാനിരിക്കുമ്പോൾ പേന തെളിയുന്നില്ല. നമ്മൾ എഴുതേണ്ടതും പറയേണ്ടതുമായ ഒരോ വാക്കും നേർത്തേ തീരുമാനിക്കപ്പെട്ടതാണല്ലോ.. അല്ലെങ്കിൽ ഒരു കുഴപ്പവുമില്ലാതിരുന്ന പുതിയ പേന ( ഗിഫ്റ്റ് കിട്ടിയത് ) പണിമുടക്കുമോ? അതു പോട്ടെ എനിക്കുറക്കം വരുന്നില്ല, അതാണ് കാര്യം, അപ്പൊ പിന്നെ കമ്പ്യൂട്ടർ തന്നെ ശരണം...
കുറേ കാലമായി എന്തെങ്കിലും എഴുതിയിട്ട്, ആരേയും കാണിക്കാത്ത കുറേ എഴുത്തു കുത്തുകളുണ്ടല്ലോ എന്റെ പേരിൽ. അല്ല മനപ്പൂർവ്വമല്ലാട്ടോ, കൊള്ളാഞ്ഞിട്ടാ..
എന്തെല്ലാമോ എഴുതണമെന്നുണ്ട്, പക്ഷെ മനസ്സൊന്നിലും ഒതുങ്ങി നിൽക്കുന്നില്ല.. ഒരു കാര്യം ചെയ്യാം ബാല്യകാല സ്മരണകൾ തന്നെ ആയിക്കോട്ടെ...
ഈ കഥയുടെ പേരാണ് ജന്തു എന്ന ഇന്ദു..
ഒരു കാൽ നൂറ്റാണ്ട് പിന്നിലെ കഥയാണ്. യേയ് അത്രയ്ക്കു വരില്ല.. കുറച്ച് കുറച്ചോള്ളു. ഞാൻ നഴ്സറി പഠിക്കുന്ന കാലം. ആദ്യമായി സ്ക്കൂളിൽ പോയത് ഇപ്പോഴും ഓർമ്മയുണ്ട്. ഇത് ഓർമ്മയാണോ അതോ പറഞ്ഞു കേട്ടത് ഞാൻ സങ്കൽപ്പിച്ചെടുത്തതാണോ എന്ന് നിശ്ചയമില്ല. അന്നത്തെ പ്രമുഖമായ കോൺവെന്റ് സ്ക്കൂൾ ആണ് രംഗം. കന്യാസ്ത്രീ ഒരു ആപ്പിളെടുത്ത് എന്താണെന്ന് ഇംഗ്ലീഷിൽ ചോദിച്ചു... ഞാൻ ബ്ലീംഗസ്യ.. ഒന്നും പറഞ്ഞില്ല. അവസാനം അച്ഛനമ്മമാരുടെ മുഖം നോക്കി 1, 2, 3 പറഞ്ഞ് എൻട്രൻസ് പരീക്ഷ പാസ്സായി ( ശുപാർശ വഴി).
സ്ക്കൂളിലെ ആദ്യ ദിവസം കരഞ്ഞു തളരുന്ന കുറേ കുരുന്നുകളുടെ കൂടെ ഞാനും വാക്കുകളും കളിയും ചിരിയും നിറഞ്ഞ ആ മായിക ലോകത്തേക്ക് കാലെടുത്തു വച്ചു. പിന്നീടുള്ളത് കുറച്ച് ചിന്നി ചിതറിയ ഓർമ്മകളാണ്. ചെറിയ ഫ്ലാസ്ക്കിൽ അടച്ചു വച്ച പാലിന്റെ മണം, എന്റെ ചോക്ക് സ്ഥിരം ഒടിച്ചു കളയുന്ന അരവിന്ദ്, പിന്നെ മാറ്റി മാറ്റി പിടിക്കുമ്പോൾ പല ചിത്രങ്ങൾ കാണുന്ന കട്ടറുള്ള പാർവതി, പിന്നെ അവൾ എന്റെ കൂട്ടുകാരി നിഷ.
അവളെന്തിന് അന്ന് എന്നോടങ്ങനെ ചെയ്തു എന്നിന്നും അറിയില്ല. പിന്നീട് വലുതായ ശേഷം പാട്ടു ക്ലാസ്സിൽ വച്ച് കണ്ടുമുട്ടിയപ്പോൾ പല തവണ ചോദിക്കാനാഞ്ഞതാണ്, പിന്നെ വീണ്ടും മാനഹാനി ഭയന്ന് വേണ്ട എന്ന് വച്ചു. ഇനി അവൾക്ക് ഓർമ്മയില്ല എങ്കിൽ വെറുതെ വേണ്ടല്ലോ കരുതി. ഓ, ഇതു വരെ നിങ്ങളോട് കാര്യം പറഞ്ഞില്ലല്ലേ.
കഥ ഇങ്ങനെയാണ്. ഒരു അവധി ദിവസമായിരുന്നു അന്ന്. ഞാൻ വീടിന്റെ മുൻവശത്തിരുന്നു കളിക്കുകയായിരുന്നു. അപ്പോൾ ദേ വരുന്നു നിഷ, ഒറ്റക്കല്ല അവളുടെ അച്ഛനും ഉണ്ട്.. സന്തോഷം കൊണ്ട് ഓടി ഞാൻ അവരുടെ അടുത്തെത്തി. സന്തോഷം അധികനേരം നീണ്ടു നിന്നില്ല. അവളുടെ അച്ഛൻ എന്നോടൊരു ചോദ്യം...
" ഇതല്ലേ ഈ ജന്തു വി.കെ യുടെ വീട്?"
ഞാൻ ഞെട്ടി.. ങേ എന്റെ ചെവിക്കെന്തോ പറ്റിയിട്ടുണ്ട്.. ഞാൻ അകത്തേക്കോടി, അച്ഛനമ്മമാരെ കൂട്ടി വന്നു. അച്ഛനോടും അയാൾ അതേ ചോദ്യം. എന്നെ ആരേലും എന്തേലും പറഞ്ഞാൽ അപ്പൊ അരിശം വരുന്ന അച്ഛനു പോലും ചിരി പൊട്ടി. പണ്ട് എന്നെ ജോലിക്കു നിന്നിരുന്ന ചേച്ചി 'ഡി' എന്ന് വിളിച്ചതിനു പറഞ്ഞു വിട്ട കക്ഷിയാ ഇപ്പൊ ഇങ്ങനെ നിന്നു ചിരിക്കുന്നത്. ഈ അച്ഛനിനെന്തു പറ്റി. അല്ല ഞാൻ കേൾക്കുന്നത് തന്നല്ലേ അച്ഛനും കേൾക്കുന്നത്.
ചിരിയടക്കി, അച്ഛൻ അന്വേഷിച്ചു.
"എന്താ സാർ പ്രശ്നം?" അപ്പോഴല്ലേ കാര്യം പറയുന്നത്, ഒരു പരാതിയുമായാണ് വരവ്.. ഞാൻ നിഷയെ കടിച്ചുവെന്ന്. സ്വതവേ പാവം കുട്ടിയായിരുന്ന എന്നെ അച്ഛൻ സൂക്ഷിച്ചു നോക്കി. ഇല്ലെന്നുള്ള അർത്ഥത്തിൽ ഞാൻ തലയാട്ടി. അതു പോട്ടെ, കുട്ടികളായാൽ കടിച്ചൂന്നൊക്കെ വരും, അതിനിങ്ങനെ ജന്തു എന്നൊക്കെ വിളിക്കാമോ? അല്ല, ശരിക്കും ഞാനവളെ കടിച്ചോ? എന്തിന്? ഒന്നുമോർമ്മയില്ല.
എന്തായാലും ആ സംഭവത്തിന് ശേഷം അച്ഛനും അങ്കിളും നല്ല കൂട്ടായി. ചിരിച്ചു കൊണ്ടാണ് അവർ പിരിഞ്ഞത്. എന്നെ വീണ്ടും ജന്തു വി.കെ എന്ന് വിളിച്ചു കളിയാക്കി കൊണ്ട് അവർ ഗേറ്റു കടന്നിറങ്ങി.
പിന്നീട് ഞാൻ നിഷയുമായി ചങ്ങാത്തം നിറുത്തി, വർഷങ്ങൾക്കു ശേഷം പാട്ടു ക്ലാസ്സിൽ കണ്ടു മുട്ടും വരെ.
ആ സംഭവത്തിന് ശേഷം ഞങ്ങളവരെ അഭിസംബോധന ചെയ്തിരുന്നത് ജന്തു എന്ന് വിളിച്ച അങ്കിൾ, ആൻറി എന്നൊക്കെ യായിരുന്നു. പിന്നീടത് സ്ഥലപേരു പോലെ ചുരുങ്ങി ജന്തു ആൻറ് ഫാമിലി ആയി. ഓരോ തവണ അങ്ങനെ വിളിക്കുമ്പോഴും എന്തൊരു ആനന്ദം, ആഹ.
ഇപ്പൊ നിഷ എവിടെയാണെന്ന് എനിക്കറിയില്ല. കാണുകയാണെങ്കിൽ ആ ഒരു ചോദ്യം ബാക്കി നിൽക്കുന്നു....
NB : ഇതൊരു രഹസ്യമായി തുടരട്ടെ. നിങ്ങളാരോടും പറയണ്ടാട്ടോ. ആരേലും ജന്തു വിളിച്ചു വന്നാൽ മാനനഷ്ടത്തിനു കേസും കൊടുക്കും... അല്ല പിന്നെ.

By
Indu Praveen

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot