നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീലഗിരി എക്സ്പ്രസ്


നീലഗിരി എക്സ്പ്രസ്
*********************************************************************************
മേട്ടുപാളയത്തെ റെയില്‍വേ സ്റ്റേഷനില്‍ ജൂലൈയിലെ മഴയുള്ള ആ വൈകുന്നേരത്തു ഉണ്ടായിരുന്നെങ്കില്‍ ആ വൃദ്ധനെ ഒരു പക്ഷേ നിങ്ങള്‍ കണ്ടിരുന്നേനെ.സാധാരണ റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ നിങ്ങള്‍ കണ്ടുമുട്ടാന്‍ സാധ്യത കുറവുള്ള തരം ഒരാളായിരുന്നു അദ്ദേഹം.
വലിയ തൂണുകള്‍ ഉള്ള തിരക്ക് കുറഞ്ഞ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഒരു ചാരുബഞ്ചില്‍ അയാള്‍ കൂനികൂടി ഇരുന്നിട്ടുണ്ടാകണം. പാന്റ്സും ഒരു കമ്പിളി ജാക്കറ്റും ധരിച്ചു വാക്കിംഗ് സ്റ്റിക്കില്‍ മുറുക്കെ പിടിച്ച്,തിമിരം ബാധിച്ച കണ്ണുകളിലൂടെ വിദൂരതയിലേക്ക് ,ഒരു ഓര്‍മ്മ പോലെ നീണ്ടു കിടക്കുന്ന റെയില്‍ ട്രാക്കിലേക്ക് അയാള്‍ നോക്കി ഇരുന്നിട്ടുണ്ടാകണം. അപ്പോള്‍ മഴ പൊടുന്നനെ പെയ്യുകയും, വീശുന്ന കാറ്റില്‍,സ്ഫടിക പാത്രങ്ങള്‍ ഉടയുന്നത് പോലെ തണുത്ത തുള്ളികള്‍ പ്ലാറ്റ്ഫോമില്‍ ആ വൃദ്ധനെ പൊതിഞ്ഞിട്ടുണ്ടാകും.. കമ്പിളി ജാക്കറ്റ് ഒന്നു കൂടി ദേഹത്തോട് കൂട്ടി ചേർത്ത് കോളര്‍ വിടര്‍ത്തി കഴുത്ത് പൊതിഞ്ഞു കൂനി കൂടി കണ്ണുകള്‍ ഇറുക്കിയടച്ചു അയാള്‍ ഒരു ചായക്ക് വേണ്ടി ആഗ്രഹിച്ചിരുന്നിരിക്കണം.വെളുത്ത പൊടിമഴയില്‍ ദൂരെ ഒരു കറുത്ത പൊട്ട് പോലെ ട്രെയിന്‍ പ്രത്യക്ഷപ്പെടുകയും സൈറണ്‍ വിളിച്ച് അത് ഒരു നിമിഷം കൊണ്ട് തന്നെ അയാളുടെ മുന്നില്‍ എത്തി നില്ക്കുകയും ചെയ്തിരിക്കണം.
ആ വൃദ്ധന്‍ ഇപ്പോള്‍ എന്റെ മുന്നില്‍ ഇരിക്കുന്നുണ്ട്.ട്രെയിനില്‍ എന്റെ നേരെ എതിർവശത്തുള്ള സീറ്റില്‍.
വിജനമായ യൂക്കാലി തോട്ടങ്ങള്ക്കിടയിലൂടെ നീലഗിരി എക്സ്പ്രസ്സ് നീങ്ങി കൊണ്ടിരുന്നു.
വൃദ്ധന്റെ മുഖം നിറയെ ചുളിവുകള്‍.എഴുപത്തഞ്ച് വയസ്സു കഴിഞ്ഞിട്ടുണ്ടാകണം.
മേട്ടുപാളയത്തില്‍ നിന്നു കോയമ്പത്തൂരിന് പോവുന്ന ട്രെയിന്‍ ആയിരുന്നു അത്.മഴക്കാലം ആയിരുന്നതിനാല്‍ ട്രെയിനില്‍ ഊട്ടി യാത്രക്കാര്‍ തീരെ കുറവ്.
എന്റെ മുന്നില്‍ അയാള്‍ വന്നിരുന്നപ്പോള്‍ കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു.കണ്ണുകളില്‍ തിമിരത്തിന്റെ മങ്ങല്‍.ഞാന്‍ ബാഗില്‍ കരുതിയിരുന്ന തെര്‍മോസ് ഫ്ലാസ്കില്‍ നിന്നു ഒരു കപ്പ് കാപ്പി അയാള്ക്ക് കൊടുത്തു.കാപ്പി കുടിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്ക്ക് മുറിഞ്ഞു ,മുറിഞ്ഞു വീഴുന്ന വാക്കുകള്‍ കൊണ്ട് അയാള്‍ മറുപടി പറഞ്ഞു.ഒന്നു രണ്ടു വാക്കുകള്‍ കിതച്ചു കൊണ്ട് പറഞ്ഞതിന് ശേഷം അയാള്‍ പുറത്തെക്കു നോക്കും.
പുറത്തു മഞ്ഞല്ലാതെ മറ്റൊന്നുമില്ല. വെളുത്ത മഞ്ഞില്‍ ഇല പൊഴിഞ്ഞ യൂക്കാലി മരങ്ങള്‍ കറുത്ത ഞരമ്പുകള്‍ പോലെ തെളിഞ്ഞു കാണപ്പെട്ടു.
അയാള്‍ പറഞ്ഞ ചുരുക്കം വാക്കുകളില്‍ നിന്ന്‍ എനിക്കു ഇത്രയും മനസ്സിലായി.ഊട്ടിക്ക് അടുത്തുള്ള ഹോളി ഏഞ്ചല്സ്‍ ഓള്ഡ്ര ഏജ് ഹോമില്‍ നിന്നു ആരോടും പറയാതെ ഇറങ്ങി വന്നതാണ് വൃദ്ധന്‍! ഓര്‍മ്മക്കുറവ് ഉണ്ടെന്ന് തോന്നുന്നു.
കാപ്പി കുടിച്ചു കഴിഞ്ഞപ്പോള്‍ വൃദ്ധന് അല്പം കൂടി ഉന്മേഷം വന്നത് പോലെ തോന്നി.കയ്യില്‍ ഇരുന്ന ബാഗ് നെഞ്ചോട് ചേര്ത്ത് പിടിച്ച് അയാള്‍ സീറ്റിലേക്ക് ചാഞ്ഞിരുന്നു കണ്ണുകള്‍ വിടർത്തി എന്നെ നോക്കി ചിരിച്ചു.
അയാള്‍ ചിരിക്കുമ്പോള്‍ മുഖത്തെ ചുളിവുകളും ഒരുമിച്ച് ചിരിക്കുന്നത് പോലെ.
ട്രെയിന്‍ ഇപ്പോള്‍ തീരെ പതുക്കെയാണ് പോകുന്നത്. റെയില്‍പാതയുടെ അടുത്തു നിര നിരയായി വീടുകള്‍. ഏതോ വീട്ടില്‍ നിന്നു ഇറച്ചിക്കറി വേകുന്ന മണം.യേശുദാസിന്റെ “വൈഗക്കരെ കാറ്റേ നില്ല്..എന്ന പഴയ ഹിറ്റ് തമിഴ് ഗാനം ഒരു റേഡിയോയില്‍ നിന്നു കേള്ക്കുകന്നു.ചാണകം മെഴുകിയ മുറ്റത്ത് കസേരയില്‍ ഇരുന്നു ആ പാട്ട് കേട്ടു മയങ്ങുന്ന വൃദ്ധര്‍...ട്രെയിന്‍ വിന്ഡോയുടെ അഴികള്ക്കിടയിലൂടെ ദൂരെ ആകാശമേലാപ്പില്‍ തൂങ്ങി നില്ക്കുന്ന ഒരു ചെറു മേഘം..വീടുകള്ക്കപ്പുറം പുല്മേടുകളും അതിനു അപ്പുറം യൂക്കാലിക്കാടുകളുമാണ്.
കഴിഞ്ഞു പോയ ഏതോ കാലത്തെ അനുസ്മരിപ്പിക്കുന്ന ആ കാഴ്ച വൃദ്ധന്‍ കണ്‍ കുളിര്‍ക്കെ കാണുകയാണ്.
ഒരു വീടിന്റെ മുന്നില്‍ നിന്നു ചുവന്ന നിറമുള്ള മഫ്ലര്‍ തലയില്‍ ചുറ്റിയ കൊച്ചു കുട്ടി വൃദ്ധന് നേരെ കൈ വീശി കാണിച്ചു.ട്രെയിന്‍ വളവ് തിരിഞു ആ ചുവപ്പ് നിറം മറഞ്ഞെങ്കിലും അതിന്റെ പ്രതിഫലനം വൃദ്ധന്റെ മങ്ങിയ കണ്ണുകളില്‍ ഞാന്‍ കണ്ടു.
“ഈ യാത്രയില്‍ റേച്ചല്‍ കൂടി വേണമായിരുന്നു...”
വൃദ്ധന്‍ പതറിയ സ്വരത്തില്‍ പറഞ്ഞു.
“റേച്ചല്‍ ആരാണ്..ഭാര്യയോ..?പിന്നെ എന്താണ് കൂട്ടിക്കൊണ്ടു വരാഞ്ഞത്..?”ഞാന്‍ ചോദിച്ചു.
വൃദ്ധന്‍ അതിനു മറുപടി പറഞ്ഞില്ല.അയാള്‍ ജീവിച്ച് തീര്‍ത്ത വര്‍ഷങ്ങള്‍ പോലെ മുഖത്തെ ചുളിവുകള്‍ ഒരുമിച്ച് എന്നെ നോക്കി.
‘ഈ ട്രെയിന് ഇനി എവിടെ നിര്ത്തൂം ..?”വൃദ്ധന്‍ ചോദിച്ചു.
“കോയമ്പത്തൂര്‍..” ഞാന്‍ പറഞ്ഞു.
“കോയമ്പത്തൂര്‍...”വൃദ്ധന്‍ അത് ആവര്‍ത്തിച്ചു.പിന്നെ കണ്ണുകളടച്ചു സീറ്റിലേക്ക് ശിരസ്സ് ചരിച്ച് വച്ചു.
“റേച്ചല്‍ എന്റെ ഭാര്യ .ഞാനും റേച്ചലും ഒരുമിച്ചാണ് ആ വൃദ്ധ സദനത്തില്‍ ചേര്‍ന്നത്....”വൃദ്ധന്‍ പറഞ്ഞു.
മക്കള്ക്ക് വേണ്ടതാവുമ്പോള്‍ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ ഏല്പിക്കും.അങ്ങിനത്തെ ഒരു ദമ്പതികള്‍..ഞാന്‍ മനസില്‍ കരുതി.
എന്റെ ചിന്തകള്‍ വായിച്ചിട്ടെന്നേ പോലെ വൃദ്ധന്‍ തുടര്‍ന്നു. .ഇപ്പോള്‍ അയാളുടെ സംസാരത്തിന് വേഗത വന്നിരിക്കുന്നു.
“ഞങ്ങള്‍ സ്വമേധയാ ആണ് അവിടെ ചേര്‍ന്നത്....ഊട്ടിക്കടുത്തുള്ള ആ ഓള്ഡ് ഏജ് ഹോം വിശ്രമ ജീവിതത്തിനു പറ്റിയ സ്ഥലം ആയിരുന്നു.ഒരു മകന്‍ മാത്രമായിരുന്നു ഞങ്ങള്ക്ക് ഉണ്ടായിരുന്നത്.ഞാന്‍ ആര്‍മിയില്‍ നിന്നു മേജറായി വിരമിച്ച ആളാണ്.രണ്ടു വര്‍ഷം മുന്പ് ഒരു ജൂലായ് മാസം പതിമൂന്നാം തീയതി .ഞങ്ങളുടെ മകന്‍ ജേക്കബ് മരിച്ചു.ഹീ വാസ് എ കാന്സര്‍ പേഷ്യന്റ്.ഒരു വര്‍ഷമായി അവന്‍ ചികിത്സയില്‍ ആയിരുന്നു.”
അത്രയും പറഞ്ഞു നിർത്തിയിട്ട് വൃദ്ധന്‍ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.ഞാന്‍ ഫ്ലാസ്ക്കില്‍ നിന്നും അല്പം കാപ്പി കൂടി അയാള്ക്ക് കൊടുത്തു. മഞ്ഞു വീണ വിജനമായ മേടുകള്‍ പുറകോട്ടു മറഞ്ഞു കൊണ്ടിരുന്നു.
“മറ്റ് മാര്‍ഗം ഇല്ലാത്തത് കൊണ്ടും റേച്ചലിന്റെ കാഴ്ച കുറഞ്ഞു വന്നത് കൊണ്ടും ഞങ്ങള്‍ ഓള്ഡ് ഏജ് ഹോമിലേക്ക് മാറി.അതിനു മുന്പ് കോയമ്പത്തൂരിന് അടുത്തുള്ള മെട്ടൂര്‍ എന്ന സ്ഥലത്തു ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്.”
ഞാന്‍ വൃദ്ധന്റെ കഥ കേട്ടിരുന്നു.
“ജേക്കബിന്റെ മരണം റേച്ചലിനെ അടുത്ത കാലത്തായി ആകെ തളര്ത്തി .ആറ് മാസം മുന്പ് അവള്ക്കു ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചു.”
എനിക്കു ഒന്നും മിണ്ടാനായില്ല.
‘നിങ്ങള്‍ ക്രിസ്ത്യാനിയാണോ..ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ..”പൊടുന്നനെ വൃദ്ധന്‍ എന്നോടു ചോദിച്ചു.
“ഉവ്വ്.ക്രിസ്ത്യാനിയാണ്.” ഞാന്‍ പറഞ്ഞു.
ഒരു മിന്നായം പോലെ നാട്ടിലെ കുന്നിന്‍ മുകളിലെ ഇടവക പള്ളിയിലെ കുരിശ് എന്റെു മനസ്സിലൂടെ കടന്നു പോയി.
“ഒരു തരത്തില്‍ പറഞ്ഞാല്‍ എന്‍റെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ എന്റെെ കഴിഞ്ഞകാല ജീവിതത്തിലെ ദുരനുഭവങ്ങള്‍ കൊണ്ടാവാം.. പട്ടാളത്തില്‍ ആയിരുന്ന സമയത്ത് ആസാമില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യണ്ട ചില സാഹചര്യങ്ങളില്‍ പല നിരപരാധികളുടെ ജീവിതങ്ങളും ഞാന്‍ മൂലം നശിച്ചിട്ടുണ്ട്.”
അത് പറഞ്ഞപ്പോള്‍ വൃദ്ധന്റെ മുഖത്തെ ചുളിവുകള്‍ കഠിനമായി.
“അത് കൊണ്ട് തന്നെ ട്യൂമര്‍ വന്നതിനു ശേഷം റേച്ചല്‍ ആവശ്യപ്പെട്ട വിചിത്രമായ കാര്യം ചെയ്തു കൊടുക്കാന്‍ എനിക്കു സാധിക്കും എന്നു തോന്നിയിരുന്നില്ല.”
ഞാന്‍ ചോദ്യരൂപേണ വൃദ്ധനെ നോക്കി.
വൃദ്ധന്‍ ബാഗില്‍ നിന്നു ഒരു ചെറിയ പുസ്തകം എടുത്തു.അത് ഒരു പ്രാർത്ഥനാ പുസ്തകം ആയിരുന്നു.സകല വിശുദ്ധരുടെയും ലുത്തീനിയ.
‘മകന്‍ മരിച്ച പോലെ ഒരു ജൂലായ് പതിമൂന്നിന് തന്നെ മരിക്കണം എന്നായിരുന്നു റെയ്ച്ചലിന്റെ ആഗ്രഹം. കാഴ്ച കുറവായതിനാല്‍ ഈ പ്രാര്‍ഥന അവള്ക്കു് വേണ്ടി ചൊല്ലണം എന്നു അവള്‍ ആവശ്യപ്പെട്ടു.ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ അവള്‍ ആകെ ആവശ്യപ്പെട്ട ഒരേ ഒരു കാര്യം..പക്ഷേ...ട്യൂമറും ,മകന്റെ മരണവും..അവളുടെ സംസാരം കുറഞ്ഞു..അസുഖം വഷളായി .കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലെ ചികിത്സ മതിയാക്കി ഓള്‍ഡ് ഏജ് ഹോമില്‍ തിരിച്ചു കൊണ്ട് വന്നു.മരണം ആസന്നമായവര്‍ക്ക് വേണ്ടി ചൊല്ലുന്ന പ്രാര്ഥ്ന ഫലിക്കും എന്നു അവള്‍ ഉറച്ചു വിശ്വസിച്ചു.”
“എന്നിട്ട് ?“ ഞാന്‍ ചോദിച്ചു.
വൃദ്ധന്‍ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“ഞാന്‍ അത് സ്ഥിരമായി ചൊല്ലി.പക്ഷേ അത് ഫലിക്കും എന്നു എനിക്കു തോന്നിയില്ല.അങ്ങനെ സംഭവിച്ചില്ലെങ്കില്‍ റെയ്ച്ചലിനോട് എനിക്കു സ്നേഹം ഇല്ലെന്നു അവള്‍ അടുത്ത ജന്മങ്ങളിലും കരുതും എന്നു ഒരു ദിവസം പറഞ്ഞു.അത്ര മേല്‍ മകന്‍ മരിച്ച ദിനം മരിക്കാന്‍ അവള്‍ ആഗ്രഹിച്ചു.പക്ഷേ ഒരു ദ്രോഹിയുടെ പ്രാർത്ഥന ദൈവം കേള്‍ക്കുമോ ?”
അയാള്‍ ആ പ്രാര്‍ഥന പുസ്തകം എന്റെ കയ്യില്‍ തന്നു.പിന്നെ ശിരസ്സ് കൈകള്ക്കിടയില്‍ താങ്ങി കുനിഞ്ഞിരുന്നു.അയാള്‍ അത്യധികം മനക്ഷോഭം അനുഭവിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.അല്പം വിശ്രമിക്കട്ടെ.
ഞാന്‍ പതുക്കെ എഴുന്നേറ്റ് ലാട്രിനിലേക്ക് നടന്നു.വണ്ടി മന്ദഗതിയിലായി.മെട്ടൂര്‍ ലെവല്‍ ക്രോസ് അടുത്തിരിക്കുന്നു.ഇവിടെ അല്പ നേരം പിടിച്ചിടാറുണ്ട്.
ഞാന്‍ തിരികെ സീറ്റിലെത്തി.അയാളെ കാണുന്നില്ല.ബോഗിയില്‍ എങ്ങും അയാളില്ല.ട്രെയിന്‍ നിര്‍ത്തിയിരിക്കുന്നു.
ഞാന്‍ വാതില്ക്കല്‍ ചെന്നു പുറത്തേക്ക് നോക്കി.അയാള്‍ ട്രെയിനില്‍ നിന്നു ഇറങ്ങി ലെവല്ക്രോസ് കടന്നു മുകളിലെ റോഡിലേക്ക് നടക്കാന്‍ ഒരുങ്ങുകയാണ്..തല കുനിച്ചു പിടിച്ച്,ചിന്താധീനനായി ..
“മേജര്‍..”ഞാന്‍ ഉറക്കെ വിളിച്ചു.
അയാള്‍ തിരിഞു നിന്നു.എന്നെ നോക്കി പുഞ്ചിരിച്ചു.
“ഇന്ന് മകന്റെ മരണദിനമാണ്.ഇവിടുത്തെ സെയിന്റ് ജോണ്‍സ് പള്ളിയില്‍ അവന്റെ കല്ലറയില്‍ പൂക്കള്‍ വെയ്ക്കണം.അതാണ് ഞാന്‍ ഓള്‍ഡ് ഏജ് ഹോമില്‍ നിന്നും ഇറങ്ങിയത്...”ഒന്നു നിര്‍ത്തി അയാള്‍ ഇത്രയും കൂട്ടി ചേര്‍ത്തു.
“നിങ്ങള്‍ ആ പ്രാര്‍ഥന ഇനി എനിക്കു വേണ്ടി ചൊല്ലണം..”
അത് പറഞ്ഞിട്ടു അയാള്‍ മുകളിലേക്കു നടന്നു.അല്പ ദൂരെ പള്ളിയുടെ കുരിശ് കാണാമായിരുന്നു.
മകന്റെ മരണദിനം. ഇന്നു ജൂലായ് പതിമൂന്ന്.
അപ്പോള്‍ അയാളുടെ ഭാര്യ...???
പൊടുന്നനെ ട്രെയിന്‍ ചലിച്ചു.അത് വീണ്ടും വേഗം ആര്‍ജിച്ചു.വൃദ്ധന്‍ ഒരു പൊട്ട് പോലെ എന്റെ് കണ്ണില്‍ നിന്നു മറഞ്ഞു.
മനസ്സ് ശൂന്യമാവുകയാണ്.ഞാന്‍ പുസ്തകം തുറന്നു ..ഉള്ളില്‍ പൊട്ട് പോലെ മറയുന്ന അയാളുടെ ചിത്രം. അറിയാതെ ആ പ്രാര്‍ഥന ചൊല്ലി.
ട്രെയിന്‍ കോയമ്പത്തൂര്‍ എത്തി.പ്ലാറ്റ്ഫോം നിറയെ പോലീസ് ഉണ്ടായിരുന്നു.അവര്‍ ബോഗിക്കുള്ളിലും പരിശോധിക്കുന്നുണ്ടായിരുന്നു.ആരെയോ തിരയുകയാണ്.പ്ലാറ്റ്ഫോമിലെ ടി.വിയില്‍ , ഏതോ ഒരു മധ്യവയസ്ക്കയുടെ ചിത്രം കാണിക്കുന്നുണ്ടായിരുന്നു.
അയാള്‍ തന്ന സകല വിശുദ്ധരുടെയും ലുത്തിനിയ എന്റെത കൈകളില്‍ ഇരുന്നു വിറച്ചു.
ഞാൻ തിരിഞ്ഞു നോക്കി.ദൂരെ വെളുത്ത മേഘങ്ങൾ നോക്കി നിൽക്കുന്ന സെയിന്റ് ജോൺസ് പള്ളിയുടെ കുരിശ്.ഒരു പ്രാവ് കുരിശിനു അരികിലേക്ക് പറന്നു വരുന്നത് ഞാൻ കണ്ടു.
ട്രെയിനിന്റെ ഹോൺ മുഴങ്ങി.
ഒരു നിമിഷം കുരിശിൽ വിശ്രമിച്ചിട്ട് പ്രാവ് ഒരു വട്ടം കുരിശിനെ വലം വച്ചു താഴ്ന്ന് പറന്നു.പിന്നെ മേഘങ്ങൾക്കിടയിൽ മറഞ്ഞു.
ട്രെയിൻ യാത്ര തുടരുകയാണ്.
(അവസാനിച്ചു)

By 
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot